മുസ്‌ലിം ഗ്രൂപ്പുകളുടെ ജമാഅത്ത് വിമര്‍ശനം
ഡോ. പി.എ അബൂബക്കര്‍
മുസ്‌ലിം ലീഗിന്റെയും അരാഷ്‌ട്രീയവാദി മതസംഘടനകളുടെയും ജമാഅത്ത് വിരോധത്തില്‍ പ്രത്യേക തരത്തിലുള്ള അടിയൊഴുക്കുകള്‍ കാണാന്‍ സാധിക്കും. പാരമ്പര്യവാദികള്‍ക്കിടയില്‍ മുസ്‌ലിം ലീഗിന് സ്വാധീനമുണ്ടാവുന്നത് ക്രമേണയാണ്. കുഞ്ഞാലി മരക്കാരും മമ്പുറം തങ്ങന്മാരും വെളിയങ്കോട് ഉമര്‍ ഖാദിയും മുതല്‍ ആലിമുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും വരെയുള്ളവര്‍ കാണിച്ചു തന്ന സാമ്രാജ്യത്വവിരുദ്ധ പാത വെടിയാനുള്ള ത്വര സമസ്‌ത പ്രകടിപ്പിച്ചിരുന്നുവല്ലോ. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നത് മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള സമസ്‌ത പ്രമേയം അതിന്റെ ഭാഗമായി ഉണ്ടായതാണ്. മുസ്‌ലിം ഐക്യസംഘത്തിനകത്ത് പിന്നീട് മുസ്‌ലിം ലീഗിന്റെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയുമൊക്കെ ആദരണീയരായിത്തീര്‍ന്നവരുള്‍ക്കൊള്ളുന്ന അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് വിരുദ്ധ ഗ്രൂപ്പും ഇതേ രീതിയില്‍ ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തിട്ടുണ്ട്. ലീഗും അരാഷ്‌ട്രീയവാദി മതസംഘടനകളും ഇന്ന് തലങ്ങും വിലങ്ങുമായി നടത്താറുള്ള തീവ്രവാദ വിരുദ്ധ കാമ്പയിനുകള്‍ക്കു പിന്നിലെ അതേ മനഃശാസ്‌ത്രമാണ് ഇത്തരത്തിലുള്ള ബ്രിട്ടീഷ് അനുകൂല നിലപാടുകള്‍ക്ക് പിന്നിലും ഉണ്ടായിരുന്നത്. അധികാര സ്ഥാനങ്ങള്‍ക്കു മുമ്പില്‍ മുട്ടു വിറക്കുന്ന അസുഖം (തീവ്രവാദ വിരുദ്ധ കാമ്പയനികള്‍ക്കു പിന്നില്‍ ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍ ഇന്ന് അസിമാനന്ദ പോലുള്ള സംഘ് പരിവാര്‍ ഭീകരര്‍ക്കെതിരെയും കാമ്പയിന്‍ നടത്തുമല്ലോ). വഹാബികള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന മുസ്‌ലിം ലീഗിലേക്ക് പാരമ്പര്യവാദികള്‍ ആകര്‍ഷിക്കപ്പെടുന്നത് ബാഫഖി തങ്ങളും പാണക്കാട് തങ്ങളുമൊക്കെ ലീഗില്‍ ചേര്‍ന്നതോടെയാണ്. മുസ്‌ലിം ലീഗുകാരുടെ കാഴ്‌ചപ്പാടനുസരിച്ച് സമുദായത്തിന്റെ ഏക ആധികാരിക രാഷ്‌ട്രീയ സംഘടനയാണ് മുസ്‌ലിം ലീഗ്. മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന് കാഫിര്‍ വിളികള്‍ കേള്‍ക്കേണ്ടിവന്നത് അതുകൊണ്ടാണ്. സമുദായത്തിന്റെ ആധികാരികമായ ഏക രാഷ്‌ട്രീയ പ്രസ്ഥാനത്തിനെതിരെ നീങ്ങുന്നവര്‍ സമുദായത്തിന് പുറത്താണല്ലോ. സ്വാതന്ത്ര്യാനന്തരം ഈ കാഴ്‌ചപ്പാട് വളരെയധികം ശക്തമായി. മുസ്‌ലിംകളെ സ്വന്തം പാര്‍ട്ടികളിലേക്ക് ആകര്‍ഷിക്കുന്നതിന് പകരം മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കി ചുളുവില്‍ മുസ്‌ലിം വോട്ട് നേടാന്‍ കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമൊക്കെ മാറി മാറി ശ്രമിച്ചത് ഇതിന് ശക്തി പകര്‍ന്നു. ക്രമേണ മുസ്‌ലിം മത സംഘടനകളെല്ലാം ഫലത്തില്‍ മുസ്‌ലിം ലീഗിന്റെ പോഷകസംഘടനകളായി മാറുന്ന അവസ്ഥ വന്നു. ഈ അവസ്ഥക്കെതിരെ സമസ്‌തക്കകത്ത് കലാപക്കൊടി ഉയര്‍ത്തിക്കൊണ്ടാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്തുവന്നത്. അക്കാര്യത്തില്‍ അദ്ദേഹം തികഞ്ഞ പുരോഗമനവാദിയായിരുന്നു. മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനു ശേഷം സമുദായത്തിനകത്ത് ലീഗിന്റെ ആധിപത്യത്തെ ഫലപ്രദമായി വെല്ലുവിളിച്ച വ്യക്തികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേര് ചരിത്രം രേഖപ്പെടുത്തുന്നത് ഈ പോരാട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. കാന്തപുരം മുസ്‌ലിയാരുടെ നിലപാട് മുസ്‌ലിം ലീഗല്ലാത്ത എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഗുണകരമായിരുന്നുവെങ്കിലും മുന്നണി ബന്ധങ്ങളുടെ പ്രത്യേകത കാരണം ആസന്ന ഗുണഭോക്താക്കളാകാന്‍ ശ്രമിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. അങ്ങനെ അരിവാള്‍ സുന്നികളെന്ന പേര് കാന്തപുരം ഗ്രൂപ്പിന് വീഴുകയും സഖാഫികള്‍ സഖാവികളായി മുദ്ര കുത്തപ്പെടുകയും ചെയ്‌തു. ഈയവസ്ഥ ആദ്യം ലാഭകരമായിരുന്നുവെങ്കിലും ഇതിനേക്കാള്‍ ലാഭമുള്ള കച്ചവടം വേറെയുണ്ടെന്ന് കാലക്രമത്തില്‍ എ.പി ഗ്രൂപ്പ് മനസ്സിലാക്കി. മൂന്നു കാര്യങ്ങള്‍ ഈ പുനരാലോചനയെ ത്വരിതപ്പെടുത്തി. ഒന്നാമതായി, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഇടതുമുന്നണിയില്‍ നിന്ന് ചുളുവില്‍ കാര്യങ്ങള്‍ ഒപ്പിച്ചെടുക്കാന്‍ പ്രയാസമാണ്. പ്രത്യേകിച്ച് യാഥാസ്ഥിതികതയും മത പൗരോഹിത്യവും മുഖമുദ്രയായ ഒരു പ്രസ്ഥാനത്തിന്. രണ്ടാമതായി, കേരളത്തിന്റെ സവിശേഷ സാഹചര്യമനുസരിച്ച് ഓരോ അഞ്ചു വര്‍ഷവും കൂടുമ്പോള്‍ സംസ്ഥാന ഭരണം മാറി വരുന്ന അവസ്ഥയുണ്ട്. മൂന്നാമതായി, ലീഗ് നേതാക്കളില്‍ മത സംഘടനകളുടെ പ്രതിനിധികളല്ലാത്തവര്‍ എ.പി ഗ്രൂപ്പുമായി സഹകരണം ആഗ്രഹിക്കുന്നു. ഭരണം ഐക്യമുന്നണിക്ക് കിട്ടുമെന്ന് പ്രതീക്ഷയുള്ള സന്ദര്‍ഭങ്ങളിലെല്ലാം തങ്ങള്‍ ലീഗ് വിരുദ്ധരല്ലെന്നു ബോധ്യപ്പെടുത്താന്‍ എ.പി ഗ്രൂപ്പ് കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. അത് പാരമ്യത്തിലെത്തിയത് ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്താണ്. ഇത് പ്രകടമാവുന്നത് എ.പി വിഭാഗം ജിഹ്വകളിലെ ജമാഅത്ത് വിമര്‍ശനങ്ങള്‍ ചന്ദ്രികയിലെ ജമാഅത്ത് വിമര്‍ശനങ്ങളുടെ തറ നിലവാരം പ്രാപിക്കുന്നതിലൂടെയാണ്. പക്ഷേ, ഇവിടെയും പ്രശ്‌നങ്ങളുണ്ട്. ഓടുന്ന ബസ്സില്‍ ആള്‍ക്കാരെ കുത്തിനിറക്കാന്‍, കലക്‌ഷന്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടക്‌ടര്‍മാര്‍ക്കും കിളികള്‍ക്കും ഇഷ്‌ടമാണ്. എന്നാല്‍ ബസ്സില്‍ ആദ്യമേ കയറിപ്പറ്റിയവര്‍ തീരെ ഇഷ്‌ടപ്പെടാത്തതാണ് പിന്നെയും പിന്നെയും ആള്‍ക്കാരെ കയറ്റുകയെന്നുള്ളത്; കാരണം ഇതു മൂലം നഷ്‌ടപ്പെടുന്നത് യാത്രയുടെ സുഖമാണ്. ഇതേ പ്രശ്‌നം എ.പി-ലീഗ് ബാന്ധവത്തിനുമുണ്ട്. എ.പി ഗ്രൂപ്പുമായി സഹകരിക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് പാര വെക്കുന്ന ലീഗിനുള്ളിലെ അരാഷ്‌ട്രീയവാദി മതസംഘടനകളുടെ, വിശിഷ്യാ ഇ.കെ വിഭാഗം സുന്നികളുടെ ശ്രമത്തിന് പിന്നിലുള്ളത് ഈ മനഃശാസ്‌ത്രമാണ്. ഇക്കാരണത്താല്‍ തന്നെയാണ് എന്‍.ഡി.എഫുമായി അടുക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ഏതു നീക്കത്തിനും ലീഗിനുള്ളിലെ സുന്നികളും മുജാഹിദുകളും തുരങ്കം വെക്കുന്നതും.
ഇനിയുള്ളത് ബാക്കിയുള്ള മുസ്‌ലിം ഗ്രൂപ്പുകളുടെ ജമാഅത്ത് വിമര്‍ശനമാണ്. അവ താരതമ്യേന നിസ്സാരമാണ്. അവയില്‍ ഒരു കാലത്ത് പ്രസക്തമായ ഒന്നായിരുന്നു സിമി വൃത്തങ്ങളില്‍ നിന്നുള്ള ജമാഅത്ത് വിമര്‍ശനം. ജമാഅത്തിന്റെ മുസ്‌ലിം സമുദായത്തിനു പുറത്തെ സഹകരണം സവര്‍ണ/വലതുപക്ഷ മുഖ്യധാരയിലൊതുങ്ങുന്നുവെന്നും കീഴാള സമൂഹങ്ങളെ അവഗണിക്കുന്നുവെന്നുള്ളതും അവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ വിമര്‍ശനം ഇന്ന് ഏറെക്കുറെ അപ്രസക്തമായിട്ടുണ്ട്. ആരോപണം ഉന്നയിച്ച സിമി ഇന്ന് നിലനില്‍ക്കുന്നില്ലെന്നതു മാത്രമല്ല അതിന്റെ കാരണം. സോളിഡാരിറ്റി രൂപവത്‌കരണത്തോടെ കീഴാളമേഖലയിലെ ജമാഅത്തിന്റെ ഇടപെടല്‍ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും പൂര്‍ണമായെന്നു പറഞ്ഞുകൂടാ. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ ജനകീയ വികസന മുന്നണികള്‍ ദലിത് കീഴാള മുന്നേറ്റങ്ങളായിരുന്നില്ല. ജമാഅത്തിന്റെയും സോളിഡാരിറ്റിയുടെയുമൊക്കെ പരിസ്ഥിതി കൂട്ടായ്‌മകളില്‍ വേദികള്‍ പലപ്പോഴും അലങ്കരിക്കാറുള്ളത് നമ്പൂതിരി വാല് അടുത്ത കാലത്തു മാത്രം മുറിച്ചു മാറ്റിയവരും മറ്റുമാണ്.
ജമാഅത്ത് വിമര്‍ശനവുമായി സജീവമായി രംഗത്തുള്ള മറ്റൊരു വിഭാഗം നവ സൂഫികളാണ്. ആധുനിക സംഘടനാ സംവിധാനത്തെ ജമാഅത്ത് കൂടുതലായി ആശ്രയിക്കുന്നുവെന്നതാണ് അവരുടെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്. അവരില്‍ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെയും മറ്റും സൂഫി പാരമ്പര്യത്തെ തള്ളിക്കളഞ്ഞാണ് മൗലാനാ മൗദൂദി തന്റെ രാഷ്‌ട്രീയ ആശയങ്ങളുടെ പരികല്‍പനകള്‍ രൂപപ്പെടുത്തിയതെന്ന് വാദിക്കുന്നവരുണ്ട്.6 പൊതുവെ ഉത്തരാധുനികതയുടേതായ ഒരു തിരിച്ചുപോകല്‍ മനോഭാവം ഈ ആരോപണത്തില്‍ കാണാമെങ്കിലും ഇവയെ പൂര്‍ണമായും തള്ളിക്കളയാനാവില്ല. ആധുനിക രാഷ്‌ട്രീയ സംവിധാനം പൂര്‍ണമായും തിന്മയാണെന്ന നിഗമനം അംഗീകരിക്കാനാവില്ലെങ്കിലും മധ്യകാലീന സൂഫീസരണികളിലെ നന്മ കൈവെടിയാതിരിക്കാനുള്ള ശ്രമം ഉണ്ടാവേണ്ടതുണ്ട്. ജമാഅത്ത് വിമര്‍ശനവുമായി സജീവമായി രംഗത്തുള്ള മറ്റൊരു വിഭാഗം ശീഈ ആശയങ്ങളുമായി അല്‍പം അനുഭാവം പുലര്‍ത്തുന്നവരാണ്. ഇവര്‍ ജമാഅത്തിന്റെ ഏറ്റവും വലിയ പോരായ്‌മയായി കാണാറുള്ളത് ജനാധിപത്യത്തെ കൂടുതലായി അംഗീകരിച്ചുവരുന്നുവെന്നുള്ളതാണ്. ജമാഅത്ത് ആധുനികതക്ക് വശംവദരാകുന്നുവെന്ന് ആരോപിക്കുന്ന കാര്യത്തില്‍ ഇവരും നവസൂഫി വൃത്തങ്ങളിലുള്ളവരും തമ്മില്‍ കൈകോര്‍ക്കുന്നുണ്ട്. ജമാഅത്തുമായി തെറ്റിപ്പിരിഞ്ഞവരാണ് മറ്റൊരു വിഭാഗം ആരോപണകര്‍ത്താക്കള്‍. ജമാഅത്ത് പോഷകസംഘടനകളും ജേര്‍ണലുകളുമൊക്കെയായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ ഇക്കൂട്ടത്തിലുള്‍പ്പെടും. ഇവരില്‍ പലരും നവ സൂഫിധാരയും മറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. ചിലരൊക്കെ ജമാഅത്ത് വിമര്‍ശനങ്ങളില്‍ മാന്യത പാലിക്കുന്നുണ്ടെങ്കിലും മറ്റു ചിലരുടെ വാദങ്ങള്‍ കേട്ടാല്‍ തോന്നുക ജമാഅത്ത് സഹകരണത്തിന്റേതായ അവരുടെ ഭൂതകാലം സ്വബോധമില്ലാതെ മറ്റാരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി സംഭവിച്ചതാണെന്നാണ്.
മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ജമാഅത്ത് വിമര്‍ശനങ്ങളില്‍ പ്രത്യേകമായി വര്‍ഗീകരിക്കാനാവാത്ത കാഴ്‌ചപ്പാടുകള്‍ പലതുമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുമായിട്ടുള്ള ജമാഅത്തിന്റെ ഇന്നത്തെ സഹകരണത്തില്‍ ആദര്‍ശരാഹിത്യം കാണുകയും പഴയ നിലപാടായിരുന്നു ശരിയെന്നു വാദിക്കുകയും ചെയ്യുന്ന നിലപാടുകള്‍ അക്കൂട്ടത്തിലുള്‍പ്പെടുന്നു. ജമാഅത്ത് തെരഞ്ഞെടുപ്പിനിറങ്ങിയാല്‍ അവരുടെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കാനാവില്ലെന്നും കള്ളക്കണക്കെഴുതേണ്ടിവരുമെന്നുമൊക്കെയുള്ള വാദങ്ങള്‍7 ഇതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. അതുപോലെത്തന്നെ ജമാഅത്ത് ഇന്നെടുക്കുന്ന സ്‌ത്രീപക്ഷ നിലപാടുകളെക്കുറിച്ച് എ.പി, ഇ.കെ വൃത്തങ്ങളില്‍ നിലനില്‍ക്കുന്ന മുറുമുറുപ്പിനെക്കുറിച്ച് നാം നേരത്തെ ചര്‍ച്ച ചെയ്‌തുവല്ലോ. ബഹുസ്വരതക്കും സമുദായ സൗഹാര്‍ദത്തിനും വേണ്ടി ജമാഅത്ത് നടത്തുന്ന ശ്രമങ്ങളെ എതിര്‍ത്തുകൊണ്ട് വര്‍ഗീയധ്രുവീകരണത്തിനു വേണ്ടി ശ്രമിക്കുന്ന അത്യന്തം പ്രതിലോമ സ്വഭാവം പുലര്‍ത്തുന്ന വിമര്‍ശനങ്ങളും ധാരാളം കാണാം.8 പിണറായിയെ എതിര്‍ക്കാന്‍ വേണ്ടി മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ അച്യുതാനന്ദന്റെ വക്താക്കളാവുന്നതുപോലെ ജമാഅത്തിന്റെ യഥാര്‍ഥ വക്താക്കളെന്ന വ്യാജേന ഇന്നത്തെ ആദര്‍ശവ്യതിയാനത്തെ എതിര്‍ക്കുന്ന വിമര്‍ശനങ്ങളാണ് പലതും.9
മുസ്‌ലിം വൃത്തങ്ങളില്‍ നിന്നുള്ള ജമാഅത്ത് വിമര്‍ശനങ്ങള്‍ മൊത്തത്തില്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് ബോധ്യമാകുന്ന ഒരു കാര്യം അവയില്‍ ആദര്‍ശരാഹിത്യവും സ്ഥാപിതതാല്‍പര്യങ്ങളും കൂടി വരുന്നുണ്ടെന്നതാണ്. മുമ്പൊക്കെ മറ്റുള്ള സംഘടനകളുടെ ജമാഅത്ത് വിമര്‍ശനത്തിന് ആദര്‍ശപരമായ അടിത്തറയുണ്ടായിരുന്നു. ഇന്നാവട്ടെ, സമൂഹത്തെ മൊത്തം ബാധിച്ചിരിക്കുന്ന മൂല്യച്യുതി കാരണമാവാം, ജമാഅത്ത് വിമര്‍ശനങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത് ആദര്‍ശത്തേക്കാള്‍ സ്ഥാപിത താല്‍പര്യങ്ങളാണ്. ഓരോ മുസ്‌ലിം സംഘടനക്കും ജമാഅത്തുമായുള്ള വിയോജനത്തിന്റെ ആശയപരമായ അടിത്തറ നാം മനസ്സിലാക്കിയല്ലോ. അതിന്റെ അടിസ്ഥാനത്തിലായിരുന്നു വിമര്‍ശനങ്ങളെല്ലാം. മറ്റുള്ള മുസ്‌ലിം സംഘടനകള്‍ക്ക് ജമാഅത്തുമായി വിയോജിപ്പിന്റെ മാത്രമല്ല യോജിപ്പിന്റെയും മേഖലകളുണ്ടല്ലോ. ജമാഅത്ത് അതിന്റെ ആദര്‍ശമായി ഉയര്‍ത്തിക്കാട്ടുന്ന ശഹാദത്ത് കലിമ മൗദൂദി ആവിഷ്‌കരിച്ചതാണെന്ന് ആര്‍ക്കും പറയാനാവില്ല. വ്യാഖ്യാനത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. ഒരിടത്ത് ഒരു വര്‍ഗീയ ലഹള പടര്‍ന്നു പിടിച്ചാല്‍ ശത്രുക്കള്‍ ആക്രമിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരെ മാത്രമല്ല. സെക്യുലര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകള്‍ പോലും ആക്രമിക്കപ്പെട്ടെന്നു വരും. ഗുജറാത്തില്‍ നാം ഇത് വ്യക്തമായി കണ്ടതാണ്. എം.എഫ് ഹുസൈനും ശബാനാ ആസ്‌മിയുമൊക്കെ പലപ്പോഴായി വേട്ടയാടപ്പെട്ടത് അവര്‍ മതമൗലികവാദികളായതുകൊണ്ടല്ല. ഈ തിരിച്ചറിവ് സെക്യുലര്‍ വൃത്തങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകള്‍ക്കുണ്ട്. എന്നാല്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ വര്‍ധിച്ചതു കൊണ്ടാവാം മുസ്‌ലിം സംഘടനകള്‍ അടുത്ത കാലത്തായി പെരുമാറുന്നത് ഇക്കാര്യങ്ങള്‍ മനസ്സിലാക്കാത്തതുപോലെയാണ്. മുസ്‌ലിം സംഘടനാ നേതാക്കളുടെ മുഖ്യ പരിഗണന ഇസ്‌ലാമും പരലോക മോക്ഷവുമൊക്കെയാണെങ്കില്‍ അവര്‍ ചെയ്യേണ്ടത് അതേ ലക്ഷ്യങ്ങളുള്ള മറ്റുള്ള മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരോട് യോജിപ്പുള്ള മേഖലകളില്‍ യോജിക്കുകയും വിയോജിപ്പുള്ള മേഖലകളില്‍ വിയോജിക്കുകയും ചെയ്‌തുകൊണ്ട് പ്രവര്‍ത്തിക്കുകയാണ്. മുമ്പൊക്കെ ചെയ്‌തിരുന്നത് അങ്ങനെ തന്നെയാണ്. എന്നാല്‍ ഇന്നാവട്ടെ, മുസ്‌ലിം സംഘടനകളുടെ മുഖ്യ ലക്ഷ്യം സംഘടനകള്‍ വഴിയുള്ള കച്ചവടമായി മാറിയതു പോലെ തോന്നുന്നു. അതിനുള്ള ഒരു ട്രേഡ് മാര്‍ക്ക് മാത്രമാണ് ഇസ്‌ലാം. തങ്ങളുടെ കച്ചവടത്തിന് ഇസ്‌ലാമും സമുദായവുമൊക്കെ ഗുണകരമെങ്കില്‍ കുഴപ്പമില്ല; അല്ലെങ്കില്‍ ഇസ്‌ലാമിനേക്കാളും സമുദായത്തേക്കാളും പരിഗണന കച്ചവടത്തിനാണ് എന്ന മട്ടിലാണ് പല മുസ്‌ലിം സംഘടനകളുടെയും ജമാഅത്ത് വിമര്‍ശനത്തിന്റെ പോക്ക്. മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീരു കണ്ടാല്‍ മതിയെന്ന പിടിവാശിയുള്ള അമ്മായി അമ്മയെ അനുസ്‌മരിപ്പിക്കുമാറ് ഇസ്‌ലാമിനെയും മുസ്‌ലിം സമുദായത്തെയും ബലികൊടുത്തിട്ടാണെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ ഒരു പാഠം പഠിപ്പിച്ചാല്‍ മതി എന്ന ലക്ഷ്യത്തോടെയാണ് പല മുസ്‌ലിം സംഘടനാ നേതാക്കളും പ്രവര്‍ത്തിക്കുന്നത്. മുഖ്യധാരാ മുത്തശ്ശി പത്രങ്ങളിലും വാരികകളിലും എഴുതാനിത്തിരി സ്ഥലം കിട്ടുമ്പോള്‍ ചില യൂത്ത് ലീഗ് നേതാക്കള്‍ സംഘ്‌പരിവാറിന്റെ ജിഹ്വകളായി പ്രവര്‍ത്തിക്കുന്നതാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഒരു യൂത്ത് ലീഗ് നേതാവ് അത്തരത്തിലുള്ള ഒരു വാരികയിലെഴുതിയ ലേഖനത്തില്‍ പ്രമുഖ സെക്യുലര്‍ ബുദ്ധിജീവിയായ കെ.ഇ.എന്‍ ഉപമിക്കപ്പെട്ടത് മാരീചനോടാണ്. കെ.ഇ.എന്‍ ഇരകളുടെ മാനിഫെസ്റ്റോ എന്ന പുസ്‌തകമെഴുതിയത് ജമാഅത്തെ ഇസ്‌ലാമിയെ വെള്ള പൂശാനാണെന്ന് യൂത്ത് ലീഗ് നേതാവ് എഴുതുന്ന വിധത്തില്‍ മുസ്‌ലിം സംഘടനകള്‍ അധഃപതിച്ചിരിക്കുന്നു. മുസ്‌ലിംകള്‍ ഇരകളല്ലെങ്കില്‍ മുസ്‌ലിം ലീഗിനും യൂത്ത് ലീഗിനുമൊക്കെ പ്രസക്തിയില്ലെന്ന വസ്‌തുത മുത്തശ്ശി വാരികയിലൂടെ എഴുത്തുകാരനും ബുദ്ധിജീവിയുമായ സന്തോഷത്തില്‍ യൂത്ത് ലീഗ് നേതാവിന് ഓര്‍ക്കാന്‍ സാധിക്കുന്നില്ല.
(തുടരും)
കുറിപ്പുകള്‍
6. സൈനുദ്ദീന്‍ മന്ദലാംകുന്ന്, ജമാഅത്തെ ഇസ്‌ലാമിയും സൈദ്ധാന്തിക വൈരുധ്യങ്ങളും, അല്‍ ഇര്‍ഫാദ് മാസിക, ജൂലൈ 2010
7. ലക്ഷണം കെട്ട തുടക്കവും പാഠവും, എ.പി കുഞ്ഞാമു, രിസാല വാരിക, ഡിസംബര്‍ 3, 2010
8. ഉദാ: വി. ബഷീര്‍, കാടുകയറുന്ന ബഹുസ്വരത, രിസാല വാരിക ജൂണ്‍ 18, 2010
9. Ibid