>>കുറിപ്പുകള്‍
യൂറോപ്പിലെ ഇസ്ലാമിക വിദ്യാലയങ്ങള്‍
അബ്ദു ശിവപുരം
യൂറോപ്യന്‍ മുസ്ലിംകള്‍ അവഗണിക്കാന്‍ കഴിയാത്തവിധം ഇന്ന് ശക്തിപ്രാപിച്ചിട്ടുണ്ട്. അഭൂതപൂര്‍വമായ അവരുടെ വളര്‍ച്ച തെല്ലൊന്നുമല്ല യൂറോപ്യന്‍ രാജ്യങ്ങളെ അസ്വസ്ഥപ്പെടുത്തുന്നത്. യൂറോപ്യന്‍ സമൂഹങ്ങളില്‍ മുസ്ലിംകള്‍ അനുഭവിച്ചുവരുന്ന പ്രധാന പ്രശ്നം ഇസ്ലാമികമായ അവരുടെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുക എന്നതുതന്നെയാണ്.
ഇസ്ലാമിക പഠനത്തിലും വസ്ത്രധാരണത്തിലും എന്നെത്തേക്കാളുമുപരി ഇന്ന് യൂറോപ്യന്‍ മുസ്ലിംകള്‍ ശ്രദ്ധാലുക്കളാണ്. നിഷേധാത്മക പടിഞ്ഞാറന്‍ സ്വാധീനങ്ങളില്‍നിന്ന് തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്തുന്നതിന് ഇസ്ലാമിക കേന്ദ്രങ്ങളും മസ്ജിദുകളും ധാരാളമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
മുസ്ലിംകള്‍ അധിവസിച്ചുവരുന്ന യൂറോപ്യന്‍ സമൂഹം മത-സാംസ്കാരിക രംഗങ്ങളില്‍ ചെലുത്തിയ സ്വാധീനം നിഷേധിക്കാന്‍ കഴിയില്ല. വിശുദ്ധ ഖുര്‍ആന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇസ്ലാമിക അധ്യാപനങ്ങളിലൂടെയും ശിക്ഷണങ്ങളിലൂടെയും പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് ഇസ്ലാമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുക വഴി മാതൃസംസ്കാരവുമായി അവരെ ബന്ധിപ്പിച്ചുവരികയാണ്. ഇസ്ലാമിക പാഠശാലകളുടെ ബാഹുല്യം പടിഞ്ഞാറില്‍ സുതരാം വ്യക്തമാണ്. വിശിഷ്യാ ഉത്തര അമേരിക്കയില്‍. ഷിക്കാഗോയില്‍ മാത്രമിന്ന് 42 ഇസ്ലാമിക സ്കൂളുകളുണ്ട്.
രണ്ട് ചിത്രങ്ങള്‍
യൂറോപ്പിലെ ഇസ്ലാമിക പാഠശാലകള്‍ നമുക്ക് മുമ്പില്‍ രണ്ട് ചിത്രങ്ങളാണ് അവതരിപ്പിക്കുന്നത്. യൂറോപ്പില്‍ അധ്യയനം നടത്തപ്പെടുന്ന പൊതു വിജ്ഞാനീയങ്ങള്‍ ഉള്‍പ്പെടെ അറബി ഭാഷക്കും ഇസ്ലാമിക നിയമ സംഹിതകള്‍ക്കുമായുള്ള സ്കൂളുകള്‍. മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇതാണ് പിന്തുടര്‍ന്നു പോരുന്നത്. പ്രത്യേകിച്ച് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വെ, ഡെന്‍മാര്‍ക്ക് തുടങ്ങിയവയില്‍. കൂടാതെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളിലും ഇത് ദൃശ്യമാണ്. ഹോളണ്ട്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവിടങ്ങളില്‍ പ്രകടമാവുന്നതാണ് മറ്റൊരു ചിത്രം. അറബി ഭാഷയും ഇസ്ലാമിക വിഷയങ്ങളും പബ്ളിക് സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നു. പുറമെ ഇവിടങ്ങളിലെ മുസ്ലിംകള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ സ്ഥാപിക്കാനുള്ള അനുവാദവുമുണ്ട്. അറബിയും ഇസ്ലാമിക വിഷയങ്ങളും മാത്രമായിരിക്കും പാഠ്യവിഷയം. ഒഴിവ് ദിവസങ്ങളിലും സമയങ്ങളിലും അറബ്-മുസ്ലിം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നു.
മതസ്വാതന്ത്യ്രത്തെ ആദരിക്കുന്ന പടിഞ്ഞാറന്‍ നിയമങ്ങളുടെ പിന്‍ബലം മുസ്ലിംകള്‍ പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സ്വകാര്യ മതസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് അവര്‍ക്ക് കഴിയും. ഈ പാഠശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ അധികാരികളുടെ ഇടപെടലുകളില്ല. വിശിഷ്യാ, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍. മാത്രവുമല്ല, ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വമ്പിച്ച സഹായവും നല്‍കിവരുന്നു. ഇസ്ലാമിക സ്കൂളുകളില്‍നിന്ന് പാസ്സായവര്‍ക്ക് യൂനിവേഴ്സിറ്റി പ്രവേശനം സാധ്യവുമാകുന്നു.
പ്രതിസന്ധികള്‍
എന്നാല്‍, ഇസ്ലാമിക കലാലയങ്ങള്‍ സ്ഥാപിക്കല്‍ യൂറോപ്പില്‍ എളുപ്പമല്ല. ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വ്യാപനം അപകടകരമാണെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും കരുതുന്നു. ഇസ്ലാമിനോട് പല നിലക്കും പൊരുത്തപ്പെടാത്ത അടിസ്ഥാനങ്ങളില്‍ നിലയുറപ്പിച്ച യൂറോപ്യന്‍ സംസ്കാരത്തിലെ ആഭ്യന്തര വൈറസായും ഇസ്ലാമിക കേന്ദ്രങ്ങള്‍ വിലയിരുത്തപ്പെടുന്നു. അതിനാല്‍ തന്നെ ഇസ്ലാമിനെതിരെയുള്ള പ്രതിരോധം അവര്‍ അനിവാര്യമായി കാണുന്നു.
ഇസ്ലാമിക പാഠശാലകള്‍ക്കും കേന്ദ്രങ്ങള്‍ക്കുമെതിരെ തിരിയാന്‍ ഗവണ്‍മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുന്നു. ഭീകരതയുടെ പേര് പറഞ്ഞ് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും വാദമുയര്‍ന്നിട്ടുണ്ട്.
മുസ്ലിം ശക്തി തെളിയിക്കുമാറ് രാഷ്ട്രീയ രംഗങ്ങളില്‍ പ്രാതിനിധ്യമില്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അധ്യാപക പരിശീലനം പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുസ്ലിം രക്ഷിതാക്കളുടെ വിശ്വാസ്യത നേടിയെടുക്കാനും വിദ്യാലയങ്ങള്‍ക്ക് കഴിയുന്നില്ല.
ഇസ്ലാമിക സ്കൂളുകളുടെ സാങ്കേതിക പ്രശ്നങ്ങളും യൂറോപ്പില്‍ കീറാമുട്ടിയാണ്. ഇസ്ലാമിക് സെന്ററിന്റെയോ സൊസൈറ്റിയുടെയോ ഔദാര്യത്തിലായിരിക്കും സ്ഥാപനങ്ങള്‍ നിലവില്‍ വരിക. അതിനാല്‍തന്നെ വിമര്‍ശനങ്ങളും സ്വാഭാവികം. സ്കൂള്‍ കെട്ടിട പ്രശ്നം പരിഹരിക്കാന്‍ യൂറോപ്പിലെ ചില മുനിസിപ്പാലിറ്റികള്‍ സമയം അനുവദിക്കുക പോലുമുണ്ടായി. പ്രശ്നപരിഹാരം സാധ്യമായില്ലെങ്കില്‍ ഇവ പൂട്ടേണ്ടതായി വരും. ഇസ്ലാമിക പാഠ്യപദ്ധതികളുടെ ദൌര്‍ബല്യമോ അഭാവമോ യൂറോപ്പില്‍ പ്രകടമാണ്. സാമൂഹിക പശ്ചാത്തലം പരിഗണിക്കാതെ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പാഠ്യപദ്ധതി ഇറക്കുമതി ചെയ്യുന്നതും ഒരു പ്രശ്നമാണ്. ഇസ്ലാമിക അധ്യാപനത്തിന് കഴിവുറ്റവരെ ലഭിക്കാത്തതും ഇസ്ലാമിക സ്കൂളുകളുടെ മറ്റൊരു ദുരന്തമാണ്. പള്ളി ഇമാമിനെയോ മസ്ജിദ് ശൈഖിനെയോ മാത്രമാണ് പലപ്പോഴും ഇസ്ലാമിക വിഷയങ്ങളെടുക്കാന്‍ ആശ്രയിക്കുന്നത്. അറബ്-ഇസ്ലാമിക ലോകത്തെ അധ്യാപകര്‍ ഉണ്ടെങ്കിലും, ഒരു യൂറോപ്യന്‍ മുസ്ലിമിന്റെ ബൌദ്ധിക മണ്ഡലവുമായി സംവദിക്കാന്‍ ഇവര്‍ക്കൊന്നുമാവുന്നില്ല. ജര്‍മനി പോലെ ചില രാജ്യങ്ങള്‍ യൂനിവേഴ്സിറ്റികളില്‍ ഇസ്ലാമിക അധ്യാപനത്തിന് തദ്ദേശീയരെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.
ഇസ്ലാമിക കലാലയങ്ങള്‍ക്കെതിരെ യൂറോപ്പിലുണ്ടായ പ്രചാരണങ്ങളില്‍ സയണിസ്റ് ലോബിയുടെ പങ്ക് വലുതാണ്. യൂറോപ്പിലെ വന്‍കിട മാധ്യമങ്ങളും ഈ ലോബിക്കൊപ്പമാണ്. യൂറോപ്യന്‍ നാഗരികതയെ തരിപ്പണമാക്കാനുദ്ദേശിച്ച് ഭീകരരെ വാര്‍ത്തെടുക്കുന്ന പ്രഭവ കേന്ദ്രങ്ങളാണ് ഈ സ്ഥാപനങ്ങളെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
ജര്‍മന്‍ മോഡല്‍
ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ സംഘടിപ്പിച്ച മൂന്നാം ഇസ്ലാമിക് കോണ്‍ഫറന്‍സിലാണ് പൊതു സ്കൂളുകളില്‍ ഇസ്ലാമിക പഠനത്തിന് അനുവാദം ലഭിച്ചത്. ഭീകരതയോട് അടരാടാനും യൂറോപ്പില്‍ മസ്ജിദുകളുടെ നിര്‍മാണം ഉറപ്പുവരുത്താനും കഴിഞ്ഞിട്ടുണ്ട്. ജര്‍മന്‍ സംസ്ഥാന സര്‍ക്കാറുകളും ഫെഡറല്‍ ഗവണ്‍മെന്റിലെ പ്രതിനിധികളും ഇസ്ലാമിക സംഘടനാ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കരാറുണ്ടായതെന്ന് ജര്‍മന്‍ മാസിക ദേര്‍ ഷിപ്ഗല്‍ റിപ്പോര്‍ട്ട് ചെയ്തു. മോന്‍സ്റര്‍ സര്‍വകലാശാല, അധ്യാപകര്‍ക്കായി പ്രഥമ പരിശീലന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും പത്രം സൂചിപ്പിച്ചു.
ജര്‍മന്‍ ഭാഷയില്‍ ഇസ്ലാമിക പഠനത്തിനിപ്പോള്‍ 120 അധ്യാപകരുണ്ട്. ഇവരിലെ 80 ശതമാനവും റ്റോര്‍ഡ്റായില്‍ ഫെസ്റ്വാലിയയിലാണുള്ളത്. ഇനിയും എട്ടിരട്ടി അധ്യാപകരെ ഈ രംഗത്ത് ആവശ്യമുണ്ടെന്നും പത്രം പറയുന്നു. ജര്‍മനിയിലെ ചില സംസ്ഥാനങ്ങളും ഇസ്ലാമിക പഠനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. 2001 അധ്യയന വര്‍ഷത്തോടെ ജര്‍മനിയില്‍ മതപഠനം സര്‍ക്കാര്‍ തലത്തില്‍ നിലവില്‍ വന്നിട്ടുണ്ട്. ബര്‍ലിനിപ്പോള്‍ 31 സ്കൂളുകളില്‍ ഇസ്ലാമിക പഠനമുണ്ട്.
വൈജ്ഞാനിക ഉപദേശം
ജര്‍മന്‍ എജുക്കേഷന്‍ കൌണ്‍സില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ജര്‍മന്‍ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അഭിമാനാര്‍ഹമാണ്. ഇസ്ലാമിക പ്രബോധകരെയും അധ്യാപകരെയും ഗവേഷകരെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വെച്ച് യൂനിവേഴ്സിറ്റികളില്‍ ഇസ്ലാമിക് സ്റഡീസ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ- ജൂത മതവിഷയങ്ങള്‍ പഠിപ്പിക്കുന്ന ജര്‍മന്‍ സര്‍വകലാശാലകളില്‍ ഇസ്ലാമിക പഠനം നിഷേധിക്കുന്നത് നീതിയല്ലെന്നതാണ് ഇതിന് ന്യായമായി കണ്ടെത്തിയിട്ടുള്ളത്. ക്രൈസ്തവതക്കു ശേഷം ഇസ്ലാമാണ് ജര്‍മനിയില്‍ രണ്ടാമത്തെ മതം. യൂനിവേഴ്സിറ്റികളില്‍ മതപഠനത്തിനു മാത്രമായി കണ്‍സള്‍ട്ടിംഗ് കൌണ്‍സിലുകള്‍ സ്ഥാപിക്കാനും എജുക്കേഷന്‍ കൌണ്‍സില്‍ നിര്‍ദേശിക്കുന്നു.
മൊത്തത്തില്‍ യൂറോപ്പിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്നത് വന്‍ പ്രതിസന്ധി തന്നെയാണ്. എങ്കിലും പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ അവര്‍ക്ക് ആശ്വാസം പകരാന്‍ എത്രയുമുണ്ടുതാനും. ലക്ഷ്യസാക്ഷാത്കാരത്തിന് നീണ്ടവഴിദൂരം യൂറോപ്യന്‍ മുസ്ലിംകള്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്.
അവലംബം: അല്‍ മുജ്തമഅ്