Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


സ്വര്‍ഗ കവാടങ്ങള്‍ അടയുന്നില്ല
എ.കെ അബ്‌ദുന്നാസിര്‍

അനന്തമായ മരുഭൂമിയിലൂടെ ഒരാള്‍ ഒറ്റക്ക്‌ ഒട്ടകപ്പുറത്ത്‌ യാത്ര ചെയ്യുകയാണ്‌. വഴിമധ്യേ അദ്ദേഹത്തിന്റെ ഒട്ടകത്തെ കാണാതെയായി. ചുട്ടുപൊള്ളുന്ന മണലിലൂടെ ഇനി ഒരടി മുന്നോട്ടു പോകാന്‍ വയ്യ. കുടിക്കാനുള്ള വെള്ളവും കഴിക്കാനുള്ള ഭക്ഷണവും ഒട്ടകപ്പുറത്താണ്‌. ഇനിയെന്ത്‌ ചെയ്യും? നിരാശനും ക്ഷീണിതനുമായ ആ യാത്രക്കാരന്‍ മുന്നില്‍ കണ്ട ഒരു മരത്തണലില്‍ അല്‍പം വിശ്രമിക്കാനുറച്ചു. പെട്ടെന്നദ്ദേഹം മയങ്ങിപ്പോയി. മയക്കുമുണര്‍ന്നപ്പോള്‍ അദ്ദേഹം കണ്ടത്‌ നഷ്‌ടപ്പെട്ടുപോയെന്ന്‌ കരുതിയ ഒട്ടകം മുന്നില്‍ വന്നു നില്‍ക്കുന്നതാണ്‌. അതിന്റെ പുറത്തുണ്ടായിരുന്ന ഭക്ഷണവും വെള്ളവും മറ്റു സാധന സാമഗ്രികളും അതേ പടിയുണ്ട്‌. ആ യാത്രക്കാരന്റെ സന്തോഷത്തിന്‌ അതിരുണ്ടായിരുന്നില്ല. അയാള്‍ അല്ലാഹുവിനെ സ്‌തുതിച്ചു. പക്ഷേ, സന്തോഷാധിക്യം കൊണ്ട്‌ അയാളുടെ സ്‌തുതിവചനം പോലും തലതിരിഞ്ഞുപോയി. പടച്ചവനോട്‌ ``ഞാന്‍ നിന്റെ അടിമ, നീ എന്റെ നാഥന്‍'' എന്ന്‌ പറയേണ്ടതിന്‌ പകരം അദ്ദേഹം പറഞ്ഞത്‌ ``നീ എന്റെ അടിമ, ഞാന്‍ നിന്റെ നാഥന്‍'' എന്നാണ്‌. തെറ്റു കുറ്റങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന അടിമ പശ്ചാത്തപിച്ച്‌ ദൈവസന്നിധിയിലേക്ക്‌ തിരിച്ചുചെന്നാല്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം, നഷ്‌ടപ്പെട്ട ഒട്ടകത്തെ തിരിച്ചുകിട്ടിയ ആ യാത്രക്കാരനുണ്ടായതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ്‌ നബി(സ) പഠിപ്പിച്ചത്‌ (ബുഖാരി, മുസ്‌ലിം).
ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ മദാരിജുസ്സാലികീന്‍ എന്ന ഗ്രന്ഥത്തില്‍ സ്വന്തം മാതാവിനോട്‌ പിണങ്ങിപ്പോകുന്ന ഒരു കുട്ടിയെ ചിത്രീകരിക്കുന്നുണ്ട്‌. കുട്ടിയുടെ അനുസരണക്കേട്‌ കാരണം ദേഷ്യം പിടിച്ച മാതാവ്‌ വാതില്‍ കൊട്ടിയടച്ചു. പാവം കുട്ടി. അവനെങ്ങോട്ട്‌ പോകാനാണ്‌? അല്‍പസമയം അവിടെയുമിവിടെയുമായി ചുറ്റുത്തിരിഞ്ഞ്‌ കുട്ടി അവസാനം ഖേദിച്ചു മടങ്ങി സ്വന്തം വീട്ടിലേക്ക്‌ തന്നെ തിരിച്ചുവന്നു പടിയില്‍ തലവെച്ചു കിടന്ന്‌ ഉറങ്ങിപ്പോയി. തന്റെ മകന്റെ ദയനീയ സ്ഥിതി കണ്ട്‌ മനസ്സലിഞ്ഞ മാതാവ്‌ അവനെ പിടിച്ചണക്കുകയും ചുംബനങ്ങള്‍ കൊണ്ട്‌ മൂടുകയും ചെയ്‌തു. എന്നിട്ട്‌ പറഞ്ഞു: ``മോനെ ഞാന്‍ നിന്നോട്‌ പറഞ്ഞിട്ടില്ലേ എന്നെ ധിക്കരിക്കരുതെന്ന്‌. നിനക്കഭയം നല്‍കാന്‍ മറ്റാരുമില്ലെന്ന്‌.''
ഖേദിച്ചു മടങ്ങി വരുന്ന അടിമയോടുള്ള അല്ലാഹുവിന്റെ സമീപനമാണ്‌ ഇബ്‌നുല്‍ ഖയ്യിം ഇവിടെ ചിത്രീകരിക്കുന്നത്‌. മാതാവിന്‌ സ്വന്തം കുട്ടിയോടുള്ളതിനേക്കാള്‍ സ്‌നേഹം അല്ലാഹുവിന്‌ അവന്റെ അടിമകളോടുണ്ടെന്നാണ്‌ നബി(സ) അരുളിയിട്ടുള്ളത്‌. കാരുണ്യമാണ്‌ അല്ലാഹുവിന്റെ സ്വഭാവ ഗുണവിശേഷങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്‌. ``എന്റെ കാരുണ്യം എല്ലാറ്റിനെയും ചൂഴ്‌ന്ന്‌ നില്‍ക്കുന്നു'' (അല്‍അഅ്‌റാഫ്‌ 7:156). ``കാരുണ്യത്തെ അവന്‍ സ്വയം ഒരു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു'' (6:12). അല്ലാഹുവിന്റെ ഈ കാരുണ്യത്തിന്റെ ഭാഗമായിട്ടാണ്‌ സൃഷ്‌ടികളുടെ പാപങ്ങള്‍ അവന്‍ പൊറുക്കുന്നത്‌. അല്ലാഹു സ്വയം വിശേഷിപ്പിക്കുന്നത്‌ `പാപങ്ങള്‍ പൊറുക്കുന്നവനും പാശ്ചാത്താപം സ്വീകരിക്കുന്നവനും' (ഗാഫിര്‍) എന്നാണ്‌. ``അവനത്രെ അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുകയും പാപങ്ങള്‍ വിട്ടുകൊടുക്കുകയും ചെയ്യുന്നത്‌'' (അശ്ശൂറ 25). ഇമാം മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ ഇപ്രകാരമാണ്‌. ``പകല്‍ തെറ്റു ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു തന്റെ കരങ്ങള്‍ രാത്രി നീട്ടിപ്പിടിക്കുന്നു. രാത്രി തെറ്റ്‌ ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു പകല്‍ സമയത്ത്‌ അവന്റെ കരങ്ങള്‍ നീട്ടി കാത്തിരിക്കുന്നു, സൂര്യന്‍ കിഴക്കുനിന്ന്‌ ഉദിക്കുവോളം.''
തിരുനബി അനുചരന്മാര്‍ക്ക്‌ പറഞ്ഞുകൊടുത്ത ഒരു കഥ പാപപങ്കിലമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക്‌ പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നതാണ്‌. കഥ ഇതാണ്‌: ഇസ്രാഈല്‍ വംശത്തില്‍ 99 ആളുകളെ കൊന്ന ഒരു മനുഷ്യനുണ്ടായിരുന്നു. തന്റെ വഴിപിഴച്ച ജീവിതം മതിയാക്കി നന്നാകണമെന്ന്‌ തോന്നിയ അദ്ദേഹം അതിനുള്ള മാര്‍ഗങ്ങളന്വേഷിച്ച്‌ ഒരു സന്യാസിയെ സമീപിച്ചു. ``99 ആളുകളെ കൊന്നവന്‌ പ്രായശ്ചിത്തമോ? ഒരിക്കലുമില്ല.'' സന്യാസി പറഞ്ഞു. നിരാശനായ ആ മനുഷ്യന്‍ സന്യാസിയെ കൂടി കൊന്ന ശേഷം വീണ്ടും തന്റെ അന്വേഷണം തുടര്‍ന്നു. അവസാനം ഒരു പണ്ഡിതന്റെയടുത്തെത്തി. അദ്ദേഹം ആ പാപിയായ മനുഷ്യനെ സമാശ്വസിപ്പിക്കുകയും തൗബയുടെ മാര്‍ഗം പറഞ്ഞുകൊടുക്കുകയും ചെയ്‌തു. ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ ഏത്‌ കുറ്റവും അല്ലാഹു പൊറുക്കുമെന്നറിഞ്ഞ ആ മനുഷ്യന്‍ പണ്ഡിതന്റെ നിര്‍ദേശമനുസരിച്ച്‌ നല്ലവരായ ആളുകള്‍ താമസിക്കുന്ന നാട്ടിലേക്ക്‌ പുറപ്പെട്ടു. പക്ഷേ, വഴിമധ്യേ മരണം അദ്ദേഹത്തെ പിടികൂടി. അതോടെ അദ്ദേഹത്തിന്റെ ആത്മാവിന്റെ കാര്യത്തില്‍ ശിക്ഷയുടെ മാലാഖമാരും കാരുണ്യത്തിന്റെ മാലാഖമാരും തമ്മില്‍ തര്‍ക്കമായി. ശിക്ഷയുടെ മാലാഖമാര്‍ പറഞ്ഞു: ``ജീവിതത്തില്‍ ഒരു നന്മയും ചെയ്യാത്ത, നൂറ്‌ ആളുകളെ കൊന്ന പാപിയാണ്‌ ഈ മനുഷ്യന്‍. അതിനാല്‍ ഇദ്ദേഹത്തിന്റെ ആത്മാവ്‌ ഞങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌.'' കാരുണ്യത്തിന്റെ മലക്കുകള്‍ വാദിച്ചു: ``ഇദ്ദേഹം പാപം ചെയ്‌തുവെന്നത്‌ ശരിയാണ്‌. പക്ഷേ, തൗബ ചെയ്യാനുള്ള യാത്രക്കിടയിലാണ്‌ അദ്ദേഹം മരിച്ചത്‌. അതിനാല്‍ ഇദ്ദേഹത്തിന്റെ ആത്മാവിന്‌ ഞങ്ങളാണ്‌ അവകാശികള്‍.''
തര്‍ക്കം തീര്‍ക്കാന്‍ അല്ലാഹു ജിബ്‌രീലിനെ നിയോഗിച്ചു. അദ്ദേഹം അവരുടെ മുമ്പില്‍ ഒരു പരിഹാര നിര്‍ദേശം വെച്ചു: ``പാപിയായ മനുഷ്യന്‍ ഇതുവരെ യാത്ര ചെയ്‌ത ദൂരവും ഇനി യാത്ര ചെയ്യാനുള്ള ദൂരവും അളന്നു നോക്കുക. കൂടുതല്‍ ദൂരം യാത്ര ചെയ്‌തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാവിനെ കാരുണ്യത്തിന്റെ മലക്കുകള്‍ കൊണ്ടുപോകട്ടെ. നേരെ മറിച്ചാണെങ്കില്‍ ശിക്ഷയുടെ മലക്കുകളും.''
അളന്നു നോക്കിയപ്പോള്‍ അദ്ദേഹം കൂടുതല്‍ ദൂരം യാത്ര ചെയ്‌തിരിക്കുന്നു (യഥാര്‍ഥത്തില്‍ അദ്ദേഹം കൂടുതല്‍ ദൂരം യാത്ര ചെയ്‌തിരുന്നില്ല. പക്ഷേ, തൗബ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ ആഗ്രഹവും അതിനുള്ള ശ്രമവും പരിഗണിച്ച്‌ അല്ലാഹു പ്രത്യേകമായി ഇടപെട്ട്‌ യാത്ര ചെയ്‌ത പ്രദേശങ്ങളുടെ ദൂരം വര്‍ധിപ്പിക്കുകയായിരുന്നു-ബുഖാരി). ``അല്ലാഹുവിലേക്ക്‌ ഒരു ചാണ്‍ അടുത്താല്‍ അവന്‍ നിങ്ങളിലേക്ക്‌ ഒരു മുഴം അടുക്കും. നിങ്ങള്‍ ഒരു മുഴം അടുത്താല്‍ അവന്‍ ഒരു മാറ്‌ അടുക്കും. നിങ്ങള്‍ അല്ലാഹുവിലേക്ക്‌ നടന്നു ചെന്നാല്‍ അവന്‍ നിങ്ങളുടെയടുത്തേക്ക്‌ ഓടിവരും.'' ``സ്വന്തം ആത്മാവിനോട്‌ അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്‌. നിശ്ചയം അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ'' (അസ്സുമര്‍ 53).
തെറ്റും ശരിയും ചെയ്യുന്ന പ്രകൃതത്തോട്‌ കൂടിയാണ്‌ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ എല്ലാ മനുഷ്യരും തെറ്റ്‌ ചെയ്യുന്നവരാണ്‌. അതിന്റെ അളവിലും തൂക്കത്തിലും പ്രകൃതത്തിലും വ്യത്യാസമുണ്ടെന്ന്‌ മാത്രം. ആരെങ്കിലും ഞാനൊരു തെറ്റും ചെയ്യാത്തവനാണെന്ന്‌ അവകാശപ്പെടുകയാണെങ്കില്‍ അതുതന്നെയാണ്‌ അയാളുടെ ഏറ്റവും വലിയ തെറ്റ്‌. നബി(സ) അഭിസംബോധന ചെയ്‌ത്‌ അല്ലാഹു പറയുന്നു: ``കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ താങ്കള്‍ക്ക്‌ പൊറുത്തു തരുന്നതിന്‌ വേണ്ടി'' (അല്‍ഫത്‌ഹ്‌ 2). ഈ സൂക്തം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി പറയുന്നത്‌, ബോധപൂര്‍വമല്ലാതെയോ മറവി കാരണമോ പ്രവാചകന്മാര്‍ക്ക്‌ ചെറിയ തെറ്റുകള്‍ സംഭവിക്കാമെന്നാണ്‌. ഇമാം ശൗക്കാനി തെറ്റുകള്‍ കൊണ്ടുള്ള വിവക്ഷ ഏറ്റവും പ്രബലവും മുന്‍ഗണന നല്‍കേണ്ടതുമായ കാര്യത്തെ അവഗണിച്ചതാണെന്ന്‌ അഭിപ്രായപ്പെടുന്നു. പാപസുരക്ഷിതരായ പ്രവാചകന്മാരില്‍നിന്ന്‌ വരെ പാകപ്പിഴവുകള്‍ ഉണ്ടാകാമെങ്കില്‍ മറ്റാരില്‍നിന്നും തെററുകുറ്റങ്ങള്‍ സംഭവിക്കാമല്ലോ. അതിനാല്‍ തന്നെ ചെയ്‌ത പാപങ്ങളില്‍ നിന്ന്‌- ചെറുതാകട്ടെ, വലുതാകട്ടെ- അല്ലാഹുവിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങുകയെന്നത്‌ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്‌. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുവിന്‍'' (അന്നൂര്‍ 31). ``സത്യവിശ്വാസികളേ, അല്ലാഹുവിലേക്ക്‌ ആത്മാര്‍ഥമായി ഖേദിച്ചുമടങ്ങുവിന്‍'' (അത്തഹ്‌രീം 8). ``അല്ലാഹു പശ്ചാത്തപിക്കുന്നവരെയും പരിശുദ്ധി നേടുന്നവരെയും ഇഷ്‌ടപ്പെടുന്നു'' (അല്‍ബഖറ 222).
ഞാന്‍ വന്‍ പാപങ്ങളൊന്നും ചെയ്യുന്നില്ലല്ലോ, അതിനാല്‍ തൗബ ചെയ്യാനെന്തിരിക്കുന്നുവെന്ന്‌ ചിന്തിക്കുന്നവരുണ്ട്‌. തൗബ വന്‍ പാപങ്ങളില്‍ നിന്നു മാത്രമല്ല, ചെറിയ തെറ്റുകളില്‍ നിന്നും പാകപ്പിഴവുകളില്‍ നിന്നുപോലും നടത്തേണ്ട കാര്യമാണ്‌. അതുകൊണ്ടാണല്ലോ നബി(സ) പറഞ്ഞത്‌ `ഞാന്‍ ഒരു ദിവസം നൂറ്‌ പ്രവാശ്യം അല്ലാഹുവിനോട്‌ പാപമോചനമര്‍ഥിക്കുകയും അവനിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങുകയും ചെയ്യാറുണ്ടെന്ന്‌.' രണ്ടാമതായി സ്വന്തം തെറ്റിനെ കുറിച്ച്‌ ആര്‍ക്കും ലാഘവത്വം തോന്നുന്നത്‌ നന്നല്ല. അത്‌ തെറ്റ്‌ ആവര്‍ത്തിക്കാനും തൗബ ചെയ്യാതിരിക്കാനും കാരണമാവും. മാത്രമല്ല, ലാഘവ ബോധത്തോടെ ചെറു തെറ്റുകള്‍ ചെയ്‌താല്‍ അത്‌ വന്‍ കുറ്റങ്ങളായി പരിഗണിക്കപ്പെടുമെന്നാണ്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌. ``ഒരു യഥാര്‍ഥ സത്യവിശ്വാസി തന്റെ തെറ്റുകളെ തന്റെ മേല്‍ പതിക്കാനിരിക്കുന്ന ഒരു മലയായി കാണുമ്പോള്‍ കപട വിശ്വാസി അതിനെ കാണുന്നത്‌ മൂക്കിന്‍ തുമ്പത്ത്‌ വന്നു നില്‍ക്കുന്ന ഒരു ഈച്ചയായിട്ടാണെന്ന്‌'' ഒരു ചൊല്ലുണ്ട്‌. സ്വന്തം തെറ്റിനെ മനുഷ്യന്‍ ഗൗരവമായി കാണുമ്പോള്‍ അല്ലാഹു അതിനെ നിസ്സാരമായി പരിഗണിക്കും. എന്നാല്‍ സ്വന്തം തെറ്റിനെ മനുഷ്യന്‍ നിസ്സാരമായി കാണുകയാണെങ്കില്‍ അല്ലാഹു അതിനെ ഗൗരവതരമായിട്ടാണ്‌ കാണുക.
തെറ്റു സംഭവിച്ചാലുടന്‍ തൗബ ചെയ്യണമെന്നാണ്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌. രോഗമോ മരണമോ കാരണം പിന്നീട്‌ തൗബ സാധ്യമായില്ലെന്നു വരാം. ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ അഭിപ്രായത്തില്‍ തെറ്റു ചെയ്‌താലുടന്‍ തൗബ ചെയ്യുകയെന്നത്‌ നിര്‍ബന്ധമാണ്‌. വൈകിക്കുന്നത്‌ തെറ്റാണ്‌. പിന്നീട്‌ പാപത്തില്‍ നിന്ന്‌ തൗബ ചെയ്‌താലും വൈകിച്ചത്‌ തെറ്റായി അവശേഷിക്കും.
ഇമാം ഹസന്‍ ബസ്വരിയുടെ അഭിപ്രായത്തില്‍ ചെയ്‌തുപോയ പാപത്തെയോര്‍ത്തുള്ള മനോവ്യഥ, നാവുകൊണ്ടുള്ള പാപമോചനമര്‍ഥിക്കല്‍ (ഇസ്‌തിഗ്‌ഫാര്‍), പാപവര്‍ജനം, ഇനി ആവര്‍ത്തിക്കുകയില്ലെന്ന ദൃഢനിശ്ചയം എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ്‌ തൗബ. അതോടൊപ്പം മരണം ആസന്നമാകുന്നതിന്‌ മുമ്പ്‌ വേണം തൗബ ചെയ്യാന്‍. മരണാസന്നസമയത്തുള്ള പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയില്ല. നബി(സ) അരുളിയതായി തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``അടിമ മരണാസന്നനാകുന്നതുവരെ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കും.'' ``തിന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും മരണാസന്നനാകുമ്പോള്‍ `ഇനി ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു' എന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം. അന്ത്യശ്വാസം വരെ സത്യനിഷേധികളായിരുന്നവര്‍ക്കുമുള്ളതല്ല. നോവേറിയ ശിക്ഷയാണ്‌ നാമവര്‍ക്ക്‌ ഒരുക്കിയിട്ടുള്ളത്‌'' (അന്നിസാഅ്‌ 18).
തെറ്റ്‌ വ്യക്തികളുടെ സാമ്പത്തിക അവകാശവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതവര്‍ക്ക്‌ തിരിച്ചു കൊടുത്താല്‍ മാത്രമേ തൗബ സഫലമാവുകയുള്ളൂ. ജനങ്ങളുടെ അഭിമാനവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അവരെക്കൊണ്ട്‌ പൊരുത്തപ്പെടുവിക്കണം. സമ്പത്ത്‌ കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയാതിരിക്കുകയും അവകാശികളെ നിര്‍ണയിക്കാനും കണ്ടെത്താനും പ്രയാസവുമാണെങ്കില്‍ ഏകദേശം കണക്കാക്കി സ്വദഖ ചെയ്യുകയാണ്‌ വേണ്ടത്‌. അഭിമാനക്ഷതമേല്‍പിക്കപ്പെട്ട വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും അദ്ദേഹത്തിന്റെ നന്മകള്‍ എടുത്തു പറയുകയും ചെയ്യുകയാണ്‌ പരിഹാരം.
കുഫ്‌ര്‍, ശിര്‍ക്ക്‌, നിഫാഖ്‌ തുടങ്ങി എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും തൗബ പരിഹാരമാണ്‌. തൗബ ചെയ്യുന്നവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും അവ നന്മകളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യും. ``പശ്ചാത്തപിക്കുകുയം വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരൊഴികെ; അവരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റുന്നതാണ്‌'' (അല്‍ഫുര്‍ഖാന്‍ 70).
തൗബയുടെ സാക്ഷാല്‍ പ്രേരകം അല്ലാഹുവിന്റെ തൃപ്‌തിയും സ്വര്‍ഗപ്രവേശം എന്ന ഉല്‍ക്കട അഭിലാഷവുമായിരിക്കണം. ജനങ്ങളെ പേടിച്ചോ അവഹേളനം ഭയന്നോ ആവരുത്‌. തൗബക്ക്‌ ശേഷം പഴയ തെറ്റുകള്‍ അഭിമാനത്തോടെ എടുത്തു പറയുന്നതും അതിന്റെ ഓര്‍മയില്‍ ആനന്ദം കൊള്ളുന്നതും തൗബ ആത്മാര്‍ഥമല്ലെന്നതിന്റെ അടയാളമാണ്‌.
[email protected]

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly