ഐവറി കോസ്റിലെ പ്രതിസന്ധി
രണ്ട് പ്രസിഡന്റുമാരുള്ള രാജ്യം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ- ഐവറികോസ്റ്. ഒരാള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റയാളാണ്. പക്ഷേ പദവി വിട്ടൊഴിയാന്‍ കൂട്ടാക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചയാള്‍ സൈന്യമോ പോലീസോ മറ്റു ഭരണകൂട മെഷിനറികളോ ഒന്നുമില്ലാതെ പ്രസിഡന്റായി സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തിരിക്കുന്നു. തോറ്റിട്ടും പ്രസിഡന്റ് പദവിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നയാളുടെ പേര് ലോറന്‍ ജബാജബോ. ജയിച്ചിട്ടും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എത്താന്‍ കഴിയാത്തയാളുടെ പേര് അല്‍ ഹസന്‍ ഒത്താര. 54.1 ശതമാനം വോട്ട് നേടിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അല്‍ ഹസന്‍ വിജയിച്ചത്. ഇത് അംഗീകരിക്കാത്ത ലോറന്‍ താന്‍ 51.45 ശതമാനം വോട്ട് നേടിയതായി വാദിക്കുന്നു. യു.എന്‍, അമേരിക്ക, ആഫ്രിക്കന്‍ ഐക്യവേദി, ലോക ബാങ്ക് തുടങ്ങി സകലരും സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടും ലോറന്‍ വഴങ്ങുന്നില്ല.
ഇത്രയുമാണ് പത്രങ്ങളില്‍ കാണുന്ന വാര്‍ത്ത. പ്രശ്നത്തിന്റെ ഉള്ളറകളിലേക്ക് ആരും കടക്കുന്നില്ല. 1960-ല്‍ ഫ്രഞ്ചുകാരില്‍നിന്ന് സ്വാതന്ത്യ്രം നേടുമ്പോഴേ രാജ്യത്തിന്റെ വടക്കും തെക്കും ഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. വടക്കന്‍ മേഖലയില്‍ ഭൂരിപക്ഷം മുസ്ലിംകള്‍ക്കാണ്. തെക്കന്‍ മേഖലയില്‍ സ്വാധീനം ക്രിസ്ത്യാനികള്‍ക്കും. മുസ്ലിംകള്‍ 60 ശതമാനം, കത്തോലിക്കര്‍ 20 ശതമാനം, പ്രൊട്ടസ്റന്റ് 5 ശതമാനം, വിഗ്രഹാരാധകര്‍ 15 ശതമാനം എന്നിങ്ങനെയാണ് ഐവറികോസ്റിലെ ജനസംഖ്യാനുപാതമെങ്കിലും, മുസ്ലിംകള്‍ അധിവസിക്കുന്ന വടക്കന്‍ മേഖല എല്ലാ അര്‍ഥത്തിലും തഴയപ്പെടുകയായിരുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ക്രിസ്ത്യന്‍ മിഷനറിമാരുടെയും സഹായത്തോടെ ഭരണത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവ വിഭാഗം പിടിമുറുക്കി. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഇവിടെ നടക്കാറില്ല. ഒരു മുസ്ലിം ഇതേവരെ ഭരണാധികാരി ആയിട്ടുമില്ല.
2005-ല്‍ നടക്കുമെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണ് ആറു തവണ നീട്ടിയ ശേഷം ഇപ്പോള്‍ നടന്നത്. ജയിച്ചതാകട്ടെ വടക്കന്‍ മേഖലയില്‍നിന്നുള്ള അല്‍ഹസന്‍ ഒത്താര എന്ന മുസ്ലിമും. സൈന്യവും മീഡിയയും ഉള്‍പ്പെടെ സകല ഭരണ സംവിധാനങ്ങളും തോറ്റ പ്രസിഡന്റ് ലോറന്റെ കൂടെ നില്‍ക്കാനുള്ള ഒരു കാരണമതാണ്. പക്ഷേ, പാശ്ചാത്യര്‍ ഇത്തവണ ജയിച്ച പ്രസിഡന്റിന്റെ കൂടെ നില്‍ക്കുന്നുണ്ടെന്ന വ്യത്യാസമുണ്ട്. അത് ജനാധിപത്യത്തോടുള്ള സ്നേഹം കൊണ്ടല്ലെന്നും പുതിയ സാഹചര്യത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഒത്താര ആയതുകൊണ്ടാണെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഏതായാലും ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ് ഈ രാഷ്ട്രം. എണ്ണയുടെ വന്‍ശേഖരമുള്ള ഈ ആഫ്രിക്കന്‍ രാഷ്ട്രത്തില്‍ പിടിമുറുക്കാന്‍ ഫ്രാന്‍സും അമേരിക്കയും നടത്തുന്ന കിടമത്സരവും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഇനി കൊമ്പ് കോര്‍ക്കുന്നത് അബ്ബാസും ദഹ്ലാനും
'ആഭിചാരം ആഭിചാരകനെ തിരിഞ്ഞടിക്കുന്നു' എന്നൊരു പ്രയോഗമുണ്ട് അറബിയില്‍. അതാണ് ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കാര്യത്തില്‍ സംഭവിച്ചത്. 2002-ല്‍ അന്നത്തെ ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് യാസിര്‍ അറഫാത്തിനെ വിദേശ സഹായത്തോടെ അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ് ഈ മഹ്മൂദ് അബ്ബാസ്. അട്ടിമറിക്ക് അബ്ബാസിന്റെ വലംകൈയായി നിന്നത് ഫത്ഹ് കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് ദഹ്ലാനാണ്. ഗസ്സയിലെ ഹമാസ് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതും അബ്ബാസ്-ദഹ്ലാന്‍ സഖ്യം തന്നെ.
ഇപ്പോഴിതാ എന്തിനും മടിക്കാത്ത ദഹ്ലാന്‍ തന്റെ 'ഗുരു'വിനെതിരെ തിരിഞ്ഞിരിക്കുന്നു. നാലഞ്ച് മാസമായി ഇസ്രയേലുമായി നേരിട്ടോ അല്ലാതെയോ നടക്കുന്ന ഏത് ചര്‍ച്ചകളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുവരികയായിരുന്നു ദഹ്ലാന്‍. ഇസ്രയേലുമായി ഉറ്റ ചങ്ങാത്തമുള്ള ദഹ്ലാന്റെ ഈ ഇളകിയാട്ടം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഇത് ഇസ്രയേലിനോടുള്ള കലികൊണ്ടല്ലെന്നും അബ്ബാസിനെ പുറത്താക്കാനുള്ള ഒരടവ് മാത്രമാണെന്നും പിന്നീടാണ് വെളിപ്പെട്ടത്.
ആ സമയം ദഹ്ലാന്‍ അണിയറയില്‍ ചില സമര്‍ഥമായ നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അബ്ബാസിന്റെ സ്ഥാനത്ത് ഡോ. നാസ്വിര്‍ അല്‍ ഖുദ്വ എന്നയാളെ കൊണ്ടുവരാനായിരുന്നു രഹസ്യ നീക്കം. അറഫാത്തിന്റെ സഹോദരിയുടെ പുത്രനായ നാസ്വിര്‍, വാഷിംഗ്ടണിലും മറ്റും പി.എല്‍.ഒയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അബ്ബാസിന് വയസ്സായി, നിങ്ങളുടെ പദ്ധതികളൊന്നും അയാളെക്കൊണ്ട് ഏറ്റെടുക്കാനാവില്ല, നിങ്ങളുടെ ഏത് പ്ളാനും വേണ്ടവിധം ഞാന്‍ നടപ്പാക്കിത്തരാം എന്നൊക്കെ ദഹ്ലാന്‍ ഒബാമക്കും നെതന്യാഹുവിനും നിരന്തരം കത്തെഴുതിക്കൊണ്ടുമിരുന്നു.
ഡോ. നാസ്വിര്‍ ഖുദ്വയെ മുമ്പില്‍ നിര്‍ത്തി അധികാരം പിടിച്ചെടുക്കുകയും പിന്നീട് അദ്ദേഹത്തെ പുറന്തള്ളുകയുമായിരുന്നു ദഹ്ലാന്റെ ലക്ഷ്യമെന്ന് വ്യക്തമായിട്ടുണ്ട്. ഗൂഢാലോചന പുറത്ത് വന്നതോടെ അബ്ബാസ് അത്യന്തം ക്ഷുഭിതനാണ്. താന്‍ ദഹ്ലാനുമായി നടത്തിയ സംഭാഷണത്തിന്റെ സി.ഡി നാസ്വിര്‍ അബ്ബാസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. അബ്ബാസ് ദഹ്ലാനെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടു പോവുകയാണ്. മര്‍മപ്രധാന സ്ഥാനങ്ങളില്‍ ദഹ്ലാന്‍ അനുകൂലികളെ നീക്കം ചെയ്തു. ദഹ്ലാന്റെ വലംകൈയായ റശീദ് അബൂ ശബാക്കിനെതിരെ സാമ്പത്തിക തിരിമറിക്ക് കേസെടുത്തു. ദഹ്ലാന്‍ വിദേശ രാജ്യങ്ങളില്‍ പോകുന്നത് വിലക്കിയിരുന്നെങ്കിലും, ഈജിപ്ത് ഇടപെട്ടതുകൊണ്ട് അതില്‍ ചില്ലറ ഇളവ് വരുത്തിയിട്ടുണ്ട്. സകല ക്ഷുദ്ര ശക്തികളുമായും കൈകോര്‍ത്ത് ഫലസ്ത്വീന്‍ വിമോചനസമരത്തെ ഒറ്റിക്കൊടുക്കുന്ന ദഹ്ലാന്ന് (ഒപ്പം അബ്ബാസിനും) ഇനി മുന്നോട്ടു പോക്ക് ഒട്ടും സുഗമമായിരിക്കില്ല.
പ്രവാചകനെക്കുറിച്ച കൃതി
റാബിത്വ പുനഃപ്രസിദ്ധീകരിക്കുന്നു
പ്രശസ്ത പണ്ഡിതനും മലയാളിയുമായ ടി.കെ ഇബ്റാഹീം ടൊറണ്ടോ പ്രവാചകനെ കുറിച്ച് ഇംഗ്ളീഷില്‍ രചിച്ച പുസ്തകം സുഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക ഏജന്‍സിയായ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി) പുനഃപ്രസിദ്ധീകരിക്കുന്നു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രചനകളും കാര്‍ട്ടൂണുകളും പുറത്തിറങ്ങിയ സാഹചര്യത്തില്‍ മുഹമ്മദ് നബിയുടെ കാരുണ്യത്തെ ആസ്പദമാക്കി രചിച്ച 'മെഴ്സി, പ്രൊഫറ്റ് മുഹമ്മദ് ലെഗസി റ്റു ആള്‍ ക്രിയേഷന്‍സ്' ആണ് ലോക വ്യാപകമായ സൌജന്യ വിതരണത്തിന് റാബിത്വ തയാറാക്കുന്നത്. ഖത്തറിലെ അന്നൂര്‍ ഹോള്‍ഡിംഗ് പ്രവാചകനെ കുറിച്ച് നിര്‍മിക്കുന്ന സിനിമയുടെ ഉള്ളടക്കത്തിനും ഇതേ പുസ്തകത്തെ അവലംബിക്കുന്നുണ്ട്. കലാപരമായും സാങ്കേതികമായും ഏറ്റവും മികച്ച രീതിയിലാണ് അന്നൂര്‍ ചലച്ചിത്ര നിര്‍മാണത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇസ്ലാമിക മൂല്യങ്ങളില്‍ ഉറച്ചുനിന്ന് പൊതു പ്രശ്നങ്ങളില്‍ ശ്രദ്ധയൂന്നുകയും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും സാധ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന പൊതുവേദിയാണ് റാബിത്വ. പ്രവാചകനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ അകറ്റാനും പ്രവാചക സന്ദേശം പ്രചരിപ്പിക്കാനുമായി റാബിത്വക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്ളോബല്‍ സെന്റര്‍ ഫോര്‍ ഇന്‍ട്രഡ്യൂസിംഗ് ദ മെസഞ്ചറി'ന്റെ മേല്‍വിലാസത്തിലാണ് ടി.കെയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രിന്റിംഗ് ജോലികള്‍ പൂര്‍ത്തിയായതായി റാബിത്വ അധികൃതര്‍ വ്യക്തമാക്കി. പ്രവാചകനെ കുറിച്ച വിവിധ ഭാഷകളിലുള്ള 12ഓളം പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികള്‍ അടുത്തിടെയായി റാബിത്വ വിതരണം ചെയ്തിട്ടുണ്ട്. പ്രവാചകന്റെ കാരുണ്യവും ദയാവായ്പും അനാവരണം ചെയ്യുന്ന ഈ ഗ്രന്ഥം കൂടുതല്‍ വായനക്കാര്‍ക്ക് ആസ്വദിക്കാനാകും.
നേരത്തെ കനഡ ആസ്ഥാനമായുള്ള കോമ്പാസ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കെട്ടിലും മട്ടിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുനഃപ്രസിദ്ധീകരിക്കുന്നതെങ്കിലും ഉള്ളടക്കത്തില്‍ മാറ്റങ്ങളൊന്നുമില്ല. ലോക പ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ വിലയിരുത്തല്‍ മുഖചട്ടയില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. പ്രവാചക വ്യക്തിത്വവും കാരുണ്യവും കാലോചിതമായ ഭാഷയില്‍ പ്രചരിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന 'മെസഞ്ചര്‍ ഓഫ് മേഴ്സി ഫൌണ്ടേഷ'ന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ ടി.കെ ഇബ്റാഹീം കോഴിക്കോട് ജില്ലയിലെ ശിവപുരം സ്വദേശിയാണ്.