Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ലേഖനം


ജിഹാദിന്റെ ആത്മഭാവം

സയ്യിദ് ഹുസൈന്‍ നസ്ര്‍

''നമ്മുടെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടുന്നവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു'' (ഖുര്‍ആന്‍ 29:69).
''നാം ചെറിയ ജിഹാദില്‍നിന്നും വലിയ ജിഹാദിലേക്ക് മടങ്ങുകയാണ്'' (നബിവചനം).

*****
ജിഹാദ് എന്ന അറബി ശബ്ദം സാധാരണയായി വിശുദ്ധ യുദ്ധം എന്നാണ് യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാറ്. ഇസ്‌ലാമിക ലോകത്ത് പൊതുവെ നീതിന്യായ രംഗത്താണ് ജിഹാദ് ഈയര്‍ഥത്തില്‍ വ്യവഹരിക്കപ്പെടാറ്. എന്നാല്‍ ഖുര്‍ആനിലും ഹദീസിലും വളരെ വിശാലമായ അര്‍ഥതലങ്ങളാണ് ഈ സാങ്കേതിക ശബ്ദത്തിനുള്ളത്.
കഠിനമായി പരിശ്രമിക്കുക, അത്യധ്വാനം ചെയ്യുക എന്നെല്ലാം അര്‍ഥമുള്ള 'ജഹ്ദ്' എന്ന മൂലത്തില്‍നിന്നാണ് ജിഹാദിന്റെ ഉത്ഭവം. ഇസ്‌ലാം വാളിന്റെ മതമാണെന്ന, പടിഞ്ഞാറിന്റെ കാലങ്ങളായുള്ള തെറ്റിദ്ധാരണയോടൊപ്പം ജിഹാദിന് വിശുദ്ധ യുദ്ധമെന്നു മാത്രം അര്‍ഥകല്‍പന നടത്തുക കൂടി ചെയ്തതോടെ ആ പദത്തിന്റെ അകപ്പൊരുളിന് മങ്ങലേല്‍ക്കാന്‍ തുടങ്ങി. അടുത്ത കാലത്തായി ജിഹാദിനുണ്ടായ അര്‍ഥവ്യതിയാനങ്ങളും കാലങ്ങളോളം മുസ്‌ലിംകള്‍ വെച്ചുപുലര്‍ത്തിയ വികല ധാരണകളും ഇസ്‌ലാമിന്റെ മൗലികമായ ഈ ആത്മീയ പരികല്‍പനയെ കുറിച്ച അകക്കാഴ്ചക്ക് വിഘാതമായിട്ടുണ്ട്.
ജിഹാദിന്റെ ആത്മീയമായ അകപ്പൊരുളും മനുഷ്യജീവിതത്തിന്റെ വിഭിന്ന തലങ്ങളിലുള്ള അതിന്റെ പ്രയോഗപരമായ പ്രാധാന്യവും മനസ്സിലാക്കണമെങ്കില്‍ മനുഷ്യ സ്വത്വത്തിലും ലൗകിക ജീവിതത്തിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനായി അവന്‍ യത്‌നിക്കുന്ന സമൂഹത്തിനകത്തും സന്തുലനം സ്ഥാപിക്കുകയെന്ന ആശയത്തിലാണ് ഇസ്‌ലാം ഊന്നുന്നതെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. ദൈവിക നീതിയുടെ ഭൗമിക പ്രതിഫലനവും മനുഷ്യജീവിതത്തിന്റെ വ്യവഹാര തലങ്ങളില്‍ സമാധാനം സ്ഥാപിക്കാന്‍ അനിവാര്യവുമായ ഈ സന്തുലിതാവസ്ഥയാണ് ശാന്തിയിലേക്ക് പറന്നുയരാന്‍ വെമ്പുന്ന ആത്മാവിന്റെ ഭൂമിക. അത്യുന്നതിയിലേക്കുള്ള ആത്മാവിന്റെ പ്രയാണം സാധ്യമാക്കുംവിധം ജീവിതത്തിന്റെ ആന്തരിക-ബാഹ്യതലങ്ങള്‍ക്കിടയില്‍ സന്തുലനം സാധ്യമാക്കലാണ് ഇസ്‌ലാമില്‍ ആത്മീയ ജീവിതത്തിന്റെ ലക്ഷ്യം. നൂറ്റാണ്ടുകളായുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ കെട്ടുറപ്പും, ശരീഅത്ത് പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിക മാതൃകയും സ്ഥിരതയും, പരമ്പരാഗത ഇസ്‌ലാമിക സംസ്‌കൃതിയുടെ കാലാതിവര്‍ത്തിത്വവുമെല്ലാം ഈ സന്തുലനത്തിന്റെ ആശയമാതൃകകളുടെയും കര്‍മാവിഷ്‌കാരങ്ങളുടെയും പ്രതിഫലനമാണ്. പേരില്‍ തന്നെ സമാധാനം (സലാം) ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമില്‍ നിന്ന് അവിഭാജ്യമാണ് ഈ സന്തുലനം.
എന്നാല്‍ പ്രപഞ്ചത്തില്‍ സന്തുലനം നിലനിര്‍ത്തുകയെന്നതിന് നിഷ്‌ക്രിയമായ സഹിച്ചിരിക്കല്‍ എന്നര്‍ഥമില്ല. ജീവിതം അതിന്റെ സത്തയില്‍ തന്നെ ചലനാത്മകമാണ്. മാറ്റവിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെയും കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന കാലത്തിന്റെയും ഭൗമികമായ അവസ്ഥാന്തരങ്ങളുടെയും ആകസ്മികതകള്‍ക്ക് മുമ്പില്‍ സന്തുലിതമായി നിലകൊള്ളമെങ്കില്‍ നിരന്തരമായ അധ്വാനം ആവശ്യമാണ്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും ധര്‍മസമരം (ജിഹാദ്) ചെയ്യുക എന്നതുതന്നെയാണ് അതിന്റെ വിവക്ഷ. മറവി സംഭവിക്കുകയെന്നതും ജന്തുചോദനകള്‍ക്ക് ആത്മാവ് വിധേയപ്പെടുകയെന്നതും മനുഷ്യ പ്രകൃതത്തിന്റെ തന്നെ ഭാഗമാണ്. അതിനാല്‍ വൈയക്തികവും സാമൂഹികവുമായ ജീവിത പ്രവാഹത്തില്‍ സന്തുലനം നഷ്ടപ്പെടാനുള്ള അപായ സാധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത്തരം അസന്തുലനം തുടരാന്‍ അനുവദിച്ചാല്‍ വൈയക്തികമായ ശിഥിലീകരണം മാത്രമല്ല, സാമൂഹികമായ അരാജകത്വം കൂടിയായിരിക്കും ഫലം. അവ്വിധമൊരു ദുരന്തമൊഴിവാക്കാനും ജീവിതത്തിന്റെ ഭിന്ന തലങ്ങളുടെ ഉദ്ഗ്രന്ഥനം വഴി തൗഹീദിന്റെ സാക്ഷാത്കാരത്തിനും വേണ്ടി വ്യക്തിയെന്ന നിലയിലും ഇസ്‌ലാമിക സമൂഹത്തിലെ ഒരംഗമെന്ന നിലയിലും മുസ്‌ലിം ധര്‍മസരമം (ജിഹാദ്) ചെയ്യേണ്ടതുണ്ട്. അഥവാ, വ്യക്തിയുടെ ആത്മീയ ജീവിതത്തിനും സമൂഹത്തിന്റെ സ്വസ്ഥതക്കും അനിവാര്യമായ സന്തുലനത്തെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ആന്തരികവും ബാഹ്യവുമായ നിരന്തര സമരം നടത്തണം. സമൂഹത്തെ, പരസ്പരം പോരടിക്കുന്ന വിരുദ്ധ ശക്തികളുടെ രണഭൂമിയെന്നതിനപ്പുറം ദൈവിക ആദര്‍ശത്തിന്റെ അടയാളം പേറുന്ന ഒരു മഹാ സാകല്യമായിക്കാണുമ്പോള്‍ വിശേഷിച്ചും അതനിവാര്യമായിത്തീരുന്നു.
മനുഷ്യന്‍ ഒരേ സമയം ഭൗതികവും ആത്മീയവുമായൊരു അസ്തിത്വമാണ്. ഒരു ഭാഗത്ത് സ്വയംതന്നെ ഒരു പ്രപഞ്ചമാണെങ്കില്‍ മറുഭാഗത്ത് സമൂഹത്തിന്റെ ഒരംശം കൂടിയാണവന്‍. സമൂഹത്തിന്റെ ഭാഗമായിക്കൊണ്ടല്ലാതെ ഒരു സ്വത്വവികാസം മനുഷ്യനു സാധ്യമല്ല. ഒരേസമയം തന്നെ ദിവ്യ ഗുണങ്ങളുള്‍ക്കൊള്ളുന്ന ബുദ്ധിയുടെ ഒരു തലവും അതോടൊപ്പം ആ ബുദ്ധിക്ക് മറയിടാനും സ്വന്തം ഉല്‍പത്തിയെക്കുറിച്ച അന്വേഷണങ്ങളെ വഴിതെറ്റിക്കാനും പര്യാപ്തമായ വികാരങ്ങളുടെ ഒരു തലവും മനുഷ്യനുണ്ട്. സ്‌നേഹവും വിദ്വേഷവും ഔദാര്യവും സ്വാര്‍ഥതയും കരുണയും ക്രൂരതയുമെല്ലാം കാണുന്നത് ഒരേ മനുഷ്യനില്‍ തന്നെയാണ്. ഈയടുത്ത കാലം വരെ സ്വന്തം മതകീയ-ധാര്‍മിക മാതൃകകളെ അടിസ്ഥാനമാക്കിയുള്ള വിവിധ 'മാനവികതകളും' വംശവര്‍ഗങ്ങളും നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ വൈവിധ്യങ്ങളുടെ ആ ലോകത്ത് ജിഹാദ് അതിന്റെ ഭിന്ന ഭാവങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തിരുന്നു.
തികച്ചും ബാഹ്യമായ അര്‍ഥത്തില്‍ ജിഹാദ് എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രതിരോധമാണ്. അഥവാ ബാഹ്യശക്തികളുടെ അധിനിവേശങ്ങളില്‍നിന്ന് ഇസ്‌ലാമിക സമൂഹത്തെ സംരക്ഷിക്കാനുള്ള സമരം. ശൈശവദശയിലായിരുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ നിലനില്‍പിനുതന്നെ ഭീഷണിയുയര്‍ത്തിയ ശക്തികള്‍ക്കു നേരെ ഇസ്‌ലാമിന്റെ പ്രാരംഭകാലങ്ങളില്‍ നടത്തിയ പോരാട്ടങ്ങളാണ് ബാഹ്യമായ ജിഹാദിന്റെ ഉദാത്ത മാതൃകയായി വായിക്കപ്പെടാറ്. എന്നാല്‍ പുതുതായി ജന്മം കൊണ്ട ഇസ്‌ലാമിക സമൂഹത്തിന്റെ അതിജീവനത്തിന് അങ്ങേയറ്റം അനിവാര്യമായിരുന്ന അത്തരമൊരു പോരാട്ടം കഴിഞ്ഞ് മടങ്ങുന്ന വേളയിലാണ് 'നാം ചെറിയ ജിഹാദില്‍നിന്ന് വലിയ ജിഹാദിലേക്ക് മടങ്ങുകയാണ്' എന്ന് നബിതിരുമേനി പ്രഖ്യാപിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. അല്ലാഹു കനിഞ്ഞു നല്‍കിയ മൗലിക പ്രകൃതത്തിന്റെ തേട്ടമനുസരിച്ചുള്ള ജിവിതാവിഷ്‌കാരങ്ങളില്‍നിന്ന് മനുഷ്യനെ വിലക്കുന്ന സകല ശക്തികള്‍ക്കുമെതിരെയുള്ള ആന്തരിക സമരമാണ് 'വലിയ ജിഹാദ്'. ചരിത്രത്തിലുടനീളം ആന്തരിക-ബാഹ്യ ശക്തികളാല്‍ ഭീഷണി നേരിട്ടപ്പോള്‍ ഇസ്‌ലാമിക ലോകത്ത് പ്രതിധ്വനിച്ചത് ജിഹാദിന്റെ ഈ ചെറു മാതൃക (ജിഹാദുല്‍ അസ്ഗര്‍) ആയിരുന്നു. 19-ാം നൂറ്റാണ്ടോടെ ഇസ്‌ലാമിക ലോകത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയായിക്കൊണ്ട് കൊളോണിയലിസം രംഗപ്രവേശം ചെയ്തതോടെ ജിഹാദിന്റെ ഈ ബാഹ്യതലം വീണ്ടും സജീവമായി. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലൊന്നും പ്രശ്‌നം, കേവലം മതം യുദ്ധത്തിന് അനുമതി നല്‍കുന്നതിന്റേതായിരുന്നില്ല. മറിച്ച്, മതത്തെ ആത്മീയമായി കണ്ടിരുന്ന ഒരു സമൂഹം സൈനികവും സാമ്പത്തികവും ആശയപരവുമായ അധിനിവേശങ്ങളില്‍നിന്ന് ആത്മരക്ഷ നേടാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു അവയെല്ലാം. സംഘര്‍ഷങ്ങളെ സാധൂകരിക്കാനും ശക്തിപ്പെടുത്താനും മതവികാരം ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. ഇത്തരം ദുരുപയോഗം പക്ഷേ ഇസ്‌ലാമിക സമൂഹത്തിനകത്തു മാത്രമല്ല, മതേതരവത്കൃത പാശ്ചാത്യ ലോകത്തടക്കം മറ്റെല്ലാ നഗരികതകളുടെ ചരിത്രത്തിലും സംഭവിച്ചിട്ടുണ്ടെന്ന വസ്തുത സമ്മതിച്ചേ മതിയാകൂ. ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തുനിന്ന് മതം തിരസ്‌കൃതമാകുമ്പോള്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍തന്നെ മനുഷ്യന്‍ തമ്മില്‍ തല്ലി നശിക്കും. വിശുദ്ധ നിയമാവലിയില്‍ യുദ്ധമെന്ന പ്രശ്‌നത്തെ കൂടി ഉള്‍പ്പെടുത്തുക വഴി ഇസ്‌ലാം യുദ്ധത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും ന്യായീകരിക്കുകയല്ല, പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നതിന് ചരിത്രം സാക്ഷിയാണ്. എന്തായിരുന്നാലും സിവിലയന്‍മാരെ ഉന്മൂലനം ചെയ്യുംവിധം സാര്‍വത്രികമായ യുദ്ധം എന്ന ആശയം ജിഹാദിനെ ക്രിയാത്മകമായി സമീപിക്കുന്നൊരു മത സംസ്‌കൃതിയുടെ സൃഷ്ടിയല്ല.
കൂടുതല്‍ വിശാലമായ അര്‍ഥത്തില്‍ 'ചെറിയ ജിഹാദി'ല്‍ സാമൂഹിക സാമ്പത്തിക തലങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. കുടുംബം മുതല്‍ മുസ്‌ലിം ഉമ്മത്ത് വരെയുള്ള എല്ലാ സാമൂഹിക ബന്ധങ്ങളെയും ശക്തിപ്പെടുത്തുകയെന്നതും ഈ ജിഹാദിന്റെ ഭാഗം തന്നെയാണ്. ഖുര്‍ആനിക വീക്ഷണത്തിലുള്ള സാമൂഹിക നീതി സംസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഭൗതിക പുരോഗതിയെ സ്വയമൊരു ലക്ഷ്യമാക്കാതെ മനുഷ്യരുടെ ക്ഷേമത്തിനായി സാമ്പത്തിക സംരഭങ്ങള്‍ തുടങ്ങുന്നതുമെല്ലാം ഈയര്‍ഥത്തില്‍ ധര്‍മസമരമാകുന്നു. 'ഇഹലോകത്തേക്കാള്‍ നിങ്ങള്‍ക്കുത്തമം പരലോകമാകുന്നു' എന്ന ഖുര്‍ആനിക അധ്യാപനം മറന്നുകൊണ്ടാവരുത് അതെല്ലാം എന്നു മാത്രം. കാരണം ഇഹലോകവും പരലോകവും തമ്മിലെ യഥാര്‍ഥ ബന്ധം മറന്നുകളയുമ്പോള്‍ തന്നെ പ്രപഞ്ചത്തിന്റെ താളക്രമത്തിന് ഭംഗം വരുത്തുകയാണ് നാം.
സ്വന്തം ഇഛകളോട് നിരന്തരം നടത്തേണ്ട ആത്മീയ ജിഹാദിന്റെ അഭാവത്തില്‍ മറ്റെല്ലാ ബാഹ്യ സമരങ്ങളും അപൂര്‍ണമാവുകയും മനുഷ്യ സ്വത്വത്തിന്റെ അന്യവത്കരണത്തിനു വരെ അത് ഹേതുവായിത്തീരുകയും ചെയ്യും. കാരണം നമ്മുടെ യഥാര്‍ഥ സ്വത്വവും നാമിപ്പോള്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥകളും തമ്മിലെ നിരന്തര സംഘര്‍ഷത്തിലാണ് മനുഷ്യത്വത്തിന്റെ മാഹാത്മ്യം കുടികൊള്ളുന്നത്. യഥാര്‍ഥ സ്വത്വത്തിലേക്കുള്ളൊരു മടക്കയാത്രയാണ് വാസ്തവത്തില്‍ ഈ ലോകത്തെ ജീവിതം.
ആത്മീയമായ പരിപ്രേക്ഷ്യത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളെല്ലാം ജിഹാദുമായി ബന്ധിതമാണ്. ഇസ്‌ലാമിലേക്ക് പ്രവേശിക്കാന്‍ അനിവാര്യമായ 'അല്ലാഹുവല്ലാതെ ഇലാഹ് ഇല്ല, മുഹമ്മദ് അവന്റെ ദൂതനാകുന്നു' എന്ന സാക്ഷ്യവാക്യം സത്യദര്‍ശനത്തിന്റെ പ്രഖ്യാപനം മാത്രമല്ല, ആന്തരിക ജിഹാദിനുള്ള ആയുധം കൂടിയാണ്. പരമോന്നത യാഥാര്‍ഥ്യമായ അല്ലാഹുവില്‍ ആരോപിക്കുന്ന സകല അപരത്വങ്ങളെയും നിഷ്‌കാസനം ചെയ്യാനും ക്രിയാത്മകമായ എല്ലാ ആവിഷ്‌കാരങ്ങളെയും ആ യാഥാര്‍ഥ്യത്തോട് ചേര്‍ത്തു വെക്കാനുമുള്ള ആയുധത്തെയാണ് അത് പ്രതീകവത്കരിക്കുന്നത്. രണ്ടാമത്തെ സാക്ഷ്യ വാക്യമാവട്ടെ മനുഷ്യനും പ്രപഞ്ചവും വെളിപാടുകളുമെല്ലാം അല്ലാഹുവില്‍ നിന്നാണെന്നുള്ള ദൃഢ പ്രഖ്യാപനവുമാണ്. ഈ രണ്ട് സാക്ഷ്യ വാക്യങ്ങള്‍ അവ അവതീര്‍ണമായ വിശുദ്ധ ഭാഷയിലുച്ചരിക്കുമ്പോള്‍ ആന്തിരകമായ ജിഹാദ് ചെയ്യുക തന്നെയാണ് നാം. അഥവാ, നാം ആരാണ്, എവിടെ നിന്ന് വന്നു, നമ്മുടെ അന്തിമ ലക്ഷ്യമെന്താണ് എന്നതിനെക്കുറിച്ചെല്ലാം സ്വയം ബോധ്യപ്പെടുത്തുകയാണ്. ഇസ്‌ലാമിക ആരാധനകളുടെ ഹൃദയമായ നമസ്‌കാരവും ഒരിക്കലുമവസാനിക്കാത്ത ജിഹാദിന്റെ ഭാഗമാണ്. അത് മനുഷ്യ ജീവിതത്തിന്റെ താളം ക്രമപ്പെടുത്തി പ്രപഞ്ച താളത്തില്‍ ലയിപ്പിക്കുന്നു. നമസ്‌കാരം കൃത്യവും ഏകാഗ്രവുമായി നിര്‍വഹിക്കണമെങ്കില്‍ ഇഛാശക്തിയുടെ കഠിനശ്രമവും മറവിക്കും മടിക്കും സുഖലോലുപതക്കുമെതിരായ നിരന്തര സമരവും നിര്‍ബന്ധമാണ്. ആ നിലയില്‍ അത് സ്വയം തന്നെ ഒരു ആത്മീയ സമരമാകുന്നു.
ബാഹ്യലോകത്തിന്റെ പ്രലോഭനങ്ങള്‍ക്കെതിരെ ആത്മവിശുദ്ധിയുടെ പടച്ചട്ടയണിയുന്ന റമദാന്‍ വ്രതത്തിനും ആത്മീയമായ അച്ചടക്കം അനിവാര്യമാണ്. അതാവട്ടെ ആന്തരികമായ ധര്‍മസരത്തിലൂടെയല്ലാതെ സാധ്യവുമല്ല. ഇസ്‌ലാമിന്റെ ഹൃദയഭൂമിയായ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ഥാടനവും നീണ്ട തയാറെടുപ്പും ത്യാഗസന്നദ്ധതയും പരിശ്രമവും കൊണ്ടേ സാധ്യമാവൂ. എത്രത്തോളമെന്നാല്‍, നബിതിരുമേനി(സ) ഒരിക്കല്‍ പറഞ്ഞു: ''മറ്റെല്ലാ ജിഹാദിനേക്കാളും ഉല്‍കൃഷ്ടമാകുന്നു ഹജ്ജ്.'' അല്ലാഹുവിന്റെ ഭവനത്തിലേക്ക് പോകുന്ന തീര്‍ഥാടകന്‍ വിശുദ്ധ സമരത്തിനിറങ്ങിയ യോദ്ധാവിനെപ്പോലെ, എല്ലാ പ്രയാസങ്ങളെയും നിസ്സാരമാക്കി മാറ്റുന്ന ആത്മീയ പോരാട്ടത്തിലാണ്. ആത്മീയ ജിഹാദില്‍ പ്രവേശിച്ച തീര്‍ഥാടകനെ സംബന്ധിച്ചേടത്തോളം ഹജ്ജ് വിശുദ്ധ ഭവനത്തിന്റെ നാഥനുമായുള്ള സംഗമമാകുന്നു. തീര്‍ഥാടകന്റെ ഹൃദയവും കഅ്ബയെ പോലെ അല്ലാഹുവിന്റെ ഭവനമാണ്.
സകാത്തും മറ്റു ദാനധര്‍മങ്ങളും ജിഹാദ് തന്നെയാകുന്നു. സ്വന്തം ഇഛകളോട് സമരം ചെയ്തല്ലാതെ സമ്പത്ത് ദാനം ചെയ്യാന്‍ മനുഷ്യനു സാധ്യമല്ല. സകാത്തിലൂടെ സാമ്പത്തിക നീതിയുടെ സംസ്ഥാപനത്തിനു കൂടിയാണ് മനുഷ്യന്‍ യത്‌നിക്കുന്നത്. ജിഹാദ് ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നല്ലെങ്കിലും മറ്റെല്ലാ സ്തംഭങ്ങളിലും അതുള്‍ച്ചേര്‍ന്നിരിക്കുന്നു എന്നു സാരം. ആത്മീയ പരിപ്രേക്ഷ്യത്തില്‍ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളെ ആന്തരിക ജിഹാദിന്റെ വെളിച്ചത്തിലേ കാണാന്‍ സാധിക്കൂ. ഈയര്‍ഥത്തില്‍ ആത്മീയമായ ജിഹാദ് ഇസ്‌ലാമിക ദര്‍ശനത്തില്‍ മനുഷ്യാവിഷ്‌കാരങ്ങളുടെ ജീവവായുവാണ്. അത് ദൈവികമായ ധ്യാനാവസ്ഥക്കോ അതുവഴിയുണ്ടാകുന്ന ശാന്തിക്കോ വിരുദ്ധമല്ല, പൂരകമാകുന്നു.
ആത്മീയ ജീവിതത്തില്‍ പൂര്‍ണതയിലേക്കുള്ള പാതകളും ആന്തരിക ജിഹാദിന്റെ വെളിച്ചത്തിലേ കണ്ടെത്താനാവൂ. ഇഹലോകത്തിന്റെ മ്ലേഛതകളില്‍നിന്ന് സ്വയം വേര്‍പ്പെടുത്തി ദൈവികവിശുദ്ധിയില്‍ ശാന്തിയടയണമെങ്കില്‍ ശക്തമായ ധര്‍മസമരം ആവശ്യമാണ്. മനുഷ്യാത്മാവിന്റെ വേരുകള്‍ ക്ഷണികലോകത്തില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നതിനാല്‍ അവിവേകികളായ ആത്മാക്കള്‍ ഈ ലോകത്തെ തന്നെ യാഥാര്‍ഥ്യമായി തെറ്റിദ്ധരിക്കും. ഈ മിഥ്യാബോധം സൃഷ്ടിക്കുന്ന മയക്കത്തില്‍നിന്നും നിഷ്‌ക്രിയത്വത്തില്‍നിന്നും സ്വന്തത്തെ മോചിപ്പിക്കണമെങ്കിലും ആന്തരികമായ ജിഹാദല്ലാതെ മാര്‍ഗമില്ല. അഥവാ, നശ്വര ലോകത്തിലേക്ക് ആപതിക്കുന്നതില്‍നിന്ന് ആത്മാവിന് കടിഞ്ഞാണിട്ട് ദൈവിക ശാന്തിയുടെ വര്‍ണ ലോകത്തേക്ക് അതിനെ തിരിച്ചുകൊണ്ടുവരികയെന്നതു ജിഹാദ് തന്നെയാണ്. ശില കണക്കേ ഉറച്ചുപോയ ഹൃദയത്തെ സകല സൃഷ്ടിജാലങ്ങളെയും ചൂഴ്ന്നു നില്‍ക്കാന്‍ മാത്രം വിശാലമായ സ്‌നേഹത്തിന്റെ ഉറവയായി പരിവര്‍ത്തിപ്പിക്കാന്‍ ആന്തരിക ജിഹാദിലൂടെ മാത്രമേ കഴിയൂ. അല്ലാഹു മാത്രമാണ് പരമമായ യാഥാര്‍ഥ്യമെന്നും 'ഞാന്‍' എന്ന സംബോധനക്കര്‍ഹത ആത്മാവിനു മാത്രമാണെന്നും തിരിച്ചറിയുകയെന്നത് ഉദാത്തമായ ധര്‍മസമരമാകുന്നു. ആത്മാവിനെ അബോധാവസ്ഥയില്‍നിന്നും തട്ടിയുണയര്‍ത്തി, ഏതൊരു ഉത്കൃഷ്ടജ്ഞാന സമ്പാദനത്തിനാണോ അത് സൃഷ്ടിക്കപ്പെട്ടത് അതാര്‍ജിക്കാന്‍അതിനെ പ്രാപ്തമാക്കുന്നു ഈ ആത്മീയ ജിഹാദ്. അതിനാല്‍ എല്ലാ ആത്മീയാവിഷ്‌കാരങ്ങളുടെയും അകപ്പൊരുള്‍ ഗ്രഹിച്ചെടുക്കാന്‍ ഈ ധര്‍മസമരം അനിവാര്യമാകുന്നു. നബി(സ) 'വലിയ ജിഹാദ്' എന്നു വിശേഷിപ്പിച്ച ഈ ആന്തരിക സമരത്തിലൂടെയല്ലാതെ ഇസ്‌ലാമിന്റെ പൂര്‍ണതയിലേക്കുള്ള പാത കണ്ടെത്താനാവില്ല.
ചുരുക്കത്തില്‍ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നമുക്കു ചുറ്റുമുള്ള ബാഹ്യലോകത്തെ സന്തുലനം നിലനിര്‍ത്താനുള്ള 'ചെറിയ ജിഹാദി'നൊപ്പം സ്വന്തം ബോധത്തിന്റെ തന്നെ ഉറവിടമായ ദിവ്യ യാഥാര്‍ഥ്യത്തിലേക്ക് നമ്മെ ഉണര്‍ത്തിയെഴുന്നേല്‍പിക്കാനുള്ള ആന്തരിക ജിഹാദു കൂടി നിര്‍ബന്ധമാണ്. ആത്മീയാസ്തിത്വമുള്ള മനുഷ്യനെ സംബന്ധിച്ചേടത്തോളം തന്റെ ഓരോ ശ്വാസവും ഓരോ ഓര്‍മപ്പെടുത്തലാണ്. എല്ലാ സ്വപ്നവും വിട്ടുണര്‍ന്ന് സ്വന്തം ഹൃദയതാളം സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ വിശുദ്ധ നാമം പ്രതിധ്വനിപ്പിക്കുന്നതുവരെ ആന്തരിക ജിഹാദ് തുടര്‍ന്നുകൊണ്ടിരിക്കണമെന്ന ഓര്‍മപ്പെടുത്തല്‍. നബി(സ) പറഞ്ഞു: ''മനുഷ്യന്‍ ഉറക്കത്തിലാണ്. മരണത്തോടെ അവന്‍ ഉണരുന്നു.'' ആന്തരിക ജിഹാദ് വഴി മനുഷ്യന്‍ ഈ ജീവിതത്തില്‍ തന്നെ മരിക്കുകയാണ്, സ്വപ്നങ്ങളില്‍ നിന്ന് എല്ലാ യാഥാര്‍ഥ്യങ്ങളുടെയും ഉറവിടമായ ആ പരമ യാഥാര്‍ഥ്യത്തിലേക്ക് ഉണരാന്‍. ഏതൊരു അനിര്‍വചനീയ സൗന്ദര്യത്തിന്റെ നേരിയ പ്രതിഫലനമാണോ ലൗകിക സൗന്ദര്യങ്ങള്‍ മുഴുവനും, ആ സൗന്ദര്യത്തിന്റെ ദര്‍ശനം സിദ്ധിക്കാന്‍; അതുവഴി ശാന്തിയടയാന്‍.
(The Spiritual Significance of Jihad എന്ന ലേഖനത്തിന്റെ വിവര്‍ത്തനം)
വിവ: വി. ബഷീര്‍


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly