>>ലേഖനം
ദേശീയ ചരിത്രമെഴുത്തിന്റെ പകര്‍ന്നാട്ടങ്ങള്‍-2
മലബാര്‍, ടിപ്പു, ഔറംഗസീബ്
മതരാഷ്ട്രീയത്തിന്റെ പ്രാഗ്രൂപങ്ങള്‍
ശിഹാബ് പൂക്കോട്ടൂര്‍
യൂറോ അമേരിക്കന്‍ കേന്ദ്രീകൃതമായ ചരിത്രത്തില്‍ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കാന്‍ ചില മിത്തുകളെയും സ്ഥലങ്ങളെയുമായിരുന്നു ഉപയോഗിച്ചത്. മിഡില്‍ ഈസ്റ് എന്ന സ്ഥലം ഇരുണ്ട സ്ഥലമായി യൂറോകേന്ദ്രീകൃത ആഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുണ്ടതോ ഭീകരമായതോ ഒഴിവാക്കപ്പെടേണ്ടതോ ആയ പ്രശ്നസ്ഥലങ്ങളായി യൂറോ കേന്ദ്രീകൃത ചരിത്രത്തില്‍ മിഡില്‍ഈസ്റും ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ മലബാറും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ ടിപ്പു, ഔറംഗസീബ് എന്നീ രാജാക്കന്മാരും മലബാര്‍ എന്ന ദേശരൂപവും പ്രത്യേകമായ ആഖ്യായികളുടെ(യൂറോപ്പിന്റെ വാര്‍പ്പുമാതൃകകളുടെ) അകത്ത് അപ്രത്യക്ഷമാവുകയോ ഹിംസാത്മകമാവുകയോ ചെയ്യുന്നു. അതിന്റെ പകര്‍ത്തിയെഴുത്താണ് ഔറംഗസീബിനെ കുറിച്ചുള്ള എം.ജി.എസിന്റെ നിരീക്ഷണവും. "ഔറംഗസീബിന്റെ കാലത്ത് വീണ്ടും ഹൈന്ദവ വിരുദ്ധ ഭീകരത കാശിയിലും മധുരയിലും ക്ഷേത്രങ്ങളില്‍ തുടരുകയുണ്ടായി. ഇസ്ലാമിന്റെ പേരില്‍ നടത്തിയ ആക്രമണങ്ങളും ഭീകരപ്രവര്‍ത്തനങ്ങളുമാണ് ഹിന്ദുക്കളെ സാമുദായികമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.'' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, എം.ജി.എസ്).
ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട ഏറ്റവും മഹാനായ ഭരണാധികാരിയായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ സാമ്രാജ്യ സീമ ഏതാണ്ട് ഇന്ത്യയെ മുഴുവന്‍ ഉള്‍കൊണ്ടിരുന്നു. അതുകൊണ്ട് മാത്രമല്ല അദ്ദേഹം ഏറ്റവും മഹാനായ ഭരണാധികാരിയാവുന്നത്. സ്വഭാവ മഹിമ, സ്നേഹം, വിശ്വസ്തത, നീതിനിഷ്ഠ, ഉത്തരവാദിത്വബോധം, പ്രജാസ്നേഹം എന്നിവയിലെല്ലാം അദ്ദേഹം അദ്വിതീയനായിരുന്നു. സര്‍ക്കാരിന്റെ സമ്പത്ത് ജനങ്ങളുടെ സമ്പത്തായതുകൊണ്ട് സ്വന്തം ആവശ്യത്തിനുവേണ്ടി അദ്ദേഹം ചെലവഴിച്ചിരുന്നില്ല. പ്രജകളില്‍നിന്ന് നികുതിയായി പരിച്ചെടുത്തിരുന്ന ധനം പ്രജകള്‍ക്ക് വേണ്ടി അദ്ദേഹം ചെലവഴിച്ചു. പ്രജാതല്‍പരനായിരുന്ന, ജാതിമതഭേദമന്യേ ജനങ്ങളുടെ അവകാശങ്ങള്‍ അനുവദിച്ച് നല്‍കിയിരുന്ന മറ്റു മുഗള്‍ രാജാക്കന്മാരില്‍നിന്ന് ഏറെ വ്യത്യസ്തനായ ഒരാളായിരുന്നു ഔറംഗസീബ്. ഔറംഗസീബിന്റെ സ്വഭാവം വ്യക്തമാക്കുന്ന നിരവധി ചരിത്ര ഉദാഹരണങ്ങള്‍ വിശ്വസ്തരായ ചരിത്രകാരന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. "യമുനയുടെ മറുകരയില്‍ താജ്മഹലിനെപ്പോലെ മറ്റൊരു ശവകുടീരം കൂടി നിര്‍മിക്കാന്‍ ഷാജഹാന്‍ ആഗ്രഹിച്ചിരുന്നു. അതിന്റെ നിര്‍മാണ ജോലികളും തുടങ്ങിയിരുന്നു. ഇരു ശവകുടീരങ്ങളെയും ബന്ധിപ്പിക്കാനുള്ള പാലത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് ഔറംഗസീബ് അധികാരത്തിലേറിയത്. ജനോപകാരപ്രദമല്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പൊതുധനം ചെലവഴിക്കുന്നത് വിലക്കികൊണ്ട് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു. പാലത്തിന്റെ പാര്‍ശ്വങ്ങളില്‍ പതിച്ചിരുന്ന വെള്ളി ഇളക്കിയെടുത്ത് നാണയങ്ങള്‍ അടിക്കാനും ആ സംഖ്യകൊണ്ട് റോഡുകളും പാലങ്ങളും നിര്‍മിക്കാനും അദ്ദേഹം കല്‍പനയിറക്കി. ഇതേ കാഴ്ചപ്പാടോടുകൂടിയാണ് അന്‍പത് സംവത്സരവും അദ്ദേഹം ഭരണം നടത്തിയത് സുപ്രധാനമായ ധാരാളം ഭരണപരിഷ്കാരങ്ങള്‍ ഔറംഗസീബ് നടപ്പില്‍ വരുത്തുകയുണ്ടായി.''(1) "ഇഹ്തിസാബ് കോടതിയാണ് ഔറംഗസീബിന്റെ മറ്റൊരു പ്രധാന പരിഷ്കരണം. ജനങ്ങളെ തെറ്റായ നടപടിയില്‍നിന്ന് തടയുവാനുള്ള ഈ സംവിധാനം ജനങ്ങളുടെ സംസ്കരണം മുന്‍നിര്‍ത്തി ആദ്യമായി അത് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. മദ്യപാനം, ചൂതാട്ടം മുതലായ പല തിന്മകളും ഈ കോടതി തടഞ്ഞിരുന്നു. ചക്രവര്‍ത്തിയെ ചുറ്റിപറ്റിയിരുന്ന് സ്തുതി പാടിയിരുന്ന കവികള്‍ക്ക് ഔറംഗസീബ് സംരക്ഷണം നല്‍കിയിരുന്നില്ല.''(2)
"ഡക്കാനിലെ ഔറംഗാബാദ് മുതല്‍ ആഗ്രവരെയും ലാഹോര്‍ മുതല്‍ കാബൂള്‍ വരെയുമുള്ള റോഡുകളുടെ പാര്‍ശ്വങ്ങളില്‍ ധാരാളം സത്രങ്ങള്‍, മാര്‍ക്കറ്റുകള്‍, കിണറുകള്‍, കുളിമുറികള്‍ എന്നിവ അദ്ദേഹം പണികഴിപ്പിച്ചു. ഇതിനു പുറമെ പഴയ സത്രങ്ങള്‍ പുനരുദ്ധരിക്കാനും പാലങ്ങള്‍ നിര്‍മിക്കാനും അദ്ദേഹം ഉത്തരവ് നല്‍കി. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഔറംഗസീബ് നിര്‍ലോഭം പണം ചെലവഴിച്ചു. തദ്ഫലമായി റോഡുകളുടെ സുരക്ഷിതത്വം വര്‍ധിക്കുകയും യാത്ര സുഗമമായിത്തീരുകയും ചെയ്തു. അഗതികള്‍, മാറാരോഗികള്‍, അന്ധര്‍ തുടങ്ങിയവര്‍ക്കായി ധാരാളം അഗതി മന്ദിരങ്ങള്‍ നിര്‍മിച്ചു. അഗതി മന്ദിരങ്ങളില്‍ ഭക്ഷണം സൌജന്യമായി നല്‍കപ്പെട്ടു. വിദ്യാഭ്യാസരംഗത്തും ഔറംഗസീബ് സജീവ താല്‍പര്യം കാണിച്ചിരുന്നു. രാജ്യത്തെങ്ങുമുള്ള പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ നിശ്ചയിച്ചു. രമ്യഹര്‍മങ്ങളും ശവകുടീരങ്ങളും നിര്‍മിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമേ അദ്ദേഹം പൊതുമുതല്‍ ചെലവഴിച്ചിരുന്നുള്ളൂ.'' (3) ഔറംഗസീബ് ദിവസം മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. ഭരണകാര്യങ്ങള്‍ക്കും ആരാധനക്കും വേണ്ടിയാണ് സമയത്തിന്റെ സിംഹഭാഗവും അദ്ദേഹം വിനിയോഗിച്ചിരുന്നത്. രാജ്യത്തിലെ ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് സൂക്ഷ്മമായ വിവരമുണ്ടായിരുന്നു. അങ്ങേയറ്റം ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭക്ഷണവും വസ്ത്രവും ഏറ്റം സാധാരണമായിരുന്നു. ചീത്തവാക്കുകള്‍ അദ്ദേഹത്തില്‍നിന്ന് പുറത്ത് വന്നിരുന്നില്ല. "തൊപ്പിതുന്നി വിറ്റുകിട്ടിയ നാലരയുറുപ്പിക തന്റെ കൈയിലുണ്ടെന്നും മൃതദേഹത്തെ അണിയിക്കാനുള്ള വസ്ത്രങ്ങള്‍ അതുകൊണ്ട് വാങ്ങണമെന്നും മരണത്തിനുമുമ്പ് അദ്ദേഹം ഒസ്യത്ത് ചെയ്തിരുന്നു. ഖുര്‍ആന്‍ പകര്‍ത്തി സമ്പാദിച്ച എണ്ണൂറ് ഉറുപ്പിക സാധുക്കള്‍ക്ക് വിതരണം ചെയ്യണമെന്നായിരുന്നു മറ്റൊരു ഒസ്യത്ത്''(4) "ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളില്‍ അലാവുദ്ദീന്‍ ഖില്‍ജി, ഫിറോസ്ഷാ, ഷേര്‍ഷാ തുടങ്ങിയ പലരും ധാരാളം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ ജനങ്ങള്‍ക്ക് ഭാരമാവരുതെന്ന് കരുതി ഉണക്ക റൊട്ടികള്‍ കഴിച്ച് ജീവിക്കുകയും ചെയ്ത ഭരണാധികാരി ഔറംഗസീബ് മാത്രമാണ്''(5) 1693ല്‍ അദ്ദേഹം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പടനയിക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തികഞ്ഞ മതബോധ്യങ്ങളായിരുന്ന ഔറംഗസീബിന്റെ ഭരണപ്രവര്‍ത്തനങ്ങളുടെ കാതല്‍. മതബോധമുള്ള (ഇസ്ലാമികമായ) ഒന്നിനെ അപരിഷ്കൃതവും വര്‍ഗീയവുമായി നിരീക്ഷിക്കുക എന്ന യൂറോപ്യന്‍ യുക്തി തന്നെയാണ് ഇന്ത്യന്‍ അധീശ (മതേതര, ദേശീയ) വ്യവഹാരങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. മതവിശ്വാസത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഇന്നും വര്‍ഗീയവാദികള്‍ എന്നാരോപിച്ച് ബഹിഷ്കരിക്കുന്നതിന്റെ പിന്നിലും ഈ യുക്തിതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് മറ്റു മുഗള്‍ ഭരണാധികാരികളില്‍നിന്നും വ്യത്യസ്തമായി ഔറംഗസീബ് ആക്രമണകാരിയാവുന്നത്. എം.ജി.എസിന്റെയും എം. ഗംഗാധരന്റെയും ചരിത്ര സത്യങ്ങളാണ് ഹിംസാത്മകമായ രീതിയില്‍ ആര്‍.എസ്.എസ് വിദ്യാലയങ്ങളില്‍ ചരിത്ര വിജ്ഞാനമെന്ന പേരില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലാകെ 2000ത്തിലധികം വിദ്യാലയങ്ങളും അവിടെ 25 ലക്ഷം വിദ്യാര്‍ഥികളും ഒരു ലക്ഷത്തോളം അധ്യാപകരും അടങ്ങുന്ന 'വിദ്യാഭാരതി' സ്കൂളുകളിലൂടെ ആര്‍.എസ്.എസ് പകര്‍ന്നു നല്‍കുന്നത് അത്യന്തം വിഷലിപ്തമായ സാംസ്കാരിക ആശയങ്ങളും ചരിത്രത്തിന്റെ വികലമായ പ്രതിബിംബങ്ങളുമാണ്. 'ശിശുമന്ദിര'ങ്ങളിലെ നാലാം ക്ളാസിലെ പുസ്തകത്തില്‍ ഇങ്ങനെ വായിക്കാന്‍ സാധിക്കുന്നു. "ഞെരിച്ചു കൊല്ലേണ്ട കൊതുകും ഈച്ചയുമാണ് ഈ കൊള്ളക്കാരെന്ന് (മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍) നമ്മുടെ പിതാമഹാന്മാര്‍ കരുതി. അറബികള്‍ അപരിഷ്കൃതരായിരുന്നു. മതപരിവര്‍ത്തനം നടത്താനാണ് അവര്‍ രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഒരുകൈയില്‍ വാളും മറു കൈയില്‍ ഖുര്‍ആനും പിടിച്ചായിരുന്നു അവരുടെ യാത്ര... ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഭയവും നീതിയും അവര്‍ക്ക് അപരിചിതമായിരുന്നു. വാള്‍മുനയുടെ മുമ്പില്‍വെച്ച് അനേകായിരം ഹിന്ദുക്കളെ അവര്‍ മുസ്ലിംകളാക്കി.... നമ്മുടെ ദേശം എല്ലാവരും അസൂയയോടെ നോക്കികണ്ട ദേശമാണ്. നമുക്ക് മേലുള്ള ആക്രമണത്തിന്റെയും നമ്മുടെ പ്രതിരോധത്തിന്റെയും 3000 വര്‍ഷത്തെ കഥയാണ് നമ്മുടെ രാജ്യത്തിനകത്തുള്ളത്. നമ്മള്‍ വിശ്വസിക്കുന്നു മനുഷ്യനാദ്യം പിറന്നത് നമ്മുടെ ദേശത്താണ്. വേദമതാനുയായികളായിരുന്നു ക്ഷത്രിയര്‍. അവര്‍ നിരാശരായി. മഗധയുടെ ഭരണാധാകാരി ഒരു ബുദ്ധനായിരുന്നു അതുകൊണ്ട് അയാള്‍ യുദ്ധം ചെയ്യാന്‍ തയാറായില്ല. അങ്ങനെയാണ് രാജ്യം അടിമത്വത്തിലേക്ക് നയിക്കപ്പെട്ടത്. മുസ്ലിംകള്‍ പശുവിന്റെയും കൊലയാളികളാണ്. അവരെ കൊല്ലുന്ന ഹിന്ദുക്കളെ ആദരിക്കണം'' (കടപ്പാട്, കമ്യൂണലിസം കോംപാറ്റ്). എട്ടുവയസ്സുള്ള പിഞ്ചുമനസ്സുകളില്‍ നിറയേണ്ട ചരിത്രബോധവും പരസ്പര ബഹുമാനവും, അസഹിഷ്ണുതയും വെറുപ്പുമായി പരിണമിക്കാന്‍ ഈ പാഠപുസ്തകത്തിലധികം എന്തുവേണം? ഇതില്‍നിന്ന് വ്യത്യസ്തമായ എന്ത് ചരിത്രമാണ് ദേശീയവാദ ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുള്ളത്?
ദേശീയ ചരിത്രകാരന്മാരുടെ മറ്റൊരു ടാര്‍ഗറ്റും അവരുടെ ആഖ്യാനങ്ങളില്‍ നശീകരണ ശേഷിയുടെ ഉറവിടവുമായിരുന്ന രാജാവായിരുന്നു ടിപ്പു സുല്‍ത്താന്‍. ടിപ്പുവിന്റെ ആക്രമണത്തിലൂടെ മലബാറിന്റെ വികസനങ്ങള്‍ മുരടിച്ചുപോയെന്നും മതവര്‍ഗീയവാദിയായ രാജാവായിരുന്നു ടിപ്പുവെന്നും എം.ജി.എസും ഗംഗാധരനും നിരീക്ഷിക്കുന്നുണ്ട്. ടിപ്പുവിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കും അധിനിവേശ ചെറുത്തുനില്‍പുകള്‍ക്കും മതം ഒരു പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് വര്‍ഗീയമെന്ന വിളിപ്പേരിലൂടെയാണ് യൂറോപ്യന്‍ ചരിത്രത്തിലും അതിന്റെ പകര്‍ത്തിയെഴുത്ത് നടത്തിയ ഇന്ത്യന്‍ ചരിത്രത്തിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മുസ്ലിംകളെ ഏതുതരം ക്രൂരതകള്‍ക്കാണ് വിധേയമാക്കിയതെന്ന് അന്നത്തെ ഒരു ക്രിസ്ത്യന്‍ ചരിത്രകാരന്‍ ജോസ് ഡി ബറോസ് (1496-1570)ന്റെ പ്രഖ്യാപനത്തിലൂടെ വ്യക്തമായിരുന്നു. "പുനര്‍ജന്മമില്ലാത്ത മുസ്ലിംകളുടെയും അവിശ്വാസികളുടെയും ആത്മാവുകള്‍ നരകത്തീയില്‍ പതിക്കാന്‍ ശപിക്കപ്പെട്ടതിനാല്‍ അവരുടെ ശരീരം ക്രിസ്ത്യന്‍ നിയമപ്രകാരമുള്ള സംരക്ഷണം അര്‍ഹിക്കുന്നില്ല.'' "എല്ലാ മുസ്ലിം പള്ളികളും ഇടിച്ചു നിരത്താനും ബാങ്ക്വിളി നിരോധിക്കാനും ക്രിസ്ത്യാനികളല്ലാത്ത എല്ലാ പുരോഹിതരെയും അധ്യാപകരെയും നാടുകടത്താനും അവരുടെ ഖുര്‍ആന്‍ പോലുള്ള പുണ്യഗ്രന്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുവാനും തീരുമാനമായി.''(6)
ഈ സാഹചര്യത്തില്‍ പോര്‍ച്ചുഗീസ് ആക്രമണത്തിനെതിരെ കേരള മുസ്ലിംകള്‍ നടത്തിയ ചെറുത്തുനില്‍പ് അവിസ്മരണീയമായിരുന്നു. മലബാര്‍ പോര്‍ച്ചുഗീസ് ആധിപത്യത്തിലാകുന്നത് തടയാനാണ് കേരള മുസ്ലിംകള്‍ വിജയകരമായി പൊരുതിയതെങ്കില്‍ ഹൈദര്‍ അലിയുടെയും ടിപ്പുസുല്‍ത്താന്റെയും നേതൃത്വത്തില്‍ മൈസൂര്‍ ഭരണകൂടം ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് പോരാടിയിരുന്നത്. "മലബാറില്‍ 26 വര്‍ഷം നീണ്ട മൈസൂര്‍ ഭരണ കാലത്ത് പൊതുജീവിതത്തിന്റെ ഏതാണ്ടെല്ലാ തലങ്ങളിലും വിപ്ളവകരമായ മാറ്റങ്ങളാണുണ്ടായത്. ടിപ്പുവിന്റെ രാഷ്ട്രസങ്കല്‍പവും സൃഷ്ടിപരമായ വീക്ഷണവും ഇവിടെ ജനങ്ങളുടെ സാമ്പത്തിക നില ഉയര്‍ത്തി. കാര്യക്ഷമമായ ഭരണസംവിധാനം ഉണ്ടാക്കി. ഈ പ്രദേശത്ത് ഊര്‍ജസ്വലമായ വ്യവസായാന്തരീക്ഷം ഉണ്ടാകാനുതകുന്ന ഒട്ടേറെ പരിഷ്കരണ നടപടികളെടുത്തു. പറ്റിയ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് കൃഷി വികസിപ്പിച്ചു. ദരിദ്ര കര്‍ഷകരെ ചൂഷണം ചെയ്തിരുന്ന ഇടത്തട്ടുകാരെ ഒഴിവാക്കി. നാണയ വ്യവസ്ഥയും പഞ്ചാംഗ അളവുതൂക്കങ്ങളും പണമിടപാട് സമ്പ്രദായവും റവന്യൂ നടപടികളും നീതിന്യായവും കര-നാവിക സേനകളും സദാചാര നടപടികളും പെരുമാറ്റ രീതികളും സാമൂഹിക വഴക്കങ്ങളും സാംസ്കാരിക രംഗവും പരിഷ്കരിച്ചു. എല്ലാറ്റിനുമുപരി ടിപ്പുവിന്റെ ദേശാഭിമാനമാണ് അദ്ദേഹത്തെ സ്വന്തം ചോരചിന്തി ഇന്ത്യയുടെ സ്വാതന്ത്യ്ര ചരിത്രമെഴുതാന്‍ പ്രേരിപ്പിച്ചത്.''(7) നായന്മാരുടെ ശക്തികുറയ്ക്കാന്‍ ഹൈദറലി ശ്രമിച്ചു. അവര്‍ ആയുധധാരികളായി നടക്കരുതെന്നും താഴ്ന്ന ജാതിക്കാര്‍ പണ്ടു തൊട്ടേ കാട്ടുന്ന ഭവ്യത ഇനി വേണ്ടെന്നും വ്യവസ്ഥ ചെയ്തു. ആയുധധാരികളായ നായന്മാര്‍ക്ക് നൂറ്റാണ്ടുകളായി താഴ്ന്ന ജാതിക്കാരുടെ മേല്‍ ചെറുകുറ്റങ്ങള്‍ക്കുപോലും കൊല്ലാന്‍ അധികാരമുണ്ടായിരുന്നു. പുതിയ നിയമം അവരെ നിരായുധരാക്കി എന്നു മാത്രമല്ല താഴ്ന്ന ജാതിക്കാരുടെ മേല്‍ അവര്‍ക്കുള്ള അധികാരം എടുത്തുകളയുകയും ചെയ്തു. ഇത് ഉയര്‍ന്ന ജാതിക്കാരെ അമ്പരപ്പിച്ചു. ഭൂരിപക്ഷം ജനങ്ങളെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുന്നതിനു തുല്യമായിരുന്നു ആ നിയമം. സവര്‍ണരുടെ അധീശമായ അധികാരത്തെ ടിപ്പുചോദ്യം ചെയ്യുകയും കീഴാളരുടെ ഉന്നമനത്തിനുവേണ്ടി നിയമം നിര്‍മിക്കുകയും ചെയ്തത് കൊണ്ടുതന്നെ ടിപ്പു വര്‍ഗീയവാദിയും ആക്രമണകാരികയുമായിത്തീരുകയായിരുന്നു. മേല്‍ജാതിക്കാരുടെ ഈ 'അവകാശം' എടുത്തുകളഞ്ഞതുകൊണ്ട് ടിപ്പു ദേശീയ ചരിത്ര ആഖ്യാനങ്ങളിലും ജാതി അവകാശങ്ങള്‍ (ചാതുര്‍വര്‍ണ്യം) നിലനിര്‍ത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് രചനകളിലും ഒരുപോലെ അദ്ദേഹം അപരിഷ്കൃതനും വര്‍ഗീയവാദിയുമാവുകയായിരുന്നു. ഇത് ചരിത്രമെഴുത്തില്‍ മാത്രമായി രൂപപ്പെട്ട ഏകാത്മകതയല്ല. മറിച്ച് ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ വരെ മേല്‍ജാതിക്കാര്‍ തയാറായി.
"1782-ല്‍ ബ്രിട്ടീഷ് സേന മലബാറില്‍ വീണ്ടും ഇറങ്ങി. നായന്മാര്‍ അവകരോട് ചേര്‍ന്നു. മൈസൂര്‍ പടയെ നയിച്ചെത്തിയത് ടിപ്പുവായിരുന്നു. ഹൈദര്‍ അലിയുടെ മരണംമൂലം ടിപ്പുവിന് ശ്രീരംഗപട്ടണത്തേക്ക് മടങ്ങേണ്ടിവന്നു.''(8) "മൈസൂര്‍ ഭരണം 26 കൊല്ലം (1766-1792) ഉണ്ടായിരുന്നെന്നു പറയാമെങ്കിലും നേരിട്ടുള്ള ഭരണം 16 കൊല്ലം മാത്രമായിരുന്നു. 9 കൊല്ലം ഹൈദറലിയുടെയും 7 കൊല്ലം ടിപ്പുവിന്റെയും കീഴില്‍. ഇതിനിടക്ക് ഇരുവരും പലപ്രധാന പരിഷ്കരണങ്ങളും നടപ്പിലാക്കി. ഇടനിലക്കാരെ ഭരണത്തില്‍നിന്ന് മാറ്റി കേന്ദ്രീകൃത ഭരണമുണ്ടാക്കി. കൃഷി, വ്യവസായം, കച്ചവടം എന്നിവയുടെ വളര്‍ച്ച, കര്‍ഷകന്റെ സംരക്ഷണം, ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കം തുടങ്ങിയവയിലാണ് മൈസൂര്‍ ഭരണം ഊന്നിയത്''(9). "നല്ല ഭരണരീതി കൊണ്ട് ഗവണ്‍മെന്റ് സുശക്തമാക്കുകയും വിഭവങ്ങള്‍ ദുര്‍വ്യയം കൂടാതെ ഉപയോഗിക്കുകയും ചെയ്ത ടിപ്പുവിനോട് അയല്‍ശക്തികളെ ഒരുവിധത്തിലും താരതമ്യപ്പെടുത്താനാവില്ല.''(10) "എല്ലാവരുടെയും യജമാനനായ ദൈവം വിശ്വസിച്ചേല്‍പിച്ച സമൂഹമാണ് പ്രജകളെന്നും കൃഷി രാജ്യത്തിന്റെ ജീവരക്തമാണെന്നും ടിപ്പുസുല്‍ത്താന്‍ വിശ്വസിച്ചിരുന്നു.''(11) "പുതുതായി കൃഷി ചെയ്ത സ്ഥലങ്ങള്‍ കര്‍ഷകന്റെയും പിന്‍ഗാമികളുടെയും സ്വത്തായിരിക്കുമെന്നും നികുതി കൊടുക്കുന്നിടത്തോളം സ്ഥലം അവരില്‍നിന്ന് പിടിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.''(12) "വ്യഭിചാരം നിര്‍ത്തലാക്കാനും ഒന്നിലധികം ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്ന മലബാറിലെയും കൂര്‍ഗിലെയും സമ്പ്രദായം തടയാനും കാളീക്ഷേത്രങ്ങളില്‍ നടന്നിരുന്ന മനുഷ്യക്കുരുതി നിര്‍ത്താനും അദ്ദേഹം ശ്രമിച്ചു. ആദ്യമായാണ് പൊതുജനപുരോഗതി എന്ന ആശയം കേരള ഭരണത്തില്‍ വന്നത്.''(13). ടിപ്പുവിന്റെ കാലത്ത് ബ്രാഹ്മണരെല്ലാം തിരുവിതാംകൂറില്‍ അഭയം തേടി എന്നതാണ് മറ്റൊരു പ്രചാരണം. "നമ്പൂരി ഇല്ലങ്ങളെ പറ്റി 1880ല്‍ താലൂക്കടിസ്ഥാനത്തില്‍ നടത്തിയ സൂക്ഷ്മ പഠനത്തില്‍നിന്ന് മനസ്സിലാകുന്നത് ചിറയ്ക്കല്‍ താലൂക്കില്‍ 79ഉം വടക്കന്‍ കോട്ടയത്ത് 30ഉം കുറുമ്പനാട്ടില്‍ 70ഉം കോഴിക്കോട് 152ഉം വള്ളുവനാട്ടില്‍ 277ഉം പൊന്നാനിയില്‍ 289ഉം (ആകെ 1017) ഇല്ലങ്ങളുണ്ടായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നമ്പൂതിരി ഇല്ലങ്ങള്‍ വളരെ കുറവാണ്.''(14) വ്യാപകമായി മതപരിവര്‍ത്തനം നടത്തിയതായി ടിപ്പുവിനെക്കുറിച്ച് ദേശീയ ചരിത്രകാരന്മാര്‍ എഴുതിവെച്ചിട്ടുണ്ട്. ടിപ്പു മതത്തെയും മലബാറിലെ ആചാരങ്ങളെയും കുറിച്ച് എഴുതിയ രേഖകളില്‍ ഇങ്ങനെ വായിക്കാവുന്നതാണ് - "മത സൌഹാര്‍ദം ഇസ്ലാമില്‍ പ്രധാനമാണ്. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ദൈവം നിര്‍ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിന് തുല്യം കരുതുന്നു. അത് വിവേകത്തില്‍ അധിഷ്ഠിതവും മനുഷ്യന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതുമാണ്. ബഹുമാനത്തോടെ ഹിന്ദുക്കളുടെ വേദങ്ങളും നാം പഠിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ ചിലര്‍ നമ്മുടെ നാട്ടില്‍ തെറ്റായ മാര്‍ഗങ്ങളും വിവിധ മതങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും പ്രചരിപ്പിക്കുന്നത് എന്നെ ദുഖിപ്പിക്കുന്നു. മൈസൂര്‍ രാജ്യത്തുള്ളവരും വെളിയില്‍ താമസിക്കുന്നവരും ഇന്നുമുതല്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ എന്തെങ്കിലും വിവേചനം കാണിച്ചാല്‍ അത് കുറ്റകരമാണെന്ന് പ്രചരിപ്പിക്കുന്നു. മലബാറിലെ ചില സ്ത്രീകള്‍ മാറ് മറയ്ക്കാതെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വേദന തോന്നി. ആ കാഴ്ച വെറുപ്പും സഹൃദയ ചിന്തക്ക് കോട്ടവും വരുത്തുന്നു. സന്മാര്‍ഗ ചിന്തക്ക് തീര്‍ച്ചയായും അതെതിരാണ്. ഈ സ്ത്രീകള്‍ ഒരു പ്രത്യേക വംശത്തില്‍ പെട്ടവരാണെന്നും അവരുടെ ആചാരമനുസരിച്ച് മാറ്മറയ്ക്കാന്‍ പാടില്ലെന്നും നിങ്ങള്‍ എന്നോട് വിശദീകരിച്ചു. ഞാന്‍ അതേപറ്റി ആലോചിക്കുകയായിരുന്നു. വളരെക്കാലത്തെ ആചാരമായതുകൊണ്ടാണോ അതോ ദാരിദ്യ്രം കൊണ്ടാണോ അവര്‍ അങ്ങനെ ചെയ്യുന്നത്. ദാരിദ്യ്രം കൊണ്ടാണെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ധരിക്കാന്‍ വേണ്ട സാധനങ്ങള്‍ നിങ്ങള്‍ അവര്‍ക്ക് നല്‍കണം. അതല്ല, കാലപ്പഴക്കമുള്ള ആചാരമാണെങ്കില്‍ അവരുടെ സമുദായ നേതാക്കളില്‍ പ്രേരണ ചെലുത്തി അത് ഇല്ലാതാക്കാന്‍ ശ്രമിക്കണം.''(15) അധികാരം ദൈവത്തിന്റെ വരദാനമാണെന്നു വിശ്വസിക്കുകയും മതബോധ്യങ്ങളുടെ പിന്തുണയോടെ ജനക്ഷേമപരിപാടികളില്‍ വ്യാപൃതനാവുകയും സവര്‍ണമേധാവിത്വത്തെ ചോദ്യം ചെയ്യുകയും ജാതി വിവേചനങ്ങളെ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടുകൂടിയാണ് ടിപ്പു മറ്റു രാജാക്കന്മാരില്‍നിന്ന് വ്യത്യസ്തനാവുന്നതും അനഭിമതനാവുന്നതും. യൂറോപ്പിന്റെ ആധുനികതക്ക് പുറത്തുള്ള ഒരു യുക്തിയായിരുന്നു ടിപ്പു വികസിപ്പിച്ചത്. അതുകൊണ്ടാണ് അധിനിവേശ ചരിത്രങ്ങള്‍ക്ക് അദ്ദേഹം മതഭ്രാന്തനും ദേശീയവാദ യുക്തിക്ക് ടിപ്പു വര്‍ഗീയ വാദിയുമാവുന്നത്. യൂറോപ്പിന്റെ മൊഡേണിറ്റിക്ക് പുറത്ത് നിന്ന് വികസിച്ച ഇസ്ലാമിനെ രാഷ്ട്രീയ പിന്‍ബലമായി ആര് ഉയര്‍ത്തികൊണ്ടു വന്നാലും അതിനെ വര്‍ഗീയവാദമാക്കാന്‍ ദേശരൂപങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കും എപ്പോഴും സാധിക്കുന്നതാണ്. മലബാര്‍ പോരാട്ടങ്ങള്‍ ഈയര്‍ഥത്തിലാണ് ചരിത്രം വിലയിരുത്തിയിട്ടുള്ളത്. അധിനിവേശ ചരിത്രം മതഭ്രാന്തിന്റെ ഹാലിളക്കമായും പൊട്ടിത്തെറിയായും മലബാര്‍ സമരത്തെ വായിച്ചപ്പോള്‍ ദേശീയ ചരിത്രമെഴുത്തും അതിനെ പിന്താങ്ങുകയാണ് ചെയ്തത്. ഡോ. എം. ഗംഗാധരന്റെ മലബാര്‍ ലഹള 1921-2010 എന്ന പുതിയ കൃതിയിലും ഈ മതഭ്രാന്തിന്റെ വിശദീകരണങ്ങള്‍ ധാരാളമുണ്ട്. മറ്റു സ്വാതന്ത്യ്ര സ്മരണകളില്‍നിന്നും മലബാര്‍ വ്യത്യസ്തമാകുന്നത് അതില്‍ മതവും വിശ്വാസവും ഉള്ളത് കൊണ്ടാണ്. ഗംഗാധരന്റെ നിരീക്ഷണത്തില്‍ മതമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ദേശീയമാവാതിരിക്കാന്‍ ന്യായമില്ലെന്നാണ് 1921നെയും 2010ലെ ഇസ്ലാമിക രാഷ്ട്രീയത്തെയും താരതമ്യം ചെയ്ത് അദ്ദേഹം നിഗമനത്തിലെത്തുന്നത്.
"മാപ്പിള പ്രക്ഷോഭങ്ങളും കലാപവും നമുക്ക് കാണിച്ചുതരുന്നത് മതത്തെ ചരിത്രപരമായി കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ മനസ്സിലാക്കാന്‍ കഴിയുക അതിനെ സമുദായത്തിന്റെ മൊത്തം ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി കാണുമ്പോഴാണ് എന്നത്രേ. അതിനെ രാഷ്ട്രീയത്തില്‍നിന്നും വേര്‍പെടുത്താന്‍ കഴിയില്ല. മതത്തെക്കുറിച്ചുള്ള ഇത്തരത്തില്‍ ചലനാത്മകമായ ഒരു കാഴ്ചപ്പാട് കര്‍ഷക കലാപങ്ങളുടെ കാര്യപരിപാടിയെയും മുന്‍കൈയിനെയും പുനഃസംഘടിപ്പിക്കാനുള്ള ഒരു പുനര്‍വായന ആവശ്യമാക്കിത്തീര്‍ന്നു.''(16) "മലബാര്‍ പോരാട്ടത്തില്‍ മതനേതാക്കള്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതുണ്ട് വെളിയങ്കോട്ടെ ഉമര്‍ഖാസിയും മമ്പുറത്തെ സയ്യിദ് അലവി തങ്ങളും സയ്യിദ് ഫസലും വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയുമെല്ലാം ഉന്നത ബുദ്ധിശക്തിയും അപൂര്‍വമായ ഉള്‍കാഴ്ചയും ഊര്‍ജസ്വലതയുമുള്ള അനുപമ വ്യക്തിത്വങ്ങളായിരുന്നു. മറ്റു പ്രദേശങ്ങളിലെ മുല്ലമാര്‍ പള്ളികളിലൊതുങ്ങിയപ്പോള്‍ കേരളത്തിലെ മതപണ്ഡിതര്‍ ജീവിതത്തിന്റെ സര്‍വ സമരമുഖങ്ങളിലും ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.''(17) കലാപത്തിനൊരുങ്ങാനും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കാനും ഒരുപോലെ പ്രേരിപ്പിച്ചത് ഖിലാഫത്തായിരുന്നു. ഖിലാഫത്ത് തികച്ചും മതപ്രേരിതമായിരുന്നു. ജാതി വ്യവസ്ഥയെ അഭിമുഖീകരിക്കാന്‍ സാധിച്ചതും ഇസ്ലാമിന് തന്നെയായിരുന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ചാതുര്‍ വര്‍ണ്യത്തെയും ജാതി വ്യവസ്ഥയെയും ആദര്‍ശവല്‍കരിച്ച വേദേതിഹാസ പുരാണങ്ങളുടെ മതവിജ്ഞാനങ്ങളെ പിന്‍പറ്റിയാണ് രൂപം കൊണ്ടത്. ഇത് ദേശീയതക്കുള്ളില്‍ ബ്രാഹ്മണരുടെ വംശീയാധിപത്യത്തിനും പില്‍ക്കാലത്ത് 'സവര്‍ണ'രുടെ രാഷ്ട്രീയവല്‍ക്കരണത്തിനും കാരണമായിത്തീര്‍ന്നു. ഇത്തരമൊരവസ്ഥ സംജാതമാക്കുന്നതില്‍ കൊളോണിയലിസം വഹിച്ച പങ്ക് വളരെ വലുതാണ്. വംശീയാധിപത്യം ഹിന്ദുത്വമായി നിര്‍വചിക്കപ്പെട്ടതോടെയാണ് 'കീഴാള' ജാതീയ വിഭാഗങ്ങള്‍ മതത്തില്‍ ഉള്‍ക്കൊള്ളിക്കപ്പെടുന്നത്. ജാതിവ്യവസ്ഥയെ അതിവര്‍ത്തിച്ചതിനാല്‍ ഇസ്ലാം മതത്തിന് മുന്‍ചൊന്ന അവസ്ഥയെ അഭിമുഖീകരിക്കാന്‍ കഴിയുമായിരുന്നു. ഒരേസമയം അധിനിവേശ വിരുദ്ധം, ജാതി വിരുദ്ധം, മതസംരക്ഷണം തുടങ്ങിയ സങ്കീര്‍ണമായ ആഖ്യാനങ്ങളിലൂടെയാണ് മലബാര്‍ സമരം നീങ്ങുന്നത്. "ദേശത്തിന്റെ ഭാഗമായി അവരെ അംഗീകരിക്കുമ്പോഴും അതിന്റെ സ്ഥാപനങ്ങളില്‍നിന്നും അവരെ അകറ്റി നിര്‍ത്തുന്നു.''(18) "മാപ്പിള കലാപത്തെ ഹിന്ദു ജാതിമേധാവിത്വ വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ വായിക്കാന്‍ കൂടി ഇടമുള്ള വിശകലത്തിനു മാത്രമേ 'കീഴ്'ജാതിക്കാരുടെ നിശബ്ദതയെ വിശദീകരിക്കാന്‍ സാധിച്ചേക്കൂ.''(19) ഖിലാഫത്ത് പ്രസ്ഥാനവും കുടിയായ്മ പ്രസ്ഥാനവും മാപ്പിളമാരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള പൊതുവേദിയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവുമായുള്ള മാപ്പിളമാരുടെ ഐക്യത്തിനടിസ്ഥാനമായത് സാമ്രാജ്യത്വ വിരുദ്ധമായ സാര്‍വദേശീയ മതസാഹോദര്യമെന്ന നിലയിലാണ് വിലയിരുത്തേണ്ടത്. ഈ സാഹോദര്യമുള്‍കൊള്ളാതെ ഒരു ദേശീയ മുസ്ലിമിനെ വാര്‍ത്തെടുത്ത് ദേശീയതയുമായി സംയോജിപ്പിക്കാനാണ് ഖിലാഫത്തിലൂടെ ദേശീയ പ്രസ്ഥാനം ശ്രമിച്ചത്. ഡോ. ഗംഗാധരനും ഈ അസാധ്യമായ പണിയാണ് ഇതിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഖിലാഫത്ത് മുസ്ലിമിന്റെ മതവിശ്വാസവും സാര്‍വദേശീയമായ ഐക്യത്തിന്റെയും സൂചകമായിരുന്നത് കൊണ്ട് അതിനെ അപനിര്‍മിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ഖിലാഫത്ത് പ്രസ്ഥാനമാണ് മുസ്ലിംകളെ മതഭ്രാന്തരാക്കിയത്. മതബോധ്യവും സാര്‍വദേശീയ വിചാരപ്പെടലുകളുമുള്ള ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ ഈ മതഭ്രാന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ആധുനികയുക്തിയും ദേശീയ വിചാരങ്ങളും ഒരുപോലെ അവകാശപ്പെടുന്നു. ജനകീയ സമരങ്ങള്‍, ജനപക്ഷ മുന്നേറ്റങ്ങള്‍, ജനകേന്ദ്രീകൃത രാഷ്ട്രീയം എന്ന ജമാഅത്ത് ലൈനിനു പിന്നിലുള്ളത് മതവിശ്വാസമായതുകൊണ്ട് വര്‍ഗീയവാദമായി ഉയരാന്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്ന നിലപാടിലും ഇവര്‍ ചെന്നെത്തുന്നുണ്ട്. ഇത്തരം സമകാലീന അപരത്വങ്ങള്‍ക്ക് പ്രാഗ്രൂപങ്ങളായി ചരിത്രത്തില്‍ വര്‍ത്തിച്ചത് ടിപ്പുവും ഔറംഗസീബും മലബാറിലെ മാപ്പിളപ്പോരാളികളുമായിരുന്നു. ടിപ്പുവും ഔറംഗസീബും ജനക്ഷേമഭരണം നടത്തിയപ്പോഴും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാംമത വിശ്വാസമായിരുന്നു. മലബാര്‍ പോരാട്ടത്തിന്റെയും കാതലായ വശം ഇസ്ലാം തന്നെയായിരുന്നു. ഇങ്ങനെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് മതം ഒരു പ്രചോദനമാകുന്നത് ആക്രമണകാരികളായ ജനകൂട്ടത്തെയാണ് സംഭാവന ചെയ്യുക. ഈ തത്ത്വമാണ് ഈ ചരിത്രമെഴുത്തിലൂടെ നിവര്‍ന്ന് നില്‍ക്കുന്നതും അത് ഇപ്പോഴും ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും.
"മുസ്ലിം ജനസാമാന്യത്തോടും അവരുടെ അക്രമവാസനയോടുമുള്ള ഭയവും പുനരുജ്ജീവിപ്പിക്കപ്പെട്ടത്. അവര്‍ക്ക് പരിപാവനമായ അഹിംസയുടെ ഗുണങ്ങള്‍ മനസ്സിലാവുകയില്ല, നിസ്സഹകരണത്തിന്റെ അര്‍ഥമറിയില്ല എന്ന നിഗമനത്തില്‍ ദേശീയ പ്രസ്ഥാനം എത്തിച്ചേരുന്നത് വൈവിധ്യത്തെ അംഗീകരിക്കാന്‍ ദേശീയ പ്രസ്ഥാനം വിസമ്മതിച്ചു എന്ന് മാത്രമല്ല, അത് ഹിന്ദുത്വത്തോട് പരിപൂര്‍ണമായ വിധേയത്വമാണ് പുലര്‍ത്തിയത്''(20). ഹിന്ദുത്വത്തിനും ആധുനികതക്കും ഒരേ സ്വരവും രീതിയും കൈവരുന്നത് അതുകൊണ്ടാണ്. ഇസ്ലാമിനെ വര്‍ഗീയവും തീവ്രവാദവുമായി ചിത്രീകരിക്കുന്നതില്‍ ഇവ രണ്ടും വിവേചന രഹിതമായി പ്രവര്‍ത്തിക്കുന്നില്ല. ചരിത്രമെഴുത്തില്‍ ചില വ്യക്തികളെയും മിത്തുകളെയും ദേശരൂപങ്ങളെയും ടാര്‍ഗറ്റ് ചെയ്ത് ഇത്തരം ആഖ്യാനങ്ങള്‍ ചമക്കുകയും പിന്നീടുള്ള ഓരോ കാലഘട്ടത്തിലും അതിനെ അന്യവല്‍ക്കരിക്കുന്നതിന് വിവിധങ്ങളായ ഉപകരണങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. എം.ജി.എസും ഗംഗാധരനും ഈ രണ്ട് രീതികളും ഒരുപോലെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. മോഡേണിറ്റിയുടെ കോപ്പി എഴുത്തുകാരും ഹിന്ദുത്വത്തിന്റെ പോറ്റെഴുത്തുകാരുമായി വര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത് അതിനാലാണ്. "ബൂര്‍ഷ്വാ മതേതര അധുനികതയുടെ സ്വകാര്യ/പൊതു വിഭജനത്തെ അംഗീകരിക്കാത്ത ഒരു വിമര്‍ശനമാണ് സാമുദായിക രീതിയുടേത്. വിശേഷിച്ചും ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം എന്ന് വാദിക്കാവുന്നതാണ്. സമുദായത്തെക്കുറിച്ച് ഈ ബോധമാവണം ഒരുപക്ഷേ തങ്ങളുടെ പ്രാദേശിക സാഹചര്യത്തെ ദേശീയവും ആഗോളവുമായ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി കാണാന്‍ മാപ്പിള പോരാളികളെ പ്രാപ്തരാക്കിയത്''(21). ഈ വിശകലന രീതിയിലൂടെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളും പ്രാദേശികവും ആഗോളവുമായ ഒരു കണ്ണിയിലേക്ക് ചേര്‍ക്കപ്പെട്ടത്. മലബാറിനെ തീവ്രവാദപരമെന്നാക്ഷേപിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെയും ഇങ്ങനെ സമീപിക്കാവുന്നതാണ്. ഇത്തരം ചരിത്രാഖ്യാനങ്ങളിലൂടെ ഇതു തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നതും.
അവലംബങ്ങള്‍
1. ഔറംഗസീബ് ആലംഗീര്‍ പര്‍ ഏക് നസര്‍: ശിബ്ലി നുഅ്മാനി (ഉദ്ധരണം: ഇസ്ലാമിക ചരിത്ര സംഗ്രഹം ഐ.പി.എച്ച്)
2. The Administration of the mughal Empire - I.H Quraishi.
3. ഇസ്ലാമിക സമൂഹം ചരിത്രസംഗ്രഹം - സര്‍വത് സൌലത്. ഐ.പി.എച്ച്
4. അതേ പുസ്തകം
5. The Administration of the mughal Empire - I.H Quraishi.
6. കേരള മുസ്ലിംകള്‍ ചെറുത്തുനില്‍പിന്റെ ചരിത്രം - പ്രഫ. കെ.എം ബഹാവുദ്ദീന്‍. ഐ.പി.എച്ച്.
7. പി.കെ ബാലകൃഷ്ണന്‍ - ടിപ്പുസുല്‍ത്താന്‍
8. B.S Gidwani - the Sword of Tipu Sultan
9. Mohibul Hasan - History of Tipu Sultan P. 331
10. ടിപ്പുസുല്‍ത്താന്‍ - പി.കെ ബാലകൃഷ്ണന്‍
8. B.S Gidwani - the Sword of Tipu Sultan
9. Mohibul Hasan - History of Tipu Sultan P. 331
10. Sn¸p-kp¯m³ þ ]n.sI _me-Ir-jvW³
11. S.F Dale - Mappilas of Malabar P.81
12. B.S Gidwani - The sword of Tipu Sultan
13. Ibid
14. Malabar Vol. P.448- Logan
15. B.S Gidwani - The sword of Tipu sultan p. 229
16. എം.ടി അന്‍സാരി - മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍. ഡി.സി ബുക്സ്
17. ബി. ശൈഖ് അലി - അവതാരിക (കേരള മുസ്ലിംകള്‍ ചെറുത്തുനില്‍പിന്റെ ചരിത്രം. ഐ.പി.എച്ച്)
18. എം.ടി അന്‍സാരി - മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍
19. അതേ പുസ്തകം
20. അതേ പുസ്തകം
21. അതേ പുസ്തകം