ഇസ്ലാമിക സാമ്പത്തിക തത്ത്വങ്ങളുടെ
പ്രയോഗവത്കരണം
ഇന്ത്യയുടെ മുഖ്യ ഓഹരി വിപണിയായ മുംബൈ സ്റോക്ക് എക്സ്ചേഞ്ചില്‍ ഇസ്ലാമിക ശരീഅത്തിനു വിധേയമായ ഓഹരി സൂചിക സ്ഥാപിതമായിരിക്കുന്നു. തഖ്വ അഡ്വൈസറി ശരീഅത്ത് ഇന്‍വെസ്റ്മെന്റ് സൊലൂഷനും (ടാസിസ്) മുംബൈ സ്റോക്ക് എക്സേഞ്ചും ചേര്‍ന്നാണ് 'ബി.എസ്.ഇ ടാസിസ് ശരീഅ 50 ഇന്‍ഡക്സ്' എന്ന പേരില്‍ ഈ സൂചികയൊരുക്കിയത്. ഇസ്ലാം നിഷിദ്ധമാക്കിയ പലിശ, മദ്യം, ആയുധങ്ങള്‍ തുടങ്ങിയവയുമായി ബന്ധമില്ലാത്ത കമ്പനികള്‍ മാത്രമേ ഈ സൂചികയിലുണ്ടാവൂ. ഇന്ത്യയിലെ മതനിഷ്ഠയുള്ള മുസ്ലിം നിക്ഷേപകരെയും അറബ്-യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകരെയും ആകര്‍ഷിക്കുകയാണ് ബി.എസ്.ഇയുടെ ലക്ഷ്യം. ഇസ്ലാമിന്റെ സാമ്പത്തിക അധ്യാപനങ്ങള്‍ക്ക് ലോകമെങ്ങും വര്‍ധിച്ചുവരുന്ന സ്വീകാര്യതക്കൊരു ഉദാഹരണമാണിത്. ഇന്ത്യയില്‍ ശരീഅത്തിനു വിധേയമായ സാമ്പത്തിക സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ പരിശ്രമിക്കുന്ന സംരംഭകരിലും സാമ്പത്തിക വിദഗ്ധരിലും തീര്‍ച്ചയായും ഇത് ആത്മവിശ്വാസം വളര്‍ത്തുന്നതാണ്.
രാജ്യത്തെ പ്രഗത്ഭ സാമ്പത്തിക വിശാരദനും പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതിയില്‍ അംഗവും രാജസ്ഥാന്‍ പ്ളാനിംഗ് ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രഫ. വി.എസ് വ്യാസ് കഴിഞ്ഞ ഡിസംബര്‍ ആറിനു ജയ്പൂരില്‍ നടന്ന ഒരു സംവാദത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു. 'വികസന പരിപാടിയിലെ ധാര്‍മിക പ്രശ്നങ്ങള്‍' ആയിരുന്നു സംവാദ വിഷയം. അവശ വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വികസന പരിപാടികളില്‍ മതങ്ങളുടെ ധാര്‍മിക മൂല്യങ്ങള്‍ പാലിക്കപ്പെടണമെന്ന് ഊന്നിപ്പറഞ്ഞ പ്രഫ. വ്യാസ്, ഏറ്റവും യുക്തിസഹമായ ധനവിതരണ പദ്ധതി ഇസ്ലാമിന്റേതാണെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇസ്ലാമിന്റെ സകാത്ത്-സ്വദഖ സംവിധാനം വിശകലനം ചെയ്തുകൊണ്ടും ഇതര മതങ്ങളുടെ സാമ്പത്തികാധ്യാപനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുമാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
പ്രഫ. വ്യാസ് മാത്രമല്ല, ആര്‍. സീതാ രാമന്‍, ഡോ. സ്വാമിനാഥന്‍, വിജയ് മഹാജന്‍ തുടങ്ങിയ സാമ്പത്തിക വിദഗ്ധരും ജസ്റിസ് വി.ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പരിണത പ്രജ്ഞരായ നിയമജ്ഞരും ഉള്‍പ്പെടെ നിരവധി പ്രഗത്ഭ ഇസ്ലാമിക സാമ്പത്തികാധ്യാപനങ്ങളുടെ മെച്ചം പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ, ഇസ്ലാമിക സാമ്പത്തിക തത്ത്വങ്ങളുടെ പ്രയോഗവത്കരണത്തെക്കുറിച്ചോ ഇസ്ലാമിക ബാങ്കിനെക്കുറിച്ചോ ഏതെങ്കിലും മുസ്ലിം പണ്ഡിതനോ സംഘടനയോ സംസാരിച്ചാല്‍ ഉടനെ അന്തരീക്ഷം ബഹളമുഖരിതമാവുകയായി. മതമൌലികവാദം നടപ്പിലാക്കുന്നു, സമ്പദ്ഘടനയെ മതവത്കരിക്കുന്നു എന്നൊക്കെയാണ് ആക്ഷേപം. ദേശീയതലത്തില്‍ ഇസ്ലാമിക് ബാങ്ക് സ്ഥാപിക്കാനുള്ള ശ്രമം കേന്ദ്ര ഗവണ്‍മെന്റിന്റെയും റിസര്‍വ് ബാങ്കിന്റെയും നിയമ തടസ്സങ്ങളില്‍ മുട്ടി സ്തംഭിച്ചിരിക്കുകയാണ്. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ ഒരു പലിശരഹിത സാമ്പത്തിക സംരംഭം തുടങ്ങാനുള്ള നീക്കവും കോടതി കയറിയിരിക്കുന്നു. ജീവിത വ്യവഹാരങ്ങളില്‍ ഏതെങ്കിലും മതത്തിന്റെ അധ്യാപനങ്ങള്‍ക്ക് സ്വാധീനം നല്‍കുന്നത് ഒരു ചീത്ത കാര്യമൊന്നുമല്ല. മറ്റു മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഹാനികരമാകാത്തേടത്തോളം അത് അനുവദനീയമാകുന്നു; രാജ്യത്തിന്റെ അഭിവൃദ്ധിക്കും ദാരിദ്യ്ര നിര്‍മാര്‍ജനത്തിനും സഹായകമാകുമെങ്കില്‍ പ്രോത്സാഹനാര്‍ഹവും. പക്ഷേ, പലിശരഹിതവും ചൂഷണമുക്തവുമായ സാമ്പത്തിക സംരംഭങ്ങളെ സാധാരണക്കാരുടെ അടിസ്ഥാന ജീവിതാവശ്യങ്ങളുമായി ബന്ധപ്പെടുത്തി വീക്ഷിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇസ്ലാമിന്റെ മുദ്രയുള്ള എന്തിനെയും വര്‍ഗീയതയായി കാണണമെന്ന ശാഠ്യമാണവര്‍ക്ക്. അതുകൊണ്ട് 'പലിശരഹിതം' എന്നു കേള്‍ക്കുമ്പോഴേക്കും അവര്‍ ബഹളം വെച്ച് കോടതികളിലേക്കോടുന്നു.
സാമൂഹിക, രാഷ്ട്രീയ തത്ത്വങ്ങളെന്ന പോലെ ഇസ്ലാമിന്റെ സാമ്പത്തിക തത്ത്വങ്ങളും മുസ്ലിംകള്‍ക്കു മാത്രമല്ല എല്ലാ സമുദായങ്ങള്‍ക്കും അനുഗ്രഹദായകമാണെന്ന കാര്യത്തില്‍ ഇസ്ലാമിനെ അറിഞ്ഞ് വിശ്വസിക്കുന്ന മുസ്ലിംകള്‍ക്കാര്‍ക്കും ഒരു സംശയവുമുണ്ടാവാനിടയില്ല. സാധാരണക്കാരുടെയും സാമൂഹിക, സാംസ്കാരിക നായകന്മാരുടെയും ശ്രദ്ധയാകര്‍ഷിക്കും വണ്ണം ആ തത്ത്വങ്ങള്‍ പ്രയോഗവത്കരിച്ചുകാണിക്കാന്‍ മുസ്ലിംകള്‍ക്കാവുന്നില്ല എന്നതാണ് പ്രശ്നം. ഇസ്ലാമിക സാമ്പത്തിക തത്ത്വങ്ങള്‍ പ്രയോഗവത്കരിക്കുന്ന കാര്യത്തില്‍ മുസ്ലിം സംരംഭകര്‍ ഇതര മതസ്ഥരില്‍ പെട്ട അനുകൂലാഭിപ്രായമുള്ള സാമ്പത്തിക വിദഗ്ധരുമായി ബന്ധപ്പെടുകയും അവരുടെ സഹായ സഹകരണങ്ങള്‍ നേടുകയും ചെയ്യേണ്ടതനിവാര്യമാകുന്നു. ഇസ്ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ ദേശത്തിനും ദേശക്കാര്‍ക്കും ഏറെ ഗുണകരമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മുസ്ലിംകളെക്കാളേറെ അവര്‍ക്കാണ് കഴിയുക.