Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

ബനാന്‍ ത്വന്‍ത്വാവി- മറക്കാനാകുമോ ഈ ധീര രക്തസാക്ഷിയെ?-4
അലി ത്വന്‍ത്വാവി
മകളെ ഓര്‍ക്കുന്നു

പി.പി അബ്ദുല്ലത്വീഫ് രിയാദ്
മുസ്ലിം സഹോദരങ്ങള്‍ക്ക് ബനാന്റെ മരണം ഒരാഘാതമായിരുന്നെങ്കില്‍ തന്റെ സ്വപ്നവും പ്രതീക്ഷയും ജീവനുമായി കരുതിയ ആ പിതാവിന്റെ ദുഃഖമെത്രയായിരിക്കും?
ശൈഖ് അലി ത്വന്‍ത്വാവി തന്റെ ദികറയാത് എന്ന ഗ്രന്ഥത്തില്‍ മകളുടെ വേര്‍പാട് വരുത്തിയ ദുഃഖം ഇങ്ങനെ പങ്കുവെക്കുന്നു.
എന്റെ മകള്‍ ബനാന്‍,ആദ്യമായാണ് ഞാനവളുടെ പേരു പറയുന്നത്. അവളെ ഓര്‍ക്കുമ്പോഴെല്ലാം കണ്ണുകള്‍ നിറയുന്നു. ഹൃദയമിടിപ്പ് ദ്രുതഗതിയിലാവുന്നു. അവളുടെ ചിത്രം മനസ്സില്‍ നിന്ന് ഒരു നിമിഷം പോലും മായുന്നില്ല. ഞാന്‍ കാണുന്ന ഓരോ മരണാനന്തര ചടങ്ങും അവളുടേതാണെനിക്ക്. ഓരോ മരണ വാര്‍ത്തയും അവളുടെ മരണവാര്‍ത്തയും. ഓരോ പിതാവും തന്റെ മകളെ സ്നേഹിക്കുന്നു. പക്ഷേ, ഞാന്‍ എന്റെ കുട്ടികളെ സ്നേഹിക്കുന്നതുപോലെ മറ്റാരും തങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. രക്തസാക്ഷ്യം വരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അവള്‍ മരിച്ചെന്ന് എനിക്കെന്റെ ബാഹ്യ മനസ്സ് കൊണ്ട് വിശ്വസിക്കാനാവുന്നില്ല. പലപ്പോഴും ടെലിഫോണ്‍ ബെല്ലടിക്കുമ്പോള്‍ വിചാരിച്ചു പോകും അതവളാണെന്ന്. എന്നിട്ട് അവളുടെ പ്രകൃതമനുസരിച്ച് ധൃതിയിലവള്‍ സംസാരിക്കുന്നതായിട്ട്, 'എനിക്കിവിടെ സുഖമാണ്.'
അറബി ഭാഷയിലും സാഹിത്യത്തിലും നൈപുണ്യമുണ്ടായിട്ടും ആ അക്രമികളെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ എനിക്ക് ഭാഷാ നിഘണ്ടുവില്‍ കണ്ടെത്താനായിട്ടില്ല. എങ്ങനെ ലഭിക്കും? അയല്‍ക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി, ഏകാകിനിയായ ഒരു സ്ത്രീയുടെ വീട്ടില്‍ തള്ളിക്കയറിയ ഭീരു. ആ നിസ്സഹായ സ്ത്രീക്കു നേരെ അഞ്ചു തവണ വെടി ഉതിര്‍ത്ത് നിഷ്ഠുരമായി കൊല നടത്തിയവനെ വിശേഷിപ്പിക്കാന്‍ എവിടെ നിന്ന് വാക്കുകള്‍ ലഭിക്കും? അവരെ കുറ്റവാളികള്‍ എന്നു പറയാന്‍ പറ്റില്ല. കുറ്റവാളികളിലെ പൌരുഷം തങ്ങള്‍ കൊന്നിട്ട സ്ത്രീയുടെ ശരീരത്തെ വൃത്തികെട്ട കാലു കൊണ്ട് വീണ്ടും മലീമസപ്പെടുത്താനനുവദിക്കില്ല. പക്ഷേ, ഇവരെ നിയോഗിച്ചവരുടെ കല്‍പന അങ്ങനെയായിരുന്നു. അവര്‍ കല്‍പന നിറവേറ്റി. സംഭവത്തിന്റെ ഒരു മണിക്കൂറ് മുമ്പെ അവളുമായി ഞാന്‍ സംസാരിച്ചതേയുള്ളൂ. ഞാനവളോട് ചോദിച്ചു: "ഇസ്വാമെവിടെ?''
അവള്‍ പറഞ്ഞു: "ഒരു കൊലയാളി സംഘം അദ്ദേഹത്തെ കൊല്ലാനിറങ്ങിയിട്ടുണ്ടെന്ന് ഭരണകൂടം അദ്ദേഹത്തെ അറിയിച്ചതിനാല്‍ വീട്ടില്‍ നിന്നദ്ദേഹത്തെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്.''
ഞാന്‍ ചോദിച്ചു: "പിന്നെ നീയെങ്ങനെ ഒറ്റക്കിരിക്കും?''
അവള്‍ പറഞ്ഞു: "എന്നെക്കുറിച്ചോര്‍ത്ത് താങ്കള്‍ വിഷമിക്കേണ്ട. ഞാനിവിടെ സുരക്ഷിതയാണ്. വിശ്വസിക്കൂ ഉപ്പാ, ഞാന്‍ സുരക്ഷിതയാണ്. ഞാന്‍ തുറന്നുകൊടുക്കാതെ വീടിന്റെ വാതില്‍ തുറക്കാനാവില്ല. മുട്ടുന്നവനാരെന്ന് അറിയാതെ ഞാന്‍ വാതില്‍ തുറക്കില്ല. ഇവിടെ സുരക്ഷക്ക് വേണ്ടി ചില വൈദ്യുത സജ്ജീകരണങ്ങളുണ്ട്. രക്ഷകന്‍ അല്ലാഹു മാത്രമാണ്.''
അയല്‍ക്കാരിയെ ആ വന്യ മൃഗങ്ങള്‍ തോക്കു കാട്ടി ഭീഷണിപ്പെടുത്തി തന്റെ വാതില്‍ തുറപ്പിക്കുമെന്ന് അവള്‍ അപ്പോള്‍ ചിന്തിച്ചതേയില്ല.
മണിക്കൂറുകള്‍ കഴിഞ്ഞു, ടെലിഫോണ്‍ വീണ്ടും ബെല്ലടിച്ചു... വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണത്രെ.. വിളിക്കുന്നവന്‍ വാക്കുകള്‍ കിട്ടാതെ പതറുന്നു. പൌരുഷം നഷ്ടപ്പെട്ടവന്റെ പതര്‍ച്ച. ഈ ക്രൂരകൃത്യത്തിന്റെ വാര്‍ത്ത അയാള്‍ക്കെങ്ങനെ ധൈര്യത്തോടെ എന്നെ അറിയിക്കാനാവും? അയാള്‍ ചോദിച്ചു: "സംസാരിക്കാന്‍ പറ്റിയ ആരെങ്കിലും താങ്കളുടെ കൂടെയുണ്ടോ?'' എന്റെ കൂടെ സഹോദരനുണ്ടായിരുന്നു. അദ്ദേഹത്തോടയാള്‍ സംസാരിച്ചു. സംഭാഷണത്തിനിടയില്‍ സഹോദരന്റെ വെപ്രാളം കണ്ടപ്പോള്‍ എന്തോ അപകടം സംഭവിച്ചതായി എനിക്ക് മനസ്സിലായി. ഞാന്‍ ധരിച്ചത് ആ വിളി ജര്‍മനിയില്‍ നിന്നാണെന്നാണ്.
ഞാന്‍ ചോദിച്ചു: "ഇസ്വാമിന് വല്ലതും സംഭവിച്ചോ?''
അവന്‍ പറഞ്ഞു: "ഇല്ല.''
ഞാന്‍: "പിന്നെ എന്തു പറ്റി?''
സഹോദരന്‍: "ബനാന്‍.....''
ഞാന്‍: "അവള്‍ക്കെന്തു പറ്റി?''
തടഞ്ഞുനിര്‍ത്താന്‍ കൈയിലൊന്നുമില്ലാത്ത നിസ്സഹായന്റെ കൈമലര്‍ത്തലായിരുന്നു അതിനവന്റെ മറുപടി. എനിക്കേകദേശം കാര്യം ബോധ്യപ്പെട്ടു. ഹൃദയത്തിലേക്കൊരു കഠാര കുത്തിയിറക്കപ്പെട്ടതുപോലെ. നെഞ്ചില്‍ അഗ്നി കത്തിപ്പടരവെ പുറമെ ശാന്തത നടിച്ചുകൊണ്ട് അവനോട് ടെലിഫോണില്‍ കേട്ടത് മുഴുവനായി പറയാനാവശ്യപ്പെട്ടു. അങ്ങനെ ആ ഭീകര സത്യം അവന്‍ എന്നോട് പങ്കുവെച്ചു. ഭാഷാ ചടുലതയും ആഖ്യാന വൈഭവവും എനിക്കുണ്ടായിരുന്നിട്ടും ആ സന്ദര്‍ഭത്തിലെ എന്റെ മാനസികാവസ്ഥ വിശദീകരിക്കാന്‍ ഞാന്‍ അശക്തനാണ്.
എന്റെ ധാരണ ഞാനൊരു ധൈര്യവാനാണെന്നായിരുന്നു..... അപകടങ്ങളിലും ആപത്തിലും സ്ഥിരചിത്തത പാലിക്കാന്‍ കഴിയുന്നവനാണെന്ന്... ആരാച്ചാര്‍ക്കും ക്ഷമക്കും സ്ഥിര ചിത്തതക്കും മുമ്പില്‍ ഞാനാരുമല്ലെന്ന് അന്നെനിക്ക് ബോധ്യമായി. ജനങ്ങളും വിവരമറിഞ്ഞു. സഹതാപവും സ്നേഹവും അനുശോചനവും ഞാനവരില്‍ നിന്നേറ്റുവാങ്ങി. ടെലിഗ്രാമുകള്‍ എത്തിക്കൊണ്ടിരുന്നു. കൃതജ്ഞതയുടെ മറുവാക്കുകള്‍ ദുര്‍ബലമാകുമാറ് അവയെല്ലാം അതയച്ചവരുടെ ഉപചാരങ്ങളും അവരുടെ നന്മനിറഞ്ഞ ഹൃദയവികാരങ്ങളുമായിരുന്നു. പക്ഷേ, ഞാന്‍ നിശ്ശബ്ദത പാലിച്ചു, അവക്ക് നന്ദി പറയുകയോ അവയെ ഓര്‍ക്കുകയോ ചെയ്തില്ല. കാരണം ബാധിച്ചത് എന്റെ മനസ്സിനെയായിരുന്നു. ശരീരത്തെ അത് നിശ്ചലമാക്കി. ചിന്തയുടെ വഴിപോലും എനിക്ക് നഷ്ടപ്പെടുത്തി. എങ്കിലും ക്ഷമാപണത്തോടെ ടെലിഗ്രാമും സന്ദേശങ്ങളുമയച്ച എല്ലാവര്‍ക്കും വൈകിയെങ്കിലും ഞാന്‍ നന്ദി പറയുന്നു.
ഞാന്‍ വാതിലടച്ചു. എന്നെ അന്വേഷിച്ചു വരുന്നവരോട് സംസാരിക്കാന്‍ ഞാന്‍ അശക്തനായിരുന്നു. എന്നെ ബാധിച്ച ആപത്ത് എന്റേത് മാത്രമായിരുന്നു. അതില്‍ നിന്ന് മുക്തമാകാന്‍ സാവകാശം വേണ്ടിയിരുന്നു. പിന്നെ വാതില്‍ തുറന്നു. വന്നവരോട് സംസാരിക്കാന്‍ തുടങ്ങി. പരിചയമുള്ളവരും അല്ലാത്തവരുമായി നിരവധി പേര്‍. അവരോട് സകല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഏതൊരു കാരണത്താലാണോ അവര്‍ വന്നത് അതുമാത്രം സംസാരിച്ചില്ല. ദുഃഖം എനിക്കായി മാത്രം മാറ്റിവെച്ചു. ആ സന്ദര്‍ഭത്തില്‍ അവരോട് തമാശകള്‍ വരെ പറഞ്ഞു. ഇത് സാഹിത്യകാരന്മാരുടെ വിലക്ഷണമാണെന്ന് നിങ്ങള്‍ വിചാരിക്കുന്നോ? അല്ലെങ്കില്‍ നാട്ടുനടപ്പിനെതിരെന്ന്? പക്ഷേ, അതായിരുന്നു സത്യം. എന്റെ ഹൃദയകോശങ്ങളോരോന്നും കരഞ്ഞുകൊണ്ടിരിക്കെ ഞാന്‍ ചിരിക്കുകയും വന്നവരെ ചിരിപ്പിക്കുകയും ചെയ്തു.
"നിങ്ങള്‍ വിചാരിക്കരുത് ആഹ്ളാദം കൊണ്ടാണ് ഞാന്‍ നൃത്തം ചെയ്യുന്നതെന്ന്,
അറുത്തിട്ട പക്ഷി നൃത്തം ചെയ്യുന്നത് വേദന കൊണ്ടല്ലയോ?''
അവളുടെ ജീവിതത്തിലെ ഓരോ ഘട്ടവും ഞാനിപ്പോഴോര്‍ക്കുന്നു. ഓരോ ദിവസവും അവ എന്റെ മുന്നില്‍ ചലിക്കുന്ന ചിത്രങ്ങളായി തെളിയുന്നു. അവളുടെ ജനനം, അവളെന്റെ രണ്ടാമത്തെ കുട്ടിയാണ്. ഒന്നാമത്തെ കുട്ടി ആണ്‍കുട്ടിയായിരിക്കേണമേ എന്ന് ഞാനാഗ്രഹിച്ചു. അങ്ങനെ ഞാനവനൊരു സുന്ദരമായ പേര് കണ്ടുവെച്ചു. പക്ഷേ, അതൊരു പെണ്‍കുട്ടിയാകുമെന്ന് ഞാന്‍ നിനച്ചില്ല. ഞാനവള്‍ക്ക് അനാന്‍ എന്നു പേരിട്ടു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ മകള്‍ ജനിച്ചു, അവളാണ് ബനാന്‍ (അല്ലാഹു അവളില്‍ കരുണ ചൊരിയട്ടെ). ഇത് ഒന്നാമത്തെയോ രണ്ടാമത്തെയോ തവണയാണ് അല്ലാഹു അവളില്‍ കരുണ ചൊരിയട്ടെ എന്ന് പറയുന്നത്. അവള്‍ക്ക് കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. പക്ഷേ, അവളുടെ മരണം എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല.
നാലര വയസ്സായപ്പോള്‍ സഹോദരിയുടെ കൂടെ സ്കൂളില്‍ പോകാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചു. ഔദ്യോഗികമായി ചേര്‍ക്കാതെ തന്നെ ക്ളാസിലിരുത്താന്‍ ഞാന്‍ ശ്രമിച്ചു. പരീക്ഷ കഴിഞ്ഞപ്പോള്‍ മാര്‍ക്കുകള്‍ വിതരണം ചെയ്യപ്പെട്ടു. മാര്‍ക്ക് രേഖപ്പെടുത്തിയ ഒരു കാര്‍ഡ് സന്തോഷത്തിന് അവള്‍ക്കും കിട്ടിയിരുന്നു. നിനക്കെന്താണ് കിട്ടിയതെന്നവളോട് ചോദിച്ചപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കൊണ്ട് സ്വതസിദ്ധമായ വേഗതയില്‍ അവള്‍ പറഞ്ഞു: "ഉപ്പാ.. എല്ലാം പൂജ്യങ്ങള്‍.'' അവള്‍ കരുതിയത് പൂജ്യങ്ങളാണ് കിട്ടുന്നതില്‍ ഏറ്റവും ഉയര്‍ന്നതെന്ന്.
അവള്‍ ഇഹലോകം വിട്ട് പിരിഞ്ഞ ഈ അവസരത്തില്‍ അവ വെറും പൂജ്യങ്ങളോ അതോ പത്തുകളോ? മടക്കമില്ലാത്ത യാത്രക്ക് വീട്ടില്‍ നിന്നിറങ്ങിയവന് വീട്ടിലുപേക്ഷിച്ച പാഥേയവും വസ്തുക്കളും കൊണ്ടെന്തു ഗുണം? ആ വീട്ടിലെ വിരിപ്പിന്റെ വര്‍ണവും രൂപവും ഗുണവും തന്റെ ജീവിതവുമായെന്ത് ബന്ധം?
ഭര്‍ത്താവ് ഇസ്വാം എഴുതി:
അലി ത്വന്‍ത്വാവിയുടെ ഇഷ്ടം എനിക്ക് കിട്ടി, അദ്ദേഹം എന്നെ വിശ്വസിച്ചു. തന്റെ മകള്‍ ബനാന്റെ ഭര്‍ത്താവായി എന്നെ തെരഞ്ഞെടുത്തപ്പോള്‍ ഞങ്ങള്‍ക്കിടയിലെ ആ സാഹോദര്യ സൌഹൃദ ബന്ധം ഗാഢമായി. സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും എല്ലാ അതിരുകളും വിഛേദിക്കപ്പെട്ടത് ബനാന്‍ രക്തസാക്ഷിനിയായപ്പോഴാണ്. ഞങ്ങളിലെ മുറിവ് മുറിവിനോടും കണ്ണുനീര്‍ കണ്ണീരിനോടും ഓര്‍മകള്‍ ഓര്‍മകളോടും വിളികള്‍ വിളികളോടും പരസ്പരം ചേര്‍ന്നുനിന്നു. അലി ത്വന്‍ത്വാവിയുടെ മുറിവുകളെപ്പോലെ എന്റെ മുറിവുകളും ഉണങ്ങിയില്ല. അദ്ദേഹത്തിന്റെ കണ്ണുനീര്‍ പോലെ എന്റെ കണ്ണുനീരും വറ്റിയില്ല. അദ്ദേഹത്തിന്റെ ദുഃഖം ശമിക്കാത്തതുപോലെ എന്റെ ദുഖവും ശമിച്ചില്ല. ആ ദുഃഖങ്ങളുമായാണ് അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായത്.
199-ാം ലക്കം ദിക്റയാത്തില്‍ അലി ത്വന്‍ത്വാവി എഴുതി:
ഞാനീ ലക്കമെഴുതുന്നത് പെരുന്നാള്‍ ദിനത്തിലാണ്. മനുഷ്യരുടെ നാവുകളില്‍ മധുരവും പ്രതീക്ഷയും നിറയുന്ന, അഭിവാദ്യങ്ങളുയുരുന്ന ദിനം. പക്ഷേ, എന്റെ ഹൃദയത്തില്‍ വേദനയും കയ്പുമാണ്. എങ്ങനെ ആകാതിരിക്കും? ഇത് പെരുന്നാള്‍ ദിനം, എന്റെ ജീവിതത്തില്‍ എനിക്കേറ്റമിഷ്ടപ്പെട്ട എന്റെ മാതാപിതാക്കളുടെ ഖബ്റിടങ്കലിലേക്ക് ഞാനെങ്ങനെ ഇന്നെത്തും. എനിക്കും അവര്‍ക്കുമിടയില്‍ മക്കയുടെയും ശാമിന്റെയും അകലമുണ്ട്. ജര്‍മനിയിലെ ആച്ചിന്‍ പട്ടണത്തിലെ പേരോ സ്ഥലമോ അറിയാത്ത ആ ഖബ്റിടത്തില്‍ എങ്ങനെ ഞാനെത്തും? എന്റെ മകളുടെ ഖബ്റിടം സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ എന്റെ പേരും ഒരിക്കല്‍ രേഖപ്പെടുത്തപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. അവള്‍ക്ക് പകരം ഞാനായിരുന്നു കൊല്ലപ്പെട്ടിരുന്നതെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. തന്റെ മകള്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയാറാവാത്ത ഏതെങ്കിലും പിതാവ് ഈ ഭൂമിയിലുണ്ടോ? അങ്ങനെ ജീവന്‍ കൊടുത്തിരുന്നുവെങ്കില്‍ എനിക്കൊരു മരണം മാത്രം അനുഭവിച്ചാല്‍ മതിയായിരുന്നു. ഇന്നിതാ ഞാന്‍ ദിനേന ഒന്നോ രണ്ടോ തവണ മരിച്ചുകൊണ്ടിരിക്കുന്നു. അവളുടെ ഓര്‍മ മനസ്സിലേക്ക് കടന്നുവരുന്ന ഓരോ നിമിഷവും ഞാന്‍ മരിക്കുകയാണ്.
ഇസ്വാം അല്‍ അത്വാര്‍ ഓര്‍ക്കുന്നു: ജീവിതത്തിന്റെ അവസാന ദിനങ്ങളില്‍ ശൈഖ് ത്വന്‍ത്വാവിക്ക് തീവ്രപരിചരണ മുറിയില്‍ ബോധം തെളിഞ്ഞും മായ്ഞ്ഞും കൊണ്ടിരിക്കുന്നു. കട്ടിലിനു ചുറ്റുമുള്ളത് തന്റെ പെണ്‍കുട്ടികളും പേരക്കുട്ടികളും അടുത്ത സഹോദരങ്ങളുമാണെന്ന് അദ്ദേഹം അറിഞ്ഞു. പക്ഷേ, അവരിലൊരാളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടപോലെ. നാവുകൊണ്ട് പറയാന്‍ കഴിയുന്നില്ലെങ്കിലും ബനാനാണതെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ അദ്ദേഹം നല്‍കി. ജര്‍മനിയില്‍ നിന്നുമെത്തിയ പേരക്കുട്ടി ഐമനെ (ബനാന്റെ മകന്‍) കണ്ടപ്പോള്‍ പുണരാനായി അദ്ദേഹത്തിന്റെ കൈകള്‍ ഉയര്‍ന്നു. ശേഷി നഷ്ടപ്പെട്ട കൈകള്‍ കട്ടിലിലേക്ക് തന്നെ വീണു. സന്തോഷവും ആവലാതിയും ആ ചിരിയില്‍ മിശ്രണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളും മുഖത്തെ സന്തോഷവും, പേനകള്‍ക്കും ഭാഷകള്‍ക്കും വാക്കുകള്‍ക്കുമതീതമായി വാത്സല്യത്തിന്റെയും ദുഃഖത്തിന്റെയും അനിര്‍വചനീയ ഭാഷയില്‍ സംസാരിച്ചു.
പൂവണിയാത്ത ആഗ്രഹം
"ഇസ്വാം, എത്ര ഞാനാഗ്രഹിച്ചു മരണത്തിന് മുമ്പ് ദമസ്കസിലേക്ക് മടങ്ങാന്‍. ജീവിതത്തിനൊരു ബാക്കിയുണ്ടെങ്കില്‍ ശിഷ്ടകാലം അവിടെ ചെലവഴിക്കാന്‍. അവധിയെത്തുമ്പോള്‍ നമ്മുടെ ഇഷ്ടക്കാരുടെയും കുടുംബക്കാരുടെയും അടുത്ത് മറമാടപ്പെടാന്‍. പക്ഷേ, മരണം സകലയിടങ്ങളിലും സദാ നമ്മെ പിന്തുടരുന്നതായി എനിക്കനുഭവപ്പെടുന്നു. പരദേശിയായി നാം ജീവിച്ചതുപോലെ ഈ അന്യനാട്ടില്‍ നാം മറമാടപ്പെടുമെന്ന് മനസ്സ് പറയുന്നു... കുടുംബക്കാരില്‍ നിന്നും സ്വന്തം രാജ്യത്തില്‍ നിന്നും അതിവിദൂരത്ത്'' (ബനാന്‍ ത്വന്‍ത്വാവിയുടെ കലിമാതുന്‍ സ്വഗീറയില്‍നിന്ന്).
1981-ല്‍ സിറിയന്‍ സര്‍ക്കാറിന്റെ വാടകകൊലയാളികളുടെ വെടിയേറ്റ് ധീരരക്തസാക്ഷ്യം വരിച്ച ബനാന്‍ ജര്‍മനിയിലെ ആച്ചിന്‍ പട്ടണത്തിലെ വിദൂരതയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. കൊലയാളികള്‍ പിടിക്കപ്പെടുകയും കുറ്റം സമ്മതിക്കുകയും ചെയ്തെങ്കിലും മക്കള്‍ ഹാദിയും ബനാനും ഭര്‍ത്താവ് ഇസ്വാം അല്‍അത്വാറും അവര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു.

(അവസാനിച്ചു)

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly