Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


അടുത്തത്‌ അള്‍ജീരിയ?
ഈജിപ്‌തില്‍ മുബാറകിന്റെ പതനശേഷം അടുത്ത ഊഴം അള്‍ജീരിയയിലെ അബ്‌ദുല്‍ അസീസ്‌ ബൂതഫ്‌ലീഖയുടേതായിരിക്കുമെന്ന്‌ നിരവധി രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. 73-കാരനായ ബൂതഫ്‌ലീഖ വടക്കനാഫ്രിക്കയിലെ അവശേഷിക്കുന്ന ഏകാധിപതികളിലൊരാളാണ്‌. പതിനൊന്ന്‌ വര്‍ഷമായി ഭരിക്കാന്‍ തുടങ്ങിയിട്ട്‌. മുബാറകും സൈനുല്‍ ആബിദീനും ചെയ്‌തതുപോലെ 2008-ല്‍ അള്‍ജീരിയന്‍ ഭരണഘടന മാറ്റിയെഴുതി. ആജീവനാന്ത പ്രസിഡന്റാവാന്‍ വേണ്ടിയായിരുന്നു ഈ മാറ്റിയെഴുത്ത്‌. 2009-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബൂതഫ്‌ലീഖ `ജയിച്ചത്‌' 90 ശതമാനം വോട്ട്‌ നേടിക്കൊണ്ട്‌! മിക്ക പ്രതിപക്ഷ കക്ഷികളും ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ കൃത്രിമം നടന്നു. ഇത്തരം തെരഞ്ഞെടുപ്പാഭാസങ്ങള്‍ നടത്തിയാണ്‌ മുബാറകും അധികാരത്തില്‍ കടിച്ചുതൂങ്ങിയത്‌.
ഈജിപ്‌ത്‌, തുനീഷ്യ, അള്‍ജീരിയ- മൂന്ന്‌ രാജ്യങ്ങളും തമ്മില്‍ ഇനിയുമുണ്ട്‌ സാദൃശ്യങ്ങള്‍. മറ്റു രണ്ട്‌ സ്വേഛാധിപതികളെപ്പോലെ ബൂതഫ്‌ലീഖയും അമേരിക്കയുടെയും യൂറോപ്പിന്റെയും ഉറ്റ തോഴന്‍. `ഇസ്‌ലാമിക ഭീകരത' പറഞ്ഞ്‌ പേടിപ്പിച്ച്‌ തന്നെയാണ്‌ പാശ്ചാത്യരെ തന്നോടൊപ്പം നിര്‍ത്തുന്നതും അതിന്‌ വേണ്ടി പലതരം ഫണ്ടുകള്‍ ഒപ്പിച്ചെടുക്കുന്നതും.
ഈജിപ്‌ഷ്യന്‍ മാതൃകയിലുള്ള പ്രക്ഷോഭമാണ്‌ അള്‍ജീരിയന്‍ പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നത്‌. അപകടം മണത്ത അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി മുറാദ്‌ മദാസി വാഗ്‌ദാനം ചെയ്‌തത്‌, 19 കൊല്ലമായി തുടരുന്ന അടിയന്തരാവസ്ഥ ഏതാനും ദിവസങ്ങള്‍ക്കകം നീക്കം ചെയ്യാമെന്നാണ്‌. രാഷ്‌ട്രീയ ജാഥകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും തൃപ്‌തരാവാതെ പ്രതിപക്ഷം വന്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌. ബൂതഫ്‌ലീഖ സ്ഥാനമൊഴിയണമെന്നാണ്‌ അവരുടെ ആവശ്യം. തുനീഷ്യന്‍-ഈജിപ്‌ഷ്യന്‍ പതാകകളേന്തിയാണ്‌ പലയിടങ്ങളിലും പ്രകടനങ്ങള്‍. ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍ തന്നെയാണ്‌ ഇവിടെയും വിപ്ലവത്തിന്‌ കളമൊരുക്കുന്നത്‌.
പക്ഷേ, സമീപകാലത്തെ ഭീകരദിനങ്ങളുടെ ഓര്‍മ അള്‍ജീരിയക്കാരില്‍ കടുത്ത ആശങ്കയുണര്‍ത്തുന്നുണ്ട്‌. 1991-ല്‍ ഇസ്‌ലാമിക്‌ സാല്‍വേഷന്‍ ഫ്രണ്ടിന്റെ തെരഞ്ഞെടുപ്പ്‌ വിജയം അട്ടിമറിക്കപ്പെട്ടതിനു ശേഷം രക്തപങ്കിലമായിരുന്നു അള്‍ജീരിയന്‍ തെരുവീഥികള്‍. ഗവണ്‍മെന്റ്‌ സേനകളും തീവ്രവാദി സംഘടനകളും തമ്മിലുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടവര്‍ രണ്ട്‌ ലക്ഷത്തോളം. 2002-ലാണ്‌ രക്തചൊരിച്ചിലിന്‌ അറുതിയായത്‌. ശക്തിപ്പെട്ടുവരുന്ന പുതിയ ജനകീയ പ്രക്ഷോഭം രക്തപങ്കിലമാവുമോ എന്ന്‌ അള്‍ജീരിയന്‍ ജനത ന്യായമായും ഭയക്കുന്നു.


ഖദ്ദാഫികോട്ടകളും കുലുങ്ങുന്നു
ആഫ്രിക്കന്‍ നാടുകളില്‍ നിന്ന്‌ കൂലിപ്പടയെ ഇറക്കി ജനകീയപ്രക്ഷോഭത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്‌ ലിബിയന്‍ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിക്ക്‌ പിണഞ്ഞ വലിയ മണ്ടത്തരമെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍. വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ സകല വാര്‍ത്താ വിനിമയ സംവിധാനങ്ങളും വിഛേദിച്ചിരിക്കുകയാണ്‌ ലിബിയയില്‍. ദൃക്‌സാക്ഷികള്‍ വഴിയും മറ്റും പുറംലോകത്തെത്തുന്ന വാര്‍ത്തകള്‍ സ്വാതന്ത്ര്യ പ്രേമികള്‍ക്ക്‌ ആവേശം പകരുന്നതാണെന്ന്‌ അല്‍ജസീറ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഖദ്ദാഫിയുടെ ശക്തിദുര്‍ഗങ്ങള്‍ ഒന്നൊന്നായി നിലംപൊത്തുകയാണ്‌. സൈന്യവും പോലീസും മിക്കയിടങ്ങളിലും പ്രക്ഷോഭകരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്‌. ഖദ്ദാഫി കൂലിപ്പടയെ വരുത്താന്‍ കാരണവും മറ്റൊന്നല്ല.ഇവര്‍ ലക്കും ലഗാനുമില്ലാതെ, മയ്യിത്ത്‌ സംസ്‌കരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ജനക്കൂട്ടത്തിനെതിരെ വെടിവെക്കുകയായിരുന്നു. നൂറ്‌ കണക്കിനാളുകളാണ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌. ഇത്‌ സൃഷ്‌ടിച്ച വന്‍ ജനരോഷം ഖദ്ദാഫിയെ തീര്‍ത്തും ഒറ്റപ്പെടുത്തിയിരിക്കുന്നു.
പോലീസോ പട്ടാളമോ ഖദ്ദാഫിയുടെ ആജ്ഞകള്‍ക്ക്‌ വഴങ്ങുന്നില്ല. തലസ്ഥാനമായ ട്രിപ്പോളിയില്‍ പോലും സൈന്യം ജനപക്ഷത്താണ്‌. കൂലിപ്പട്ടാളത്തെ ഇവിടെ നിന്ന്‌ ഓടിച്ചതും സൈന്യമാണ്‌. മിക്ക തെരുവുകളും പ്രക്ഷോഭകരുടെ നിയന്ത്രണത്തില്‍. പ്രക്ഷോഭത്തിന്‌ തുടക്കം കുറിച്ച ബന്‍ഗാസിയിലും ഖദ്ദാഫിക്ക്‌ നിയന്ത്രണം നഷ്‌ടപ്പെട്ടു. കരസേനയോടൊപ്പം വ്യോമസേനയും പ്രക്ഷോഭകര്‍ക്കൊപ്പം ചേരുന്നുവെന്നാണ്‌ ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരണം.
ഖദ്ദാഫിയുടെ മറ്റൊരു പിന്‍ബലമായിരുന്നു ഗോത്രങ്ങളുടെ പിന്തുണ. ലിബിയയിലെ ഏറ്റവും വലിയ ഗോത്രം റഫ്‌ല പ്രക്ഷോഭകരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഭരണകൂടവുമായി തങ്ങളുടെ എല്ലാ ബന്ധവും അവസാനിച്ചുകഴിഞ്ഞെന്ന്‌ തര്‍ഹൂന ഗോത്രം. മിക്ക സൈനികരും ഈ ഗോത്രക്കാരാണ്‌. തെക്കന്‍ ഭാഗങ്ങളില്‍ പ്രബലരായ ത്വവാരിഖ്‌ ഗോത്രങ്ങളുടെ നിലപാടും ഇതുതന്നെ. ഖദ്ദാഫി കൂട്ടക്കൊല അവസാനിപ്പിച്ചില്ലെങ്കില്‍ വിദേശരാജ്യങ്ങളിലേക്ക്‌ എണ്ണ കയറ്റുമതി ചെയ്യുന്നത്‌ തടയുമെന്നാണ്‌ സവീ ഗോത്രത്തിന്റെ ഭീഷണി.
ഉയര്‍ന്ന തസ്‌തികകളില്‍ ജോലി ചെയ്യുന്ന ലിബിയന്‍ ഡിപ്ലോമാറ്റുകളും തല്‍സ്ഥാനങ്ങള്‍ രാജിവെച്ചുകൊണ്ടിരിക്കുന്നു. കൂലിപ്പടയെ വിട്ട്‌ സ്വന്തം നാട്ടുകാരെ കശാപ്പ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ചാണ്‌ ഇന്ത്യയിലെ ലിബിയന്‍ അംബാസഡര്‍ അലി ഈസാവി രാജിവെച്ചത്‌. അറബ്‌ ലീഗിലെ ലിബിയന്‍ പ്രതിനിധി അബ്‌ദുല്‍ മുന്‍ഇമും രാജിവെച്ചവരില്‍ ഉള്‍പ്പെടും.


വിമോചനപ്പോരാട്ടങ്ങള്‍ക്ക്‌ കരുത്ത്‌
പകര്‍ന്ന്‌ സിറിയന്‍ ബ്ലോഗര്‍

മധ്യപൗരസ്‌ത്യ ദേശത്തെ സ്വാതന്ത്ര്യ പ്രേക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന മറ്റൊരു പേര്‌ കൂടി- ത്വല്‍ മലൂഹി. സിറിയയിലെ കൗമാരക്കാരിയായ ബ്ലോഗര്‍. 19 വയസ്സ്‌. അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌ 2009 ഡിസംബറില്‍. സെക്കന്ററി സ്‌കൂള്‍ പരീക്ഷയെഴുതാന്‍ തയാറെടുത്തുകൊണ്ടിരിക്കെയാണ്‌ മലൂഹിയെ സിറിയന്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പിന്നെ യാതൊരു വിവരവുമില്ല. പീഡനങ്ങളെത്തുടര്‍ന്ന്‌ മലൂഹി കൊല്ലപ്പെട്ടുവെന്ന്‌ വരെ അഭ്യൂഹം പരന്നു; സുരക്ഷിതയാണെന്ന്‌ പിന്നീട്‌ സ്ഥിരീകരിക്കപ്പെട്ടു.
ഒരു വിദേശ ശക്തിക്ക്‌ (അമേരിക്ക) വേണ്ടി ചാരവൃത്തി നടത്തി എന്നാണ്‌ ഈ കൗമാരക്കാരിക്ക്‌ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. അവള്‍ നടത്തിയിരുന്ന മൂന്ന്‌ ബ്ലോഗുകള്‍ അരിച്ച്‌ പെറുക്കിയാലും കുറ്റാരോപണത്തെ ശരിവെക്കുന്ന ഒന്നും കണ്ടുകിട്ടുകയില്ല. കുടുംബം ഇസ്‌ലാമിക ജീവിതം നയിക്കുന്നതിനാല്‍ തീവ്രവാദബന്ധമുണ്ടെന്നായി പിന്നീട്‌ ആരോപണം. മലൂഹിയെ കോടതി അഞ്ചു വര്‍ഷം തടവിന്‌ ശിക്ഷിച്ചു എന്നാണ്‌ ഏറ്റവും ഒടുവില്‍ പുറത്ത്‌ വന്ന വിവരം. അറസ്റ്റ്‌ ചെയ്യപ്പെട്ടതിന്‌ ശേഷം മാതാപിതാക്കള്‍ പോലും മലൂഹിയെ കണ്ടിട്ടില്ല. കോടതിയില്‍ വിചാരണ പ്രഹസനം നടക്കുമ്പോള്‍ മലൂഹിക്ക്‌ വേണ്ടി പേരിനു പോലും ഒരഭിഭാഷകനെ വെച്ചു കൊടുത്തില്ല. ഫേസ്‌ബുക്കിനും യൂടൂബിനും സിറിയയില്‍ നിരോധം നീക്കിയ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു ഈ ശിക്ഷാവിധിയും. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരെ ജയിലിലടക്കുന്ന ഒരു ഭരണകൂടം, ഫേസ്‌ബുക്ക്‌ നിരോധം നീക്കിയതുകൊണ്ട്‌ എന്തു കാര്യം എന്ന്‌ വിമര്‍ശകര്‍ ചോദിക്കുന്നു.
ഇന്ന്‌ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന പ്രതീകമായി ഈ കൗമാരക്കാരി മാറിക്കഴിഞ്ഞു. അവളുടെ മോചനമാവശ്യപ്പെട്ട്‌ ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മകള്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിച്ചിരിക്കുകയാണ്‌.



ചെയ്‌ത കുറ്റമറിയാതെ 30 വര്‍ഷം ജയിലില്‍
ഇത്‌ നബീല്‍ മഗ്‌രിബി. ഈജിപ്‌തില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന രാഷ്‌ട്രീയ തടവുകാരന്‍. ഇപ്പോള്‍ വയസ്സ്‌ 71. പലവിധ രോഗങ്ങളാല്‍ അവശന്‍. ഒറ്റ ആഗ്രഹമാണ്‌ ഇനി ബാക്കിയുള്ളത്‌. മരിക്കുന്നത്‌ സ്വന്തം വീട്ടില്‍ വെച്ചായിരിക്കണം, മക്കളുടെയും പേരമക്കളുടെയും ഇടയില്‍.
ഈജിപ്‌ഷ്യന്‍ രഹസ്യസേനയിലെ ഒരു റിസര്‍വ്‌ പട്ടാളക്കാരന്‍ മാത്രമായിരുന്നു നബീല്‍ മഗ്‌രിബി. ഉദ്യോഗത്തില്‍ ചേര്‍ന്നത്‌ 1973-ല്‍. 1979-ല്‍ അന്‍വര്‍ സാദാത്തിന്റെ ഭരണകൂടം അദ്ദേഹത്തെ എന്തോ കാരണം പറഞ്ഞ്‌ തടവിലിട്ടു. ഇദ്ദേഹം ജയിലിലായിരിക്കെ 1981ലാണ്‌ അന്‍വര്‍ സാദാത്ത്‌ വധിക്കപ്പെടുന്നത്‌. എന്നിട്ടും പ്രതിപ്പട്ടികയില്‍ നബീല്‍ മഗ്‌രിബിയുടെ പേര്‌! പിന്നെ വിചാരണ പ്രഹസനങ്ങളുടെ പരമ്പര.നാല്‌ കേസുകളിലായി 53 വര്‍ഷത്തെ കഠിന തടവ്‌! ഹുസ്‌നി മുബാറക്‌ അധികാരമേല്‍ക്കുന്നതിന്‌ മുമ്പ്‌ ജയിലിലായ ഈ മനുഷ്യന്‍ മുപ്പത്‌ വര്‍ഷം കഴിഞ്ഞ്‌ മുബാറക്‌ പുറത്ത്‌ പോയിട്ടും ഇപ്പോഴും ജയിലില്‍ തന്നെ.
കാട്ടിലെ നിയമം എത്രയോ ഭേദമാണ്‌ മുബാറകിന്റെ പ്രാകൃത നിയമത്തേക്കാള്‍- നബീല്‍ മഗ്‌രിബി രോഷം കൊള്ളുന്നു. രാഷ്‌ട്രീയ തടവുകാര്‍ക്ക്‌ നേരെ കള്ളക്കേസുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കും. `വിവരങ്ങള്‍ പുറത്ത്‌ വിട്ടു' എന്ന പേരില്‍ 1995-ല്‍ അദ്ദേഹത്തിനെതിരെ വീണ്ടും കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെട്ടു. കഠിന തടവിന്‌ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക്‌ എന്ത്‌ വിവരങ്ങള്‍ കിട്ടാനാണ്‌, എന്നിട്ടല്ലേ അത്‌ പരസ്യപ്പെടുത്തല്‍! നബീല്‍ ചോദിക്കുന്നു. പുതിയ ഭരണ സംവിധാനം വരുന്നതോടെ തന്റെ അന്ത്യാഭിലാഷം പൂവണിയുമെന്ന പ്രതീക്ഷയിലാണ്‌ ഈ വയോവൃദ്ധന്‍.



 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly