>>ചരിത്രം
ചരിത്രമുറങ്ങുന്ന മദീനയിലൂടെ-2
ഉഹുദില്‍ നബിയെ സംരക്ഷിച്ച ഗുഹ
റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
വളരെ നിര്‍ണായകമായിരുന്നു ഉഹുദ് യുദ്ധം. നബി(സ) വരെ ഉഹുദില്‍ വധിക്കപ്പെട്ടു എന്ന കിംവദന്തി പരന്നു. പക്ഷേ, നബി(സ) പതറിയിരുന്നില്ല. ശത്രുക്കള്‍ കുഴിച്ച കളക്കുഴിയില്‍ വീണ് പല്ല് നഷ്ടപ്പെട്ട്, കാല്‍മുട്ട് പൊട്ടി ചോരയൊലിക്കുന്ന പ്രവാചകനെ അവസാന നിമിഷം ഉഹുദ് മലക്കകത്തെ ഒരു ചെറിയ പൊത്തില്‍ സ്വഹാബികള്‍ ഒളിപ്പിക്കുകയായിരുന്നു. അങ്ങനെ പ്രവാചകന് ഉഹുദ് മലക്കകത്ത് സംരക്ഷണം നല്‍കിയെന്നു വിശ്വസിക്കപ്പെടുന്ന ഗുഹ ഇന്നുമുണ്ട്.
മസ്ജിദുല്‍ ഫസ്ഹ് : ഉഹുദ് ദിവസം മലയുടെ താഴ്വാരത്ത് വെച്ച് വിശ്വാസികള്‍ ളുഹര്‍ നമസ്കരിച്ചിരുന്നു. സ്വഫില്‍ ഇടംകിട്ടാന്‍ സ്വഹാബികള്‍ തിക്കിതിരക്കുകയുണ്ടായി. സദസ്സില്‍ സ്ഥല സൌകര്യമുണ്ടാക്കി കൊടുക്കണമെന്ന് നബി(സ) സ്വഹാബികള്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് താമസിയാതെ ഖുര്‍ആന്‍ വചനമിറങ്ങി: "വിശ്വസിച്ചവരേ, നിങ്ങളോട് സദസ്സുകളില്‍ സ്ഥല സൌകര്യമുണ്ടാക്കി കൊടുക്കൂ എന്ന് നിര്‍ദേശിക്കപ്പെട്ടാല്‍ (തഫസ്സഹൂ) സ്ഥല സൌകര്യമുണ്ടാക്കുവിന്‍. അല്ലാഹു നിങ്ങള്‍ക്ക് വിശാലതയേകുന്നതാകുന്നു'' (അല്‍മുജാദില 11). അന്ന് ഉഹുദ് താഴ്വാരത്ത് നബിയും സ്വഹാബികളും നമസ്കാരം നിര്‍വഹിച്ച ആ പള്ളി മസ്ജിദുല്‍ ഫസ്ഹ് എന്നറിയപ്പെടുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്.
ത്വരീഖ് ശുഹദാ എന്ന പേരില്‍ ഉഹുദിലേക്ക് പോകുന്ന ഒരു പാത ഇപ്പോഴും മദീനയിലുണ്ട്. ഈ റോഡില്‍ മൂന്ന് ചരിത്ര സ്ഥലങ്ങള്‍ കൂടി കാണാം.
ജബലുര്‍റായ: ചെറിയൊരു മലയാണിത്. ഖന്ദഖ് യുദ്ധത്തിന് കിടങ്ങ് കുഴിക്കുമ്പോള്‍ ഈ കുന്നില്‍ തമ്പടിച്ചാണ് നബി(സ) നേതൃത്വം നല്‍കിയത്.
മസ്ജിദുശൈഖൈന്‍: ത്വരീഖ് ശുഹദയിലെ ഈ പള്ളിക്കടുത്ത് വെച്ചാണ് ഉഹുദ് യുദ്ധത്തിന് പോകുമ്പോള്‍ നബി(സ) സൈനിക സജ്ജീകരണം ക്രമീകരിച്ചിരുന്നത്. പ്രായം കുറഞ്ഞവരെ മടക്കി അയച്ചതും നബി(സ) പടയങ്കി ധരിച്ചതും ഇവിടന്ന് തന്നെ. സംഘം യാത്രക്കിടെ രാത്രി തങ്ങിയതും മഗ്രിബ് -ഇശാ നമസ്കരിച്ചതും ഇവിടെയായിരുന്നു. 1997-ല്‍ പുതുക്കിയ പള്ളിയാണ് ഇപ്പോഴുള്ളത്.
മസ്ജിദുല്‍ മുസ്തറാഹ്: ഈ വഴിയിലെ മൂന്നാമത്തെ സ്മാരകമാണ് ഈ പള്ളി. നബി(സ) യുദ്ധാനന്തരം ഉഹുദില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ഇവിടെയായിരുന്നു വിശ്രമിച്ചിരുന്നത്. അതിനാല്‍ അവിടെ പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ട പള്ളിക്ക് വിശ്രമ സ്ഥാനം എന്നര്‍ഥമുള്ള മുസ്തറാഹ് എന്ന പേര് വരികയാണുണ്ടായത്. ബനൂ ഹാരിഥ് ഗോത്രക്കാരായിരുന്നു അന്നവിടെ താമസിച്ചിരുന്നത്. ഈ സ്ഥലം മുതല്‍ക്കാണ് ഖന്ദഖ് യുദ്ധത്തിന് കിടങ്ങ് കുഴിച്ചിരുന്നതെന്നും അഭിപ്രായമുണ്ട്.
ബിഅ്റു ഉസ്മാന്‍: ഉഹുദും അനുബന്ധ സ്ഥലങ്ങളും പിന്നിട്ട് ബിഅ്റു ഉസ്മാന്‍ എന്ന ചരിത്ര പ്രസിദ്ധമായ കിണറുള്ള ഭാഗത്തേക്ക് നീങ്ങാം.ജൂതനായിരുന്ന റൂമ എന്നൊരാളിലേക്ക് ചേര്‍ത്ത് ആദ്യത്തില്‍ ഈ കിണര്‍ ബിഅ്റുറൂമ എന്ന് അറിയപ്പെട്ടിരുന്നു. മദീനയില്‍ നബി(സ)യുടെ കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സന്ദര്‍ഭത്തില്‍ ജൂതന്റെ കൈവശമുള്ള ഈ കിണറില്‍ മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. നബി(സ) പറഞ്ഞു: "ആരെങ്കിലും ഈ കിണര്‍ വാങ്ങി ആളുകള്‍ക്ക് വെള്ളം എടുക്കാന്‍ പറ്റുംവിധം ദാനം ചെയ്താല്‍ സ്വര്‍ഗത്തില്‍ അവര്‍ക്ക് ഇതിനേക്കാള്‍ നല്ല സമ്മാനം അല്ലാഹു നല്‍കുന്നതായിരിക്കും.'' അന്ന് അപൂര്‍വം സമ്പന്ന സ്വഹാബികളില്‍ ഒരാളായിരുന്നു ഉസ്മാന്‍(റ). അദ്ദേഹം അന്നത്തെ 20,000 ദീനാര്‍ ജൂതനു നല്‍കി ഈ കിണര്‍ വാങ്ങി. എന്നിട്ടത് എല്ലാവര്‍ക്കും വെള്ളമെടുക്കാന്‍ പൊതുദാനമായി നല്‍കി. ആ കിണറാണ് ഇവിടെ കമ്പിവേലിക്കകത്ത് സംരക്ഷിച്ചിട്ടുള്ളത്. ഇപ്പോഴും അതില്‍ വെള്ളമുണ്ട്. തുടക്കത്തില്‍ ജൂതന്‍ കിണര്‍ വിട്ടു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ഇന്നും ജൂതന്മാര്‍ വെള്ളക്കച്ചവടം നടത്തുന്നതുപോലെ, അന്നും ജൂതന്‍ വെള്ളക്കച്ചവടം നടത്തുകയായിരുന്നു. കുടിവെള്ളം നിഷേധിക്കപ്പെടുന്ന പാവങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജം പകരുന്ന ചരിത്ര സ്മാരകമാണിത്.
ജുറുഫ്: ഇവിടെ നിന്ന് ഇപ്പോഴത്തെ തബൂക്ക് റോഡിലൂടെ മദീന കിംഗ് ഫഹ്ദ് ആശുപത്രി ഇടതുവശം വരുന്ന വിധം മുന്നോട്ടു നീങ്ങുമ്പോള്‍ ജുറുഫ് എന്ന സ്ഥലത്തെത്തും. അഖീഖ് താഴ്വരയുടെ അവസാനത്തിലുള്ള ഈ സ്ഥലത്തെത്തിയപ്പോഴാണ്, ഉസാമ ബിന്‍ സൈദി(റ)ന്റെ നേതൃത്വത്തില്‍ ശാമിലേക്ക് പുറപ്പെട്ട മുസ്ലിം സൈന്യത്തിന് പ്രവാചകന്‍ രോഗിയാണെന്ന വിവരം മദീനയില്‍ നിന്ന് ലഭിക്കുന്നത്. പ്രവാചകന്‍ സുഖം പ്രാപിച്ച ശേഷം യാത്ര തുടരാമെന്ന് കരുതി സൈന്യം ജുറുഫില്‍ തമ്പടിച്ചെങ്കിലും, നബി(സ)യുടെ ദേഹവിയോഗമാണ് പിന്നീടവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഭരണം ഏറ്റെടുത്ത അബൂബക്കര്‍(റ) ജുറുഫില്‍നിന്ന് ശാമിലേക്ക് പുറപ്പെടാന്‍ സൈന്യത്തോട് ആവശ്യപ്പെടുകയായിരുന്നു. ജുറുഫ് വരെ മാത്രമേ ദജ്ജാല്‍ വരൂ എന്നും മദീനക്കകത്തേക്ക് കടത്താതെ ആ ശത്രുവിനെ അല്ലാഹുവിന്റെ സൈന്യം തുരത്തുമെന്നും നബിവചനങ്ങളിലുണ്ട്. മിഖ്ദാദ് ഇബ്നു അസ്വദ്(റ) ജുറുഫില്‍ വെച്ചാണ് മരണപ്പെട്ടത്. അദ്ദേഹത്തെ ബഖീഇല്‍ ഖബറടക്കി. ജുറുഫിന്റെ തുടക്കത്തിലാണ് ഹദീഖതുന്നഖീല്‍ എന്ന പാര്‍ക്ക്.
ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ളക്സ്: ഇവിടെ നിന്ന് ത്വരീഖ് തബൂക്കിലൂടെ അല്‍പം കൂടി മുന്നോട്ട് സഞ്ചരിച്ചാല്‍ മദീനയിലെ പ്രശസ്തമായ ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ളക്സില്‍ എത്താം. വിശുദ്ധ ഖുര്‍ആന്റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കി 1984-ല്‍ ഫഹ്ദ് രാജാവാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. വര്‍ഷം പ്രതി വിവിധ വലുപ്പത്തിലുള്ള 10 മില്യന്‍ മുസ്ഹഫുകള്‍ ഇവിടെ അച്ചടിക്കുന്നുണ്ട്. കൂടാതെ മലയാളം ഉള്‍പ്പടെ 40-ലധികം ഭാഷകളില്‍ ഖുര്‍ആന്‍ തര്‍ജമകളും ഖുര്‍ആന്‍ പാരായണത്തിന്റെ ആറ് രൂപങ്ങളിലുള്ള കാസറ്റുകളും സിഡികളും ഖുര്‍ആന്‍ പ്രസ് പുറത്തിറക്കിയിട്ടുണ്ട്. 1700-ലധികം ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്ന ഇവിടത്തെ പള്ളി ഉള്‍പ്പെടെയുള്ള കാമ്പസ് വളരെ മനോഹരമാണ്. ഹജ്ജ്-ഉംറ സീസണുകളില്‍ മദീനയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 9.30 മുതല്‍ 11.30 വരെ ഈ കോംപ്ളക്സ് കാണാന്‍ സൌകര്യമുണ്ട്. സന്ദര്‍ശകര്‍ക്ക് ഒരു മുസ്ഹഫ് ഇവിടെ നിന്ന് സൌജന്യമായി ലഭിക്കും. മദീനയിലെ പ്രമുഖ മലയാളി പണ്ഡിതന്‍ ഡോ. മുഹമ്മദ് അശ്റഫ് മലൈബാരി ഇപ്പോള്‍ ഖുര്‍ആന്‍ കോംപ്ളക്സിലാണ് സേവനം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ പണ്ഡിതന്‍ ഡോ. ഫാ അബ്ദുര്‍റഹീമാണ് ഇവിടെ തര്‍ജമ വിഭാഗം ഡയറക്ടര്‍.
ഇസ്ലാമിക് യൂനിവേഴ്സിറ്റി: തബൂക്ക് റോഡില്‍ നിന്ന് മടങ്ങി ഖിബ്ലത്തൈന്‍ മസ്ജിദിന്റെ സര്‍ക്കിളില്‍നിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ എത്തിച്ചേരാം. ഹിജ്റ 1381-ല്‍ നിലവില്‍ വന്ന ഈ ഉന്നത സര്‍വകലാശാലയില്‍ 138 രാജ്യങ്ങളില്‍ നിന്നായി 6000-ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ എല്ലാ ചെലവുകളും സൌജന്യമായി വഹിക്കുന്ന യൂനിവേഴ്സിറ്റി പഠനകാലത്ത് എല്ലാവര്‍ക്കും സ്റൈപ്പന്റും നല്‍കിവരുന്നു. ഖുര്‍ആന്‍, ഹദീസ്, ശരീഅ, ദഅ്വ,അറബി ഭാഷ എന്നീ അഞ്ച് ഫാക്കല്‍റ്റികളാണ് ഇവിടെയുള്ളത്. വളരെ വിസ്തൃതമായ ഈ കാമ്പസ്, അനുഗ്രഹീത താഴ്വരയെന്ന് പ്രവാചകന്‍(സ) വിശേഷിപ്പിച്ച വാദീ അഖീഖിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷം പ്രതി അന്താരാഷ്ട്ര പുസ്തകമേള ഉള്‍പ്പടെ പല പരിപാടികളും യൂനിവേഴ്സിറ്റി സംഘടിപ്പിക്കാറുണ്ട്. ഡോ. മുഹമ്മദ് ഖുത്വ്ബ്, ഡോ. മുഹ്യിദ്ദീന്‍ ആലുവായ്, സഅദുദ്ദീന്‍ മൌലവി തുടങ്ങിയവര്‍ വിവിധ കാലങ്ങളില്‍ ഇവിടത്തെ പ്രഫസര്‍മാരായിരുന്നു. ടി.കെ ഇബ്റാഹീം ടൊറണ്ടോ, ഹൈദറലി ശാന്തപുരം തുടങ്ങി കേരളത്തിലെ നിരവധി പണ്ഡിതന്മാര്‍ ഈ യൂനിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണ്. സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി കൂടി അംഗമായ പണ്ഡിത സഭയാണ് ഈ യൂനിവേഴ്സിറ്റിയുടെ സിലബസ് തയാറാക്കിയിട്ടുള്ളത്.
മസ്ജിദുല്‍ ഖിബ് ലത്തൈന്‍: മദീന യൂനിവേഴ്സിറ്റിയില്‍നിന്ന് നേരെ പോകുന്നത് തൊട്ടടുത്ത ഖിബ്ലത്തൈന്‍ മസ്ജിദിലേക്കാണ്. ഇസ്ലാമിലെ പ്രഥമ ഖിബ്ലയായിരുന്ന ഫലസ്ത്വീനിലെ ബൈത്തുല്‍ മഖ്ദിസ് മാറ്റി, മക്കയിലെ മസ്ജിദുല്‍ ഹറാമിനെ ഖിബ്ലയാക്കി നിശ്ചയിച്ച സംഭവവുമായാണ് ഖിബ്ലത്തൈന്‍ മസ്ജിദിന്റെ ബന്ധം. അല്‍ബഖറ അധ്യായത്തിലെ രണ്ടാം ജുസ്അ് ആരംഭം തൊട്ട് ഏകദേശം രണ്ടര പേജ് ഖിബ്ലമാറ്റ സംഭവമാണ് പ്രതിപാദിക്കുന്നത്. ഇനി മുതല്‍ കഅ്ബയെ ഖിബ്ലയാക്കി നിശ്ചയിച്ചിരിക്കുന്നു എന്ന സൂക്തങ്ങള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് നബി(സ)യോടൊപ്പം കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്കാരം നിര്‍വഹിച്ച ഒരു സ്വഹാബി ഈ പള്ളിക്ക് സമീപത്തു കൂടെ പോകുമ്പോള്‍ അവിടെ ചിലര്‍ നമസ്കരിച്ചുകൊണ്ടിരിക്കുന്നു. ഖിബ്ല മാറ്റ നിര്‍ദേശം അവര്‍ അറിഞ്ഞിരുന്നില്ല. പ്രസ്തുത സ്വഹാബി ഖിബ്ല മാറ്റം അവരെ ഉറക്കെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അതേ ഫര്‍ദ് നമസ്കാരത്തിലെ അവശേഷിക്കുന്ന രണ്ട് റക്അത്ത് കഅ്ബയിലേക്ക് തിരിഞ്ഞ് അവര്‍ പൂര്‍ത്തിയാക്കുകയാണുണ്ടായത്. അങ്ങനെ ഒരേ നമസ്കാരത്തില്‍ രണ്ട് ഖിബ്ലകളെ അഭിമുഖീകരിച്ച് നമസ്കാരം നടന്ന പള്ളി എന്നതാണ് ഖിബ്ലത്തൈന്‍ മസ്ജിദിന്റെ ചരിത്ര പ്രാധാന്യം. ഈ മസ്ജിദിന്നകത്ത് ഇപ്പോള്‍ കഅ്ബയിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നതിന്റെ നേരെ എതിര്‍ ഭാഗത്തേക്കായിരുന്നു ബൈത്തുല്‍ മഖ്ദിസിന്റെ സ്ഥാനം. മുസ്ലിംകള്‍ ആദ്യകാലത്ത് അതിനു നേരെ തിരിഞ്ഞു നമസ്കരിച്ചിരുന്ന പഴയ മിഹ്റാബും പള്ളിക്കകത്ത് പണ്ട് നിലവിലുണ്ടായിരുന്നു. ഇക്കാര്യം ഓര്‍ക്കാന്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിനു മുകളില്‍ എതിര്‍ദിശയിലേക്ക് ഒരു മുസ്വല്ല വരച്ചിട്ടതു കാണാം.
ഖന്ദഖ് (സബ്അ മസാജിദ്): ഹിജ്റ അഞ്ചാം വര്‍ഷം നബിയും സ്വഹാബികളും കിടങ്ങുകള്‍ കുഴിച്ച് ഖന്ദഖ് യുദ്ധം നടത്തിയ സ്ഥലത്തേക്കാണ് അടുത്ത യാത്ര. സഖ്യസേന എന്നര്‍ഥം വരുന്ന അഹ്സാബ് എന്നും ഈ യുദ്ധത്തിനു പേരുണ്ട്. ഖുര്‍ആനില്‍ ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായത്തിന്റെ പേരും അഹ്സാബ് എന്നത്രെ. ഏകദേശം രണ്ട് കിലോമീറ്റര്‍ നീളത്തിലും 4 മുതല്‍ 5 മീറ്റര്‍ വരെ വീതിയിലും മൂന്ന് മീറ്റര്‍ ആഴത്തിലും കുഴിക്കപ്പെട്ട കിടങ്ങ് വളരെ ത്യാഗം സഹിച്ചാണ് നബിയും സ്വഹാബികളും പൂര്‍ത്തിയാക്കിയത്. വിശപ്പിന്റെ കാഠിന്യം സഹിക്കാനാവാതെ വയറ്റത്ത് കല്ല് വെച്ചുകെട്ടി നബി(സ) കിടങ്ങ് കുഴിച്ച സ്ഥലമാണിത്. ഇന്ന് കിടങ്ങിന്റെ അവശിഷ്ടങ്ങളൊന്നും കാണാനില്ല. ഒന്നുകില്‍ അത് തൂര്‍ന്നുപോയിരിക്കാം. അല്ലെങ്കില്‍ റോഡ് ആവശ്യാര്‍ഥം നികത്തിയതാവാം. ഖന്ദഖിലെ മെയിന്‍ റോഡ് പോകുന്ന ഭാഗത്തുകൂടെ തൊട്ടടുത്ത സല്‍അ് മലയോട് ചേര്‍ന്ന് വില്ല് ആകൃതിയിലാണ് കിടങ്ങുണ്ടായിരുന്നതെന്ന് ചരിത്രം പറയുന്നു.
ഇന്നീ സ്ഥലം സബ്അ മസാജിദ് അഥവാ ഏഴു പള്ളികളുള്ള സ്ഥലം എന്നാണ് അറിയപ്പെടുന്നത്. എങ്കിലും മസ്ജിദുല്‍ ഫത്ഹ്, സല്‍മാനുല്‍ ഫാരിസി, അബൂബക്കര്‍, ഉമര്‍, അലി, ഫാത്വിമ എന്നിവരുടെ പേരുകളിലുള്ള അഞ്ച് ഉള്‍പ്പെടെ ആറു പള്ളികളേ ഇവിടെ ഉള്ളൂവെന്നാണ് പറയപ്പെടുന്നത്. ഇതില്‍ മസ്ജിദ് അബൂബക്കര്‍ ഇതിനകം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഖന്ദഖിലെ പ്രധാന വലിയ പള്ളി ഒരു വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. 4000 ആളുകള്‍ക്ക് നമസ്കരിക്കാന്‍ ഇതില്‍ സൌകര്യമുണ്ട്. ഖന്ദഖ് യുദ്ധ വേളയില്‍ പ്രമുഖ സ്വഹാബികള്‍ അണിനിരന്ന സ്ഥലങ്ങളില്‍ അതിന്റെ സ്മരണാര്‍ഥം പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ടതാണീ പള്ളികള്‍. നബി(സ) യുദ്ധം നിയന്ത്രിക്കുകയും പ്രാര്‍ഥനാ നിമഗ്നനാവുകയും ചെയ്ത സ്ഥലത്താണ്, മലമുകളില്‍ കാണുന്ന ഇതിലെ മസ്ജിദുല്‍ ഫത്ഹ് സ്ഥിതി ചെയ്യുന്നത്.
ഹിജാസ് റെയില്‍വേ: അംബരിയ്യയിലെ ഹിജാസ് റെയില്‍വേയാണ് മദീനയിലെ ആധുനിക ചരിത്ര സ്മാരകങ്ങളിലൊന്ന്. ഒരു നൂറ്റാണ്ട് മുമ്പ് അന്നത്തെ മുസ്ലിം ലോക തലസ്ഥാനമായിരുന്ന തുര്‍ക്കിയിലെ ഇസ്തംബൂളില്‍നിന്ന് ജോര്‍ദാനിലെ അമ്മാന്‍ വഴി സിറിയന്‍ തലസ്ഥാനമായ ദമസ്കസിലൂടെ കടന്ന് സുഊദിയിലെ മദാഇന്‍ സ്വാലിഹ്, ഖൈബര്‍ വഴി മദീനയില്‍ വന്ന് ചേര്‍ന്ന, ഏകദേശം 3000 കി.മീ ദൂരമുള്ള റെയില്‍വേ സംവിധാനമായിരുന്നു ഹിജാസ് റെയില്‍വേ. അതിന്റെ അവസാന സ്റേഷന്റെ പ്രധാന ബില്‍ഡിംഗും റെയില്‍വേ സ്റേഷനോടനുബന്ധിച്ച് തുര്‍ക്കികള്‍ നിര്‍മിച്ച, കരിങ്കല്ലില്‍ തീര്‍ത്ത പള്ളിയും പാളങ്ങളും പുതുക്കി വെച്ച ബോഗികളുമെല്ലാമാണ് ഇപ്പോള്‍ ഹിജാസ് റെയിവേ സ്മാരകമായി മദീനയില്‍ കാണുന്നത്. 1901 മുതല്‍ 1908 വരെയാണ് ഇതിന്റെ നിര്‍മാണം നടന്നത്. 1908 മുതല്‍ 1918 വരെ 10 വര്‍ഷം റെയില്‍വേ ഗതാഗതം നിലനിന്നു. അതിനിടെ 1914-ലെ ലോക യുദ്ധത്തെത്തുടര്‍ന്ന് മുസ്ലിം ലോകം സാമ്പത്തികമായി തകര്‍ന്നപ്പോള്‍ ഫ്രാന്‍സ് പോലുള്ള പാശ്ചാത്യ ശക്തികള്‍ ഹിജാസ് റെയില്‍വേ ഈടായി നല്‍കിയാല്‍ മുസ്ലിംകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാമെന്ന് ഉസ്മാനി സുല്‍ത്താനെ അറിയിച്ചു. അത് നിരസിച്ച സുല്‍ത്താന്‍, ഹിജാസ് റെയില്‍വേ ലോക മുസ്ലിംകളുടെ വഖ്ഫ് സ്വത്താണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഏറ്റവും വലിയ മുസ്ലിം വഖ്ഫ് സ്വത്ത് ഹിജാസ് റെയില്‍വേയാണെന്ന് അഭിപ്രായമുണ്ട്. ഇപ്പോഴും ഹിജാസ് റെയില്‍വേ എന്ന പേരില്‍ സിറിയയില്‍ റെയില്‍ ഗതാഗതം നിലവിലുണ്ട്. റെയില്‍പാത വന്നതോടെ പണ്ട് കാലത്ത് ഒട്ടകപ്പുറത്ത് ഹജ്ജിനും ഉംറക്കും വന്ന യാത്രാ സംഘങ്ങള്‍ ഈ മാര്‍ഗം ഉപയോഗപ്പെടുത്തി. മുത്വവഫുമാര്‍ ഹാജിമാരെ ഇവിടന്നാണ് മക്കയിലേക്ക് ഏറ്റുവാങ്ങിയിരുന്നത്. മദീനയുടെ സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെട്ടു. അതിന്റെ ചരിത്രമയവിറക്കിയാണ് ഈ റെയില്‍വേ സ്റേഷന്റെ നില്‍പ്.
ഉര്‍വയുടെ കൊട്ടാരം: പ്രമുഖ താബിഈ പണ്ഡിതന്‍ ഉര്‍വതുബ്നു സുബൈറി(റ)ന്റെ വീടും അദ്ദേഹം നിര്‍മിച്ച കിണറും മദീനയിലുണ്ട്. ഖസ്വ്ര്‍ ഉര്‍വ, ബിഅ്ര്‍ ഉര്‍വ എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ഹിജ്റ വര്‍ഷം 41-ലാണ് ഈ സ്ഥലം അദ്ദേഹം വാങ്ങി വീടുവെച്ചത്. വളരെ മധുരമുള്ള വെള്ളം ലഭിച്ചിരുന്നതിനാല്‍ ചരിത്ര ഗ്രന്ഥങ്ങളിലും കവിതകളിലും ഉര്‍വ കിണറിനെപ്പറ്റി പരാമര്‍ശമുണ്ട്. ദൈവ മാര്‍ഗത്തില്‍ ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയനായിട്ടും ദൈവത്തിന് കൂടുതല്‍ നന്ദിപ്രകാശിപ്പിച്ച് ജീവിച്ച ഉര്‍വ(റ), ഒരിക്കല്‍ ആഇശ(റ)യെ ഈ വീട്ടിലേക്ക് സല്‍ക്കാരത്തിന് ക്ഷണിച്ചതും ഭക്ഷണം കണ്ടപ്പോള്‍ ഇത്ര നല്ല ഭക്ഷണം നബി(സ)ക്ക് ലഭിക്കാതെ പോയതില്‍ ഇവിടെ വെച്ച് അവര്‍ കരയുകയും ചെയ്ത സംഭവവും ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്.
മീഖാത്ത്: പഴയ മക്കാ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്നടുത്ത് നിന്ന് അല്‍പം മുന്നോട്ട് പോയാല്‍ ദുല്‍ഹുലൈഫ അല്ലെങ്കില്‍ അബ്യാര്‍ അലി എന്നറിയപ്പെടുന്ന മദീനയിലെ മീഖാത്തിലാണ് നാം എത്തുക. ഹജ്ജിനും ഉംറക്കും മദീന വഴി പുറപ്പെടുന്ന തീര്‍ഥാടകര്‍ ഇഹ്റാമില്‍ പ്രവേശിക്കുന്ന മീഖാത്താണിത്. നബി(സ) ഇഹ്റാമില്‍ പ്രവേശിച്ച മീഖാത്തെന്ന സവിശേഷതയും ദുല്‍ഹുലൈഫക്കുണ്ട്. മദീന പള്ളിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ദുല്‍ഹുലൈഫ. മീഖാത്ത് പള്ളിയില്‍ 5000 പേര്‍ക്ക് നമസ്കരിക്കാന്‍ സൌകര്യമുണ്ട്.
വാദി ബൈദാഅ്: അല്‍പം കൂടി മുന്നോട്ട് നീങ്ങിയാല്‍ വാദി ബൈദാഅ് അല്ലെങ്കില്‍ ദാതുല്‍ ജൈശ് എന്നറിയപ്പെടുന്ന സ്ഥലത്ത് നാമെത്തും. മദീന ടി.വി സ്റേഷനടുത്താണീ സ്ഥലം. നബി(സ)യും സംഘവും ഒരിക്കല്‍ യാത്രയിലായിരിക്കെ വുദു എടുക്കാന്‍ വെള്ളം കിട്ടാതെ പ്രയാസം നേരിട്ടപ്പോള്‍, തയമ്മും ചെയ്തുകൊള്ളുക എന്ന ഖുര്‍ആനിക സൂക്തം ഇറങ്ങിയത് വാദി ബൈദാഅ് മേഖലയില്‍ വെച്ചാണ്.
ഹംറാഉല്‍ അസദ്: അല്‍പം കൂടി മുന്നോട്ട് നീങ്ങിയാല്‍ ഇടതുവശത്ത് കാണുന്ന ഒട്ടകത്തിന്റെ പൂഞ്ഞ കണക്കെയുള്ള മലയാണ് ജബലു ഹംറാഉല്‍ അസദ്. ഉഹുദു യുദ്ധത്തില്‍ വിശ്വാസികളെ പരാജയപ്പെടുത്തി മക്കയിലേക്ക് മടങ്ങിയ ഖുറൈശികളില്‍ ചിലര്‍ മുസ്ലിംകളെ പൂര്‍ണമായും നശിപ്പിക്കാന്‍ വീണ്ടും മദീനയിലേക്കു തിരിക്കാന്‍ പദ്ധതിയിട്ടു. ഈ വിവരം അറിഞ്ഞ നബി(സ) ഉഹുദില്‍ മുറിവേറ്റ 540 സ്വഹാബികളെ തന്നെ സംഘടിപ്പിച്ച് ഈ മലയടിവാരത്തേക്ക് പുറപ്പെട്ടു. ഖുറൈശികളെ തുരത്താന്‍ വേണ്ടി ദിവസങ്ങള്‍ ഈ മലക്കു താഴെ നബിയും സ്വഹാബികളും തമ്പടിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സൂറ ആലുഇംറാനിലെ 172,173 ആയത്തുകള്‍ പ്രതിപാദിക്കുന്നത്.
ഖുബാ: ചരിത്ര പ്രസിദ്ധമായ ഖുബാ മസ്ജിദിലേക്കാണ് അടുത്ത യാത്ര. പ്രവാചകത്വലബ്ധിക്കു ശേഷമുള്ള ഇസ്ലാമിലെ ഒന്നാമത്തെ പള്ളിയാണ് ഖുബാ മസ്ജിദ്. നബി(സ) മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്നപ്പോള്‍ ആദ്യമായി ഇറങ്ങി താമസിച്ചത് അന്ന് ഇവിടെ വസിച്ചിരുന്ന ബനൂ അംറ്ബ്നു ഔഫ് ഗോത്രക്കാരിലെ കുല്‍സൂമുബ്നു ഹിദ്മ് എന്ന സ്വഹാബിയുടെ വീട്ടിലായിരുന്നു. അവിടത്തെ സ്വഹാബികള്‍ക്കൊപ്പം കുല്‍സൂ(റ)മിന്റെ ഭൂമിയിലാണ് ഈ പ്രഥമ ആരാധനാലയം നബി(സ) നിര്‍മിച്ചത്. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുത്തൌബ 108-ാം സൂക്തത്തില്‍ മസ്ജിദുതഖ്വ എന്നാണ് ഖുബാ പള്ളിയെ വിശേഷിപ്പിക്കുന്നത്. നബി(സ) മരിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും കാല്‍നടയായോ വാഹനപ്പുറത്തോ മസ്ജിദുഖുബായില്‍ വന്ന് നമസ്കരിക്കാറുണ്ടായിരുന്നു. നബി(സ) പറഞ്ഞു: "താമസസ്ഥലത്ത് നിന്ന് വുദൂ ചെയ്ത് ഖുബ പള്ളിയില്‍ വന്ന് നമസ്കരിക്കുന്നവര്‍ക്ക് ഉംറ ചെയ്തതിന്റെ പ്രതിഫലമുണ്ട്.'' 1986-ല്‍ ഫഹ്ദ് രാജാവ് പുതുക്കി പണിത പള്ളിയാണ് ഇപ്പോഴുള്ളത്.
ബുത്വ്ഹാന്‍: പുരാതന കാലത്ത് മദീനയില്‍ നീരൊഴുക്കുണ്ടായിരുന്ന പ്രമുഖ താഴ്വരകളില്‍ ഒന്നാണ് ബുത്വ്ഹാന്‍. ഖുബായുടെ കിഴക്ക് ഭാഗത്തുനിന്ന് ഉത്ഭവിച്ച് ബുര്‍ഹാന്‍ വഴി ഗമാമ മസ്ജിദിനടുത്തു കൂടെ സബ്അ മസാജിദ് വരെ നീണ്ടുകിടന്ന കനാലായിരുന്നു ഇത്. ആധുനിക കാലത്ത് ഈ കനാലില്‍ വെള്ളപ്പൊക്കം വന്ന് ജനങ്ങള്‍ വിഷമത്തിലാവാതിരിക്കാന്‍ ഭരണകൂടം നിര്‍മിച്ച ഡാം ബുത്വ്ഹാനിലുണ്ട്. ബുത്വ്ഹാന്‍ ഡാം എന്ന് ഇതറിയപ്പെടുന്നു.
ബിഅ്ര്‍ ഗര്‍സ്: ഖുബായുടെ വടക്കു ഭാഗത്ത് ശാവി സ്കൂളിനോട് ചേര്‍ന്ന് സംരക്ഷിക്കപ്പെട്ട ഒരു കിണറാണിത്. പ്രവാചകന്‍ (സ) വെള്ളം കുടിക്കാറുണ്ടായിരുന്ന ഈ കിണറിലെ തന്നെ വെള്ളം ഉപയോഗിച്ചാണ് നബിയുടെ മയ്യിത്ത് കുളിപ്പിച്ചത്. പ്രവാചകന്റെ വസ്വിയ്യത്ത് പ്രകാരമായിരുന്നു അത്.
മസ്ജിദുല്‍ ജുമുഅ: നബി(സ) ഹിജ്റ ചെയ്ത് ഖുബായിലെത്തി ഖുബാ മസ്ജിദ് നിര്‍മിച്ച് കുറച്ച് നാള്‍ അവിടെ തങ്ങിയ ശേഷം മദീനയുടെ മധ്യഭാഗത്തേക്ക് ഒരു വെള്ളിയാഴ്ചയാണ് യാത്ര തുടര്‍ന്നത്. വഴിയില്‍ വെച്ച് ജുമുഅ നമസ്കാരത്തിന് സമയമായപ്പോള്‍ നൂറോളം വരുന്ന അനുചരന്മാര്‍ക്കൊപ്പം നബി(സ) ജുമുഅ നിര്‍വഹിച്ചു. ബനൂ സാലിം ഗോത്രക്കാരുടെ ആ സ്ഥലത്ത് പില്‍ക്കാലത്ത് അവര്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ജുമുഅ. ഖുബാ മസ്ജിദിനും മസ്ജിദുന്നബവിക്കും ഇടയില്‍ റനൂന താഴ്വരയിലാണ് മസ്ജിദ് ജുമുഅ.
മസ്ജിദ് ഇജാബ: ഒരിക്കല്‍ നബി(സ) അവാലിയില്‍നിന്ന് മടങ്ങിവരവെ മസ്ജിദ് ബനൂ മുആവിയ എന്നറിയപ്പെട്ടിരുന്ന പള്ളിയില്‍ കയറി നമസ്കരിച്ചു. അവിടെ ദീര്‍ഘമായി പ്രാര്‍ഥിച്ചു. താന്‍ മൂന്നു കാര്യങ്ങള്‍ അല്ലാഹുവിനോട് ആവശ്യപ്പെട്ടുവെന്നും അതില്‍ രണ്ടെണ്ണത്തിന് ഉത്തരം ലഭിച്ചുവെന്നും പ്രവാചകന്‍ ശിഷ്യന്മാരെ അറിയിച്ചു. നബി(സ)യുടെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടിയ പള്ളി എന്ന അര്‍ഥത്തിലാണ് ഔസ് വിഭാഗത്തില്‍ പെട്ട ബനൂ മുആവിയക്കാരുടെ ഈ പള്ളി മസ്ജിദ് ഇജാബ എന്നറിയപ്പെട്ടത്.
മസ്ജിദ് അബൂദര്‍റ്: മസ്ജിദുസ്സജദ എന്നാണ് ഈ മസ്ജിദിന്റെ ചരിത്ര നാമം. പൊതുസ്വത്തില്‍ പെട്ട ഒരു തോട്ടമായിരുന്നു മുമ്പ് ഇവിടെയുണ്ടായിരുന്നത്. വുദൂ ചെയ്ത് നബി(സ) അതിനകത്ത് ദീര്‍ഘനേരം സുജൂദില്‍ കിടന്ന് പ്രാര്‍ഥിക്കുകയുണ്ടായി. കൂടെയുണ്ടായിരുന്ന അബ്ദുര്‍റഹ്മാനുബ്നു ഔഫ്(റ) അതു കണ്ട് പ്രവാചകന്‍ സുജൂദില്‍ മരണപ്പെട്ടുപോയോ എന്നുപോലും സംശയിച്ചു. ആ സംഭവം നടന്ന സ്ഥലത്ത് പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ട ഈ പള്ളി ഹിജ്റ 1423-ലാണ് രണ്ടു നിലയായി പുതുക്കി നിര്‍മിച്ചത്. പുതിയ സാപ്റ്റികോ ബസ്സ്റാന്റിനടുത്തുള്ള ഈ പള്ളിക്കു സമീപമാണ് മദീനയിലെ മലയാളികളുടെ സംഗമസ്ഥാനം.
(അവസാനിച്ചു)