>>അഭിമുഖം
ആരുടെയും സഹാനുഭൂതി മുസ്‌ലിം സ്ത്രീക്ക് ആവശ്യമില്ല
ലൈല അബൂ ലുഗ്ദ്/നര്‍മീന്‍ ശൈഖ്
(ലൈല അബൂ ലുഗ്ദ്: പ്രശസ്ത ഫലസ്തീനിയന്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഇബ്രാഹിം അബു ലുഗ്ദിന്റെയും അമേരിക്കന്‍ സോഷ്യോളജിസ്റ്റ് ജാനറ്റ് ലിപ്മാന്റെയും മകളായ ലൈല, മാതാപിതാക്കളുടെ പാത പിന്‍തുടര്‍ന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നരവംശശാസ്ത്രത്തില്‍ പ്രഫസറാണിപ്പോള്‍.
ലൈലയുടെ ഏറ്റവും പുതിയ പുസ്തകമായ കോളംബിയ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച Nakba: Palestine , 1948, and the Claims of Memory നാടുകടത്തപ്പെട്ട ഫലസ്ത്വീന്‍ ഓര്‍മകളും അനുഭവങ്ങളുമാണ്.
''ആദ്യ ഫലസ്ത്വീന്‍ സന്ദര്‍ശനം 1993 ലായിരുന്നെങ്കിലും എന്റെ ജീവിതം ഫലസ്ത്വീനിലായിരുന്നു. മുപ്പത് വര്‍ഷമായുള്ള എന്റെ നരവംശശാസ്ത്ര ഗവേഷങ്ങള്‍(Ethnography) ഈജിപ്തിനെ കേന്ദ്രീകരിച്ചായിരുന്നെങ്കിലും ഈ പുസ്തകം 40 വര്‍ഷത്തിന് ശേഷമുള്ള, ഉപ്പയുടെ ഫലസ്തീനിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചാണ്''
''ആദ്യം ഈ പണി ഏറ്റെടുക്കുമ്പോള്‍ മരുഭൂജീവിതത്തോടുള്ള കാല്‍പനിക അഭിനിവേശമായിരുന്നു എന്റെ മനസ്സു നിറയെ. പക്ഷേ, അവിടെയെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. എങ്ങിനെയാണവര്‍ തങ്ങളുടെ ലോകത്തെ മനസ്സിലാക്കുന്നതെന്ന്, പ്രത്യേകിച്ച് കഥകളിലൂടെയും പാട്ടുകളിലൂടെയും, അവരുമായി ഇടപഴകിയതിലൂടെയും അറിയാനും മനസിലാക്കാനും കഴിഞ്ഞു''. 1978 മുതല്‍ 80 കളുടെ മധ്യം വരെയുള്ള രണ്ടര വര്‍ഷക്കാലം ഈജിപ്തിലെ 'ഔലാദ് അലി' ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ജീവിച്ച അനുഭവങ്ങളില്‍ നിന്നാണ് ലൈല Veiled Sentiments: Honor and Poetry in a Bedouin Society ഉം Writing Women’s Worlds: Bedouin Stories ഉം എഴുതിയത്.
9/11 നെ തുടര്‍ന്നുള്ള അമേരിക്കയുടെ അഫ്ഗാന്‍, ഇറാഖ് അധിനിവേശത്തിന് ശേഷം മുസ്‌ലിം സ്ത്രീയെ 'മനസ്സിലാക്കു'ന്നതിന് വേണ്ടി മാധ്യമങ്ങള്‍ ലൈലയെ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്നു. തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കപ്പെട്ട പ്രദേശങ്ങളിലെ ജീവിതങ്ങള്‍, ആഗ്രഹങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവയെപ്പറ്റി നിരവധി അഭിമുഖങ്ങളും യൂണിവേഴ്‌സിറ്റി പ്രഭാഷണങ്ങളും അവര്‍ നടത്തി.
''കൂടുതല്‍ അറിയാനുള്ള ജനങ്ങളുടെ ആഗ്രഹങ്ങളെ ഞാന്‍ വിലമതിക്കുന്നു, എന്നാല്‍ 'മുസ്‌ലിം സ്ത്രീ'യെപ്പറ്റിയുള്ള സാമാന്യവത്കരണത്തില്‍ ഞാന്‍ അസ്വസ്ഥയാണ്. ഈ പ്രദേശങ്ങളിലെ മുസ്‌ലിം സ്ത്രീയെ സഹതാപത്തോടെ അഭിസംബോധന ചെയ്യുന്ന അധീശ മനോഭാവത്തെ ഞാന്‍ വെറുക്കുന്നു.''
സെക്കുലര്‍-ലിബറല്‍ ഫ്രെയിംവര്‍ക്കിനകത്ത് നിന്നുകൊണ്ടുള്ള പാശ്ചാത്യ ഫെമിനിസത്തിന്റെ നിര്‍വ്വാഹകത്വ(Agency)1ത്തിനെ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട് ലൈല. സെക്കുലര്‍, ഫെമിനിസ്റ്റ് വാര്‍പ്പ്മാതൃകകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരിക്കലും ഇസ്‌ലാമിലെ സ്ത്രീയെ നോക്കിക്കാണാനാവില്ല. ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളുള്ള സമൂഹമാണ് മുസ്‌ലിംകളെന്നും, ഓരോ ഭൂപ്രദേശങ്ങളിലും സമൂഹങ്ങളിലും സാംസ്‌കാരിക പരിസരങ്ങളിലും നിര്‍വ്വാഹകത്വം വ്യത്യസ്തമായിരിക്കുമെന്നും, ആണിനെ എതിര്‍ക്കാതെയും സ്ത്രീക്ക് അവളുടെ കര്‍തൃത്വം(subjectivity) ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുമെന്നും അവര്‍ വാദിക്കുന്നു.
The present as history: Critical perspectives on global power എന്ന പുസ്തകത്തില്‍ നര്‍മീന്‍ ശൈഖുമായി നടത്തിയ അഭിമുഖമാണിത്).
? സെപ്റ്റംബര്‍ 11 സംഭവത്തിനു ശേഷം മുസ്ലിം സമൂഹങ്ങളുടെ സവിശേഷതകളന്വേഷിക്കുന്ന ചര്‍ച്ചകളാല്‍ മുഖരിതമായിരുന്നല്ലോ അമേരിക്കന്‍ പൊതുമണ്ഡലം. 'മുസ്ലിം' സമൂഹങ്ങളുടെ സ്വഭാവരൂപവത്കരണത്തില്‍ ഇസ്ലാമിനെത്രത്തോളം പങ്കുണ്ട്? ആ സമൂഹങ്ങളെപ്പറ്റിയും അവയെ നമ്മില്‍(പാശ്ചാത്യര്‍) നിന്ന് വ്യതിരിക്തമാക്കുന്നത് എന്ത് എന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്യുമ്പോള്‍ എവിടെ നിന്നാണ് നാം ആരംഭിക്കുക?
ചരിത്രസന്ദര്‍ഭങ്ങളെക്കുറിച്ചോ ജനങ്ങളുടെ ജീവിതശൈലിയില്‍ മതങ്ങള്‍ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചോ പരാമര്‍ശിക്കാതെ, ഒരു സമൂഹത്തിന്റെയും വിവിധങ്ങളായ വശങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. ഇത്, ക്രിസ്തുമതത്തിന് ആധിപത്യമുള്ള യൂറോപ്പ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളുടെ കാര്യത്തിലും പശ്ചിമേഷ്യ, ആഫ്രിക്ക, തെക്കുകിഴക്ക് ഏഷ്യ മുതലായ മുസ്‌ലിം പ്രദേശങ്ങളുടെ കാര്യത്തിലും ഒരുപോലെ പരിഗണിക്കേണ്ടതാണ്. ഐക്യനാടുകളിലെ സങ്കീര്‍ണ്ണ രാഷ്ട്രീയ സാമൂഹിക ചലനങ്ങളെയും ജീവിതവൈവിധ്യങ്ങളെയും ക്രിസ്തുമതത്തിലേക്ക് ചുരുക്കുന്നതു പോലെ അബദ്ധമാണ് മറ്റു പ്രദേശങ്ങളിലെ ഇടപാടുകളെ ഇസ്‌ലാമിലേക്ക് ചുരുക്കുന്നതും. മുസ്‌ലിം സമൂഹങ്ങള്‍ 'നമ്മുടേതില്‍' നിന്നും എങ്ങനെയാണ് വ്യത്യസ്തമാവുന്നത് എന്നല്ല, മറിച്ച് സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ എങ്ങനെയാണ് ചരിത്രത്തിലും വര്‍ത്തമാനകാലത്തും ഇസ്‌ലാമും പാശ്ചാത്യരും ഐക്യപ്പെട്ടിരുന്നത് എന്നാണ് നാം ചോദിക്കേണ്ടത്.
? ഇത്തരം പൊതുചര്‍ച്ചകള്‍ മുഖ്യമായും മുസ്‌ലിം സ്ത്രീകളെ കേന്ദ്രീകരിച്ചാണ് സജീവമായി നടക്കുന്നത്. ''മുസ്‌ലിം സ്ത്രീകളെ മനസ്സിലാക്കിയതുകൊണ്ട്'' ഒന്നും വ്യക്തമാക്കപ്പെടുന്നില്ല എന്ന് ഈയടുത്തായി താങ്കള്‍ അഭിപ്രായപ്പെട്ടല്ലോ? ഈ വാദത്തെ ഒന്നു വിശദീകരിക്കാമോ?
നമ്മള്‍ പലരും മനസ്സിലാക്കിയതുപോലെ, 9/11 സംഭവത്തിനും അതിനെത്തുടര്‍ന്ന് അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധത്തിനും ശേഷം മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളറിയാനുള്ള ത്വര തൃപ്തിപ്പെടുത്താനാവാതെയായി. എന്റെ തന്നെ അനുഭവം പറയുകയാണെങ്കില്‍, വാര്‍ത്താധിഷ്ഠിത പരിപാടികളിലേക്കും സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും ക്ഷണങ്ങളുടെ പെരുമഴയായിരുന്നു എനിക്ക്. ഒരു ഭാഗത്ത്, 20 വര്‍ഷത്തോളം ഞാന്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന വിഷയത്തെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാനുള്ള അവസരമായും എന്റെ പഠനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളായും ഞാനതിനെ പരിഗണിച്ചെങ്കില്‍, മറുഭാഗത്ത് വിശകലനം ചെയ്യേണ്ട യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ആളുകള്‍ 'സ്ത്രീയും ഇസ്‌ലാമും' എന്നതിലേക്ക് വഴി തിരിഞ്ഞു പോകുന്നുണ്ടോ എന്ന കാര്യത്തിലുള്ള ആശങ്കയായിരുന്നു.
അഫ്ഗാനിസ്ഥാനിലെ സോവിയറ്റ്, യു.എസ്, പാകിസ്ഥാന്‍, സുഊദി തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലുകളുടെ ചരിത്രവും, പശ്ചിമേഷ്യയിലെ ഇസ്‌ലാമിക മുന്നേറ്റങ്ങളുടെ ചടുലതയും, മര്‍ദ്ദക ഭരണകൂടങ്ങള്‍ക്കുള്ള അമേരിക്കന്‍ പിന്തുണയുടെ രാഷ്ട്രീയവും എല്ലാം മാറ്റിനിര്‍ത്തപ്പെടുന്ന പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്നു. മലിനമാക്കപ്പെട്ട ചരിത്രപരവും രാഷ്ട്രീയവുമായ വിവരണങ്ങളെ സാംസ്‌കാരിക ചിഹ്നമായ 'മുസ്‌ലിം സ്ത്രീ'യെ ഉപയോഗിച്ച് മനോഹരമായി പൊതിഞ്ഞെടുക്കുന്നത് നിങ്ങളെ(പാശ്ചാത്യരെ) എവിടെയും എത്തിക്കുകയില്ല. ഇത്തരം പ്രതിനിധാനങ്ങള്‍ എന്താണ് നേടുന്നത്? ഇത്തരം പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ എന്തുകൊണ്ടാണ് ഗോട്ടിമാലന്‍ സ്ത്രീകളെയോ, വിയറ്റ്‌നാമീസ് വനിതകളെയോ, ബുദ്ധമതവിശ്വാസികളായ സ്ത്രീകളെയോ, ഫലസ്ത്വീന്‍ സ്ത്രീകളെയോ, ബോസ്‌നിയന്‍ സ്ത്രീകളെയോ ഒന്നും അന്വേഷിക്കാത്തത് എന്ന് നാം ചോദിക്കേണ്ടിയിരിക്കുന്നു. ഈ പ്രശ്‌നം മറ്റൊരു സംസ്‌കാരത്തെയോ മതത്തെയോ മാത്രം പ്രതിയാക്കുന്നതില്‍ ഒതുങ്ങുന്നു. പുരുഷാധിപത്യ മതമായി ഇസ്‌ലാമിനെ മുദ്രകുത്തി ലോകത്തെ ഇത്തരം പ്രശ്‌നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും മുസ്‌ലിം പുരുഷന്മാരില്‍ അരോപിക്കുന്നു.
? സ്ത്രീകളെ സഹായിച്ചുകൊണ്ട് ഇന്ത്യയില്‍ ബ്രിട്ടീഷുകാരും അള്‍ജീരിയയില്‍ ഫ്രഞ്ചുകാരും തങ്ങളുടെ അധിനിവേശ താല്‍പര്യങ്ങളെ മനോഹരമായി വെള്ളപൂശിയിരുന്നു. (സ്വദേശി വനിതകളെ 'സംരക്ഷിക്കല്‍'2 അധിനിവേശ താല്‍പര്യങ്ങളുടെ ഭാഗമാണ്). അഫ്ഗാന്‍ വനിതകളെ സംബന്ധിക്കുന്ന ഇപ്പോഴത്തെ ഗ്വോ-ഗ്വോ വിളികള്‍ക്ക് പിന്നിലും ഇതേ താല്‍പര്യങ്ങളാണെന്ന് കരുതുന്നുണ്ടോ? ഈ പ്രതിനിധാനങ്ങളിലേക്ക് (നിങ്ങള്‍ ചൂണ്ടിക്കാട്ടിയതുപോലെ ഇത്തരം വാചകക്കസര്‍ത്തുകള്‍ അമേരിക്കയിലെ ആഫ്രോ-അമേരിക്കന്‍ സ്ത്രീകളെക്കുറിച്ച് ഉന്നയിക്കപ്പെടുന്നില്ല) നയിക്കുന്ന കൊളോണിയല്‍/ നവകൊളോണിയല്‍ പശ്ചാത്തലങ്ങള്‍?
അഫ്ഗാനിലെ അമേരിക്കന്‍ ഇടപെടലിനെ ന്യായീകരിക്കുന്ന, അതേ സമയം അതിനെതിരെയുള്ള അമേരിക്കന്‍-യൂറോപ്യന്‍ ഫെമിനിസ്റ്റുകളുടെ വിമര്‍ശനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന 'അഫ്ഗാന്‍ സ്ത്രീകളെ സംരക്ഷിക്കുക' എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള അന്നത്തെ പ്രഥമ വനിത ലോറബുഷിന്റെ റേഡിയോ പ്രഭാഷണത്തെ (നവംബര്‍ 2001) ശക്തമായി ചോദ്യം ചെയ്യേണ്ടതായിരുന്നു. റിപ്പബ്ലിക്കന്‍ ഭരണവ്യവസ്ഥയുടെ കപട 'ഫെമിനിസ'മാണിവിടെ തെളിഞ്ഞു കാണുന്നത്. സ്ത്രീയുടെ പദവിയെ യഥാര്‍ഥത്തില്‍ പരിഗണിക്കുന്നു എന്നവകാശപ്പെടുന്നവരുടെ നിലപാടുകളാണ് എന്നെ സംബന്ധിച്ചേടത്തോളം കൂടുതല്‍ പ്രശ്‌നം. മറ്റ് സ്ത്രീകളെ 'സംരക്ഷിക്കു'ന്നതിലെ പ്രശ്‌നം, തങ്ങള്‍ അധീശരാണെന്ന പാശ്ചാത്യരുടെ മനഃസ്ഥിതിയെ ആശ്രയിച്ചും അംഗീകരിച്ചുമാണിരിക്കുന്നത്.
നിങ്ങള്‍ ഒരാളെ രക്ഷപ്പെടുത്തുമ്പോള്‍~ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കാണല്ലോ രക്ഷപ്പെടുത്തുന്നത്. എന്തൊക്കെ അതിക്രമങ്ങളാണ് ഈ രക്ഷപ്പെടുത്തലില്‍ നിങ്ങള്‍ക്ക് ചെയ്യേണ്ടി വരിക? തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരാണെന്ന ദുരഹങ്കാരങ്ങളാണല്ലോ നമ്മെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്? ഈ ധിക്കാരത്തെയാണ് ഫെമിനിസ്റ്റുകള്‍ ചോദ്യം ചെയ്യേണ്ടത്. വംശത്തെയും വര്‍ഗത്തെയും കുറിക്കുന്ന പ്രശ്‌നങ്ങളില്‍ വളരെയധികം ഉത്കണ്ഠപ്പെടുന്ന നമ്മള്‍ ഇവിടത്തെ മിഷനറി വാചകക്കസര്‍ത്തുകളിലെ പുറംപൂച്ചില്‍ മയങ്ങിപ്പോയിരിക്കുന്നു. ഈ പുറംപൂച്ച് തകര്‍ത്തെറിയാനാണ് ആഫ്രോ-അമേരിക്കന്‍ സ്ത്രീകളുടെയും യു.എസിലെ തൊഴിലാളിവര്‍ഗ്ഗ സ്ത്രീകളുടെയും വിഷയം ഞാന്‍ നിരന്തരം ഉയര്‍ത്താന്‍ കാരണം. ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്കവരെ രക്ഷിക്കണമെന്ന് മധ്യവര്‍ഗ'വെള്ളക്കാരി'കള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടാല്‍ എന്തൊക്കെ പുകിലുകളാണിവിടെ സംഭവിക്കുക?
? ഒരു 'പോര്‍ട്ടബ്ള്‍ സെക്ലൂഷ'(Portable seclution)നെന്ന നിലക്ക് മുസ്‌ലിം സ്ത്രീകള്‍ ബുര്‍ഖക്കും മൂടുപടത്തിനും വേണ്ടി സംസാരിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നുവെന്ന് താങ്കള്‍ പരാമര്‍ശിച്ചല്ലോ. മുഖാവരണങ്ങള്‍ക്ക് നിര്‍വാഹകത്വ(Agency)ത്തിന്റെ അഭാവവുമായി യാതൊരു ബന്ധമില്ലെന്നും താങ്കള്‍ പറഞ്ഞു. ഒന്നു വിശദീകരിക്കാമോ?
പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഹന്ന പപാനെക്(Hanna Papanek) എന്ന നരവംശശാസ്ത്രജ്ഞയാണ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'പോര്‍ട്ടബ്ള്‍ സെക്ലൂഷന്‍' എന്ന പദം ആദ്യമായുപയോഗിക്കുന്നത്.
സ്ത്രീകളുടെ മുഖാവരണോപയോഗം ഇവിടെ പരാമര്‍ശിക്കുന്നത് തീര്‍ത്തും സങ്കീര്‍ണമായ പ്രശ്‌നമാണ്. നിര്‍വാഹകത്വ(Agency)ത്തിന്റെ അഭാവവുമായി അതിന് ബന്ധമില്ലെന്നു പറയാന്‍ മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, 'മുഖാവരണം' എന്നത് ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഒരു പോലെ കാണപ്പെടുന്ന ഒന്നല്ല. ഒരു പ്രത്യേക പ്രദേശത്ത് തന്നെ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലെ 'മുഖാവരണ'ത്തിന്റെ ഉപയോഗം വ്യത്യസ്തമായിരിക്കും. ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകള്‍ തലമറക്കാന്‍ ബോധപൂര്‍വ്വമല്ലാതെ ഉപയോഗിക്കുന്ന തുണി മുതല്‍ മെഡിസിന്‍, എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള സമൂഹത്തിലെ ഉന്നത വിഭാഗക്കാരായ സര്‍വ്വകലാശാല വിദ്യാര്‍ഥിനികള്‍ ഉപയോഗിക്കുന്ന ശരീരം മുഴുവന്‍ മറക്കുന്ന ആധുനിക 'ഇസ്‌ലാമിക വസ്ത്ര'ധാരണത്തില്‍ വരെ അനന്യസാധാരണമായ വൈവിധ്യമുണ്ട്. രണ്ട്, മുസ്‌ലിം ലോകത്തെ ഒട്ടുമിക്ക സ്ത്രീകളും വ്യത്യസ്തങ്ങളായ ഇത്തരം ആവരണങ്ങളുപയോഗിക്കുന്നത് അവരുടെ താല്‍പര്യം കൊണ്ടുമാത്രമാണ്. പറയുന്നത് മുഴുവന്‍ വിശ്വസിച്ചില്ലെങ്കിലും അവരുടെ കാഴ്ചപ്പാടുകളെ നാം ഗൗരവത്തിലെടുക്കണം. അതിനുമപ്പുറം, ഒരു പ്രത്യേക സമൂഹത്തില്‍ ജീവിക്കുന്ന, സാംസ്‌കാരികമായി വ്യത്യസ്ത വ്യക്തിത്വമുള്ള മനുഷ്യരെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിര്‍വ്വാഹകത്വം(Agency), തിരഞ്ഞെടുപ്പ്(Choice) തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങള്‍ എന്താണുദ്ദേശിക്കുന്നതെന്ന കടുത്ത ചോദ്യങ്ങള്‍ തന്നെ നാം ഉയര്‍ത്തേണ്ടിയിരിക്കുന്നു. നമ്മളും ഇതുപോലുള്ള സാമൂഹിക സംഹിതകളിലല്ലേ പ്രവര്‍ത്തിക്കുന്നത്. പാശ്ചാത്യ സമൂഹത്തിലെ തെരഞ്ഞെടുപ്പിന്റെ ധാരാളിത്തത്തെ സൂചിപ്പിക്കാനായി അഹങ്കാരത്തോടെ നമ്മളുപയോഗിക്കുന്ന 'ഫേഷനിലെ സ്വേച്ഛാധിപത്യ'(tyranny of fashion)3 പ്രയോഗം വേഷവിധാനത്തിലെ നിര്‍വാഹകത്വത്തെക്കുറിച്ച് എന്താണ് സംസാരിക്കുന്നത്?
? ബുര്‍ഖ ഉയര്‍ത്തുന്ന രസകരമായ രാഷ്ട്രീയ-ധാര്‍മ്മിക ചോദ്യങ്ങള്‍ വ്യത്യാസങ്ങളെ(difference) കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്ന് താങ്കള്‍ വാദിക്കുന്നുണ്ടല്ലോ. സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മുടെ ധാരണകളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന അഫ്ഗാന്‍ സ്ത്രീകളുടെ കാഴ്ചപ്പാടുകളെ നമുക്കെന്തുകൊണ്ട് മുഖവിലക്കെടുത്തുകൂടാ? നമ്മളെപ്പോലെ ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലുമേ അഫ്ഗാന്‍ സ്ത്രീകള്‍ സ്വതന്ത്രരാകൂ? നിങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്നു?
തീര്‍ച്ചയായും താലിബാന്‍ കരങ്ങളില്‍ നിന്ന് 'മോചനം' നേടിയാലും നമ്മള്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക്‌വേണ്ടി കരുതിയതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളായിരിക്കും അവര്‍ നമ്മോടാ(പാശ്ചാത്യര്‍)വശ്യപ്പെടുക. അപ്പോള്‍ നാമെന്ത് ചെയ്യും? 'അത് അവരുടെ സംസ്‌കാരമാണെന്ന്' എവിടെയും കയറി അധിക്ഷേപിച്ച് സംസാരിക്കുന്ന സാംസ്‌കാരിക ആപേക്ഷികരായ(Cultural relatives) ആളുകളെപോലെയായാല്‍ മതിയാവില്ല. 'മുസ്‌ലിം സ്ത്രീ'യെ ലക്ഷ്യം വെച്ചുള്ള എന്റെ പഠനത്തിലെ 'സാംസ്‌കാരിക' വിശദീകരണങ്ങളെക്കുറിച്ച് നാം സംസാരിച്ച് കഴിഞ്ഞല്ലോ. നമ്മുടേതുപോലെത്തന്നെ ചരിത്രത്തിന്റെയും പരസ്പരബന്ധിതമായ ഒരു ലോകത്തിന്റെയും ഭാഗം തന്നെയാണ് അഫ്ഗാനിസ്ഥാനും മറ്റു മുസ്‌ലിം 'സംസ്‌കാരങ്ങളും' എന്നു നാം ഓര്‍മ്മിക്കേണ്ടതുണ്ട്.
വ്യത്യസ്ത ചരിത്രങ്ങളുടെ നിര്‍മ്മിതികളായും വ്യത്യസ്ത സാഹചര്യങ്ങളുടെ ആവിഷ്‌കാരങ്ങളായും വ്യതിരിക്തമായി രൂപപ്പെടുത്തപ്പെട്ട ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമായും വരുന്ന വ്യത്യാസങ്ങളെ ആദരിക്കാനും അംഗീകരിക്കാനുമാണ് നാം ആദ്യമായി ശ്രമിക്കേണ്ടത്.
തുടര്‍ന്നും സ്ത്രീകളുടെ നീതിക്ക് വേണ്ടി നമ്മള്‍ വാദിക്കണം. പക്ഷേ, അഫ്ഗാന്‍ സ്ത്രീകള്‍ക്കായി നമ്മള്‍ കണ്ടുവെച്ച വ്യത്യസ്ത ഭാവികളില്‍ നിന്ന് അവര്‍ ആവശ്യപ്പെടുന്നതും തെരഞ്ഞെടുക്കുന്നതുമായ നീതിയെക്കുറിച്ചുള്ള വ്യത്യസ്ത ആശയങ്ങളും കൂടെ നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. വ്യത്യസ്ത മത-പാരമ്പര്യങ്ങളില്‍ നിന്നു വളര്‍ന്നു വന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഇത്തരം ഭാവികള്‍ അംഗീകരിക്കാനാണ് അമേരിക്കന്‍ ഫെമിനിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ട്. 'സ്വാതന്ത്ര്യം' എന്നു അവര്‍ വിളിക്കുന്നത്, ഇവരുടെ ആദര്‍ശവൃത്തത്തിലല്ല അവര്‍ എന്നതിനാലാണ്.
2001 നവംബര്‍ അവസാനത്തിലെ ബോണ്‍ പീസ് സമ്മേളനത്തിലെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത് അഫ്ഗാനിസ്ഥാനിലെ സ്ത്രീ ഫെമിനിസ്റ്റുകള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമിടയില്‍ തന്നെ ഭിന്നതകളുണ്ടെന്നാണ്. റെവല്യൂഷനറി അസോസിയേഷന്‍ ഓഫ് ദ വിമന്‍ ഓഫ് അഫ്ഗാനിസ്ഥാന്‍ (RAWA) പ്രതിനിധികളെപ്പോലെയുള്ളവര്‍ മുസ്‌ലിം ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട ഒരു സങ്കല്പവുമായും പൊരുത്തപ്പെടാന്‍ തയ്യാറായില്ല. അനീതിയെ വെല്ലുവിളിക്കുകയും മതപാരമ്പര്യങ്ങളെ പുനരാവിഷ്‌കരിക്കുകയും ചെയ്യുന്ന ഇസ്‌ലാമികമൂല്യങ്ങളിലധിഷ്ഠിതമായ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളില്‍ക്കൂടി സ്ത്രീകള്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കുന്ന രാജ്യമായാണ് ആളുകള്‍ ഇറാനെ മനസ്സിലാക്കുന്നത്. എന്നാല്‍ ഫെമിനിസ്റ്റ് വൃത്തങ്ങളില്‍, പ്രത്യേകിച്ച് പടിഞ്ഞാറുള്ള ഇറാനിയന്‍ ഫെമിനിസ്റ്റുകള്‍ക്കിടയില്‍ ഇറാനിലെ സാഹചര്യം വലിയ വിവാദ വിഷയമാണ്. സാക്ഷരതാ നിരക്കിലെ വളര്‍ച്ചയോ, ജനനനിരക്കിലെ കുറവോ, പ്രഫഷനല്‍-സര്‍ക്കാര്‍ ഉദ്യോഗമേഖലകളിലെ സാന്നിധ്യമോ, സാംസ്‌കാരിക മേഖലകളായ എഴുത്തിലും സിനിമാനിര്‍മാണത്തിലുള്ള ഇടപെടലുകളിലും സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചതോ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്വാധീനം കൊണ്ടാണോ അല്ലയോ എന്നത് ഇപ്പോഴും ഇവര്‍ക്ക് വ്യക്തമല്ല.
ഇസ്‌ലാമിക് ഫെമിനിസം എന്ന ധാരണ തന്നെ ചൂടുപിടിച്ച സംവാദ വിഷയമാണ്. ഇസ്‌ലാമും ഫെമിനിസവും വിരുദ്ധവീക്ഷണങ്ങളല്ലേ? ബദലുകള്‍ തേടുന്ന സ്ത്രീകള്‍ ഉണ്ടാക്കിയ ജീവനക്ഷമമായ മുന്നേറ്റം മാത്രമല്ലേ ഫെമിനിസം? സ്ത്രീകളുടെ ജീവിത നിലവാരവും ആണ്‍-പെണ്‍ ബന്ധങ്ങളും, തങ്ങള്‍ ജീവിക്കുന്ന സമൂഹങ്ങള്‍ക്കധിഷ്ഠിതമായി പരിവര്‍ത്തിക്കാനാഗ്രഹിക്കുന്ന പ്രാദേശിക സ്ത്രീകളോട് ബോണ്‍ പീസ് സമ്മേളനത്തിന്റെ പ്രതിനിധികള്‍ അഭ്യര്‍ഥിച്ചത് സെക്കുലര്‍ പടിഞ്ഞാറിനേക്കാളും ഇറാനിയന്‍ മാതൃകയെ പിന്തുടരുന്നതായിരിക്കും ഉചിതമെന്നാണ്.
അവസാനമായി എനിക്ക് പറയാനുള്ളത്, അഫ്ഗാന്‍, ഇറാഖ് വനിതകളുടെ ഭാവിക്കായി മികച്ച വഴികളെക്കുറിച്ച് നമുക്ക് ദൃഢവിശ്വാസങ്ങളുണ്ടെങ്കിലും, അവരുടെ കാര്യത്തിലിടപെടാതെ ലോകത്തിന്റെ ഒരു ഭാഗത്തിരിക്കുകയായിരിക്കില്ലേ നമുക്ക് നല്ലത്. മറ്റു സംസ്‌കാരങ്ങളിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനേക്കാള്‍ ലോകത്തെ നീതിപൂര്‍ണമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചിന്തിക്കുകയല്ലേ ഉചിതം? വ്യത്യസ്ത സമൂഹങ്ങള്‍ക്കുള്ളില്‍ സ്ത്രീജീവിത നിലവാരമുയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവരെ എങ്ങനെ സഹായിക്കാമെന്നൊക്കെ നമുക്ക് ചര്‍ച്ച ചെയ്യാം. ലോകത്തിന്റെ പ്രത്യേകാവകാശങ്ങളും പ്രബലമായ സ്ഥാനവുമുള്ള ഭൂപ്രദേശത്തിരിക്കുന്ന നമ്മള്‍ നമ്മോട് തന്നെ ചോദിക്കണം, മറ്റുള്ളവര്‍ സ്വയം തന്നെ അവരുടെ വിമോചനത്തിനുള്ള വഴി കണ്ടെത്തുമ്പോള്‍ നമ്മുടെ ബാധ്യതയെന്താണെന്ന്. ലോകത്തിനും മേലെ നിന്നുകൊണ്ട് ഇരുട്ടില്‍ എവിടെയോ ഉള്ള ആളുകളിലേക്ക് നോക്കേണ്ടതില്ല. മാറ്റങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടി സമാധാനാന്തരീക്ഷം രൂപപ്പെടുത്താനാവണം നമ്മുടെ പരിശ്രമങ്ങള്‍. ജനകീയ താല്‍പര്യങ്ങള്‍ ആഗോള അനീതിക്കുമുമ്പിലെ നിസ്സഹായതകൊണ്ട് രൂപപ്പെടുത്താത്ത വിധം ലോകസാഹചര്യങ്ങളിലേക്ക്, അല്ലെങ്കില്‍ പൊങ്ങച്ചം നടിക്കുന്ന ധനികരാജ്യങ്ങള്‍ക്കു നേരെ ജനരോഷമുണ്ടാകുന്നതിലേക്ക് വിരല്‍ ചൂണ്ടുകയാണ് വേണ്ടത്. ചിന്തയുടെയും പ്രവൃത്തിയുടെയും കൂടുതല്‍ നിര്‍മാണാത്മക വഴികളായിരിക്കും അവ. മുസ്‌ലിം സ്ത്രീ സംരക്ഷണമെന്ന 19-ാം നൂറ്റാണ്ടിലെ മിഷനറി 'മുദ്രാവാക്യ'ത്തെ വന്ന വഴിയെ പറഞ്ഞു വിടുക.
വിവര്‍ത്തനം: നജ്ദ. എ
1. സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വ്യക്തികള്‍ക്കുള്ള കഴിവാണ് സാമൂഹികശാസ്ത്രത്തില്‍ സാമാന്യമായി നിര്‍വ്വാഹകത്വം(Agency) കൊണ്ട് ഉദ്ദേശിക്കുന്നത്. ഫെമിനിസ്റ്റ് പദാവലിയിലെ കേന്ദ്രപദമാണിത്. സ്ത്രീകളുടെ നിര്‍വാഹകത്വത്തെക്കുറിച്ചുള്ള പാശ്ചാത്യഫെമിനിസ്റ്റുകളുടെ കാഴ്ചപ്പാട് അടിച്ചമര്‍ത്തല്‍/ അട്ടിമറി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങള്‍ക്കുള്ളിലാണ് നില്‍ക്കുന്നത്. അതായത് ഒന്നുകില്‍ സ്ത്രീകള്‍ നിര്‍വാഹകത്വം ഇല്ലാതെ അടിച്ചമര്‍ത്തപ്പെട്ടവരാകുന്നു. അല്ലെങ്കില്‍ ആണ്‍കോയ്മയെ അട്ടിമറിക്കുന്ന ഫെമിനിസ്റ്റ് കര്‍തൃത്വ(subjectivity)ങ്ങള്‍ ആകുന്നു.
2. ഇസ്‌ലാമിനെ ഒരു പ്രശ്‌നമായും ഭീഷണിയായും സങ്കല്‍പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ളത് മുസ്‌ലിം സ്ത്രീയെന്ന ചിഹ്‌നമാണ്. ഇവരുടെ അടിച്ചമര്‍ത്തലിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്, ഇസ്‌ലാമിന്റേതെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീ-വിരുദ്ധതയെ കുറിച്ചുള്ള പാശ്ചാത്യസങ്കല്‍പങ്ങളും വ്യവഹാരങ്ങളും ഉണ്ടായിട്ടുള്ളത്. കൊളോണിയല്‍ അധികാരകേന്ദ്രങ്ങളും ഇവയെ ഫലപ്രദമായി ഉപയോഗിച്ച് പോന്നിട്ടുണ്ട്. തങ്ങള്‍ അധിനിവേശപ്പെടുത്തുന്ന രാജ്യങ്ങളിലെ സ്ത്രീകളുടെ അടിമത്വത്തെക്കുറിച്ച് കരഞ്ഞുകൊണ്ട് അവരെ പോലെ അധമമായവരെ വിമോചിപ്പിക്കുന്ന (whiteman's burden ഓര്‍മ്മിക്കുന്നണ്ടാവുമല്ലോ!) നാഗരിക ദൗത്യങ്ങള്‍ ഉണ്ടാക്കാനും അധിനിവേശത്തെ ന്യായീകരിക്കാനും ലിംഗ(Gender)ത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ സഹായിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനും മധ്യേഷ്യയിലെ മുസ്‌ലിം സമുദായങ്ങള്‍ക്ക് നേരെ ഇതേ രീതി ഉപയോഗിച്ചിട്ടുണ്ട്.
3. വസ്ത്രധാരണത്തിലെ തെരഞ്ഞെടുപ്പ്(Choice) എന്ന സമ്പ്രദായത്തില്‍ തന്നെ ചില പൊരുത്തക്കേടുകളുണ്ട്. നമ്മുടെ കര്‍തൃത്വം, നിര്‍വാഹകത്വം തുടങ്ങിയ സങ്കല്‍പങ്ങളില്‍ തിരഞ്ഞെടുക്കലിന് വലിയ പ്രാധാന്യമുണ്ട്. അസംഖ്യം വസ്ത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ പര്‍ദ സ്വമേധയാ തെരഞ്ഞെടുക്കില്ലന്ന പൊതുബോധമാണിവിടെ പ്രതിഫലിക്കുന്നത്. വസ്ത്രധാരണത്തില്‍ ചോയ്‌സിന് വലിയ പ്രാധാന്യം ലഭിക്കുന്നത് തന്നെ വ്യാവസായിക വിപ്ലവത്തിന് ശേഷമുള്ള മുതലാളിത്ത വ്യവസ്ഥിതിയിലാണ്.