റ്റു ഗസ്സ
ഐക്യദാര്‍ഢ്യത്തിന്റെ തീച്ചുവടുകള്‍
ബിശ്‌റുദ്ദീന്‍ ശര്‍ഖി
രണ്ടു വര്‍ഷം മുമ്പ് മസ്‌ജിദുല്‍ അഖ്‌സ്വായില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിമുറ്റത്തെ കാറ്റാടി മരത്തിനു ചുവട്ടിലിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരു കോണ്‍ട്രാക്‌ടര്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് എന്നെ കൂട്ടിപ്പിടിച്ച് പതറിയ സ്വരത്തില്‍ ചോദിച്ചു: ``ഫലസ്‌ത്വീനികള്‍ക്കു വേണ്ടി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ താങ്കള്‍ ശ്രമിക്കാത്തതെന്താണ്?'' തമാശയല്ല പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഹാവഭാവാദികളില്‍നിന്നു വ്യക്തം. അങ്ങനെ കരുതിപ്പോകാതിരിക്കാനാവണം അദ്ദേഹം അതാവര്‍ത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജോര്‍ദാന്‍-ഇസ്രയേല്‍ അതിര്‍ത്തിയായ അലന്‍ബേയില്‍ ഞങ്ങള്‍ കണ്ട ഇസ്രയേലി ധാര്‍ഷ്‌ട്യവും അധിനിവിഷ്‌ട ഫലസ്‌ത്വീനിലുടനീളം കണ്ട ദുരിതങ്ങളുമാണ് അദ്ദേഹത്തെ വികാരം കൊള്ളിച്ചത്. വന്‍ മതിലുകള്‍ക്കകത്ത് തളച്ചിടപ്പെട്ട ജറൂസലം- ബെത്‌ലഹം നിവാസികളുടെ ദുരിതവും മതിലുകള്‍ക്കപ്പുറം അവരുടെ പിതാക്കന്മാരുടെ സ്ഥലങ്ങളില്‍ ഉയരുന്ന ജൂത പാര്‍പ്പിട കേന്ദ്രങ്ങളും അവരിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഏറെ കണ്ടതായിരുന്നു മുന്‍ ദിവസങ്ങളില്‍ ഞങ്ങള്‍. മസ്‌ജിദുല്‍ അഖ്‌സ്വായുടെ പ്രവേശന കവാടത്തിലുള്ള ഇസ്രയേലീ നിയന്ത്രണങ്ങളും മതിലിനൊരുവശം ജൂതര്‍ നടത്തിവരുന്ന ആരാധനയും അല്‍ അഖ്‌സ്വായുടെ അടിഭാഗത്ത് പുരോഗമിക്കുന്ന `പര്യവേക്ഷണവും' ആരെയും വേദനിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. നിറയെ വെടിയടയാളങ്ങളുള്ള ചുമരിന്റെ പശ്ചാത്തലത്തില്‍ മിമ്പറില്‍നിന്ന് ഖത്വീബ് ഫലസ്‌ത്വീന്‍ പ്രശ്‌നത്തെക്കുറിച്ച് വികാരാധീനനായപ്പോള്‍ അദ്ദേഹം യഥാര്‍ഥത്തില്‍ തന്നെ ചോദിച്ചുപോയതാണ്.
മുമ്പ് പലപ്രാവശ്യം അധിനിവിഷ്‌ട ഫലസ്‌ത്വീന്‍ (വെസ്റ്റ് ബാങ്ക്) സന്ദര്‍ശിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. മലപോലെ ഉയര്‍ന്നു നില്‍ക്കുന്ന മതിലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ഫലസ്‌ത്വീനിയുടെ ജീവിതം നേരിട്ടു കണ്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്, ആ യാത്രകളില്‍. എല്ലാ ചലനങ്ങളും നിയന്ത്രിക്കപ്പെട്ടവനാണ് ഫലസ്‌ത്വീന്‍ പൗരന്‍. മതിലുകള്‍, ചെക്‌പോയിന്റുകള്‍, സ്വന്തം ജന്മനഗരത്തില്‍ തന്നെ നിലനില്‍ക്കുന്ന വിസ നിയന്ത്രണങ്ങള്‍, `തീവ്രവാദി'കള്‍ക്കു വേണ്ടിയുള്ള ഇസ്രയേല്‍ സേനയുടെ തിരച്ചിലുകള്‍... എല്ലാം അവന്റെ അഭിലാഷങ്ങളെയും സ്വപ്‌നങ്ങളെയും കൂച്ചുവിലങ്ങിടുന്നു. ബൈത്തുല്‍ മഖ്‌ദിസിന് നാലു കിലോമീറ്റര്‍ അപ്പുറം ജീവിതത്തിലിന്നുവരെ ആ വിശുദ്ധ ഗേഹം കണ്ടിട്ടില്ലാത്ത ഫലസ്‌ത്വീനികളെ കണ്ടിട്ടുണ്ട്. അവര്‍ക്ക് എഴുപതു വയസ്സെങ്കിലും ആവണം ഇസ്രയേല്‍ അതിനവരെ അനുവദിക്കാന്‍. ഹറം കാണാനാഗ്രഹം തോന്നുമ്പോഴൊക്കെ ആ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് പ്രാര്‍ഥിക്കുന്ന ഒരു പള്ളി ഇമാമിന്റെ ദയനീയ ചിത്രം ഇന്നും ഓര്‍മയിലുണ്ട്.
മതില്‍ കെട്ടുമ്പോള്‍ ചിലര്‍ അതിനകത്ത് എന്നെന്നേക്കുമായി കുടുങ്ങിപ്പോകുന്നു എന്നതു മാത്രമല്ല പ്രശ്‌നം. മതിലിനുപ്പറമുള്ളതൊക്കെ അവരുടേതല്ലാതായി എന്നതിന് അര്‍ഥമുണ്ട്. അവിടങ്ങളില്‍ പിന്നീട് ജൂതരുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ ഉയരും. ബെത്‌ലഹേമിലെ ഉയര്‍ന്ന പ്രദേശത്തൊരിടത്തു വെച്ച് ഒരാള്‍ മതിലിനപ്പുറം, ദൂരെ തന്റെ വല്യുപ്പയുടെ കൃഷി സ്ഥലങ്ങളില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ഉയരുന്നത് ചൂണ്ടിക്കാണിച്ചുതന്നിട്ടുണ്ട്. തെല്‍അവീവ് നഗരത്തില്‍ ബുള്ളറ്റ്‌പ്രൂഫ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സഞ്ചരിക്കുന്ന ഇസ്രയേലി പൗരന്റെ ധാര്‍ഷ്‌ട്യവും, ചെക്ക് പോയിന്റുകളില്‍ നമ്മുടെ വാഹനത്തിലേക്ക് കയറിവരുന്ന വനിതാ പോലീസിന്റെ ധിക്കാരവും, ആളൊഴിഞ്ഞ ഹെബ്രോണില്‍ ഇബ്‌റാഹീം പള്ളിക്കു സമീപം സൈനികരുടെ തോക്കിന്‍ പാത്തിയടിയില്‍നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട് കരകൗശല വസ്‌തുക്കള്‍ വില്‍ക്കാന്‍ വരുന്ന കുട്ടികളുടെ ദൈന്യവും ആ യാത്രകളുടെ മായാത്ത ഫ്രെയിമുകളാണ്.
ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള ഇസ്രയേലിന്റെ അനുമതി കിട്ടിയതിനു ശേഷം, വാഷിംഗ്‌ടണിലെ പ്രവാസവും ബിസിനസ്സും മതിയാക്കി ബോര്‍ഡറിലെത്തിയ സല്‍മ ആദ്യ യാത്രയിലെ ഉള്ളുകലക്കുന്ന ഒരോര്‍മയാണ്. നാട്ടിലെത്താനുള്ള വെമ്പലോടെ അലന്‍ബി ബോര്‍ഡറില്‍ മണിക്കൂറുകളോളം കാത്തുനിന്ന സല്‍മയെയും കുടംബത്തെയും അവര്‍ കടത്തിവിട്ടില്ല. ഇസ്രയേലിന്റെ അനുമതി പത്രം കരഞ്ഞ് വിളിച്ചവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. `I dont care' എന്നു മാത്രമായിരുന്നു സെക്യൂരിറ്റി ഇന്‍ ചാര്‍ജിന്റെ മറുപടി. ഇനിയെന്തു ചെയ്യും എന്ന എന്റെ ചോദ്യത്തിന്, സൈനികരുടെ നേരെ തന്റെ കളിത്തോക്ക് നിരന്തരം ഉതിര്‍ത്തുകൊണ്ടിരുന്ന തന്റെ കൊച്ചു മോനെ അടുത്തേക്ക് വലിച്ചു നിര്‍ത്തി അവര്‍ പറഞ്ഞത്, ഒന്നുകില്‍ ജോര്‍ദാന്‍, അതല്ലെങ്കില്‍ സിറിയ എന്നായിരുന്നു. അനിശ്ചിതത്വത്തിന്റെ ആഴം ആ സോഫ്‌റ്റ് വെയര്‍ ബിസിനസ്സുകാരിയുടെ കണ്ണുകളില്‍ വായിക്കാമായിരുന്നു.
ബെത്‌ലഹമില്‍ വെച്ച് നാടകീയമായി പരിചയപ്പെട്ട മുഹമ്മദ് റാമി മറ്റൊരു ഓര്‍മയാണ്. കവലയില്‍ സിഗരറ്റൂതി നില്‍ക്കുകയായിരുന്ന അയാളുടെ പിന്നില്‍ ചെന്ന് ഒരിന്ത്യന്‍ ടൂറിസ്റ്റാണെന്നും നിങ്ങളുടെ വീട്ടില്‍ വരാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു ഞാന്‍. ആദ്യമൊന്നു പകച്ചതിനുശേഷം, അപ്പുറവും ഇപ്പുറവും നോക്കി അയാളെ പിന്തുടരാന്‍ പറഞ്ഞു. അന്നാണ് ഫലസ്‌ത്വീന്‍ ഗലികളുടെ സങ്കീര്‍ണത നേരിട്ടറിഞ്ഞത്. വളഞ്ഞും തിരിഞ്ഞും ഏറെ നടന്നതിനു ശേഷമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. നല്ല സ്വീകരണമാണ് അവിടെ ലഭിച്ചത്. അവിടത്തെ ഉമ്മ അടുത്തു വന്നിരുന്ന് വിവരങ്ങളന്വേഷിച്ചു. അവരെനിക്ക് ഖഹ്‌വയും പലഹാരങ്ങളും തന്നു. 18-ാം വയസ്സില്‍ അകാരണമായി ജയിലടക്കപ്പെട്ടവനാണ് മുഹമ്മദ് റാമി. പരിശോധനക്കെത്തിയ സൈനികരെ തടഞ്ഞതാണ് കുറ്റം. ജയില്‍ വാസത്തോടെ പഠനം നിന്നുപോയി. അയാളുടെ അനുജന്‍ റജബും രണ്ടു വര്‍ഷം ജയിലിലായിരുന്നു. കുടുംബത്തില്‍ പല താവഴികളിലായി ഇരുപത്തിമൂന്നു പേര്‍ രക്തസാക്ഷികളായിട്ടുണ്ടെന്ന് റാമിയും റജബും ആവേശത്തോടെ പറഞ്ഞു. തനിക്കവകാശപ്പെടാന്‍ ജയിലിലെ രണ്ടു വര്‍ഷവും ഒരു വെടിയടയാളവും മാത്രമേയുള്ളൂവെന്ന് റാമി പരിതപിച്ചു. വേദനിപ്പിക്കുന്ന ഓര്‍മകളാണെല്ലാം.
ബൈത്തുല്‍ മഖ്‌ദിസ് മാത്രമേയുള്ളൂ ആശ്വാസദായകമായി അവിടെ. 36 ഏക്കര്‍ അങ്കണത്തിലെ കാറ്റാടി മരങ്ങളും പുരാതനമായ ചരിത്രത്തിന്റെ ഗന്ധം പേറുന്ന അല്‍ അഖ്‌സ്വായുടെ അകത്തളവും അനിര്‍വചനീയ അനുഭൂതി നല്‍കുന്ന സ്ഥലങ്ങളാണ്. പ്രവാചകന്മാരുടെ പാദസ്‌പര്‍ശമേറ്റ ആ മണ്ണില്‍ നില്‍ക്കുമ്പോള്‍ വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്ക് നമ്മളൊരു പ്രയാണം നടത്തും. ചിലപ്പോള്‍ തിരശ്ചീനമായൊരു ഇസ്രാഅ് ആയി. മറ്റു ചിലപ്പോള്‍ ലംബമായൊരു മിഅ്‌റാജായി.
വെസ്റ്റ്‌ബാങ്കില്‍ ഉണ്ടായിരുന്നപ്പോഴൊക്കെയും മനസ്സിലുണ്ടായ ആഗ്രഹമായിരുന്നു എങ്ങനെയെങ്കിലും ഗസ്സയിലേക്ക് കടക്കുക എന്നത്. പോരാട്ടത്തിന്റെ ഭൂമിയാണ് ഗസ്സ. അധിനിവേശകരായ ഇസ്രയേലികളെ തള്ളിയകറ്റി ഹമാസിന്റെ നേതൃത്വത്തില്‍ സ്വതന്ത്രമായിത്തീര്‍ന്ന തുണ്ട് ഫസ്‌ത്വീന്‍ ആണ് ഗസ്സ. പലപ്പോഴും പലരോടും ഗസ്സയിലെത്താനുള്ള വഴികളന്വേഷിച്ചു. ഒരേയൊരുത്തരമാണ് എല്ലാവരും തന്നത്: ഗസ്സയിലേക്ക് വഴികളില്ല. പത്രമാധ്യമങ്ങള്‍ വായിക്കുന്നതും ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും പാലസ്റ്റൈന്‍ ടെലിഗ്രാഫിന്റെ എഡിറ്റര്‍ സാമിഹ് ഹബീബുമായുള്ള ഇമെയില്‍ സന്ദേശങ്ങളും മാത്രമായി ആ ഗസ്സ ബന്ധം നിലനിന്നു. വഴികളടഞ്ഞ് അസാധ്യമെന്ന് കരുതിയ ഗസ്സ എന്ന സ്വപ്‌നമാണ് കഴിഞ്ഞ ഡിസംബര്‍ 2 മുതല്‍ ജനുവരി 8 വരെ നീണ്ടുനിന്ന ഏഷ്യ ടു ഗസ്സ കാരവനീലൂടെ സാക്ഷാത്‌കരിച്ചത്- അല്‍ഹംദുലില്ലാഹ്.
തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട മാവിമര്‍മറ കപ്പല്‍ ഇസ്രയേല്‍ അകാരണമായി ആക്രമിച്ച സംഭവത്തിനു ശേഷമാണ് ഏഷ്യയില്‍ നിന്നൊരു കാരവന്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ്‌മിത്തില്‍ ബോര്‍വാലയാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. പത്തുപതിനഞ്ചു വര്‍ഷമായി ഫലസ്‌ത്വീന്‍ പ്രശ്‌നം ആഴത്തില്‍ പഠിക്കുകയും അതിന്റെ ഗതിവിഗതികളോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നയാളാണ് ഫിറോസ്. അക്കാദമിക് സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സെക്യുലരിസം, ഫാഷിസം, സാമ്രാജ്യത്വം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി വിവിധ പരിപാടികളും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. ഭാരത് ബച്ചാവോ ആന്തോളന്റെ പ്രസിഡന്റ്, വിവിധ സെക്യുലര്‍ ഫോറങ്ങളുടെ സംഘാടകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണദ്ദേഹം. ഒബാമയുടെ വരവിനോടനുബന്ധിച്ച് മുംബൈ പോലീസ് അദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ വെക്കുകയുണ്ടായി. ഏഷ്യന്‍ കാരവന്‍ എന്ന ആശയം അദ്ദേഹം വിവിധ മത-മതേതര സംഘടനകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും പിന്തുണ തേടുകയും ചെയ്‌തതിന്റെ ഫലമായി ജമാഅത്തെ ഇസ്ലാമി, മില്ലി ഗസറ്റ്, ന്യൂ ട്രേഡ് യൂനിയന്‍ ഇനീഷേറ്റീവ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ ഈ ഉദ്യമത്തിനായി മുന്നോട്ട് വന്നു. കടല്‍മാര്‍ഗമുള്ള കാരവന്‍ എന്നതായിരുന്നു ആദ്യത്തെ ആലോചനയെങ്കിലും തെഹ്‌റാനില്‍ വിദ്യാര്‍ഥിയായ മുംബൈ സ്വദേശി ശാഹിദ് പ്രധാന്റെ നിര്‍ദേശപ്രകാരം യാത്ര കരമാര്‍ഗം സംഘടിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. മുംബൈയില്‍നിന്ന് ഒരു കപ്പല്‍ നിറയെ അവശ്യ വസ്‌തുക്കളുമായി പുറപ്പെടാന്‍ മില്ലി ഗസറ്റിന്റെ എഡിറ്റര്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. മുമ്പ് നടന്ന എല്ലാ കാരവനുകളും കടല്‍മാര്‍ഗമായിരുന്നിട്ടും, സമയദൈര്‍ഘ്യം, സംഘാടക പ്രശ്‌നങ്ങള്‍ തുടങ്ങിയവ മുമ്പിലുണ്ടായിരുന്നിട്ടും കരമാര്‍ഗമുള്ള യാത്ര തെരഞ്ഞെടുക്കുന്നതിന് ഇതും ഒരു കാരണമാണ്. ഏഷ്യയില്‍നിന്ന് പുറപ്പെടുന്ന ആദ്യത്തെ കാരവന്‍ എന്ന നിലയില്‍, വിവിധ രാജ്യങ്ങളിലുള്ളവരുടെ സംഘാടനവും വിവിധ മത രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ളവര്‍ ഏറ്റെടുക്കുന്ന ഉദ്യമവുമെന്ന നിലക്ക് അടിസ്ഥാന ആശയ രൂപീകരണവും സംഘാടകരെ സംബന്ധിച്ചേടത്തോളം ഒരു വെല്ലുവിളിയായിരുന്നു. ദല്‍ഹി, ദമസ്‌കസ്, തെഹ്‌റാന്‍, മലേഷ്യയിലെ ഷാ ആലം തുടങ്ങിയ സ്ഥലങ്ങളില്‍ കാരവനു മുന്നോടിയായി യോഗങ്ങളും ചര്‍ച്ചകളും നടന്നു. വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഏഷ്യന്‍ സോളിഡാരിറ്റി കമ്മിറ്റി അതിന്റെ ഫലമായി രൂപം കൊണ്ടു. ഷാ ആലം പ്രഖ്യാപനമാണ് ഈ ഉദ്യമത്തിന്റെ അടിസ്ഥാന രാഷ്‌ട്രീയ രേഖ.
സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ പല മേഖലകളില്‍ നിന്നുള്ള അമ്പതോളം പേര്‍ കാരവനോടൊപ്പം ചേരുകയുണ്ടായി. ലഖ്‌നൗവിലെ `ആശാപരിവാറി'ന്റെ സാരഥിയും മഗ്‌സൈസെ അവാര്‍ഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ, പ്രമുഖ സെക്യുലരിസ്റ്റും ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകനുമായ ഡോ. സുരേഷ് ഖൈര്‍നാര്‍, മുന്‍ തെഹല്‍ക എഡിറ്റര്‍ അജിത് സാഹി, എന്‍.ടി.യു.ഐ ജനറല്‍ സെക്രട്ടറി അസിം റോയ്, ബംഗാളില്‍ നിന്നുള്ള ട്രേഡ് യൂനിയന്‍ നേതാവ് സപന്‍ ഗാംഗൂലി, മുംബൈയില്‍ നിന്നുള്ള മുന്‍ എം.പി ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്, ഛത്തീസ് ഗഢ് ഹിന്ദി ദിനപത്രത്തിന്റെ എഡിറ്റര്‍ സുനില്‍ കുമാര്‍, ടെലഗ്രാഫ് ലേഖകന്‍ സുജോന്‍ ദത്ത, `ഐസ'യുടെ വൈസ് പ്രസിഡന്റ് അസ്‌ലം ഖാന്‍, മധുരയില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ മുത്തു കൃഷ്‌ണന്‍ തുടങ്ങിയവരായിരുന്നു സംഘത്തില്‍ ചേര്‍ന്ന പ്രധാനികള്‍. ജെ.എന്‍.7യു, ജാമിഅ മില്ലിയ്യ, ബോംബെ യൂനിവേഴ്‌സിറ്റി തുടങ്ങിയ കാമ്പസുകളില്‍ നിന്നുള്ള പി.ജി- ഗവേഷക വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും കാരവന് ചുറുചുറുക്കും ആവേശവും പകര്‍ന്നു. ജപ്പാനില്‍ നിന്നുള്ള കുയിച്ചി സകഗൂചി, മിമ തുടങ്ങിയവര്‍ ഡിസംബര്‍ ഒന്നാം തീയതി തന്നെ ദല്‍ഹിയില്‍ എത്തിയിരുന്നു. മുഴുസമയ സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമാണ് സകഗൂച്ചി. ഇസ്‌ലാമിന്റെ വിശ്വാസ സംഹിതകളില്‍ ആകൃഷ്‌ടനായ അദ്ദേഹം അഞ്ച് വര്‍ഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ചതാണ്. എണ്‍പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിലും ഒരു പ്രാവശ്യം വന്നിട്ടുണ്ട്. ഈ ലേഖകനും എസ്.ഐ.ഒ ദേശീയ സമിതിയംഗം ശഹിന്‍ കെ. മൊയ്‌തുണ്ണിക്കും പുറമെ മറ്റു ഏഴു പേര്‍ കൂടി മലയാളികളായി സംഘത്തിലുണ്ടായിരുന്നു. ജാമിഅ മില്ലിയ്യയിലെ (നല്‍സണ്‍ മണ്ടേല സെന്റര്‍ ഫോറം കോണ്‍ഫ്‌ളിക്‌റ്റ് അനാലിസിസ് ആന്റ് പീസ് ബില്‍ഡിംഗ്) വിദ്യാര്‍ഥി കക്കാട് സ്വദേശി സലില്‍, ഇന്ത്യാ ടുഡേയില്‍ നിന്നുള്ള ശാഫി, ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.പി വിശ്വവത്സലന്‍ (കൊല്ലം), ദാമോദര പിഷാരടി (അങ്കമാലി), ദമന്‍ (പായിപ്ര), അബ്‌ദുസ്സമദ് (നെടുമ്പാശ്ശേരി), ബഷീര്‍ (ആലുവ) തുടങ്ങിയവരായിരുന്നു അവര്‍. യിവോണ്‍ റിഡ്‌ലി സംഘത്തോടൊപ്പം ചേരാമെന്ന് അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും വളരെ പെട്ടെന്ന് ചെയ്‌തുതീര്‍ക്കേണ്ട ചില ഡോക്യുമെന്ററി പ്രോജക്‌ടുകള്‍ കാരണം അവര്‍ക്ക് വരാന്‍ സാധിച്ചില്ല. മാവിമര്‍മറ ആക്രമണത്തിന്റെ വീഡിയോ ഫൂട്ടേജുകളിലൂടെ പ്രശ്‌സതനായിത്തീര്‍ന്ന പ്രസ് ടി.വി ഫോട്ടോഗ്രാഫര്‍ ഹസന്‍ ഗിനി, സഹോദരന്‍ ഷഹീന്‍ ആവശ്യപ്പെട്ടതനുസരിച്ച് കാരവനില്‍ ചേരാനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കിലും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷനില്‍ വെച്ച് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് യാത്ര ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി.
വീട്ടുകാര്‍ക്കൊക്കെ പരിഭ്രമമുണ്ടായിരുന്നു, ഇങ്ങനെയൊരു യാത്ര പുറപ്പെടുന്നതില്‍. പലരും വിളിക്കുകയും `ധൈര്യം പകരാനെ'ന്നവണ്ണം സംസാരിക്കുകയും ചെയ്‌തു. ബ്രിട്ടീഷ് എം.പി ജോര്‍ജ് ഗലോവേ നേതൃത്വം നല്‍കിയ `വിവാ പാലസ്റ്റിന'ക്ക് ഈജിപ്‌തില്‍ നേരിടേണ്ടിവന്ന ക്രൂരമായ ഗവണ്‍മെന്റ് നടപടിയും `മാവിമര്‍മറ'ക്ക് നേരെ ഇസ്രയേല്‍ അഴിച്ചുവിട്ട ആക്രമണവുമായിരുന്നു ഈ ആശങ്കകള്‍ക്കടിസ്ഥാനം. കൂടാതെ റഫഹ് ബോര്‍ഡറില്‍ ഇടക്കിടെയുണ്ടാകുന്ന റോക്കറ്റാക്രമണങ്ങളെക്കുറിച്ച് ആ സമയത്ത് വാര്‍ത്തകളുണ്ടായിരുന്നു. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തില്‍ വെച്ച് പലരും വികാരാര്‍ദ്രമായി പെരുമാറി. പ്രഭാഷകരായി വന്നവരില്‍ ചിലര്‍ സ്വകാര്യമായി `നിങ്ങള്‍ ഗസ്സയിലെത്തില്ലെന്ന്' പറഞ്ഞത് യാത്രക്ക് തടസ്സം വരുമെന്ന അര്‍ഥത്തിലാണോ അതോ അകത്ത് കടക്കാനോ തിരിച്ചുപോരാനോ ആവാതെ വല്ലതും സംഭവിക്കും എന്ന അര്‍ഥത്തിലാണോ എന്ന ആശയക്കുഴപ്പമായി. ഗസ്സയിലെത്തുക എന്നത് നേരത്തെ നിശ്ചയിച്ചുറച്ചതിനാല്‍ മറ്റു കാര്യങ്ങളൊന്നും അലോസരമുണ്ടാക്കിയില്ല.
രാജ്‌ഘട്ടില്‍ വെച്ചാണ് ഡിസംബര്‍ രണ്ടിന് കാരവന്‍ ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്യപ്പെട്ടത്. ഗാന്ധിജിയുടെ സമരവും ജീവിതവും കാരവന്റെ സന്ദേശമായി നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയും മറ്റു ചില പുസ്‌തകങ്ങളും വിവിധ രാജ്യങ്ങളില്‍ നല്‍കാനായി രണ്ടു മൂന്ന് കെട്ടുകളിലായി കൂടെ കരുതിയിരുന്നു. രാജ്‌ഘട്ടിലെ ഫ്‌ളാഗ് ഓഫ് പരിപാടിക്ക് മുന്നോടിയായി പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ വെച്ച് പത്രസമ്മേളനം നടന്നു. വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ലഘുനാടകങ്ങളും സംഗീത ശില്‍പവും അവതരിപ്പിച്ചു. ഉദ്‌ഘാടന പരിപാടികള്‍ മുഴുവന്‍ ആസൂത്രണം ചെയ്‌തത് എന്‍.ടി.യു.ഐ എന്ന ട്രേഡ് യൂനിയന്‍ സംഘടനയാണ്. മാസങ്ങള്‍ നീണ്ട കാരവന്റെ ഓഫീസ് കാര്യങ്ങള്‍ മുഴുവന്‍ നിര്‍വഹിച്ചത് സംഘടനയാണ്. അവരുടെ ദല്‍ഹി കേന്ദ്രം കാരവന്റെ ഓഫീസ് പോലെ സദാസമയവും പ്രവര്‍ത്തനനിരതമായിരുന്നു. രാജ്‌ഘട്ടിലെ പരിപാടിയില്‍ മണിശങ്കര്‍ അയ്യര്‍, ദിഗ്‌വിജയ് സിംഗ്, ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, ഫലസ്‌ത്വീന്‍ അംബാസഡര്‍ ഡോ. ഖാലിദ് ശൈഖ്, ഹര്‍ശ് മന്ദര്‍, ശാന്തിഭൂഷണ്‍, വി.ബി ചെറിയാന്‍ തുടങ്ങിയവരാണ് സംബന്ധിച്ചത്. പരമ്പരാഗത ഫലസ്‌ത്വീനീ സമ്പ്രദായമനുസരിച്ച് `കുഫിയ' ധരിച്ചെത്തിയ അംബാസഡര്‍ ഓരോ ജാഥാംഗത്തെയും ഫലസ്‌ത്വീന്‍ പ്രതിരോധത്തിന്റെ പ്രതീകമായ ഷാള്‍ അണിയിച്ചു. സംസാര മധ്യേ നാട്ടുകാരെയോര്‍ത്ത് അദ്ദേഹം വിതുമ്പി. അദ്ദേഹത്തിന്റെ കൂടെ വന്ന ഒരു ഫലസ്‌ത്വീനി വനിത വാവിട്ടു കരഞ്ഞു. സംസാര ശേഷം ദിഗ്‌വിജയ് സിംഗുമായി ഒരു ശ്രോതാവ് വാഗ്വാദത്തിലേര്‍പ്പെട്ടു. ഗാന്ധിജിയുടെ വഴികളില്‍നിന്ന് മാറി കോണ്‍ഗ്രസ് ഇസ്രയേല്‍ അനുകൂല നയനിലപാടുകള്‍ സ്വീകരിക്കുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. `നയങ്ങളൊന്നും തന്നെ മാറ്റിയിട്ടില്ല' എന്ന ഒറ്റവരി മറുപടി ആവര്‍ത്തിക്കുകയാണ് ദിഗ്‌വിജയ് സിംഗ് അപ്പോള്‍ ചെയ്‌തത്.
പാകിസ്‌താന്‍, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലൂടെ കരമാര്‍ഗം സഞ്ചരിച്ച് സിറിയയിലെത്തിച്ചേരുക എന്നതായിരുന്നു പദ്ധതിയനുസരിച്ച് യാത്രയുടെ ആദ്യ ഘട്ടം. പിന്നീട് ഈജിപ്‌തിന്റെ അനുവാദം ലഭിച്ചതിനു ശേഷം കടല്‍മാര്‍ഗമോ വ്യോമമാര്‍ഗമോ ഈജിപ്‌തിലെ അല്‍ അരീഷില്‍ എത്തി, ഡിസംബര്‍ 27-ടെ ഗസ്സയിലെത്തുക. ഇത് രണ്ടാം ഘട്ടവും. പക്ഷേ, പാകിസ്‌താനിലേക്കുള്ള വിസകള്‍ ഡിസംബര്‍ രണ്ടാം തീയതി യാത്ര ആരംഭിക്കുമ്പോള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ ഫ്‌ളാഗ് ഓഫ് ചെയ്‌ത കാരവന്റെ ബസ് ആദ്യം പോയത് ന്യൂദല്‍ഹിയിലെ പാകിസ്‌താന്‍ ഹൈക്കമീഷന്റെ മുമ്പിലേക്കാണ്. പകല്‍ ഏതാണ്ട് മുഴുവനായിത്തന്നെ അവിടെ കാത്തുകെട്ടി കിടക്കേണ്ടിവന്നു. നാലു മണിയോടെ ചിലര്‍ക്കു മാത്രം വിസ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായി. കാരവന്റെ ലീഡര്‍ ഫിറോസ് മിത്തിബോര്‍വാലക്ക് വിസ കിട്ടിയില്ല. സംഘത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും വിസയില്ല. കശ്‌മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കടക്കമുള്ളവര്‍ക്കും പാകിസ്‌താന്‍ വിസ നിഷേധിച്ചു. ഇതോടൊപ്പം പാകിസ്‌താനിലൂടെ റോഡ് മാര്‍ഗം സഞ്ചരിച്ച് ഇറാനിലെത്താനുള്ള പദ്ധതിയും തടയപ്പെട്ടു. ലാഹോര്‍ വരെ മാത്രമേ കരമാര്‍ഗം സഞ്ചരിക്കാവൂ, അവിടെ നിന്ന് വേണമെങ്കില്‍ ഇറാനിലേക്ക് പറക്കാം എന്നാണ് പാക് നിലപാട്.
ഇറാനിലേക്കുള്ള വഴിയില്‍ വേണ്ടത്ര സുരക്ഷയൊരുക്കാന്‍ പാക് ഗവണ്‍മെന്റിനാവില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇന്ത്യയില്‍നിന്നുള്ള ഒരു കാരവന്‍ പാകിസ്‌താനില്‍ വെച്ച് ആക്രമിക്കപ്പെടുകയോ മറ്റോ ചെയ്‌താല്‍ ഉണ്ടാകാവുന്ന രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ റിസ്‌ക്കെടുക്കാന്‍ കഴിയില്ലെന്നവര്‍ തീര്‍ത്തു പറഞ്ഞു. മറ്റൊരു പ്രശ്‌നം കൂടി ബാക്കിയുണ്ടായിരുന്നു. വാഗാ അതിര്‍ത്തി വഴി കാല്‍നടയായി അപ്പുറം കടക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കേണ്ട ഒരു പ്രത്യേക അനുമതിയുടെ പ്രശ്‌നമായിരുന്നു അത്. അതിര്‍ത്തിയിലെത്തുമ്പോഴേക്കും അനുമതി നല്‍കുമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടികളാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. ഡിസംബര്‍ നാലിനാണ് അതിര്‍ത്തി കടക്കേണ്ട ദിവസം. രണ്ടു ദിവസം കൂടി ബാക്കിയുണ്ടല്ലോ, അപ്പോഴേക്കും ശരിയായിവരും എന്ന സമാധാനത്തോടെ രാത്രി പഞ്ചാബിലേക്ക് തിരിച്ചു.
(തുടരും)