Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>കത്തുകള്‍

 


1967 കേരളത്തിന്റെ ദുഃഖവര്‍ഷം തന്നെ
ലക്കം 16ലെ ലേഖനത്തോടും 18ലെ കുറിപ്പിനോടും ചേര്‍ത്തുവായിക്കാന്‍: 1967ലെ സപ്തകക്ഷി മുന്നണി രൂപവത്കരണ പശ്ചാത്തലത്തില്‍ മുസ്ലിംലീഗിന്റെ സ്റേറ്റ് കൌണ്‍സിലും ക്ഷണിക്കപ്പെട്ടവരുടെ യോഗവും സമുന്നതരായ നേതാക്കളുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി യതീംഖാനയുടെ മുകള്‍തട്ടില്‍ നടക്കുന്നു. കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണി രൂപവത്കരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ വിശദീകരിക്കുന്നു. ഉന്നത നേതാക്കളായ സയ്യിദന്മാര്‍, നഹാസാഹിബ, ബി.വി സാവാന്‍കുട്ടി, ഏറനാടിന്റെ വീരപുത്രന്‍ സീതിഹാജി, കേയി സാഹിബ്, പീയെം തുടങ്ങി ഒരുപാട് പേരുടെ ശ്രദ്ധയെ തട്ടിയുണര്‍ത്തിക്കൊണ്ട് സ്വതന്ത്രഭാരതത്തില്‍ മുസ്ലിം ലീഗിന്റെ പച്ചപതാക കാറിന്ന് മുമ്പില്‍ പറത്തി യാത്ര ചെയ്യാന്‍ ആര്‍ജവം കാണിച്ച 'ചാക്കീരി'യുടെ ചോദ്യം!
"1959ലെ വിമോചന സമരകാലത്തെ നമ്മുടെ പണ്ഡിതന്മാരുടെ ഫത്വയുടെ അടിസ്ഥാനത്തില്‍ വേര്‍പിരിക്കപ്പെട്ട ദാമ്പത്യബന്ധങ്ങള്‍, പിതാക്കള്‍ ജീവിച്ചിരിക്കെ അനാഥരായ മക്കള്‍, പിതൃഗൃഹത്തില്‍ കാലെടുത്ത് വെച്ചാല്‍ ഇപ്പടി ചവിട്ടേണ്ട എന്ന ഭര്‍തൃ ശാസനയില്‍ കരയേണ്ടി വന്ന തരുണികള്‍ ഇവരുള്‍ക്കൊള്ളുന്ന സമുദായത്തിന്നിടയിലേക്ക് വോട്ടു ചോദിക്കാന്‍ ചെന്നാല്‍ ഉണ്ടാകാവുന്ന പ്രതികരണത്തെ പറ്റി നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടോ?''
ഇത്യാദി പ്രശ്നങ്ങളുമായി വേറെയും ചോദ്യങ്ങള്‍.
ബാഫഖി തങ്ങളുടെ പ്രിയശിഷ്യന്‍ സി.എച്ചിന്റെ മറുപടിയില്‍നിന്ന് അല്‍പം. "സാധാരണയായി നാം കക്കൂസില്‍ പോകാറുള്ളത് അത് ഒരു സുഖസമ്പൂര്‍ണമായ സ്ഥലമായിട്ടാണോ? മനുഷ്യരായാല്‍ അത് കൂടാതെ കഴിയുമോ?''
"ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ പാവപ്പെട്ട സമുദായത്തെ ഏതെല്ലാം രീതിയിലാണ് വഞ്ചിട്ടുള്ളത്? എന്തെല്ലാം ദ്രോഹങ്ങളാണ് ചെയ്തിട്ടുള്ളത്.''
"ഇനിയും ഈ മാളത്തില്‍നിന്നു കടിയേല്‍ക്കണമോ?''
ആയതിനാല്‍ ചീത്തയില്‍ മേത്തരമായ ഒരു തീരുമാനമാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എടുത്തിട്ടുള്ളത്.
ഏറെക്കഴിയും മുമ്പെ 1967-68ല്‍ തന്നെ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ നിയന്ത്രണത്തില്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കേരള മുസ്ലിം അസോസിയേഷന്‍' തങ്ങള്‍ നടത്തിവരുന്ന തിരൂരിലെ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്നികിന്റെ പ്രവര്‍ത്തനഫണ്ട് പോഷണത്തിന് ഭാഗ്യക്കുറി നടത്താന്‍ തീരുമാനിക്കുന്നു. വിദ്യാര്‍ഥികളിലൂടെയും മറ്റും ടിക്കറ്റ് വില്‍പന ത്വരിതപ്പെടുത്താന്‍ ശ്രമിക്കുന്നു. സ്ഥാപനാധികൃതരില്‍നിന്നും ലഭിക്കേണ്ട 'സെഷനല്‍ മാര്‍ക്ക്' എന്ന ഡെമോക്ളസിന്റെ വാളിലൂടെ കാര്യങ്ങള്‍ മുന്നോട്ട്!
പി.കെ അഹ്മദ് പറപ്പൂര്‍

ആ മനസിന്റെ നന്മ
ഇസ്ലാമിന്റെ ഓരങ്ങളില്‍കൂടി നടക്കുന്നതിനിടയില്‍ കണ്ടുമുട്ടിയ ചില മുഖങ്ങളും ഇസ്ലാമിന്റെ തനതായ സുഗന്ധവും ഒരല്‍പം മണത്തറിഞ്ഞപ്പോഴേക്ക് തന്നെ ഇസ്ലാമിന്റെ വിമര്‍ശകരെ ഇവ്വിധം നേരിടാനുള്ള ആര്‍ജവം ഒരു സാധാരണ സംഭവമായി കാണാവുന്നതല്ല. മറിച്ച് അതൊരു മനസ്സിന്റെ അകത്തളങ്ങളില്‍നിന്നുള്ള ഉള്‍വിളിയുടെ സമ്മര്‍ദത്തിലൂടെ ഉണ്ടായിട്ടുള്ളതാണെന്നാണ് തോന്നുന്നത്.
കെ.പി സുകുമാരന്റെ ലേഖനത്തെ കുറിച്ചാണ് സൂചിപ്പിച്ചത്. (പ്രബോധനം ലക്കം 18, പുനര്‍വായന). എന്റെ വായനയെ, മനസ്സിനെ ഇത്ര ആഴത്തില്‍ പിടിച്ചിരുത്തിയൊരനുഭവം അടുത്തകാലത്തൊന്നും ഉണ്ടായതായി ഓര്‍ക്കാനാവുന്നില്ല. മാഷുടെ കുറിപ്പിലെ രണ്ട് പരാമര്‍ശങ്ങളാണ് ഈ കുറിപ്പിന് കാരണം. ഒന്ന്, "ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പുതിയ ജനകീയ വ്യാകരണം എഴുതുമോയെന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ അങ്ങനെയൊരു ആവശ്യകത കാലം മുന്നോട്ട് വെക്കുന്നുണ്ട്.'' ഈ തിരിച്ചറിവ് മൊത്തം ജനങ്ങള്‍ക്കും നഷ്ടമായൊരു കാലത്താണ് നമ്മള്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അകക്കണ്ണ് കൊണ്ട് തന്നെ കാണേണ്ടതുണ്ട്. രണ്ട്, "ഇസ്ലാമിന്റെ യഥാര്‍ഥ ശത്രുക്കള്‍ ഇസ്ലാമില്‍ തന്നെയാണുള്ളത്. നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നൊരു നേരാണിതും. വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ. അത് ജമാഅത്തെ ഇസ്ലാമിക്ക് ഊര്‍ജം പ്രദാനം ചെയ്യുകയേയുള്ളൂ'' എന്നും എഴുതിയിട്ടുണ്ട്. അതു ആറ് പതിറ്റാണ്ടായി അനുഭവിച്ചുവരുന്നൊരു സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
മമ്മൂട്ടി കവിയൂര്‍


കേഴുന്ന ആത്മാവ്
ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറം ഒരു അര്‍ധരാത്രി എന്റെ മാര്‍വിടത്തില്‍ രാജ്യദ്രോഹികള്‍ ഒരു വിഗ്രഹം കുത്തിയിറക്കി. അന്ന് മുതല്‍ സ്വാസ്ഥ്യം എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. അന്നതിന് കൂട്ട് നിന്നവര്‍ക്ക് ഏറെ സ്ഥാനമാനങ്ങള്‍ കിട്ടി. പിന്നെ അന്നൊരു ഡിസംബര്‍ ആറിന് കശ്മലന്മാര്‍ എന്നെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ മതേതര ഇന്ത്യ ഞെട്ടി വിറച്ചു. ലോകം മുഴുവന്‍ എന്റെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കണ്ണീരൊഴുക്കി. തെറ്റ് ബോധ്യമായ ഭരണാധികാരികള്‍ എന്നെ പുനര്‍നിര്‍മിക്കുമെന്ന് ലോകത്തിന് വാക്ക് കൊടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഭാരതത്തിലെ ഓരോ മണല്‍തരിക്കുമറിയാമായിരുന്ന സത്യം ലിബര്‍ഹാന്‍ വിളിച്ചു പറഞ്ഞു. പക്ഷേ...................
നിഷ്കളങ്കരായ ജനം നീതി പ്രതീക്ഷിച്ചിരുന്നെങ്കിലും വരാന്‍ പോകുന്ന വിധി ഞാന്‍ ഊഹിച്ചിരുന്നു. നാട്ടില്‍ സമാധാനം നിലനില്‍ക്കാന്‍ എന്റെ പൂര്‍ണ രക്തസാക്ഷിത്വം അനിവാര്യമായിരുന്നു. ഒമ്പത് ലക്ഷം ആണ്ടുകള്‍ക്കപ്പുറം ജനിച്ചുവെന്ന് വിശ്വസിക്കുന്ന രാമന്റെ പേരില്‍ കണ്‍മുമ്പിലെ തെളിവുകള്‍ നീതിപീഠം കണ്ടില്ല. ഇന്ന് എന്നെ പോലെയുള്ള ആയിരക്കണക്കായ മസ്ജിദുകളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് എന്റെ ഹൃദയം തേങ്ങുന്നു. ദൈവത്തിന്റെ പേരില്‍ ദൈവിക ഭവനങ്ങള്‍ തകര്‍ക്കുന്ന മനുഷ്യന്‍ എത്ര വലിയ വിഢ്ഢി.
കെ.എം ബഷീര്‍ ബഹ്റൈന്‍

പൈതൃക വിമര്‍ശത്തിന്റെ പ്രാധാന്യം
'ഇസ്ലാമിക പൈതൃക വിമര്‍ശം: അബൂ സൈദ് മുതല്‍ അര്‍കൂന്‍ വരെ' എന്ന ലേഖനമാണ് (ലക്കം 20, 2101 ഒക്ടോബര്‍ 23) ഈ കുറിപ്പിനാധാരം. അറബ് ധിഷണയുടെ ജഡത്വവും നവകാല സംവേദരാഹിത്യവും നിശിതമായി വിമര്‍ശനത്തിന് വിധേയമാക്കി 'അറബ് ധിഷണാ വിമര്‍ശം' (നഖ്ദുല്‍ അഖ്ലില്‍ അറബി) എന്ന തലക്കെട്ടില്‍ ഗ്രന്ഥരചന നടത്തിയത് മുഹമ്മദ് ജാബിറുല്‍ ആബിദി അല്ല. അത് മുഹമ്മദ് ആബിദ് അല്‍ ജാബിരി ആണ്. അറബ് ധിഷണ, പാരമ്പര്യത്തിന്റെ പ്രശ്നങ്ങള്‍, ജനാധിപത്യം, ദേശരാഷ്ട്രം, ദേശീയ സ്വത്വം തുടങ്ങിയ നിരവധി വിഷയങ്ങളെ അദ്ദേഹം പ്രശ്നവത്കരിക്കുന്നു. പുതിയ ജ്ഞാനപദ്ധതികളിലൂടെ വേദപാഠങ്ങളെ വായിച്ചെടുക്കുന്ന അര്‍കൂന്റെ അതിസാഹസിക അക്കാദമിക വാചകക്കസര്‍ത്തില്‍നിന്നും വളരെ വ്യത്യസ്തനാണ് മുഹമ്മദ് ആബിദ് അല്‍ ജാബിരിയുടെ ഗ്രന്ഥങ്ങള്‍. ഇതിനു പുറമെ കനപ്പെട്ട നാല്‍പതോളം ഗ്രന്ഥങ്ങള്‍ മുഹമ്മദ് ആബിദ് അല്‍ ജാബിരി രചിച്ചിട്ടുണ്ട്. സമകാലിക മുസ്ലിം ഇന്റലക്ച്വലിസത്തെ വിലയിരുത്തുന്ന ഇത്തരം പഠനങ്ങള്‍ പ്രബോധനം വാരികയില്‍നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.
ജലീല്‍ പൂക്കോട്ടൂര്‍
ഗവേഷണ വിദ്യാര്‍ഥി,
കാലിക്കറ്റ് യൂനിവേഴ്സിറ്റി


പ്രബോധനത്തിനായി കാത്തിരിക്കുന്നു
പ്രബോധനം വാരിക, 2010 ഒക്ടോബര്‍ 16-ന്റെ ലക്കം വായിച്ചു. മുഖക്കുറിപ്പും ലേഖനങ്ങളും വളരെ ഇഷ്ടപ്പെട്ടു. ബാബരി മസ്ജിദിനെയും അയോധ്യ തര്‍ക്കങ്ങളെയും പറ്റിയുള്ള എല്ലാ ലേഖനങ്ങളും ഇഷ്ടപ്പെട്ടു. ഓരോ ആഴ്ചയിലും പ്രബോധനം വാരിക വായിക്കാനുള്ള ആകാംക്ഷയിലാണ് ഞാന്‍.
വി.എന്‍ വിജയന്‍
ജനറല്‍ സൂപ്രണ്ടന്റ്, പുതുക്കാട് ഗ്രാമപഞ്ചായത്ത്, തൃശൂര്‍


പണ്ഡിതന്മാരുടെ ശ്രദ്ധക്ക്
അറബ് നാടുകളില്‍ വ്യാഴം, വെള്ളി എന്നീ ദിനങ്ങള്‍ അവധിയാണ്. രണ്ടു നാള്‍ വിശ്രമിച്ച് ഉണര്‍ന്നുവരുമ്പോഴേക്ക് അന്താരാഷ്ട്ര കമ്പോളം ശനി, ഞായര്‍ ദിനങ്ങള്‍ അവധിയാകുന്നു. ഇങ്ങനെ വരുമ്പോള്‍ അറബികളില്‍ ഗണ്യമായ വിഭാഗം അന്താരാഷ്ട്ര കമ്പോളത്തില്‍നിന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍നിന്നും മൂന്ന്/നാല് ദിവസം ഭാഗികമായോ പൂര്‍ണമായോ അകന്നുനില്‍ക്കുന്ന ദുരവസ്ഥ ഉണ്ടാകുന്നുണ്ട്. ഇസ്ലാമില്‍ വെള്ളിയാഴ്ച ബാങ്ക് വിളിച്ചാല്‍ പ്രാര്‍ഥനക്കുള്ള കുറഞ്ഞ നേരത്തേക്ക് മാത്രം വാണിജ്യ, വ്യവഹാരങ്ങള്‍ നിര്‍ത്തിവെക്കാനേ പറഞ്ഞിട്ടുള്ളൂ.
ഇവിടെ നമ്മുടെ നാട്ടില്‍ ബഹുസ്വര സമൂഹത്തില്‍ വെള്ളിയാഴ്ച അവധിയില്ല. അവധി വേണ്ടതുമില്ല. പല സ്ഥാപനങ്ങളും വെള്ളിയാഴ്ച ജുമുഅക്ക് നിര്‍ത്തിവെക്കാറില്ല. തീര്‍ച്ചയായും മുസ്ലിം സ്ഥാപനങ്ങള്‍ നിര്‍ത്തിവെക്കേണ്ടതാണ്. എന്നാല്‍ അവരുടെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ പല കാരണങ്ങളാല്‍ നിര്‍ത്തിവെക്കുന്നില്ല. അമുസ്ലിം സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റും നിര്‍ത്തിവെച്ച് എല്ലാവര്‍ക്കും പ്രാര്‍ഥനക്ക് സൌകര്യം കിട്ടുകയെന്നത് സാധ്യമാകുന്ന സംഗതിയല്ല. തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍, രോഗികളോടൊപ്പം കഴിയുന്നവര്‍ തുടങ്ങി പലരും വെള്ളിയാഴ്ച ജുമുഅക്ക് പങ്കെടുക്കാനാവാതെ വിഷമിക്കുന്നുണ്ട്. വിശിഷ്യാ പട്ടണങ്ങളില്‍ ഈ പ്രയാസം വളരെ രൂക്ഷമാണ്. ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ജുമുഅക്ക് പോകാനാവാതെ വിഷമിക്കുന്നുണ്ട്. പരീക്ഷകള്‍ പോലുള്ള പരിപാടി നടക്കുമ്പോഴും ഇത്തരം പ്രയാസമുണ്ട്.
രണ്ട് വര്‍ഷം മുമ്പ് പൂണെയിലെപി.എ ഇനാം ദാറിന്റെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പോകാന്‍ അവസരമുണ്ടായി. സ്ഥാപനത്തിന്റെ അകത്തുള്ള വലിയ പള്ളിയില്‍ രണ്ട് തവണ ജുമുഅ നമസ്കാരം നടക്കുന്നത് കാണാനിടയായി. പന്ത്രണ്ടരക്ക് ആദ്യ ജുമുഅ, ഒന്നരക്ക് രണ്ടാമത്തെ ജുമുഅ. ഒന്നാമത്തേതിന്റെ ഇമാമത്തും ഖുത്വ്ബയും താഴെ നിലയില്‍, രണ്ടാമത്തേതിന്റെ ഇമാമത്തും ഖുത്വ്ബയും ഒന്നാം നിലയില്‍. രണ്ട് ജുമുഅകളിലും താഴെയും മുകളിലുമായി നിറയെ ആളുകള്‍. മുംബെയിലും ഇങ്ങനെ ചില പള്ളികളുണ്ടെന്ന് കേള്‍ക്കുന്നു. പാശ്ചാത്യ നാടുകളില്‍ പലേടത്തും ഇങ്ങനെയുണ്ടെന്നറിയുന്നു.
കേരളത്തിലെ പട്ടണങ്ങളിലെ മിക്ക പള്ളികളിലും വലിയ തിരക്കാണ്. പൊരിവെയിലുള്ള റോഡില്‍ ജുമുഅ നിര്‍വഹിക്കുന്നത് വരെ കാണാറുണ്ട്. പട്ടണങ്ങളില്‍ ഇക്കാലത്ത് വലിയ വിലയ്ക്ക് ഭൂമി വാങ്ങാന്‍ സാധ്യമല്ല. സൌകര്യപ്രദമായ ഭൂമി കിട്ടാനുമില്ല. വെള്ളിയാഴ്ചത്തെ ഒരു മണിക്കൂറില്‍ താഴെയുള്ള ജുമുഅക്ക് വേണ്ടി മാത്രം വന്‍തുക ചെലവഴിച്ച് വലിയ പള്ളികളുണ്ടാക്കുക പ്രായോഗികവുമല്ല. ഈയൊരു ചുറ്റുപാടില്‍ വന്‍ പട്ടണങ്ങളില്‍ ചുരുക്കം ചില പള്ളികളിലെങ്കിലും ഒരു രണ്ടാം ജുമുഅ നടത്തിക്കൂടേ? പണ്ഡിതന്മാര്‍ ഇക്കാര്യം പരിചിന്തനം ചെയ്ത് ഒരു തീരുമാനമെടുത്താല്‍ ജുമുഅ നമസ്കരിക്കാനാവാതെ പോകുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ജുമുഅ നിര്‍വഹിക്കാനാകും. എല്ലാ വിഭാഗം പണ്ഡിതന്മാരും കൂട്ടായി ചിന്തിച്ച് ഒരു തീരുമാനമെടുത്താല്‍ ഉപകാരപ്രദമായിരിക്കും. ആരോഗ്യകരമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്.
പി.പി അബ്ദുര്‍റഹ്മാന്‍
പെരിങ്ങാടി




Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly