>>വാര്‍ത്തകള്‍/വിശേഷങ്ങള്‍
ജമാല്‍ മലപ്പുറം
ഹൃദയം ഇരുണ്ടാല്‍!
വന്‍ശക്തി രാഷ്ട്രങ്ങളില്‍ ഒന്നാമനായ അമേരിക്കയുടെ രാജ്യരക്ഷാ വകുപ്പ് ഒരു പുസ്തകത്തെ പേടിച്ച് അതിന്റെ 9500 കോപ്പികള്‍ ഒറ്റയടിക്ക് നശിപ്പിച്ചു കളഞ്ഞു! അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ലഫ്റ്റനന്റ് കേണല്‍ അന്തോണി ഷെഫര്‍ എഴുതിയ Operation Dark Heart എന്ന പുസ്തകത്തിനായിരുന്നു ഈ ഗതി. “”ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പുസ്തകത്തിലുള്ളതാണ്’’ കാരണം. പ്രതിരോധ വകുപ്പ് തമസ്‌കരിക്കാന്‍ ആവശ്യപ്പെട്ട ഭാഗങ്ങള്‍ കറുപ്പ് മഷിയടിച്ചുകൊണ്ടുള്ള രണ്ടാം പതിപ്പ് തയാറായി വരുന്നു. അഫ്ഗാനിലെയും പാകിസ്താനിലെയും അമേരിക്കന്‍ സൈന്യത്തിന്റെ രഹസ്യ നടപടികള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ അനാവരണം ചെയ്യുന്നതാണ് പ്രസ്തുത പുസ്തകമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ജൂലൈയില്‍ വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളുടെ പിറകെയാണ് ഈ പുസ്തകത്തിന്റെ പ്രകാശനം എന്ന കാര്യം ശ്രദ്ധേയമാണ്. പുസ്തക നശീകരണവും ആവിഷ്‌കാര സ്വാതന്ത്ര്യം തന്നെ എന്നല്ലാതെ എന്തു പറയാന്‍!
ഇസ്‌ലാംപഠനം
പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു!
ജര്‍മനിയിലെ ഒരു സംസ്ഥാനമായ സാക്‌സോണിയ ഒരു നിശ്ചിത എണ്ണം മുസ്‌ലിം വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇസ്‌ലാംമതം അടിസ്ഥാന വിഷയമായി പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു മതപഠന ക്ലാസ്സില്‍ സംബന്ധിച്ച ശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി തന്നെയാണ് ഈ തീരുമാനം അറിയിച്ചത്. ഇപ്പോള്‍ പരീക്ഷണാര്‍ഥം 42 സ്‌കൂളുകളില്‍ നടക്കുന്ന മതപഠനം 2000 വിദ്യാര്‍ഥികള്‍ക്ക് ഫലം ചെയ്യുന്നുണ്ട്. ജര്‍മനിയിലെ മൊത്തം സ്‌കൂളുകളിലായി ഏഴര ലക്ഷം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
വേരുകള്‍ ഉണങ്ങാതിരിക്കാന്‍
വേരുകള്‍ ഉണങ്ങാതിരിക്കാന്‍
യൂറോപ്പിലെ ക്രൈസ്തവതയുടെ വേരുകള്‍ സംരക്ഷിച്ചുകൊണ്ട് ഇസ്‌ലാമുമായി ഇടപെടുന്നതിനു സുചിന്തിതമായ ഒരു നയം രൂപവത്കരിക്കേണ്ടതുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്കോ ഫ്രറ്റീനി അഭ്യര്‍ഥിച്ചു. വിവിധ പ്രശ്‌നങ്ങളില്‍ പ്രകടമാകുന്ന പരസ്പര വിശ്വാസരാഹിത്യവും സംഘര്‍ഷവും അവസാനിക്കുന്നതിന് പാശ്ചാത്യ ജനാധിപത്യ രാഷ്ട്രങ്ങള്‍ ഒരു രീതിശാസ്ത്രം കണ്ടെത്തണമെന്നും അവകാശങ്ങളുടെ സാര്‍വലൗകികമായ പ്രാധാന്യം, അംഗീകൃത കുടിയേറ്റ നയം, ഭീകരതാവിരുദ്ധ പോരാട്ടം, തുര്‍ക്കിയോട് കൂടുതല്‍ ഉദാരമായ സമീപനം എന്നിവ അതിന്റെ–അടിസ്ഥാനങ്ങള്‍ ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അഫ്ഗാനിസ്താന്‍
വിഭജിക്കണമെന്ന്!
തെക്കു കിഴക്കന്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ പ്രസ്ഥാനത്തിനു ആധിപത്യമുള്ള പഷ്ത്തൂണ്‍ മേഖലയില്‍ അവരെ തളച്ചിടുകയും താജക്, ഉസ്ബക്, ഹസാറ വംശജര്‍ താമസിക്കുന്ന വടക്കു പടിഞ്ഞാറന്‍ മേഖലയെ താലിബാന്‍ ഭീഷണിയില്‍നിന്ന് രക്ഷിക്കുകയും ചെയ്യാന്‍ ഇരു മേഖലകളെയും വിഭജിക്കുകയും അവക്കിടയില്‍ അമ്പതിനായിരം അമേരിക്കന്‍ സൈനികരെ അനന്തമായി കുടിയിരുത്തുകയും ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നു റോബര്‍ട്ട് ബ്ലാക്ക്‌വില്‍. ബുഷിന്റെ ഭരണകാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇറാഖിലെ അമേരിക്കന്‍ ഭരണാധികാരി പോള്‍ ബ്രമറിനെയും വിദേശകാര്യ മന്ത്രി കോണ്ടലീസ റൈസിനെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന കണ്ണിയും ആയിരുന്നു ഈ കക്ഷി. പരാജയം ഏതാണ്ട് ഉറപ്പായ പഷ്ത്തൂണ്‍ മേഖലയില്‍ നിന്ന് നാറ്റോ സൈന്യത്തെ പിന്‍വലിക്കണമെന്നും ഒബാമ അഫ്ഗാന്‍ നയം മാറ്റേണ്ടതുണ്ടെന്നും കൂടി പറയുന്നു ഈ (ദുരു)പദേഷ്ടാവ്.
നുണ പറയുന്നതിനെതിരെ നിയമനടപടികള്‍
തുര്‍ക്കിയിലെ ഉര്‍ദുഗാന്‍ ഭരണം നാള്‍ക്കുനാള്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നതില്‍ അരിശം പൂണ്ട ജൂതലോബി തങ്ങളുടെ മാധ്യമ സ്വാധീനം ഉപയോഗിച്ച് ഉര്‍ദുഗാനും ഭരണ കക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്കുമെതിരെ വ്യാപകമായ നുണപ്രചാരണം ആരംഭിച്ചിരിക്കുന്നു. ദക്ഷിണ ലബനാനിലെ ഹിസ്ബുല്ലക്ക് ആയുധം നല്‍കുന്നു തുടങ്ങിയ വ്യാജാരോപണങ്ങളെ നേരിടാനും ആവര്‍ത്തിക്കാതിരിക്കാനും കോടതികളെ സമീപിക്കാന്‍ തീരുമാനിച്ചതായി അല്‍ രിയാദ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അവരതിലപ്പുറവും ചെയ്യും!
ഫലസ്ത്വീനിലെ ബൈത്ത് ലഹം (ബത്‌ലഹേം) യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയും വാദി ജൗസിലെ താമസക്കാരനുമായ മുഹമ്മദ് മുനീര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പടിഞ്ഞാറെ ഖുദ്‌സിലെ യാഫ തെരുവില്‍ ഒരു കാഴ്ച കണ്ട് ഞെട്ടിപ്പോയി-–വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ വലിച്ചുകീറി എറിഞ്ഞിരിക്കുന്നു, ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു. അത് കണ്ടപാടെ എല്ലാം മറന്ന് അവയെല്ലാം വാരിക്കൂട്ടുകയായിരുന്ന അദ്ദേഹത്തിന്റെയടുക്കലേക്ക് ആഞ്ഞടുത്തു പരിസരത്തുണ്ടായിരുന്ന ജൂത തീവ്രവാദികള്‍. ചവിട്ടിയും തൊഴിച്ചും അദ്ദേഹത്തെ അവര്‍ ഓടിച്ചു കളഞ്ഞു.
1900 പേര്‍ ഇസ്‌ലാം സ്വീകരിച്ചു
യു.എ.ഇയില്‍ താമസിക്കുന്ന അന്യനാട്ടുകാരായ 1900 പേര്‍ ഈ വര്‍ഷം ഇതിനകം ഇസ്‌ലാം ആശ്ലേഷിച്ചതായി ദുബൈയിലെ ഇസ്‌ലാമികകാര്യ വകുപ്പ് സെപ്റ്റംബര്‍ 15-നു പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി. 25 നാടുകളിലെ പൗരന്മാരായ അവര്‍ സ്വയം പ്രേരിതരായി ഇസ്‌ലാമികകാര്യ വകുപ്പിനെ സമീപിക്കുകയായിരുന്നു. ഇതില്‍ 397 പേരും ഇസ്‌ലാമിലേക്ക് കടന്നു വന്നത് ഇക്കഴിഞ്ഞ റമദാനിലായിരുന്നു. പ്രവാസികള്‍ ഒരുമിച്ചുകൂടുന്ന കേന്ദ്രങ്ങളില്‍ ഇസ്‌ലാമിന്റെ വിശാലതയും സഹിഷ്ണുതയും പ്രബോധനം ചെയ്യുന്ന 11 ഭാഷകളിലുള്ള പ്രവര്‍ത്തകര്‍ വകുപ്പിനു കീഴിലുള്ളതായി ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ ശൈബാനി അറിയിച്ചു.