ഇതിഹാസ നായകന്റെ പട്ടണപ്രവേശം.
ഹുസൈന്‍ കടന്നമണ്ണ
``ആശ്ചര്യപ്പെടേണ്ട, ഈ കണ്ണീര്‍ സ്വാഭാവികമായി ഒലിച്ചിറങ്ങുന്നതാണ്. എന്റെ മക്കള്‍ ദേശീയ പതാകയേന്തി ഈജിപ്‌തുകാരുടെ പൊതുസ്വത്തായ ഈ മൈതാനത്തേക്ക് ജനലക്ഷങ്ങള്‍ക്കൊപ്പം പ്രവേശിക്കുന്നത് കാണുമ്പോള്‍ എനിക്ക് കണ്ണീര്‍ തടഞ്ഞുനിര്‍ത്താനാവുന്നില്ല. ഇന്ന് ആഹ്ലാദത്തിന്റെ ദിനമാണ്. ഈ കണ്ണീര്‍ ആമോദത്തിന്റെ കണ്ണീരാണ്. മാതൃരാജ്യത്തെ കേവലം ചൈതന്യമറ്റ പതാകയും ദേശീയഗാനവും കാല്‍പന്തുകളിയും ആശാഹീനരായ കലാകാരന്മാരുടെ ഗാനശില്‍പങ്ങളുമായി തരംതാഴ്‌ത്തിയ നെറികെട്ട ഭരണകൂടത്തിനെതിരെ നേടിയ ചരിത്രവിജയത്തിന്റെ ആരവം!''
ഈജിപ്‌ഷ്യന്‍ വിപ്ലവത്തിന്റെ ഹൃദയഭൂമിയായ തഹ്‌രീര്‍ മൈതാനത്ത് ഏതാനും മിനിറ്റുകള്‍ക്കകം ആരംഭിക്കാന്‍ പോകുന്ന ജുമുഅ പ്രഭാഷണത്തിനും പ്രാര്‍ഥനക്കും സാക്ഷിയാവാന്‍ കുടുംബസമേതം വന്നണയുമ്പോഴാണ് ക്രിസ്‌ത്യാനിയായ സുബ്‌ഹി അസീസ് അല്‍ ജസീറ പ്രതിനിധിയോട് മനസ്സ് തുറന്നത്. അദ്ദേഹത്തെയും മറ്റു ആയിരക്കണക്കിന് ക്രിസ്‌ത്യാനികളെയും അവരുടെ ക്രൈസ്‌തവത ഇന്നത്തെ ജുമുഅ പ്രഭാഷണത്തില്‍ സംബന്ധിക്കുന്നതില്‍നിന്ന് തടയുന്നില്ല.
ആരാണ് പ്രഭാഷകന്‍? ഈജിപ്‌തിന്റെ വീരപുത്രനും വിശ്വപ്രശസ്‌ത പണ്ഡിതനും വാഗ്മിയുമായ ഡോ. യൂസുഫുല്‍ ഖറദാവി.
മൈതാനവും പരിസരങ്ങളും ജനലക്ഷങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടുന്നതിനിടയില്‍ `എന്റെ പ്രിയപ്പെട്ട മുസ്‌ലിം-ക്രൈസ്‌തവ സഹോദരന്മാരേ' എന്ന അഭിസംബോധനയോടെയാരംഭിച്ച പ്രഭാഷണം ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെടുമാര്‍ ആശയ ഗാംഭീര്യമുറ്റതും കനപ്പെട്ടതുമായിരുന്നു. പ്രഭാഷണം മുറുകി വാക്കുകള്‍ സംഗീതമായപ്പോള്‍ അവയുടെ ആരോഹണവരോഹണം സൃഷ്‌ടിച്ച താളലയത്തില്‍ ശ്രോതാക്കള്‍ വിലയം പ്രാപിച്ചു.
താന്‍ ജീവിതത്തില്‍ അഭിസംബോധന ചെയ്‌ത ഏറ്റവും വലിയ ജനക്കൂട്ടം ദയൂബന്ദിലെ ദാറുല്‍ ഉലൂം സര്‍വകലാശാലയുടെ ജൂബിലിയാഘോഷനാളിലെ ജനക്കൂട്ടമാണെന്ന് ഖറദാവി പല സന്ദര്‍ഭങ്ങളിലും അനുസ്‌മരിച്ചിട്ടുണ്ട്. ഇന്ത്യയിലെ അല്‍ അസ്‌ഹര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ സ്ഥാപനത്തിന്റെ ജൂബിലായാഘോഷത്തില്‍ അന്ന് പങ്കെടുത്തത് ഒരു ദശലക്ഷമാളുകളാണത്രെ. എന്നാല്‍ രണ്ടാഴ്‌ച മുമ്പുള്ള വെള്ളിയാഴ്‌ച ആ റെക്കോര്‍ഡ് തിരുത്തി. രണ്ട് ദശലക്ഷത്തില്‍ പരമായിരുന്നു തഹ്‌രീര്‍ മൈതത്തേക്കൊഴുകിയെത്തിയ ജനക്കൂട്ടം.
ഖറദാവിയും
ജനുവരി വിപ്ലവവും
ഈജിപ്‌ഷ്യന്‍ വിപ്ലവത്തിന് നാന്ദി കുറിച്ച് ആദ്യ തീപ്പൊരി വീണ വേളയില്‍ തന്നെ ഖറദാവി അതിന് കലവറയില്ലാത്ത പിന്തുണയേകി. സ്റ്റേജും പേജുമുള്‍പ്പടെ സകല വേദികളുമുപയോഗിച്ച് വിപ്ലവത്തിന് ഇന്ധനം പകര്‍ന്നു.വിപ്ലവ ദൗത്യമേറ്റെടുത്ത ഈജിപ്‌ഷ്യന്‍ ജനതക്ക് വിശിഷ്യാ യുവാക്കള്‍ക്ക് ആവേശം പകര്‍ന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. ലോക ഇസ്‌ലാമിക സമൂഹത്തോട് അവരെ പിന്തുണക്കാന്‍ അഭ്യര്‍ഥിച്ചു. ഭരണകൂടം പ്രകടനക്കാര്‍ക്കെതിരെ ഹിംസാത്മക നടപടികളാരംഭിച്ചപ്പോള്‍ അതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ``പ്രകടനക്കാരോട് പരിഷ്‌കൃതവും നാഗരികവുമായ നിലപാടെടുക്കുന്ന ഇതര രാജ്യങ്ങളെപ്പോലെ ഈജിപ്‌തും പെരുമാറുമെന്ന് ഞാനാശിച്ചു. പ്രകടനക്കാര്‍ യാതൊരു അതിക്രമവും ഹിംസയും അനുവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ വിശേഷിച്ചും. ആവിഷ്‌കാര സ്വാതന്ത്ര്യം മനുഷ്യന്റെ മൗലികാവകാശമാണ്''- അദ്ദേഹം പറഞ്ഞു.
പ്രകടനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത് ഹറാമാണെന്ന ഫത്‌വ അദ്ദേഹം നല്‍കുകയുണ്ടായി. `വധാര്‍ഹനാക്കുന്ന ക്രൂരകൃത്യങ്ങളൊന്നും ചെയ്യാത്ത പ്രകടനക്കാരനു നേരെ നിറയൊഴിക്കുന്ന പോലീസുകാരന്‍ കുറ്റവാളിയും പാപിയുമാണ്' എന്ന് പറഞ്ഞ ഖറദാവി പ്രകടനക്കാര്‍ പോലീസുകാരെ ആക്രമിക്കുന്നതും പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്നതും കര്‍ശനമായി വിലക്കി. അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ വിപ്ലവകാരികളില്‍ ഏറെ സ്വാധീനം ചെലുത്തി. സത്യം പറഞ്ഞാല്‍ വിപ്ലവത്തിന്റെ ഒന്നാം തീയതി തന്നെ അവര്‍ അദ്ദേഹത്തെ തങ്ങളുടെ ആത്മീയാചാര്യനും മാര്‍ഗദര്‍ശിയുമായി പ്രതിഷ്‌ഠിച്ചു കഴിഞ്ഞിരുന്നു. ഓരോ സന്ദര്‍ഭത്തിലും അല്‍ജസീറ ചാനലിലൂടെയുള്ള ഖറദാവിയുടെ ആഹ്വാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും കാതോര്‍ക്കുകയായിരുന്നു അവര്‍. തുനീഷ്യയിലാവട്ടെ ഈജിപ്‌തിലാവട്ടെ പ്രകടനത്തില്‍ മരിക്കുന്നവര്‍ രക്തസാക്ഷികളാണെന്ന ഫത്‌വ നല്‍കിയ പണ്ഡിതന്മാരില്‍ പ്രഥമ ഗണനീയനാണ് ഖറദാവിയെന്നതും ഇത്തരുണത്തില്‍ സ്‌മരണീയം. കാരണം അവര്‍ നീതിക്കും സ്വാതന്ത്ര്യത്തിനുമായി തെരുവിലിറങ്ങിയവരാണ്.
പ്രകടനക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്ന ഖറദാവി പ്രസിഡന്റ് ഹുസ്‌നി മുബാറകിനോട് അധികാരം വിട്ടൊഴിയാന്‍ നിരന്തരമാവശ്യപ്പെടുകയുണ്ടായി. പതിറ്റാണ്ടുകളായി വിനഷ്‌ടമായ സ്വാതന്ത്ര്യവും നീതിയും വീണ്ടെടുക്കാനായി തെരുവിലിറങ്ങിയ നിരപരാധികളുടെ രക്തം ചിന്തുന്നതൊഴിവാക്കാന്‍ അതാണ് കരണീയമെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. ``ഭരണകൂടത്തിന്, കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും ചിന്തിക്കുന്ന ബുദ്ധിയുമുണ്ടാവണം. ഇക്കണ്ടയത്ര ചലനങ്ങളും മാറ്റങ്ങളുമുണ്ടായിട്ട് ഭരണകൂടം അത് കാണാതിരിക്കുന്നതും ഈ ശബ്‌ദങ്ങളത്രയും കേള്‍ക്കാതിരിക്കുന്നതും ബുദ്ധി അടഞ്ഞുപോകുന്നതും വല്ലാത്ത ദുരന്തം തന്നെ!'' അദ്ദേഹം ഉറക്കെ പറഞ്ഞു. സലഫീധാരയില്‍ പെട്ട പല കൊട്ടാര പണ്ഡിതന്മാരും അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ അഖീദ പ്രകാരം ഭരണകൂടത്തിനെതിരെ ഇറങ്ങിപ്പുറപ്പെടുന്നത് വിലക്കപ്പെട്ട കാര്യമാണെന്ന് വിധിയുദ്ധരിച്ച് കോപ്രായം കളിച്ചിരുന്ന ഘട്ടത്തിലാണ് ഖറദാവി ധീരമായ നിലപാടെടുത്തത്. ചില പണ്ഡിതന്മാര്‍ നിരായുധരായ ഈ വിപ്ലവകാരികളെ നാലാം ഖലീഫ അലിക്കെതിരെ കലാപം നടത്തിയ ഖവാരിജുകളോട് വരെ സാദൃശ്യപ്പെടുത്തുകയുണ്ടായി.
ഇങ്ങനെ, അക്രമത്തിനും അനീതിക്കുമെതിരെയുള്ള ജനകീയ വിപ്ലവത്തിന് സര്‍വ പിന്തുണയുമേകി ഖറദാവി സംഭവവികാസങ്ങളുടെ ന്യൂക്ലിയസില്‍ നിലയുറപ്പിച്ചു. വിപ്ലവം വിജയിച്ച ശേഷം വന്നണഞ്ഞ ആദ്യ വെള്ളിയാഴ്‌ച തന്നെ അതിന്റെ ശില്‍പികളായ യുവാക്കള്‍ ഖറദാവിയെ തഹ്‌രീര്‍ മൈതാനത്തേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അദ്ദേഹം അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ജുമുഅ നമസ്‌കാരത്തിന് നേതൃത്വമേകി. 30 വര്‍ഷത്തെ ഇടവേളക്കു ശേഷം! അതൊരു ചരിത്ര നിയോഗമായിരുന്നു. ഇതിഹാസനായകന്റെ പട്ടണപ്രവേശം ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ ആവേശതരംഗങ്ങള്‍ സൃഷ്‌ടിച്ചു.
ഖറദാവിയുടെ ജുമുഅ പ്രഭാഷണം ഈജിപ്‌ഷ്യന്‍ ഔദ്യോഗിക ചാനലുള്‍പ്പെടെ അറബ്‌ലോകത്തുള്ള മിക്ക ചാനലുകളും തത്സമയം സംപ്രേക്ഷണം ചെയ്‌തു. പിറ്റേന്നിറങ്ങിയ പത്രങ്ങള്‍ സംഭവത്തിന് വന്‍ കവറേജാണ് നല്‍കിയത്. അന്നത്തെ ജുമുഅ പ്രഭാഷണത്തിലുന്നയിക്കപ്പെട്ട പല ആവശ്യങ്ങളും താല്‍ക്കാലിക ഭരണകൂടം ഉടനടി നടപ്പാക്കിയെന്നതും അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചതും ഗസ്സ നിവാസികള്‍ക്ക് സൗകര്യമേകി റഫാഹ് പാത തുറന്നു കൊടുത്തതും ആറ് മാസത്തിനുള്ളില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതും ഖറദാവിയുടെ പ്രഭാഷണത്തിനു ശേഷമാണ്.
ഖറദാവി തഹ്‌രീര്‍ മൈതാനത്ത് നടത്തിയ ജുമുഅ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
``വിപ്ലവം ഒടുങ്ങിയിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ. അത് പൂര്‍ണതയിലെത്തുന്നതുവരെ നാം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണം. ഇക്കാര്യത്തില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും മറ്റെല്ലാ ചിന്താധാരകളും ഐക്യത്തോടെ നിലയുറപ്പിക്കണം. വംശീയ വിഭാഗീയ പ്രശ്‌നങ്ങള്‍ സത്യത്തില്‍ ഹുസ്‌നി മുബാറകിന്റെയും കൂട്ടാളികളുടെയും അജണ്ടയായിരുന്നു. അഭിശപ്‌തമായ വിഭാഗീയതകളത്രയും ഈ മൈതാനത്ത് നാം കുഴിച്ചു മൂടിയിരിക്കുന്നു. വിപ്ലവം പൂര്‍ണമായി വിജയിക്കുന്നതു വരെ ക്ഷമിക്കുക. വിപ്ലവ നേട്ടങ്ങള്‍ മോഷ്‌ടിക്കപ്പെടുന്നത് കരുതിയിരിക്കണം. കപടന്മാരെ തിരിച്ചറിയുക.
ഈജിപ്‌ഷ്യന്‍ പട്ടാളത്തെ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ഞാന്‍ അഭിവാദ്യം ചെയ്യുകയാണ്, അഭിനന്ദിക്കുകയാണ്. വിപ്ലവത്തെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കാണ് സൈന്യം വഹിച്ചത്. ഈ സൈന്യത്തിന് മാതൃരാജ്യത്തെ വഞ്ചിക്കാനോ വിപ്ലവ ലക്ഷ്യങ്ങളെ അപകടപ്പെടുത്താനോ ഇടവേളയില്‍ നടത്തേണ്ട നവീകരണ നടപടികളില്‍നിന്ന് പിന്മാറാനോ കഴിയില്ല.
ജനങ്ങള്‍ തങ്ങളുടെ രാഷ്‌ട്രീയ സാമ്പത്തിക അവകാശങ്ങള്‍ ഭരണകൂടത്തെ ക്ഷമാപൂര്‍വം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കണം. ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ തളര്‍ച്ചക്ക് ആക്കം കൂട്ടുന്ന നടപടികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടായിക്കൂടാ.
ഹുസ്‌നി മുബാറക് രൂപവത്‌കരിച്ച ഗവണ്‍മെന്റാണ് ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നത്. ഈ ഗവണ്‍മെന്റിനെ പിരിച്ചുവിട്ട് പുതിയ സിവില്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ പട്ടാള കൗണ്‍സില്‍ തയാറാവേണ്ടതുണ്ട്. അതോടൊപ്പം എല്ലാ രാഷ്‌ട്രീയ തടവുകാരെയും നിരുപാധികം വിട്ടയക്കണം. ഈജിപ്‌തിനും ഗസ്സക്കുമിടയിലുള്ള റഫാഹ് പാത നാം തുറന്നിടണം. 30 വര്‍ഷമായി തുടരുന്ന അടിയന്തരാവസ്ഥ എത്രയും വേഗം പിന്‍വലിക്കണം. ജനങ്ങള്‍ സ്വാതന്ത്ര്യമനുഭവിക്കട്ടെ.
അറബ് ഭരണകൂടങ്ങളോട് ഒരു വാക്ക്: നിങ്ങള്‍ അഹന്ത നടിക്കരുത്. പൊന്തിപ്പൊന്തി ചൊവ്വ ഗ്രഹത്തോളം പൊന്തരുത്. ചരിത്ര പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കരുത്. സ്വജനതക്കു മുന്നില്‍ വിലങ്ങുതടിയാവരുത്. ദൈവ നിയോഗങ്ങളോട് പോരടിക്കാന്‍ ആര്‍ക്കുമാവില്ല. പ്രഭാതോദയത്തെ പിടിച്ചുനിര്‍ത്താന്‍ മെനക്കെടുന്നത് പാഴ്‌വേലയാണ്. ദുനിയാവ് ഒരുപാട് മാറിക്കഴിഞ്ഞു. ലോകം ഒട്ടേറെ മുന്നോട്ട് പോയി. അറബ് ലോകത്തിന്റെ അകത്തളം പരിവര്‍ത്തന സജ്ജമായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ജനങ്ങളുടെ മുന്നില്‍ വിലങ്ങുതടികളാവുന്നതിനു പകരം അവരെ ഉള്‍ക്കൊള്ളുക. പൊള്ള വാഗ്‌ദാനങ്ങള്‍ നല്‍കി പറ്റിക്കാതെ സത്യസന്ധമായി സംവദിക്കുക. കീഴടക്കിയും ഒതുക്കിയുമല്ല, മറിച്ച് കാര്യങ്ങളെ യഥാസ്ഥാനത്ത് പ്രതിഷ്‌ഠിച്ചുകൊണ്ടുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ. ആളുകളുടെ ചിന്താശേഷിയെ മാനിച്ചുകൊണ്ട്. അവരുടെ കര്‍മശേഷിയെ പോഷിപ്പിച്ചുകൊണ്ട്....''
[email protected]