Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


പാശ്ചാത്യ ലോകത്ത്‌ സാംസ്‌കാരിക ബഹുത്വം യാഥാര്‍ഥ്യമാകുമോ?
സ്വിസ്റ്റര്‍ലണ്ടിലെ ദാവോസില്‍ ചേര്‍ന്ന വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറത്തിന്റെ യോഗത്തിലെന്ന പോലെ ജര്‍മനിയിലെ മ്യൂണിച്ചില്‍ ഫെബ്രുവരി രണ്ടാം വാരം ചേര്‍ന്ന 47-ാം സെക്യൂരിറ്റി കോണ്‍ഫറന്‍സിലും മുഖ്യ ചര്‍ച്ച അറേബ്യന്‍ നാടുകളില്‍ വളരുന്ന രാഷ്‌ട്രീയ പ്രക്ഷോഭമായിരുന്നു. ഈ വിപ്ലവങ്ങള്‍ തങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെന്തൊക്കെയാണെന്നുമായിരുന്നു ഇക്കണോമിക്‌ ഫോറം കാര്യമായി ചിന്തിച്ചത്‌. മധ്യപൂര്‍വദേശത്തെ സംഭവവികാസങ്ങളെ കുറെക്കൂടി ആഴത്തിലും പരപ്പിലും നോക്കിക്കാണുകയായിരുന്നു മ്യൂണിച്ച്‌ കോണ്‍ഫറന്‍സ്‌. സമ്മേളനത്തിന്റെ മുഖ്യ അജണ്ട നിലവിലുള്ള ആഗോള സുരക്ഷാ പദ്ധതിയായിരുന്നുവെങ്കിലും ആ വിഷയം പോലും ചര്‍ച്ച ചെയ്‌തത്‌ മധ്യ പൂര്‍വ ദേശത്തെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ്‌. ലോക സമാധാന പരിപാടികളിലും ലോക സമ്പദ്‌ഘടന നിശ്ചയിക്കുന്നതിലും അറബ്‌ ജനതക്ക്‌ നേതൃത്വപരമായ പങ്കാളിത്തമോ കര്‍തൃത്വമോ ഇല്ല. പക്ഷേ, ഈ രണ്ട്‌ വിഷയങ്ങളും പാശ്ചാത്യരുടെ കരങ്ങളിലൊതുങ്ങിയിരിക്കുന്നത്‌ അറബ്‌ ലോകത്തും അവിടത്തെ വിഭവങ്ങളിലും നിലനില്‍ക്കുന്ന അവരുടെ മേല്‍ക്കോയ്‌മ കൊണ്ടാണ്‌. ഒന്നാം ലോക യുദ്ധത്തെതുടര്‍ന്ന്‌ ഉസ്‌മാനിയാ ഖിലാഫത്തിന്‌ അന്ത്യം കുറിച്ച ശേഷം പാശ്ചാത്യര്‍ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്‌ നിര്‍മിച്ചുനല്‍കിയ വ്യവസ്ഥയുയടെ അടിത്തറയിളകുന്നതിന്റെ ലക്ഷണങ്ങളാണ്‌ അറേബ്യന്‍ സംഭവവികാസങ്ങള്‍. ഈജിപ്‌താണ്‌ ആ വ്യവസ്ഥയുടെ നെടുംതൂണ്‌. ഹുസ്‌നി മുബാറകിന്റെ പതനം ഈജിപ്‌തിന്റെ മാത്രം പതനമല്ല, ഒരു ലോക വ്യവസ്ഥയുടെ തന്നെ പതനത്തിന്റെ തുടക്കമാണ്‌.
2008-ലെ സാമ്പത്തിക കുഴപ്പം സൃഷ്‌ടിച്ചതിനേക്കാള്‍ ശക്തമാണ്‌ അറേബ്യന്‍ സംഭവങ്ങള്‍ പാശ്ചാത്യ ലോകത്ത്‌ സൃഷ്‌ടിച്ച ഉത്‌കണ്‌ഠ. തങ്ങള്‍ വാര്‍ത്തെടുത്ത്‌ പ്രതിഷ്‌ഠിച്ച വിഗ്രഹങ്ങള്‍ ഒന്നൊന്നായി ജനങ്ങള്‍ തകര്‍ത്തെറിയുന്നത്‌ കാണുമ്പോള്‍, ജനങ്ങളുടെ ഇഷ്‌ടം നടക്കട്ടെ എന്ന മട്ടില്‍ നോക്കിയിരിക്കുകയല്ലാതെ ഗത്യന്തരമില്ലാത്ത അവസ്ഥയിലാണവര്‍. മ്യൂണിച്ച്‌ കോണ്‍ഫറന്‍സില്‍ പുതിയൊരു ലോകക്രമത്തെ കുറിച്ച്‌ ആലോചനയുണ്ടായെങ്കിലും അതിന്റെ രൂപരേഖ ഉരുത്തിരിഞ്ഞിട്ടില്ല. പുതിയ ക്രമത്തില്‍ ആര്‍ക്ക്‌ എന്തൊക്കെ സ്ഥാനങ്ങള്‍, ആര്‍ ഏതൊക്കെ ദൗത്യങ്ങളേല്‍ക്കണം തുടങ്ങിയ വിഷയങ്ങളൊക്കെ അവ്യക്തമാണ്‌. മ്യൂണിച്ചിലൊത്തുകൂടിയ രാഷ്‌ട്രത്തലവന്മാരുടെയും നയരൂപ കര്‍ത്താക്കളുടെയും മസ്‌തിഷ്‌കങ്ങളില്‍ ആ പ്രശ്‌നങ്ങള്‍ തന്നെ കിടന്നു കറങ്ങുകയായിരുന്നു. നിലവിലുള്ള ലോകക്രമം വേഗം വിടപറയാന്‍ പോകുന്നു എന്ന നിരീക്ഷണമാണ്‌ മധ്യപൂര്‍വ ദേശത്തെ സ്ഥിതിഗതികളുടെ വിലയിരുത്തലില്‍നിന്ന്‌ പൊതുവില്‍ ഉയര്‍ന്നുവന്നത്‌. കാരണം അതിനെ താങ്ങി നിര്‍ത്തുന്ന ശക്തികള്‍ ഇപ്പോള്‍ ഭദ്രമല്ല; ശിഥിലമാവുകയോ ക്ഷയോന്മുഖമാവുകയോ ചെയ്‌തിരിക്കുന്നു. അതിന്റെ ഊടും പാവും വേര്‍പെട്ടുകൊണ്ടിരിക്കുകയാണ്‌.
പുതിയ ലോകക്രമത്തിന്റെ ആധികാരിക വക്താക്കളാരെന്നു വ്യക്തമല്ല. അത്‌ സംബന്ധിച്ച ചിന്തകളും സൈദ്ധാന്തിക ചര്‍ച്ചകളും രഹസ്യമല്ലെന്നു മാത്രം. യൂറോപ്യന്‍ സമൂഹത്തിന്റെ പുനസംവിധാനം ഏതു ദിശയിലായിരിക്കുമെന്ന സൂചനയുള്‍ക്കൊള്ളുന്നതാണ്‌ മ്യൂണിച്ച്‌ കോണ്‍ഫറന്‍സില്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ നടത്തിയ ഒരു പ്രസ്‌താവന. സാംസ്‌കാരിക ബഹുത്വത്തോട്‌ പാശ്ചാത്യ സമൂഹങ്ങള്‍ അനുവര്‍ത്തിച്ചു വന്ന സമീപനം പരാജയപ്പെട്ടിരിക്കുന്നുവെന്നാണദ്ദേഹം പറഞ്ഞത്‌. മധ്യപൂര്‍വ ദേശത്തെ ജനകീയ പ്രക്ഷോഭങ്ങളുടെയും ആഗോള സുരക്ഷാ ചര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ഈ പ്രസ്‌താവന ഏറെ അര്‍ഥഗര്‍ഭമാകുന്നു. കുറച്ചു നാള്‍ മുമ്പ്‌ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഞ്ചെലാ മെര്‍ക്കലും സമാനമായ പ്രസ്‌താവന പുറപ്പെടുവിക്കുകയുണ്ടായി. പാശ്ചാത്യേതര സംസ്‌കാരങ്ങളോട്‌ യൂറോപ്പ്‌ പുലര്‍ത്തിയ സമീപനം അവര്‍ക്ക്‌ഗുണകരമായില്ലെന്നു മാത്രമല്ല, ദോഷകരമാണെന്ന്‌ തെളിയുകയും ചെയ്‌തതായി ഡേവിഡ്‌ കാമറൂണ്‍ ചൂണ്ടിക്കാണിച്ചു. `ഇസ്‌ലാമിക ഭീകരത' വളര്‍ന്നത്‌ അതിന്റെ ഫലമാണ്‌.
രാഷ്‌ട്ര സാരഥികളുടെ ഈ പ്രസ്‌താവനകള്‍ ജര്‍മനിയിലും ബ്രിട്ടനിലും ചൂടേറിയ ചര്‍ച്ചകള്‍ക്കു വിഷയമായിരിക്കുന്നു. യൂറോപ്പില്‍ അന്യ സംസ്‌കാരങ്ങള്‍ക്ക്‌ ഇടമനുവദിക്കുന്നത്‌ അഭിലഷണീയം തന്നെ എന്നൊരു കൂട്ടര്‍. അത്‌ സാംസ്‌കാരിക സംഘര്‍ഷത്തിന്‌ അയവ്‌ വരുത്തും. പാശ്ചാത്യ ലോകത്തിനും പൗരസ്‌ത്യ ലോകത്തിനുമിടയില്‍ ആരോഗ്യകരമായ പരസ്‌പര ധാരണക്കും കൂടുതല്‍ സൗഹാര്‍ദപരമായ സഹവര്‍ത്തിത്വത്തിനും വഴിയൊരുക്കുകയും ചെയ്യും. പാശ്ചാത്യ ലോകത്ത്‌ സാംസ്‌കാരികമായ ഏകത്വം നിലനില്‍ക്കേണ്ടതനിവാര്യമാണെന്നാണ്‌ മറുപക്ഷം. അതിന്റെ സംസ്‌കാരവും നാഗരികതയും മാത്രമേ അവിടെ വളര്‍ന്നു വികസിക്കാനനുവദിക്കാവൂ. അപര സംസ്‌കാരങ്ങള്‍ക്ക്‌ യാതൊരിടവും അനുവദിച്ചുകൂടാ. അന്യ സംസ്‌കാരങ്ങള്‍ക്ക്‌ ഇടം നല്‍കുകയെന്നാല്‍ സ്വന്തം സംസ്‌കാരത്തെ മരിക്കാന്‍ വിടുകയാണ്‌. പടിഞ്ഞാറന്‍ സമൂഹങ്ങളില്‍ ഇതര സംസ്‌കാരങ്ങള്‍ക്ക്‌ വളരാന്‍ ഇടം കൊടുക്കുന്നതിന്റെ ഫലം ആ സംസ്‌കാരങ്ങളുടെ വാഹകര്‍ ദേശീയ ധാരയില്‍ പങ്കാളികളാകാതെ അതില്‍നിന്ന്‌ അകന്നു നില്‍ക്കുകയായിരിക്കും. ബ്രിട്ടനിലെ മുസ്‌ലിം സംഘടനകള്‍ ഈ വാദഗതിയെ രൂക്ഷമായി എതിര്‍ക്കുന്നുണ്ട്‌.
ഏക സംസ്‌കാര നയം പാശ്ചാത്യ ലോകത്ത്‌ എണ്ണമറ്റ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്നും അവയില്‍ ചിലത്‌ ഇപ്പോള്‍ വിപല്‍ക്കരമാംവണ്ണം വളര്‍ന്നിരിക്കുന്നുവെന്നും യൂറോപ്യരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌ ചാന്‍സലര്‍ മെര്‍ക്കലും പ്രധാനമന്ത്രി കാമറൂണും. ഏതായാലും പാശ്ചാത്യ സമൂഹം അവരുടെ ആഭ്യന്തര സംവിധാനം നവീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്‌. മധ്യ പൗരസ്‌ത്യദേശത്തെ കോളിളക്കങ്ങള്‍ പ്രവണതയെ ക്രിയാത്മകമായി സ്വാധീനിക്കുകയും ചെയ്‌തിരിക്കുന്നു. ജര്‍മന്‍ ചാന്‍സലറും ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയും സൂചിപ്പിച്ച രീതിയിലായിരിക്കും ആ പരിഷ്‌കരണമെന്നാണ്‌ മനസ്സിലാകുന്നത്‌. പാശ്ചാത്യ-പൗരസ്‌ത്യ സാംസ്‌കാരിക സംഘര്‍ഷം ലഘൂകരിക്കുന്നതോടൊപ്പം യൂറോ-അമേരിക്കന്‍ നാടുകളിലെ പൗരസ്‌ത്യ കുടിയേറ്റക്കാര്‍ക്കും അവരുടെ സംസ്‌കാരത്തിനും അത്‌ കൂടുതല്‍ സ്വാതന്ത്ര്യവും പരിഗണനയും നല്‍കുമെന്നും പ്രതീക്ഷിക്കാം.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly