>>കത്തുകള്‍
ഒരേ തൂവല്‍ പക്ഷികള്‍
കാളക്കൂറ്റന്മാരെ പോലെ മലയാള മണ്ണില്‍ വിഹരിക്കുന്ന അന്യ സംസ്ഥാന ലോട്ടറികളുടെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം നടക്കവെ പുറത്തിറങ്ങിയ (സെപ്റ്റംബര്‍ 25) പ്രബോധനം പതിപ്പ് അവസരോചിതമായി. ലോട്ടറി മാഫിയയെ വടവൃക്ഷം കണക്കെ തഴച്ചു വളരാന്‍ വെള്ളവും വളവും നല്‍കിയ പാതകത്തില്‍നിന്ന് തലയൂരാന്‍ മാറിമാറി കേരളം ഭരിച്ച ഇടത് -വലത് സര്‍ക്കാറുകള്‍ക്കാകില്ല. സാന്റിയാഗോ മാര്‍ട്ടിന്‍, മണിപാല്‍ ഗുപ്ത, മണികുമാര്‍ സുബ്ബ തുടങ്ങിയ ലോട്ടറി രാജാക്കന്മാരെ പല ഘട്ടങ്ങളിലായി സല്‍ക്കരിച്ചിരുന്നവര്‍ പരസ്പരം ചെളിവാരിയെറിയുന്നത് ആരെ വിഡ്ഢികളാക്കാനാണ്? നികുതി പോലും വാങ്ങാതെ പ്രതിദിനം 45 കോടിയോളം രൂപ കേരളത്തില്‍നിന്ന് കൊള്ളയടിക്കാന്‍ ലോട്ടറി മാഫിയക്ക് ഒത്താശ നല്‍കിയവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. നറുക്കെടുപ്പ് എവിടെ നടക്കുന്നു എന്ന് പോലും കൃത്യമായി വിവരമില്ലാത്ത ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം മാഫിയയുടെ തന്നെ ഉടമസ്ഥതയിലുള്ള എസ്.എസ് മ്യൂസിക് ചാനലിലൂടെ അറിയുന്നത് വിശ്വസിക്കുകയേ തരമുള്ളൂ. പാര്‍ട്ടി പത്രം വളര്‍ത്താന്‍ ലോട്ടറി രാജാവില്‍നിന്ന് കോടികളുടെ ബോണ്ട് എഴുതി വാങ്ങിയ ഇടത് സാരഥികള്‍ പുണ്യവാളന്റെ കുപ്പായം തേടി പരക്കം പാച്ചിലിലാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 544 ലോട്ടറി കേസുകള്‍ പിന്‍വലിച്ചിരുന്നു. ലോട്ടറി വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ഇടത് നയത്തില്‍നിന്ന് വ്യത്യസ്തമല്ല.
ഇതിനിടയില്‍ വളരെ ആര്‍ജവമുള്ള നിലപാടെടുക്കാന്‍ ഇസ്ലാമികപ്രസ്ഥാനത്തിനും അതിന് കീഴിലുള്ള പത്രമാധ്യങ്ങള്‍ക്കും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ലക്ഷങ്ങളുടെ പരസ്യങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിനും അതിന്റെ പത്രമാധ്യമങ്ങള്‍ക്കുമല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
ചുരുക്കത്തില്‍ അന്യ സംസ്ഥാന ലോട്ടറികള്‍ മാത്രമല്ല മുഴുവന്‍ ലോട്ടറികളും നിരോധിച്ചെങ്കില്‍ മാത്രമേ ഈ ചൂതാട്ട ചൂഷണത്തിന് അറുതി വരുത്താന്‍ കഴിയൂ.
ടി.ബി അശ്റഫ് തായിക്കാട്ടുകര
വിദ്യാലയങ്ങളില്‍ ലോട്ടറി വിറ്റതും അവര്‍
സദ്റുദ്ദീന്‍ വാഴക്കാടിന്റെ '1967 കേരളത്തിന്റെ ദുഃഖവര്‍ഷം' (ലക്കം 16) എന്ന ലേഖനം ലോട്ടറി, മദ്യം എന്നീ തിന്മകള്‍ക്ക് വിത്ത് പാകിയ സപ്തകക്ഷി മുന്നണിയിലെ ഘടക കക്ഷികളുടെ റോള്‍ വ്യക്തമായി വരച്ചു കാണിക്കുന്നു. പ്രത്യേകിച്ചും മുസ്ലിംകളുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്നു എന്ന് ഗീര്‍വാണം മുഴക്കുന്ന സാമുദായിക പാര്‍ട്ടിയുടെ റോള്‍. മദ്യത്തിന്റെ കാര്യത്തില്‍ മിനുറ്റ്സില്‍ വിയോജിപ്പ് രേഖപ്പെടുത്തി തിന്മക്കെതിരെയുള്ള തങ്ങളുടെ എതിര്‍പ്പ് അവസാനിപ്പിച്ച ലീഗ് അതേവരിയില്‍ (ആയത്തില്‍) തന്നെ വിശുദ്ധ ഖുര്‍ആന്‍ പൈശാചികവൃത്തിയെന്നും വിട്ട് നിന്നാല്‍ വിജയിക്കുമെന്നും പറഞ്ഞ ലോട്ടറിയുടെ കാര്യത്തില്‍ ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ നടപ്പിലാക്കാന്‍ കൂട്ട് നില്‍ക്കുകയാണ് ചെയ്തത്. കോട്ടക്കലില്‍ ഒത്തുചേര്‍ന്ന അതേ സംഘടനകള്‍ അന്നും ലീഗിനെ 'നയിക്കുക'യായിരുന്നു.
അതിനു ശേഷം സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായ സമയത്താണ് 1979-ല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായി ലോട്ടറി വിതരണം ചെയ്തത്. ആ ലോട്ടറി ഒമ്പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു ഹതഭാഗ്യനാണ് ഞാന്‍. പിഞ്ചുകുട്ടികളില്‍ പോലും ചൂതാട്ടത്തിന്റെ വിത്ത് പാകിയവര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല.
ഈ തിന്മക്കെതിരെ ബോധവത്കരണം നടത്താന്‍ എല്ലാവരും ഇറങ്ങിപ്പുറപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോളിഡാരിറ്റിയെ പോലുള്ള യുവജന സംഘടനക്ക് ഇതിന് നേതൃത്വം വഹിക്കാന്‍ കഴിയും.
വി.പി അബ്ദുര്‍റസ്സാഖ് മൂന്നിയൂര്‍
കാരണം
ഇസ്ലാംവിരോധം
തീവ്ര മതേതരത്വം മതനിരാസത്തിലേക്ക് നയിക്കുമെന്നും ക്രിസ്തുമത വിശ്വാസികള്‍ അതില്‍ ജാഗ്രത പാലിക്കണമെന്നും മാര്‍പ്പാപ്പ ഈയിടെ പറഞ്ഞപ്പോള്‍, അത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ 'ഹമീദു'മാരെയോ 'കാരശ്ശേരി'മാരെയോ കണ്ടില്ല. ഒരു ചാനലും പത്രവും അത് ചര്‍ച്ചാ വിഷയമാക്കിയതുമില്ല. മതേതരത്വത്തെയോ ജനാധിപത്യത്തെയോ ഇസ്ലാമിക പ്രസ്ഥാനം വിശകലന വിധേയമാക്കിയാല്‍ അതിലെ രാജ്യദ്രോഹ താല്‍പര്യം ചികഞ്ഞെടുക്കാന്‍ താല്‍പര്യപ്പെടുന്ന അള്‍ട്രാ സെക്യുലരിസ്റുകളും മാധ്യമങ്ങളും ഈ വിഷയത്തില്‍ ഒട്ടകപ്പക്ഷി നയം സ്വീകരിച്ച കൌതുകകരമായ കാഴ്ചയാണ് കണ്ടത്. വാസ്തവത്തില്‍ പോപ്പ് പറഞ്ഞ കാര്യം തന്നെയാണ് ഇസ്ലാമിക പ്രസ്ഥാനം നാളിതുവരെ വ്യത്യസ്ത ശൈലിയില്‍ ചൂണ്ടിക്കാണിച്ചത്.
ഇപ്രകാരം ഒരു ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം, അഛന്‍ തന്റെ പിഞ്ചുമകനെ എറിഞ്ഞു കൊലപ്പെടുത്തിയ സന്ദര്‍ഭത്തിലും, അതിന് കാരണമായിത്തീര്‍ന്ന വിശ്വാസ സംഹിതയെയോ അതിലെ യുക്തിരാഹിത്യത്തെയോ ചോദ്യം ചെയ്യാന്‍ ആരും തയാറായില്ല. പര്‍ദക്കെതിരെ നാഴികക്ക് നാല്‍പതുവട്ടം വിവാദമുണ്ടാക്കുന്നവര്‍, തമിഴ്നാട്ടിലെ തൊട്ടിയന്നൂര്‍ ഗ്രാമത്തിലെ പെണ്ണായി പിറന്ന ഒരുവള്‍ക്കും മാറ് മറയ്ക്കാന്‍ അവകാശമില്ലാത്ത കാര്യത്തെക്കുറിച്ച് മൌനം പാലിക്കുന്നു. അമ്മയോ പെങ്ങളോ ഭാര്യയോ മകളോ ആരുമാവട്ടെ, മുലക്കച്ച കെട്ടിയാല്‍ അവള്‍ ഗ്രാമത്തിനും ജാതിക്കും പുറത്ത്. പക്ഷേ, ഈ ആചാരം പുരുഷന്മാര്‍ക്ക് ബാധകമല്ല. അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം. ഈ വിവേചനത്തിന് പ്രേരകമായി തീരുന്ന വിശ്വാസത്തെയും ആചാരത്തെയും ചോദ്യംചെയ്യാന്‍, ഇസ്ലാമിന്റെ വസ്ത്രധാരണ നിയമങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്നവര്‍ മടിക്കുന്നത് കൌതുകരം തന്നെ. പ്രശ്നം ഇസ്ലാമിനോടുള്ള അന്ധമായ വിദ്വേഷം തന്നെയാണ്.
വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി
തിരിച്ചറിയേണ്ട
ഒളിയജണ്ടകള്‍
സാമ്രാജ്യത്വം അതിന്റെ അടിത്തറ ഭദ്രമാക്കാനായി കാലാകാലങ്ങളായി പ്രതിയോഗികളെ ഇല്ലാതാക്കുകയും അടിച്ചമര്‍ത്തുകയുമൊക്കെ ചെയ്തിരുന്നു എന്നതിന് ചരിത്രം സാക്ഷി. മുതലാളിത്ത ഘടനകള്‍ക്കെതിരെയുള്ള കമ്യൂണിസ്റ് പോരാട്ടങ്ങളെയാണ് ഇവര്‍ ആദ്യമായി 'ഭീകരത' എന്ന പേരിട്ട് ഉന്മൂലനം ചെയ്യാന്‍
ശ്രമിച്ചത്.
രണ്ടാം ലോകയുദ്ധത്തിന് ശേഷം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇറ്റലിയില്‍ കമ്യൂണിസ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നത് തടഞ്ഞുകൊണ്ടായിരുന്നു 1947 സെപ്റ്റംബറില്‍ രൂപീകൃതമായ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ അതിന്റെ പുറംലോകത്തിന്റെ ദൌത്യം ആരംഭിച്ചതുതന്നെ. പിന്നീട് ക്യൂബയെ ചുവപ്പണിയിച്ച ഫിദല്‍ കാസ്ട്രോയെ വകവരുത്താന്‍ പലവിധ അടവുകളും പയറ്റിയെങ്കിലും ഒന്നും വിജയിച്ചില്ല. 1958-ല്‍ സോവിയറ്റ് അനുഭാവിയായ ഇറാഖ് പ്രസിഡന്റ് അബ്ദുല്‍ കരീം ഖാസിമിനെ വധിക്കാന്‍ അമേരിക്കക്ക് പുറത്തുനിന്ന് വിഷത്തില്‍ മുക്കിയ തൂവാല തപാലില്‍ അയച്ചുകൊടുക്കുകയായിരുന്നു. പക്ഷേ, അതിനു മുമ്പ് അദ്ദേഹത്തെ സ്വന്തം നാട്ടുകാരന്‍ തന്നെ വകവരുത്തിയിരുന്നു. ബ്രിട്ടനെ എതിര്‍ത്തതിന്റെ പേരില്‍ ഇറാന്‍ പ്രധാനമന്ത്രിയായ മുസദ്ദിഖിനെ സ്ഥാനഭൃഷ്ടനാക്കാന്‍ ചുക്കാന്‍ പിടിച്ചതും മറ്റാരുമല്ല. വിയറ്റ്നാമിലും കമ്യൂണിസ്റ് വിരുദ്ധത പ്രകടിപ്പിക്കാന്‍ ലഘുലേഖകള്‍ വിമാനത്തിലൂടെയാണ് വിതരണം ചെയ്തത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ് ഭരണകൂടത്തിന്റെ പതനത്തിനും സി.ഐ.എ പങ്കുവഹിച്ചതിനെപ്പറ്റി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോവിയറ്റ് യൂനിയന്റെ പതനത്തോടെ പ്രതിയോഗികള്‍ ഇല്ലാതായെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് മുമ്പുള്ള ശത്രുവിന്റെ പതിന്മടങ്ങ് വീര്യത്തോടെ നിരീശ്വരവാദത്തിന്റെ വരണ്ടുണങ്ങിയ അടിത്തറക്ക് പകരം ദൈവവിശ്വാസത്തിന്റെയും മാനവികതയുടെയും സമാധാനത്തിന്റെയും ഭൂമികയില്‍ നിലയുറപ്പിച്ച ഇസ്ലാം ഉയര്‍ന്നുവരുന്നത്.
കമ്യൂണിസത്തിന് ചാര്‍ത്തിക്കൊടുത്ത ഭീകരതാപട്ടം ഇസ്ലാമിന്റെ ശിരസ്സില്‍ അണിയിക്കുകയായിരുന്നു ഇസ്ലാമോഫോബിയയുടെ ആദ്യപടി. കാരണം കൊളോണിയല്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ ഇസ്ലാമിക പ്രത്യയശാസ്ത്രത്തേക്കാള്‍ ഉത്കൃഷ്ടമായി മറ്റൊന്നുമില്ല എന്ന സത്യമെങ്ങാനും ലോകം തിരിച്ചറിഞ്ഞുപോയാല്‍ ഉണ്ടാവുന്ന അതിശക്തമായ മലവെള്ളപ്പാച്ചിലില്‍ മറിഞ്ഞുവീഴുമെന്ന തിരിച്ചറിവാണ് ഇസ്ലാമിനെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ച ചേതോവികാരം.
സെപ്റ്റംബര്‍ പതിനൊന്ന് സംഭവവും എണ്‍പതുകളിലെ റഷ്യയുടെ അഫ്ഗാന്‍ അധിനിവേശവേളയില്‍ സി.ഐ.എ പരിശീലിപ്പിച്ചെടുത്ത അല്‍ഖാഇദയും ഇവരുടെ ഇടനിലക്കാരനായ ബിന്‍ലാദിനും 'ഇസ്ലാമിക ഭീകരവാദ'ത്തിന്റെ സാധൂകരണങ്ങളാകുന്നതാണ് നാം കണ്ടത്. 'എല്ലാ മുസ്ലിംകളും ഭീകരരല്ല, പക്ഷേ ഭീകരരെല്ലാം മുസ്ലിംകളാണ്', 'ഇത് കുരിശുയുദ്ധമാണ്' തുടങ്ങിയ ബുഷിന്റെ പ്രസ്താവനകളും, ലോകമാകെ മാധ്യമങ്ങള്‍ ഏറ്റെടുത്താഘോഷിച്ച ഇസ്ലാമോഫോബിയയും ഇതോട് ചേര്‍ത്തു വായിക്കുക. സത്യം ചികഞ്ഞ താരീഖ് അയ്യൂബിനെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞതും മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന പേരില്‍ സുവിശേഷ സംഘങ്ങള്‍ ഇറാഖ് യുദ്ധവേളയില്‍ തമ്പടിച്ചതും ചരിത്ര സ്മാരകങ്ങള്‍ ഗൂഢ ലക്ഷ്യത്തോടെ തകര്‍ത്തുകളഞ്ഞതുമോര്‍ക്കുക.
പേള്‍ ഹാര്‍ബര്‍ ദുരന്തത്തിന്റെ പിതൃത്വം വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം ഏറ്റെടുത്ത, ഇറാഖില്‍ രാസായുധമുണ്ടെന്ന ആരോപണത്തില്‍നിന്നും പിന്നോട്ടു പോവുകയും ചെയ്ത അമേരിക്ക സെപ്റ്റംബര്‍ പതിനൊന്നിന്റെ ദുരൂഹതകളും ഒരുനാള്‍ ലോകത്തിന്റെ മുമ്പില്‍ തുറന്നുവെക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അംഗോള, കംബോഡിയ, അല്‍ബേനിയ, നിക്കരാഗ്വ തുടങ്ങി പല രാഷ്ട്രങ്ങളിലും അന്യായമായ ഇടപെടലുകള്‍ നടത്തി കുഴപ്പമുണ്ടാക്കിയ സി.ഐ.എ തൊണ്ണൂറുകള്‍ക്കു ശേഷം അതിന്റെ മുഖ്യ ശത്രുവായിക്കണ്ടത് ഇസ്ലാമിനെയാണ്. ഇസ്ലാമിക രാഷ്ട്രങ്ങളെ ശിഥിലീകരിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ലോകത്ത് തന്നെ ഏറ്റവുമധികം മുസ്ലിംകള്‍ താമസിക്കുന്ന ഇന്ത്യയിലും ഇവരുടെ ചാരക്കണ്ണുകള്‍ ജാഗരൂഗമായതിനു ശേഷമാണ് ഇസ്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്ന രീതിയില്‍ സ്ഫോടനങ്ങള്‍ തുടര്‍ക്കഥയായത്- അറിഞ്ഞോ അറിയാതെയോ സംഘ്പരിവാര്‍ ശക്തികള്‍ ഇതില്‍ ഭാഗഭാക്കായതും മുസ്ലിംകള്‍ക്കെതിരെ അവരുടെ പരമ്പരാഗത ഭര്‍ത്സനങ്ങളില്‍നിന്ന് വഴിമാറി പാശ്ചാത്യ ശൈലി സ്വീകരിച്ചതും യാദൃഛികമാകാനിടയില്ല.
പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാത്ത, കര്‍ക്കരെയടക്കം പല പ്രഗത്ഭ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തില്‍ ഡേവിഡ് കോള്‍മേന്‍ ഹെഡ്ലിയുടെ പങ്ക് വിരല്‍ ചൂണ്ടുന്നതും സി.ഐ.എയിലേക്ക് തന്നെയാണ്. പാക് ചാര സംഘടനയും കശ്മീര്‍ ഭീകരസംഘടനകളില്‍ പലതും ഇവരുടെ വരുതിയിലാണെന്നതുകൊണ്ടുതന്നെ ഒരേസമയം ഇന്ത്യാ പാക് സംഘര്‍ഷവും ഇസ്ലാം വിരുദ്ധതയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഗൂഢ പദ്ധതിയായിരുന്നോ അതെന്ന് സംശയിക്കേണ്ടിവരുന്നു. റെയില്‍വേ സ്റേഷനിലെ ഒരു ഭാഗത്തുള്ള കാമറകള്‍ പണിമുടക്കിയതും കര്‍ക്കരെ ഉപയോഗിച്ച ജാക്കറ്റ് കാണാതായതും സംഭവസ്ഥലത്തേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തിയതും ഭീകരവാദികളില്‍ ചിലര്‍ മറാത്തിയില്‍ സംസാരിച്ചതും അജ്മല്‍ കസബിനെ ജൂതന്മാര്‍ താമസിക്കുന്ന സ്ഥലത്ത് തലേന്ന് കണ്ടെന്ന മൊഴിയുമൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി
കിടക്കുകയാണ്.
ലോകത്ത് ജനകീയാടിത്തറയുള്ള ഗവണ്‍മെന്റുകളെ പോലും അട്ടിമറിച്ച സി.ഐ.എക്ക് രാജ്യത്തെ എത്ര ചെറുപ്പക്കാരെ വിലക്കെടുക്കാനും നാടിനെതിരെ കലാപം നടത്തുന്ന രാജ്യദ്രോഹികളാക്കി അവരെ മാറ്റാനുമുണ്ടോ വല്ല പ്രയാസവും!
ഇസ്മാഈല്‍ പതിയാക്കര
പള്ളികളിലെ
ഉച്ചഭാഷിണികള്‍
നമ്മുടെ പല പള്ളികളില്‍നിന്നും ഉച്ചഭാഷിണിയില്‍ കൂടി പുറത്തുവരുന്ന ശബ്ദകോലാഹലങ്ങള്‍ വളരെ കൂടുതലായിരിക്കുന്നുവെന്ന് പറയാതെ നിര്‍വാഹമില്ല. നമസ്കാരത്തിന്റെയും പ്രബോധന പ്രസംഗങ്ങളുടെയും തുടര്‍ച്ചയായ ശബ്ദം കാരണം സ്വസ്ഥത നഷ്ടപ്പെട്ട പരിസരവാസികളുടെ സങ്കടങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ കാണാതെ പോകുന്നത് ഖേദകരമാണ്. റമദാനില്‍ പ്രഭാതം മുതല്‍ രാത്രി തറാവീഹ് നമസ്കാരശേഷം നടക്കുന്ന ക്ളാസ് അവസാനിക്കുന്നതുവരെ സജീവത നിലനിര്‍ത്തുന്ന പല പള്ളികളില്‍നിന്നും ഇത് കൂടുതല്‍ അനുഭവിക്കാനും കഴിഞ്ഞു.
പള്ളിയുടെ അടുത്ത് ഒരു വീട് കിട്ടുക എന്നത് സൌഭാഗ്യമായി കരുതിയിരുന്ന ഒരു തലമുറ നമുക്ക് മുമ്പെ കടന്നുപോയിരുന്നു. പള്ളികളില്‍ ഉച്ചഭാഷിണിയുടെ ഉപയോഗം അനിയന്ത്രിതമായ വര്‍ത്തമാനകാലത്ത് പള്ളിപരിസരത്ത് വീടുവെക്കാനും താമസിക്കാനും ചിലരെങ്കിലും വിമുഖത കാണിക്കുകയാണിന്ന്.
ബാങ്ക് വിളിയും ഇഖാമത്തും പള്ളിക്കു പുറത്തുള്ളവര്‍ അറിയുന്നതിന് മൈക്ക് ഉപയോഗിക്കുന്നത് തെറ്റല്ല. അത് ആവശ്യവുമാണ്. പക്ഷേ പല പള്ളികളും മണിക്കൂറുകളോളം നീളുന്ന ക്ളാസ്സുകള്‍ക്കും തറാവീഹ് അടക്കമുള്ള നമസ്കാരത്തിനും കൂടിയ ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ മത്സരമാണ്. ഇതുകാരണം പരിസരവാസികള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്.
വീടുകളില്‍ നമസ്കരിക്കുന്ന സ്ത്രീകള്‍, ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍, ശാന്തത തേടുന്ന രോഗികള്‍, ഉറങ്ങുന്ന കുട്ടികള്‍, പഠനത്തില്‍ ശ്രദ്ധിക്കുന്ന വിദ്യാര്‍ഥികള്‍, ടെലിഫോണില്‍ സംസാരിക്കുന്നവര്‍, വീട്ടില്‍ വന്ന അതിഥികള്‍ ഇവര്‍ക്കെല്ലാം ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.പള്ളിപരിസരത്തെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും വല്ലാതെ പ്രയാസപ്പെടുന്നു.
ഇസ്ലാമിനോട് സ്നേഹവും ബഹുമാനവും ഉള്ള ഏതൊരു വ്യക്തിയുടെയും മനസ്സ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അസ്വസ്ഥമാകുന്നു.
പള്ളിപരിസരങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ മാത്രമല്ല, അന്യമതസ്ഥരും കൂടി ഉണ്ട്. സര്‍വ മനുഷ്യര്‍ക്കും ശാന്തിയുടെ ഗേഹമായി അനുഭവപ്പെടേണ്ടതാണ് അല്ലാഹുവിന്റെ ഭവനങ്ങള്‍. ഇഹപര വിഷയങ്ങളിലെ ആത്മസംസ്കരണവും നമസ്കാരവും മറ്റു പ്രാര്‍ഥനകളുമെല്ലാം ബഹുസ്വരതയെ അവഗണിച്ചുകൊണ്ടുള്ളതാവുമ്പോള്‍ അത് ഇസ്ലാമിന്റെ സംസ്കാരത്തിന് യോജിച്ചതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ചില സ്ഥലങ്ങളില്‍ ഒന്നിലേറെ പള്ളികളുണ്ടാകും. വിവിധ ഗ്രൂപ്പുകള്‍ മത്സരിച്ചുകൊണ്ടാണ് അവ നടത്തുന്നത്. അവയുടെ കാര്യം പറയുകയേ വേണ്ട. പല മതക്കാര്‍ ഇടകലര്‍ന്ന് വസിക്കുന്ന സ്ഥലങ്ങളിലെ പള്ളികളില്‍നിന്ന്, പ്രത്യേകിച്ച് ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന പള്ളികളില്‍നിന്നുള്ള പ്രാര്‍ഥനയും പ്രബോധനവും എങ്ങനെ ആയിരിക്കണമെന്ന് എല്ലാ പള്ളി-മഹല്ല് ഭാരവാഹികളും ഗൌരവമായി ചര്‍ച്ച
ചെയ്യേണ്ടതാണ്.
മുഹ്സിന്‍ അലി മട്ടാഞ്ചേരി
വീടു നിര്‍മാണം
വീട് ഏവരുടെയും സ്വപ്നമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ വീട് സ്വര്‍ഗസമാനമാണ്. ശീതീകരിച്ച ബംഗ്ളാവിലെ പട്ടുമെത്തയില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ പാവപ്പെട്ടവന് സമാധാനവും സുഖവും കിട്ടുക അവന്റെ ചെറ്റക്കുടിലിലെ പരുപരുത്ത പായയില്‍ കിടന്നുറങ്ങുമ്പോഴാണല്ലോ. സാമ്പത്തിക ശേഷിയെ ആശ്രയിച്ചാണ് ഓരോരുത്തരും വീടുകളുണ്ടാക്കുക.
അണുകുടുംബത്തിനെന്തിനാണ് രണ്ട് അടുക്കള? അത് ഇപ്പോഴത്തെ ഒരു ഫാഷനാണത്രെ. വരുന്നവരെ കാണിക്കാന്‍ ഒരടുക്കളയും ഭക്ഷണം പാകം ചെയ്യാന്‍ മറ്റൊന്നും. വീട് നിര്‍മാണത്തിന്റെ നല്ലൊരു സംഖ്യ ചെലവാകുന്നത് അടുക്കളക്കാണ്.
ഷോക്കേയ്സ് വീടിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. കുറെ ഗ്ളാസ്സും പ്ളേറ്റും പൂക്കളുമാണ് ഇതില്‍ വെക്കുക. ഇവയൊന്നും ഭക്ഷണം കഴിക്കാനോ മറ്റോ എടുക്കുകയില്ല. അയല്‍വീട്ടില്‍ നിന്ന് അത്യാവശ്യമായി ഗ്ളാസിനോ പ്ളേറ്റിനോ വന്നാല്‍ പോലും ഇതില്‍നിന്ന് എടുത്ത് കൊടുക്കുകയുമില്ല. ഉപയോഗത്തിനെടുക്കാതെ വെറും കാഴ്ചക്കായി സൂക്ഷിക്കുന്നു.
ഗള്‍ഫില്‍ പോയി സമ്പാദിക്കുന്ന സംഖ്യ കൊണ്ട് മാളിക പണിയാനാണ് പലര്‍ക്കും താല്‍പര്യം. തന്നിലേക്ക് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധ തിരിക്കാനാവാം ഇങ്ങനെ ചെയ്യുന്നത്. മക്കളില്ലാത്തവര്‍ പോലും ലക്ഷങ്ങള്‍ ചെലവഴിച്ച് ഗംഭീര വീടുകള്‍ പണിയുന്നത് കാണാം.
ഗൃഹപ്രവേശനം പൊങ്ങച്ചവും അഹന്തയും കേമത്തരവും കാട്ടാനുള്ള വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. വീടിന്റെ വലുപ്പവും, പതിച്ച മേത്തരം മാര്‍ബിളുകളും പതിനായിരത്തിന്റെ കട്ടിലുകളും അലമാരകളും മുറിയുടെ എണ്ണവും അടുക്കളയിലെ സജ്ജീകരണങ്ങളുമെല്ലാം വരുന്നവരെ കാണിക്കാന്‍ അവര്‍ ധൃതിപ്പെടുന്നത് കാണാം.
വീടുണ്ടാക്കി പൊങ്ങച്ചം കാട്ടിയവര്‍ മുമ്പുണ്ടായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. ആദ്-സമൂദ് സമുദായങ്ങളായിരുന്നു അവര്‍. മലമുകളില്‍ വീടുണ്ടാക്കി പൊങ്ങച്ചം കാണിക്കുന്നവരായിരുന്നു ആദ് ജനത. പര്‍വതങ്ങള്‍ തുരന്ന് വീടുണ്ടാക്കി അഹങ്കരിച്ചവരായിരുന്നു സമൂദ് ജനത. അവര്‍ക്കനുഭവിക്കേണ്ടിവന്ന ശിക്ഷയുടെ തീവ്രത ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
തെരുവില്‍ അന്തിയുറങ്ങുന്നവരെ കണ്ടിട്ടില്ലേ? വെയിലും മഴയും ഏല്‍ക്കാതെ നമ്മെപ്പോലെ കിടന്നുറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് അവരും. അവരുടെ സ്ഥാനത്ത് നമ്മെയൊന്ന് സങ്കല്‍പിച്ച് നോക്കൂ. ധൂര്‍ത്തും പൊങ്ങച്ചവും അഹങ്കാരവും ദുര്‍വ്യയവും ഒഴിവാക്കുകയും മിതത്വം ശീലിക്കുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുക. അതുവഴി ഈ ലോകത്ത് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും സാന്ത്വനമേകാനും സാധിക്കും. പരലോകത്താകട്ടെ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഒഴിവാകുകയും ചെയ്യാം.
ജമാലുദ്ദീന്‍ പാലേരി
വനിതാ മുന്നേറ്റം
സിയാഉദ്ദീന്‍ സര്‍ദാറുമായുള്ള അഭിമുഖം വായിച്ചു (ലക്കം 15). ശ്രദ്ധേയമായി തോന്നിയ കാര്യം, മുസ്ലിം സമൂഹത്തിന്റെ ജീര്‍ണതയാണ് 'കോളനൈസേഷന്‍' എളുപ്പമാക്കിയത് എന്നാണ്. സ്ത്രീകളെ വിദ്യാഭ്യാസപരമായും ധാര്‍മികമായും ഉയര്‍ത്താതെ, കുടുംബത്തിന് ഇസ്ലാമിക മൂല്യങ്ങള്‍ പകരാതെ ഈ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് സാധ്യമല്ല. പുതിയ തലമുറയെ സജ്ജരാക്കി, സ്വയം ശക്തരായി, മറ്റുള്ളവരെ പഴിപറയുന്നത് നിര്‍ത്തി, മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. പ്രാഥമികമായ കാര്യം സ്ത്രീ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും എന്നതാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സത്വര ശ്രദ്ധ ഇതില്‍ ആവശ്യമുണ്ട്.
പി. റഫീഖ് മണ്ണാര്‍ക്കാട്