Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


മേഘങ്ങള്‍ പെയ്തൊഴിഞ്ഞ നേരം
സ്‌നേഹവ്രതന്‍ പൂക്കോട്ടൂര്‍

ശരീരത്തില്‍ കൂടുകെട്ടിയ എണ്ണമറ്റ വ്രണങ്ങളുടെ ചുട്ടുനീറ്റല്‍. വയസ്സന്‍ ഒട്ടകത്തിന്റെ കണ്‍കുഴിയില്‍ നിന്ന്‌ ഒലിച്ചിറങ്ങുന്ന പീളയുടേതു പോലെ മഞ്ഞ നിറമുള്ള ചലത്തിന്റെ ദുര്‍ഗന്ധം. അത്‌ നുകരനാന്‍ ആര്‍ത്തിയോടെ വന്നിരിക്കുന്ന ഈച്ചപ്പറ്റങ്ങള്‍. അവയെ ആട്ടിയകറ്റാനുള്ള ശേഷി പോലും തന്റെ കൈകള്‍ക്കില്ലെന്ന്‌ അയാളറിഞ്ഞു. മുറിവുകളുടെ വേദനയേറ്റിക്കൊണ്ട്‌ ചൂടുള്ള മരുക്കാറ്റ്‌ ഇടക്കിടെ ആഞ്ഞുവീശുന്നു. തൊണ്ട വരണ്ടുണങ്ങിയിരിക്കുന്നു. അടുത്തെങ്ങും ആരുമില്ല. മരുക്കാട്ടിലെ ഈ കൊച്ചുകുടിലില്‍ താന്‍ ഏകനാണ്‌. തന്റെ മക്കള്‍ പോലും അയാളെ അറക്കുന്നു. തന്റെ ശരീരത്തില്‍നിന്നും വമിക്കുന്ന കെട്ടഗന്ധം അയാളില്‍ ഓക്കനാമുണ്ടാക്കി. മരുക്കാക്കകളുടെ കാറിക്കരച്ചിലാണേറെ അസഹ്യം. പട്ടികള്‍ മണം പിടിച്ച്‌ ആര്‍ത്തിയോടെ നോക്കിനില്‍ക്കുന്നത്‌ കാണ്‍കെ അയാളില്‍ അസ്വസ്ഥതക്ക്‌ കനം വെച്ചു. ഈന്തപ്പനയോലപ്പായയില്‍ എണീറ്റിരിക്കാന്‍ അയാള്‍ ഒന്നുറക്കെ ശ്രമിച്ചു. കഴിയുന്നില്ല. മൂടല്‍മഞ്ഞ്‌ കൂടുകെട്ടിയ കണ്ണാലെ അയാള്‍ തന്റെ ശരീരം വളരെ പ്രയാസപ്പെട്ട്‌ ഒന്നുഴിഞ്ഞു നോക്കി. ഇതുതാന്‍ തന്നെയോ എന്ന്‌ ഞൊടിവേള സ്‌തബ്‌ധനായി. തന്നെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ദുര്‍ബല തന്തുക്കള്‍ ഏതു നിമിഷവും പൊട്ടിയേക്കുമെന്ന്‌ അയാളറിഞ്ഞു.
ഒരു മുഴു ജന്മം പാഴാക്കിയതിന്റെ നിരാശയാണ്‌ അയാളെ അപ്പോള്‍ മദിച്ചിരുന്നത്‌. താന്‍ ആടിത്തീര്‍ത്തതെല്ലാം പൊയ്‌വേഷങ്ങളായിരുന്നു. തന്നില്‍ പത്തിവിടര്‍ത്തിയാടിയ അഹന്തയായിരുന്നു എല്ലാറ്റിനും കാരണം. ``ഇപ്പോഴെത്തിപ്പെട്ടിരിക്കുന്ന ഈ പരിണതി താന്‍ അര്‍ഹിക്കുന്നതുതന്നെ. ചരിത്രത്തില്‍ വില്ലനായി അറിയപ്പെടാനായിരിക്കാം എന്റെ വിധി.'' അയാള്‍ കുറ്റബോധത്തിന്റെ കടലാഴങ്ങളില്‍നിന്ന്‌ നെഞ്ചിടറിക്കരഞ്ഞു.
അനാഥനായ, പൊതുകാര്യ പ്രസക്തനല്ലാത്ത ഒരാള്‍ക്ക്‌ ചെവിയും മനസ്സും കൊടുക്കാന്‍ ഗര്‍വ്‌ അയാളെ അനുവദിച്ചില്ല. കറുത്തവരും അടിമകളും തറവാടിത്തമില്ലാത്തവരും തമ്പടിച്ച അവന്റെ കൂടാരത്തില്‍ എന്നെപ്പോലൊരാള്‍ ചേക്കേറുകയോ? കുല ൈദവങ്ങളെയും കാരണവന്മാരെയും അംഗീകരിക്കാത്ത, പൗരമുഖ്യരും സാധാരണക്കാരും തമ്മില്‍ വേര്‍തിരിവില്ലാത്ത അവന്റെ പുത്തന്‍ മതത്തോട്‌ പുഛമായിരുന്നു. അതിനാല്‍ അവനെ കേള്‍ക്കുന്നതില്‍നിന്ന്‌ ജനങ്ങളെ തടഞ്ഞു. തോല്‍പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ നശിപ്പിക്കാന്‍ പദ്ധതിയൊരുക്കി. അവന്റെ ദുഃഖങ്ങള്‍ കൊണ്ടാടി. ഉപരോധം ഏര്‍പ്പെടുത്തി. യുദ്ധം ചെയ്‌തു. ഉപജാപങ്ങള്‍ മെനഞ്ഞു. പക്ഷേ, എല്ലാം അവന്‍ സൗമ്യനായി അതിജീവിച്ചു. അവന്‌ വെച്ചടി നേട്ടമായിരുന്നു. ഏതോ അദൃശ്യ ശക്തി സമ്മാനിച്ച അകക്കരുത്തുണ്ടായിരുന്നു അവനെന്ന്‌ തീര്‍ച്ച.
ജീവിതത്തിന്റെ പിന്നിടങ്ങളില്‍നിന്ന്‌ തന്റെ ചെയ്‌തികള്‍ ഓരോന്നും അയാളുടെ കണ്‍വെട്ടത്തെത്തി. അവയിലെ പൊയ്യും പൊരുളും വേര്‍തിരിച്ചെടുക്കാന്‍ അയാള്‍ ശ്രമിച്ചു നോക്കി. ``എല്ലാം വെറുതെയായിരുന്നു.'' അയാള്‍ കണ്ണീര്‍ തൂകി. സ്വഫാ കുന്നിന്റെ താഴ്‌വാരത്തില്‍ തങ്ങളെ ഒരുമിച്ചുനിര്‍ത്തി അതിന്റെ നെറുകയില്‍ കയറിനിന്ന്‌ അവന്‍ പറഞ്ഞത്‌ അയാളുടെ ഓര്‍മയിലെത്തി. അവന്റെ പുത്തന്‍ മതത്തിലേക്ക്‌ ആളെ കൂട്ടുന്നതിനുള്ള ഒരു നാടകമായിട്ടാണ്‌ അന്ന്‌ അയാള്‍ അതിനെ വിലയിരുത്തിയത്‌. യഥാര്‍ഥത്തില്‍, ഹൃദയസ്‌പൃക്കായൊരു മുന്നറിയിപ്പായിരുന്നില്ലേ അത്‌. ഋജുവും ശുദ്ധവുമായ വാക്കുകള്‍. അസാധാരണമായ ആത്മാര്‍ഥതയുണ്ടായിരുന്നു അവക്കോരോന്നിനും. എന്നിട്ടും `നീ നശിക്കട്ടെ' എന്നാണല്ലോ താനതിനോട്‌ പ്രതികരിച്ചതെന്നയാള്‍ ഓര്‍ത്തു. `നീ നശിക്കട്ടെ!' ഏതോ കുരുത്തം കെട്ട നിമിഷത്തിലായിരുന്നു താനത്‌ പറഞ്ഞത്‌. ഒരുനാള്‍ ആ വാക്കുകള്‍ തന്നെ ഇങ്ങനെ തിരിഞ്ഞുകൊത്തുമെന്ന്‌ അയാള്‍ അറിഞ്ഞില്ല.
അഹങ്കാരം പെയ്‌തൊഴിഞ്ഞ ഈ അവസ്ഥയില്‍ അന്നാ കുന്നിന്‍ മുകളില്‍ വെച്ച്‌ അവന്‍ പറഞ്ഞ വാക്കുകളുടെ നേരര്‍ഥം പിടികിട്ടുന്നു. പ്രപഞ്ചത്തിന്‌ ഏകനായ ഒരധീശാധികാരി മാത്രമേയുള്ളൂവെന്നും മുഹമ്മദ്‌ അവന്റെ ദൂതനാണെന്നും അംഗീകരിക്കുക. അന്ന്‌ അതിനുള്ള നേര്‍ബുദ്ധിയില്ലാതെ പോയല്ലോ! ``സാത്താനെ തിരിച്ചറിഞ്ഞവര്‍ മാത്രമേ ദൈവത്തെ കണ്ടെത്തുന്നുള്ളൂ. തനിക്കതിനായില്ലല്ലോ.'' അയാള്‍ ഉള്ളാലെ നിലവിളിച്ചു.
``ഞാന്‍ ചൂതാടി മുടിച്ച എന്റെ ജീവിതത്തില്‍നിന്ന്‌ ഏതാനും മണിക്കൂറുകള്‍ തിരികെത്തരൂ.'' അയാള്‍ ദൈവത്തോടു കേണു. ``ഞാന്‍ മുഹമ്മദിന്റെ ചാരത്തണഞ്ഞ്‌ ആ കാലുകളില്‍ വീണ്‌ മാപ്പിരക്കട്ടെ. ഞാന്‍ കാരണം വഴി തെന്നിപ്പോയ ജന്മങ്ങള്‍, അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ അകം പിളരുന്നു''-അയാളുടെ കണ്‌ഠമിടറി.
വേദന മുറുകുകയാണ്‌. ശരീരം കോച്ചി വലിക്കുന്നു. ദാഹത്താല്‍ അയാളുടെ കണ്‌ഠമുഴ ശക്തിയോടെ താഴ്‌ന്നു. കണ്ണുകളില്‍ ഇരുട്ട്‌ ഇഴഞ്ഞു പരക്കുന്നതുപോലെ. മരുക്കാറ്റ്‌ ഊക്കോടെ വീശി.
``അല്ലാഹു അല്ലാതെ ഒരു ഇലാഹും....''
അയാള്‍ക്ക്‌ ആ വാചകങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നുണ്ടായിരുന്നു. അതിനു മുമ്പേ അയാളുടെ നെഞ്ചിന്‍കൂട്‌ ശക്തിയോടെ ഉയര്‍ന്നുതാണു. അയാളുടെ ശരീരം ആകെ ഒന്നുലഞ്ഞു. കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ന്ന്‌ നിശ്ചലങ്ങളായി.


അടയാളങ്ങള്‍
അനസ് മാള
പ്രതീക്ഷകള്‍ കടലെടുത്ത
പടുകിഴവനെപ്പോലെ
ആഘോഷങ്ങളുടെ നഗരത്തെ
തുറിച്ചുനോക്കിനില്‍ക്കുന്നു,
കാലഗതിയില്‍ ദ്രവിച്ച ഒരു ചുമര്.
പൊതുനിര്‍മിതിയുടെ വിഴുപ്പുകളേറ്റ്
സ്വത്വം മറന്ന്.

'അടിപൊളി'പ്പിള്ളേരെപ്പോലെ
അച്ചടക്കമില്ലാതെ കയറിവന്ന വേരുകള്‍
ചുമരിനെയോ, തിരിച്ചോ താങ്ങിനിറുത്തുന്നത്?

ചുമര് പിളരാതെ നിറുത്തുന്നത്
തങ്ങളെന്ന ഭാവേന
നന്മവറ്റി വലിഞ്ഞിടങ്ങളില്‍
വലിഞ്ഞുകയറിയ തിന്മയുടെ പുറ്റുകള്‍.

വിപ്ളവത്തിന്റെ മറവില്‍ ചിന്തിയ
ബലിരക്തസാക്ഷ്യങ്ങള്‍.
അധര്‍മം മണക്കുന്ന വാചാലതകള്‍
അറിവിനെ വഞ്ചിച്ച വാഗ്ധോരണികള്‍
നിയമത്തെ വെല്ലുവിളിച്ച ആക്രോശങ്ങള്‍
നീതിയെ കൊന്നുവിജയിച്ച അട്ടഹാസങ്ങള്‍
ഇരയെത്തേടുന്ന ആര്‍ത്തിവായകള്‍
വിപ്ളവം അലങ്കാരമാക്കിയവരുടെ
ചിരിയൊട്ടിച്ച മുഖങ്ങള്‍
നിരപരാധിയെ ചൂഴ്ന്ന കൈയൂക്കുകള്‍
അപരാധങ്ങള്‍ മറക്കുന്ന അപദാനങ്ങള്‍
നിയതിയെ മറന്ന പുണ്യവായ്ത്താരികള്‍
കടലാസുരൂപം പൂണ്ട
ചുമരേറിയ കിടമത്സരങ്ങള്‍.

സൂക്ഷിച്ചുനോക്കിയാല്‍ കാണാം
ധര്‍മം പുലര്‍ത്തിയ മഹാവാക്യത്തിന്റെ
ഹിംസ വെറുത്ത മഹാത്മാവിന്റെ
കീറിപ്പറിഞ്ഞ് മങ്ങിയ കൈരേഖകള്‍.

ആരൊക്കെയോ ചേര്‍ന്ന് തല്ലിക്കെടുത്തുമ്പോഴും
ഇരുള്‍ച്ചയെ പിളര്‍ത്തിവരുന്നുണ്ട് പ്രതീക്ഷകള്‍
അനീതിയെ പൊള്ളിച്ചുയരും തീനാളങ്ങളായ്
ഭീതിമറച്ചുണരുന്നുണ്ട് തളിരുകള്‍.

സാരോപദേശം
ഇലകമണ്‍ എ റഹീം
ഐഹിക പാരത്രിക നന്മകളോടൊപ്പം നേടാന്‍
പാത കാട്ടിയ റസൂല്‍ തന്നുടെ യോമല്‍പുത്രി
ആ പാത സുഗമ്യമായ്‌ തീര്‍ക്കുവാന്‍ പോരാടിയ
വീരാഗ്രേസരനാകും അലിതന്‍ പ്രിയ പത്‌നി
മാനിനീ മണി സ്വര്‍ഗലോകത്തെ മഹാറാണി
ബീവി ഫാത്തിമ ഭര്‍ത്താവോടോതിയൊരു നാളില്‍
അങ്ങറിയുന്നുണ്ടോയെന്‍ ജീവിത വൈഷമ്യങ്ങള്‍
കൃത്യബാഹുല്യം മൂലമുണ്ടാകും ദുരന്തങ്ങള്‍
അംഗുലികളില്‍ നീരും വിള്ളലും കാണുന്നില്ലേ
അങ്ങയോടല്ലാതിത്‌ മറ്റാരോടാണോതേണ്ടൂ
നിന്റെയി വിഷാദാര്‍ദ്ര ഭാവമെന്‍ ഹൃദയത്തെ
വല്ലാതെയുലക്കുന്നു പക്ഷേ നിസ്സഹായന്‍ ഞാന്‍
വീട്ടിലെച്ചെലവെല്ലാമെങ്ങനെ നടത്തും നാം
പണി ചെയ്യുവാന്‍ വേണ്ടി പോകാതെയിരുന്നീടില്‍
കാന്തന്റെ മൊഴിയെല്ലാം ശ്രദ്ധിച്ചു കേട്ടൂ പക്ഷേ
സാന്ത്വനം ലഭിച്ചില്ല ആശ്വാസം കൈവന്നില്ല
പിന്നെയാ മനോജ്ഞാംഗി താതസന്നിധി പൂകി
ഒന്നൊഴിയാതെ ചൊല്ലി തന്റെ ഖിന്നതയെല്ലാം
എന്‍ സഹായത്തിനൊരു ദാസിപ്പെണ്ണിനെ നല്‍കാന്‍
എന്നുടെ താതന്‍ ദയ കാട്ടണമെന്നര്‍ഥിപ്പൂ ഞാന്‍
മകളേ ആത്മാവിന്റെ കുളിരേ ആനന്ദത്തിന്‍
തളിരേ കേട്ടാലും നീ താതന്റെയീ വാക്കുകള്‍
കണ്ടു നില്‍ക്കുവാനെനിക്കാവില്ല നിന്‍ കണ്ണുനീര്‍
വിണ്ടുകീറുകയാണെന്‍ മാനസം അറിഞ്ഞാലും
നല്‍കില്ല സഹായിയെ നിന്നെപ്പോല്‍ വീട്ടമ്മമാര്‍
അല്ലലില്‍ കഴിയുവോരുണ്ടേറെപ്പേരീ നാട്ടില്‍
സാന്ത്വനം പരിരക്ഷ സഹായമിവയെല്ലാം
റബ്ബ്‌ നല്‍കുകില്‍ മാത്രം ലഭ്യമാണെന്നറിഞ്ഞാലും
കഷ്‌ടനഷ്‌ടങ്ങള്‍, രോഗം, വേദന ഇവയൊക്കെ
സ്രഷ്‌ടാവിന്‍ പരീക്ഷണമാണെന്നും ധരിക്കേണം
ക്ഷമ കൈവരിക്കുക, പ്രാര്‍ഥിക്കുകയിവയന്യെ
സത്യവിശ്വാസിക്കില്ല മറ്റൊരു രക്ഷാമാര്‍ഗം
ദുഃഖങ്ങളെല്ലാം മാറി ആശ്വാസം തളിര്‍ചൂടി
ആ മുഖ പദ്‌മം തന്നില്‍ പുഞ്ചിരി കളിയാടി.


*അറിവിന്റെ അഴക്‌
കെ.എം ഹനീഫ
അടുത്തവരകലെ യകാലചരമ-
മടഞ്ഞ വാര്‍ത്തയിവന്റെ ഹൃത്തില്‍
കോരിച്ചൊരിഞ്ഞാധി, ഗമിച്ചു നാഥന്‍
ഒരുക്കിവെച്ച വിഭവങ്ങളുണ്ണാന്‍.
ഒരുപാട്‌ പേരങ്ങനെ പോയി ബാല്യം
ചെലവിട്ട യെന്റെ സതീര്‍ഥ്യര്‍ ഏറെ
സഹപാഠികളുമെന്റുമ്മ പെറ്റ
സഹോദരരില്‍ പലരും മറഞ്ഞു.
ജനിമൃതി നിശ്ചയിക്കാനേകനവന്‍ ഇലാഹായ്‌
ജനസഞ്ചയത്തെ ചൂഴ്‌ന്നു തികവാര്‍ന്നു നില്‍ക്കേ
വരില്ല തിരികെയിവനെന്നു ചൊല്ലാന്‍
വരം ലഭിച്ചവരാരുണ്ട്‌ ഭൂവില്‍.

ജമാലിനറിവാണഴകായ്‌ തിളങ്ങാന്‍
ജലാലയ റബ്ബിന്റെ ഹിതം! പരത്തില്‍
ഫലമായതു പറിക്കാന്‍ വിത്തിഹത്തില്‍
വിതച്ചു വിജ്ഞാനമായതും വളര്‍ന്നു
സനാതന മൂല്യത്തിനതിനൂതനങ്ങളാം
വേറിട്ട ഹാരങ്ങള്‍ പണി തീര്‍ത്തു ജമാലിന്‍
ജമാലായ്‌! അതു മാറ്റുരയ്‌ക്കാന്‍
ജനിക്കട്ടെ `യല്‍ജാമിഅ'യില്‍ സഖാക്കള്‍.
*ജമാല്‍ മലപ്പുറത്തിന്റെ ഓര്‍മക്ക്‌

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly