Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


വനിതാദിനത്തില്‍
ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ നില

ഫൗസിയ ഷംസ്‌

ചരിത്രം പെണ്‍നോവുകളായി അടയാളപ്പെടുത്തിയ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു കൊണ്ടാണ്‌ ഐക്യരാഷ്‌ട്രസഭ മാര്‍ച്ച്‌ 8 വനിതാദിനമായി വര്‍ഷാവര്‍ഷം ആഘോഷിക്കാന്‍ തീരുമാനിച്ചത്‌. ഒരുകാലത്ത്‌ സ്‌ത്രീ ശരീരത്തില്‍ ആത്മാവുണ്ടോ എന്ന്‌ പരതി, ഒടുവില്‍ ഗര്‍ഭപാത്രത്തിന്റെ ധര്‍മം മാത്രം നിറവേറ്റുന്നവളായി കരുതി, തൊഴിലിടങ്ങളിലെ കരുതല്‍ ധനമായി മാറ്റി നിര്‍ത്തപ്പെട്ടവളുടെ രക്ഷക്കാണ്‌ ഈ ദിനം. വ്യക്തി എന്ന നിലയിലുള്ള എല്ലാ മൗലികാവകാശങ്ങളും ഹനിക്കപ്പെടുന്ന വിധത്തിലുള്ള അക്രമമാണ്‌ തൊഴിലിടങ്ങളിലും പുരയിടങ്ങളിലും പാതയോരത്തും വിദ്യാലയാങ്കണത്തിലും സ്‌ത്രീക്ക്‌ നേരിടേണ്ടി വരുന്നത്‌. പ്രഖ്യാപനങ്ങളും വാക്‌ധോരണികളും മാത്രമായി ഒടുങ്ങുന്ന പല ഓര്‍മദിനങ്ങളിലൊന്നായി വനിതാദിനവും മാറിക്കൊണ്ടിരിക്കുന്നു എന്നാണ്‌ ലോകത്തുടനീളം സ്‌ത്രീക്ക്‌ നേരെ നടക്കുന്ന വര്‍ത്തമാനകാല സംഭവങ്ങള്‍ തെളിയിക്കുന്നത്‌.
ഇന്ത്യയില്‍ 10 ശതമാനം മാത്രമാണ്‌ പാര്‍ലമെന്റിലെ സ്‌ത്രീ പ്രാതിനിധ്യം. ചരിത്രത്തിലാദ്യമായി പതിനഞ്ചാം ലോക്‌സഭയിലാണ്‌ വനിതകള്‍ കൂടുതല്‍ എത്തിയത്‌. 58 വനിതാ എം.പി മാരാണ്‌ നമുക്കുള്ളത്‌. സ്‌ത്രീകളുടെ പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ 135 രാജ്യങ്ങളില്‍ 105-ാം സ്ഥാനത്താണ്‌ ഇന്ത്യ. സ്വീഡന്‍ 47%, റുവാന്‍ഡ 48.8%, ഫിന്‍ലാന്റ്‌41%, അര്‍ജന്റീന 40.5%, നോര്‍വേ, ക്യൂബ, ബെല്‍ജിയം 35-40%, മൊസാംബിക്‌, ഐസ്‌ലന്റ്‌, ന്യൂസിലാന്റ്‌ സൗത്ത്‌ ആഫ്രിക്ക 30-35%, ആസ്‌ട്രിയ ജര്‍മനി, ഉഗാണ്ട, താന്‍സാനിയ 30% എന്നിങ്ങനെയാണ്‌ സ്‌ത്രീ പ്രാതിനിധ്യം.
2010 ലെ യു.എന്‍ ഡവലപ്‌മെന്റ്‌ പ്രോഗ്രാം പുറത്തുവിട്ട കണക്കനുസരിച്ച്‌ സ്‌ത്രീനീതിയില്‍ ഇന്ത്യ മാന്യതയും സമത്വവും പുലര്‍ത്തുന്നില്ലെന്നാണ്‌ വാര്‍ത്ത. പാര്‍ലമെന്ററി പ്രാതിനിധ്യം, തൊഴില്‍രംഗത്തെ പ്രാതിനിധ്യം, വിദ്യാഭ്യാസരംഗത്തെ ശാക്തീകരണം, മാതൃമരണ നിരക്ക്‌, വിവാഹ പ്രായം എന്നിവ അടിസ്ഥാനമാക്കിയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുളളത്‌. പല ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ വളരെ പിറകിലാണ്‌ സ്വാതന്ത്ര്യത്തിന്റെ അറുപത്‌ തികച്ച ഈ ജനാധിപത്യ രാജ്യത്ത്‌ പെണ്ണിന്റെ സ്ഥിതി.
ഇന്ത്യന്‍ ജനതയുടെ പകുതിയിലേറെ സ്‌ത്രീകള്‍ ആദിവാസികളും ദലിതരും അധഃസ്ഥിത പിന്നോക്കക്കാരുമാണ്‌. അവരോടൊപ്പം കൂടാന്‍ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുമുണ്ട്‌. 10% മാത്രം സ്‌ത്രീ സംവരണമുള്ള ജനാധിപത്യ ഇന്ത്യയുടെ പാര്‍ലമെന്റ്‌ സഭയില്‍ മുസ്‌ലിം പ്രാതിനിധ്യം വെറും 2 ശതമാനം മാത്രമാണ്‌. 1952 മുതല്‍ 2009 വരെ ആകെ തെരഞ്ഞെടുക്കപ്പെട്ട 7,906 എംപിമാരില്‍ 542 പേരാണ്‌ വനിതകളായി ഉണ്ടായിരുന്നത്‌. അതില്‍ 14 പേര്‍ മാത്രമാണ്‌ മുസ്‌ലിം പ്രാതിനിധ്യം. നിലവിലെ 52 വനിതാ എം.പിമാരില്‍ 3 പേരാണ്‌ മുസ്‌ലിംകള്‍. ഇന്ത്യന്‍ സ്‌ത്രീത്വം എന്നത്‌ ചാനലുകളില്‍ ഉടുത്തൊരുങ്ങി വരുന്ന വരേണ്യവര്‍ഗം മാത്രമല്ല, ഓസ്‌കാര്‍ കിട്ടാന്‍ മാത്രം `വളര്‍ന്ന' ചേരികളും അവിടെ ജീവിക്കാന്‍ പടവെട്ടുന്ന പിന്നോക്ക ജാതിക്കാരന്റെ ജീവിതങ്ങളും കൂടി ഉള്‍പെട്ടതാണ്‌. അവിടുത്തെ പെണ്ണിനിരിക്കാന്‍ പാര്‍ലമെന്റില്‍ ഇനിയും ഇടം കിട്ടിയിട്ടില്ല. ഭരണഘടനയുടെ 34ാം വകുപ്പ്‌ അനുസരിച്ച്‌ പിന്നോക്ക ജാതിക്കാരുടെ അവസ്ഥ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ രൂപീകരിച്ച കമീഷനുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പട്ടിക ജാതിക്കാരെക്കാള്‍ വളരെ പരിതാപകരമാണ്‌ മുസ്‌ലിംകളുടെ അവസ്ഥ എന്ന്‌ സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഒരു സമൂഹത്തിലെ പ്രബലരെന്ന്‌ പറയപ്പെടുന്ന പുരുഷന്മാര്‍ കൂടി ഉള്‍പ്പെട്ട കണക്കാണിത്‌. അപ്പോള്‍ അതിലെ സ്‌ത്രീകളുടെ അവസ്ഥ പറയേണ്ടതില്ല. പക്ഷേ ഈ അവസ്ഥകള്‍ പരിഹരിക്കാന്‍ കൊണ്ടുവന്ന സംവരണത്തിനുള്ളിലെ സംവരണമെന്ന ആശയത്തെ സവര്‍ണ ഭരണകൂടവും മാധ്യമങ്ങളും ഒന്നിച്ചെതിര്‍ക്കുകയാണുണ്ടായത്‌.
ലിംഗ സമതത്വത്തില്‍ സ്‌ത്രീ പിന്നാക്കം നില്‍ക്കുന്ന ഒരു മേഖല ആരോഗ്യരംഗമാണ്‌. 138 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം 122 ആണ്‌. ജനാധിപത്യം ബാല്യദശ പിന്നിട്ടിട്ടില്ലാത്ത പാക്കിസ്ഥാന്റെയും പട്ടിണിരാജ്യമായ ബംഗ്ലാദേശിന്റെയും പിറകില്‍. പാകിസ്ഥാന്‍ 116-ാം സ്ഥാനത്തും ബംഗ്ലാദേശ്‌ 112-ാം സ്ഥാനത്തുമാണ്‌.
മാതൃമരണത്തിന്റെ കാര്യത്തിലും ചെറുപ്രായത്തില്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തിലും ശിശു മരണ നിരക്കിലും ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്‌. പ്രസവം മൂലമുള്ള മരണത്തില്‍ ഒരു ലക്ഷത്തിന്‌ 450 എന്ന തോതിലാണ്‌ മരണം സംഭവിക്കുന്നത്‌. പാകിസ്ഥാനില്‍ മൂന്നൂറ്റി ഇരുപതാണ്‌ ഇത്‌.
ഇന്ത്യയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പെണ്‍ സാന്നിധ്യം കുറഞ്ഞു വരികയാണ്‌. ഡല്‍ഹിയിലെ സോഷ്യല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ രാജ്യസഭാ പെറ്റീഷന്‍ കമ്മിറ്റിക്ക്‌ നല്‍കിയ റിപ്പോര്‍ട്ട്‌ 1991 ന്‌ ശേഷം ഇന്ത്യയില്‍ പെണ്‍കൊടിമാര്‍ക്ക്‌ ഗര്‍ഭപാത്രത്തില്‍ നിന്നും ഭൂമി കാണാനുള്ള ഭാഗ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്‌. ജനിച്ചുകഴിഞ്ഞുള്ള അവകാശ സമരത്തിനും അവസര സമത്വത്തിനും കാത്തുനില്‍ക്കാതെ ഗര്‍ഭപാത്രത്തിന്റെ ഇരുളില്‍ ആധുനിക യന്ത്രസാമഗ്രികളാല്‍ ചത്തൊടുങ്ങാനാണ്‌ ഇരുപത്തൊന്നാം നൂററാണ്ടിലും പെണ്ണിന്റെ വിധി.
ഉയര്‍ന്ന സാക്ഷരതാ നിരക്കും സാമൂഹ്യ അവബോധവും കൊണ്ട്‌ പെണ്‍സാന്നിധ്യം തുല്യമായി നില്‍ക്കുന്ന കേരളത്തില്‍ പോലും പതിവ്‌ തെറ്റിച്ചുകൊണ്ട്‌ ഭ്രൂണഹത്യ അരങ്ങു തകര്‍ക്കുകയാണ്‌. കേരളത്തിലെ ആണ്‍പെണ്‍ ജനസംഖ്യാനുപാതം ആയിരം ആണ്‍കുട്ടികള്‍ക്ക്‌ 927 പെണ്‍കുട്ടികള്‍ എന്നാണ്‌. പഞ്ചാബ്‌ 798, ഹരിയാന 819, ഗുജറാത്ത്‌ 869 എന്ന നിരക്കിലാണ്‌ ലിംഗാനുപാതം. ഇന്ത്യന്‍ ജനസംഖ്യയില്‍ സ്‌ത്രീ സാന്നിധ്യം കുറഞ്ഞു വരുന്നതിന്റെ ഒരു കാരണം പെണ്ണിന്റെ തലക്കുമുകളില്‍ ഡമോക്ലസിന്റെ വാള്‍ കണക്കെ നില്‍ക്കുന്ന സ്‌ത്രീധനമാണ്‌. നിര്‍ധനരായ മാതാപിതാക്കള്‍ നെന്മണി വായില്‍ ഇട്ടുകൊടുത്തും 500 രൂപ ചെലവാക്കി 50 ലക്ഷം സമ്പാദിക്കൂ എന്ന ബോര്‍ഡിനു നേരെ പാഞ്ഞടുത്തും തങ്ങളുടെ പെണ്‍കുഞ്ഞിനെ കൊന്നുകളയുന്നു.
പെണ്‍കുഞ്ഞിനെ കളയാനായി ഭ്രൂണഹത്യ ക്യാമ്പിനു ചുറ്റും കൂടുന്നത്‌ ഏറിയ കൂറും സാമ്പത്തികഭദ്രതയുള്ള നഗരവാസികളാണ്‌ എന്നാണ്‌ അടുത്തിടെ നടന്ന പഠനം തെളിയിച്ചത്‌. ആദിവാസി ഗ്രാമീണ പെണ്ണിനെക്കാള്‍ സ്വന്തം അസ്‌തിത്വത്തില്‍ അഭിമാനിക്കാന്‍ ചങ്കൂറ്റമില്ലാത്തവളാണ്‌ പരിഷ്‌കൃതയെന്ന്‌ പറയുന്ന നഗരവാസി സ്‌ത്രീ എന്നതിന്റെ തെളിവ്‌.
ലിംഗഅസമത്വം ഏറ്റവും കൂടുതല്‍ പ്രകടമായ സ്ഥലമാണ്‌ തൊഴില്‍മേഖല. 36% മാത്രമാണ്‌ ഈ രംഗത്തെ സ്‌ത്രീ പ്രാതിനിധ്യം. ഇന്ത്യന്‍ ജനാധിപത്യ പരിപോഷണമേഖലയില്‍ എണ്ണം പറഞ്ഞ പെണ്‍സാന്നിധ്യത്തെ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ അവസ്ഥ അളക്കാനാവില്ല. എന്നാല്‍ ഈ രംഗത്തെ പീഡനഗ്രാഫ്‌ കുത്തനെ ഉയരുന്നുമുണ്ട്‌. തൊഴിലിടങ്ങളിലെ സ്‌ത്രീപീഡനവും ലൈംഗികഅതിക്രമങ്ങളും അവസാനിപ്പിക്കാന്‍ ദേശീയ വനിതാകമ്മീഷന്റെ നേതൃത്വത്തില്‍ 2010 ല്‍ തയാറാക്കപ്പെട്ട കരട്‌ ബില്ലിന്‌ മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും പരാതി സത്യമാണെന്ന്‌ തെളിയിക്കേണ്ട ബാധ്യത പരാതിക്കാരിക്കാണ്‌. വീട്ടുജോലിക്കാരിയായ സ്‌ത്രീകള്‍ ഈ ബില്ലിന്റെ പരിധിയില്‍ വരുന്നുമില്ല. പ്രൊഫഷനല്‍ രംഗത്തും സര്‍ക്കാര്‍ സര്‍വീസിലും കയറിപറ്റിയവര്‍ തുല്യവേതനത്തില്‍ പണിയെടുക്കുന്നുണ്ടെങ്കിലും പകലന്തിയോളം ആരാന്റെ അടുക്കളയിലും പാതയോരത്തും ജീവിതത്തോട്‌ മല്ലിടുന്ന അസംഘടിത വര്‍ഗത്തിന്‌ മതിയായ കൂലിയോ ലൈംഗികാതിക്രമത്തില്‍ നിന്നുള്ള പരിരക്ഷയോ ഇല്ല. തുല്യജോലിയില്‍ ഏര്‍പ്പെടുന്ന സ്‌ത്രീക്കും പുരുഷനും തുല്യവേതനം കൊടുക്കണമെന്നാണ്‌ ഭരണഘടനാ മാര്‍ഗനിര്‍ദ്ദേശക തത്ത്വം അനുച്ഛേദം 32 ല്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ ഇന്നും നടപ്പിലായിട്ടില്ല. ബലാത്സംഗത്തിനും പീഡനത്തിനും ഇരയാകേണ്ടി വരുമ്പോള്‍ അത്‌ സ്‌ത്രീയുടെ കുറ്റം കൊണ്ടാണെന്നാണ്‌ സമൂഹത്തിന്റെ വിലയിരുത്തല്‍.
ഏറ്റവും വലിയ, എഴുതപ്പെട്ട ഭരണഘടനയുള്ള ഇന്ത്യയില്‍ അതിന്റെ ആമുഖത്തില്‍ തന്നെ ഓരോ പൗരന്റെയും മൗലികാവകാശം ഉറപ്പുവരുത്തുന്നു. സ്‌ത്രീപുരുഷ വ്യത്യാസം ഇല്ലാതെ തുല്യതയും നിയമസംരക്ഷണവും ഉറപ്പുവരുത്തുന്നു. 376-ാം വകുപ്പിലാണ്‌ ബലാത്സംഗത്തിനുള്ള ശിക്ഷ എഴുതിചേര്‍ത്തത്‌. എന്നാല്‍ ഇന്ന ്‌തൊഴിലിടങ്ങളില്‍ അന്തസ്സോടെയും മാന്യതയോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നില്ലെന്നു മാത്രമല്ല, മാനവും ജീവനും സ്‌ത്രീക്ക്‌ നഷ്ടപ്പെട്ടുപോകുകയും ചെയ്യുന്നുണ്ട്‌. ബലാത്സംഗകുറ്റത്തിന്‌ ശിക്ഷിക്കാന്‍ വകുപ്പുകള്‍ ഉണ്ടെങ്കിലും അത്‌ പ്രകാരം പുരുഷന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന്‌ മാത്രമല്ല, ഇരയായ സ്‌ത്രീക്ക്‌ നാടുവിട്ടോടുകയോ ജീവന്‍ നഷ്ടപ്പെടുത്തുകയോ ചെയ്യേണ്ടിവരുന്ന അവസ്ഥയാണ്‌. പ്രബുദ്ധമെന്ന്‌ പറയുന്ന കേരള മണ്ണില്‍ പോലും പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടികള്‍ ശവമഞ്ചമേറിപ്പോവുകയോ ഊരും പേരും വെളിവാക്കാനാവാതെ എവിടെയോ ഇരുളില്‍ മറഞ്ഞിരിക്കുകയോ ചെയ്യുന്നു. എന്നാല്‍ കൃത്യം നടത്തിയ മാന്യന്മാര്‍ അധികാരലങ്കാര സുഖങ്ങള്‍ക്ക്‌ നടുവില്‍ വിലസുന്നു.
കാര്‍ഷിക കെടുതി മൂലം ആത്മഹത്യ ചെയ്‌ത വിദര്‍ഭയിലെ കര്‍ഷകര്‍ ഇട്ടേച്ചുപോയ അനേകം കലാവതിമാരും, മറമാടാന്‍ ഒരു തുണ്ട്‌ ഭൂമിപോലും ഇല്ലാതെ അധികാരി മുറ്റത്ത്‌ പട്ടട തീര്‍ക്കേണ്ടി വന്ന ദലിതര്‍ ബാക്കിയാക്കിയ സ്‌ത്രീകളും, ചാരിത്ര്യം പിച്ചിച്ചീന്തപ്പെട്ട ഇളം മേനികളുമാണ്‌ ഇടത്‌ വലത്‌ സവര്‍ണ അധികാരി വര്‍ഗം വനിതാദിനത്തിന്‌ നൂറ്‌ വയസ്സു തികയുന്ന വേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‌ ബാക്കിവെച്ചത്‌.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly