ജനാധിപത്യ സമൂഹത്തിന്റെ ജാഗ്രത ഫാഷിസത്തെ തകര്‍ക്കും
ഡോ. ഷക്കീല്‍ അഹ്മദ്
താങ്കളെക്കുറിച്ച് പറഞ്ഞു സംഭാഷണം ആരംഭിക്കാം. എന്താണ് താങ്കളുടെ ജീവിത പശ്ചാത്തലവും സാമൂഹിക പ്രവര്‍ത്തനാനുഭവവും?
അടിസ്ഥാനപരമായി ഞാന്‍ മഹാരാഷ്ട്രക്കാരനാണ്. പിതാവിന്റെ ജോലിയാവശ്യാര്‍ഥം ഞങ്ങള്‍ കുടുംബസമേതം ഭീവണ്ടിയിലേക്ക് താമസം മാറുകയായിരുന്നു. എന്റെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം വരെ അവിടെത്തന്നെ തുടര്‍ന്നു. 1971-ലെ ഭീവണ്ടി കലാപത്തില്‍ ഞങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. പിന്നീട് ഞങ്ങളുടെ താമസം യു.പിയിലേക്ക് മാറി. വിദ്യാര്‍ഥി കാലയളവില്‍ തന്നെ എനിക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നു. 'വിദ്യാര്‍ഥി ഹല്‍ഖ'യുടെ യു.പി നാസിമായിരുന്നു. അവിടെത്തന്നെ ജമാഅത്തെ ഇസ്ലാമി തര്‍ബിയ്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക് റിലീഫ് കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ സെല്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ അതിന്റെ ഉത്തരവാദിത്വം ഏല്‍പിക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ നിയമത്തിന്റെയും നിയമ പോരാട്ടങ്ങളുടെയും പാതയിലേക്ക് എത്തിച്ചേരുന്നത്. 2002-ല്‍ ഗുജറാത്തിലുണ്ടായ വംശഹത്യയോടെ ഞാനെന്റെ മുഴുവന്‍ ഊര്‍ജവും നിയമപോരാട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചു.
വിദ്യാഭ്യാസ പശ്ചാത്തലം
ബി.യു.എം.എസ് കരസ്ഥമാക്കിയ ഒരു യൂനാനി ഡോക്ടറാണ് ഞാന്‍. കുറച്ചുകാലം ആ മേഖലയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ജമാഅത്തെ ഇസ്ലാമിയുടെ മുഴുസമയ പ്രവര്‍ത്തനങ്ങള്‍ക്കായി ആ രംഗം തല്‍ക്കാലം ഉപേക്ഷിക്കുകയായിരുന്നു.
നിയമ പോരാട്ടങ്ങള്‍ക്കും ആ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും എനിക്ക് ഔദ്യോഗിക നിയമ വിദ്യാഭ്യാസമൊന്നുമില്ല. പ്രവര്‍ത്തനാനുഭവങ്ങളാണ് നിയമ രംഗത്തെക്കുറിച്ച് എനിക്ക് അറിവു നല്‍കിയത്. എന്റെ ഒരു മകനും ഒരു മകളും നിയമ പോരാട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് നിയമ വിദ്യാഭ്യാസം നടത്തുന്നുമുണ്ട്.
ഇന്ത്യയിലെ അറിയപ്പെട്ട നിയമ പോരാളിയാണിന്ന് താങ്കള്‍. പ്രത്യേകിച്ചും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിയമ പോരാട്ട പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ പങ്കാളിത്തം വളരെ നിര്‍ണായകവുമാണ്. എങ്ങനെയാണ് താങ്കള്‍ ഈ വഴിയിലേക്ക് എത്തിച്ചേരുന്നത്?
അടിയന്തരാവസ്ഥ കാലയളവിലെ കോണ്‍ഗ്രസ് ഭരണകൂട അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ശാഹ് കമീഷനു മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം തീരുമാനിക്കുകയുണ്ടായി. അതിനായി നിയോഗിപ്പെട്ട കമ്മറ്റിയില്‍ ഞാനും അംഗമായിരുന്നു. ഞാനന്ന് ചെറുപ്പക്കാരനാണ്. ഹരിയാനയിലെ നഹീന ഉള്‍പ്പെടെയുള്ള പ്രദേശങ്ങളായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന മേഖല. ഞങ്ങളന്ന് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി.
1984-85 കാലയളവില്‍ ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ഗീയ കലാപവുമുണ്ടായി. ഞാനന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങളിലും അതോടൊപ്പം ചെറിയ രൂപത്തില്‍ ഇരകള്‍ക്കായുള്ള നിയമ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. 92-93 കാലയളവില്‍ ബാബരിയുമായി ബന്ധപ്പെട്ട് ഗുജറാത്തിന്റെ പല ഭാഗങ്ങളിലും വീണ്ടും വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ആ സമയത്ത് ജമാഅത്തെ ഇസ്ലാമി ഗുജറാത്ത് ഘടകത്തിന്റെ അസി. അമീറായിരുന്നു ഞാന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ഗുജറാത്തില്‍ രൂപവത്കരിക്കപ്പെട്ട ഐ.ആര്‍.സി (ഇസ്ലാമിക് റിലീഫ് കമ്മിറ്റി) യുടെ ചെയര്‍മാനുമായിരുന്നു. ആ സമയത്തും ഇരകള്‍ക്കായി ചെറിയ രൂപത്തില്‍ നിയമ പോരാട്ടങ്ങള്‍ നടത്തി. പക്ഷേ, 2001-ല്‍ ഉണ്ടായ ഭൂകമ്പം ആയിരക്കണക്കിനാളുകളുടെ ജീവിതം പെരുവഴിയിലാക്കി.
ആ സമയത്താണ് പുനരധിവാസ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ഭൂകമ്പ ബാധിതര്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട സഹായങ്ങളും ആനുകൂല്യങ്ങളും ഏറ്റവും ഫലപ്രദമായി അവരിലേക്കെത്തിക്കാനായി സെല്‍ ഫോര്‍ ലീഗല്‍ ഹെല്‍പ്പ് ആന്റ് ഗൈഡന്‍സ് (സി.എല്‍.എച്ച്.എല്‍) എന്ന സംവിധാനം ഉണ്ടാക്കുന്നത്. അതിന്റെ പ്രവര്‍ത്തനം വഴി ജനങ്ങളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും സര്‍ക്കാര്‍ വഴി ലഭിക്കേണ്ട സഹായ പ്രവര്‍ത്തനങ്ങള്‍ അവരിലേക്കെത്തിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോകാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. പൌരാവകാശങ്ങള്‍ ഉറപ്പുവരുത്താനും വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്താനുമായി ജ.ഇ ദേശീയതലത്തില്‍ 2006-ല്‍ രൂപവത്കരിച്ച എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്) ന്റെ ദേശീയ കണ്‍വീനറായും പിന്നീട് ഞാന്‍ നിശ്ചയിക്കപ്പെട്ടു.
നിയമ പോരാട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്ലാമിക പ്രസ്ഥാനത്തിനകത്ത് തന്നെ പുതിയൊരു പ്രവര്‍ത്തന മണ്ഡലത്തെ വികസിപ്പിക്കുകയാണ് താങ്കള്‍ ചെയ്തത്. നിയമ സഹായ പ്രവര്‍ത്തനം എന്നതിനപ്പുറം നിയമ പോരാട്ട പ്രവര്‍ത്തനം എന്നാണ് താങ്കളുടെ പ്രവര്‍ത്തന മണ്ഡലത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്താണിതിന്റെ ഉദ്ദേശം?
നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടമാണ് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുഖ്യ ഊന്നലായി മാറേണ്ടത് എന്നാണ് എന്റെ എന്നത്തെയും നിലപാട്. ഇസ്ലാമിന്റെ ആത്മാവാണ് നീതിയുടെ സംസ്ഥാപനം എന്നത്. പ്രകൃതിദുരന്തങ്ങള്‍ വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ ദുരന്ത സമയങ്ങളില്‍ വളരെ വ്യാപകമായും വ്യവസ്ഥാപിതമായും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് നമ്മള്‍. അതേസമയം നമ്മുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ വലിയൊരു പരിമിതിയെക്കുറിച്ചും ഞാന്‍ എന്നും അസ്വസ്ഥനായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയവയുടെ ഇരകളെ അര്‍ഹിക്കുംവിധം പുനരധിവസിപ്പിക്കുക എന്നത് അടിസ്ഥാനപരമായി സര്‍ക്കാറിന്റെ ചുമതലയാണ്.
നാം കോടിക്കണക്കിന് രൂപ ജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ സര്‍ക്കാറിനെക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ നടത്തിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നെനിക്കഭിപ്രായമുണ്ടായിരുന്നു. ഈ അഭിപ്രായം ഞാന്‍ പലരോടും പങ്കുവെച്ചിട്ടുമുണ്ടായിരുന്നു.
നമ്മുടെ സാമൂഹിക പ്രവര്‍ത്തനത്തിലും ഈയൊരു പരിമിതി വ്യാപകമായുണ്ട് എന്നാണെന്റെ പക്ഷം. വിഭവങ്ങള്‍ ശേഖരിച്ച് ജനങ്ങളെ സഹായിക്കുന്ന സേവന പ്രവര്‍ത്തനമല്ല നമ്മുടെ പ്രവര്‍ത്തന സംസ്കാരമായി വളരേണ്ടത്. മറിച്ച് നിയമപരമായി പൌരന്മാരുടെ ജീവിത സുരക്ഷയും സുഭിക്ഷയുമായി ബന്ധപ്പെട്ട് ഒട്ടനവധി സംവിധാനങ്ങള്‍ രാജ്യത്തിന്റെ ഭരണകൂട ഘടനക്കകത്തു തന്നെയുണ്ട്. അവ യഥാസമയം അതിന്റെ അര്‍ഹരിലേക്കെത്തുന്നില്ല എന്നതാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നം. അവ യഥാര്‍ഥ അവകാശികളിലേക്ക് എത്തിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നമ്മള്‍ ഊന്നല്‍ നല്‍കേണ്ടത്. ഉദാഹരണത്തിന്, രാജ്യ ജനസംഖ്യയിലെ 40 ശതമാനം ജനങ്ങളുടെ ജീവിതവുമായി നേര്‍ക്കുനേരെ ബന്ധപ്പെട്ടു കിടക്കുന്നതാണ് രാജ്യത്തിന്റെ പൊതു വിതരണ സംവിധാനം. അതിനെ കാര്യക്ഷമമാക്കിയാല്‍ രാജ്യത്തെ വലിയൊരു ശതമാനം ദാരിദ്യ്രവും പട്ടിണിയും അകറ്റാന്‍ കഴിയും. നമ്മുടെ ശ്രദ്ധ അതിലേക്കാണ് കേന്ദ്രീകരിക്കേണ്ടത്. ഒരു പ്രദേശത്ത് ഒരു ക്ളിനിക്ക് സ്ഥാപിക്കുക എന്നതിനേക്കാള്‍ സര്‍ക്കാറിനെ കൊണ്ട് സ്ഥാപിക്കുന്നതിലാണ് നമ്മള്‍ വിജയിക്കേണ്ടത്.
നിയമ സഹായ പ്രവര്‍ത്തനവും നിയമ പോരാട്ട പ്രവര്‍ത്തനവും തമ്മില്‍ മൌലികമായ അന്തരമുണ്ട്. കലാപങ്ങളിലും മറ്റും ഇരകളായവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുക, കള്ളകേസുകള്‍ ചുമത്തി പ്രതികളാക്കപ്പെട്ടവരുടെ മോചനത്തിനായി പരിശ്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ് പൊതുവെ നിയമ പ്രവര്‍ത്തനത്തിന്റെ മുഖ്യ അജണ്ടയാകുന്നത്. എന്നാല്‍ കലാപത്തിനുത്തരവാദികളായ ആളുകളെ, അവരെത്ര ഉന്നതന്മാരാണെങ്കിലും നിയമത്തിനു മുമ്പാകെ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതാണ് നിയമ പോരാട്ട പ്രവര്‍ത്തനം കൊണ്ട് ഞാന്‍ അര്‍ഥമാക്കുന്നത്. ഒന്നാമത്തേത് പ്രതിരോധ സ്വഭാവത്തിലുള്ളതാണെങ്കില്‍ രണ്ടാമത്തേതിന് ഒരുതരം മുന്നേറ്റ സ്വഭാവമാണുള്ളത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രണ്ടാമത്തെ രീതിയാണ് ഞങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യയിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പുതിയൊരു അനുഭവമായിരുന്നു അത്.
പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെ പങ്കെടുപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് എത്രത്തോളം വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്?
2001-ലെ ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസ ശ്രമങ്ങള്‍ക്കിടയിലാണ് ഈ വഴിയില്‍ ഞങ്ങള്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തി നോക്കുന്നത്. അത് ഫലിക്കുകയും ചെയ്തു. ഭൂമികുലുക്കത്തിന്റെ ഇരകള്‍ക്കായി ഇസ്ലാമിക് റിലീഫ് കമ്മിറ്റി 4 കോടിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കേരളത്തില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നല്ല മനസ്സുകള്‍ അയച്ചുതന്ന പണമായിരുന്നു അത്. അതേസമയം ഐ.ആര്‍.സിയുടെ ലീഗല്‍ എയ്ഡ്സെല്ലിന് 50 കോടിയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചു. ഒരു ലക്ഷം രൂപയുടെ ചെലവും 3 പ്രവര്‍ത്തകരുടെ അധ്വാനവും മാത്രമാണീ പ്രവര്‍ത്തനത്തിന്റെ ആകെ മൂലധനം.
ജനങ്ങളെ അവരുടെ നാശ നഷ്ടങ്ങളുടെ തോതനുസരിച്ച് എ.ബി.സി.ഡി എന്നീ തസ്തികകളായി തരംതിരിച്ചിരുന്നു സര്‍ക്കാര്‍. അതിനനുസരിച്ചാണ് അവര്‍ക്കുള്ള നഷ്ടപരിഹാരങ്ങള്‍ കൃത്യപ്പെടുത്തിയിരുന്നതും. പക്ഷേ, ഇതിനാവശ്യമായ സര്‍വെ, ഉദ്യോഗസ്ഥര്‍ സത്യസന്ധമായും കാര്യക്ഷമമായും നടത്തിയില്ല. എന്നല്ല പണവും സ്വാധീനവുമുപയോഗിച്ച് പലരും അനര്‍ഹമായ തസ്തികകള്‍ കൈപ്പറ്റുകയും ചെയ്തു. അര്‍ഹരായ ഒട്ടേറെ പേരെ ഉദ്യോഗസ്ഥന്മാര്‍ ലിസ്റില്‍നിന്നുതന്നെ ഒഴിവാക്കി. ഇതിനെ മറികടക്കാനായി ഞങ്ങള്‍ രണ്ട് താലൂക്കുകളിലായി വളരെ ശാസ്ത്രീയമായ സര്‍വെ നടത്തി റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. അദ്ദേഹത്തിനത് ഏറെ ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്തു. അതുവഴി 50 കോടിയോളം രൂപ അര്‍ഹരായ ജനങ്ങളിലേക്കെത്തിക്കാന്‍ അന്ന് ഞങ്ങള്‍ക്ക് സാധിച്ചു.
ഇന്ത്യയിലെ വര്‍ഗീയ കലാപ അനുഭവങ്ങളില്‍ ഗുജറാത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ഭരണകൂടത്തിന്റെയും അതിന്റെ തന്നെ സംവിധാനങ്ങളുടെയും സമ്പൂര്‍ണ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിയതായിരുന്നു പ്രസ്തുത കലാപം എന്നത് പോലെ തന്നെ ഇന്ന് സര്‍ക്കാറിനെയും ഉദ്യോഗസ്ഥന്മാരെയും കലാപ കേസുകള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയുമാണ്. ഇത്തരമൊരവസ്ഥ സൃഷ്ടിച്ചെടുത്തതെങ്ങനെയാണ്?
കലാപാനന്തരം 10 കോടി രൂപയുടെ വന്‍ തോതിലുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐ.ആര്‍.സി രൂപം നല്‍കിയത്. അതോടൊപ്പം രണ്ട് കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഒന്നാമതായി, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിനെക്കൊണ്ട് പരമാവധി ചെയ്യിക്കാന്‍ ശ്രമിക്കും. രണ്ടാമതായി, കലാപത്തിന് നേതൃത്വം നല്‍കിയവരെയും അതില്‍ പങ്കാളിത്തം വഹിച്ചവരെയും നിയമത്തിനു മുമ്പാകെ കൊണ്ടു വരുന്നതിനാവശ്യമായ നിയമ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകും. അമ്പതോളം എന്‍.ജി.ഒകളും ഇതര സന്നദ്ധ സംഘങ്ങളും പുനരധിവാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയില്‍ കോ-ഓര്‍ഡിനേഷനുവേണ്ടി ശ്രമിക്കുകയും ചെയ്തു.
ഒന്നരലക്ഷം രൂപയാണ് സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതന്മാര്‍ക്കാരായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഞങ്ങള്‍ മറ്റൊരാവശ്യം ഉന്നയിച്ചു. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ലഭിച്ച തുകയെങ്കിലും ചുരുങ്ങിയത് ലഭിക്കണം. ഇത് നേടിയെടുക്കാനാവശ്യമായ നിയമപോരാട്ടം വിജയം കണ്ടു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് 7 ലക്ഷം രൂപ പ്രഖ്യാപിച്ചു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തിലേക്കയച്ച നഷ്ടപരിഹാര തുകയില്‍ 50 കോടി രൂപ മോഡി ഭരണകൂടം തിരിച്ചയച്ചപ്പോള്‍ ഇരകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക യഥാര്‍ഥ അവകാശികള്‍ക്കു തന്നെ പരിപൂര്‍ണമായും ലഭ്യമാകാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പ്രത്യേക സംവിധാനം കണ്ടെത്തണം എന്നാവശ്യം ഞങ്ങള്‍ മുന്നോട്ടു വെച്ചു. കേന്ദ്രസര്‍ക്കാര്‍ അതംഗീകരിക്കുകയും അവരുടെ വിഹിതം യഥാര്‍ഥ അവകാശികള്‍ക്കു തന്നെ അതുവഴി ലഭ്യമാക്കുകയും ചെയ്തു. ഇതിലൂടെ മൂന്നര ലക്ഷം രൂപ വീതം പതിനൊന്നായിരം പേര്‍ക്ക് ലഭ്യമാക്കി. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം നേടിയെടുക്കാനുള്ള നിയമപോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുയാണ്. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിഖ് കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമായതെങ്കില്‍ 6 വര്‍ഷം കൊണ്ട് പകുതി ലഭ്യമാക്കാന്‍ ഗുജറാത്തില്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.
വിവിധ സന്നദ്ധ സംഘടനകളിലൂടെ മൊത്തം 50 കോടിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഗുജറാത്തില്‍ നടന്നത്. അതിനെക്കാള്‍ ഭീമമായ സംഖ്യ സര്‍ക്കാറിനെകൊണ്ട് ചെലവഴിപ്പിക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. മാത്രമല്ല, എടുത്തു പറയേണ്ട മറ്റൊരുകാര്യം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കലാപവേളയില്‍ കാണാതായിപോകുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായത്. പൊതുവെ കലാപവേളയില്‍ കാണാതാകുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാര ആനുകൂല്യം ബാധകമാകാറില്ല. ഞങ്ങളുടെ കണക്കുകള്‍ പ്രകാരം 500 ലേറെ പേര്‍ ഗുജറാത്ത് കലാപ സമയത്ത് കാണാതായിട്ടുണ്ട്. അവരെ കൊല്ലപ്പെട്ടവരില്‍ കണക്കാക്കി 300 പേരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം ലഭ്യമാക്കാനും സാധിച്ചു.
അതോടൊപ്പം മൊത്തം കലാപബാധിതര്‍ക്കായുള്ള സര്‍ക്കാറിന്റെ സാമ്പത്തിക സഹായ പാക്കേജ് ഇനിയും ലഭ്യമാക്കേണ്ടതുണ്ട്. അതിനായുള്ള നിയമപോരാട്ടവും ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കലാപവുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാനകാര്യം, ഗുജറാത്തിലെ വംശഹത്യയെ ഇരു സമുദായങ്ങള്‍ തമ്മിലുള്ള കലാപമാക്കി ചിത്രീകരിച്ചൊതുക്കാന്‍ മോഡി തുടക്കത്തില്‍ നന്നായി ശ്രമം നടത്തിയിരുന്നു എന്നതാണ്. പക്ഷേ, ഞങ്ങളുള്‍പ്പെടെയുള്ള പല ഗ്രൂപ്പുകളും വംശഹത്യക്ക് അങ്ങനെയൊരു മുഖം വരാതിരിക്കാന്‍ നിരന്തര ജാഗ്രത കാണിച്ചിരുന്നു. സര്‍ക്കാറിന്റെയും സംഘ്പരിവാറിന്റെയും അവരെ പിന്തുണക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെയും വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമപ്പുറം സത്യാവസ്ഥ ദേശീയ-അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമവും വിജയം കണ്ടിരുന്നു.
കടന്നാക്രമണ സ്വഭാവമുള്ള നിയമ പോരാട്ടത്തിലെ തിളക്കമുള്ള ഒരനുഭവമായിരുന്നു കലാപവുമായി ബന്ധപ്പെട്ട 2000ത്തിലധികം കേസുകളില്‍ പുനരന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മൊത്തം കലാപവുമായി ബന്ധപ്പെട്ട് 4000 ലധികം കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെടുകയുണ്ടായി. അതില്‍ പോലീസ് കൃത്യമായ ഇടപെടല്‍ നടത്തി നിര്‍വീര്യമാക്കിയും ചിലത് എഫ്.ഐ.ആറില്‍ കൃത്രിമം കാണിച്ചും രണ്ടായിരത്തിലധികം കേസുകള്‍ ക്ളോസ് ചെയ്യുകയായിരുന്നു. അത്തരം കേസുകളുടെ റെക്കോര്‍ഡുകള്‍ റീ ഓപണ്‍ ചെയ്യിക്കാന്‍ മജിസ്ട്രേറ്റില്‍നിന്ന് സ്പെഷ്യല്‍ പെര്‍മിഷന്‍ നേടിയെടുത്തു. ശേഷം ഇത്തരത്തിലുള്ള 50ഓളം കേസുകള്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ചു. കേസുകളില്‍ പോലീസിന്റെ കൈകടത്തലായിരുന്നു ഞങ്ങളുടെ പ്രധാന പരാതി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കേസുകള്‍ സംസ്ഥാനത്തിന് പുറത്ത് വിചാരണ നടത്തണം എന്ന ഞങ്ങളുടെ ആവശ്യം നേരത്തെ തന്നെ സുപ്രീം കോടതി മുമ്പാകെ ഉണ്ടായിരുന്നു. ആ ആവശ്യത്തെ ബലപ്പെടുത്തുന്നതായിരുന്നു ഈ കേസുകള്‍. ഇതിന്റെ ഫലമായി രണ്ടായിരത്തിലധികം കേസുകളില്‍ പുനരന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു. മാത്രമല്ല, അതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെയും കോടതി നിയോഗിച്ചു. ഇന്ത്യയില്‍ സമാനതകളില്ലാത്ത ഒരു സംഭവമായിരുന്നു ഇത്. ഒരിക്കല്‍ ക്ളോസ് ചെയ്ത കേസ് റെക്കോര്‍ഡുകള്‍ റീ ഓപണ്‍ ചെയ്യിക്കുകയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ഈ കേസിന്റെ പുനരന്വേഷണത്തില്‍ ധാരാളം പോലീസുദ്യോഗസ്ഥര്‍ കുടുങ്ങുകയും ചെയ്തു. ഹര്‍ഷ് മന്ദറിന്റെ ആക്ഷന്‍ എയ്ഡുമായി സഹകരിച്ചാണ് ഈ പോരാട്ടം ഞങ്ങള്‍ നടത്തിയത്.
മോഡിക്ക് അമേരിക്കന്‍ സന്ദര്‍ശനം നിഷേധിക്കപ്പെട്ടപ്പോഴും ഇത്തരമൊരിടപെടലിനെക്കുറിച്ച് കേട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്?
അമേരിക്കയുടെ നിയമ പ്രകാരം സ്വന്തം രാജ്യത്തെ പൌരന്മാരോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്ന ഭരണാധികാരിക്ക് അമേരിക്ക സന്ദര്‍ശിക്കാനുള്ള വിസ അവര്‍ അനുവദിക്കുകയില്ല. നരേന്ദ്ര മോഡിയുടെ മുസ്ലിം വിവേചന നിലപാടുകളെക്കുറിച്ച് ഞങ്ങള്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കി. പക്ഷേ, ആ റിപ്പോര്‍ട്ടിന് നിയമത്തിന്റെ പിന്‍ബലമുണ്ടായിരുന്നില്ല. അതിനിടയില്‍ അതിനൊരു നിയമപിന്‍ബലം സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആ സമയത്ത് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 150ഓളം കേസുകളില്‍ സെഷന്‍സ് കോടതിയുടെ വിധി വന്നിരുന്നു. അതില്‍ ഹിന്ദുക്കള്‍ പ്രതികളായ വിധിയുമുണ്ട്. മുസ്ലിംകള്‍ക്കെതിരായ വിധിയുമുണ്ടായിരുന്നു. അതേസമയം സര്‍ക്കാര്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. അതില്‍ ഹിന്ദുക്കള്‍ക്കെതിരായ വിധിക്കെതിരെ മാത്രമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ കോടതി രേഖകള്‍ ഞങ്ങള്‍ സംഘടിപ്പിക്കുകയും ഞങ്ങളുടെ റിപ്പോര്‍ട്ടിന്റെ നിയമ പിന്‍ബലമായി അത് സമര്‍പ്പിക്കുകയും ചെയ്തു.
ഒരു കലാപത്തില്‍ ഏറ്റവും കൂടുതല്‍ ഇരകള്‍ സൃഷ്ടിക്കപ്പെട്ട കലാപമാണ് ഗുജറാത്ത് കലാപം. ജീവിതത്തില്‍ സര്‍വവും നഷ്ടപ്പെട്ടുപോയ ആയിരക്കണക്കിന് വരുന്ന ഈ ജനസമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?
അമ്പതിലേറെ ക്യാമ്പുകളിലായി അയ്യായിരത്തിലേറെ പേര്‍ ഞെങ്ങിഞെരുങ്ങി ജീവിച്ചു കൊണ്ടിരിക്കുന്ന ഭീകരാവസ്ഥയാണ് ഇന്നും. താല്‍ക്കാലികമായി സംവിധാനിക്കപ്പെട്ടിരുന്ന ഇത്തരം ക്യാമ്പുകള്‍ ഇന്നവരില്‍ മഹാഭൂരിപക്ഷത്തിന്റെയും സ്ഥിര താമസ സംവിധാനമായിത്തീര്‍ന്നു എന്നതാണ് യാഥാര്‍ഥ്യം. അതേസമയം അവര്‍ ആഭ്യന്തര അഭയാര്‍ഥികളാണ്. കലാപങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഒരു രാജ്യത്ത് ആഭ്യന്തരമായി അഭയാര്‍ഥികളാക്കപ്പെടുന്നവരുടെ ജീവിത സുരക്ഷക്കായി അന്താരാഷ്ട്ര തലത്തില്‍ നിയമ വ്യവസ്ഥകള്‍ ഉണ്ട്. അത് കലാപത്തിന്റെ ഇരകളുടെ കാര്യത്തില്‍ നടപ്പിലാക്കിക്കാനുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത്. ചിലര്‍ക്കെല്ലാം ഐഡന്റിറ്റി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സംവിധാനം തുടങ്ങിയവ ലഭ്യമായിട്ടുണ്ട്.
ഇരകള്‍ക്ക് അവരുടെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലേ? ഇത്രയധികം ജനങ്ങള്‍ ഒരുസ്ഥലത്ത് കേന്ദ്രീകരിച്ച് താമസിക്കുന്നത് പലതരം സാമൂഹിക പ്രശ്നങ്ങള്‍ക്ക് വഴി വെക്കില്ലേ?
അങ്ങനെ തിരിച്ചു കയറിച്ചെല്ലാന്‍ പലര്‍ക്കും ഇന്നവിടെ അവരുടേതായി ഒന്നും അവശേഷിക്കുന്നില്ല. മാത്രമല്ല, പല സ്ഥലത്തും അങ്ങനെ തിരിച്ചു ചെല്ലാന്‍ പറ്റുന്ന അന്തരീക്ഷവുമല്ല. മുസ്ലിംകളെ താമസിപ്പിക്കാന്‍ സന്നദ്ധമല്ലാത്ത ഒട്ടേറെ പ്രദേശങ്ങള്‍ ഇന്ന് ഗുജറാത്തില്‍ സംഘ്പരിവാര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കലാപ കേസുകള്‍ ഇന്നതിന്റെ ഉത്തരവാദികളെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ കേസുകള്‍ പിന്‍വലിച്ചാല്‍ മടങ്ങിവരാന്‍ സമ്മതിക്കാം എന്നാണ് സംഘ്പരിവാര്‍ ആവശ്യപ്പെടുന്നത്.
ആദിവാസി-ദലിത് സമൂഹം ഉള്‍പ്പെടെ വലിയൊരു ജനസമൂഹം സംഘടിതമായാണ് ഗുജറാത്തില്‍ മുസ്ലിംകള്‍ക്കെതിരായ അക്രമപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഇത് ഗുജറാത്ത് സമൂഹത്തിന്റെ വ്യതിരിക്തമായ ചില സവിശേഷതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. വാസ്തവത്തില്‍ എന്താണ് ഗുജറാത്ത് ജനതയുടെ സാമൂഹികമായ സവിശേഷതകള്‍? കലാപാനന്തര സൊസൈറ്റിയുടെ അവസ്ഥ എന്താണ്?
ഗുജറാത്ത് അടിസ്ഥാനപരമായി ഒരു വ്യാവസായിക-കച്ചവട സമൂഹമാണ്. ഇത്രയധികം വ്യവസായ ശാലകളും തൊഴിലാളികളുമുള്ള പ്രദേശം ഇന്ത്യയില്‍ അപൂര്‍വം. അതേസമയം വലിയ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഗുജറാത്തില്‍ ഇല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസ്താവ്യമായ സാന്നിധ്യം ഗുജറാത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഗുജറാത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇടതുപക്ഷത്തിന് ഒരു എം.എല്‍.എ ഉണ്ടായത്. ബൌദ്ധിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ അപൂര്‍വമാണ്. ഇത്തരത്തിലുള്ള സാമൂഹിക ചുറ്റുപാടാവാം ഗുജറാത്തിനെ അതിവേഗം വര്‍ഗീയവല്‍ക്കരിച്ചത്.
ആദിവാസി-ദലിത് വിഭാഗങ്ങളെ വാസ്തവത്തില്‍ സംഘ്പരിവാര്‍ വിലക്കെടുക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതാണ്. അങ്ങനെയാണവര്‍ കലാപത്തില്‍ പങ്കാളികളായത്. അതേസമയം അവരിലേക്കിറങ്ങിച്ചെല്ലാനോ അവരുടെ ഭൌതിക ജീവിതത്തിന്റെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനം നടത്താനോ മുസ്ലിം സമൂഹം ഒരിക്കലും ശ്രമിച്ചിരുന്നുമില്ല. സംഘ്പരിവാര്‍ അവരുടെ ഇത്തരം മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടവര്‍ക്ക് സംഘ്പരിവാറില്‍ വലിയ വിശ്വാസവുമുണ്ടായിരുന്നു.
പക്ഷേ, കലാപാനന്തര ഗുജറാത്തിന് രണ്ട് മുഖങ്ങളുണ്ട്. ഒന്നാമത്തേത് വ്യാപകമായ വര്‍ഗീയ ധ്രുവീകരണത്തിന്റെതാണെങ്കില്‍ മറുഭാഗത്ത് ഉയര്‍ന്ന ജനാധിപത്യ ജാഗ്രതയുള്ള സിവില്‍ സൊസൈറ്റിയെയും കാണാം. സിവില്‍ സൊസൈറ്റിയുടെ നീതിബോധവും ജനാധിപത്യ ജാഗ്രതകളുമാണ് വംശഹത്യയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികളെയും പല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും നിയമത്തിനു മുമ്പാകെ കൊണ്ടുവരാന്‍ സാധിച്ചത്. നമ്മുടെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചും നിയമ വ്യവസ്ഥയെക്കുറിച്ചും വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് ഗുജറാത്തിലെ സിവില്‍ സൊസൈറ്റിയുടെ ഇടപെടലുകള്‍. ജനാധിപത്യത്തെക്കുറിച്ച നമ്മുടെ ജാഗ്രതയാണ് ജനാധിപത്യത്തെ ഫലപ്രദമായി നിലനിര്‍ത്തുന്നത് എന്ന് ഗുജറാത്ത് നമ്മെ പഠിപ്പിക്കുന്നുണ്ട്. കലാപം ഗുജറാത്ത് സമൂഹത്തെ ജനാധിപത്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രതയുള്ളവരാക്കിത്തീര്‍ത്തിട്ടുണ്ട്.
ഒരു സമൂഹം എന്ന നിലയില്‍ കലാപാനന്തര മുസ്ലിംകള്‍ വലിയൊരു സാമൂഹിക പഠന വിഷയമാണ്?
കലാപാനന്തരം ഗുജറാത്ത് മുസ്ലിംകളില്‍ ഒട്ടനവധി രൂപപരിണാമങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ അനുകൂലവും പ്രതികൂലവുമായ പ്രവണതകളും ഉണ്ട്. വലിയ സാമൂഹിക ആഘാതങ്ങള്‍ ഏതൊരു സമൂഹത്തെയും പല അര്‍ഥത്തില്‍ പരിവര്‍ത്തിപ്പിക്കും എന്നതാണ് സത്യം. 2001ലെ ഭൂകമ്പത്തിന്റെ ഒരു പ്രധാന മേഖല കച്ചായിരുന്നു. അവിടെ സലഫികള്‍ ധാരാളമുള്ള മേഖലയാണ്. ഭൂകമ്പാനന്തരം സലഫികള്‍ക്കിടയിലും കടുത്ത യാഥാസ്ഥിതികരായ ബറേല്‍വികള്‍ക്കിടയിലും സഹകരണ മനോഭാവം ശക്തമായി. ആ മേഖലയില്‍ നമ്മുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഒരു ക്യാമ്പും ബറേല്‍വികളുടെ പള്ളിയായിരുന്നു. കലാപം മുസ്ലിംകളില്‍ ഒരു പരിധിവരെ ഐക്യബോധം ഉണ്ടാക്കിയിട്ടുണ്ട്. കലാപത്തിനുശേഷം എല്ലാ മുസ്ലിം ധാരകളെയും പങ്കെടുപ്പിച്ചുകൊണ്ട് അഹ്മദാബാദില്‍ ജമാഅത്തെ ഇസ്ലാമി വലിയൊരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. തബ്ലീഗ് ജമാഅത്തു പോലും കലാപാനന്തരം വലിയ സേവന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. അഹ്മദാബാദില്‍ അവര്‍ വലിയൊരു ആശുപത്രി തന്നെ സ്ഥാപിച്ചു.
അതേസമയം ഗുജറാത്ത് മുസ്ലിംകള്‍ക്ക് വലിയ അളവില്‍ രാഷ്ട്രീയ ഉള്ളടക്കമില്ല എന്നതും വലിയൊരു പ്രശ്നമാണ്. ബറേല്‍വികളിലും ശിയാക്കളിലുമുള്ള ചില വിഭാഗങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. സമുദായത്തില്‍ തന്നെ പെട്ട മറ്റു വിഭാഗങ്ങളോട് ഇവരില്‍ വെറുപ്പ് ഉല്‍പാദിപ്പിച്ചാണ് ബി.ജെ.പി ഇതില്‍ വിജയിക്കുന്നത്. ശക്തമായ ഒരു നേതൃത്വം ഗുജറാത്ത് മുസ്ലിംകള്‍ക്കില്ലെന്നതും അപരിഹാര്യമായ പ്രശ്നം തന്നെയാണ്.
കലാപങ്ങള്‍ക്കുശേഷം മോഡി തന്നെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചും ഗുജറാത്ത് സമൂഹത്തെക്കുറിച്ചും വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നില്ലേ?
നമ്മുടെ ജനാധിപത്യത്തിന് അങ്ങനെയും ചില ദൌര്‍ബല്യങ്ങളുണ്ട്. ജര്‍മനിയില്‍ ഫാഷിസ്റ് ഹിറ്റ്ലറും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായിരുന്നു. മോഡിയുടെ ജയത്തിന് പല ഘടകങ്ങള്‍ ഉണ്ട്. ഒന്നാമതായി മോഡി മാധ്യമ പ്രചാരണം വഴി സൃഷ്ടിച്ച വികസന പ്രതിഛായയാണ്. അതോടൊപ്പം മധ്യവര്‍ഗം മോഡി മോഡലില്‍ സംതൃപ്തരാണ്. കാരണം മോഡിയുടെ ഭരണ നടപടികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അവരാണ്. വലിയൊരു ജനസമൂഹത്തിന് കലാപം വിതച്ച നാശനഷ്ടങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും കഴിയുന്നില്ല. യഥാര്‍ഥത്തില്‍ ഇന്ന് ഗുജറാത്തില്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ മറ്റൊരു കക്ഷിയില്ല എന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസിന്റേത് വളരെ ദയനീയമായ സാന്നിധ്യമാണ്. അത് തന്നെ ബി.ജെ.പി.യുടെ ബി ടീമുമാണ്. കലാപത്തില്‍ ഒട്ടനവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പ്രതികളാണ്. മോഡിയെ വെല്ലാന്‍ ഉതകുന്ന ശക്തമായൊരു നേതൃത്വവും കോണ്‍ഗ്രസിനവിടെയില്ല. ഒരുവേള ഗുജറാത്തില്‍ മോഡിയുടെ സാന്നിധ്യത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രമായി കരുതുന്നുണ്ടാകാം. ഇതേ സ്ഥലങ്ങളില്‍ ന്യൂനപക്ഷങ്ങളെയും മതേതര മനസ്സുകളെയും കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിനത് സഹായകമാകുന്നുണ്ടാകാം.
സാമൂഹിക പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോഡി ഭരണകൂടം വേട്ടയാടുന്നില്ലേ?
ഇത് ഗുജറാത്തിലെ മാത്രം പ്രശ്നമല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും ഇത്തരമൊരു വേട്ടയാടല്‍ ഏതാണ്ടെല്ലാ ഭരണകൂടങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. വലിയ ജനാധിപത്യ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തില്‍ വരെ ഇത് സംഭവിക്കുന്നില്ലേ? ജനവിരുദ്ധമായ ഭരണകൂടത്തിന് സാമൂഹിക പ്രവര്‍ത്തകരെ ഭയക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രം. മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെന്നാരോപിക്കപ്പെട്ടവര്‍ക്കു വേണ്ടി കേസ് വാദിച്ച സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ശഹീദ് അസ്മി കൊല്ലപ്പെട്ടില്ലേ? മോഡി ഭരണകൂടം സിവില്‍ സൊസൈറ്റിയില്‍ നിന്നുയരുന്ന ജനാധിപത്യപരമായ ചെറുത്തുനില്‍പ്പുകളെ വല്ലാതെ ഭയക്കുന്നുണ്ട്. ഇത് മോഡി പ്രതീക്ഷിച്ചതല്ല. ഞാന്‍ നിയമ പോരാട്ടത്തിന്റെ വഴിയില്‍ ഇറങ്ങിയതോടുകൂടി 3 കേസുകള്‍ ചുമത്തി എന്റെ മകനെ ടാഡ പ്രകാരം അറസ്റു ചെയ്തു ജയിലിലടച്ചു. ആറര വര്‍ഷത്തെ ജയില്‍ പീഡനത്തിനു ശേഷം ഈയടുത്താണ് അവനെ കോടതി മോചിപ്പിച്ചത്. ഹര്‍ഷ് മന്ദറിനെ വല്ലാതെ വേട്ടയാടി. ബല്‍കീസ് ബാനു കേസ് മുന്നോട്ട് കൊണ്ടുപോയ മുക്താറിനെ വേട്ടയാടി. ഗോധ്രയില്‍ റിലീഫ് ക്യാമ്പിനു നേതൃത്വം നല്‍കിയ മൌലവി ഉമറിനെ ഗോധ്ര കേസില്‍ കുടുക്കി.
വികസനത്തിന്റെ പേരില്‍ ആയിരങ്ങളെയാണ് മോഡി വഴിയാധാരമാക്കുന്നത്. കടുത്ത ഫാഷിസ്റ് കോട്ടകളില്‍ നിസ്സഹായരായ ജനതക്ക് പ്രതിഷേധത്തിന്റെ ഒരു നേരിയ ശബ്ദം പോലും ഉയര്‍ത്താന്‍ ധൈര്യം വരുന്നില്ല എന്ന് മാത്രം. ബംഗാളില്‍ പ്രതികരിക്കാനുള്ള അവകാശമുള്ളതുകൊണ്ട് കര്‍ഷകര്‍ ടാറ്റയുടെ കമ്പനി വരുന്നതിനെതിരെ പ്രതികരിച്ചു. അതേ ടാറ്റയെ മോഡി ഒരൊറ്റ ദിവസം കൊണ്ട് ഗുജറാത്തിലെത്തിച്ചു. ഇന്ന് ഗുജറാത്തില്‍ വികസനത്തിന്റെ ഇരകള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആളുകളില്ല എന്നതാണ് സത്യം. കാരണം എല്ലാവരും കലാപ കേസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പക്ഷേ, സമൂഹത്തിന്റെ ഈ ജനാധിപത്യപരമായ പ്രതികരണ ബോധം നാളെ വികസനത്തിന്റെ ഇരകള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്താന്‍ തുടങ്ങും.
ഗുജറാത്ത് മോഡല്‍ വികസനം എന്നൊരാശയം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വാസ്തവത്തില്‍ ഗുജറാത്തിലെ എന്ത് വികസന ചിത്രം?
വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ എന്നത് മോഡി വമ്പിച്ച മാധ്യമ പ്രൊപഗണ്ട വഴി സൃഷ്ടിച്ച ഒരു രാഷ്ട്രീയ ആയുധമാണ്. സ്വേഛാധിപത്യത്തിന്റെ ഭാഷയില്‍ മോഡി ചില വികസന നടപടികള്‍ അവിടെ അടിച്ചേല്‍പിക്കുന്നുണ്ട്. ഏകാധിപത്യത്തില്‍ വികസനത്തിന് വേഗത കൂടും എന്ന് ഹിറ്റ്ലര്‍ തെളിയിച്ചതാണ്. ഹിറ്റ്ലറുടെ ഭരണകാലത്ത് ജര്‍മനിയില്‍ വ്യവസായ പുരോഗതിയുടെ വളര്‍ച്ചാ നിരക്ക് 200 ശതമാനം ആയിരുന്നു. അത് നമുക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. ആയിരങ്ങളെ പെരുവഴിയിലാക്കി ചില വന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ മോഡി കൂടുതല്‍ വേഗതയുള്ളയാളാണ്. അതോടൊപ്പം ഫാഷിസ്റ് ശൈലി പ്രയോഗിച്ച് ഭരണകൂട സംവിധാനങ്ങളെ കൂടുതല്‍ അച്ചടക്കമുള്ളതാക്കാനും മോഡിക്ക് കഴിഞ്ഞു. അതേസമയം ഗുജറാത്ത് മോഡിക്ക് മുമ്പ് തന്നെ വമ്പിച്ച വ്യവസായിക കച്ചവട സമൂഹമാണ്. വലിയ സാമ്പത്തിക പരാധീനതകള്‍ ആ സമൂഹത്തെ ഒരിക്കലും അലട്ടിയിരുന്നില്ല. ഇന്നത്തെ ഗുജറാത്തിന്റെ സൂക്ഷ്മതല അവലോകനത്തിന് മാധ്യമങ്ങള്‍ സന്നദ്ധമായാല്‍ യഥാര്‍ഥ ചിത്രം മനസ്സിലാകും. ദരിദ്ര-സമ്പന്ന സമൂഹങ്ങള്‍ക്കിടയിലെ വിടവ് ഗുജറാത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഗ്രാമീണ-കാര്‍ഷിക ജനതയുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയില്‍ തന്നെയാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നതായി സര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് വിദേശ നാടുകളില്‍നിന്ന് വലിയ മൂലധന നിക്ഷേപങ്ങള്‍ ഗുജറാത്തിലേക്ക് വരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥര്‍ ഗുജറാത്തിലേക്ക് വരാന്‍ സന്നദ്ധരാകുന്നുമില്ല. ഗ്രാമീണ കര്‍ഷക ജനതയുടെ ദുരിതങ്ങള്‍ കാണാന്‍ കൂട്ടാക്കാത്ത നമ്മുടെ മാധ്യമ സംസ്കാരമാണ് മോഡിയുടെ വലിയൊരു തണല്‍.
ഗുജറാത്ത് കലാപ കേസുകളുമായി ബന്ധപ്പെട്ട മറ്റൊരു വലിയ സാന്നിധ്യം ടീസ്റ സെറ്റല്‍വാദിന്റേതാണ്. അതേസമയം അവര്‍ ജമാഅത്തെ ഇസ്ലാമിയെ നിരന്തരമായി വിമര്‍ശിക്കാറുണ്ട്. ടീസ്റയും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്താണ്?
ഗുജറാത്ത് കലാപാനന്തരം നാല്‍പതോളം സന്നദ്ധ സംഘടനകള്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് പുനരധിവാസ-നിയമ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. അതില്‍ പല മത ഗ്രൂപ്പുകളും മതേതര ഗ്രൂപ്പുകളുമുണ്ടായിരുന്നു. കലാപത്തിന്റെ 2 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടീസ്റ ഗുജറാത്തില്‍ വരുന്നത്. ഈ സംഘടനകള്‍ ചേര്‍ന്ന് പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ അസോസിയേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസി എന്ന പേരില്‍ ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ടീസ്റ ഉള്‍പ്പെടെ ചെറിയൊരു അള്‍ട്രാ സെക്കുലര്‍ വിഭാഗം ഇതില്‍ നിസ്സഹകരിച്ചു. മതമൌലികവാദികളോടൊപ്പം ചേരില്ല എന്നായിരുന്നു അവരുടെ മറു വാദം. എന്നാല്‍ എ.ഡി.ഡിയില്‍ സെക്യുലറിസ്റുകളും മത ഗ്രൂപ്പുകളും ധാരാളമായി ഉണ്ട്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ ഒട്ടനവധി ഭിന്ന വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നവയാണ് ഗുജറാത്തിലെ ഈ 40 ഓളം സന്നദ്ധ സംഘടനകള്‍. അതേസമയം ഗുജറാത്തിലെ കലാപവുമായി ബന്ധപ്പെട്ട് ഒരുമിച്ച് മുന്നേറുക എന്നതായിരുന്നു എല്ലാവരും പൊതുവെ പാലിച്ചുപോരുന്ന പെരുമാറ്റാചട്ടം. എന്നാല്‍ ടീസ്റ ഇത് പാലിച്ചില്ല. അവര്‍ ജമാഅത്തെ ഇസ്ലാമിയുമായി മാത്രമല്ല ഗുജറാത്തില്‍ ഏതാണ്ടെല്ലാ സന്നദ്ധ സംഘടനകളുമായും നിരന്തര സംഘര്‍ഷത്തിലാണ്. ഊഷ്മളമായ പ്രവര്‍ത്തന ബന്ധം ആരുമായുമില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, ഞങ്ങള്‍ അതിനൊന്നും പ്രതികരിക്കാന്‍ മിനക്കെടാറില്ല. കാരണം അതല്ല അവിടത്തെ അവസ്ഥ. മുംബൈ കലാപവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാത്ത ടീസ്റ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വമ്പിച്ച മാധ്യമ പിന്തുണയോടെ നടത്തിയ ചില ഇടപെടലുകള്‍ ഗുജറാത്തിലെ സന്നദ്ധ സംഘടനകള്‍ തന്നെ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. മൊത്തം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടത്തില്‍ ചെറിയൊരു ശ്രമം മാത്രമാണ് ടീസ്റയുടേത്. ഉയര്‍ന്ന മാധ്യമ ശ്രദ്ധ അതിനു ലഭിച്ചു എന്നുമാത്രം.
ടീസ്റ ഏറ്റവുമധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമായിരുന്നു ബെസ്റ് ബേക്കറി കേസ്. അതിലെന്താണ് സംഭവിച്ചത്?
ബറോഡയിലെ ഒരു പ്രാദേശിക കൂട്ടായ്മയായിരുന്നു ബെസ്റ് ബേക്കറി കേസ് ആദ്യത്തില്‍ കൈകാര്യം ചെയ്തിരുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നുറുകണക്കിനു കേസുകളില്‍ ഒരു കേസു മാത്രമാണിത്. അവരുടെ അനുഭവക്കുറവും അവിടത്തെ ചില മുസ്ലിം നേതാക്കളുടെ അറിവില്ലായ്മയും കൊണ്ട് ആ കേസ് ദുര്‍ബലമായി. അതില്‍ പലരും ഉദ്യോഗസ്ഥരില്‍നിന്നും പോലീസുകാരില്‍ നിന്നും പ്രതികളില്‍നിന്നും പണം കൈപ്പറ്റി. കേസിലെ മുഖ്യവാദിയായ സാഹിറ ശൈഖിനു പിന്നീടിത് മനസ്സിലായപ്പോള്‍ അവര്‍ അവരെയൊക്കെയും കൈയൊഴിഞ്ഞു. പിന്നീടാണ് ആ കേസ് ടീസ്റ ഏറ്റെടുക്കുന്നത്. അതോടെ ടീസ്റക്ക് വമ്പിച്ച മാധ്യമ ശ്രദ്ധ ലഭിച്ചു. പിന്നീട് സാഹിറാ ശൈഖിന് ടീസ്റയുമായും ഒട്ടനവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. ടീസ്റ തന്റെ പേരില്‍ മാധ്യമ ശ്രദ്ധ നേടിയെടുക്കുകയും ഫണ്ട് നേടിയെടുക്കുകയുമാണെന്നും അതിന് തന്നെ ഒരു ഉപകരണമാക്കുക മാത്രമാണെന്നുമായിരുന്നു സാഹിറാ ശൈഖിന്റെ പ്രധാന ആരോപണം. ഇപ്പോള്‍ ടീസ്റയുടെ ഗുജറാത്തിലെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകന്‍ റഈസ് ഖാനുമായി നരോദ പാട്യയിലെ ഒരു കേസുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. വാസ്തവത്തില്‍ റഈസ് ഖാനാണ് ടീസ്റയെ ഗുജറാത്തില്‍ കൊണ്ടുവരുന്നതും ഏറെക്കാലം കൊണ്ടുനടന്നതും. ഇവര്‍ തമ്മിലുള്ള പ്രശ്നം കോടതി വരെ എത്തിയിരിക്കുന്നു. ടീസ്റയുടെ നിലപാടുകള്‍ ആത്യന്തികമായി ആരെയാണ് സഹായിക്കുന്നത്? അവര്‍ തന്നെയാണ് പുനരാലോചിക്കേണ്ടത്.