Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>അന്തര്‍ദേശീയം



ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍
അശ്റഫ് കീഴുപറമ്പ്

തൊള്ളായിരത്തി തൊണ്ണൂറുകളുടെ ഒടുവില്‍ ഒലീവ്യര്‍ റോയ് എഴുതിയ പുസ്തകത്തിന്റെ പേര് 'രാഷ്ട്രീയ ഇസ്ലാമിന്റെ പരാജയം' എന്നായിരുന്നു. 2000-ത്തില്‍ ആന്റണ്‍ ബസ്ബോസിന്റെ പുസ്തകം പുറത്തുവന്നു- 'ഇസ്ലാമികത, ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട വിപ്ളവം'. ഇതുപോലെ ഒട്ടനവധി പുസ്തകങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയുടെ ആദ്യ ദശകങ്ങളില്‍ വളര്‍ച്ച നേടുകയും ഇറാന്‍ വിപ്ളവം, സോവിയറ്റ് യൂനിയന്റെ തകര്‍ച്ച തുടങ്ങിയ സുപ്രധാന ചരിത്ര സംഭവങ്ങളെ ഇന്ധനമായി ഉപയോഗിക്കുകയും ചെയ്ത ഇസ്ലാമിക നവോത്ഥാനം (അവരുടെ ഭാഷയില്‍ രാഷ്ട്രീയ ഇസ്ലാം) കരിന്തിരി കത്തുകയാണെന്നായിരുന്നു ഈ ഇനത്തില്‍ പെടുന്ന പുസ്തകങ്ങളുടെയെല്ലാം പ്രമേയം. 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തോടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞെന്ന് അവര്‍ സമാശ്വസിച്ചു.
ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അന്ത്യം പ്രവചിച്ച സകല രാഷ്ട്രീയ നിരീക്ഷണങ്ങളും കാറ്റില്‍ പറന്നുവെന്നതിന് അതിനു ശേഷമുള്ള ഒരു പതിറ്റാണ്ട് സാക്ഷി. അത്തരം അപക്വമായ പ്രവചനങ്ങള്‍ നടത്താന്‍ ഇപ്പോഴാരും മുതിരുന്നില്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് ജനകീയാംഗീകാരം നേടുന്നു എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. അതിന് മുഖ്യമായും നാല് കാരണങ്ങളാണ് അവര്‍ കാണുന്നത്.
1. സ്വന്തം വേരുകളിലേക്കുള്ള പിന്‍മടക്കം. ഇത് എല്ലാ മതസമൂഹങ്ങളിലും ഇന്ന് വ്യാപകമായി കാണപ്പെടുന്ന പ്രതിഭാസമാണ്. ഇസ്ലാം ഒരാദര്‍ശ പ്രസ്ഥാനമാകയാല്‍, സ്വത്വാന്വേഷണ ത്വര ഏറ്റവും ചടുലമായി ദൃശ്യമാകുന്നത് മുസ്ലിം സമൂഹങ്ങളിലാണ്. ഇസ്ലാമിക ചരിത്രത്തിലുടനീളമുണ്ടായ നവോത്ഥാന ശ്രമങ്ങളിലേക്ക് ഇതിനെ കണ്ണിചേര്‍ക്കുകയും ചെയ്യാം.
ശീതയുദ്ധത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് വലിയൊരളവില്‍ ഇസ്ലാമിക നവജാഗരണത്തിന് പിന്‍ബലമായി വര്‍ത്തിച്ചത്. ബോസ്നിയ-ഹെര്‍സഗോവിനയിലെയും കൊസോവോയിലെയും വംശീയ ഉന്മൂലന ശ്രമങ്ങള്‍, ഫലസ്ത്വീന്‍ പ്രശ്നത്തിലെ പുതിയ സംഭവ വികാസങ്ങള്‍, ചെച്നിയന്‍ പ്രശ്നം, ഇറാഖ്-അഫ്ഗാന്‍ അധിനിവേശങ്ങള്‍ എന്നിവക്കെതിരെയുള്ള ചെറുത്തുനില്‍പുകള്‍ രൂപപ്പെടുത്തുന്നതില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.
2. മിക്ക മുസ്ലിം രാഷ്ട്രങ്ങളും കൊളോണിയല്‍ ശക്തികളുടെ കീഴിലായിരുന്നു. ഈ നാടുകളിലൊക്കെയും ഇസ്ലാമില്‍നിന്ന് ഊര്‍ജം സംഭരിച്ച പോരാട്ട സംഘങ്ങളാണ് സ്വാതന്ത്യ്ര സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സ്വാതന്ത്യ്രാനന്തരം പ്രത്യക്ഷ കോളനിവത്കരണം അവസാനിച്ചുവെങ്കിലും കടുത്ത ഏകാധിപതികളും സ്വേഛാധിപതികളുമാണ് പകരം വന്നത്. അവര്‍ക്കെതിരെയും അവരുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയും ജനപക്ഷത്തുനിന്ന് പോരാടേണ്ട ചുമതലയും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു.
3. സേവന പ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളെ ജനകീയമാക്കിയ മറ്റൊരു പ്രധാന ഘടകം. ഏകാധിപത്യത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക താഴെത്തട്ടിലുള്ളവരാണല്ലോ. അവര്‍ക്ക് കൈത്താങ്ങായി നിന്നത് ഇസ്ലാമികപ്രസ്ഥാനങ്ങളാണ്. ഈജിപ്തിലെയും ജോര്‍ദാനിലെയും ഇഖ്വാനുല്‍ മുസ്ലിമൂന്റെ സാമൂഹിക സേവനങ്ങള്‍ വിലയിരുത്തിയ ചില പാശ്ചാത്യ എഴുത്തുകാര്‍, ഒരു സമാന്തര ഭരണസംവിധാനത്തിന് തന്നെ പ്രസ്ഥാനം രൂപം കൊടുത്തതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങളിലുള്ള മികവാണ് ഫലസ്ത്വീനില്‍ ഹമാസിന് ഉജ്ജ്വല രാഷ്ട്രീയ വിജയം സമ്മാനിച്ചത്.
നേരത്തെ തന്നെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് ജനസമ്മതി നേടിയവരാണ് പിന്നീട് ഇസ്ലാമിക പ്രസ്ഥാനത്തില്‍ ചേര്‍ന്ന് അതിന്റെ നേതൃസ്ഥാനങ്ങളിലെത്തിയത് എന്നും കാണാന്‍ കഴിയും. ദരിദ്ര വിഭാഗങ്ങളില്‍നിന്നോ താഴെക്കിടയിലുള്ള മധ്യവര്‍ഗത്തില്‍നിന്നോ വരുന്നവരാണ് മിക്ക പ്രസ്ഥാന നായകരും. സമ്പന്ന മധ്യ വര്‍ഗത്തിലേക്ക് പ്രസ്ഥാനത്തിന്റെ നേതൃത്വം മാറിയപ്പോഴെല്ലാം പല തരത്തിലുള്ള തിരിച്ചടികള്‍ പ്രസ്ഥാനത്തിന് നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്.
4. ഏകാധിപത്യമോ രാജാധിപത്യമോ പട്ടാള ഭരണമോ നിലനില്‍ക്കുന്ന മുസ്ലിം രാജ്യങ്ങളില്‍ പേരിന് ഒരു പാര്‍ട്ടിയാണ് ഭരണം നടത്തുക. അഴിമതിയും കെടുകാര്യസ്ഥതയുമായിരിക്കും അതിന്റെ മുഖമുദ്ര. ഒരവസരം ലഭിച്ചാല്‍ ജനം അവരെ പുറന്തള്ളും. യാസിര്‍ അറഫാത്തിന്റെ മരണശേഷം അഴിമതിയില്‍ മുങ്ങിക്കുളിച്ച ഫത്ഹ് ഭരണത്തെ താഴെയിറക്കാന്‍ ജനം ഹമാസിനെ അധികാരത്തിലേറ്റുകയായിരുന്നല്ലോ.

തുര്‍ക്കി വഴി കാട്ടുന്നു
ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം ഏറ്റവും മികവുറ്റതും നൂതനവുമായ രാഷ്ട്രീയ പരീക്ഷണങ്ങളുടെ രംഗവേദിയാണ് ഇന്ന് തുര്‍ക്കി. അതിന് നേതൃത്വം നല്‍കുന്നത് എ.കെ പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവ് റജബ് ഉര്‍ദുഗാന്‍. തുര്‍ക്കിയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നജ്മുദ്ദീന്‍ അര്‍ബകാനില്‍നിന്ന് വേര്‍പിരിഞ്ഞ് പുതിയ രാഷ്ട്രീയ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. ഇസ്തംബൂള്‍ മേയറായിരുന്നപ്പോള്‍ തെളിയിച്ച ഭരണമികവും സംശുദ്ധ പ്രതിഛായയും 2002-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ കക്ഷിയെ ഭരണത്തിലെത്തിച്ചു - 34.28 ശതമാനം വോട്ട്. 2007-ലെ തെരഞ്ഞെടുപ്പില്‍ അത് 47 ശതമാനം വോട്ടായി ഉയര്‍ന്നു. പാര്‍ലമെന്റില്‍ 341 സീറ്റുകള്‍. രണ്ടാം സ്ഥാനത്തെത്തിയ അത്താതുര്‍ക്കിന്റെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 111 സീറ്റുകള്‍ മാത്രം. പത്ത് ശതമാനത്തിലധികം വോട്ടുകള്‍ വര്‍ധിച്ചു.
പലതുകൊണ്ടും ഇത് തുര്‍ക്കി രാഷ്ട്രീയത്തിലെ ആദ്യ സംഭവമാണ്. ഇതിന് മുമ്പ് ഒറ്റക്ക് ഒരു കക്ഷി അധികാരത്തിലേറിയത് 53 വര്‍ഷം മുമ്പ് അദ്നാന്‍ മന്‍ദരീസിന്റെ കാലത്ത് മാത്രമാണ്. ഭരിക്കുന്ന കക്ഷി തന്നെ വീണ്ടും അധികാരത്തിലേറുക, അതും വന്‍ഭൂരിപക്ഷത്തില്‍- ഇത് എ.കെ പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഏറ്റവുമൊടുവില്‍, കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഹിതപരിശോധനയിലും എ.കെ പാര്‍ട്ടി എതിരാളികളെ മലര്‍ത്തിയടിച്ചിരിക്കുന്നു. പട്ടാളം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും എതിരാളികളെ അടിച്ചൊതുക്കാനും ഉണ്ടാക്കിവെച്ച ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന രാഷ്ട്രീയ അജണ്ടയാണ് എ.കെ പാര്‍ട്ടി ജനഹിതത്തിന് വിട്ടത്. പട്ടാളമുള്‍പ്പെടെ സകല അധികാര കേന്ദ്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി എതിര്‍ചേരിയില്‍ അണിനിരന്ന റഫറണ്ടത്തില്‍ 58 ശതമാനം വോട്ട് നേടിയാണ് എ.കെ പാര്‍ട്ടി കരുത്ത് തെളിയിച്ചത്. "പാശ്ചാത്യ കൊളോണിയലിസം ഒരു നൂറ്റാണ്ടോളമായി തുര്‍ക്കി ജനതയില്‍ അടിച്ചേല്‍പിക്കുന്ന തീവ്ര മതവിരുദ്ധ മതേതരത്വത്തിന്റെ ഏട് അടപ്പിച്ചിരിക്കുകയാണ് ഈ റഫറണ്ടം''- പ്രമുഖ ഇസ്ലാമിക ചിന്തകനായ റാശിദുല്‍ ഗനൂശി വിലയിരുത്തുന്നു.
ജനോപകാര പദ്ധതികള്‍ ആവിഷ്കരിക്കാനും അത് യഥാസമയം നടപ്പാക്കാനും കഴിയുന്നു എന്നതാണ് എ.കെ പാര്‍ട്ടിയുടെ വിജയ രഹസ്യം. അയല്‍പക്കത്തെ ശത്രു രാജ്യങ്ങളിലേക്ക് സൌഹൃദത്തിന്റെ പാലം പണിതും അറബ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് വിസയില്ലാതെ സ്വന്തം നാട്ടില്‍ പ്രവേശനമനുദിച്ചും വിദേശ വ്യാപാരം പതിന്മടങ്ങായി വര്‍ധിപ്പിച്ചും ഉര്‍ദുഗാന്‍-ഗുല്‍-ദാവൂദ് ഓഗ്ലൂ കൂട്ടുകെട്ട് തുര്‍ക്കിയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ്. യൂറോപ്പിലെ ഈ 'നിത്യരോഗി' ഇതിനകം മികച്ച രാഷ്ട്രങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള ഇരുപത് രാഷ്ട്ര കൂട്ടായ്മയിലും സ്ഥാനം പിടിച്ചിരിക്കുന്നു എന്നോര്‍ക്കുക.
മികച്ച ഭരണകര്‍ത്താവ് മാത്രമല്ല ഉര്‍ദുഗാന്‍. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍. ഹിതപരിശോധനയുടെ കാര്യം തന്നെ എടുക്കുക. ഒരു വെടിക്ക് എത്ര പക്ഷികളെയാണ് അദ്ദേഹം വീഴ്ത്തിയിരിക്കുന്നത്. പട്ടാള മേധാവികള്‍ക്ക് മൂക്ക് കയറിടാനുള്ള ഈ രാഷ്ട്രീയതന്ത്രത്തെ പ്രത്യക്ഷത്തില്‍ ചോദ്യം ചെയ്യാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അതിനാല്‍ ഹിത പരിശോധനയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ കള്ളപ്രചാരണങ്ങള്‍ നടത്തുകയോ മാത്രമായിരുന്നു എതിരാളികള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനപ്പെടുന്ന ഭരണഘടനാ പരിഷ്കാരങ്ങള്‍ കൂടി ഹിതപരിശോധനയില്‍ ഉള്‍പ്പെടുത്തിയത് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള നീട്ടിയേറാണെന്ന് വ്യക്തം. പട്ടാളത്തിന്റെ തേറ്റയും നഖവും ഊരിയെടുത്തില്ലെങ്കില്‍ എത്ര ജനപ്രീതിയാര്‍ജിച്ചാലും തന്റെ സംഘത്തിന് മുന്നോട്ടു പോകാനാവില്ലെന്ന മുന്‍ കാഴ്ചയാണ് ജനഹിത പരീക്ഷണത്തിനിറങ്ങാനുള്ള യഥാര്‍ഥ പ്രേരകം.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തുര്‍ക്കി മാതൃകയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. ഉര്‍ദുഗാന്റേത് ഇസ്ലാമിക പ്രസ്ഥാനമല്ല എന്നുവരെ ചിലര്‍ വാദിക്കുന്നു. ഇസ്രയേലുമായുള്ള ചങ്ങാത്തമായിരുന്നു അവരതിന് ഉന്നയിച്ച പ്രധാന കാരണങ്ങളിലൊന്ന്. ഫ്രീഡം ഫ്ളോട്ടില സംഭവത്തില്‍ ഇസ്രയേലിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തി പ്രതിക്കൂട്ടില്‍ നിര്‍ത്തിയതോടെ വിമര്‍ശകര്‍ക്ക് മിണ്ടാട്ടമില്ലാതെയായി.
വിമര്‍ശകരും അനുകൂലികളും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഇസ്ലാമിന്റെയും സെക്യുലരിസത്തിന്റെയും പേരില്‍ ചിലര്‍ കൊണ്ടുനടക്കുന്ന തീവ്ര നിലപാടുകളുടെ സമ്പൂര്‍ണ നിരാകരണമാണ് ഉര്‍ദുഗാന്‍ മോഡല്‍. പട്ടാളം പലതവണ ഇസ്ലാമിക പ്രസ്ഥാനത്തെ പിരിച്ചുവിട്ടെങ്കിലും, നേതാക്കളെ തുറങ്കിലടച്ചെങ്കിലും പ്രകോപിതരായി തീവ്രവാദ വഴികളിലേക്ക് തിരിയാതെ പുതിയ പുതിയ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി മുഖ്യധാരാ രാഷ്ട്രീയത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു തുര്‍ക്കിയിലെ അര്‍ബകാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റുകള്‍. ഈ സഹനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് എ.കെ പാര്‍ട്ടി.
കഠിനാധ്വാനത്തിന്റെ മാതൃക കഴിഞ്ഞ ഹിതപരിശോധനാ വേളയില്‍ കണ്ടു. ഹിതപരിശോധനക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കാന്‍ എ.കെ പാര്‍ട്ടി തെരഞ്ഞെടുത്തത് റമദാന്‍ മാസത്തെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അവരുടെ കുടുംബവും ഒരു ദിവസം പോലും സ്വന്തം വീട്ടില്‍ നിന്ന് നോമ്പ് തുറക്കരുതെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം. ജനങ്ങള്‍ക്കൊപ്പം പൊതു സ്ഥലങ്ങളില്‍, തെരുവുകളില്‍ വെച്ചാകണം നോമ്പ് തുറ. ഇസ്തംബൂള്‍ നഗരത്തില്‍ - അവിടെയുള്ള 39 മുന്‍സിപ്പാലിറ്റികളില്‍ 26-ഉം ഭരിക്കുന്നത് എ.കെ പാര്‍ട്ടി - ഭീമന്‍ ഇഫ്ത്വാറുകളുടെ പരമ്പര തന്നെ അരങ്ങേറിയത് ഇതിന്റെ ഭാഗമായിരുന്നു. സംഗതി എതിരാളികള്‍ അറിഞ്ഞുവരുമ്പോഴേക്ക് തങ്ങളുടെ രാഷ്ട്രീയ സന്ദേശം വളരെ സമര്‍ഥമായി എ.കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞിരുന്നു.

ഈജിപ്ത്, ഫലസ്ത്വീന്‍
തുര്‍ക്കി മാതൃക അറബ് ലോകത്ത് ഫിറ്റാകുമോ? ഇതാണ് അറബ് ആനുകാലികങ്ങളിലെ വലിയൊരു ചര്‍ച്ചാ വിഷയം. ഓരോ രാഷ്ട്രത്തിലെയും സവിശേഷ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ മുമ്പില്‍ വെച്ചാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നയരൂപവത്കരണം നടത്തുക. ചില അടിസ്ഥാനങ്ങളും മാതൃകകളും സ്വീകരിക്കാമെന്നല്ലാതെ ഒരു രാഷ്ട്രീയ പരീക്ഷണവും അതുപോലെ മറ്റൊരു നാട്ടിലേക്ക് പറിച്ച് നടാനാവില്ല. തുര്‍ക്കിയില്‍ പൊതുജീവിതത്തിന്റെ സകല തുറകളിലും മുക്കാല്‍ നൂറ്റാണ്ടിലധികമായി അടിച്ചേല്‍പിക്കപ്പെടുന്ന കടുത്ത മതവിരുദ്ധതയെ അതിജീവിച്ച് വേണമായിരുന്നു എ.കെ പാര്‍ട്ടിക്ക് മുന്നേറാന്‍. സ്വാഭാവികമായും നിലനില്‍പിന് ചില അടവ് നയങ്ങള്‍ അവര്‍ക്ക് പയറ്റേണ്ടിവരും. അതേസമയം, പട്ടാളത്തിന്റെ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഏറെക്കുറെ സംശുദ്ധമായി നടത്താനുള്ള സംവിധാനം തുര്‍ക്കിയിലുണ്ട്.
ഇത് അറബ് ലോകത്ത് ഒരിടത്തുമില്ല എന്നതാണ് അവിടത്തെ ഇസ്ലാമിസ്റുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എന്ത് വൃത്തികെട്ട തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടത്താനും അവിടത്തെ ഭരണാധികാരികള്‍ക്ക് യാതൊരു മടിയുമില്ല. തെരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ ഏറ്റവും വലിയ ഇരയാണ് ഈജിപ്തിലെ ഇഖ്വാന്‍. 2005-ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൌണ്ടില്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലെ 20 ശതമാനം സീറ്റുകള്‍ ഇഖ്വാന് ലഭിച്ചു. പിന്നെ നടന്ന റൌണ്ടുകളിലൊന്നും ഒരൊറ്റ സീറ്റുമില്ല! തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തോര്‍ത്ത്, ഈജിപ്ഷ്യന്‍ ഭരണകൂടം പിന്നീടുള്ള റൌണ്ടുകളില്‍ ഇഖ്വാന്‍ സ്ഥാനാര്‍ഥികളെ ജയിക്കാന്‍ അനുവദിച്ചില്ല എന്നാണിതിനര്‍ഥം. ഈജിപ്തില്‍ മാസങ്ങള്‍ക്കകം പ്രസിഡന്റ്-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നു. കൃത്രിമം മാത്രമേ നടക്കൂ എന്ന് ഉറപ്പുള്ളതിനാല്‍ മുന്‍ അന്താരാഷ്ട്ര ആണവോര്‍ജ കമീഷന്‍ ചെയര്‍മാനും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈജിപ്ഷ്യന്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയാവാന്‍ ഇടയുള്ളയാളുമായ മുഹമ്മദ് ബറാദഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ കരിനിയമങ്ങള്‍ വെച്ചു നോക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇഖ്വാന് ഒരു സീറ്റും ലഭിക്കാനിടയില്ല.
വേറിട്ടൊരു ചിത്രമാണ് ഫലസ്ത്വീന്‍, പ്രത്യേകിച്ച് ഗസ്സ നല്‍കുന്നത്. ഗസ്സ സമ്പൂര്‍ണ ഉപരോധത്തില്‍ പെട്ട് ശ്വാസം മുട്ടുകയാണെങ്കിലും തുര്‍ക്കിയെപ്പോലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഏറെക്കുറെ സ്വതന്ത്രവും സുതാര്യവുമാണ്. 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 57.6 ശതമാനം പാര്‍ലമെന്റ് സീറ്റുകള്‍ നേടി ഹമാസ് അവിടെ അധികാരത്തില്‍ വരികയും ചെയ്തു. അറബ് ലോകത്ത് ഇസ്ലാമിസ്റുകള്‍ ആദ്യമായി അധികാരത്തിലേറുന്നതും ഗസ്സയിലാണ്.

ജോര്‍ദാന്‍, യമന്‍
ജോര്‍ദാനിലെ ഇസ്ലാമിക് ആക്ഷന്‍ ഫ്രന്റിനെക്കുറിച്ചും യമനിലെ ഇസ്ലാഹ് പാര്‍ട്ടിയെക്കുറിച്ചും ജില്ലിയാന്‍ ഷോഡ്ലര്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്, എമശവേ ശി ങീറലൃമശീിേ എന്ന പേരില്‍. ഇവയെ മിതവാദ ഇസ്ലാമിക കൂട്ടായ്മകളായാണ് ഗ്രന്ഥകാരി പരിചയപ്പെടുത്തുന്നത്. ജോര്‍ദാനിലെ ഇസ്ലാമിക് ആക്ഷന്‍ ഫ്രന്റിന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് വിജയം 2003-ലാണ്. 84 അംഗ പാര്‍ലമെന്റില്‍ അവര്‍ 20 സീറ്റ് നേടി. 2007-ല്‍ ആറു പേര്‍ മാത്രമേ ജയിച്ചുള്ളൂ. കാരണം തെരഞ്ഞെടുപ്പ് കൃത്രിമം തന്നെ. അതിനാല്‍ വരുന്ന നവംബറില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പാര്‍ട്ടി. ഭരണകക്ഷിയുടെ വിജയം ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. അഹ്മദ് സൈദ, ഡോ. ഇസ്ഹാഖ് ഫര്‍ഹാന്‍, ഡോ. അബ്ദുല്ലത്വീഫ് അറബിയ്യാത്ത് തുടങ്ങിയവരാണ് ആക്ഷന്‍ ഫ്രന്റിന്റെ നേതാക്കള്‍.

യമനിലെ 'അത്തജമ്മുഉല്‍ യമനിലില്‍ ഇസ്ലാഹ്' പാര്‍ട്ടി, ഹാശിദ് ഗോത്ര കൂട്ടായ്മകളും ഇഖ്വാനികളുമെല്ലാം ചേര്‍ന്ന ഒരു മുന്നണിയാണ്. ഈയിടെ അന്തരിച്ച അബ്ദുല്ല അഹ്മറായിരുന്നു ദീര്‍ഘകാലം അതിന്റെ നേതൃസ്ഥാനത്ത്. അദ്ദേഹം യമന്‍ പാര്‍ലമെന്റില്‍ സ്പീക്കറും മൂന്നു തവണ ആഭ്യന്തര മന്ത്രിയുമായിരുന്നിട്ടുണ്ട്. യമന്‍ പ്രസിഡന്റ് അബ്ദുല്ല സ്വാലിഹുമായി കുറെക്കാലം സഖ്യത്തിലായിരുന്ന ഇസ്ലാഹ്, 1993-ലെ തെരഞ്ഞെടുപ്പില്‍ യമനിലെ രണ്ടാമത്തെ വലിയ കക്ഷിയായി. ഇപ്പോഴിത് അബ്ദുല്ല സ്വാലിഹിന്റെ ഏകാധിപത്യ-സ്വജനപക്ഷപാത പ്രവണതകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ കക്ഷിയാണ്.

വടക്കനാഫ്രിക്ക
വടക്കനാഫ്രിക്കയില്‍ മികച്ച സംഘടനാ സംവിധാനമുള്ളത് മൊറോക്കോയിലെ ജസ്റിസ് & ഡവലപ്മെന്റ് പാര്‍ട്ടി(പി.ജെ.ഡി)ക്കാണ്. തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കും ഇതേ പേരുതന്നെയാണ്. രാഷ്ട്രീയ അജണ്ട മാത്രമല്ല, പാര്‍ട്ടിയുടെ പേരും പൊതു സ്വീകാര്യമായിരിക്കണമെന്ന ചിന്തയില്‍ നിന്നാവാം ഈ നാമകരണം. ആദ്യം സ്ഥാപിതമായത് പി.ജെ.ഡിയാണ്, 1998-ല്‍; എ.കെ പാര്‍ട്ടി 2001-ലും. മുമ്പ് ഇഖ്വാന്‍ നേതാവായ അബ്ദുല്‍ കരീം ഖത്വീബ് സ്ഥാപിച്ച എം.ഡി.പി.സി (കോണ്‍സ്റിറ്റ്യൂഷനല്‍ പോപ്പുലര്‍ ഡമോക്രാറ്റിക് മൂവ്മെന്റ്. ഫ്രഞ്ച് പേരിന്റെ ചുരുക്കാക്ഷരമാണിത്)യുടെ പരിഷ്കരിച്ച രൂപമാണിത്. ഇന്ന് മൊറോക്കന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി. 2008-ലെ തെരഞ്ഞെടുപ്പില്‍ 325 അംഗ പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് 42 സീറ്റ് കിട്ടി. മത്സരിക്കാന്‍ അനുവദിക്കപ്പെട്ട മിക്ക സീറ്റിലും പാര്‍ട്ടി ജയിച്ചു. 2007-ലെ തെരഞ്ഞെടുപ്പില്‍ പി.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ചെറിയ വ്യത്യാസത്തിന് ആ സ്ഥാനം നഷ്ടമായി. ഇസ്തിഖ്ലാല്‍ പാര്‍ട്ടിക്ക് 52, പി.ജെ.ഡിക്ക് 46.
1991-ലെ അള്‍ജീരിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രന്റ് (എഫ്ഐ.എസ്) ജയിക്കുമെന്നായപ്പോള്‍ ഭരണകൂടം തെരഞ്ഞെടുപ്പ് തന്നെ റദ്ദ് ചെയ്ത് പട്ടാളത്തെ തെരുവിലിറക്കിയത് രക്തപങ്കിലമായ ആഭ്യന്തര യുദ്ധത്തിലേക്കാണ് രാജ്യത്തെ എടുത്തെറിഞ്ഞത്. 2002-ല്‍ ഇസ്ലാമിക് സാല്‍വേഷന്‍ ആര്‍മി പോലുള്ള സായുധ തീവ്രവാദ ഗ്രൂപ്പുകള്‍ ആയുധം വെച്ച് കീഴടങ്ങുമ്പോഴേക്ക് ഒന്നര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇഖ്വാനി ചിന്താധാരയിലുള്ള 'ഹംസ്' (ഹര്‍കത്തു മുജ്തമഇസ്സില്‍മ്) ഇക്കാലയളവില്‍ തീവ്രവാദ നിലപാടുകള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു. ആഭ്യന്തര യുദ്ധത്തിന് അറുതി വരുത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങളെ ഹംസ് പിന്തുണക്കുകയും ചെയ്തു. ഭരണത്തിലും അവര്‍ പങ്കാളികളായിരുന്നു. സകാത്തിന്റെ കാര്യക്ഷമമായ വിതരണം, മൈക്രോ ഫിനാന്‍സിംഗ് എന്നിവയിലൂടെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അബൂ ജര്‍റ സുല്‍ത്വാനിയാണ് ഹംസിന്റെ സാരഥി.
റാശിദുല്‍ ഗനൂശിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ അന്നഹ്ള പ്രസ്ഥാനമാണ് തുനീഷ്യയില്‍ കൊളോണിയല്‍ വിരുദ്ധ സമരത്തിനും ഇസ്ലാമിക നവജാഗരണത്തിനും നേതൃത്വം നല്‍കിയത്. സംശുദ്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ അന്നഹ്ള അധികാരത്തിലേറുമെന്ന ആധി ഭരണകൂടത്തെ പിടികൂടിയതോടെ പിന്നെ പീഡനങ്ങളുടെ പരമ്പരയായി. 1991-'94 കാലത്ത് മുപ്പതിനായിരത്തോളം അന്നഹ്ള പ്രവര്‍ത്തകരാണ് തടവിലാക്കപ്പെടുകയോ യൂറോപ്പിലേക്കും മറ്റും -പ്രധാനമായും ഫ്രാന്‍സിലേക്കും ബ്രിട്ടനിലേക്കും- അഭയാര്‍ഥികളായി പോവുകയോ ചെയ്തത് (അറബ് സ്വേഛാധിപതികള്‍ പുറത്താക്കിയ വിദ്യാസമ്പന്നരായ ഈ ഇസ്ലാമിക പ്രവര്‍ത്തകരാണ് യൂറോപ്പിലും അമേരിക്കയിലും പിന്നീട് ഇസ്ലാമിക നവജാഗരണത്തിന് ചുക്കാന്‍ പിടിച്ചത്). അന്നഹ്ളയുടെ പാര്‍ട്ടി ഘടന ഏറെക്കുറെ ഇല്ലാതാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പ്രസ്ഥാനം പകര്‍ന്നു നല്‍കിയ ഇസ്ലാമികാവബോധം യുവാക്കളില്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്. ഹിജാബിന് നിരോധമേര്‍പ്പെടുത്തിക്കൊണ്ടും മറ്റുമാണ് ഭരണകൂടം ഇതിനെ തടയാന്‍ നോക്കുന്നത്. ചില പ്രഹസനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തുനീഷ്യയില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാറില്ല.
ഇതുതന്നെയാണ് ലിബിയയിലെയും സ്ഥിതി. നാല്‍പത് വര്‍ഷമായി മുഅമ്മര്‍ ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണമാണവിടെ. ഭരണകക്ഷിയല്ലാത്ത മറ്റൊരു പാര്‍ട്ടിയുടെയും അസ്തിത്വം തന്നെ അദ്ദേഹം അംഗീകരിക്കുന്നില്ല. ഇഖ്വാന്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തടവിലാക്കപ്പെടാന്‍ കാരണമതാണ്. പല ഇഖ്വാന്‍ നേതാക്കളും ഈയിടെ ജയില്‍ മോചിതരായത് ശുഭലക്ഷണമായി കരുതുന്നവരുണ്ട്. പക്ഷേ ജനാധിപത്യ പ്രക്രിയയിലേക്ക് നീങ്ങുന്നതിന്റെ യാതൊരു ലക്ഷണവും ഇന്നേ വരെ കാണാനില്ല.
പാകിസ്താന്‍, ബംഗ്ളാദേശ്
വളരെയേറെ പ്രതീക്ഷയുണര്‍ത്തിയ പ്രതിപക്ഷ മുന്നണിയായിരുന്നു പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി രൂപം നല്‍കിയ മുത്തഹിദ മജ്ലിസെ അമല്‍ (എം.എം.എ). ആറ് മതസംഘടനകളാണ് ഇതില്‍ അണിനിരന്നത്. 2002-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി പ്രവിശ്യയിലും ബലൂചിസ്താനിലും എം.എം.എ ഒറ്റക്ക് ഭൂരിപക്ഷം നേടി; ദേശീയ അസംബ്ളിയില്‍ 45 സീറ്റും. 2001-ലെ അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരെ ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളാണ് മുന്നണിക്ക് രാഷ്ട്രീയ വിജയം സമ്മാനിച്ചത്. പിന്നീട് മുന്നണി ദുര്‍ബലമാവുന്നതാണ് കണ്ടത്. ചില കക്ഷികള്‍ മുന്നണി വിട്ടുപോയി. രണ്ട് പ്രവിശ്യകളിലെയും ഭരണം വേണ്ടത്ര മെച്ചപ്പെടുത്താനായില്ല. ഘടകകക്ഷികളുടെ വഴിവിട്ട നീക്കങ്ങള്‍ തങ്ങള്‍ക്ക് പേരുദോഷമുണ്ടാക്കുമെന്ന് ജമാഅത്ത് നേതൃത്വത്തിനും തോന്നിത്തുടങ്ങി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജമാഅത്ത് ബഹിഷ്കരിക്കുകയായിരുന്നു. ഫലത്തില്‍ എം.എം.എ ഇല്ലാതായിക്കഴിഞ്ഞു. പുതിയ ജമാഅത്ത് നേതൃത്വത്തിന് എം.എം.എയെ പുനരുജ്ജീവിപ്പിക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്.
ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി 1973-ല്‍ നിരോധിക്കപ്പെടുകയുണ്ടായി. നിരോധം നീങ്ങുന്നത് 1978-ല്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയകരമായ അരങ്ങേറ്റം കുറിക്കാന്‍ ജമാഅത്തിന് സാധിച്ചു. 1986-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് നേടി. 1991-ല്‍ അത് 18 സീറ്റായി ഉയര്‍ന്നു. 1996-ല്‍ വെറും മൂന്ന് സീറ്റ് മാത്രം. 2001-ല്‍ ബി.എന്‍.പിയുമായി സഖ്യമുണ്ടാക്കിയ ജമാഅത്ത് 18 സീറ്റ് നേടി. 2008-ല്‍ രണ്ട് സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.
ബംഗ്ളാ ജമാഅത്തെ ഇസ്ലാമി അമീര്‍ മുത്വീഉര്‍റഹ്മാന്‍ കഴിഞ്ഞ ഖാലിദാ സിയാ മന്ത്രിസഭയില്‍ ആദ്യം കൃഷിമന്ത്രിയും പിന്നീട് വ്യവസായ മന്ത്രിയുമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ രാജ്യത്തെ നാല് പ്രമുഖ കക്ഷികളിലൊന്നാക്കി മാറ്റുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. ഇസ്ലാമിക് ബാങ്കിംഗിലൂടെയും മൈക്രോ ഫിനാന്‍സിലൂടെയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ജമാഅത്തിന് സാധിക്കുകയുണ്ടായി. കള്ളക്കേസുകളുണ്ടാക്കി ജമാഅത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുകയാണ് ഹസീനാ വാജിദ് നേതൃത്വം നല്‍കുന്ന അവാമി ലീഗ് ഭരണകൂടം. കുപ്രചാരണങ്ങള്‍ സൃഷ്ടിച്ചെടുത്ത ഒരു പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ ഏറ്റ താല്‍ക്കാലിക തിരിച്ചടിയായേ കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തെ കാണേണ്ടതുള്ളൂ. സീറ്റുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ ജമാഅത്തിന് ലഭിച്ച വോട്ടുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
മലേഷ്യയിലെ 'പാസ്'
അബ്ദുല്‍ ഹാദി അവാങ് നേതൃത്വം കൊടുക്കുന്ന പാന്‍ മലേഷ്യന്‍ ഇസ്ലാമിക് പാര്‍ട്ടിയാണ് 'പാസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. കെലന്താന്‍, തെറന്‍ഗാനു പോലുള്ള സംസ്ഥാനങ്ങള്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ്. വീക്ഷണൈക്യമുള്ള വിവിധ പാര്‍ട്ടികളുമായി സഖ്യങ്ങള്‍ നിലവിലുണ്ട്. 2008-ലെ മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഭരണകക്ഷിയെ ഞെട്ടിച്ചു. കെലന്താന്‍ സംസ്ഥാന അസംബ്ളിയിലെ 45-ല്‍ 38 സീറ്റും പാസ് സ്വന്തമാക്കി. തീരദേശ സംസ്ഥാനമായ കേദഹിന്റെ ഭരണവും പാസിന് ലഭിച്ചു. പെറക്, സെലങ്കോര്‍ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് അധികാരത്തില്‍ പങ്കാളികളായി. കൂടാതെ മലേഷ്യന്‍ പാര്‍ലമെന്റിലേക്ക് 23 പ്രതിനിധികളെ എത്തിക്കുകയും ചെയ്തു; നേരത്തെയിത് ഏഴ് മാത്രമായിരുന്നു. അന്‍വര്‍ ഇബ്റാഹീമിനെപ്പോലുള്ള പ്രമുഖരും അബ്ദുല്‍ ഹാദി അവാങുമായി കൈക്കോര്‍ക്കുന്നു. ഈ സഖ്യം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് നിരീക്ഷകര്‍ കരുതുന്നു. ബഹളം കൂട്ടാതെ ജനങ്ങളിലേക്കിറങ്ങി ചെല്ലുന്ന പ്രവര്‍ത്തന രീതിയാണ് പാസ് വിജയകരമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ചില പ്രമുഖ ഇസ്ലാമിക പ്രസ്ഥാനങ്ങളെ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ. ഒരു കാര്യം വ്യക്തം. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സുപ്രധാനമായ ഒരു പരിവര്‍ത്തന ദശയിലാണ്. സ്വന്തം വൃത്തങ്ങളില്‍ ഒതുങ്ങിക്കൂടുന്നതിനു പകരം പൊതു അജണ്ടകളുമായി അവ ജനങ്ങളിലേക്കിറങ്ങുകയാണ്; സഖ്യത്തിന്റെയും ധാരണയുടെയും വിശാല സാധ്യതകള്‍ തേടുകയാണ്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ മുന്നോട്ട് പോവുക ഏതൊരു ഇസ്ലാമിക പ്രസ്ഥാനത്തിനും ഇനി ദുഷ്കരമായിരിക്കും.

 

പോര്‍മുഖത്ത് ഹദസും അല്‍മിമ്പറും
പരിമിതമായ അധികാരങ്ങളേ ഉള്ളൂവെങ്കിലും, വാശിയേറിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഗള്‍ഫ് നാടുകളാണ് കുവൈത്തും ബഹ്റൈനും. ഇസ്ലാമിസ്റുകള്‍ രണ്ടിടങ്ങളിലും നിര്‍ണായക ശക്തിയാണ്. കുവൈത്തില്‍ അമ്പതുകളുടെ തുടക്കത്തില്‍ തന്നെ ഇഖ്വാന്‍ വേര് പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇഖ്വാന്റെ ബാനറിലല്ല ഇസ്ലാമിക പ്രസ്ഥാനം അവിടെ പ്രവര്‍ത്തിക്കുന്നത്. അല്‍ഹര്‍കത്തു ദസ്തൂരിയ്യതുല്‍ ഇസ്ലാമിയ്യ ('ഹദസ്' എന്ന ചുരുക്കപ്പേര്) എന്ന പേരിലാണ്. 'ഭരണഘടനാ പ്രസ്ഥാനം' എന്ന് അറിയപ്പെടുന്നു. കുവൈത്ത് അധിനിവേശം കഴിഞ്ഞ ഉടനെ 1991-ല്‍ സ്ഥാപിതമായി.
1992 മുതല്‍ എല്ലാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. സാമാന്യം നല്ല പ്രകടനം കാഴ്ചവെച്ച് പോന്ന പ്രസ്ഥാനത്തിന് 2003-ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു. 50 അംഗ കുവൈത്ത് പാര്‍ലമെന്റിലേക്ക് രണ്ട് പേരെ എത്തിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. പാര്‍ട്ടി ഘടന അഴിച്ചുപണിതും വിദ്യാര്‍ഥികളെയും യുവാക്കളെയും പ്രചാരണ രംഗത്ത് സജീവമാക്കിയും 2006-ലെ തെരഞ്ഞെടുപ്പിനെ വേണ്ടത്ര മുന്നൊരുക്കത്തോടെയാണ് പാര്‍ട്ടി നേരിട്ടത്. അതിന്റെ ഫലവും കണ്ടു. ഇത്തവണ ആറ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി. പക്ഷേ, 2008-ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് പേര്‍ മാത്രമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയാതിരുന്നത് ഈ തിരിച്ചടിക്ക് ഒരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീകള്‍ മത്സരിക്കുകയും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് കയറുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു 2008-ലേത്. ബദ്ര്‍ അല്‍ നാശിയാണ് ഇപ്പോള്‍ സംഘടനയുടെ സാരഥി.
ബഹ്റൈനിലെ ഇഖ്വാന്‍, സലഫി, സ്വൂഫി ധാരകളെയെല്ലാം ഇസ്ലാമിസ്റ് എന്ന ഗണത്തിലാണ് മീഡിയ ഉള്‍പ്പെടുത്തുന്നത്. ഗണ്യമായ ശീഈ ജനസംഖ്യയുള്ളതിനാല്‍ ഇസ്ലാമികാഭിമുഖ്യമുള്ള ശീഈ പാര്‍ട്ടികളും ഉണ്ട്. അല്‍ ഇസ്ലാഹ് എന്ന പേരിലാണ് ഇവിടെ ഇഖ്വാന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇഖ്വാന്റെ രാഷ്ട്രീയ വിംഗാണ് അല്‍ മിമ്പര്‍. ശൈഖ് ഈസാ ബ്നു മുഹമ്മദ് ആല്‍ ഖലീഫയാണ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ്. ഇദ്ദേഹം 1974-ല്‍ ബഹ്റൈന്‍ നീതിന്യായ മന്ത്രിയും 1980-ല്‍ തൊഴില്‍കാര്യ മന്ത്രിയുമായിരുന്നു.
അല്‍ മിമ്പര്‍ സ്ഥാപിതമായത് 2002-ലാണ്. അതേവര്‍ഷം ഒരു മഹിളാ വേദിക്കും പ്രസ്ഥാനം രൂപം നല്‍കി. സലഫികളുമായി സഖ്യമുണ്ടാക്കിയാണ് അല്‍ മിമ്പര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാറുള്ളത്. 2002-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എട്ട് സീറ്റുകളില്‍ ഏഴും അല്‍ മിമ്പര്‍ നേടി. 2006-ല്‍ മത്സരിച്ച എട്ടില്‍ ഏഴു സീറ്റും കരസ്ഥമാക്കി. ലഭ്യമായ സ്വാതന്ത്യ്രമോ നേടിയെടുത്ത സ്വാധീനമോ വേണ്ട തോതില്‍ പ്രസ്ഥാനം ഉപയോഗപ്പെടുത്തുന്നില്ല എന്ന ആരോപണമുണ്ട്. സലഫികളുമായുള്ള സഖ്യവും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്‍ മിമ്പറിനെ പിന്തള്ളി, ഇസ്ലാമികാഭിമുഖ്യമുള്ള ഏറ്റവും വലിയ സുന്നീ കക്ഷിയാവാന്‍ സലഫീ ഗ്രൂപ്പുകള്‍ ചരട് വലിക്കുന്നു എന്നാണ് ആരോപണം.


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly