Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

മസ്ജിദുല്‍ അഖ്സ്വാ ഉതിര്‍ന്നുവീഴുമോ?
ടി.കെ ഇബ്റാഹീം
അല്‍ അഖ്സ്വാ ഇമാം ഇഖ്രിമ സ്വബ്രിയുമായി മുഖാമുഖം
അറബ് ലോകത്തെ പ്രശസ്ത ഇസ്ലാമിക നവോത്ഥാന സ്ഥാപനമായ ജംഇയ്യത്തുല്‍ ഇസ്ലാഹില്‍ ഇജ്തിമാഇയില്‍ നടക്കുന്ന ഫലസ്ത്വീന്‍ സെമിനാറില്‍നിന്ന് പുറത്തേക്ക് കടന്ന, ചുവപ്പും വെള്ളയുമാര്‍ന്ന തലപ്പാവും ഈജിപ്ത്യന്‍ നീണ്ട ഗൌണും ധരിച്ച അദ്ദേഹത്തെ ഈ ലേഖകന്‍ പിന്തുടര്‍ന്നു - മസ്ജിദുല്‍ അഖ്സായിലെ ഇമാമും ഖത്വീബുമായ ഡോ. ഇക്രിമ സഈദ് സ്വബ്രി. അദ്ദേഹത്തെ കണ്ട് ഫലസ്ത്വീന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വെമ്പലുമായാണ് ഞാനെത്തിയത്. പുറത്ത് കടന്ന അദ്ദേഹം ഉടനെ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു. "പ്രതിഷേധ വാക്കുകളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയുമൊക്കെ കാലം കഴിഞ്ഞു....'' അദ്ദേഹം മറ്റേ ആളോടു പറയുന്നുണ്ടായിരുന്നു. അല്‍ അഖ്സ്വാ കാര്യത്തില്‍ ഗൌരവമായി വല്ലതും ചെയ്യേണ്ട സന്ദര്‍ഭമായിരിക്കുന്നുവെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നുണ്ടായിരുന്നു. ആരാണ് അതെന്നോ? ലിബിയന്‍ ടി.വിയിലെ ബ്രോഡ്കാസ്റര്‍. ഖദ്ദാഫിക്കൊരു സന്ദേശം നല്‍കലായിരുന്നു ഉദ്ദേശ്യം. ഖദ്ദാഫിയെക്കുറിച്ച് ഇമാമിന് കടുത്ത ആവലാതിയുണ്ട്. ഫലസ്ത്വീനിന് ഒരു ചില്ലിക്കാശ് പോലും തന്നില്ല. ഖദ്ദാഫി അധ്യക്ഷനായി നടന്ന അറബ് സമ്മിറ്റില്‍ അര ബില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്യപ്പെട്ടു. വാഗ്ദാനമല്ലാതെ വല്ലതും ഫലസ്ത്വീനികള്‍ക്ക് കിട്ടിയോ? ഇല്ല. സമ്മിറ്റ് അധ്യക്ഷനായ ഖദ്ദാഫി തന്നെ മുന്‍കൈയെടുക്കേണ്ടതല്ലേ? ഇസ്രയേലിനെതിരെ പ്രതിഷേധങ്ങളും വീരവാദങ്ങളും മുഴക്കാന്‍ ആളുകള്‍ കുറവല്ല. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ എല്ലാവരും രംഗം വിട്ടോടുന്നു.
ശൈഖ് സ്വബ്രി ഫോണ്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ആലിംഗനം ചെയ്തു. വ്യക്തികളുടെ ആലിംഗനമല്ല, ഫലസ്ത്വീനിന്റെയും മസ്ജിദുല്‍ അഖ്സ്വായുടെയും വികാരഭരിതമായ ആലിംഗനം. ഇസ്ലാഹി അങ്കണത്തില്‍ നിന്നുകൊണ്ട് അല്‍പം കുശലം പറഞ്ഞാല്‍ പോരല്ലോ. ഇരുന്ന് ചര്‍ച്ച ചെയ്യാന്‍ എപ്പോഴുണ്ട് സന്ദര്‍ഭം? - ഈ ലേഖകനാകട്ടെ പിറ്റേന്ന് കുവൈത്ത് വിടുകയായിരുന്നു. ഫര്‍വാനിയയിലെ ക്രൌണ്‍ പ്ളാസാ ഹോട്ടലിലെ റൂം നമ്പര്‍ തന്നു. "അവിടെ ചെന്നു കണ്ടോളം'' - ഞാന്‍ പറഞ്ഞു.
പിറ്റേ ദിവസം 3 മണിക്ക് ഹോട്ടലിലെത്തി. 10-15 മിനിറ്റ് ഉദ്ദേശിച്ച സംഭാഷണം 45 മിനുറ്റോളം നീണ്ടുപോയി. ഫലസ്ത്വീന്‍- അല്‍ അഖ്സ്വായുമായുള്ള ഈ ലേഖകന്റെ അഗാധ ആത്മീയ ബന്ധം തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചു. ഫലസ്ത്വീന്‍ വിമോചനത്തിന് ഒരു സാര്‍വലൌകിക മാനുഷിക പ്രസ്ഥാനം എന്ന ഒരാശയം ഈ ലേഖകന്‍ മുമ്പേ മുമ്പോട്ടു വെച്ചിരുന്നു. ഫലസ്ത്വീന്‍ അറബികളുടെ മാത്രം പ്രശ്നമല്ല, മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല. നീതിയില്‍ വിശ്വസിക്കുന്ന, സ്വാതന്ത്യ്രം ജന്മാവകാശമായി കരുതുന്ന എല്ലാ മനുഷ്യരുടെയും- അവര്‍ മുസ്ലിമോ ക്രിസ്ത്യനോ, ജൂതനോ, ഹിന്ദുവോ ആരാവട്ടെ - അവരുടെയെല്ലാം പ്രശ്നമാണ്. അതുകൊണ്ട് മതഭേദമന്യേ ഒരു സാര്‍വലൌകിക പ്രസ്ഥാനം നിലവില്‍ വരേണ്ടതുണ്ട്. ഈ ആശയം ഊന്നിപ്പറഞ്ഞു ഈ ലേഖകന്‍ അറബിയില്‍ ഒരു ലേഖനമെഴുതി, 10-12 വര്‍ഷം മുമ്പ്. ഹമാസിന്റെ രാഷ്ട്രീയ വക്താവായ ഖാലിദ് മിശ്അല്‍ അന്ന് ദോഹയില്‍ അഭയം തേടി കഴിയുകയായിരുന്നു. കര്‍ശനമായ സെക്യൂരിറ്റി ഏര്‍പ്പാടുകള്‍ താണ്ടി ഞാനദ്ദേഹത്തെ കണ്ടു. ലേഖനം കാണിച്ചു കൊടുത്തു. അദ്ദേഹം ഉടനെ ഹമാസിന്റെ വെബ്സൈറ്റിലാണെന്ന് തോന്നുന്നു, പ്രസിദ്ധീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തു. പിന്നീട് ലേഖനം കുവൈത്തില്‍നിന്നു പുറപ്പെടുന്ന ലോക ഇസ്ലാമിക നവോത്ഥാന ജിഹ്വയായ അല്‍മുജ്തമഅ് വാരികയില്‍ പ്രസിദ്ധീകൃതമായി. "നിര്‍ഭാഗ്യവശാല്‍ അതിന്റെ കോപ്പി തല്‍കാലം കൈയിലില്ല'' - ഞാന്‍ ശൈഖിനോട് ക്ഷമാപണമരുളി. ഏതായാലും എന്റെ ആശയം എങ്ങനെ സാക്ഷാല്‍കരിക്കാം?
ശൈഖ് സ്വബ്രി: "എന്ത് നേട്ടമാണ് അതുകൊണ്ടുണ്ടാവുക?''
ഞാന്‍: "ഇസ്രയേല്‍ വംശീയാധിഷ്ഠിത ദേശീയതയാണ്. ജൂതന്മാര്‍ക്കു മാത്രമുള്ള ഒരു രാഷ്ട്രം. ഫലസ്ത്വീന്‍ പ്രശ്നമാകട്ടെ ഒരു ജനതയുടെ സ്വാതന്ത്യ്രത്തിന്റെയും മൌലികാവകാശങ്ങളുടെയും പ്രശ്നമാണ്. ലോക ജനതകളുടെ -മതഭേദമന്യേ- അനുഭാവവും സഹകരണവും അതിന്ന് ലഭിക്കും, പ്രവര്‍ത്തിച്ചാല്‍. ഇസ്രയേലിന്റെ കാര്യം മറിച്ചാണ്. അവര്‍ക്ക് മറ്റുമതക്കാരുടെ സെക്യുലരിസ്റുകളുടെ പോലും സഹകരണം കിട്ടാന്‍ പാടില്ല - അതിന്റെ നഗ്ന വംശീയതയുടെ വെളിച്ചത്തില്‍.''
ശൈഖ്: "ശരിയാണ്.''
ഞാന്‍: "എങ്കില്‍ ഞാനീ ആശയവുമായി എങ്ങനെ മുമ്പോട്ടു പോകും. എനിക്കൊറ്റക്കിത് ചെയ്യാനാവില്ല. പരസഹായം നിര്‍ബന്ധമാണ്.''
ശൈഖ്: "അനറബികളില്‍നിന്ന് തന്നെ തുടങ്ങണം ആ പ്രസ്ഥാനം. കനഡയില്‍നിന്ന് തന്നെ തുടങ്ങിക്കോളൂ.''
ഞാന്‍: "ആരെന്നോട് സഹകരിക്കും?''
ശൈഖ്: "കനഡയിലെയും അമേരിക്കയിലെയും പൌരത്വമുള്ള അറബികള്‍ക്കും മുസ്ലിംകള്‍ക്കും ഇതില്‍ ഭാഗഭാക്കാകാം. ഒട്ടാവയിലെ ഫലസ്ത്വീന്‍ അമ്പാസഡറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാം'' (ശൈഖ് അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും മറ്റും തന്നു). ആശയ സാക്ഷാത്കാരത്തിനുള്ള പരിമിതികളോര്‍ത്ത് ആ വിഷയം അവിടെ അവസാനിപ്പിച്ചു.
മത സ്നേഹസംവാദം
ലേഖകന്‍: ദോഹയില്‍ അടുത്ത് നടന്ന മതസ്നേഹ സംവാദത്തില്‍ പങ്കെടുത്തു. ഇക്കുറി ജൂതറബ്ബികളും ക്രൈസ്തവരും നല്ലൊരളവില്‍ പങ്കെടുത്തു. അവരൊക്കെ സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്താന്‍ ഉത്സുകരായിക്കണ്ടു. മതസൌഹാര്‍ദം സാധിക്കാന്‍ പലമാര്‍ഗങ്ങളും നിര്‍ദേശിച്ചു. ഫലസ്ത്വീന്‍- ഖുദ്സ് പ്രശ്നവും നിരന്തരം ചര്‍ച്ചാവിധേയമായി. ഞാന്‍ പ്രവാചകനെക്കുറിച്ചെഴുതിയ പുസ്തകം പല റബ്ബികള്‍ക്കും ചര്‍ച്ച് മേധാവികള്‍ക്കും കൊടുത്തു. പ്രവാചകന്‍ ജീസസിനെയും മോസസിനെയും പറ്റി പറഞ്ഞ ഭാഗങ്ങള്‍ എടുത്തു കാണിച്ചു. അവരെല്ലാം സസന്തോഷം, സാദരം, താല്‍പര്യപൂര്‍വം അത് സ്വീകരിച്ചു. ശൈഖ് ഖറദാവി ഈ സംവാദത്തിന്നെതിരാണ്- ജൂതന്മാര്‍ പങ്കെടുക്കുന്നതിനാല്‍. ഞാനദ്ദേഹത്തോട് ചോദിച്ചു: "ജൂതന്മാരെ ഒന്നടങ്കം സയണിസ്റുകളായി കരുതി തള്ളാന്‍ പറ്റുമോ? അമേരിക്കയിലും കനഡയിലും പല ജൂതസംഘടനകളും ഇസ്രയേലിനെതിരാണ്. അവ മുസ്ലിം സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.'' ഇന്റര്‍നാഷ്നല്‍ യൂനിയന്‍ ഫോര്‍ മുസ്ലിം സ്കോളേര്‍സിന്റെ അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്നും ശൈഖ് ഖറദാവി അദ്ദേഹത്തിന്റെ നിലപാട് മാറ്റുമെന്നും പ്രതീക്ഷിക്കുന്നു.
ഇതൊക്കെ ക്ഷമാപൂര്‍വം കേട്ടുനിന്ന ശൈഖ്:
"സ്നേഹസംവാദം കൂടുതല്‍ നടക്കേണ്ടത് മുസ്ലിംകള്‍ തമ്മില്‍ തന്നെയാണ്. ഖുദ്സ്-ഫലസ്ത്വീന്‍ പ്രശ്നത്തില്‍ എത്ര ഭിന്നരാണ് നാം. കുവൈത്തില്‍ ഒരു ഫലസ്ത്വീന്‍കാരന് ഫലസ്ത്വീന്‍ പാസ്പോര്‍ട്ടുമായി ചെന്നാല്‍ പ്രവേശനം ലഭിക്കില്ല. ജോര്‍ദാനിന്റെയോ മറ്റേതെങ്കിലുമോ പാസ്പോര്‍ട്ട് വേണം. കാരണമറിയുമോ? യാസിര്‍ അറഫാത്ത് സദ്ദാമിന്റെ കൂടെ നിന്നുകളഞ്ഞു.''
ഞാന്‍: "അത്ഭുതം! യാസിര്‍ അറഫാത്ത് രംഗം വിട്ടില്ലേ? ഇഹലോകം വെടിഞ്ഞില്ലേ? ഇനിയും ആ കാരണം പറഞ്ഞ് ഇത്തരമൊരു പോളിസി തുടരുന്നതിലെന്തര്‍ഥം.''
ശൈഖ്: കുവൈത്തിന് മാത്രമല്ല എല്ലാ അറബ് നാടുകളുടെയും അവസ്ഥ വ്യത്യസ്തമല്ല. ഈജിപ്ത് ഗസ്സയിലേക്കുള്ള തുരങ്കം പൂട്ടിയില്ലേ? ഖദ്ദാഫിയുടെ കഥ നടേ പറഞ്ഞല്ലോ. ഞാനെന്റെ കണ്ണ് ശൈഖിന്റെ കണ്ണില്‍ നട്ടുകൊണ്ട് ചോദിച്ചു: "മസ്ജിദുല്‍ അഖ്സ്വാ ഉതിര്‍ന്ന് വീഴുന്നത് കാണേണ്ട ദുരന്തം, ലജ്ജാവഹമായ ദുരന്തം, കാണേണ്ട അവസ്ഥ ഇന്നത്തെ മുസ്ലിം ഉമ്മക്ക് ഉണ്ടായേക്കുമോ?''
ശൈഖ്: "ഉണ്ടായേക്കാം; സംഭവഗതികളുടെ നീക്കം കണ്ടാല്‍. എന്തു സംഭവിച്ചാലും മുസ്ലിംകള്‍ തന്നെ കാരണക്കാര്‍. 'അല്ലാഹു ഒരു ജനതയുടെ അവസ്ഥ മാറ്റുകയില്ല, അവര്‍ സ്വയം മാറ്റാത്തേടത്തോളം.' ഇസ്രയേല്‍ പുരാവസ്തു ഗവേഷണങ്ങളുടെ പേരും പറഞ്ഞു അഖ്സ്വായുടെ അടിത്തറ വീഴാന്‍ പരുവത്തിലാക്കിവെച്ചിരിക്കുന്നു. ഇനി ഒരു നല്ല കൊടുങ്കാറ്റോ മറ്റോ അടിക്കുകയേ വേണ്ടൂ. അഖ്സ്വാ തകര്‍ന്നു വീഴും. അത് കാത്തിരിക്കുകയാണ് ഇസ്രയേല്‍. എങ്കില്‍ ഇസ്രയേല്‍ തകര്‍ത്തുവെന്ന് വരില്ലല്ലോ.......''
തുടര്‍ന്ന് അഖ്സ്വായുടെ ഭൂമിശാസ്ത്രപരമായ കിടപ്പും വിസ്താരവും മറ്റും കാണിക്കുന്ന ഒരു മേപ്പ് അദ്ദേഹം ഈ ലേഖകന് തന്നു.
ഞാന്‍: "മുസ്ലിംകളും ജൂതരും(സയണിസ്റ്) തമ്മിലുള്ള അന്തിമ സംഘട്ടനത്തിന്റെ സമയം അടുത്തുവോ?''
ശൈഖ്: "പറയാനാവില്ല. അല്ലാഹു മുസ്ലിംകളെ സഹായിക്കും തീര്‍ച്ച. പക്ഷേ, അവരതിന്നര്‍ഹരാവണം. ഇപ്പോള്‍ അവരതിന്നര്‍ഹരല്ല.''
ഞാന്‍: "ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, അതിന്റെ മുന്‍ അമീര്‍ മര്‍ഹൂം മുഹമ്മദ് യൂസുഫിന്റെ കാലത്ത് അഖ്സ്വാ-ഫലസ്ത്വീന്‍ പ്രശ്നത്തില്‍ ജാഗരൂകമായിരുന്നു. കേരളത്തില്‍ ഒരു ഫലസ്ത്വീന്‍ സെമിനാര്‍ സംഘടിപ്പിക്കുകയും അത് മുഖേന അവിടത്തെ ഇസ്ലാമിക പ്രവര്‍ത്തകരില്‍ ഇത് സംബന്ധമായ അഖ്സ്വാ ബോധവല്‍ക്കരണം നടത്തുകയും ചെയ്യാനാഗ്രഹിക്കുന്നു. താങ്കളെ അതിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമോ.''
ശൈഖ്: "വളരെ നല്ലത്. പങ്കെടുക്കാം. ഞാന്‍ ഈയിടെ കേരളം സന്ദര്‍ശിച്ചിരുന്നു. ദാറുല്‍ ഹുദായുടെയും(ചെമ്മാട്) കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെയും ക്ഷണമനുസരിച്ച്.''
ശൈഖ് സ്വബ്രി ഇന്റര്‍നാഷ്നല്‍ യൂനിയന്‍ ഫോര്‍ മുസ്ലിം സ്കോളേര്‍സിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ്. ഈയുള്ളവനെപ്പോലെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇസ്തംബൂളില്‍ നടന്ന അതിന്റെ യോഗത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു.
ഞാന്‍: "ഇസ്തംബൂള്‍ യോഗത്തില്‍ വെച്ച് പണ്ഡിതന്മാരുടെ ഒരു കപ്പല്‍ ഗസ്സയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചിരുന്നല്ലോ. അതില്‍ ഞാന്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഹജ്ജിന് ശേഷമോ മറ്റോ അതുണ്ടാവും.''
നെതന്യാഹുവിന്റെ പുതിയ നയം
നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രി പദത്തിലേറിയതോടെ ഒരു പുതിയ പോളിസിക്ക് രൂപം നല്‍കി. മസ്ജിദുല്‍ അഖ്സ്വായില്‍ ജൂതസാന്നിധ്യം ഉറപ്പു വരുത്തുക എന്നതാണത്. ഈ ആശയം പരസ്യമായി പ്രഖ്യാപിച്ച ഒന്നാമത്തെ ജൂതരാഷ്ട്രീയക്കാരനാണദ്ദേഹം. പക്ഷേ, അമേരിക്കയുടെ സമ്മര്‍ദം ഭയന്ന് പ്രത്യക്ഷ നടപടികളൊന്നും അദ്ദേഹമെടുത്തില്ല. മറിച്ച് കുതന്ത്രപരമായ നീക്കങ്ങള്‍ നടത്തുകയാണ് ചെയ്തത്. ഏതാനും മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്കും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും അഖ്സ്വയില്‍ പ്രാര്‍ഥന നടത്താന്‍ പച്ചക്കൊടി കാട്ടുകയാണദ്ദേഹം ചെയ്തത്. നെതന്യാഹുവിന്റെ ഐക്യമുന്നണി ഗവണ്‍മെന്റ് അംഗീകരിച്ച ഈ പോളിസിയുടെ ഫലമായി ചില മന്ത്രിമാരും പാര്‍ലമെന്റ് മെമ്പര്‍മാരും അഖ്സ്വയിലെത്താനുള്ള ജൂതന്മാരുടെ അര്‍ഹത പ്രഖ്യാപിക്കുന്ന പ്രസ്താവനകളിറക്കുകയുണ്ടായി. ലിക്കുഡ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് മെമ്പറായ ദാനിദാനൂന്‍ അഖ്സ്വായില്‍ അതിക്രമിച്ചു കടക്കുകയുണ്ടായി (21/7/2010ല്‍). അതുപോലെ ലിക്കുഡിലെ പ്രമുഖ രാഷ്ട്രീയ നേതാവായ മോശെ ഫേഗ്ലിന്‍ അഖ്സ്വയില്‍ അതിക്രമിച്ചു കടക്കുക മാത്രമല്ല താഴെ പറയുന്ന പ്രസ്താവനയുമിറക്കി: "ഇന്നത്തെ അവസ്ഥ തുടരാനനുവദിച്ചുകൂടാ. മുസ്ലിംകള്‍ക്ക് ആയിരക്കണക്കില്‍ അവിടെ പ്രവേശിക്കാം. എന്നാല്‍ മതഭക്തരായ ജൂതന്മാര്‍ക്ക് ചെറുസംഘങ്ങളായേ പ്രവേശിക്കാവൂ. മസ്ജിദുല്‍ അഖ്സ്വായെ ഭരിക്കുന്ന ഔഖാഫ് ആ സ്ഥലത്തിന്റെ ഉടമാവകാശിയല്ല. ഇസ്രയേലി ജനതക്കാണ് അതിന്റെ ഉടമാവകാശം.''
ഇസ്രയേല്‍ 1967ല്‍ അഖ്സ്വാ ജയിച്ചടക്കിയശേഷം ജൂത പണ്ഡിതന്മാരുടെ ഏറ്റവും വലിയ കൈയേറ്റമുണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. മെയ് 10ന് നാല്‍പതോളം ജൂത പുരോഹിതര്‍ പള്ളിയില്‍ കടന്നു. ഖുദ്സ് കൈയടക്കിയതിന്റെ വാര്‍ഷികാഘോഷ ദിനത്തിലായിരുന്നു അത്.
ചുരുക്കത്തില്‍, ലോകശ്രദ്ധ മറച്ചുപിടിച്ചുകൊണ്ട് ഖുദ്സ് പൂര്‍ണമായി ജൂതവല്‍കരിക്കാനുള്ള എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും ആവിഷ്കരിച്ചു നടപ്പില്‍ വരുത്തുകയാണ് നെതന്യാഹുവിന്റെ ഐക്യ ഗവണ്‍മെന്റ്. അതിന്നിടയില്‍ സമാധാന സംഭാഷണങ്ങള്‍ എന്ന നാടകം അരങ്ങേറുന്നു; ബാഹ്യലോകത്തെ കബളിപ്പിക്കാന്‍. ആ നാടകം നടന്നു കൊണ്ടിരിക്കെ ഉള്ളിലൂടെ അഖ്സ്വയില്‍ പിടിമുറുക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. ഇസ്രയേല്‍ യഥാര്‍ഥത്തില്‍ സമാധാനമാഗ്രഹിക്കുന്നില്ലെന്നും സന്ധിസംഭാഷണങ്ങള്‍ വൃഥാവിലാണെന്നും ഹമാസും മറ്റു പ്രതിരോധ സംഘടനകളും ശഠിക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല.
ഡോ. സ്വബ്രി ചൂണ്ടിക്കാട്ടിയ പോലെ അനിശ്ചിതത്വത്തിന്റെയും അപ്രവചനീയതയുടെയും മേഘപടലങ്ങള്‍ മുറ്റി നില്‍ക്കുന്നു അഖ്സ്വായുടെ അന്തരീക്ഷത്തില്‍.
മുസ്ലിംകളുടെ ബാധ്യത
ഇന്ന് മുസ്ലിംകള്‍ നേരിടുന്ന ലോക പ്രശ്നങ്ങളില്‍ മുഖ്യസ്ഥാന മര്‍ഹിക്കുന്നത് ഖുദ്സ് ആണ്. അതിന്റെ വിമോചനം ഓരോ മുസ്ലിമിന്റെയും ധാര്‍മികവും ഇസ്ലാമികവും മതപരവുമായ ബാധ്യതയാണ്. മുസ്ലിംകളുടെ മൂന്നാമത്തെ ഖിബ്ല എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസ്ജിദുല്‍ അഖ്സ്വായേക്കാള്‍, പ്രവാചകന്റെ മിഅ്റാജിന്റെ ആരംഭ ബിന്ദുവായ ഖുദ്സിനേക്കാള്‍ മുഖ്യമായ ഒരു പ്രശ്നം ഇന്ന് മുസ്ലിംകള്‍ക്കില്ല.
ഖുദ്സിനെക്കുറിച്ച അവഗണന തുടര്‍ന്നാല്‍ ബാബരി മസ്ജിദു പോലെ കൂടുതല്‍ മസ്ജിദുകള്‍ മുസ്ലിംകള്‍ക്ക് നഷ്ടപ്പെട്ടേക്കാം - അല്ലാഹു കാക്കട്ടെ.
ജറൂസലേമില്‍ തിരിച്ചെത്തി സുലൈമാന്‍ ടെമ്പിള്‍ പുതുക്കിപ്പണിയാനുള്ള സ്വപ്നവുമായി ജൂതന്മാര്‍ നൂറ്റാണ്ടിലേറെ ജീവിച്ചു. ഓരോ ജൂത കുട്ടിയേയും അവരാ സ്വപ്നത്തില്‍ വളര്‍ത്തി. അങ്ങനെ ഒടുവിലിതാ അവര്‍ അവിടെയെത്തിയിരിക്കുന്നു. (ുക്ളടƒമ്ളെറഏ ിയ്യൃശ്ളിഒ ƒിറ്റീറുവഏി~ള ീമ്മƒഷിെഇത്സഏ ിന്നപ്പുഖ) എന്നത് ദൈവിക നടപടിക്രമമാണ്. മുസ്ലിംകളും -ഇന്ത്യന്‍ മുസ്ലിംകള്‍ ഒഴിവല്ല - അത് തന്നെ ചെയ്യട്ടെ. അഖ്സ്വാ വിമോചനം ഓരോ മുസ്ലിമിന്റെയും സ്വപ്നമാവട്ടെ, ഓരോ മുസ്ലിം കുട്ടിയും ആ സ്വപ്നത്തില്‍ വളരട്ടെ. ഓരോ മുസ്ലിം വീട്ടിലും അഖ്സായുടെ ചിത്രം തൂങ്ങട്ടെ - അവന്റെ ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ട്. എങ്കില്‍ ഒരുനാള്‍ അല്ലാഹു ആ സ്വപ്നം സാക്ഷാത്കരിക്കും.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, അതിന്റെ സാര്‍വലൌകിക ഇസ്ലാമിക സാഹോദര്യാവേശം തണുക്കാതെ നിലനിര്‍ത്തേണ്ടതുണ്ട്. ഇന്നത് എന്നത്തേക്കാളും ആവശ്യമായിരിക്കുന്നു. അഖ്സ്വായുടെ പതനത്തിന്റെ ആശങ്കകള്‍ മുസ്ലിം ഉമ്മയെ തുറിച്ചു നോക്കുമ്പോള്‍ വിശേഷിച്ചും.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly