>>വാര്‍ത്തകള്‍/ദേശീയം
ആദര്‍ശ് ഇസ്ലാമിക് സെന്റര്‍
ഉദ്ഘാടനം ചെയ്തു
ഉഡുപ്പി ഹുഡെയിലെ ആദര്‍ശ് ഇസ്ലാമിക് സെന്റര്‍ എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ സുഹൈല്‍ ഉദ്ഘാടനം ചെയ്തു. മതം സാമുദായിക സ്പര്‍ധയല്ല, സൌഹാര്‍ദമാണ് ഉണ്ടാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മംഗലാപുരം കച്ച്മേമന്‍ മസ്ജിദ് ഇമാം മൌലാനാ സയ്യിദ് യൂസുഫ് ഖാതിബ്, ഉഡുപ്പി താലൂക്ക് പഞ്ചായത്ത് മെമ്പര്‍ വെറോണിക കര്‍ണാലിയോ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷൌക്കത്ത് അലി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗം കെ.എം ശരീഫ്, തോണ്‍സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലൂയിസ്, വെങ്കടേശ് കുന്ദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
മൌലാനാ അമീദുസ്സമാന്‍ കെറാനവി അന്തരിച്ചു
പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറത്ത് (സലീം ഗ്രൂപ്പ്) ജനറല്‍ സെക്രട്ടറിയുമായിരുന്ന മൌലാനാ അമീദുസ്സമാന്‍ കെറാനവി അന്തരിച്ചു. 72 വയസ്സായിരുന്ന അദ്ദേഹം ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവും ദാറുല്‍ ഉലൂം ദയൂബന്ദ് പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റുമായിരുന്നു. ഭാര്യയും നാലു മക്കളുമുണ്ട്. ദാറുല്‍ ഉലൂം ദയൂബന്ദ് റെക്ടറായിരുന്ന മൌലാനാ വഹീദുസ്സമാന്‍ കെറാനവിയുടെ സഹോദരനാണ്. അറബി, ഉര്‍ദു, ഇംഗ്ളീഷ് ഭാഷകളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത അറബി ഡിക്ഷനറിയായ അല്‍ ഖംസുല്‍ വഹീദിന്റെ അണിയറ ശില്‍പിയാണ്. ദേശീയ സാംസ്കാരിക മന്ത്രാലയം പുറത്തിറക്കുന്ന അറബി മാസികയായ സഖാഫത്തുല്‍ ഉമ്മയുടെ എഡിറ്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിഷന്‍ 2016
യമുനാ വെള്ളപ്പൊക്ക ദുരിതാശ്വാസം നടത്തി
കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ യമുനാ നദിക്കരയിലെ ദോബി ഘാട്ടില്‍ സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. വിഷന്‍ 2016-ന്റെ കീഴില്‍ പ്രകൃതി ദുരന്ത നിവാരണത്തിനു വേണ്ടി രൂപവത്കരിച്ച എന്‍.ജി.ഒ ആണ് എസ്.ബി.എഫ്. വെള്ളപ്പൊക്കം മൂലം താല്‍ക്കാലിക ടെന്റുകളില്‍ താമസിച്ചുവരുന്ന 41 കുടുംബങ്ങള്‍ക്ക് പ്ളാസ്റിക് ഷീറ്റുകള്‍ വിതരണം ചെയ്തു. ചികിത്സാ സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. എസ്.ബി.എഫ് കോഡിനേറ്റര്‍ ആഖില്‍ അഹ്മദ്, എസ്.ഐ.ഒ മുന്‍ ദേശീയ സെക്രട്ടറി ജാവേദ് സഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സഹൂലത് സെമിനാര്‍ പാറ്റ്നയില്‍
വിഷന്‍ 2016-ന്റെ കീഴില്‍ രൂപവത്കരിച്ച സഹൂലത് മൈക്രോ ഫിനാന്‍സ് സൊസൈറ്റി പാറ്റ്നയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'മൈക്രോ ഫിനാന്‍സിലൂടെ സാമ്പത്തിക സുസ്ഥിതി' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സൊസൈറ്റി പ്രസിഡന്റ് പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, ബാങ്കിംഗ് മേഖലകളിലെ പ്രഗത്ഭര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് അര്‍ഷദ് അജ്മല്‍ നേതൃത്വം നല്‍കി.
'ബീഹാര്‍ ഇലക്ഷനില്‍ ക്രിമിനലുകളെ മത്സരിപ്പിക്കരുത്'
വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കരുതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആര്‍) നാഷ്നല്‍ ഇലക്ഷന്‍ വാച്ചും (എന്‍.ഇ.ഡബ്ള്യൂ) രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. 2005-ലെ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി ക്രിമിനല്‍ പശ്ചാത്തലമുള്ള 358 പേര്‍ സ്ഥാനാര്‍ഥികളായിരുന്നു. ഇവരില്‍ 117 പേര്‍ എം.എല്‍.എമാരായി. കെ. റാവു, മുന്‍ ഡി.ജി.പി പ്രകാശ് സിംഗ്, അന്‍ജേഷ് കുമാര്‍ തുടങ്ങിയവരാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അബ്ബാദ്