ഇസ്ലാമിക ആദര്‍ശങ്ങളുടെയും ധര്‍മങ്ങളുടെയും പ്രചാരണമാണ് ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തിട്ടുള്ള ദൌത്യം. ഇഖാമത്തുദ്ദീന്‍ -ധര്‍മസംസ്ഥാപനം ആണ് അതിന്റെ ലക്ഷ്യം. മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപോലെ ധര്‍മം പുലരണമെന്ന് അതാഗ്രഹിക്കുന്നു. ധാര്‍മികാശയങ്ങളുടെ സ്രോതസ്സായി വിശുദ്ധ ഖുര്‍ആനിനെയും പ്രായോഗിക മാതൃകയായി മുഹമ്മദ് നബിയുടെ ജീവിതത്തെയുമാണതംഗീകരിച്ചിട്ടുള്ളത്. ദൈവഭക്തി, മനുഷ്യര്‍ തമ്മില്‍ സ്നേഹവും സഹകരണവും സമത്വവും, സത്യം, സമാധാനം, സ്വാതന്ത്യ്രം, സദാചാരം, നീതി, പ്രകൃതിയോടു സമരസപ്പെട്ട ജീവിതക്രമം ഇതൊക്കയാണ് ധര്‍മ സംസ്ഥാപനത്തിലൂടെ ജമാഅത്ത് സാക്ഷാത്കരിക്കാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി ജമാഅത്തെ ഇസ്ലാമി ഈ രാജ്യത്തു പ്രവര്‍ത്തിച്ചുവരുന്നത് ഈ ആശയങ്ങള്‍ ഒളിയും മറയുമില്ലാതെ വെട്ടിത്തുറന്നു പറഞ്ഞുകൊണ്ടും വിശദീകരിച്ചുകൊണ്ടുമാണ്. മത-രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം പ്രസ്ഥാനം നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതും ഇതേ ആശയങ്ങളെയാണെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ക്ക് അനായാസം ബോധ്യമാകും. ജമാഅത്തെ ഇസ്ലാമിയുടെ സുദീര്‍ഘമായ ചരിത്രത്തിലൊരിക്കലും നിഗൂഢമോ വിധ്വംസകമോ തീവ്രവാദപരമോ ദേശദ്രോഹപരമോ ആയ യാതൊരു പ്രവര്‍ത്തനത്തിലേക്കും അതു വഴുതിപ്പോയിട്ടില്ല. തികച്ചും മിതവാദപരവും ജനാധിപത്യപരവും സുതാര്യവുമാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതര വിഭാഗങ്ങളുമായി ബന്ധപ്പെടുന്നതില്‍ മാത്രമല്ല, സംഘടനക്കകത്തും അതങ്ങനെയാണ്. അതുകൊണ്ടാണ് മുക്കാല്‍ നൂറ്റാണ്ടുകാലമായി ഒരു ആഭ്യന്തര സംഘര്‍ഷമോ പിളര്‍പ്പോ നേരിടാതെ അതു നിലനിന്നത്.
ജമാഅത്തെ ഇസ്ലാമി വിമര്‍ശനാതീതമായ സംഘടനയാണെന്ന് അതവകാശപ്പെടുന്നില്ല. വിമര്‍ശനങ്ങളെ ആത്മപരിശോധനക്കും നവീകരണത്തിനുമുള്ള പ്രചോദനമായിട്ടാണതു കാണുന്നത്. അതിനുപക്ഷേ, വിമര്‍ശനങ്ങള്‍ സൃഷ്ടിപരവും സത്യസന്ധവുമായിരിക്കണം. സ്വാര്‍ഥ പ്രേരിതവും കപടവും വിദ്വേഷാധിഷ്ഠിതവുമാകരുതെന്ന് തീര്‍ച്ചയായും ജമാഅത്ത് ആഗ്രഹിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ജമാഅത്തിനു നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇത്തരത്തിലുള്ളതാണ്. അസത്യജഡിലമായ ആരോപണങ്ങള്‍ ചുമത്തി സംഘടനയെ തേജോവധം ചെയ്തു നശിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. ഈ രീതി ആദ്യം അവലംബിച്ചു തുടങ്ങിയത് മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതിക മതസംഘടനകളാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, സങ്കുചിതവും അപക്വവുമായ മതസങ്കല്‍പങ്ങള്‍ക്കുമെതിരെ ഇസ്ലാമിനെ പുരോഗമനാത്മകമായ ജീവിതക്രമമായി പരിചയപ്പെടുത്തിയ ജമാഅത്തെ ഇസ്ലാമി ഉന്മൂലനം ചെയ്യപ്പെടേണ്ടത് അവരുടെ ആവശ്യമാണ്. പ്രസ്ഥാനത്തിന് മതഭ്രഷ്ട് കല്‍പിച്ച് സമുദായത്തില്‍നിന്ന് പുറത്താക്കാന്‍ വരെ അവര്‍ തയാറായി. പക്ഷേ, ജമാഅത്ത് മുന്നോട്ടു വെച്ച വീക്ഷണങ്ങളിലും പരിപാടികളിലും ചിലതെങ്കിലും സ്വാംശീകരിക്കാന്‍ പിന്നീട് കാലം അവരെയും നിര്‍ബന്ധിതരാക്കി.
യാഥാസ്ഥിതിക മതസംഘടനകള്‍ നടത്തിക്കൊണ്ടിരുന്ന ജമാഅത്ത് സംഹാര യജ്ഞം ചില രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍; എല്‍.ഡി.എഫില്‍ സി.പി.എമ്മും യു.ഡി.എഫില്‍ മുസ്ലിം ലീഗും. തീവ്രവാദം, ദേശദ്രോഹം, ജനാധിപത്യ ധ്വംസനം, മതേതരത്വ വിരോധം, മതരാഷ്ട്രവാദം തുടങ്ങി മതസംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന വ്യാജോക്തികള്‍ തന്നെയാണ് അവരുടെയും മുഖ്യായുധം. പണ്ട് യാഥാസ്ഥിതിക പണ്ഡിതന്മാര്‍ പുറപ്പെടുവിച്ച മതപരിത്യാഗികള്‍, ഖവാരിജഃ (സമുദായ ദ്രോഹികള്‍) തുടങ്ങിയ ഫത്വകള്‍ എം.പി, എം.എല്‍.എ സ്ഥാനവും സ്ഥാനാര്‍ഥിത്വവും ലഭിച്ച അഭിനവ മുഫ്തിമാര്‍ മാര്‍ക്സിസ്റ് ജിഹ്വയായ ദേശാഭിമാനിയിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ രൂപവത്കരണ കാലത്ത് ഇന്ത്യാവിഭജനത്തെ എതിര്‍ത്തതിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിയെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തവരുടെ പിന്‍ഗാമികള്‍ ഇന്ന് ജമാഅത്തിന്റെ മേല്‍ മതരാഷ്ട്രവാദം ആരോപിച്ച് വേട്ടയാടാന്‍ ശ്രമിക്കുന്നു. ഇന്ത്യ സ്വാതന്ത്യ്രം നേടിയപ്പോള്‍ ഇത് കപട സ്വാതന്ത്യ്രമാണെന്നും ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യമാണെന്നും അതിനാല്‍ യഥാര്‍ഥ സ്വാതന്ത്യ്രത്തിനു വേണ്ടി ഉടന്‍ വിപ്ളവം വേണമെന്നുമായിരുന്നു കമ്യൂണിസ്റുകാരുടെ നിലപാട്. പാര്‍ലമെന്ററി വ്യാമോഹത്തിലാണവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിലേക്ക് മാമോദീസ മുങ്ങിയത്. ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യ ബോധത്തെ വിചാരണ ചെയ്യുന്ന തിരക്കിലാണവരിപ്പോള്‍.
പക്ഷേ, നേതാക്കളുടെയും അവര്‍ക്ക് ഹരം പകരുന്ന മാധ്യമങ്ങളുടെയും ഭാഷ്യങ്ങള്‍ വേദവാക്യം പോലെ ജനം കേട്ടു വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. കേള്‍ക്കുന്നതിന്റെയും കാണുന്നതിന്റെയും മറുവശം അന്വേഷിക്കാനും യാഥാര്‍ഥ്യങ്ങള്‍ സ്വയം കണ്ടെത്താനും പ്രാപ്തമാണ് ആധുനിക സാക്ഷര കേരളം. ജമാഅത്തിന്റെ പല ആദര്‍ശങ്ങളോടും നിലപാടുകളോടും വിയോജിപ്പുള്ളതോടൊപ്പം തന്നെ പ്രസ്ഥാനത്തെ സത്യസന്ധമായി വിലയിരുത്തുകയും തങ്ങള്‍ക്കു നന്നെന്നു തോന്നിയ വശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഒട്ടേറെ സാധാരണക്കാരും അസാധാരണക്കാരുമുണ്ട്.
ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധിക്ഷേപങ്ങളുടെയും ദുരാരോപണങ്ങളുടെയും യാഥാര്‍ഥ്യം തുറന്നു കാണിക്കുകയാണ് ഏതാനും ലേഖനങ്ങളിലൂടെ പ്രബോധനം ഈ ലക്കം. ഈ പ്രസ്ഥാനത്തെ നിഷ്പക്ഷമായും സത്യസന്ധമായും മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.