Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


തെരുവിലേക്കിറങ്ങരുത്‌
ഫെബ്രുവരി 12 (ലക്കം 35)ല്‍ വന്ന ശാഫി മൊയ്‌തുവിന്റെ കത്താണ്‌ ഈ കുറിപ്പിന്റെ പ്രചോദനം. മുജാഹിദ്‌ വിമര്‍ശനങ്ങളെ തെരുവില്‍ നേരിടരുത്‌ എന്നാണ്‌ എന്റെയും അഭിപ്രായം.
ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, ജമാഅത്ത്‌ അനുഭാവിയായി മാറിയ ഒരു പഴയ മുജാഹിദ്‌ സുഹൃത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, സുന്നികള്‍ക്ക്‌ മുജാഹിദുകളെ കുറിച്ചുള്ളതിനേക്കാള്‍ തെറ്റിദ്ധാരണകള്‍ മുജാഹിദുകള്‍ക്ക്‌ ജമാഅത്തിനെക്കുറിച്ചുണ്ട്‌. എന്റെ അനുഭവങ്ങളും ഇതിനെ ശരിവെക്കുന്നതാണ്‌. മുജാഹിദ്‌ പക്ഷത്ത്‌ നിന്നുയരുന്ന ചോദ്യങ്ങളിലും ആരോപണങ്ങളിലും ഭൂരിപക്ഷവും തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. അതുകൊണ്ട്‌ വാക്‌ തര്‍ക്കങ്ങള്‍ ഫലം ചെയ്യില്ല. വ്യക്തി ബന്ധങ്ങളിലൂടെയും മറ്റും ജമാഅത്ത്‌ പുസ്‌തകങ്ങളോടും സി.ഡികളോടുമുള്ള വികര്‍ഷണം മാറ്റിയെടുക്കുകയും ലിഖിത രൂപത്തില്‍ ആശയ സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ്‌ ഉത്തമം.
മുജാഹിദുകള്‍ക്കെതിരെയുള്ളതടക്കം അമ്പതോളം പുസ്‌തകങ്ങള്‍ എഴുതിയ ഒരു സുന്നീ പണ്ഡിതന്‍, പിന്നീട്‌ മുജാഹിദ്‌ ആശയക്കാരനായപ്പോള്‍, ഇസ്‌ലാഹ്‌ മാസിക ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍, തങ്ങളുടെ നേതാക്കളായിരുന്ന പേരോട്‌ അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതന്മാരുടെ പുസ്‌തകങ്ങളില്‍ കൊടുക്കുന്ന ഉദ്ധരണികള്‍ മൂലഗ്രന്ഥങ്ങള്‍ പരിശോധിക്കാതെ സ്വീകരിക്കുകയും സ്വന്തം പുസ്‌തകങ്ങളില്‍ ചേര്‍ക്കുകയും ആയിരുന്നു പതിവെന്നും, ഒരിക്കല്‍ `ബറാഅത്തി'നെക്കുറിച്ച ഒരു ഉദ്ധരണി യാദൃഛികമായി പരിശോധിക്കേണ്ടിവന്നപ്പോഴാണ്‌ തെറ്റ്‌ ബോധ്യമാവാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറയുകയുണ്ടായി. ജമാഅത്ത്‌ വിമര്‍ശനത്തില്‍ മുജാഹിദുകളുടെ അവസ്ഥയും ഇതുതന്നെയാണ്‌. ഇത്‌ സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ മാത്രം ബാധകമായതാണ്‌ എന്ന എന്റെ ധാരണ മാറ്റിയത്‌ ശബാബിലെ ഒരു ലേഖനമാണ്‌. 1998-ലെ ശബാബില്‍ ജമാഅത്ത്‌ ആശയങ്ങള്‍ മൗദൂദി സാഹിബിന്റെ നിര്‍മിതിയാണ്‌ എന്ന്‌ മര്‍ഹൂം കെ.സി അബ്‌ദുല്ല മൗലവിക്ക്‌ അഭിപ്രായമുണ്ടെന്ന്‌ സ്ഥാപിക്കാന്‍ കൊടുത്ത കൃത്രിമ ഉദ്ധരണിക്ക്‌ അന്നുതന്നെ മറുപടി കൊടുത്തതാണ്‌. ആ മറുപടി ഉള്‍ക്കൊള്ളുന്ന മുഖാമുഖം എന്ന പുസ്‌തകം ഐ.പി.എച്ചില്‍ ഇപ്പോഴും ലഭ്യമാണ്‌. എന്നിട്ടും ഏതാനും മാസം മുമ്പ്‌ ജമാഅത്ത്‌ വിമര്‍ശന രംഗത്ത്‌ പിച്ച വെക്കുന്ന ഒരാള്‍ അതേ കൃത്രിമ ഉദ്ധരണി വീണ്ടും എഴുതുകയും ശബാബില്‍ അത്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരിക്കുന്നു!
`പുളിക്കല്‍ കരാര്‍' ജമാഅത്തുകാരുടെ വ്യാജ സൃഷ്‌ടിയാണെന്ന്‌ മുജാഹിദിലെ പുതിയ തലമുറ പറയാന്‍ തുടങ്ങിയ സ്ഥിതിക്ക്‌, സത്യമറിയാവുന്ന പഴയ തലമുറ മണ്‍മറയുന്നതിന്‌ മുമ്പ്‌ അത്തരം ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ ജമാഅത്ത്‌ തീര്‍ച്ചയായും ശ്രമിക്കേണ്ടതാണ്‌.
ഈയിടെയായി ശക്തിയല്‍പം കൂടിയ മുജാഹിദ്‌ വിമര്‍ശനങ്ങള്‍ക്കാനുപാതികമായി ജമാഅത്ത്‌ വിശദീകരണങ്ങളും അധികമായിരിക്കുന്നു. ഇത്തരം പരിപാടികള്‍ നിര്‍ബന്ധമായും തെരുവുകളില്‍നിന്ന്‌ ഹാളുകളിലേക്ക്‌ മാറ്റേണ്ടതാണ്‌. മാത്രമല്ല, പ്രസംഗങ്ങള്‍ കുറച്ച്‌, ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ അധികം സമയം മാറ്റിവെക്കേണ്ടതുണ്ട്‌.
അദ്‌നാന്‍ പെരിന്തമല്‍ണ്ണ
[email protected]


പള്ളിപ്പറമ്പുകള്‍ കൃഷിയോഗ്യമാക്കിക്കൂടേ?
കേരളത്തിലെ പഴയ പള്ളികള്‍ തരിശായ, ഇടക്കിടക്ക്‌ മീസാന്‍ കല്ലുകള്‍ പാകിയ ഖബ്‌റുകളും മറ്റുമുള്ള വലിയ പറമ്പുകളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. പല പള്ളിപ്പറമ്പുകളും കാടു പിടിച്ച്‌ കിടക്കുകയാണ്‌. തരിശായി കിടക്കുന്ന ഈ വഖ്‌ഫ്‌ സ്വത്തുക്കളെ നോക്കി നെടുവീര്‍പ്പിടാനേ നമുക്ക്‌ കഴിയുന്നുള്ളൂ. കാരണം, വഖ്‌ഫ്‌ സ്വത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലാ എന്ന്‌ എന്തോ അലിഖിത നിയമം ഉണ്ടെന്ന്‌ തോന്നും കേരളത്തിലെ ഒട്ടുമിക്ക പള്ളി പറമ്പുകളുടെയും അവസ്ഥ കണ്ടാല്‍! ഏക്കര്‍ കണക്കിന്‌ വരുന്ന പള്ളി പറമ്പുകള്‍ ആവശ്യത്തിനുള്ള സ്ഥലം മാത്രം ഖബ്‌ര്‍സ്ഥാനുകള്‍ക്ക്‌ ഉപയോഗിക്കുകയും ശേഷിക്കുന്നവ കാര്‍ഷിക ഉപയോഗത്തിന്‌ നീക്കിവെക്കുന്നതുമല്ലേ ഉചിതം? കാര്‍ഷിക വൃത്തിക്ക്‌ വേണ്ടി തൊഴിലാളികളെ തേടി അലയേണ്ടതുമില്ല. കാരണം, സുബ്‌ഹി നമസ്‌കാരാനന്തരം നാം തെരുവിലൂടെ നടന്ന്‌ നോക്കൂ, എത്ര മനുഷ്യരാണ്‌ ശരീരത്തിലെ ദുര്‍മേദസ്‌ കളയാനായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത്‌. സമൂഹം പാഴാക്കുന്ന മനുഷ്യോര്‍ജം ഇത്തരം ഭൂമികളില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അവര്‍ക്ക്‌ ലഭിക്കുന്നത്‌ ശാരീരികവും മാനസികവുമായ സന്തോഷമായിരിക്കുകയില്ലേ? ഓരോ നമസ്‌കാര സമയങ്ങളിലും പള്ളികളില്‍ അംഗശുദ്ധി വരുത്തുന്ന ജലം ഇപ്പോള്‍ പലയിടത്തും പാഴായി പോകാറാണ്‌ പതിവ്‌. വലിയ പള്ളികളില്‍ തടിച്ച്‌ കൂടുന്ന ജനങ്ങള്‍ ഉപയോഗിക്കുന്ന പൈപ്പ്‌ വെള്ളം ഇത്തരം കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. ഇത്തരം പ്രവൃത്തികള്‍ നാട്ടിലെ നാനാജാതി മതസ്ഥരെ ഉപയോഗപ്പെടുത്തി ചെയ്യുമ്പോള്‍ നാട്ടില്‍ സൗഹൃദ കൂട്ടായ്‌മയുമുണ്ടാകും. പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്ന നമ്മുടെ കാഴ്‌ചപ്പാട്‌ പൊതു സമൂഹത്തിന്‌ അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയും ചെയ്യും.
റഷീദ്‌ പാണാടന്‍
ഹിദായത്ത്‌ നഗര്‍, കളമശ്ശേരി




ഇസ്‌ലാം തേടിപ്പോയ നാം
ചെറുപ്പകാലം മുതലേ വാമൊഴിയും വരമൊഴിയുമായി കേട്ടുകൊണ്ടിരുന്ന ചേരമാന്‍ പെരുമാള്‍ മാലിക്‌ ദീനാര്‍ കഥകളിലേറെയും പടിഞ്ഞാറിന്റെ നുണയായിരുന്നുവെന്ന്‌ പി.ടി കുഞ്ഞാലിയുടെ ചരിത്ര പഠനം കൊണ്ടറിയാനായത്‌ ഭാഗ്യമായി കരുതുന്നു (ചേരമാന്‍ പെരുമാളും കേരളത്തിന്റെ ഹിജ്‌റയും- ലക്കം 34,35).
വൈവിധ്യമാര്‍ന്ന ഒരുപാട്‌ ചരിത്ര രേഖകള്‍ ശേഖരിച്ചു പഠനവും മനനവും നടത്തി തയാറാക്കിയ ഈ പ്രബന്ധം അഭിമാനവും അനുഭൂതിയും പകരുന്നതാണ്‌. ഇസ്‌ലാം നമ്മിലേക്ക്‌ എത്തുകയല്ല, നാം ഇസ്‌ലാം തേടിപ്പോവുകയായിരുന്നു എന്ന അറിവ്‌ വെച്ചു നോക്കുമ്പോള്‍, ഒരു പക്ഷേ അതുകൊണ്ടൊക്കെയായിരിക്കുമോ, നമ്മുടെ നാടിനു പണ്ടേക്കു പണ്ടേ ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന്‌ നാട്ടുകാര്‍ വിളിപ്പേരായി പറഞ്ഞുപോന്നിട്ടുണ്ടാവുക?
ഇന്നും ചരിത്രത്തെ വളച്ചൊടിക്കാനും കാവി പൂശാനും കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവര്‍, ഈ ചരിത്ര രേഖകളില്‍ കൂടി ഒന്ന്‌ കണ്ണോടിക്കുകയെങ്കിലും ചെയ്‌തിരുന്നെങ്കില്‍!
മമ്മൂട്ടി കവിയൂര്‍
മസ്‌കത്ത


വില്ലന്മാര്‍
``പണ്ട്‌ ഇംഗ്ലീഷ്‌ സിനിമകളില്‍ കമ്യൂണിസ്റ്റുകാരായിരുന്നു സ്ഥിരം വില്ലന്മാര്‍. കാലം ചെന്നപ്പോള്‍ റഷ്യക്കാരായി ദുഷ്‌ട കഥാപാത്രങ്ങള്‍. ഇപ്പോള്‍ മിക്ക സിനിമകളിലും മുസ്‌ലിം പേരുകളാണ്‌ വില്ലത്തരങ്ങളുടെ ആള്‍രൂപങ്ങള്‍'' (സംവിധായകന്‍ പ്രിയ നന്ദനന്‍, 2011 ഫെബ്രുവരി 5, മാതൃഭൂമി). സ്വതന്ത്രമെന്ന്‌ പലരും കരുതുന്ന സിനിമാരംഗത്തെ സാമ്രാജ്യത്വം എങ്ങനെയാണ്‌ ഹൈജാക്ക്‌ ചെയ്യുന്നതെന്ന്‌ ഈ നിരീക്ഷണം നമുക്ക്‌ ചൂണ്ടിക്കാട്ടിത്തരുന്നു. ശത്രുവിനെ മുന്‍കൂട്ടി നിശ്ചയിക്കുകയും അതിനെതിരെ സാംസ്‌കാരിക നിഴല്‍ യുദ്ധം നടത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണ്‌ സിനിമാ രംഗത്തെ ഇത്തരം നീക്കങ്ങളെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
മുമ്പ്‌ കമ്യൂണിസത്തെ ശത്രുപക്ഷത്ത്‌ നിര്‍ത്തി. അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ കരുനീക്കങ്ങള്‍, ഇന്ന്‌ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ അതിശക്തവും ആസൂത്രിതവുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
പ്രബുദ്ധമെന്ന്‌ കരുതുന്ന മലയാള സിനിമയെ പോലും ഇത്തരം അധിനിവേശ നീക്കങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്ന്‌ സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിത്തരുന്നു.
നിസാര്‍ പൂവാര്‍



കലീമിന്റെ പ്രബോധനം
പ്രബോധനം ലക്കം 32 ഒരു ചരിത്ര രേഖയാണ്‌. അസിമാനന്ദയുടെ മതം മാറ്റിയ അബ്‌ദുല്‍ കലീമിനെ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ പരിചയപ്പെടുത്തിയിരിക്കുന്നു. ആദര്‍ശ ധീരനായ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്‍ കലീമില്‍ ഉണ്ട്‌.
സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ കാവി ഭീകരത, സി. ദാവൂദിന്റെ രണ്ട്‌ സമ്മേളനങ്ങള്‍; രണ്ട്‌ സന്ദേശങ്ങള്‍ എന്നിവ നമ്മുടെ സമുദായത്തിലെ ദീനീ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും വായിച്ച്‌ ആഴത്തില്‍ ചിന്തിക്കേണ്ടതാണ്‌. പെരുമാറ്റത്തിലെ സൗമ്യത `വഴിവെളിച്ചം' പോലെ തോന്നുന്നു. അത്തരം സൃഷ്‌ടികള്‍ ഇസ്‌ലാം എന്താണെന്ന്‌ പഠിക്കാന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രയോജനപ്പെടും.
പി. സൂപ്പി കുറ്റിയാടി


ആകാശഭൂമികളുടെ സൃഷ്‌ടിപ്പ്‌
ഖുര്‍ആനില്‍
2011 ജനുവരി 29-ന്റെ പ്രബോധനത്തില്‍ പ്രഫ. പി.എ വാഹിദിന്റെ `ഈശ്വരവിശ്വാസത്തിന്റെ ശാസ്‌ത്രാടിസ്ഥാനം' എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ `ഭൂമി-ആദ്യം സൃഷ്‌ടിക്കപ്പെട്ട പ്രപഞ്ച ഘടകം'എന്നത്‌ ശാസ്‌ത്രം തെളിയിക്കാനിരിക്കുന്ന ഒരു ഖുര്‍ആനിക സിദ്ധാന്തമായി അവതരിപ്പിച്ചിരിക്കുന്നു. ഉദ്ധരിക്കപ്പെട്ട സൂക്തത്തിലെ (ഖുര്‍ആന്‍ 41:11) `സുമ്മ' എന്ന അറബി പദം `ഒന്നിന്‌ ശേഷം മറ്റൊന്ന്‌' എന്ന അര്‍ഥത്തിലുള്ള `പിന്നെ' എന്നാണ്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ഈ അര്‍ഥം കല്‍പിക്കുകയാണെങ്കില്‍ ആറ്‌ ദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ഭൂമിയെ സൃഷ്‌ടിച്ച്‌ സംവിധാനിക്കുകയും അതിന്‌ ശേഷം രണ്ടു ദിവസങ്ങളിലായി ആകാശത്തെ സൃഷ്‌ടിക്കുകയും ചെയ്‌തു എന്ന്‌ വരുന്നു. അതായത്‌ ആകാശഭൂമികളുടെ സൃഷ്‌ടിപ്പ്‌ നടന്നത്‌ എട്ടു ദിവസങ്ങളായി! ഇത്‌ ഖുര്‍ആനില്‍ തന്നെ പലയിടത്തായി വ്യക്തമാക്കുന്ന `അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്‌ടിച്ചു' എന്ന പ്രസ്‌താവനക്ക്‌ വിരുദ്ധമാണ്‌.
`സുമ്മ' എന്ന അറബി പദത്തിന്‌ മേല്‍ പറഞ്ഞ അര്‍ഥത്തിന്‌ പുറമെ `കൂടാതെ', `അതിന്‌ പുറമെ' (moreover, besides) എന്നും അര്‍ഥമുണ്ട്‌. `ആറു ദിവസങ്ങളിലായി ഭൂമിയെ സൃഷ്‌ടിച്ച്‌ സംവിധാനിച്ചു. കൂടാതെ, ആകാശത്തിന്‌ നേര്‍ക്ക്‌ തിരിഞ്ഞു, രണ്ടു ദിവസങ്ങളിലായി അതിനെ സംവിധാനിച്ചു.' അഥവാ ഭൂമിയുടെയും ആകാശത്തിന്റെയും സൃഷ്‌ടിപ്പ്‌ ഒരേയവസരത്തില്‍ തന്നെ നടന്നുവെന്നര്‍ഥം.
ഇതേയര്‍ഥത്തില്‍ `സുമ്മ' എന്ന പദം മറ്റൊരിടത്തും ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്‌ കാണാം- സൂറഃ ബലദില്‍ സൂക്തം 17. `അഗതികള്‍ക്ക്‌ ആഹാരം നല്‍കുക, കൂടാതെ വിശ്വസിച്ചവരില്‍ പെടുകയും ചെയ്യുക' സല്‍ക്കര്‍മം ചെയ്‌തതിനു ശേഷം വിശ്വസിച്ചവരില്‍ പെടാനല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതെന്ന്‌ വ്യക്തം. വിശ്വാസമില്ലാത്ത സല്‍ക്കര്‍മം അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലല്ലോ. ഇതേ അര്‍ഥത്തില്‍ തന്നെയാണ്‌ 41:11-ലും `സുമ്മ' എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ കാണാന്‍ കഴിയും.
ഡോ. ഹുസൈന്‍ ഖത്തര്‍
[email protected]


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly