Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ചോദ്യോത്തരം


'പണ്ടും ദേവാലയങ്ങള്‍ തകര്‍ത്തിട്ടുണ്ട്?'
മുജീബ്

"മതത്തിന്റെ ദേവാലയം മറ്റൊരു മതത്തില്‍ പെട്ട ആക്രമണകാരികളോ അധികാരികളോ നശിപ്പിക്കുന്നതോ വേഷം മാറ്റി സ്വന്തമാക്കുന്നതോ ചരിത്രത്തിന് പുതുമയല്ല. റോമിലെ പാന്തെയോണും പാര്‍തനോണും ക്രൈസ്തവ ദേവാലയങ്ങളായി. എഫെസോസിലെ അര്‍ത്തമിസ് ദേവിയുടെ ക്ഷേത്രം ഹാഗിയ സോഫിയ എന്ന പേരില്‍ ക്രൈസ്തവ ദേവാലമായത് എ.ഡി 360-ല്‍. ഇസ്തംബൂള്‍ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാന കത്തീഡ്രല്‍. റോമും ഇസ്തംബൂളും വഴിപിരിഞ്ഞതുള്‍പ്പെടെയുള്ള ചരിത്ര സംഭവങ്ങളുടെ വേദി. 1453 വരെ അങ്ങനെ തുടര്‍ന്നു. പിന്നെ മുസ്ലിംകള്‍ അത് കൈയേറി അവരുടെ പള്ളിയാക്കി. 1934-ല്‍ പിന്നെയും വന്നു മാറ്റം. അത് ഒരു മ്യൂസിയമായി. ഒരു വലിയ വിഭാഗം ക്രൈസ്തവര്‍ക്ക് -വിശേഷിച്ചും ഗ്രീക്ക് ഓര്‍ത്തഡോക്സ് അഥവാ ബൈസന്റിയന്‍ വിഭാഗങ്ങള്‍ക്ക്- കത്തോലിക്കര്‍ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കാ എന്നതുപോലെ പ്രധാനമായിരുന്ന സ്ഥലമാണ് ഹാഗിയ സോഫിയ. പറഞ്ഞിട്ടെന്താ, ചരിത്രം ചവിട്ടിമെതിച്ച് കടന്നുപോവുമ്പോള്‍ ഇത്തരം തിരുശേഷിപ്പുകള്‍ ഓര്‍മകളായി സൂക്ഷിക്കുക മാത്രമാണ് കരണീയം. അയോധ്യയില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നിരിക്കാം. അത് നശിച്ചതോ നശിപ്പിക്കപ്പെട്ടതോ ആവാം. അവിടെ ബാബര്‍ ഒരു ആരാധനാലയം നിര്‍മിച്ചിട്ടുണ്ടാവാം. നമുക്ക് ആകെ ഉറപ്പിച്ച് പറയാവുന്നത് പതിനാറാം നൂറ്റാണ്ട് മുതല്‍ അവിടെ ഒരു മന്ദിരമുണ്ടായിരുന്നു എന്നതും ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ അത്യന്തം നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ അത് നശിപ്പിക്കപ്പെട്ടു എന്നതുമാണ്. 1992-ല്‍ മന്ദിരം നശിപ്പിക്കപ്പെട്ടത് ചരിത്രത്തിലെ ലജ്ജാകരമായ ഒരു ഓര്‍മയായി എന്നും തുടരും എന്നതില്‍ സംശയം വേണ്ട. എന്നുവെച്ച് അത് അവിടെ പുനര്‍നിര്‍മിക്കപ്പെടണം എന്ന് പറയരുത്. ലോകത്ത് എവിടെയെങ്കിലും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അത് നിയമത്തെ സാധൂകരിക്കുന്ന അപഭ്രംശമായിരിക്കും. യഹൂദന്മാര്‍ക്ക് ജറൂസലം ദേവാലയം പുനര്‍നിര്‍മിക്കാനാവുമോ? അര്‍ത്തമീസ് ദേവിയുടെ ക്ഷേത്രം എഫെസോസില്‍ വീണ്ടും ഉയരുമോ? പാന്തെയോണും പാര്‍തനോണും മടങ്ങിവരുമോ? കൊര്‍ദോവ പുനര്‍ജനിക്കുമോ?'' (ഡി. ബാബു പോള്‍, മാധ്യമം ദിനപത്രം 2010 ഒക്ടോബര്‍ 5). പ്രതികരണം?
വി.എം റഹീം മസ്കത്ത്
ജനാധിപത്യമോ നിയമവാഴ്ചയോ വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ പോലുമോ ഇല്ലാത്ത കാലത്ത് ലോകത്ത് പല കൈയേറ്റങ്ങളും നടന്നിരിക്കും, ആരാധനാലയങ്ങള്‍ കൈയേറ്റത്തിനിരയായിരിക്കും. ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന ചരിത്ര രചനയും ഇത്തരം കാര്യങ്ങളില്‍ മനുഷ്യര്‍ അവലംബിക്കുന്നുണ്ടാവാം. എന്നാല്‍ ബാബരി മസ്ജിദിന്റേത് ആ ഗണത്തില്‍ പെട്ട ചരിത്രമല്ല, സംഭവവുമല്ല. ഫൈസാബാദില്‍ എ.ഡി 1528-ല്‍ നിര്‍മിതമായ പള്ളി 1949 ഡിസംബര്‍ 22 വരെ മുസ്ലിംകള്‍ ആരാധനക്കായി ഉപയോഗിച്ചത് അനിഷേധ്യ സത്യമാണ്. പള്ളി നിര്‍മിച്ചത് ക്ഷേത്രം പൊളിച്ചാണോ അല്ലയോ എന്നതിലേയുള്ളൂ തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയിട്ട പള്ളി 1986-ല്‍ ഹൈന്ദവര്‍ക്ക് വിഗ്രപൂജക്കായി, ഏകപക്ഷീയമായ ഒരു വിധിയിലൂടെ കോടതി തുറന്നുകൊടുത്തുവെന്നതും സംശയരഹിതമാണ്. 1992 ഡിസംബര്‍ 6-ന് സംഘ്പരിവാറിന്റെ പിന്തുണയോടെ കര്‍സേവകര്‍ പള്ളി പൊളിച്ചതും പകല്‍ വെളിച്ചത്തില്‍ ലോകം കണ്ട പരമാര്‍ഥം മാത്രം. ജനാധിപത്യവും ഭരണഘടനയും നിയമവാഴ്ചയും പുലരുന്നുവെന്ന് പറയുന്ന ഒരാധുനിക രാജ്യത്ത് പ്രശ്നം കോടതിയിലെത്തിയതും തീര്‍പ്പ് കല്‍പിക്കാന്‍ കോടതിയെ ഏല്‍പിച്ചതും തികച്ചും സ്വാഭാവികവും ന്യായവും യുക്തിസ ഹവുമാണ്. ഇപ്പോള്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നപ്പോള്‍ കേസിലെ ഇരു കക്ഷികള്‍ക്കും വ്യത്യസ്ത കാരണങ്ങളാല്‍ അത് സ്വീകാര്യമല്ല. അതിനാല്‍ അവര്‍ നീതിന്യായ വ്യവസ്ഥയുടെ താല്‍പര്യമനുസരിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിലെന്താണ് അപാകത, എന്താണ് ഭയപ്പെടാനുള്ളത്? സുപ്രീം കോടതി, ബാബരി മസ്ജിദ് നിലനിന്ന സ്ഥലം വഖ്ഫ് സ്വത്താണെന്ന് വിധിച്ചാല്‍ സ്വാഭാവികമായും വിധി നടപ്പാവണം. പിന്നീടവിടെ പള്ളി പുനര്‍നിര്‍മിക്കണമോ സൌമനസ്യമെന്ന നിലയില്‍ ആര്‍ക്കെങ്കിലും വിട്ടുകൊടുക്കണമോ എന്തെങ്കിലും പൊതുവായ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കണമോ എന്നൊക്കെ അപ്പോള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ടതാണ്. എന്തായാലും ചരിത്രത്തിലും ചരിത്രാതീതകാലത്തും തകര്‍ക്കപ്പെട്ട ദേവാലയങ്ങളുടെ പട്ടികയില്‍ വരേണ്ടതല്ല ബാബരി മസ്ജിദ്. 1947 ആഗസ്റ് 15-ന് രാജ്യത്തുള്ള ആരാധനാലയങ്ങളുടെ ഉടമാവകാശം ആര്‍ക്കൊക്കെയാണോ, അത് അപ്പടി നിലനിര്‍ത്താനുള്ള നിയമം പാര്‍ലമെന്റ് അംഗീകരിച്ചതാണ്. അതിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്.


കോടതി വിധി മാനിക്കുന്നില്ല?
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ബാബരി മസ്ജിദ് പ്രശ്നത്തിലെ കോടതിവിധിയും വന്നു. ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മുസ്ലിം സംഘടനകള്‍ ബാബരി പ്രശ്നത്തില്‍ കോടതിവിധി മാനിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. പക്ഷേ, ഇപ്പോള്‍ ഈ വിധി തിരിച്ചടിയായപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് മുസ്ലിം സംഘടനകള്‍ പറയുന്നത്. ഇതിനര്‍ഥം, മുസ്ലിംകളും കോടതിവിധി അംഗീകരിക്കുന്നില്ല എന്നുതന്നെയല്ലേ? ഇത്തരം ഇരട്ടത്താപ്പുകള്‍ മുസ്ലിംകള്‍ക്കും മുസ്ലിം സംഘടനകള്‍ക്കും ഭൂഷണമാണോ?
നസ്വീര്‍ പള്ളിക്കല്‍ രിയാദ്
കീഴ്കോടതി വിധി അസ്വീകാര്യമാവുമ്പോള്‍ മേല്‍കോടതി വിധിയെ സമീപിക്കുക എന്നതും അംഗീകൃത നിയമവാഴ്ചയുടെ ഭാഗമാണ്. അന്തിമവിധി സുപ്രീം കോടതിയുടേതായിരിക്കും. അത് മാനിക്കുകയില്ലെന്ന് ഒരു മുസ്ലിം സംഘടനയും പറഞ്ഞിട്ടില്ല. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് ആവശ്യപ്പെടുന്നത് മുസ്ലിം സംഘടനകള്‍ മാത്രമല്ല താനും. പ്രഗത്ഭരായ നിയമജ്ഞരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ ഹൈക്കോടതി വിധിയുടെ ബലഹീനത ചൂണ്ടിക്കാട്ടുകയും പരമോന്നത കോടതിയെ സമീപിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഹിന്ദു രാഷ്ട്രവും
ഇസ്ലാമിക രാഷ്ട്രവും

"ആര്‍ എസ്.എസ് ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുന്നത് പോലെത്തന്നെയാണ് ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രം വേണമെന്ന് പറയുന്നതും. മുമ്പ് പറഞ്ഞ ഹുകൂമത്തെ ഇലാഹി ഇന്ന് മാറ്റിപ്പറഞ്ഞ് മതേതരത്വത്തെ അംഗീകരിക്കുന്നു എന്നും പറയുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നു എന്ന് മുമ്പ് പറയാറേ ഇല്ല. മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ എത്രയോ ലേഖനങ്ങള്‍ പ്രബോധനത്തില്‍ വന്നത് വായിച്ചിരുന്നു. അറുപതുകളില്‍ ഇറങ്ങുന്ന പ്രബോധനത്തില്‍ ഒളിച്ചുകെട്ടോ വളച്ചുകെട്ടോ ഇല്ലാതെ നേരിട്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു ജമാഅത്തെ ഇസ്ലാമി. ഇന്നത്തെപ്പോലെ അന്ന് അവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. അല്ലാഹുവിന്റെ ഭരണമാണ് ഭൂമിയില്‍ വരേണ്ടതെന്ന് അവര്‍ വ്യക്തമായി പറഞ്ഞിരുന്നു മുമ്പ്. ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന കാര്യമല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ഞാന്‍ ഇസ്ലാമിന്റെ വിമര്‍ശകനല്ല. ജമാഅത്തിന്റെ സെക്യുലര്‍ വിരുദ്ധ, ജനാധിപത്യവിരുദ്ധ കാഴ്ചപ്പാടിനെയാണ് എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്.'' ഹമീദ് ചേന്ദമംഗല്ലൂരിന്റെ ഈ വാദങ്ങള്‍ക്കുള്ള മറുപടി എന്താണ്?
അബൂ ബഹീജ് കവ്വായി, പയ്യന്നൂര്‍
ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം വംശീയമാണ്. സാംസ്കാരിക ദേശീയതയില്‍ അധിഷ്ഠിതമാണ് ഹിന്ദുത്വവാദികളുടെ രാഷ്ട്ര സങ്കല്‍പം. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൌരന്മാരെല്ലാം ഹിന്ദുക്കള്‍, അവരുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആര്‍ഷ സംസ്കാരം രാജ്യത്തിന്റെ ഏക സംസ്കാരം. ആ സംസ്കാരത്തെ അംഗീകരിക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ ജീവിക്കാം. ആര്‍ഷ സംസ്കാരത്തെ സ്വാംശീകരിക്കുകയും നിലനിര്‍ത്തുകയുമാണ് ഹിന്ദു രാഷ്ട്ര ധര്‍മം. ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ വൈദേശികമാണ്. വൈദേശിക മതങ്ങളില്‍ വിശ്വസിക്കുകയും അവയോട് കൂറു പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് ഇന്ത്യയോട് കൂറ് പുലര്‍ത്താനാവില്ല. ഇതാണ് ചുരുക്കത്തില്‍ ആര്‍.എസ്.എസ്സിന്റെ സിദ്ധാന്തം.
ജമാഅത്തെ ഇസ്ലാമിയാകട്ടെ ഇത്തരം സങ്കുചിത ദേശീയവാദങ്ങളെ പാടെ നിരാകരിക്കുന്നു. ദൈവം ഒന്ന്, ദൈവിക സന്മാര്‍ഗമായ മതം ഒന്ന്, മനുഷ്യര്‍ ഒന്ന്. അവര്‍ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്നവരാണെങ്കിലും ഏകദൈവവിശ്വാസവും വിശ്വ മാനവികതയുമാണ് അവരെ ഒന്നിപ്പിക്കുന്നത്. ആ ഏകതയെ അടിസ്ഥാനപരമായി അംഗീകരിച്ചുകൊണ്ട് വൈവിധ്യങ്ങള്‍ ആവാം. ഇസ്ലാമില്‍ ജാതികളില്ല, വര്‍ണ വിവേചനമോ വംശീയതയോ ഇല്ല. മനുഷ്യരെ ഭരിക്കാനുള്ള അധികാരം അവരുടെ യഥാര്‍ഥ പ്രതിനിധികള്‍ക്കാണ്. ഒരു വ്യക്തിക്കോ കുടുംബത്തിനോ ഗോത്രത്തിനോ വംശത്തിനോ ഒന്നുമല്ല. ഭരിക്കുമ്പോള്‍ പക്ഷേ മീതെ സര്‍വശക്തനും സര്‍വജ്ഞനും കാരുണ്യവാനുമായ ദൈവം ഉണ്ടെന്നും, അവനെല്ലാം കാണുന്നുവെന്നും അറിയുന്നുവെന്നുമുള്ള ബോധവും വിചാരവും വേണം. അല്ലെങ്കില്‍ ഇന്ന് കാണുന്നപോലെ താന്തോന്നിത്തവും തേര്‍വാഴ്ചയുമാണ് നടമാടുക. ഇതാണ് ഹുകൂമത്തെ ഇലാഹി അഥവാ ദൈവരാജ്യം. ഇതും ആര്‍.എസ്.എസ് അവതരിപ്പിക്കുന്ന വംശീയ ഹിന്ദു രാഷ്ട്രവാദവും തമ്മില്‍ ഒരു സാമ്യതയുമില്ല. ഇതിനെ നൂറു ശതമാനവും ഹമീദിന് എതിര്‍ക്കാം. എന്നാല്‍ എതിര്‍പ്പ് സത്യസന്ധമാവണമെങ്കില്‍ ഉള്ളതേ പറയാവൂ. ഇല്ലാത്ത വാദം ജമാഅത്തിന്റെ പേരില്‍ കെട്ടിയേല്‍പിച്ച് ആക്രമിക്കാനാണ് 30 വര്‍ഷത്തിലധികമായി അദ്ദേഹത്തിന്റെ ശ്രമം.
കൈവെട്ടിലെ കാപട്യം
അധ്യാപകന്റെ കൈവെട്ടിനെ ചിലര്‍ പരസ്യമായി അപലപിക്കുകയും രഹസ്യമായി അംഗീകരിക്കുകയും ചെയ്യുന്നു. ഈ കാപട്യത്തെക്കുറിച്ച് മുജീബ് എന്തു പറയുന്നു?
ഇ.സി റംല രിയാദ്
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫ് മതനിന്ദ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ശക്തമായി വാദിക്കുന്നു. അത് വിശ്വസിക്കാത്തവര്‍ക്ക് കോടതിയെ സമീപിക്കാം; നടപടികളെടുക്കാം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുകയും കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുന്നു. ജനാധിപത്യ ഭരണഘടനയും നിയമവ്യവസ്ഥയും പുലരുന്ന ഇന്ത്യാ രാജ്യത്ത് വേറെ വഴികള്‍ തേടാനില്ല, സമാധാനത്തിന്റെയും നിയമവാഴ്ചയുടെയും മതമായ ഇസ്ലാമും മറ്റൊരു മാര്‍ഗം അംഗീകരിക്കുന്നില്ല. എന്നിരിക്കെ അധ്യാപകന്റെ കൈവെട്ടിയ തീവ്രവാദികള്‍ ചെയ്തത് രാജ്യനിയമപ്രകാരവും ഇസ്ലാമിക കാഴ്ചപ്പാടിലും ഗുരുതരമായ തെറ്റാണ്. ആ തെറ്റ് പ്രത്യക്ഷമായോ പരോക്ഷമായോ എങ്ങനെ ന്യായീകരിച്ചാലും ശരിയല്ല. ഈ ഘോരകൃത്യത്തെ മഹത്വവത്കരിക്കുകയും മതത്തിന്റെ യഥാര്‍ഥ ഗുണകാംക്ഷികള്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ആരായാലും അവര്‍ തീവ്രവാദികളാണ്, ക്രിമിനലുകളാണ്. ഒരായിരം നോട്ടീസും എസ്.എം.എസ്സും ഇമെയിലും വഴി തെറ്റിനെ ശരിയെന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാവിലാണ്.
പിണറായിയുടെ
അവകാശവാദം

"മതത്തെ സംരക്ഷിക്കാന്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് കമ്യൂണിസ്റുകാര്‍. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഭയാനകമായ ഭാവിയിലേക്ക് നയിക്കും''- പിണറായി വിജയന്‍. പ്രതികണം?
അബൂ നസ് ല പൊന്നാനി
മതത്തെ സൈദ്ധാന്തികമായി നിരാകരിക്കുന്ന കമ്യൂണിസ്റുകാര്‍ ഒരിടത്തും മതത്തിന്റെ സംരക്ഷകരാവുക സാധ്യമല്ല, അങ്ങനെയൊരു ചരിത്രവുമില്ല. എന്നാല്‍ മതവിശ്വാസികളെ ചിലപ്പോള്‍ സംരക്ഷിച്ചിരിക്കാം, പ്രത്യേകിച്ച് വര്‍ഗീയാക്രമണങ്ങളില്‍നിന്ന്. മതം ജീവിതത്തില്‍ നടപ്പാക്കാനുള്ളതാണ്. ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ് രാഷ്ട്രീയവും. രാഷ്ട്രീയത്തില്‍ ഇടപെടാതെ മതത്തിന്റെ ധാര്‍മികാധ്യാപനങ്ങളും സദാചാരവും യഥാവിധി നടപ്പാക്കാനാവില്ല. സത്യം, നീതി, സാഹോദര്യം, സഹിഷ്ണുത, സദ്ഭാവന തുടങ്ങിയ തത്ത്വങ്ങള്‍ ജീവിതത്തില്‍ പ്രയോഗവത്കരിക്കാനും വിവേചനങ്ങള്‍ അവസാനിപ്പിക്കാനും കൊലപാതകം, മദ്യാസക്തി, വ്യഭിചാരം, സാമ്പത്തിക ചൂഷണം, അഴിമതി, മോഷണം, കൊള്ള തുടങ്ങിയ തിന്മകളുടെ ഉന്മൂലനത്തിനും രാഷ്ട്രീയത്തിലടക്കം മതത്തിന്റെ ഇടപെടല്‍ അനുപേക്ഷ്യമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ അതിനുള്ള സ്വാതന്ത്യ്രവും അവകാശവും ഉണ്ടുതാനും. എന്നാല്‍ രാഷ്ട്രീയ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി പുരോഹിതന്മാരോ മറ്റുള്ളവരോ മതത്തെ ദുരുപയോഗപ്പെടുത്തരുത്. അത് അപകടകരമാണ്. മതനിരപേക്ഷ ജനാധിപത്യത്തില്‍ മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതും തെറ്റാണ്.
സോളിഡാരിറ്റി
വഴി തെറ്റിക്കുന്ന പ്രസ്ഥാനം?

"സോളിഡാരിറ്റി യുവാക്കളെ വഴിതെറ്റിക്കുന്ന പ്രസ്ഥാനമാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ ഒരിക്കലും കോണ്‍ഗ്രസ്സിനു വോട്ട് ചെയ്തിട്ടില്ല''- രമേശ് ചെന്നിത്തല. പ്രതികരണം?

ആദില ഫര്‍ഹ കല്ലുംപുറം
മുതലാളിത്തവും മാര്‍ക്സിസവും ഫാഷിസവും വഴിതെറ്റിച്ച യുവാക്കളെ ധാര്‍മിക പാതയിലേക്കാനയിച്ച് സംസ്കരിച്ച് അവരെ നന്മക്ക് വേണ്ടിയും തിന്മക്കെതിരെയും പൊരുതുന്നവരാക്കാന്‍ പ്രയത്നിക്കുന്ന പ്രസ്ഥാനമാണ് സോളിഡാരിറ്റി. സാമ്രാജ്യത്വത്തിന്റെ അടയാളങ്ങളായ കൊക്കക്കോളക്കും എന്‍ഡോസള്‍ഫാനും മനുഷ്യരെ കുടിയിറക്കുന്ന വികസന ത്വരക്കുമെതിരെ പോരാടുന്ന സോളിഡാരിറ്റി സാമൂഹിക നീതി നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് കുടിവെള്ളം, പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ജീവിതാവശ്യങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. രമേശിന്റെ യൂത്ത് കോണ്‍ഗ്രസ്സോ? മൂത്ത കോണ്‍ഗ്രസ്സിന്റെ സകലമാന ജീര്‍ണതകളും ഏറ്റുവാങ്ങി തമ്മില്‍ തല്ലുന്ന, അച്ചടക്കമോ ധാര്‍മിക ശിക്ഷണമോ ഇല്ലാത്ത വെറും ആള്‍ക്കൂട്ടം.
1986-ല്‍ വോട്ടിംഗില്‍ പങ്കെടുക്കാനാരംഭിച്ചതു മുതല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയതലത്തിലും പ്രാദേശിക തലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് നല്‍കിയിട്ടുണ്ട്. എം.ഐ ഷാനവാസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമേശ് അംഗീകരിച്ചില്ലെന്നാണോ? കോണ്‍ഗ്രസ്സുകാരായ എല്ലാവര്‍ക്കും എല്ലായ്പ്പോഴും വോട്ട് ചെയ്തിട്ടില്ലെന്നത് ശരി. അതിന് മുസ്ലിം ലീഗിനെ പോലെ കോണ്‍ഗ്രസ്സുമായി സഖ്യം ചെയ്ത സംഘടനയല്ലല്ലോ ജമാഅത്ത്. ജമാഅത്തെ ഇസ്ലാമിയെ അകാരണമായി രണ്ടു തവണ നിരോധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണെന്നതും മറക്കരുത്.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly