>>അഭിമുഖം
ഹിജാബ് നിരോധം
പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല
ഡോ. റോവന്‍ വില്യംസ് / പി. ജേക്കബ്
(പതിനാറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇംഗ്ളണ്ടിലെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഡോ. റോവന്‍ വില്യംസ് ദ ഹിന്ദു സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ പി. ജേക്കബുമായി സംസാരിക്കുന്നു. വിവ: ഉബൈദുര്‍റഹ്മാന്‍)
? അമേരിക്കയുടെയും ബ്രിട്ടന്റെയും ഇറാഖിനെതിരെയുള്ള യുദ്ധത്തോടുള്ള താങ്കളുടെ എതിര്‍പ്പ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇറാനെതിരെയുള്ള യുദ്ധനീക്കത്തിനെതിരെയും താങ്കള്‍ ശക്തമായി രംഗത്ത് വന്നു; എത്രത്തോളമെന്നാല്‍ യുദ്ധ നീക്കം നടത്തുന്നവരെ 'അപരിഷ്‌കൃതരും, കുറ്റവാളികളും പ്രകൃത്യാ കൊലപാതികളും' എന്നു അഭിസംബോധന ചെയ്തു. ആര്‍ച്ച് ബിഷപ്പായിരുന്ന ഈ ഏഴ് വര്‍ഷം അധികാരപരിധികള്‍ ഉപയോഗിച്ച് യുദ്ധത്തിനെതിരെ പരമാവധി ചെയ്തിട്ടുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
ഇറാഖ് യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞിരുന്ന സാഹചര്യത്തില്‍ അത് വേണ്ട എന്ന് പറയുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല. എന്റെ ഊന്നല്‍ യുദ്ധത്തിന്റെ മറുവശത്തെ ഇരകളുടെ ഭാവിയെക്കുറിച്ചായിരുന്നു. അവരുടെ ശാശ്വതമായ ഭാവിക്ക് നാമെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. യുദ്ധം നമുക്ക് ആറ് ആഴ്ചകൊണ്ട് ജയിക്കാനാകുമെന്നും ആറ് മാസം കൊണ്ട് തോല്‍ക്കുമെന്നും പറഞ്ഞ ബ്രിട്ടീഷ് രാഷ്ട്രീയക്കാരനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. നമ്മള്‍ പറയുന്നതുപൊലെ രംഗത്ത് നിന്ന് നാം സമ്പൂര്‍ണമായി പുറത്താക്കപ്പെട്ടിട്ടില്ല. അതിനാല്‍ നടന്ന് കഴിഞ്ഞ ഇറാഖ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഭാവിയെക്കുറിച്ച ആശങ്കള്‍ ജനങ്ങളോട് പങ്ക് വെക്കാനായിരുന്നു എന്റെ പരിശ്രമങ്ങള്‍.
പശ്ചിമേഷ്യയെക്കുറിച്ച് ഞാന്‍ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ തൃപ്തികരമാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, വിശുദ്ധ ഭൂമിക്ക് ചുറ്റുമുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍- സിറിയയുടെയും ലബനാനിന്റെയും രാഷ്ട്രീയ ചോദ്യങ്ങള്‍ ഉള്‍പ്പെടെ- വേണ്ട രീതിയില്‍ തന്നെ ഇടപെട്ടിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. നമുക്കിവിടെ ധാരാളം ബന്ധങ്ങളുണ്ട്. യുദ്ധം കൂടാതെ തന്നെ ഇറാന്റെ ആധിപത്യം ഈ മേഖലയില്‍ ഇല്ലാതെയാക്കുന്നതിലാണ് എന്റെ ശ്രദ്ധ. മറ്റൊരു യുദ്ധം ദശകങ്ങളോളം ഈ മേഖലയില്‍ അരക്ഷിതാവസ്ഥക്ക് വഴിവെക്കാനേ സഹായകരമാവൂ. ഇതെല്ലാം ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന സങ്കീര്‍ണമായ ചര്‍ച്ചകളാണ്. അടുത്ത വര്‍ഷം ലാംമ്പത്ത്(Lambeth) കൊട്ടാരത്തില്‍ വെച്ച് ഉന്നതതല യോഗം വിളിച്ച് ചേര്‍ക്കാനുദ്ദേശിക്കുന്നു. ഈ മേഖലയിലെ ക്രിസ്ത്യാനികളുടെ അവസ്ഥയെപ്പറ്റിയാണ് പ്രധാന ചര്‍ച്ചയെങ്കിലും മറ്റ് മതവിശ്വാസികളും നമ്മുടെ പരിഗണനയിലുണ്ട്.
? 'കുടിയേറ്റമാണ് ബ്രിട്ടനിലെ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കാരണ'മെന്ന വാദങ്ങളെ വിമര്‍ശിച്ചുകൊണ്ട് 2005 ലെ ബ്രിട്ടനിലെ ഇലക്ഷന് മുമ്പായി നടന്ന ചര്‍ച്ചകളില്‍ താങ്കള്‍ ഇടപെട്ടിരുന്നു. ബ്രിട്ടനില്‍ ഇതൊരു സങ്കീര്‍ണമായ പ്രശ്‌നമല്ലേ?
അതെ. 1960 കളിലെ കുടിയേറ്റത്തെക്കുറിച്ച ഭാഷയാണ് ബ്രിട്ടനില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന കാര്യം എന്നെ ആശങ്കപ്പെടുത്തുന്നു; 'ഓ, മറ്റു സംസ്‌കാരങ്ങളുടെ കുടിയേറ്റം മൂലം നാം പെട്ടുപോയിരിക്കുന്നു'. ബ്രിട്ടീനിലെ കുടിയേറ്റക്കാര്‍ വലിയ തോതിലുള്ള വ്യത്യസ്ത പാശ്ചാത്തലത്തില്‍ നിന്ന് വന്നവരാണ്. പഴയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരും അവരിലുണ്ട്. ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ല. അവരുടെ സഹായമില്ലായിരുന്നെങ്കില്‍ മഹത്തായ പലതും തകര്‍ന്ന് പോയേനെ. ബ്രിട്ടനിലെ ജനങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന ജോലികളാണ് പലപ്പോഴും ഇവര്‍ ചെയ്യുന്നത്. സജീവവും വൈവിധ്യവുമായ സമൂഹമായി ബ്രിട്ടനെ നിലനിര്‍ത്തുന്നതില്‍ സാംസ്‌കാരികമായ പങ്ക് ഇവര്‍ വഹിച്ചിട്ടുണ്ട്. അതിനാല്‍ എതിര്‍പ്പും സംശയങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്.
ചര്‍ച്ചിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇപെടലുകള്‍ ഇക്കാര്യത്തിലുണ്ടാകാറുണ്ട്. കുടിയേറ്റക്കാരുടെയും രാഷ്ട്രീയ അഭയാര്‍ഥികളുടെയും കാര്യത്തിലും ഞങ്ങള്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. മഹാഭൂരിപക്ഷ അഭയാര്‍ഥികളും ബ്രിട്ടനെ സ്വമേധയാ വരിക്കുന്നതല്ല. മറിച്ച് അവരുടെ രാജ്യങ്ങളിലെ ഭയാനകവും ദുരിത പൂര്‍ണവുമായ അവസ്ഥകളില്‍ നിന്ന് ഗതികേടുകൊണ്ടാണെന്ന് അഭയാര്‍ഥി ക്യാമ്പുകളും തടവറകളും സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് മനസ്സിലാകാറുണ്ട്. ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായ, യുദ്ധത്തില്‍ കുടുംബം നശിപ്പിക്കപ്പെട്ട, ജീവിക്കാന്‍ ഒരിടം അന്വേഷിക്കുന്ന ഒരു സ്ത്രീയുടെ മേശക്കപ്പുറത്തിരുന്ന് അവരുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ 'ഇത്തിള്‍കണ്ണികള്‍', 'പരാന്നഭോജികള്‍', 'കള്ളന്മാരായ അഭയാര്‍ഥികള്‍' തുടങ്ങി മറ്റുള്ളവര്‍ അവരെ വിളിക്കുന്ന അഭിസംബോധനകള്‍ ശ്രദ്ധിക്കാന്‍ നമുക്ക് കഴിയില്ല. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് കുറച്ചു കൂടി മാന്യമായി അവരോട് പെരുമാറാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ബ്രിട്ടീഷ് സംസ്‌കാരം അതില്‍ കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട്.
? ഇന്ത്യയെപ്പോലൊരു രാജ്യത്ത് നിന്ന് സംസാരിക്കുമ്പോള്‍, ചെന്നൈയിലെ പ്രഭാഷണത്തില്‍ സൂചിപ്പിച്ച പോലെ 'മറ്റു വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരുടെ വാക്കുകള്‍ നാം കേള്‍ക്കണം' എന്ന നിലപാട് പ്രധാന്യമര്‍ഹിക്കുന്നു. ചര്‍ച്ചിന്റെ വിശ്വാസങ്ങളെ ബലികഴിക്കാതെ എങ്ങിനെയാണ് മറ്റ് വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനാകുക?
എന്നെ സംബന്ധിച്ചേടത്തോളം എല്ലാത്തിനുമുപരി മറ്റു മതക്കാരുമായി ബന്ധം പുലര്‍ത്താനുള്ള താല്‍പര്യമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മറ്റ് ചിലപ്പോള്‍ പഠനത്തിലൂടെയാകാം, മറ്റു ചിലപ്പോഴാകട്ടെ മൗനത്തിലൂടെയും. പല കാരണങ്ങളാല്‍ നമുക്കൊരുമിച്ച് പ്രാര്‍ഥിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ മൗനമായിരിക്കാന്‍ നമുക്ക് കഴിയും. തീര്‍ച്ചയായും മറ്റ് പാരമ്പര്യങ്ങളും വിശുദ്ധ പുസ്തകങ്ങളും വായിക്കാന്‍ നമുക്ക് കഴിയും. അവര്‍ എങ്ങിനെയാണ് വിശുദ്ധ ഗ്രന്ഥം കൈകാര്യം ചെയ്യുന്നതെന്നും ആചാരങ്ങള്‍ നിര്‍വഹിക്കുന്നതെന്നും പഠിക്കാന്‍ നമുക്കതിലൂടെ സാധിക്കും. നമുക്കവയിലെ ആഴവും പരിശുദ്ധിയും മനസ്സിലാക്കാന്‍ കഴിയും. 'ഓ, നിങ്ങളാണ് ശരി' എന്നതിനര്‍ഥമില്ല. എന്നാല്‍ ഇത്രയും പറയാന്‍ എനിക്ക് സാധിക്കും, 'നിങ്ങള്‍ പറയുന്നത് കാര്യഗൗരവത്തിലാണ്'. മറ്റുള്ളവര്‍ പറയുന്നത് കാര്യത്തിലെടുക്കുമ്പോള്‍ കൂടിയാണ് സംഭാഷണങ്ങള്‍ ആരംഭിക്കാന്‍ കഴിയുക.
? സെപ്റ്റംബര്‍ 11 സംഭവം നടക്കുമ്പോള്‍ ഏതാനും മീറ്ററുകള്‍ മാത്രമകലെ ഒരു പ്രഭാഷണം നടത്തുകയായിരുന്നു താങ്കള്‍, സംഭവത്തെക്കുറിച്ച താങ്കളുടെ ചിന്തകള്‍ 'Writing in the Dust' എന്ന പുസ്തകത്തിലുണ്ട്. അവിടെയൊരു പള്ളി ഉയരുന്നതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
ഒരു മാതൃകാ ലോകത്തില്‍ അവിടെ പള്ളിയുയരുന്നത് മുസ്‌ലിംകളുടെ മഹത്തായ പാരമ്പര്യത്തിന്റെ അടയാളമായാണ് കാണുക. എന്നാല്‍ യഥാര്‍ഥ ലോകത്ത് എല്ലാവരും ഇതുപോലെ ആയിരിക്കില്ല കാണുക. അതിന്റെ പരിസരത്ത് എല്ലാവരുടെയും ശരിയായ സഹകരണം ഉറപ്പ് വരുത്തുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവരും പരസ്പരം മനസ്സിലാക്കുന്ന വിശുദ്ധ സ്ഥലം - മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതരും ഹിന്ദുക്കളും എല്ലാവരും. കാരണവും മരണവും വേദനയും ഒരു സമൂഹത്തിന് വേണ്ടി മാത്രം മാറ്റിവെക്കപ്പെട്ടിരിക്കുന്നതല്ല, അതിനോടുള്ള ദൈവികാഭിലാഷമുള്‍പ്പെടയുള്ള പ്രതികരണങ്ങളും ആത്മാര്‍ഥമായ സഹകരണം അവിടെ നിലവില്‍ വരാനാണ് ഇഷ്ടപ്പെടുന്നത്.
? അല്‍ഖാഇദയെക്കുറിച്ച താങ്കളുടെ പ്രസിദ്ധമായ പരാമര്‍ശങ്ങളാണ്, തീവ്രവാദികള്‍ക്കും ഗൗരവ ആദര്‍ശലക്ഷ്യങ്ങളുണ്ടാകാം, പൈശാചിക വ്യക്തിത്വങ്ങളെന്ന് മുദ്രചാര്‍ത്തി വ്യക്തികളെ തകര്‍ത്ത് കളയുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കില്ല തുടങ്ങിയവ. തീവ്രവാദത്തെക്കുറിച്ചും, ഭീകരവാദത്തെക്കുറിച്ച യുദ്ധത്തെക്കുറിച്ചും താങ്കളുടെ അഭിപ്രായം?
ഞാന്‍ ആ സന്ദര്‍ഭത്തില്‍ പറഞ്ഞത്, ഹൃദയ ശൂന്യരായ തീവ്രവാദികളുടെ അതിഭയാനകമായ പ്രവൃത്തികള്‍ക്കും ക്രൂരതകള്‍ക്കുമിടയില്‍ അവരുടെ ആവശ്യങ്ങള്‍ നാം കാണാതിരിക്കാന്‍ മാത്രം അന്ധരായിക്കൂടാ എന്നാണ്. എല്ലായ്‌പ്പോഴുമല്ല, ചില സന്ദര്‍ഭങ്ങളില്‍ നാം നല്ലതെന്ന് വിശ്വസിക്കുന്ന കാര്യങ്ങളാകും അവരും പറയുന്നത്. ഇതിലൂടെയാണ് അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ്ങളെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക. അവരുടെ മാര്‍ഗ്ഗങ്ങള്‍ നീതികരിക്കാനാവാത്തതാണ്. ഇതിലേര്‍പ്പെടുന്നവര്‍ പൈശാചിക കൃത്യങ്ങളാണ് ചെയ്യുന്നത്. എന്നാല്‍ എല്ലാ തീവ്രവാദികളും അടിസ്ഥാനപരമായി പിശാചുക്കളാണ് എന്ന് ലളിതമായി പറയുമ്പോള്‍ അതിനര്‍ഥം അവരെ മനസ്സിലാക്കാന്‍ നമുക്കാഗ്രഹമില്ല എന്നതാണ്. നമ്മെ തന്നെ അക്രമത്തിലേക്ക് നയിക്കുന്ന അവയെ തിരിച്ചറിയാതിരിക്കുന്നതിലൂടെ നമ്മെ മനസ്സിലാക്കാനുള്ള വഴികളാണ് നാമടക്കുന്നത്. ഈ മനോഭാവം നമുക്ക് ഗുണകരമല്ല.
അതിനാല്‍ 'ഭീകരതക്കെതിരെയുള്ള യുദ്ധം' സംശയം ജനിപ്പിക്കുന്നതാണ്. എന്തുകൊണ്ടെന്നാല്‍ യുദ്ധത്തില്‍ നമുക്ക് കൃത്യമായ എതിരാളിയുണ്ടാകും, വ്യക്തമായ ലക്ഷ്യമുണ്ടാകും. വിജയിക്കുമ്പോള്‍ നമുക്കനുഭവിക്കാന്‍ കഴിയും. എന്നാല്‍ 'ഭീകരതക്കെതിരെയുള്ള യുദ്ധം' ഇതുപോലെയല്ല. ഭീകരത സൃഷ്ടിക്കുന്ന അന്തരീക്ഷം യുദ്ധത്തിനേക്കാള്‍ വലുതാണ്. ഇത് ജനങ്ങളെ നിരാശയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ക്കെതിരെയുള്ളതാണ്, തീവ്രനിലപാടുകളിലേക്കും വെറുപ്പിലേക്കും നയിക്കുന്ന മാനസികവും ആത്മീയവുമായ അന്തരീക്ഷത്തിനെതിരെയുള്ളതാണ്. ഇതിനെതിരെയാണ് ശരിയായ ഭീകരതക്കെതിരെയുള്ള യുദ്ധം. ഇത് ഞാന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞതുപോലെ ചീത്തയായ മതം, ഒരു സംസ്‌കാരം മാത്രം സൃഷ്ടിക്കുന്നതല്ല. മറിച്ച് മഹത്തായ മതങ്ങളെ പുറം തള്ളുന്നതിലൂടെയാണ് മോശമായ മതം സമൂഹത്തില്‍ ഇടം ഉറപ്പിക്കുന്നത്.
? വിവാഹം തുടങ്ങിയ മേഖലയില്‍ ബ്രിട്ടനില്‍ ശരീഅത്ത് ഭാഗികമായി നടപ്പിലാക്കപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ പ്രസ്താവിക്കുകയുണ്ടായി, അതിനെ എതിര്‍ക്കരുതെന്നും താങ്കള്‍ കൂട്ടിച്ചേര്‍ത്തു. പൊതു ജീവിതത്തില്‍ നിന്ന് മതം വ്യക്തിയുടെ തിരഞ്ഞെടുപ്പ് മാത്രമായി ഒതുങ്ങിപ്പോവുന്നതിലുള്ള നിരാശയാണോ താങ്കളുടെ ശരീഅത്ത് പ്രഭാഷണത്തിന്റെ പശ്ചാത്തലം?
അതെ. പ്രഭാഷണത്തിന്റെ ഒരു താല്‍പര്യം അതായിരുന്നു. പക്വതയുള്ളതും ആരോഗ്യകരവുമായ ഏതൊരു സമൂഹവും അതിലെ വിവിധ വിഭാഗക്കാരുടെ വളര്‍ച്ചക്കാവശ്യമായ നിയമപരമായ വ്യവസ്ഥകളില്‍ അയവുള്ള നിലപാടുകള്‍ സ്വീകരിക്കണം. ഞാനത് കൂടുതല്‍ വ്യക്തമാക്കാം. പ്രഭാഷണത്തിന് ശേഷം ഒരു മുസ്‌ലിം വക്കീല്‍ എന്നെ സന്ദര്‍ശിച്ച് പറഞ്ഞു: ''താങ്കള്‍ പറഞ്ഞതിനെ ഞാന്‍ പിന്തുണക്കുന്നു, കാരണം ബ്രിട്ടനില്‍ പലയിടത്തും ശരീഅത്ത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവ കൈകാര്യം ചെയ്യുന്നത് പരിമിതമായ നിയമ പരിജ്ഞാനമുള്ളവരാണ്. ഇവര്‍ നിയന്ത്രണാതീതരാണ്, ഇവര്‍ക്ക് ആരോടും ഉത്തരവാദിത്വവുമില്ല.'' ഞാന്‍ പറയുന്നത് സ്റ്റേറ്റും മുസ്‌ലിം സമൂഹവും ശരീഅത്ത് നടപ്പിലാക്കാന്‍ കഴിയുന്ന മേഖലകളില്‍ ഇരുകൂട്ടര്‍ക്കും അംഗീകൃതമായ ചില വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നാണ്. ഇതിനോടനുബന്ധിച്ച് ഞാന്‍ പറയുന്ന മറ്റൊരു കാര്യം, മതവിഭാഗങ്ങളും സ്റ്റേറ്റും മതവിദ്യാഭ്യാസത്തിന്റെ കാര്യത്തിലും യോജിച്ച് പ്രവര്‍ത്തിക്കണമെന്നാണ്. ഒരു മതഭക്തനെന്ന നിലക്ക് ഞാന്‍ സര്‍ക്കാറിനോട് പറയും മതസ്ഥാപനങ്ങളോട് സഹകരിക്കണമെന്ന്. ഇതിനായി സര്‍ക്കാര്‍ ചില അളവുകോലുകള്‍ ഉണ്ടാക്കുമെന്നും ഞാന്‍ കരുതുന്നു. പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന് പുറമെ മതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം- മത നിയമങ്ങള്‍ ഉള്‍പ്പെടെ- ഉയര്‍ത്താന്‍ ഇത് മൂലം സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. ശരീഅത്ത് പ്രഭാഷണത്തിനോടുള്ള പ്രതികരണങ്ങള്‍ നാം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് കാണിച്ചു തരുന്നു. വഴി കഠിനമാണെങ്കിലും നാം മുന്നോട്ട് പോകും.
? ഫ്രാന്‍സിലെ സ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിക്കുന്നതിനെതിരെ താങ്കള്‍ ശബ്ദമുയര്‍ത്തുകയുണ്ടായി?
അതെ. കാരണം സ്റ്റേറ്റ് മതവിശ്വാസത്തിലെ അസ്വീകാര്യമായതെന്തെന്ന് തീരുമാനിക്കുമ്പോള്‍ അപകടകരമായ പല പ്രവണതകളും കടന്ന് വരുന്നു. മനുഷ്യാവകാശ നിയമങ്ങള്‍ ഒരാളുടെ മതകീയ പ്രകാശങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നാഗ്പൂരില്‍ പറഞ്ഞത് പോലെ ഇത് സൂക്ഷ്മമായും ആദരവോടും പരിഗണിക്കപ്പെടണം. ഈ നിരോധങ്ങള്‍ പരിഷ്‌കൃത സമൂഹങ്ങള്‍ക്ക് ഉചിതമല്ല.
? മാര്‍ക്കറ്റിനെ അമിതമായി ആശ്രയിക്കുന്നത് വിഗ്രഹാരാധനയാണെന്നാണ് താങ്കളുടെ അഭിപ്രായം. ധാര്‍മ്മികമായ സമ്പദ്ഘടനയുടെ ആവശ്യകതയെക്കുറിച്ചും താങ്കള്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ആഗോളവത്കരണത്തിന്റെയും സമീപകാല സാമ്പത്തിക തകര്‍ച്ചയുടെയും സാഹചര്യത്തില്‍ പാവപ്പെട്ടവരെയും സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവരെയും സംരക്ഷിക്കാന്‍ ചര്‍ച്ച് എന്തൊക്കെ നടപടികളാണ് എടുക്കുന്നത്?
ചര്‍ച്ചിന് രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഒന്ന് സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും പരിഗണിച്ചുകൊണ്ട് ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ട പ്രായോഗിക സഹായങ്ങള്‍ നല്‍കുക. വിദ്യാഭ്യാസം നല്‍കിയും എന്റെ പ്രത്യേക താല്‍പര്യ വിഷയമായ മൈക്രോഫിനാന്‍സ് വഴിയും നമുക്കവരെ സഹായിക്കാന്‍ കഴിയും. അധികാരങ്ങളും രാഷ്ട്രീയ ഇടങ്ങളും അവര്‍ക്ക് നല്‍കുക. ചര്‍ച്ച് ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടാമത്തെ കാര്യത്തില്‍ ചര്‍ച്ചിന് മുന്നോട്ട് പോകാനുണ്ട്. എന്താണ് സമ്പത്തെന്നും, എന്താണ് ശരിയായ സമ്പദ്‌സമൃദ്ധിയെന്നുമുള്ള ചോദ്യങ്ങള്‍ പുരോഹിതന്മാര്‍ ജനങ്ങളോട് നിരന്തരം ചോദിക്കണം. ഭൗതികമായ വസ്തുക്കളുടെ വളര്‍ച്ചയാണോ ഒരാളുടെ സമൃദ്ധിയുടെ മാനദണ്ഡം? ബ്രിട്ടനില്‍ ഈയടുത്ത് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു 'Prosperity without Growth?'. ഞാനത് കുറച്ച് തവണ വായിച്ചു. നാം ആവര്‍ത്തിച്ച് ചോദിച്ചു കൊണ്ടിരിക്കേണ്ട ഒരു ചോദ്യമാണിത്.
ദ ഹിന്ദു ഓണ്‍ലൈന്‍ എഡിഷന്‍ 2010 ഒക്ടോബര്‍ 21)