Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

ഇസ്ലാമിസ്റുകളും തെരഞ്ഞെടുപ്പും
ഡോ. അബ്ദുസ്സലാം വാണിയമ്പലം
2003 മാര്‍ച്ചില്‍ അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ ഒരു പ്രതിനിധിസംഘം ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ കണ്ട് ചര്‍ച്ച നടത്തി. മധ്യപൌരസ്ത്യ ദേശത്തെ ജനാധിപത്യമായിരുന്നു ചര്‍ച്ചാ വിഷയം. അമേരിക്കയിലേക്ക് മധ്യപൌരസ്ത്യദേശത്ത് നിന്ന് ഭീകരത കയറ്റുമതി ചെയ്യപ്പെടുന്നതിന്റെ കാരണം മധ്യപൌരസ്ത്യദേശങ്ങളില്‍ ജനാധിപത്യമില്ലായ്മയാണെന്ന ജോര്‍ജ് ബുഷിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. പ്രതിനിധിസംഘത്തിലുണ്ടായിരുന്ന തലമുതിര്‍ന്ന അംഗം ജോസഫ് മൈക്കിള്‍ 2003 ഏപ്രില്‍ 23-ന് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. അതിങ്ങനെയായിരുന്നു: ഹുസ്നി മുബാറക്കുമായി മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു ആ കൂടിക്കാഴ്ച. എല്ലാം കേട്ട ശേഷം മുബാറക് ചോദിച്ചു: മധ്യ പൌരസ്ത്യദേശത്ത് ജനാധിപത്യം വന്നാല്‍ ഡമോക്രാറ്റുകള്‍ അധികാരത്തില്‍ വരുമെന്നാണോ അമേരിക്കക്കാര്‍ വിചാരിക്കുന്നത്? എന്നിട്ടദ്ദേഹം തന്നെ ആ ചോദ്യത്തിനുത്തരം പറഞ്ഞു: ജനാധിപത്യം വന്നാല്‍ കയ്റോയിലും അമ്മാനിലും രിയാദിലും ഫലസ്ത്വീനിലും ഇഖ്വാനായിരിക്കും അധികാരത്തില്‍ വരിക.
2002 മുതല്‍ 2005 വരെ മുസ്ലിം ലോകത്ത് നടന്ന തെരഞ്ഞെടുപ്പുകള്‍ മുബാറക്കിന്റെ ഉത്തരത്തെ ശരിവെച്ചു. ഈജിപ്ത്, മൊറോക്കോ, അള്‍ജീരിയ, ബഹ്റൈന്‍, തുര്‍ക്കി, പാകിസ്താന്‍, ബംഗ്ളാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലൊക്കെ ഇസ്ലാമിസ്റുകള്‍ വമ്പിച്ച വിജയം നേടിയെടുത്തു. ഫലസ്ത്വീനില്‍ 132-ല്‍ 80 സീറ്റ് നേടിയാണ് പോരാട്ട പ്രസ്ഥാനമായ ഹമാസ് അധികാരത്തിലെത്തിയത്. അധിനിവിഷ്ട ഫലസ്ത്വീനില്‍ ഇസ്ലാമിസ്റുകള്‍ അധികാരത്തിലെത്തിയ ആദ്യ അത്ഭുതമായിരുന്നു അത്. 150 സീറ്റുകളില്‍ മാത്രം മത്സരിച്ച ഇഖ്വാന്‍ ഈജിപ്തില്‍ 88 സീറ്റ് നേടി. ബംഗ്ളാദേശില്‍ ജമാഅത്തെ ഇസ്ലാമി 18 സീറ്റില്‍ വിജയിക്കുകയും ഖാലിദാ സിയയുടെ മന്ത്രിസഭയില്‍ 3 കാബിനറ്റ് പദവി നേടിയെടുക്കുകയും ചെയ്തു. ബഹ്റൈനില്‍ ഇഖ്വാനികളും സലഫികളും ചേര്‍ന്ന് 19 സീറ്റ് നേടി. തുര്‍ക്കിയില്‍ 363 സീറ്റോടെയാണ് ഉര്‍ദുഗാന്‍ അധികാരത്തിലേറിയത്. മൊറോക്കോയില്‍ 46 സീറ്റും അള്‍ജീരിയയില്‍ 52 സീറ്റും ഇസ്ലാമിസ്റുകള്‍ നേടി. പാകിസ്താനില്‍ ജമാഅത്തെ ഇസ്ലാമിയും സലഫികളും ജംഇയ്യത്തുല്‍ ഉലമയും ചേര്‍ന്നുള്ള സഖ്യം 68 സീറ്റും ഒരു പ്രവിശ്യയുടെ ഭരണവും നേടി.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ ചിത്രം മാറി. ബംഗ്ളാദേശില്‍ 18-ല്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയുടെ സീറ്റ് രണ്ടായി കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഹസീനാ വാജിദിന്റെ പാര്‍ട്ടി ഇസ്ലാമിസ്റുകളെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ നടത്തിയ വൃത്തികെട്ട കളികള്‍ വിജയിച്ചു. ഇന്നിപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒമ്പതിനായിരത്തില്‍ പരം പ്രവര്‍ത്തകര്‍ ഹസീനയുടെ ജയിലുകളിലാണ്. കുവൈത്തില്‍ ഇഖ്വാന്റെ സീറ്റുകള്‍ 6-ല്‍ നിന്ന് ഒന്നായി ചുരുങ്ങി. ഗോത്ര പക്ഷപാതിത്വം ഇളക്കിവിട്ടുകൊണ്ടാണ് ഗവണ്‍മെന്റ് ഒത്താശയോടെ അവിടെ ഇസ്ലാമിസ്റുകളെ നിലം പരിശാക്കിയത്. ബഹ്റൈനില്‍ കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ 8-ല്‍ നിന്ന് ഇഖ്വാന്റെ അംഗസംഖ്യ ഒന്നിലേക്ക് ചുരുങ്ങിയത് സഖ്യത്തിലായിരുന്ന ഇഖ്വാനും സലഫികള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കിയും ഗോത്ര പക്ഷപാതിത്വം ആളിക്കത്തിച്ചും പണം വാരിയെറിഞ്ഞുമായിരുന്നു. ബഹ്റൈനില്‍ നടന്ന ഒരു പഠനം വെളിപ്പെടുത്തിയത് വോട്ടര്‍മാരില്‍ 41 ശതമാനം ഗോത്രപരിഗണനകള്‍ വെച്ചും 28 ശതമാനം പണത്തിനും വേണ്ടിയാണ് ഇത്തവണ വോട്ടുരേഖപ്പെടുത്തിയതെന്നാണ്. 5 ശതമാനം മാത്രമാണ് രാഷ്ട്രീയ നിലപാടുകള്‍ പരിഗണിച്ച് വോട്ടുചെയ്തത്.
ഈ ജനാധിപത്യ ഹാസ്യനാടകത്തിലെ ഒടുവിലത്തെ രംഗമാണ് കഴിഞ്ഞ മാസം നടന്ന ഈജിപ്ഷ്യന്‍ തെരഞ്ഞടുപ്പില്‍ ഹുസ്നി മുബാറക്ക് ആടിത്തകര്‍ത്തത്. 83 ശതമാനം സീറ്റ് നേടി മുബാറക് വിജയിച്ചു. 88 സീറ്റുണ്ടായിരുന്ന ഇഖ്വാന് വട്ടപൂജ്യം. വോട്ടിംഗ് ശതമാനം വെറും പതിനഞ്ച്. 2005-ലെ തെരഞ്ഞെടുപ്പില്‍ കോടതിയുടെ ഇടപെടലുണ്ടായതായിരുന്നു 88 സീറ്റെങ്കിലും നേടാന്‍ ഇഖ്വാനെ സഹായിച്ചത്. 2007-ലെ ഭരണഘടനാ ഭേദഗതിയിലൂടെ കോടതിയുടെ ആ അധികാരം മുബാറക് ഭരണകൂടം എടുത്തുകളഞ്ഞു, ഈ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്. കൃത്രിമം നടന്നുവെന്ന് പറയുന്നത് ഇഖ്വാന്‍ മാത്രമല്ല ഈജിപ്തിലെ വഫ്ദ്, തജമ്മുഅ്, നാസിറിസ്റുകള്‍ തുടങ്ങി എല്ലാവരുമാണ്. അതുകൊണ്ട് രണ്ടാംഘട്ട വോട്ടെടുപ്പ് അവര്‍ ബഹിഷ്കരിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂനിയനും അമേരിക്കയും പോലും തെരഞ്ഞെടുപ്പ് കൃത്രിമത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
എന്തുകൊണ്ടിങ്ങനെയെന്ന് ചോദിക്കരുത്. ഇതിങ്ങനെയേ ആകൂ. കാരണം ഇസ്ലാമിസ്റുകള്‍ ഒരിക്കലും തെരഞ്ഞെടുപ്പിലൂടെ അധികാര കേന്ദ്രങ്ങളിലേക്ക് ജയിച്ചുകയറി സ്വാധീനമുറപ്പിക്കരുത് എന്ന് തീരുമാനിച്ചിട്ടുള്ളത് ഏതെങ്കിലും ലോക്കല്‍ നേതാക്കളും പാര്‍ട്ടികളുമല്ല, ഇന്ന് ലോകത്തെ തന്നെ ഭരിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേലാണ്. അമേരിക്കയെയും ഇന്ത്യയുള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളിലെ നല്ലൊരു ശതമാനം പാര്‍ട്ടികളെയും നേതാക്കളെയും, മിക്ക മുസ്ലിം രാജ്യങ്ങളിലെയും ഭരണകൂടങ്ങളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ കനിയാത്തേടത്തോളം കാലം ഇസ്ലാമിസ്റുകളുടെ രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയേല്‍പ്പിച്ചുകൊണ്ടിരിക്കും.
24/3/2010-ന് ജറുസലം പോസ്റ്, മുന്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസിന്റെ ഉപദേശകന്‍ റോഥ് വാമ്പര്‍മാന്‍ തയാറാക്കിയ ഒരു പഠനം പ്രസിദ്ധീകരിച്ചു. ഈജിപ്തില്‍ ഇഖ്വാന്‍ അധികാരത്തിലെത്തിയാല്‍ അത് ഇസ്രയേലിന്റെ നിലനില്‍പ്പിന് അപകടമാണെന്നും അമേരിക്കയെ ഉപയോഗിച്ച് മുബാറക്കിനെക്കൊണ്ട് ഇഖ്വാനെ ഒതുക്കണമെന്നുമായിരുന്നു പഠനത്തിന്റെ പൊരുള്‍.
ഇസ്ലാമിനെ ആര്‍ക്കാണ് പേടി?
ഇസ്ലാമിസ്റുകളുടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പുതിയ അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ല. ജാഹിലിയ്യത്തുമായുള്ള സമരത്തിന്റെ സ്വാഭാവിക പരിണാമങ്ങള്‍ മാത്രമാണത്. കാരണം, ഇസ്ലാമും ജാഹിലിയ്യത്തും തമ്മിലുള്ള സമരത്തിന്റെ മര്‍മം രാഷ്ട്രീയം തന്നെയാണ്.
രാഷ്ട്രീയമാണ് ഇസ്ലാമിസ്റുകള്‍ക്ക് വലിയ പരീക്ഷണങ്ങള്‍ വരുത്തിവെക്കുന്നത് എന്ന് ഗുണകാംക്ഷയോടെ നിരീക്ഷിക്കുന്നവരുണ്ട്. അത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സ്വയം വരുത്തിവെക്കുന്നൊരു വിനയായിട്ടാണവര്‍ കാണുന്നത്. യഥാര്‍ഥത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയല്ല, ഇസ്ലാമിന്റെ തന്നെയല്ലേ പ്രശ്നം? ജാഹിലിയ്യത്ത് പ്രവാചകന്റെ കാലത്തും ഇസ്ലാമിനെ എതിര്‍ത്തത് അതിന്റെ രാഷ്ട്രീയാംശം മനസ്സിലാക്കിയിട്ടു തന്നെയാണ്. കാരണം അവിടുന്ന്, ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞാല്‍ ലഭിക്കാന്‍ പോകുന്ന അധികാരത്തെപ്പറ്റി അന്നേ പറഞ്ഞുകഴിഞ്ഞിരുന്നു. 'അവര്‍ ഒരു വാക്ക് പറയണമെന്നേ എനിക്കുള്ളൂ. അതു പറഞ്ഞു കഴിഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും. അനറബികളില്‍ നിന്നവര്‍ക്ക് നികുതിവരും' എന്നാണല്ലോ നബി(സ) പറഞ്ഞത്. ഇസ്ലാമിനെ പരിചയപ്പെടുത്തി പ്രവാചകനയച്ച കത്ത് വായിച്ച രാജാവ് തന്റെ അധികാരം നഷ്ടപ്പെടാന്‍ പോകുന്നു എന്നു ദീര്‍ഘവീക്ഷണം ചെയ്തത് ഇസ്ലാമിനെപ്പറ്റി ഇന്നു പല മുസ്ലിംകള്‍ക്കും മനസ്സിലായിട്ടില്ലാത്തത് മനസ്സിലാക്കിയതുകൊണ്ടുതന്നെയായിരുന്നു.
സാമ്രാജ്യത്വം മിക്കപ്പോഴും മുസ്ലിം ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ കാരണം, ഇസ്ലാമിന് ഇങ്ങനെയൊരു രാഷ്ട്രീയമുണ്ടെന്നതല്ലാതെ മറ്റെന്താണ്? ഇന്നും ഇസ്ലാം ലോകം മുഴുവന്‍ വേട്ടയാടപ്പെടുന്നതിന്റെ കാരണവും ഒന്നേയുള്ളൂ- അതിന്റെ രാഷ്ട്രീയം. അരാഷ്ട്രീയമില്ലാത്ത ഇസ്ലാമിനെ ആര്‍ക്കാണ് പേടി? അധികാരം ജാഹിലിയ്യത്തിന്റെ കൈയിലുള്ളേടത്തോളം കാലം നിങ്ങള്‍ ഒരു ദൈവത്തെ മാത്രം വിളിച്ചുപ്രാര്‍ഥിക്കുന്നതിനെ അവരെന്തിന് ഭയപ്പെടണം? അങ്ങനെ നിങ്ങള്‍ മരിച്ചു സ്വര്‍ഗത്തില്‍ പോയാല്‍ അവര്‍ക്കെന്തു നഷ്ടം?
എന്നാല്‍ അധികാരത്തില്‍ നന്മയും നീതിയും സ്വാധീനം ചെലുത്താന്‍ തുടങ്ങിയാല്‍ ജാഹിലിയ്യത്തിനു പലതും നഷ്ടപ്പെടാനുണ്ട്. അതുകൊണ്ട് ഇസ്ലാമിസ്റുകളുടെ രാഷ്ട്രീയ സാന്നിധ്യത്തെ നശിപ്പിക്കേണ്ടത് അവരുടെ നിലനില്‍പിന്റെ പ്രശ്നമാണ്. ആ പോരാട്ടത്തെ അവര്‍ ജീവന്മരണ പോരാട്ടമായിത്തനെയാണ് കാണുക.
തുര്‍ക്കിയിലെ ഇസ്ലാമിസ്റുകളുടെ വിജയങ്ങള്‍ പലപ്പോഴും മാതൃകയായി പറയപ്പെടാറുണ്ട്. പക്ഷേ, അതു ഇസ്ലാമിസ്റുകളുടെ സ്ട്രാറ്റജിയുടെ വിജയം മാത്രമല്ല, അവിടത്തെ ജനങ്ങളുടെ ഉദ്ബുദ്ധത കൊണ്ടുകൂടിയാണ്. യൂറോപ്യന്‍ മാന്യതയുണ്ട് ആ രാജ്യത്ത്. അത് രാഷ്ട്രീയത്തിലുമുണ്ട്. ശത്രുക്കളും മാന്യത കൈവിടാത്തതുകൊണ്ട് മാന്യമായ രാഷ്ട്രീയ ഏറ്റുമുട്ടലുകളാണവിടെ നടക്കുന്നത്. പൌരന്മാരെ പണം കൊടുത്തും പേടിപ്പിച്ചും പ്രലോഭിപ്പിച്ചും വിലക്കെടുക്കാനും പരിമിതികളുണ്ട്. താരതമ്യേന സുതാര്യമായ ആ രാഷ്ട്രീയ പരിസരം നന്മയുടെ രാഷ്ട്രീയത്തെ വിജയിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഇതുവരെ പറഞ്ഞതില്‍, ഇന്ത്യയില്‍ നന്മയുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവര്‍ക്കും വേണ്ടുവോളം പാഠങ്ങളുണ്ട്. ജാഹിലിയ്യത്തുമായുള്ള പോരാട്ടത്തില്‍ കാലിടറുന്ന, കരളുറപ്പില്ലാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടതന്നെയായിരിക്കും. ജാഹിലിയ്യത്തുമായുള്ള പോരാട്ടം അതിന്റെ പാരമ്യതയിലെത്തുന്നത് രാഷ്ട്രീയ പോരാട്ടത്തില്‍ തന്നെയാണെന്നു തിരിച്ചറിയുന്നവരോ, കച്ച മുറുക്കിയെടുത്ത് രണാങ്കണത്തിലേക്ക് സ്വയം എടുത്തുചാടി ചരിത്രത്തിലിടം നേടും. ഈ യാഥാര്‍ഥ്യബോധമാണ് ഈയടുത്ത് തെരഞ്ഞെടുപ്പ് പരാജയങ്ങളെ ഏറ്റുവാങ്ങിയ ബംഗ്ളാദേശിലെയും ഈജിപ്തിലെയും കുവൈത്തിലെയും ബഹ്റൈനിലെയുമൊക്കെ ഇസ്ലാമിസ്റുകളെ പിടിച്ചു നിര്‍ത്തുന്നത്. സീറ്റുകളല്ല വിജയം എന്നവര്‍ക്കുറപ്പുണ്ട്. തെരഞ്ഞെടുപ്പിനെ തങ്ങളുടെ സന്ദേശമെത്തിക്കാനുള്ള മികച്ച മാധ്യമമായി അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു. ആ വിജയം സീറ്റുകളുടെ വിജയത്തേക്കാള്‍ എത്രയോ വലുതാണ്.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly