Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>മുഖക്കുറിപ്പ്



തെരഞ്ഞെടുപ്പ് ഫലം
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി വമ്പിച്ച ആധിപത്യം നേടിയിരിക്കുന്നു. ഇതെഴുതുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ വോട്ടെണ്ണിയിട്ടില്ല. എണ്ണിയേടത്തോളം ഫലമനുസരിച്ച് 540 പഞ്ചായത്തുകളും 37 നഗരസഭകളും 86 ബ്ളോക്ക് പഞ്ചായത്തുകളും എട്ട് ജില്ലാ പഞ്ചായത്തുകളും രണ്ട് കോര്‍പ്പറേഷനുകളും യു.ഡി.എഫ് കൈയടക്കിക്കഴിഞ്ഞു. എല്‍.ഡി.എഫിനു നേടാനായത് 351 പഞ്ചായത്തുകളും 11 നഗര സഭകളും 54 ബ്ളോക്കുകളും എട്ട് ജില്ലാ പഞ്ചായത്തുകളും രണ്ട് കോര്‍പ്പറേഷനുകളുമാണ്. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അതിന്റെ നില കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതുതായി രംഗത്തുവന്ന എസ്.ഡി.പി.ഐ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബ്ളോക്ക് പഞ്ചായത്തിലുമായി ഏതാനും സീറ്റുകള്‍ നേടികൊണ്ട് സാന്നിധ്യം അറിയിച്ചിരിക്കുന്നു.
പഞ്ചായത്ത് തലത്തില്‍ മുമ്പുണ്ടായിരുന്ന സ്വാധീനം ഇക്കുറി നിലനിര്‍ത്താനാവില്ലെന്ന് എല്‍.ഡി.എഫ് നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിലും ഇത്രയും ഭീമമായ പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും ഗംഭീരമായ ജയം യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി തന്നെ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ അട്ടിമറി മുഖ്യമായും എല്‍.ഡി.എഫ് ഗവണ്‍മെന്റില്‍ ജനങ്ങള്‍ക്കുണ്ടായ വിശ്വാസത്തകര്‍ച്ചയുടെ ഫലമാണെന്നതില്‍ സംശയിക്കേണ്ടതില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ജനങ്ങള്‍ വ്യക്തമായ താക്കീത് നല്‍കിയതായിരുന്നു. അതു വേണ്ടവണ്ണം മനസ്സിലാക്കി ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാറിനു കഴിയാതെ പോയി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ ജനങ്ങള്‍ സമീപിക്കുക അതത് പഞ്ചായത്തില്‍ മുമ്പ് അധികാരത്തിലുണ്ടായിരുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിക്കൊണ്ടാണല്ലോ. ആ രംഗത്തും എല്‍.ഡി.എഫിന് ജനപ്രീതി നേടാനായില്ല. അഴിമതിയിലും സ്വജനപക്ഷപാതത്തിലും എല്‍.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആരുടെയും പിന്നിലായിരുന്നില്ല. പൊതു വികസനത്തിനുള്ള ഫണ്ടുകള്‍ സ്വകാര്യ വികസനങ്ങളിലേക്ക് നിര്‍ബാധം ഒഴുകി. പലേടത്തും തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരുന്നത് പാര്‍ട്ടി ഓഫീസുകളായിരുന്നു. ഇതൊക്കെ കണ്ട് ജനങ്ങള്‍ക്കുണ്ടായ മനംമടുപ്പാണ് ഇക്കുറി യു.ഡി.എഫിന് അഭൂതപൂര്‍വമായ വിജയം സമ്മാനിച്ചത്. യു.ഡി.എഫ് പാലും തേനുമൊഴുക്കുമെന്നൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. യു.ഡി.എഫിലുള്ള പ്രതീക്ഷയേക്കാളേറെ എല്‍.ഡി.എഫിലുള്ള നിരാശയാണ് ജനങ്ങളെ യു.ഡി.എഫിലേക്കടുപ്പിച്ചത്. കുറെകൂടി നിഷ്പക്ഷമായി, അഴിമതിരഹിതമായി, ജനോപകാര പ്രദമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവരാഗ്രഹിക്കുന്നു. അമ്പത് ശതമാനം വനിതാ പ്രാതിനിധ്യമുള്ള പഞ്ചായത്ത് ഭരണകൂടങ്ങള്‍ക്കെല്ലാം ജനങ്ങളര്‍പ്പിച്ച ഈ പ്രതീക്ഷ സഫലമാക്കാന്‍ കഴിയട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു. അതിനു ശ്രമിക്കാതെ, പഴയ ആചാരങ്ങളുടെ പുതിയ അനുകര്‍ത്താക്കള്‍ മാത്രമാവുകയാണവരെങ്കില്‍ അഞ്ചാണ്ടു കഴിയുമ്പോള്‍ കവി പാടിയ പോലെ 'വലതുകാലിലെ ചളി ഇടതുകാലില്‍ തന്നെ തേക്കാന്‍' ജനങ്ങള്‍ നിര്‍ബന്ധിതരാകുമെന്നോര്‍ക്കുക.
കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം തദ്ദേശ ഭരണസ്ഥാപനങ്ങളെ പലപ്പോഴും അസ്ഥിരവും അവ്യവസ്ഥിതവുമാക്കുന്നു. അഴിമതിയും അനീതിയും കടന്നുകയറാനും പ്രാദേശിക വികസന താല്‍പര്യങ്ങള്‍ ഹനിക്കപ്പെടാനും അത് കാരണമാകുന്നു. ഈ സാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ ഗ്രാമസഭകള്‍ എന്ന ആശയം ഏറെ പ്രസക്തമാകുന്നു. പക്ഷേ, കേരളത്തിലാദ്യമായി കക്ഷിരാഷ്ട്രീയത്തിനതീതവും അഴിമുക്തവും പ്രാദേശിക വികസനോന്മുഖവുമായ ഗ്രാമസഭകള്‍ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയ ജനകീയ വികസന മുന്നണി എന്ന കൂട്ടായ്മക്ക് പരിമിതമായ വോട്ടുകളും സീറ്റുകളും മാത്രമേ നേടാനായുള്ളൂ. പതിനഞ്ചോളം പാര്‍ട്ടികളടങ്ങിയ രണ്ട് മുന്നണികളുടെയും മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുടെയും രൂക്ഷമായ എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടതുണ്ടായിരുന്നു. ചില സ്ഥാനാര്‍ഥികള്‍ മാരകമായ ആക്രമണത്തിനിരയായി. വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ വോട്ടര്‍മാര്‍ വിരട്ടിയോടിക്കപ്പെട്ട സംഭവങ്ങളുമുണ്ടായി. പണത്തിന്റെ കുത്തൊഴുക്ക് വേറെയും. ജനകീയ മുന്നണി പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലുള്ള പരിചയക്കുറവും പ്രശ്നമായിരുന്നു. ഇതിനൊക്കെ പുറമെയാണ് ചില മതസംഘടനകളിലെ പ്രവര്‍ത്തകര്‍ ജനകീയ മുന്നണിയെ പരാജയപ്പെടുത്തുക എന്ന ഏക അജണ്ടയുമായി അരയും തലയും മുറുക്കി രംഗത്ത് വന്നത്. ചില സ്ഥലങ്ങളില്‍ ദുഷ്പ്രചാരണങ്ങള്‍ക്ക് പുറമെ, വോട്ടര്‍മാരെ കൊണ്ട് ജനകീയ മുന്നണിക്ക് വോട്ടു ചെയ്യില്ലെന്ന് അല്ലാഹുവിന്റെ പേരിലും വിശുദ്ധ ഖുര്‍ആന്‍ പിടിച്ചുമൊക്കെ സത്യം ചെയ്യിക്കുക വരെയുണ്ടായി. ഈ സാഹചര്യത്തില്‍ ജനകീയ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഗണ്യമായ സ്വാധീനം നേടാന്‍ കഴിയാതെ പോയത് സ്വാഭാവികമാണ്. ആത്മീയവും ധാര്‍മികവുമായ സേവനത്തിന്റെ ഭാഗമായി ഈ ദൌത്യത്തിനിറങ്ങിയവര്‍ അതില്‍ ദുഃഖിക്കേണ്ട കാര്യവുമില്ല. തങ്ങളുന്നയിക്കുന്ന ലക്ഷ്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും പ്രായോഗികതയും ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജനകീയ മുന്നണി ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇപ്പോഴുണ്ടായ അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് കൂടുതല്‍ ആര്‍ജവത്തോടെ ആസൂത്രിതമായി മുന്നോട്ടുപോയാല്‍ ശോഭനമായ ഭാവി തീര്‍ച്ചയായും പ്രതീക്ഷിക്കാം.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly