ബോക്സിംഗ്, റസ്ലിംഗ്, കാളപ്പോര്
ശൈഖ് അബ്ദുല്‍ അസീസ് ഇബ്നുബാസ്
ബോക്സിംഗ്, ഫ്രീ റസ്ലിംഗ്, കാളപ്പോര്
എന്നിവയെക്കുറിച്ചുള്ള ഇസ്ലാമിക വിധി എന്താണ്?
ശരീരത്തിന് മാരകമായ പരിക്കേല്‍പിക്കുന്നതിനാല്‍ ബോക്സിംഗും യാതൊരു ന്യായവുമില്ലാതെ മൃഗങ്ങളെ പീഡിപ്പിക്കുന്നതിനാല്‍ കാളപ്പോരും നിഷിദ്ധമാണ്. എന്നാല്‍ ശരീരത്തിന് പരിക്കേല്‍ക്കാത്തതോ നഗ്നത വെളിപ്പെടുത്താത്തതോ ആയ റസ്ലിംഗ് ആണെങ്കില്‍ കുഴപ്പമില്ല. യസീദ്ബ്നു റയാനുമായി നബി(സ) മല്‍പ്പിടുത്തം നടത്തുകയും അയാളെ നബി തോല്‍പ്പിക്കുകയും ചെയ്തതായി ഹദീസില്‍ വന്നിട്ടുണ്ട്. ഇസ്ലാം വിരോധിക്കാത്ത കാര്യങ്ങള്‍ വന്നിട്ടില്ലെങ്കില്‍ ഈ വിഷയത്തില്‍ 'അനുവദനീയം' എന്നതാണ് പൊതുതത്ത്വം. ഇത് സംബന്ധമായി റാബിത്വതുല്‍ ആലമില്‍ ഇസ്ലാമിയുടെ കീഴില്‍ മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിഖ്ഹ് കൌണ്‍സിലിന്റെ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു.
ബോക്സിംഗ്
നമ്മുടെ നാട്ടില്‍ ഇന്ന് ബോക്സിംഗ് റിംഗുകളിലും മറ്റും നടക്കുന്ന മത്സരങ്ങള്‍ ശരീഅത്തിന്റെ ദൃഷ്ടിയില്‍ അനുവദനീയമാവുകയില്ല. കാരണം മത്സരത്തിലെ ഓരോ പ്രതിയോഗിയും ശ്രമിക്കുന്നത് അപരന് ശാരീരികമായി മാരകമായ ദ്രോഹമേല്‍പ്പിക്കാനാണ്. അത് ചിലപ്പോള്‍ അന്ധതക്കും തലച്ചോറില്‍ മാരകമായി ക്ഷതമേല്‍ക്കാനും കാരണമായേക്കും. അല്ലെങ്കില്‍ ഗുരുതരമായ ഒടിവും ചതവുമൊക്കെയായിരിക്കും ഏല്‍ക്കുന്നത്. മരണം സംഭവിച്ച് കൂടായ്കയുമില്ല. എന്നാല്‍ ഇടിച്ചയാള്‍ക്കാകട്ടെ ഇതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ല. ഇടിച്ച് വീഴ്ത്തിയവനെ കാണികള്‍ ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുകയും ചെയ്യും. പിടിച്ച് നില്‍ക്കാനാവാതെ പ്രതിയോഗി നിലത്ത് വീണതാണ് അവരെ സന്തോഷിപ്പിക്കുന്നത്. ഇതൊരിക്കലും ഇസ്ലാമികദൃഷ്ട്യാ അംഗീകരിക്കാനാവില്ല. "നിങ്ങള്‍ സ്വയം നാശത്തിലേക്ക് എടുത്ത് ചാടരുത്'' (അല്‍ബഖറ 195), "നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്'' (അന്നിസാഅ് 29) എന്നീ ഖുര്‍ആനിക വചനങ്ങളും 'ഉപദ്രവിക്കുകയോ ഉപദ്രവമേല്‍ക്കുകയോ അരുത്' എന്ന നബിവചനവുമാണ് ഉപോദ്ബലകമായ തെളിവുകള്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്: നീ എന്റെ രക്തമൊഴുക്കിക്കോ/ എന്നെ വധിച്ചോ എന്നൊരാള്‍ മറ്റൊരാള്‍ക്ക് അനുവാദം നല്‍കിയാലും അയാളെ വധിക്കാന്‍ പാടില്ല. വധിച്ചാല്‍ അതിനുള്ള ശിക്ഷയും ലഭിക്കും. ഫിഖ്ഹ് കൌണ്‍സില്‍ മറ്റൊരു കാര്യവും കൂടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്: ബോക്സിംഗ് ഒരു കായിക വിനോദമാണെന്ന് പറയാനാവില്ല. കാരണം കായിക വിനോദം കായിക ക്ഷമതയെ ആസ്പദിച്ചുള്ളതാണ്, എതിര്‍ കളിക്കാരനെ ഉപദ്രവിക്കുകയോ പരിക്കേല്‍പിക്കുകയോ അല്ല അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ശരീരത്തിന് ഹാനികരമാവുന്ന ഇത്തരം ബോക്സിംഗ് മത്സരങ്ങള്‍ പ്രോഗ്രാമുകളില്‍നിന്ന് എടുത്ത് കളയേണ്ടതാണ്. അത്തരം മത്സരങ്ങള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതും ശരിയല്ല. കാരണം പുതുതലമുറ അതു കണ്ട് പഠിക്കാനും അനുകരിക്കാനും സാധ്യതയുണ്ട്.
ഫ്രീ റസ്ലിംഗ്
ഫ്രീ റസ്ലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത് എതിരാളിയെ ശാരീരികമായി അപകടപ്പെടുത്തലാണെങ്കില്‍ ബോക്സിംഗിന്റെ വിധി തന്നെ അതിനും. എന്നാല്‍ ചിലയിനം റസ്ലിംഗ് കായിക വിനോദം മാത്രമാണ്. എതിരാളിയെ ഉപദ്രവിക്കുന്നത് അവിടെ അനുവദിക്കപ്പെടുകയില്ല. അത്തരം മത്സരങ്ങള്‍ നടത്തുന്നതില്‍ കുഴപ്പമില്ല എന്നാണ് ഫിഖ്ഹ് കൌണ്‍സിലിന്റെ അഭിപ്രായം.
കാളപ്പോര്
പലയിനം കാളപ്പോരുകള്‍ നടക്കാറുണ്ട്. പരിശീലനം കിട്ടിയ കായികാഭ്യാസി തന്റെ കൈയിലുള്ള ആയുധം കൊണ്ട് കാളയെ കൊല്ലുന്നതായിരിക്കും അതിന്റെ പര്യവസാനം. ഇതും ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധമാണ്. കാരണം ഒരു മൃഗത്തെ വെറുതെ പീഡിപ്പിച്ചു കൊല്ലുകയാണ്. കാള മത്സരിക്കാനിറങ്ങിയവനെ കൊല്ലുന്ന സംഭവങ്ങളും ധാരാളമാണ്. ഇത് കാട്ടാളത്തവും പ്രാകൃതവുമാണ്. പ്രവാചകന്‍ പറഞ്ഞു: "ഒരു പൂച്ചയെ കെട്ടിയിട്ടതിന് ഒരു സ്ത്രീക്ക് നരകത്തില്‍ പോകേണ്ടി വന്നു. കെട്ടിയിട്ടപ്പോള്‍ അവളതിന് തിന്നാനോ കുടിക്കാനോ കൊടുത്തില്ല. കെട്ടഴിച്ച് വിട്ടിരുന്നെങ്കില്‍ അത് ഭൂമിയില്‍ പരതി നടന്ന് എന്തെങ്കിലുമൊക്കെ തിന്നേനെ.''
ഒരു പൂച്ചയെ കെട്ടിയിട്ടത് പോലും അന്ത്യദിനത്തില്‍ നരകപ്രവേശത്തിന് കാരണമാവുമെങ്കില്‍, കാളയെ പീഡിപ്പിച്ചുകൊല്ലുന്നയാളുടെ അവസ്ഥയെന്തായിരിക്കും?
തമ്മിലുള്ള പോര്
മൃഗങ്ങളെയും പക്ഷികളെയും തമ്മില്‍ തമ്മില്‍ പോര് നടത്തിക്കുന്നതും ചില നാടുകളില്‍ കണ്ട് വരുന്നുണ്ട്. ഒട്ടകങ്ങള്‍ തമ്മില്‍, ആടുകള്‍ തമ്മില്‍, കോഴികള്‍ തമ്മില്‍... ഇങ്ങനെ. ഏതെങ്കിലുമൊന്ന് ചാവുന്നത് വരെ പോര് നീണ്ട് നില്‍ക്കും. ഇതും നിഷിദ്ധം തന്നെ.