Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


അന്ധവിശ്വാസികളുടെ നഗ്നനായ രാജാവ്‌
ഇഹ്‌സാന്‍

അധികാരസ്ഥാനങ്ങളിലിരിക്കാന്‍ പ്രത്യേകിച്ച്‌ യോഗ്യതയൊന്നും ആവശ്യമില്ലാത്ത രാഷ്‌ട്രീയ മേഖലയില്‍നിന്ന്‌ അശ്ലീലവും അധമവുമായ വാര്‍ത്തകളേ നാം കേള്‍ക്കാറുള്ളൂ. അത്തരം മിനിമം ബുദ്ധിനിലവാരം പോലുമില്ലാത്ത ചപ്പടാച്ചികളാണ്‌ കര്‍ണാടകയില്‍ നിന്നും പുറത്തു വരുന്നത്‌. രാഷ്‌ട്രീയ എതിരാളികളെ തറപറ്റിക്കാനാവുമെന്ന്‌ ഏതെങ്കിലും കണിയാന്‍ വിശ്വസിപ്പിച്ചാല്‍ പൊതുനിരത്തിലൂടെ തുണിയുടുക്കാതെ നടക്കാന്‍ പോലും തയാറാണെന്ന്‌ സംസ്ഥാന മുഖ്യമന്ത്രി യദിയൂരപ്പ തെളിയിച്ചു കഴിഞ്ഞു. സ്വന്തം കഴിവുകളെ കുറിച്ച്‌ ഒട്ടും ആത്മവിശ്വാസമില്ലാത്ത ഇതുപോലൊരു ഇന്ത്യന്‍ മുഖ്യമന്ത്രിയെ കണ്ടെത്തുക പ്രയാസം. എതിരാളികള്‍ മന്ത്രജാലം നടത്തി തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന അസംബന്ധം പൊതുസമൂഹത്തോടു വിളിച്ചു പറയാന്‍ പോലും യെദിയൂരപ്പ തയാറായി. ഈ സംസ്ഥാനത്തെ കുറിച്ച്‌ മൊത്തത്തിലും ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളെ കുറിച്ച്‌ പൊതുവെയും കേള്‍ക്കുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വിരലിലെണ്ണാവുന്ന രാഷ്‌ട്രീയ നേതാക്കളാണ്‌ ഇന്ത്യയില്‍ `യെദിയൂരപ്പ'മാരല്ലാത്തവരായി ഉള്ളത്‌. ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും ജനതാദള്‍ സെക്യുലറിന്റെയുമൊക്കെ നേതാക്കള്‍ സ്വന്തം കൈയിലിരിപ്പല്ല, ആകാശത്തെ നക്ഷത്രവും ഗ്രഹവുമാണ്‌ തങ്ങളുടെ കാലം തെളിയിക്കുന്നതെന്ന വങ്കത്തത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ്‌ അവിടെ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.
ജവഹര്‍ലാല്‍ നെഹ്‌റുവിനെ മാറ്റിനിര്‍ത്തിയാല്‍ പ്രധാനമന്ത്രിമാരുടെ കാര്യം പോലും ഇങ്ങനെയൊക്കെയായിരുന്നു. ശത്രുകോപത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കെ. കരുണാകരന്റെ ഉപദേശ പ്രകാരം കാടാമ്പുഴയില്‍ മുട്ടറുത്ത്‌ അരയില്‍ ഏലസ്സ്‌ കെട്ടി നടന്ന കാലത്താണ്‌ ഇന്ദിരാഗാന്ധിയെ അവര്‍ പതിവായി സ്വപ്‌നം കണ്ടിരുന്നതു പോലെ രണ്ട്‌ `താടിക്കാര്‍' വന്ന്‌ വെടിവെച്ചു കൊന്നത്‌. സുവര്‍ണക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനു ശേഷം സിഖുകാരെ സെക്യൂരിറ്റി ജോലിയില്‍ നിന്ന്‌ ഒഴിവാക്കുന്നതാണ്‌ നല്ലതെന്ന ഇന്റലിജന്‍സ്‌ ഉപദേശം സ്വീകരിക്കുന്നതിനു പകരം മുട്ടറുക്കാന്‍ പോയ ഇന്ദിരക്ക്‌ സ്വയംകൃതാനര്‍ഥം പോലെയാണ്‌ ആ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്‌. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ വന്ന്‌ ഒരു കഴുതയെ തലവെട്ടിക്കൊന്നാല്‍ എല്ലാ ഏടാകൂടങ്ങളും അവസാനിക്കുമെന്ന്‌ വിശ്വസിച്ച യെദിയൂരപ്പ ഏറ്റവുമൊടുവില്‍ ചെയ്യുന്നത്‌ തന്റെ ശാപം അവസാനിക്കാനായി തുണിയുരിഞ്ഞ്‌ നിലത്തു കിടന്നുറങ്ങുകയാണ്‌. അദ്ദേഹത്തിന്റെ ക്രിയകളൊന്നും ഫലിക്കുന്നില്ലെന്നാണല്ലോ കര്‍മങ്ങള്‍ ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നതിന്റെ മറുവശം. സ്വന്തം പേരിന്റെ അക്ഷരവും വീട്ടിന്റെ വാതിലും സ്വീകരണസ്ഥലവുമൊക്കെ `ശാസ്‌ത്രവിധി' പ്രകാരം മാറ്റിയിട്ടും കാറിന്റെ നാലു ടയറിനടിയിലും ദിവസവും ചെറുനാരങ്ങ വെച്ചിട്ടും മന്ത്രിമാരുടെ പോക്കറ്റുകളില്‍ ചുവന്ന തൂവാല തിരുകിയിട്ടും എത്തിപ്പെടാവുന്ന മുഴുവന്‍ ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ ചെലവില്‍ യാഗം നടത്തിച്ചിട്ടും ഇതാണവസ്ഥ. ആന്ധ്രയിലെ മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.ആര്‍ ദുര്‍ബാധകളില്‍ നിന്ന്‌ രക്ഷപ്പെടാനായി സ്‌ത്രീ വേഷം കെട്ടിയാണ്‌ രാത്രി ഉറങ്ങാറുണ്ടായിരുന്നതത്രെ. `കവടിനിരത്തല്‍ ശാസ്‌ത്ര'ത്തിന്റെ ഉപാസകനായ ദേവഗൗഡക്ക്‌ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്‌ കാലെടുത്തു വെക്കാന്‍ ജോത്സ്യന്‍ കൊടുത്ത നല്ല ദിവസം ജൂലൈ അഞ്ചും പുറത്തിങ്ങാന്‍ അന്നവിടെ `കെയര്‍ടേക്കറാ'യി താമസമുണ്ടായിരുന്ന നരസിംഹറാവുവിന്‌ കിട്ടിയ ജോത്സ്യന്റെ തീയതി ജൂലൈ പത്തുമായിരുന്നു! അതുകൊണ്ട്‌ രണ്ട്‌ പ്രധാനമന്ത്രിമാര്‍ ഒരേവീട്ടില്‍ അഞ്ച്‌ ദിവസം തങ്ങിയ പരിഹാസ്യത പോലും ഈ രാജ്യത്ത്‌ അരങ്ങേറിയിട്ടുണ്ട്‌. ന്യൂദല്‍ഹിയിലെ മന്ത്രിമാരില്‍ നിന്നും തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ മന്ത്രി കസേരകളുടെ കാലുകളിലും ഓഫീസിന്റെ വാതിലിലും തൂങ്ങിയാടുന്ന ചരടുകളും തകിടുകളും ഇന്ന്‌ സര്‍വസാധാരണമാണ്‌. വലിയ പുരോഗമനവാദിയായി ചമഞ്ഞു നടക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്‌ അധ്യക്ഷനു പോലും മധ്യപ്രദേശില്‍ ഒരു ആത്മീയ ഗുരുവുണ്ട്‌. അദ്ദേഹത്തില്‍ നിന്ന്‌ സമയം വാങ്ങിയാണ്‌ ടിയാന്‍ രാഷ്‌ട്രീയ നീക്കങ്ങള്‍ നടത്തുന്നത്‌.
രാഹു സമയങ്ങളിലും ഗ്രഹനിലകളിലും വിശ്വാസമില്ലാതെ കര്‍ണാടക ഭരിച്ചത്‌ എച്ച്‌.ഡി കുമാരസ്വാമി മാത്രമായിരിക്കണം. നീണ്ട 17 കൊല്ലത്തെ ഇടവേളക്കു ശേഷം 2006-ല്‍ തമിഴ്‌നാട്‌ അതിര്‍ത്തിയിലെ പട്ടണമായ ചാമരാജനഗര്‍ സന്ദര്‍ശിച്ച ആദ്യത്തെ മുഖ്യമന്ത്രിയായതോടെയാണ്‌ അന്ധവിശ്വാസങ്ങളില്‍ തനിക്ക്‌ താല്‍പര്യമില്ലെന്ന്‌ കുമാര സ്വാമി തെളിയിച്ചത്‌. അവിടെ പോയാല്‍ അടുത്ത തവണ ജയിക്കില്ലെന്നാണ്‌ ഈ സംസ്ഥാനത്തെ പൊതുസങ്കല്‍പ്പം. ബി.ജെ.പി ഭരണം തുടങ്ങിയതില്‍ പിന്നെ കര്‍ണാടകയിലെങ്ങും ജോത്സ്യന്മാരുടെയും കവടിനിരത്തലുകാരുടെയും ശുക്രദശയാണിപ്പോള്‍. തന്റെ കഴിവില്ലായ്‌മയെ അന്ധവിശ്വാസങ്ങളിലേക്കു ചേര്‍ത്തികെട്ടി പൊതുജനത്തെ മയക്കിക്കിടത്തുന്നത്‌ ഒരു മുഖ്യമന്ത്രിയാണെന്നോര്‍ക്കുക! സൂക്ഷ്‌മവായനയില്‍ ഇതൊരുതരം മതദുരുപയോഗമായാണ്‌ മാറുന്നത്‌. `ഹൈന്ദവ' രോഷം ഭയന്ന്‌ പ്രതിപക്ഷം ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു റാലി പോലും ഈ മുഖ്യമന്ത്രിക്കെതിരെ നടത്തിയിട്ടില്ല. ഇപ്പോഴത്തെ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സിദ്ധരാമയ്യ തനിക്ക്‌ ദൈവവിശ്വാസമില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുന്നയാളാണ്‌. പ്രതിപക്ഷം ദുര്‍മന്ത്രവാദം നടത്തുന്നുണ്ടെന്ന യെദിയൂരപ്പയുടെ ആരോപണം ദൈവവിശ്വാസിയല്ലാത്ത തനിക്ക്‌ മാനഹാനി ഉണ്ടാക്കിയെന്ന്‌ ആരോപിച്ച്‌ കേസു കൊടുത്തിരിക്കുകയാണ്‌ സിദ്ധരാമയ്യ ഇപ്പോള്‍. അതേസമയം കര്‍ണാടക എന്ന സംസ്ഥാനത്ത്‌ ഒരു പൊതുപരിപാടി പോലും ജോത്സ്യമാരുടെ കോലാഹലമില്ലാതെ നടക്കുന്നില്ല. പൊതുമുതലിന്റെ നല്ലൊരു പങ്കും ദോഷനിവാരണ പൂജകള്‍ക്കും ശത്രുസംഹാരത്തിനുമായി വളഞ്ഞ വഴികളിലൂടെ ചെലവാക്കുന്നതിനെതിരെ അവിടെയാരും കേസു കൊടുക്കുന്നുമില്ല.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly