Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


കൗമാരത്തെ കാര്‍ന്നു തിന്നുന്നവര്‍
സല്‍മ ഇസ്‌ഹാഖ്‌ ആയഞ്ചേരി
കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നഗരങ്ങളെ മാത്രമല്ല ഗ്രാമങ്ങളിലെ കുട്ടികളെ പോലും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്‌. പച്ചയായ കൗമാരത്തെ കാര്‍ന്നുതിന്നുന്ന ഇത്തരം ഗെയിമുകളെ പറ്റി ലോകത്തെങ്ങും പഠനം നടക്കുന്നുണ്ട്‌. കുട്ടികളിലെയും യുവാക്കളിലെയും കുട്ടിത്തത്തെയും യുവത്വത്തെയും ഇവ റദ്ദു ചെയ്യുന്നുവെന്നാണ്‌ പുതിയ കണ്ടെത്തല്‍.
നിത്യേന നാല്‌ മണിക്കൂറെങ്കിലും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന 18-നും 26-നും മധ്യേയുള്ള യുവാക്കളെ ജര്‍മനിയില്‍ പഠന വിധേയരാക്കി. പ്രത്യേകം ചില സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി അവരെ എം.ആര്‍.ഐ സ്‌കാനിംഗ്‌ നടത്തി.
``ഒന്ന്‌: ആക്‌ഷന്‍ പ്രധാനമായ ഗെയിമുകള്‍ തുടങ്ങുന്ന നിമിഷത്തിലുള്ള സ്‌കാനിംഗ്‌. രണ്ട്‌: തമാശകള്‍ ധാരാളം വരുന്ന ഗെയിമുകള്‍ തുടങ്ങുമ്പോഴുള്ളത്‌. മൂന്ന്‌: ആക്‌ഷന്‍ ഗെയിമുകളുടെ മധ്യത്തില്‍ (എങ്ങനെയെങ്കിലും വിജയിക്കണമെന്ന വാശിയില്‍) നില്‍ക്കുമ്പോഴുള്ള സ്‌കാനിംഗ്‌. നാല്‌: വിജയ പരാജയ സമയത്തുള്ള സ്‌കാനിംഗ്‌.''
ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ ലഭിച്ചത്‌. ആക്രമണ സ്വഭാവമുള്ള ഗെയിമുകള്‍ കളിക്കുന്ന സമയത്ത്‌ അത്തരം യുവാക്കളുടെ മസ്‌തിഷ്‌കത്തില്‍ വൈകാരികതക്ക്‌ വലിയ മാറ്റം അനുഭവപ്പെടുന്നതായി കണ്ടു. മസ്‌തിഷ്‌കത്തില്‍ പ്രത്യക്ഷമായ പ്രകട വികാരം അമിതമായ ആക്രമണോത്സുകതയായിരുന്നു. എങ്ങനെയെങ്കിലും എതിരാളിയെ നിലംപരിശാക്കുകയെന്ന വികാരം.
തുടര്‍ച്ചയായി ആറു മാസക്കാലം ഇവരെ കളിക്കാന്‍ വിട്ടപ്പോള്‍ ഫലം അത്യന്തം ഭീകരമായിരുന്നു. തീപ്പൊരിക്കു വേണ്ടി കാക്കുന്ന വെടിമരുന്നുശാലകള്‍ പോലെ ഓരോരുത്തരും നിസ്സാര കാര്യം കൊണ്ടുപോലും എതിരാളിയെ വകവരുത്താനുള്ള പ്രതികാര വാഞ്‌ഛയുമായി നില്‍ക്കുകയായിരുന്നു. വീഡിയോ ഗെയിം കളിക്കുന്നവരുടെ കോശങ്ങളിലെ രാസപ്രക്രിയ ഭയം ജനിപ്പിക്കുന്നതായിരുന്നു. ആരെയും എങ്ങനെയും നശിപ്പിക്കാനുള്ള ദുഷിച്ച പ്രവണത തന്നെയാണ്‌ അവരിലും കണ്ടത്‌.
ജപ്പാനില്‍ നടത്തിയ മറ്റൊരു പഠനം തെളിയിക്കുന്നത്‌ ഇത്തരം കുട്ടികള്‍ കൂടുതല്‍ സമയവും വെറുതെയിരിക്കാന്‍ ആസക്തി പ്രകടിപ്പിക്കുന്നുവെന്നതാണ്‌. `മനോരാജ്യം' ഇവരില്‍ കണ്ടുവരുന്നു. പ്രവൃത്തിയില്‍ വിമുഖത, ആര്‍ജവം കുറയുക, അധ്വാനത്തില്‍ താല്‍പര്യമില്ലായ്‌മ, ക്ഷമയില്‍ വിമുഖത എന്നീ നെഗറ്റീവ്‌ വികാരങ്ങള്‍ അത്തരക്കാരില്‍ കൂടിയ തോതില്‍ ഉണ്ടാവും.
കമ്പ്യൂട്ടര്‍ ഗെയിം കളിച്ചാല്‍ കുട്ടികളുടെ ബുദ്ധി കൂടുമെന്നാണ്‌ ചില രക്ഷിതാക്കളുടെ ധാരണ. ഏതു കെട്ടതിനും ചില നല്ല വശമുണ്ടാകാം. പക്ഷേ, പഠിക്കാനും അധ്വാനിക്കാനുമുള്ള താല്‍പര്യം കെടുത്തുകയും ചെറിയ കുട്ടികളെ പോലും ഉപദ്രവിക്കാനുള്ള പ്രവണത വളരുകയും ചെയ്യുന്നതായാണ്‌ കമ്പ്യൂട്ടര്‍ ഗെയിമുകളെ പറ്റിയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്‌.
കമ്പ്യൂട്ടര്‍ ഗെയിം കൗമാരത്തിന്‌ സമ്മാനിക്കുന്നതിലൂടെ വലിയവരെ ബഹുമാനിക്കുക, ചെറിയവരോട്‌ കരുണ കാണിക്കുക, ക്ഷമിക്കുക, വിട്ടുവീഴ്‌ച ചെയ്യുക, നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, അധ്വാനിക്കുക, പോരാടുക... എന്നീ മഹിത മൂല്യങ്ങളെയാണ്‌ നാം കടപുഴക്കിയെറിയുന്നത്‌. ഭാവിയിലേക്ക്‌ വളര്‍ന്നുവരേണ്ട കാണ്ഡങ്ങളെയാണ്‌ നാം മുളയിലേ നുള്ളുന്നതെന്ന്‌ ഓര്‍ക്കുക. കവി മുഹമ്മദ്‌ ഇഖ്‌ബാല്‍ ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ പാടുമായിരുന്നു: ``ഫിര്‍ഔന്‍ വിഡ്‌ഢിയാണ്‌. യുവത്വത്തെ അറുകൊല ചെയ്യേണ്ടിയിരുന്നില്ല. ആധുനിക രീതിയിലുള്ള കമ്പ്യൂട്ടര്‍ ഗെയിം സി.ഡികള്‍ മാത്രം വിതരണം ചെയ്‌താല്‍ മതിയാകുമായിരുന്നു.''
ഇത്തരം സിഡിയോമാനിയ ബാധിച്ച ചെറുപ്പത്തെ പ്രത്യല്‍പന്നമതിത്വത്തോടെ സമീപിച്ചില്ലെങ്കില്‍ നാളെ ഇവരെന്താകുമെന്ന്‌ ആരു കണ്ടു? എന്തായാലും നമ്മുടെ ചെലവില്‍ മുതലാളിത്തത്തിന്‌ ഉരുക്കളെ (ഉല്‍പന്നങ്ങളെ) സൃഷ്‌ടിക്കലാവരുത്‌ ഫലം.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly