സ്‌നേഹിനിധിയായ സുഹൃത്ത്
അബ്‌ദുല്‍ ലത്വീഫ് ബസ്‌മല
വര്‍ത്തമാനം എഡിറ്റോറിയല്‍ ഡയറക്ടര്‍, ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡന്റ്, എഴുത്തുകാരന്‍, സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അബൂബക്കര്‍ കാരകുന്നിന്റെ നിറയൌവനത്തിലെ വിടവാങ്ങല്‍ ഏറെ സങ്കടമുണര്‍ത്തുന്നു. അദ്ദേഹം എനിക്ക് ബാല്യകാല സുഹൃത്തും ബന്ധുവും നല്ല ഒരു അയല്‍വാസിയുമായിരുന്നു. അദ്ദേഹത്തിന്റെ അകാല മരണം സൃഷ്ടിച്ച നടുക്കം പെട്ടെന്ന് മായുന്നതല്ല. രോഗബാധിതനായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് വേര്‍പാട് പ്രതീക്ഷിച്ചിരുന്നില്ല.
ഞങ്ങള്‍ ബന്ധുക്കളും അയല്‍വാസികളും സ്നേഹപൂര്‍വം 'സിദ്ദീഖ്' എന്ന് വിളിച്ചിരുന്ന അബൂബക്കര്‍ കാരകുന്നിന്റെ ജീവിതം ഒരു വിസ്മയം തന്നെ. 46 വര്‍ഷത്തെ ചെറിയ കാലയളവില്‍ മനുഷ്യസാധ്യമായ ധാരാളം സേവനങ്ങള്‍ സമര്‍പ്പിച്ചാണ് സഹോദരന്‍ വിടവാങ്ങിയത്. കൈവെച്ച എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച് വരുംതലമുറക്ക് ഓര്‍ക്കാനും അനുഭവിക്കാനും ചിലത് ബാക്കിവെച്ചാണ് അദ്ദേഹം രംഗം വിട്ടത്.
മലപ്പുറം ജില്ലയിലെ കാരകുന്നിനടുത്ത് പുലത്ത് പ്രദേശത്ത് 1964ല്‍ കട്ടക്കാടന്‍ ഹസന്‍, മണ്ണില്‍കടവ് ആയിശുമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനായ അദ്ദേഹം വളരെ ദരിദ്രമായ കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. സനാഥനായിരുന്നെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍ കാരണം നിലമ്പൂര്‍ അനാഥശാലയിലാണ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. എടവണ്ണ ജാമിഅ നദ്വിയ, മദീനത്തുല്‍ ഉലൂം എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനം. വിദ്യാര്‍ഥിയായിരിക്കെ തന്നെ ശബാബ് വാരികയിലും സല്‍സബീലിലും ലേഖനങ്ങള്‍ എഴുതി തുടങ്ങിയിരുന്നു. പഠനാനന്തരം ശബാബ് പത്രാധിപരായി ചുമതലയേല്‍ക്കുകയും രചനാ രംഗത്ത് സജീവമാവുകയും ചെയ്തു. വൈകാതെ 'യുവത' ബുക് ഹൌസിന്റെ ഡയറക്ടറായി പ്രസാധന രംഗത്തും കഴിവ് തെളിയിച്ചു.
കര്‍മനിരതനായിരുന്ന അബൂബക്കര്‍ കാരകുന്നിന് ഏതെങ്കിലും ഒരു മേഖലയില്‍ ഒതുങ്ങിനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എഴുത്തും പ്രസംഗവും ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ തന്നെ സംഘടനയുടെ ബുദ്ധിയും ചാലക ശക്തിയുമായി വര്‍ത്തിച്ചു. പത്ത് വര്‍ഷത്തിലധികം ഐ.എസ്.എമ്മിന്റെ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായി സംഘടനയെ നയിച്ചു. പരമ്പരാഗത ശൈലിയില്‍നിന്ന് മാറി ശ്രദ്ധേയമായ പല പ്രമേയങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഐ.എസ്.എം കാമ്പയിനുകള്‍ നടത്തിയത് ഈ കാലയളവിലായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും പഠനത്തില്‍ ജാഗ്രത പുലര്‍ത്തിയ അദ്ദേഹം മലയാളത്തില്‍ ബിരുദവും എം.ബി.എ, എം.എസ്.ഡബ്ള്യു തുടങ്ങിയ ബിരുദങ്ങളും കരസ്ഥമാക്കി. പരന്ന വായനയും കഠിനാധ്വാനവും ബഹുമുഖ വ്യക്തിത്വങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കവും അദ്ദേഹത്തെ പക്വമതിയായ യുവ പണ്ഡിതനാക്കി. സമകാലീന പ്രശ്നങ്ങളെക്കുറിച്ച ചര്‍ച്ചകളിലും സംവാദങ്ങളിലും മുജാഹിദ് പ്രസ്ഥാനത്തെ പ്രതിനിധീകരിക്കാന്‍ അദ്ദേഹം തീര്‍ത്തും പ്രാപ്തനായിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കനപ്പെട്ട ലേഖനങ്ങള്‍ എഴുതിയതിനു പുറമെ പത്തോളം ഗ്രന്ഥങ്ങളും ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വീട്ടിനപ്പുറം ഒരുലോകം - ലഘുചിന്തകള്‍, സംഘടന സ്കൂള്‍, ഖുര്‍ആനിലെ പ്രാര്‍ഥനകള്‍' എന്നിവ കൃതികളില്‍ ചിലതാണ്. വര്‍ത്തമാനം പത്രത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന അദ്ദേഹം അതിന്റെ ഡയറക്ടര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റോറിയല്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
തന്നെ വളര്‍ത്തിയ നിലമ്പൂര്‍ യതീംഖാനയുടെ സെക്രട്ടറി സ്ഥാനം ചുമലില്‍ വന്നുചേര്‍ന്നപ്പോള്‍ അതൊരു നിയോഗമായി ഏറ്റെടുത്ത് അതിന്റെ വളര്‍ച്ചക്ക് പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി. ജന ശിക്ഷണ്‍ സംസ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്ററായി നിയമിതനായപ്പോള്‍ സ്ത്രീകളുടെയും അശരണരുടെയും പുരോഗതി ലക്ഷ്യമാക്കി ധാരാളം പദ്ധതികള്‍ നടപ്പിലാക്കി.
വശ്യമായ പുഞ്ചിരി, ഹൃദ്യമായ സംസാരം, മാന്യമായ പെരുമാറ്റം, ആശയവിയോജിപ്പുകള്‍ക്കിടയിലും പ്രതിപക്ഷ ബഹുമാനം ഇതൊക്കെ അദ്ദേഹത്തെ പരിചയപ്പെടുന്നവരുടെ മനസ്സില്‍ മതിപ്പുണ്ടാക്കുന്ന ഗുണങ്ങളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളുടെ ഗ്രാമത്തിന്റെ ദുഃഖവും നഷ്ടവുമാണ്. നാട്ടിലെ പൊതു പ്രശ്നങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
തന്നെ ബാധിച്ച മാരകമായ രോഗത്തിന്റെ ഗൌരവം നന്നായി അറിയുമായിരുന്നിട്ടും അദ്ദേഹം കാണിച്ച ക്ഷമയും സഹനവും സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആശ്വസിപ്പിക്കാന്‍ വരുന്ന സന്ദര്‍ശകരെ പുഞ്ചിരിയോടെ സ്വീകരിച്ചു. മരണത്തിന് കാതോര്‍ത്ത് കിടക്കുമ്പോഴും പുഞ്ചിരിക്കാന്‍ കഴിയുന്നത് നിസാരമായ കാര്യമല്ലല്ലോ. സ്കൂള്‍ പ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
അല്ലാഹുവേ, കര്‍മ ഭൂമിയില്‍നിന്നും നിന്റെ സവിധത്തിലേക്ക് യാത്രയായ പ്രിയസഹോദരന് നീ സ്വര്‍ഗത്തില്‍ ഇടം നല്‍കേണമേ.
--------------------------------------------------------------------------------------------------------------------------------------------------
കൂര്‍മത്ത് സയ്യിദ് അബ്ദുല്ല
2011 ജനുവരി 26ന് മരണപ്പെട്ട കൂര്‍മത്ത് സയ്യിദ് അബ്ദുല്ലയുടെ തറവാട് വീടായിരുന്നു കോട്ടക്കല്‍ പറപ്പൂര്‍ പ്രദേശത്തെ പ്രസ്ഥാനപ്രവര്‍ത്തനങ്ങളുടെ ആദ്യകാല ആസ്ഥാനം. കൊണ്ടോട്ടിയില്‍നിന്ന് 1955ല്‍ ഹാജി സാഹിബിന്റെ പ്രസംഗം കേട്ട് മടങ്ങിവന്ന ഞങ്ങള്‍ "ഇനി അടങ്ങിയിരിക്കാന്‍ വയ്യ, പറപ്പൂരില്‍ നമുക്ക് പ്രവര്‍ത്തനം തുടങ്ങണം'' എന്ന് തീരുമാനിക്കുകയായിരുന്നു. യോഗം നടത്താന്‍ എവിടെയാണ് സ്ഥലം കിട്ടുകയെന്ന അന്വേഷണത്തിലാണ് കൂര്‍മത്ത് ബാപ്പു മുസ്ലിയാരുടെ വീട് ശ്രദ്ധയില്‍ വന്നത്. അവിടെ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനുജന്‍ അബ്ദുല്ല സാഹിബും ശാഹുല്‍ ഹമീദ് മൌലവിയും നാട്ടിലായിരുന്നു. അവര്‍ എവിടെയോ പള്ളി ദര്‍സില്‍ ഓതുകയായിരുന്നു. അങ്ങനെ അവിടെ യോഗം തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അബ്ദുല്ല സാഹിബും ശാഹുല്‍ഹമീദ് മൌലവിയും നാട്ടിലെത്തി. ജമാഅത്തുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഞങ്ങളുടെ പഴയ തലമുറയിലെ ഒരു കണ്ണികൂടി വിട്ടുപിരിഞ്ഞിരിക്കുന്നു.
വി. പോക്കുഹാജി പറപ്പൂര്‍
റഹ്മത്ത് അബ്ദുന്നാസര്‍
ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്നു ആലുവ വെളിയത്തുനാട് സ്വദേശിനി റഹ്മത്ത് അബ്ദുന്നാസര്‍.
ഖുര്‍ആന്‍ സ്റഡിയിലൂടെയാണ് റഹ്മത്ത് പ്രസ്ഥാനത്തിലേക്ക് വന്നത്. സ്കൂളില്‍ ജോലിയുള്ളതോടൊപ്പം ഖുര്‍ആന്‍ പഠിക്കാനും കഴിയുംവിധം അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും അവര്‍ ശ്രദ്ധിച്ചിരുന്നു.
ഞങ്ങളുടെ യൂനിറ്റിലെ 'കനിവ്' കൈകാര്യം ചെയ്തിരുന്നത് റഹ്മത്തായിരുന്നു. കനിവിലേക്ക് തന്റെ ബന്ധത്തിലുള്ളവരെ വരിചേര്‍ക്കുന്നതിലൂടെ അവരുമായി പ്രബോധനബന്ധം ഉണ്ടാക്കിയെടുക്കുകയും അവരെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. രോഗം മൂര്‍ഛിച്ചതോടെ നാട്ടിലേക്ക് പോകുന്നതിന്റെ തലേദിവസം കനിവിന്റെ കണക്കുകള്‍ ഞങ്ങള്‍ക്ക് കൈമാറി.
കാര്‍കുന്‍ ആവാനുള്ള മോഹം ബാക്കിവെച്ച് കൊണ്ടാണ് അവര്‍ യാത്രയായത്. രോഗം ബാധിച്ചതോടെ ഏതൊരു മാതാവിനെയും പോലെ മക്കളുടെ കാര്യത്തില്‍ വലിയ സങ്കടമായിരുന്നു.
റഹ്മത്ത് അബ്ദുല്ലത്വീഫ് ദോഹ ഖത്തര്‍
പി.കെ മുഹമ്മദ് ഹാജി
ജമാഅത്തെ ഇസ്ലാമി കരുവാരക്കുണ്ട് കാര്‍കുന്‍ ഹല്‍ഖയിലെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പി.കെ മുഹമ്മദ്ഹാജി. പൌരോഹിത്യത്തിന് വേരുണ്ടായിരുന്ന മണ്ണില്‍ വളരെ ധൈര്യപൂര്‍വം ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ടി അദ്ദേഹം പണിയെടുത്തു. പാതിരാ പ്രഭാഷണ വേളകളില്‍ പുസ്തക പ്രദര്‍ശനവും വില്‍പനയും നടത്തിയതിന് അദ്ദേഹത്തിനെതിരെ കൈയേറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ കടയില്‍ എത്തുവന്നവരെയൊക്കെ പ്രസ്ഥാനത്തെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമായിരുന്നു.
കുഞ്ഞാറഹാജി കരുവാരക്കുണ്ട്
കോഴിപറമ്പില്‍ അലവിഹാജി
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും ചെമ്മാടിനടുത്ത് കളിയാട്ടമുക്ക് ഹല്‍ഖയിലെ കാര്‍കുനുമായിരുന്നു കോഴിപറമ്പില്‍ അലവിഹാജി.
യുവത്വത്തിന്റെ നല്ലൊരുകാലം മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ചിലവഴിച്ച അദ്ദേഹം അവിടെ വെച്ച് തന്നെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു.
കളിയാട്ടമുക്കില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് ബീജാവാപം ചെയ്തവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. 'അക്ഷര' വായനശാലയുടെ അണിയറ ശില്‍പികളിലും അദ്ദേഹം ഉണ്ടായിരുന്നു. സഫാ മസ്ജിദിന്റെ നിര്‍മാണത്തില്‍ പങ്ക് വഹിച്ചു. എന്തും ത്യജിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം സ്ഥാനമാനങ്ങളോട് എന്നും അകലം പാലിച്ചു.
വി.പി അബ്ദുര്‍റസാഖ് മൂന്നിയൂര്‍
ഇസ്മാഈല്‍ കുട്ടി
ദീര്‍ഘകാലം എടവണ്ണ ഹല്‍ഖയിലെ സജീവ സാന്നിധ്യമായിരുന്നു ഇസ്മാഈല്‍ കുട്ടി സാഹിബ്. എതിര്‍പ്പുകളും വിമര്‍ശനങ്ങളും പരിഹാസവും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടു. ചില മതസംഘടനകള്‍ നടത്തുന്ന ജുമുഅ ഖുത്വ്ബയിലെ അധിക്ഷേപങ്ങള്‍ ചോദ്യം ചെയ്യാന്‍ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു. എടവണ്ണയില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച പഠന ക്ളാസുകളില്‍ സജീവമായി അദ്ദേഹം പങ്കെടുത്തു.
സാമ്പത്തിക പ്രയാസമുണ്ടായ സന്ദര്‍ഭങ്ങളില്‍ പ്രസ്ഥാനത്തെയും പള്ളിയെയും അദ്ദേഹം ഉദാരമായി സഹായിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ പ്രബോധനം, മാധ്യമം എന്നിവയുടെ ഏജന്‍സി അദ്ദേഹം ഏറ്റെടുത്തു. ആദ്യ കാലത്ത് തന്റെ കടയില്‍ ഐ.പി.എച്ച് പുസ്തകങ്ങള്‍ വില്‍പനക്ക് വെച്ചിരുന്നു. മക്കളെ ദീനീചിട്ടയില്‍ വളര്‍ത്തുന്നതിലും അദ്ദേഹം വിജയിച്ചു.
എ.പി.എ കരീം