Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>അനുസ്മരണം



അബ്ദുല്ല മൌലവി എന്ന അധ്യാപകന്‍
വി.എ കബീര്‍
വി. അബ്ദുല്ല മൌലവിയെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരിക അല്‍ഫിയയാണ്. അറബി ഭാഷയിലെ ഒരു വ്യാകരണ ഗ്രന്ഥമാണ് അല്‍ഫിയ. ആയിരം എന്നര്‍ഥമുള്ള 'അല്‍ഫ്' എന്ന പദത്തില്‍നിന്ന് നിഷ്പന്നം. അറബി വ്യാകരണ നിയമങ്ങള്‍ മുഴുവന്‍ മുഹമ്മദുബ്നു മാലിക് എന്ന പണ്ഡിതന്‍ ആയിരം വരികളില്‍ പദ്യാവിഷ്കാരം നടത്തിയതാണ് അല്‍ഫിയ. രസകരമായൊരു പാണ്ഡിത്യാഭ്യാസം. കെട്ടു പിണഞ്ഞ വ്യാകരണ നിയമങ്ങള്‍ ഹൃദിസ്ഥമാക്കാനുള്ള എളുപ്പവഴി പദ്യങ്ങളാണെന്ന നിലക്കാണ് മുഹമ്മദുബ്നു മാലിക് ഇങ്ങനെയൊരു സാഹസത്തിന് ഒരുമ്പെട്ടത്. ഈ പദ്യക്കെട്ട് മുഴുവന്‍ അബ്ദുല്ല മൌലവിക്ക് നല്ല മനഃപാഠമായിരുന്നു.
ചേന്ദമംഗല്ലൂരില്‍ ഇസ്ലാമിയ (ഇന്നത്തെ ഇസ്ലാഹിയ) കോളേജും പെണ്‍കുട്ടികള്‍ക്കായുള്ള 'മദ്റസത്തുല്‍ ബനാത്തും' തുടങ്ങിയ കാലമായിരുന്നു. അബ്ദുല്ല മൌലവിയാണ് കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം വഹിക്കാന്‍ എത്തിയത്. ഹോസ്റല്‍ സംവിധാനമുള്ള സ്ഥാപനമായിരുന്നതിനാല്‍ പുറംനാടുകളില്‍നിന്ന് ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിദ്യാര്‍ഥികളായെത്തിയിട്ടുണ്ട്. ആ കുഗ്രാമത്തിന് അതൊരു ഉണര്‍വായി. കോളേജും ബനാത്തും വരുന്നതിനു മുന്നേ ഈ ലേഖകന്‍ ചേന്ദമംഗല്ലൂരിലുണ്ട്. പുതിയ സ്ഥാപനങ്ങളുടെ വരവോടെ എം.പി.കെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കുഞ്ഞഹമ്മദ് സാഹിബ്, അദ്ദേഹത്തിന്റെ അനുജന്‍ ഖാസിം മാസ്റര്‍ തുടങ്ങി പല പുതുമുഖങ്ങളും ചേന്ദമംഗല്ലൂരിന്റെ ഗ്രാമശ്രീയിലേക്ക് ചേക്കേറാനെത്തിയിരുന്നു. ലേഖകന്‍ ചേന്ദമംഗല്ലൂര്‍ യു.പി സ്കൂളില്‍ ഏഴാം ക്ളാസ് പൂര്‍ത്തിയാക്കുന്നത് ഈ കാലത്താണ്. ഹൈസ്കൂള്‍ പിന്നെയും ഒരു വര്‍ഷത്തിന് ശേഷമാണ് നിലവില്‍ വന്നതെന്നാണ് ഓര്‍മ. ഞങ്ങള്‍ ഒന്ന് രണ്ട് പേര്‍ക്ക് മാത്രം ഒരു ക്ളാസ് പ്രായോഗികമായിരുന്നില്ല. അതിനാല്‍ മുതിര്‍ന്നവരുടെ ക്ളാസിലാണ് പ്രവേശനം തന്നത്. അതിലേക്ക് പഠിച്ചുതീര്‍ക്കേണ്ട വിഷയങ്ങള്‍ക്ക് പ്രത്യേക ക്ളാസ്സുകളും ഏര്‍പ്പാട് ചെയ്തു.
മുഹമ്മദുബ്നു മാലിക് എന്ന വൈയ്യാകരണനെ ആദ്യമായി 'കണ്ടുമുട്ടു'ന്നത് ഈ ക്ളാസ്സിലാണ്. വളരെ കര്‍ക്കശ സ്വഭാവിയായ പണ്ഡിതന്‍ എന്നതാണ് പ്രസ്തുത ഗ്രന്ഥകാരനെ കുറിച്ച് പറഞ്ഞുപോരുന്ന സവിശേഷത. എന്നാല്‍ അദ്ദേഹത്തിന്റെ അല്‍ഫിയ പഠിപ്പിക്കാന്‍ ഞങ്ങളുടെ ക്ളാസ്സിലെത്തിയ അബ്ദുല്ല മൌലവിയുടെ എടുത്തോതത്തക്ക സവിശേഷത സൌമ്യതയായിരുന്നു. ശബ്ദം പോലും സൌമ്യമാണ്. അത്ഭുതം തോന്നും. കിതാബ് തുറന്നു നോക്കാതെയാണ് ക്ളാസ്സെടുക്കുക. 'ബൈത്തുകള്‍' (പദ്യഭാഗങ്ങള്‍) തികച്ചും സ്വാഭാവികമായങ്ങനെ ഒഴുകിവരലാണ്; തുടര്‍ന്ന് വിശദീകരണവും. ക്ളാസ് കഴിഞ്ഞാല്‍ നിയമങ്ങളുടെ സ്വരൂപം ഏതാണ്ടൊരു വിധം മനസ്സില്‍ പതിഞ്ഞ് കഴിഞ്ഞിട്ടുണ്ടാകും.
ബാല്യത്തിലേ എന്റെ ഒരു കുഴപ്പം മനഃപാഠമാക്കുന്നതിനോടുള്ള വിരക്തിയാണ്, ഇപ്പോഴുമത് അങ്ങനെ തന്നെ. ഏത് വിഷയമായാലും ഒരു ധാരണ രൂപപ്പെടുത്തുന്നതില്‍ കവിഞ്ഞ് തത്തപ്പാട്ട് പതിവില്ല. അന്ന് പരക്കെ പ്രചാരത്തിലുണ്ടായിരുന്ന അല്‍ഫിയയുടെ അച്ചടിരൂപം തന്നെ ബഹുവിചിത്രമാണ്. തിരൂരങ്ങാടിയിലെ കല്ലച്ചില്‍ അടിച്ച 'കിതാബി'ല്‍ പദ്യ ഭാഗത്തിന്റെ താഴെയും മുകളിലുമായി വിലങ്ങനെയാണ് അതിന്റെ ഗദ്യവിശദീകരണമുണ്ടാവുക. കണ്ണിനും കൈക്കും അത് മെനക്കേടുണ്ടാക്കും. ചേന്ദമംഗല്ലൂരില്‍ അന്ന് പറമ്പുകള്‍ക്ക് അതിരിട്ടിരുന്ന മുള്ളുവേലികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ അച്ചടി ലേഔട്ട്. ആകപ്പാടെ ഈ കിതാബും എനിക്ക് ഒരു മുള്ളുവേലിയുടെ പരുവത്തിലായിരുന്നു. അത് ചാടിക്കടക്കാന്‍ ഞാന്‍ കണ്ട മാര്‍ഗം ഓരോ പാഠഭാഗങ്ങളുടെയും ചെറിയ നോട്ടുകള്‍ എഴുതി ഉണ്ടാക്കുക എന്നതായിരുന്നു. പക്ഷേ, അബ്ദുല്ല മൌലവി ക്ളാസ്സില്‍ വന്നാല്‍ തലേന്ന് പഠിപ്പിച്ച പദ്യപാഠം ചൊല്ലിക്കേള്‍പ്പിക്കേണ്ടിവരും. മൌലവിയുടെ പിരീഡ് വരുമ്പോള്‍ ഞാന്‍ ക്ളാസ്സിലെ ഏറ്റവും ഒടുവിലത്തെ സീറ്റിലേക്ക് മാറും. ഓരോരുത്തരും ചൊല്ലിക്കേള്‍പ്പിച്ച് എന്റെ ഊഴമെത്തുമ്പോള്‍ ഒരുവിധമത് മനഃപാഠമായിട്ടുണ്ടാവും. ചൊല്ലിക്കഴിയുന്നതോടെ അപ്പാടെ അത് മറക്കുകയും ചെയ്യും. പരീക്ഷയില്‍ പദ്യം പൂരിപ്പിക്കുന്നതിന് പത്തോ പതിനഞ്ചോ മാര്‍ക്ക് കാണും. അതുവേണ്ടെന്ന് വെച്ചാലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നതില്‍ എപ്പോഴും മുന്നില്‍ തന്നെ നില്‍ക്കാന്‍ കഴിഞ്ഞത് സ്വയം എഴുതിയുണ്ടാക്കിയ നോട്ടുകള്‍ കാരണമായിരുന്നു. സി. ആമിന എന്ന സതീര്‍ഥ്യ മാത്രമായിരുന്നു ഒരേയൊരു വെല്ലുവിളി. ഏത് പരീക്ഷയിലും ചെറിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ആ കുട്ടി പിന്നിലുണ്ടാകും. പരീക്ഷയില്‍ മാര്‍ക്കുള്ളതിനാല്‍ അല്‍ഫിയ എനിക്ക് 'ഥറോ' ആണെന്നാണ് അബ്ദുല്ല മൌലവി ധരിച്ചിട്ടുണ്ടാവുക. പക്ഷേ, ഇന്നും ആ കിതാബിലെ 'ഖാല മുഹമ്മദുന്‍ ഹുവബ്നു മാലികി' എന്ന വരിയല്ലാതെ ഒറ്റവരിയും എനിക്കോര്‍മയില്ലെന്നതാണ് സത്യം. എന്റെ നോട്ടുകളുടെ ബലത്തില്‍ മൌലവിയെ 'പറ്റിക്കുക'യായിരുന്നു ഞാന്‍. മൌലവിയുടെ ഇഷ്ട ശിഷ്യനാകാന്‍ കഴിഞ്ഞുവെങ്കിലും 'കിതാബു'കളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യനാകാന്‍ എനിക്കായില്ല. ചില കാര്യങ്ങളില്‍ അനുസരണയുള്ള ശിഷ്യനുമാകാന്‍ കഴിഞ്ഞിരുന്നില്ല.
വിദ്യാര്‍ഥികളില്‍ പലരും ജമാഅത്ത് ഹല്‍ഖയിലെ അംഗങ്ങളായിരുന്നു. എന്റെ സതീര്‍ഥ്യനായിരുന്ന കോയക്കുട്ടിയൊക്കെ സജീവ പ്രവര്‍ത്തകനുമായിരുന്നു (ആ സുഹൃത്തും കഴിഞ്ഞ വര്‍ഷം വിടപറഞ്ഞു. അല്ലാഹു കരുണ ചെയ്യട്ടെ). ഹല്‍ഖയില്‍ അംഗമാകാനുള്ള സമ്മര്‍ദം ഇടക്കിടെ മൌലവിയുടെ ഭാഗത്തുനിന്നുണ്ടാകും. ചിരിച്ചുകൊണ്ട് അത് പ്രതിരോധിക്കും. കോയക്കുട്ടിയോടായിരിക്കും പിന്നെ അതിന്റെ ഈറ തീര്‍ക്കുക. എന്നാല്‍ മൌലവി തന്നെ മുന്‍കൈയെടുത്തുണ്ടാക്കിയ ഡിബേറ്റ് ഫോറത്തില്‍ ശ്രോതാവായിരിക്കാന്‍ സ്വയം താല്‍പര്യമെടുക്കുകയും ചെയ്തിരുന്നു. ഹൈസ്കൂള്‍ നിലവില്‍ വന്ന ശേഷമാണ് ഇങ്ങനെയൊരു ഫോറം ആഴ്ചതോറും സമ്മേളിച്ചതെന്നാണ് ഓര്‍മ. ഹൈസ്കൂളില്‍ പല ആശയഗതിക്കാരായ അധ്യാപകരുമുണ്ടായിരുന്നു. അവരുമായി ആശയവിനിമയത്തിനുള്ള ഒരു വേദി കണ്ടെത്തുകയായിരുന്നു മൌലവി ഇതിലൂടെ. അറിവും അനുഭവങ്ങളും പരന്ന വായനയുമുള്ള എം.പി.കെയെപോലുള്ളവരുടെ സ്ഥിരം സാന്നിധ്യം ഈ വേദിയുടെ ഒരു ആകര്‍ഷണമായിരുന്നു. ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിനെപ്പോലുള്ള വിദ്യാര്‍ഥികളുടെ, ചിന്തയെ തൊട്ടുണര്‍ത്തുന്ന കുസൃതി നിറഞ്ഞ ഇടപെടലുകളും ഫോറത്തെ ചടുലമാക്കി നിര്‍ത്തിയ ഘടകമായിരുന്നു. എല്ലാ വിഷമവും വേദിയില്‍ തുറന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. അസീസ് എന്നൊരു മലയാളം അധ്യാപകന്‍ അന്ന് ഹൈസ്കൂളിലുണ്ടായിരുന്നു. മതവിഷയങ്ങളിലൊക്കെ വ്യത്യസ്തവും സ്വതന്ത്രവുമായ നിലപാടുകാരന്‍. ഹൈസ്കൂളിലെ പ്രധാന അധ്യാപകനായ മാഞ്ഞു മാഷ്, ആയഞ്ചേരിക്കാരന്‍ കുഞ്ഞബ്ദുല്ല മാസ്റര്‍ എന്നിവരെയൊക്കെ ജമാഅത്തുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ ഈ ഡിബേറ്റ് ഫോറവും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.
ശരിക്കും 'കര്‍മോന്മാദി' എന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതക്കാരനായിരുന്നു മൌലവി. താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി രാപ്പകല്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യുമായിരുന്നു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ചിലപ്പോഴെങ്കിലും ഇത് രസക്കേടിനും കാരണമാകാറുണ്ട്. ഏതെങ്കിലും അധ്യാപകന്‍ ലീവിലായാല്‍ മൌലവിക്ക് ക്ളാസ്സില്ലെങ്കില്‍ അദ്ദേഹം ആ വിടവ് നികത്താനെത്തുമായിരുന്നു. അങ്ങനെ ഒഴിവ് ആഘോഷിക്കാനുള്ള ഞങ്ങളുടെ അവസരം നഷ്ടപ്പെടുത്തി ക്ളാസ്സിലെത്തുമ്പോള്‍ ഒരു രസംകൊല്ലിയെപ്പോലെയാണ് ഞങ്ങള്‍ അദ്ദേഹത്തെ നോക്കുക. മൌലവിക്കാണെങ്കില്‍ ഉര്‍ദുവടക്കം മിക്ക വിഷയങ്ങളും നന്നായി വഴങ്ങും. അതുകൊണ്ട് ആര് ലീവിലായാലും അദ്ദേഹത്തിനൊഴിവുണ്ടെങ്കില്‍ ഒരു ക്ളാസ്സും മുടങ്ങിപ്പോകില്ല. ഇതിനൊക്കെ ഇടയിലും പ്രബോധനം പാക്ഷികത്തിലെ തന്റെ ഹദീസ് പംക്തി മുടങ്ങാതെ എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. 'ഹജ്ജ് കാര്യങ്ങള്‍' എന്ന അദ്ദേഹത്തിന്റെ കൃതി ഹാജിമാര്‍ക്ക് എന്നും ഉപകരിക്കുന്ന ഗൈഡാണ്.
വ്യത്യസ്ത ആശയഗതിക്കാരുമായൊക്കെ സുഹൃദ് ബന്ധം പുലര്‍ത്തുന്നതിലും നിലനിര്‍ത്തുന്നതിലും കണിശക്കാരനായിരുന്നു അബ്ദുല്ല മൌലവി. ജമാഅത്തില്‍ ഉണ്ടായിരുന്നപ്പോഴേ മുസ്ലിം ലീഗുകാരനും മുജാഹിദ് ആശയക്കാരനുമായ എ.വി അബ്ദുര്‍റഹ്മാന്‍ ഹാജിയുമായൊക്കെ ഉറ്റ സുഹൃദ് ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. മൌലവി ചേന്ദമംഗല്ലൂരിലുണ്ടായിരുന്നപ്പോള്‍ എ.വിയുടെ കുട്ടികള്‍ അവിടെ ഉണ്ടായിരുന്നെന്നാണ് ഓര്‍മ. പിന്നീട് ജമാഅത്തില്‍ നിന്ന് പുറത്തായപ്പോള്‍ കുറേകാലം എ.വിയുടെ നാട്ടിലെ സലഫി കോളേജില്‍ അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി.
ചേന്ദമംഗല്ലൂര്‍ കോളേജിന് വേണ്ടി ആദ്യമായി വിദേശ പര്യടനം നടത്തിയത് അബ്ദുല്ല മൌലവിയായിരുന്നു. വലിയ ആത്മവിശ്വാസമൊന്നുമില്ലാതെയായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടിരുന്നത്. ചേന്ദമംഗല്ലൂരില്‍തന്നെ അദ്ദേഹം പഠിപ്പിച്ച ശിഷ്യന്മാര്‍ വിദേശത്തുണ്ടായിരുന്നുവെന്നത് മാത്രമായിരുന്നു ഏക ബലം. സന്ദര്‍ശനം പരാജയപ്പെട്ടാല്‍ ചെലവായ തുക താന്‍ കോളേജിന് തിരിച്ച് നല്‍കുമെന്ന് അവരില്‍ ചിലരോട് അന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ നിഷ്കളങ്കതയാണ് തെളിയിക്കുന്നത്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ അതൊരു പരാജയമായില്ല. ശൈഖ് അബ്ദുല്ല അന്‍സാരി, അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ തുടങ്ങി പലരുമായും ഉറ്റ വ്യക്തി ബന്ധമുണ്ടാക്കാനും പിന്നീട് തന്റെ പ്രവൃത്തി മണ്ഡലമായ കുറ്റ്യാടിയിലെ സ്ഥാപനങ്ങള്‍ക്ക് കൂടി അത് മുതല്‍ക്കൂട്ടാക്കാനും ഈ പര്യടനം അദ്ദേഹത്തിന് സഹായകമായി.
ലേഖകന്റെ പിതാവ് പി.സി മുഹമ്മദ് ഹാജിയുമായും മൌലവിക്ക് ഉറ്റ ബന്ധമുണ്ടായിരുന്നു. എന്റെ ജ്യേഷ്ഠന്‍ കെ. അബ്ദുല്‍ ജബ്ബാറും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. മരിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പ് എം.എ അഹ്മദ് കുട്ടി സാഹിബിനോടൊപ്പം മൌലവിയെ സന്ദര്‍ശിച്ചപ്പോള്‍, ആലിയയിലായിരുന്നപ്പോള്‍ മുതല്‍ക്കുള്ള പിതാവുമായുള്ള സമ്പര്‍ക്കത്തിന്റെ കഥകളൊക്കെ അദ്ദേഹം അയവിറക്കുകയുണ്ടായി. ദീര്‍ഘകാലത്തിന് ശേഷമുള്ള സംഗമമായിരുന്നു അത്. അതിനിടെ ഒരിക്കല്‍ ഖത്തറില്‍ വന്നപ്പോള്‍ ജമാഅത്ത് പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയിരുന്നു. ജമാഅത്തില്‍ ഇല്ലാതിരുന്നിട്ടും സന്തോഷപൂര്‍വം അതില്‍ പങ്കെടുത്ത് അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. ജമാഅത്തുമായുള്ള ബന്ധം അറ്റുപോയ ശേഷവും പ്രസ്ഥാനത്തിനെതിരെ ഒരു പരസ്യ നീക്കവും നടത്താന്‍ അദ്ദേഹം ഒരുമ്പെട്ടില്ല എന്നത് അദ്ദേഹത്തിലെ നന്മയുടെ നിദര്‍ശനമാണ്. അല്ലാഹു അദ്ദേഹത്തിന് കരുണയും അനുഗ്രഹവും ചെയ്യട്ടെ- ആമീന്‍

=================================================

 

പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഏറെക്കാലം കുറ്റ്യാടി ഇസ്ലാമിയാ കോളജ് പ്രിന്‍സിപ്പലുമായിരുന്നു ഈയിടെ നിര്യാതനായ മുയിപ്പോത്ത് വിലങ്ങില്‍ അബ്ദുല്ല ഉമരി (82).
കേരളത്തിലെ അറിയപ്പെട്ട ഹദീസ് പണ്ഡിതനായിരുന്നു. ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജ്, മേപ്പയൂര്‍ സലഫി കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുയിപ്പോത്ത് ഹിറാ മസ്ജിദ് ഖാദിയും ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല അംഗമായിരുന്നു. ഹജ്ജ് കാര്യങ്ങള്‍, തെരഞ്ഞെടുത്ത പ്രാര്‍ഥനകള്‍, ഉസൂലുല്‍ ഫിഖ്ഹ് (അറബിക്) എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അറബി ഭാഷയില്‍ കവിതകള്‍ രചിച്ചിട്ടുണ്ട്. പ്രബോധനത്തില്‍ ഏറെക്കാലം ഹദീസ് പംക്തി കൈകാര്യംചെയ്തിരുന്നു. അവസാന കാലത്തും പുസ്തകരചനയില്‍ മുഴുകിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. കാസര്‍കോട് ആലിയ അറബിക് കോളജ്, വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ്, ഉമറാബാദ് ദാറുല്‍ ഉലൂം കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കാസര്‍കോട് ആലിയ അറബിക് കോളജില്‍നിന്നാണ് അധ്യാപക ജീവിതത്തിന് തുടക്കം. നിരവധി അറബ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച അബ്ദുല്ല ഉമരി മുസ്ലിം വേള്‍ഡ് ലീഗിന്റെ യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാക്കളായ കെ.സി. അബ്ദുല്ല മൌലവി, കെ. മൊയ്തുമൌലവി തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഖദീജയാണ് ഭാര്യ. മക്കള്‍: ജമീല, അബ്ദുല്‍ ഹമീദ് (അധ്യാപകന്‍, എം.യു.എം ഹൈസ്കൂള്‍ വടകര), താഹിറ, അബ്ദുല്‍ അസീസ്, സഹല (ദുബൈ), അനീസ് (ഖത്തര്‍), ഡോ. അസ്മ. മരുമക്കള്‍: കുഞ്ഞബ്ദുല്ല പൈങ്ങോട്ടായി, അബ്ദുല്‍ മജീദ് കൂടക്കടവത്ത് (ഖത്തര്‍), നൌഷാദ് കുറ്റ്യാടി (ദുബൈ), ജമീല തോടന്നൂര്‍, നൂര്‍ജഹാന്‍ ആയഞ്ചേരി, ജസ്ന കുറ്റ്യാടി, ഷംസീര്‍ (എന്‍ജിനീയര്‍, ടെക്നോ പാര്‍ക്ക് തിരുവനന്തപുരം).



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly