Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>മുഖക്കുറിപ്പ്

കശ്മീര്‍ പാക്കേജ്


നമ്മുടെ ഉത്തരാതിര്‍ത്തി സംസ്ഥാനമായ കശ്മീര്‍ ഇന്ത്യന്‍ പ്രകൃതി ലാവണ്യത്തിന്റെ മരതക കിരീടവും മഹിതമായ ഒരു സംസ്കൃതിയുടെ കേതാരവുമാണ്. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്യ്രലബ്ധി തൊട്ടിന്നോളം ഇന്ത്യയുടെ ശിരസ്സിലെ വേദനയേറിയ ഒരു വ്രണവുമാണത്. ഈ വ്രണം ഭേദപ്പെടുത്താന്‍ നടത്തിയ ചികിത്സകളൊന്നും ഫലിച്ചില്ലെന്നു മാത്രമല്ല, പലപ്പോഴും മൂര്‍ഛിപ്പിക്കാനാണുപകരിച്ചിട്ടുള്ളത്. കശ്മീരീ മണ്ണിനോടുള്ള സ്നേഹം അവിടത്തെ മനുഷ്യരോടും നമുക്കുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന കാരണം. കേന്ദ്ര ഗവണ്‍മെന്റ് കശ്മീരികള്‍ക്ക് നല്‍കിയ പല വാഗ്ദാനങ്ങളും യഥാവിധി പാലിക്കാന്‍ തയാറാകുന്നില്ല. സ്വാഭാവികമായും അതിനെതിരെ ജനരോഷമുയരുന്നു. ജനരോഷത്തെ സൈന്യത്തിന്റെ ഉരുക്കു മുഷ്ടികൊണ്ട് നിഷ്ഠുരമായി അടിച്ചമര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 30-ന് കുപ്വാരയിലെ മച്ചിലിയില്‍ മൂന്ന് യൂവാക്കള്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായി. അതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടികളൊന്നുമുണ്ടായില്ല. ജനം രോഷാകുലരായി.അതിനെത്തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തില്‍ ജൂണ്‍ 11-ന് പോലീസിന്റെ ടിയര്‍ ഗ്യാസ് ഷെല്ലുകൊണ്ടുള്ള ഏറു കൊണ്ട് തുഫൈല്‍ മട്ടു എന്ന 17-കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. അതോടെ കശ്മീരില്‍ പ്രക്ഷോഭാഗ്നി ആളിക്കത്തി. 110 ജീവനുകളാണ് ആ അഗ്നിയില്‍ ഇതിനകം എരിഞ്ഞടങ്ങിയത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഒരു സര്‍വകക്ഷി പ്രതിനിധി സംഘത്തെ കശ്മീരിലേക്കയച്ചത് വ്യത്യസ്തമായ ഒരു നീക്കമായിരുന്നു. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളുമായും സര്‍വകക്ഷി സംഘം ആശയവിനിമയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഘത്തോട് നിസ്സഹകരണം പ്രഖ്യാപിച്ച അലീഷാ ഗീലാനി, യാസീര്‍ മാലിക് തുടങ്ങിയ നേതാക്കളെ സംഘാംഗങ്ങള്‍ അങ്ങോട്ട് ചെന്നുകാണുകയായിരുന്നുവത്രെ. കശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ സൈനിക ശക്തി മാത്രം- അതെത്ര നിഷ്ഠുരമായി പ്രയോഗിച്ചാലും ശരി- പോരാ എന്ന യാഥാര്‍ഥ്യത്തിലേക്ക് കേന്ദ്രം കണ്ണ് തുറക്കുന്നതിന്റെ ലക്ഷണമെന്ന നിലയില്‍ പ്രതീക്ഷക്ക് വക നല്‍കുന്നതാണീ നീക്കം. സംഘത്തിന്റെ പര്യടനത്തിനു ശേഷം കശ്മീരില്‍ പ്രക്ഷോഭത്തിനു ശക്തി കുറഞ്ഞതും വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയതും ശുഭസൂചനയാണ്.
പ്രതിനിധി സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കാതല്‍ കശ്മീര്‍ ജനതക്ക് ഇന്ത്യാ ഗവണ്‍മെന്റില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാന്‍ സൈനിക വാഴ്ചയുടെ ലഘൂകരണമുള്‍പ്പടെയുള്ള സത്വരമായ നടപടികള്‍ വേണമെന്നുമാണ്. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍, സെപ്റ്റംബര്‍ 25-ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി കശ്മീരിനു വേണ്ടി ഒരു എട്ടിന പരിപാടിക്ക് രൂപം നല്‍കിയിരിക്കുകയാണ്. കശ്മീരികളുമായി സംഭാഷണത്തിന് സ്ഥിരം മധ്യസ്ഥ സമിതിയുണ്ടാക്കുക, ഇപ്പോഴത്തെ പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായ ധനം നല്‍കുക, അറസ്റിലായവരെ വിട്ടയക്കുക, കേസുകള്‍ പിന്‍വലിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക, വിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യം വികസിപ്പിക്കുന്നതിന് 100 കോടി ഗ്രാന്റ് നല്‍കുക, ജമ്മു-ലഡാക്ക് മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് രണ്ട് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സുകളെ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് മുഖ്യ പരിപാടികള്‍. എന്നാല്‍ കശ്മീര്‍ ജനത ഏറ്റവും വലിയ പ്രശ്നമായി ഉയര്‍ത്തിക്കാണിക്കുന്ന, സംസ്ഥാനത്തെ വര്‍ധിച്ച സൈനിക സാന്നിധ്യവും അവരുടെ അമിതാധികാരവും കുറക്കുന്നത് സംബന്ധിച്ച്, അക്കാര്യം സൈനിക മേധാവികളുമായി ആലോചിക്കും എന്നു മാത്രമേ പറയുന്നുള്ളൂ. സൈന്യമാകട്ടെ, അധികാര ന്യൂനീകരണത്തിന് തങ്ങള്‍ എതിരാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതും പ്രതിരോധ മന്ത്രാലയം അവരെ പിന്തുണച്ചിട്ടുള്ളതുമാണ്. പ്രശ്നത്തിന്റെ മര്‍മത്തില്‍ തൊടാന്‍ കേന്ദ്രം ഇനിയും തയാറായിട്ടില്ല എന്നാണിത് സൂചിപ്പിക്കുന്നത്.
1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ടുവന്ന കിരാത നിയമമാണ് ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ വെടിവെച്ചു കൊല്ലാന്‍ സൈന്യത്തിനധികാരം നല്‍കുന്നത്. 1958-ല്‍ ഈ നിയമം പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചക്കും വിധേയമാക്കാതെ ചില വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു. പിന്നീട് കശ്മീരിലും അത് നടപ്പിലാക്കി. ഇസ്രയേല്‍ സൈന്യം ഫലസ്ത്വീനികളോട് സ്വീകരിച്ച സമീപനമാണ് ലോകത്ത് ഇതിനു സമാനമായിട്ടുള്ളത്. ലോകത്തുള്ള മനുഷ്യാവകാശ സംഘടനകളെല്ലാം ഈ നിയമത്തെ ശക്തിയായി എതിര്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ഭരണപക്ഷത്തുള്ള നാഷ്നല്‍ കോണ്‍ഫറന്‍സ് അടക്കം പല രാഷ്ട്രീയ പാര്‍ട്ടികളും പട്ടാളത്തിന് അമിതാധികാരം നല്‍കരുതെന്ന് ആവശ്യപ്പെടുന്നവരാണ്.
കശ്മീരില്‍ സാമ്പത്തികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ പിന്നാക്കാവസ്ഥകളുണ്ട്. സംസ്ഥാനത്ത് സമാധാനം സ്ഥാപിതമാവാന്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കേണ്ടതാവശ്യമാകുന്നു. പക്ഷേ, ഇന്ന് കശ്മീരികള്‍ തെരുവിലിറങ്ങുന്നത് 'ഞങ്ങള്‍ക്ക് അരി തരൂ, അക്ഷരം തരൂ, ആരോഗ്യം തരൂ' എന്ന മുറവിളി കൂട്ടി കൊണ്ടല്ല; ഞങ്ങളെ പട്ടാള ബൂട്ടുകള്‍ക്കടിയില്‍നിന്ന് മോചിപ്പിക്കൂ, സ്വൈരവും സ്വതന്ത്രവുമായി ജീവിക്കാനനുവദിക്കൂ എന്നു കരഞ്ഞുകൊണ്ടാണ്. ഈ നിലവിളിയെ സത്യസന്ധമായി അഭിമുഖീകരിക്കാന്‍ കേന്ദ്രം തയാറാവണം. ഇല്ലെങ്കില്‍ ഇപ്പോഴത്തെ നടപടികളെ കോമണ്‍ വെല്‍ത്ത് ഗെയിംസ് കഴിയുംവരെ ജനങ്ങളെ അടക്കിനിര്‍ത്താനുള്ള മുട്ടുശാന്തിയായേ കശ്മീരികള്‍ കാണൂ.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. അതങ്ങനെ തന്നെ തുടരണമെന്ന് നമുക്ക് നിര്‍ബന്ധവുമുണ്ട്. മാതൃരാജ്യത്തു നിന്ന് വേര്‍പെട്ടുപോകുന്നത് കശ്മീരിന്നോ അവശിഷ്ട ഭാരതത്തിനോ ഒരു ഗുണവും ചെയ്യില്ല. ഇരുകൂട്ടര്‍ക്കും ദോഷമേ വരുത്തൂ. നല്ലൊരു വിഭാഗം കശ്മീരികള്‍ക്ക് ഈ സത്യമറിയാം. ബാക്കിയുള്ളവരെ കൂടി അത് ബോധ്യപ്പെടുത്തുകയാണ് സമാധാനത്തിലേക്കുള്ള ശരിയായ വഴി. പരസ്പര വിശ്വാസവും സ്നേഹവും സഹകരണവുമാണ് പാഥേയങ്ങള്‍. കശ്മീരിന്റെ മണ്ണ് കീഴ്പ്പെടുത്താനേ പട്ടാളത്തിന് കഴിയൂ. മനസ്സ് കീഴ്പ്പെടുത്താന്‍ സ്നേഹ വിശ്വാസങ്ങളിലും സമഭാവനയിലുമധിഷ്ഠിതമായ സമീപനമല്ലാതെ മറ്റൊരു മാര്‍ഗമില്ല. മനസ്സിനെ അവഗണിച്ച് മണ്ണിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നവരാരായാലും അവരെ അധിനിവേശ ശക്തിയായി കാണാന്‍ മണ്ണിന്റെ മക്കള്‍ പ്രേരിതമാകുമെന്ന വസ്തുത നാം എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നല്ലത്.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly