പ്രസ്ഥാന പ്രവര്‍ത്തകന്റെ കൈമുതല്‍
തന്‍വീര്‍
ഒരേ ആദര്‍ശവും ഒരേ ലക്ഷ്യവും ഒരേ കര്‍മപദ്ധതിയുമുള്ള ഒരു സംഘമാളുകള്‍ ഒത്തുചേര്‍ന്നാല്‍ അവര്‍ക്ക് മുമ്പില്‍ ഒരൊറ്റ വഴിയേ തുറന്നുകിടപ്പുണ്ടാവുകയുള്ളൂ. സുസംഘടിതമായും വ്യവസ്ഥാപിതമായും ഒരു സംഘടനയായി പ്രവര്‍ത്തിക്കുക. തീര്‍ത്തും സ്വാഭാവികമായ ഒരു പ്രക്രിയയാണിത്. സിദ്ധാന്തം ഒന്നായിക്കഴിഞ്ഞാല്‍ ഐക്യപ്പെടുകയും സംഘടനാ സ്വഭാവമാര്‍ജിക്കുകയും ചെയ്യുക എന്നത് ഒരു അനിവാര്യതയായി മാറുന്നു. സിദ്ധാന്തം വിഭിന്നവും വ്യത്യസ്‌തവുമാവുമ്പോഴാണ് അനൈക്യവും ഛിദ്രതയും ഉടലെടുക്കുക.
ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ സിദ്ധാന്തം ഒന്നു തന്നെയായിരിക്കും. എന്നിട്ടും അണികളിലും നേതൃത്വത്തിലും ഭിന്നിപ്പ് പ്രകടമാവുന്നു. ഇതെന്തുകൊണ്ട്? ഒരൊറ്റ ഉത്തരമേയുള്ളൂ. സ്വാര്‍ഥ ചിന്ത. അപ്പോള്‍ ഇവിടെ ഇസ്‌ലാം എന്ന സിദ്ധാന്തത്തിന് പുറമെ അതിന് കടകവിരുദ്ധമായ സ്വാര്‍ഥത എന്ന സിദ്ധാന്തവും പ്രവര്‍ത്തിച്ചുതുടങ്ങുന്നു. ഇത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു മാരകരോഗമാണ്. ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പരസ്‌പരം പോരടിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കുക: എല്ലാറ്റിനെയും കവച്ച് വെച്ച് അവിടെ സ്വാര്‍ഥ ചിന്ത ഒരുപാട് കാതം മുമ്പിലെത്തിയിരിക്കുന്നു. അതിനാല്‍ ഒരേ ലക്ഷ്യത്തിന് വേണ്ടി അണിചേര്‍ന്നവര്‍ തന്നെ എന്ത് പ്രവര്‍ത്തിക്കുമ്പോഴും സ്വാര്‍ഥ ചിന്തയാണോ തന്നെയിതിന് പ്രേരിപ്പിക്കുന്നതെന്ന് ആത്മവിചാരണ ചെയ്‌തുകൊണ്ടിരിക്കണം.
ഇങ്ങനെ ഒട്ടും സ്വാര്‍ഥ ചിന്തയില്ലാതെ സംഘടിപ്പിക്കപ്പെടുന്ന ഒരു പ്രസ്ഥാനത്തിലെ അണികള്‍ പൂര്‍ണാര്‍ഥത്തിലുള്ള ഒരു സാമൂഹിക ജീവിതമാണ് തെരഞ്ഞെടുക്കുന്നത്. ആ സാമൂഹിക ജീവിതത്തില്‍ അനിവാര്യമായും നാം പുലര്‍ത്തേണ്ട ചില അടിസ്ഥാന നയനിലപാടുകളുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം.
1. `ദീന്‍ ഗുണകാംക്ഷയാണ്' എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അപരന് ഗുണം വരണമെന്ന നല്ല മനസ്സ് ഓരോ വിശ്വാസിയിലും ഉണ്ടായിരിക്കണം. ഇസ്‌ലാമിന് വേണ്ടി സംഘടിച്ചവരില്‍ ഈ ഗുണം വലിയ അളവില്‍ ഉണ്ടായിരിക്കണമെന്ന് പറയേണ്ടതില്ല. പ്രവര്‍ത്തകര്‍ തമ്മിലുള്ള ഊഷ്‌മളമായ ബന്ധങ്ങളാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും ജീവനും കരുത്തും. അതിനാല്‍ അസൂയ, വെറുപ്പ്, തെറ്റിദ്ധാരണ, അപരനെ ദ്രോഹിക്കണമെന്ന ചിന്ത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു കാരണവശാലും ഉണ്ടാവരുത്. അത്തരം പ്രവണതകള്‍ മഹാ പാപവും അനിസ്‌ലാമികവുമാണ്.
2. ഒരു ഇസ്‌ലാമിക സംഘടന മറ്റു സംഘടനകളെപ്പോലെയല്ല. `എന്റെ പാര്‍ട്ടി സത്യത്തിലായാലും അസത്യത്തിലായാലും ഞാനതിന്റെ കൂടെ' എന്നാണ് പൊതുവെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരിലും കണ്ടുവരുന്ന വികാരം. ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ അങ്ങനെയൊരു വികാരമല്ല ഉണ്ടാവേണ്ടത്. അല്ലാഹുവിലുള്ള ദൃഢവിശ്വാസമാണ് അവരെ ബന്ധിപ്പിച്ച് നിര്‍ത്തുന്ന കണ്ണി. സ്‌നേഹിക്കുന്നതും വെറുക്കുന്നതും സുഹൃത്താവുന്നതും ശത്രുവാകുന്നതുമെല്ലാം അല്ലാഹുവിന് വേണ്ടി. സംഘടനയില്‍ വരുമ്പോഴും ഇതുതന്നെ എല്ലാറ്റിന്റെയും അടിസ്ഥാനം. ദൈവധിക്കാരപരമായ പ്രവൃത്തികള്‍ വന്നുപോകുന്നുണ്ടോ എന്ന ജാഗ്രത. അപ്പോള്‍ ഒരാളുടെ പ്രസ്ഥാനത്തോടുള്ള ഗുണകാംക്ഷ എന്ന് പറയുന്നത്, പ്രതിയോഗികളുടെ കടന്നാക്രമണങ്ങളില്‍ നിന്ന് സംഘടനയെ സംരക്ഷിക്കുക എന്നത് മാത്രമല്ല. ആഭ്യന്തരമായി ഇസ്‌ലാംവിരുദ്ധമായ സംഗതികള്‍ വന്നുപോകുന്നുണ്ടോ എന്ന് നിശിതമായി വിലയിരുത്തല്‍ കൂടിയാണ്. തന്റെ സംഘടന ശരിയായ പാതയില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടോ, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ തെറ്റായ രീതിയിലാണോ പ്രചരിപ്പിക്കപ്പെടുന്നത്, സ്വാര്‍ഥ താല്‍പര്യങ്ങളില്‍നിന്ന് ഉടലെടുക്കുന്ന കക്ഷിമാത്സര്യങ്ങള്‍ അതില്‍ മുളപൊട്ടുന്നുണ്ടോ, സ്വേഛാനുസാരം അതില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ, വ്യക്തിപരമായ വല്ല താല്‍പര്യത്തിനും വേണ്ടി ചിലയാളുകളെ ഉയര്‍ത്തിക്കാട്ടുന്നുണ്ടോ തുടങ്ങി ജീര്‍ണതകള്‍ കടന്നുവരാനുള്ള എല്ലാ വഴികളിലും പ്രസ്ഥാന പ്രവര്‍ത്തകന്‍ ജാഗ്രതയോടെ നിലയുറപ്പിക്കണം. ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യണം. ഇതാണ് ഒരു പ്രസ്ഥാന പ്രവര്‍ത്തകന്റെ പ്രസ്ഥാനത്തോടുള്ള ഏറ്റവും വലിയ ഗുണകാംക്ഷ. അതായത് പ്രസ്ഥാനത്തെ ഇസ്‌ലാമിക മൂല്യങ്ങളില്‍നിന്ന് ഒട്ടും വ്യതിചലിക്കാതെ കാത്തുസംരക്ഷിക്കുക.
സഹപ്രവര്‍ത്തകരോടുള്ള നിലപാടും ഇങ്ങനെ തന്നെയായിരിക്കും. ഒരേ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് അധര്‍മത്തിലും അനീതിയിലും അവരോട് സഹകരണമുണ്ടാവില്ല, എന്നല്ല അത് തുറന്നുകാണിക്കുകയും തിരുത്തുകയും ചെയ്യും. ഉപദേശിക്കുമ്പോഴും തിരുത്തുമ്പോഴും ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചിരിക്കണമെന്ന് മാത്രം. പരിഹസിക്കാനോ നിന്ദിക്കാനോ ദുഷിച്ച് പറയാനോ ഒരിക്കലും ഇടവരരുത്. നിഷ്‌കളങ്കമായ സ്‌നേഹവും സാഹോദര്യബോധവും അനുകമ്പയുമൊക്കെയാവണം തിരുത്താന്‍ നിങ്ങള്‍ക്കുള്ള പ്രേരണയും പ്രചോദനവും. ആരുടെ തെറ്റുകളാണോ നിങ്ങള്‍ തിരുത്താന്‍ പോകുന്നത്, അവര്‍ക്ക് തോന്നണം, തങ്ങളുടെ ദുര്‍വൃത്തികളും അധാര്‍മിക പ്രവൃത്തികളും ഈ മനുഷ്യനെ അഗാധമായി ദുഃഖിപ്പിക്കുന്നുണ്ടെന്ന്. ആ ദുഃഖമാണ് തങ്ങളെ സദുപദേശിക്കാന്‍ ഇയാളെ പ്രേരിപ്പിക്കുന്നതെന്ന്. ഇനി തെറ്റ് തിരുത്താനെന്ന പേരില്‍ അവരെ ഇടിച്ച് താഴ്‌ത്തി സംസാരിച്ച് സ്വയം അഹങ്കരിക്കുന്ന സ്വഭാവക്കാരനാണ് നിങ്ങളെങ്കില്‍ ഫലം വളരെ ആപത്‌കരമായിരിക്കും.
3. അല്ലാഹുവിന്റെ ദീനിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മാത്രമായി സംഘടിച്ച ഒരു വിഭാഗമാണിത്. അതിനാല്‍ ഈ പ്രസ്ഥാനത്തിനകത്ത് മറ്റു സംഘടനകളില്‍ കാണപ്പെടുന്ന പോലെ വിഭാഗീയതയോ ഗ്രൂപ്പിസമോ ഗൂഢാലോചനയോ കുതികാല്‍വെട്ടോ പാര്‍ട്ടി പിടുത്തമോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള വടംവിലയോ സ്വാര്‍ഥ പ്രേരിതമായ കക്ഷി മാത്സര്യമോ പക്ഷപാതിത്വമോ ഒന്നും ഉണ്ടാവുകയില്ല. ഉണ്ടാവുന്നുവെങ്കില്‍ അത് അങ്ങേയറ്റം ആപത്‌കരമാണ്. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രകൃതവുമായി അത്തരം പ്രവണതകള്‍ തീരെ ഒത്തുപോവുകയില്ല.
4. സംഘടിത ജീവിതത്തിന്റെ അനിവാര്യ താല്‍പര്യങ്ങളിലൊന്നാണ് കൂടിയാലോചന. സംഘടനയില്‍ ഏതൊരു ഉത്തരവാദിത്വം ഏല്‍പിക്കപ്പെടുന്ന വ്യക്തിയും തന്റെ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചേ കാര്യങ്ങള്‍ ചെയ്യാവൂ. ഒരു കാരണവശാലും ഇതില്‍ വീഴ്‌ച വന്നുകൂടാ. ഉത്തരവാദപ്പെട്ടവര്‍ അഭിപ്രായം ചോദിച്ചാല്‍ യാതൊരു സ്വാര്‍ഥ ചിന്തക്കും വശംവദനാകാതെ, സത്യസന്ധമായി തന്റെ അഭിപ്രായം പറയണം. അത് പറയാതിരിക്കുന്നത് സംഘടനയോട് ചെയ്യുന്ന അതിക്രമമാണ്. തന്റെ വ്യക്തിപരമോ മറ്റോ ആയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി യഥാര്‍ഥ അഭിപ്രായം മറച്ചുവെച്ച് മറ്റൊരു അഭിപ്രായമാണ് ഒരാള്‍ പറയുന്നതെങ്കില്‍ അത് സംഘടനയോട് കാണിക്കുന്ന വഞ്ചനയുമാണ്. കൂടിയാലോചിക്കുന്ന സമയത്ത് തന്റെ അഭിപ്രായം പറയാതിരിക്കുക, അങ്ങനെ തന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമായി വല്ലതും തീരുമാനിക്കപ്പെട്ടാല്‍ അണികള്‍ക്കിടയില്‍ ഛിദ്രതയും തെറ്റിദ്ധാരണയും അനൈക്യവും ഉണ്ടാക്കാന്‍ ശ്രമിക്കുക ഈ ദുഷ്‌പ്രവണതയും കരുതിയിരിക്കേണ്ടതാണ്. നീചമനസ്സുള്ളവര്‍ക്കേ ഇങ്ങനെ ചെയ്യാനാവൂ. അവരും സംഘടനയെ വഞ്ചിക്കുകയാണ്.
5. വ്യക്തികള്‍ക്ക് അവരവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും. സംഘടനക്കകത്ത് അവ തുറന്നുപറയുകയും ചെയ്യാം. പക്ഷേ, സ്വാഭിപ്രായങ്ങളില്‍ ശാഠ്യം പിടിക്കരുത്. ചര്‍ച്ചകള്‍ക്ക് ശേഷം സംഘടന ഒരു തീരുമാനത്തില്‍ എത്തിയാല്‍, പൊതു തീരുമാനം തന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്ന കാരണത്താല്‍ സംഘടനയുമായി ഇടഞ്ഞുനില്‍ക്കുന്നതും ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. തനിക്ക് ശരിയാണെന്ന് ബോധ്യമുള്ള അഭിപ്രായത്തിലാണല്ലോ താന്‍ ഉറച്ചു നില്‍ക്കുന്നത്, അതുകൊണ്ട് അത് തന്നെയാണ് സത്യസന്ധമായ നിലപാട് എന്നൊക്കെ ചിലര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. തങ്ങള്‍ ചെയ്യുന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം. ഇസ്‌ലാമിക പ്രമാണങ്ങള്‍ നന്നായറിയുന്ന സ്വഹാബികള്‍ അനുവര്‍ത്തിച്ചിരുന്ന നിലപാടെന്തായിരുന്നു എന്നാദ്യം പഠിക്കണം. ഏതൊരു പ്രശ്‌നം ഉയര്‍ന്നു വരുമ്പോഴും സ്വഹാബികള്‍ സ്വന്തമായ അഭിപ്രായങ്ങള്‍ തുറന്നു പറയും. അതിന് ഉപോദ്‌ബലമായ തെളിവുകള്‍ സമര്‍പ്പിക്കും. ഒടുവില്‍ ഒരു പൊതുതീരുമാനമുണ്ടാവുമ്പോള്‍, തന്റെ അഭിപ്രായം മാറ്റിവെച്ച് ആ പൊതുതീരുമാനത്തോടൊപ്പം നില്‍ക്കുക എന്നതായിരുന്നു സ്വഹാബികളുടെ രീതി. ഏതൊരു സംഘടിത പ്രസ്ഥാനത്തിനും നിലനില്‍ക്കണമെങ്കിലും മുന്നോട്ട് പോകണമെങ്കിലും സ്വാഭിപ്രായങ്ങളെ ത്യജിക്കാനുള്ള ഈ വിശാല മനസ്സ് വളര്‍ത്തിയെടുത്തേ പറ്റൂ. കൂട്ടായ തീരുമാനത്തോടൊപ്പം നില്‍ക്കാതെ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങളില്‍ മര്‍ക്കടമുഷ്‌ടി പിടിക്കുകയാണെങ്കില്‍ സംഘടനാവ്യവസ്ഥ മുഴുവന്‍ തകരാറിലാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ജമാഅത്തെ ഇസ്‌ലാമിയുടെ രൂപവത്‌കരണ സമ്മേളനത്തില്‍ മൗലാനാ മൗദൂദി അക്കമിട്ട് പറഞ്ഞ ഏതാനും കാര്യങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. ഏതൊരു ഇസ്‌ലാമിക സംഘടനയുടെയും നിലനില്‍പിനും ഭദ്രതക്കും ഒഴിച്ചുകൂടാനാവാത്ത തത്ത്വങ്ങളാണിവ.
ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശലക്ഷ്യങ്ങളെന്താണ്? അതേക്കുറിച്ച് അടുത്ത ലക്കങ്ങളില്‍.
(തുടരും)