>>
ചേരമാനും കേരളത്തിന്റെ ഹിജ്‌റയും
പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍
കേരളത്തിന്റെ പ്രാചീന മത സാംസ്‌കാരിക ഭൂമികയില്‍ മുസ്‌ലിംകളും ഇസ്‌ലാമും എവിടെയാണ് അടയാളപ്പെടുന്നത്? പ്രകൃതി സൗന്ദര്യത്തിനും ശാലീനമായ കാലാവസ്ഥക്കും ചിരാതനത തൊട്ടേ പെരുമപ്പെട്ടിരുന്നു ഇന്ത്യയുടെ ഈ തെക്കു പടിഞ്ഞാറന്‍ കടല്‍ത്തീരം. ഇഞ്ചിയും കുരുമുളകും മഞ്ഞളും കുന്തിരിക്കവും പുളച്ചു വളരുന്ന ഉര്‍വരത, വിദൂര ഗ്രാമങ്ങളെപ്പോലും തുറമുഖങ്ങളുമായി ചേര്‍ത്തുനിര്‍ത്തുന്ന നദീപടലങ്ങള്‍, ആര്‍ദ്ര മധുരമായ കുളിര്‍കാറ്റ്, തെങ്ങിന്‍ തലപ്പിന്റെ താലവൃന്ദം, ഇരമ്പി പെയ്യുന്ന വര്‍ഷകാലം, നനുത്ത മകരമാസക്കുളിര്, പ്രസാദ ദീപ്‌തമായ വേനല്‍, വലിച്ചെറിയുന്ന കുപ്പിച്ചില്ലുപോലും കുതിച്ചു മുളക്കുന്ന തിരുവാതിര ഞാറ്റു വേല. ആരാണീ മരുപ്പച്ച തേടാതിരിക്കുക? അതുകൊണ്ട് ആദിമ നിവാസികളായ ആസ്‌ട്രലോയിഡുകളുടെ ലോകത്തേക്ക് ജനപദങ്ങളൊഴുകിയെത്തി. ജൈനന്മാര്‍, ബുദ്ധ സന്യാസിമാര്‍, ബ്രാഹ്മണര്‍, നായന്മാര്‍, ഈഴവര്‍, ജൂത ക്രൈസ്‌തവര്‍.
സഞ്ചാര സൗകര്യങ്ങള്‍ ഏറെ സുയോജ്യമായ നിരവധി സ്വാഭാവിക തുറമുഖങ്ങള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. കൊല്ലം, പന്തലായനി, കോഴിക്കോട്, ധര്‍മടം, ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍. ഒക്‌ടോബര്‍ മുതല്‍ മെയ് വരെ വിദൂര സാംസ്‌കാരിക നഗരങ്ങളില്‍ നിന്നും കാറ്റുപായ കപ്പലുകള്‍ നമ്മുടെ സ്വര്‍ണതീരങ്ങള്‍ തേടി. സ്വര്‍ഗീയ ഉല്‍പന്നങ്ങള്‍ നിറച്ച പരശ്ശതം പത്തേമാരികള്‍ പടിഞ്ഞാറന്‍ കടലിലൂടെ വിദൂര നാടുകളിലെ തുറമുഖങ്ങളിലേക്ക് അരയന്നങ്ങളെപ്പോലെ പുളച്ചു നീന്തി. വിദേശ സാമൂഹിക സമ്പര്‍ക്കം കൊണ്ട് തീരമത്രയും സജീവമായി. ഇന്നും ഇന്നലെയുമല്ല ചരിത്രാതീത കാലത്തുപോലും കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ഒരു നടുക്കല്ലായി ഈ പശ്ചിമതീരം. ദേശ മര്യാദകള്‍ ലംഘിക്കാതെ കുരുമുളക് മുതല്‍ നാളികേരക്കൊത്തുവരെയും ചീനപ്പട്ടു മുതല്‍ ചിത്രപ്പണികള്‍ വരെയും യഥേഷ്‌ടം പത്തേമാരികളില്‍ കയറിയിറങ്ങി. പകരം വന്നത് സ്വര്‍ണ വെളളി നാണയങ്ങള്‍. ഇത്തരം പുരാതന പേര്‍ഷ്യോ റോമന്‍ നാണയങ്ങള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും അപൂര്‍വമല്ലാതെ കണ്ടെടുത്തിട്ടുണ്ട്.
അന്നേ കേരളം വിശ്രുതമായിരുന്നു. അന്നു തൊട്ടേ ഈ പ്രദേശം കേരളമെന്നറിയപ്പെട്ടു. മഹാഭാരതം, രാമായണം, മാര്‍ക്കണ്ഡേയ പുരാണം, കാളിദാസന്റെ രഘുവംശം ഇതിലൊക്കെയും കേരളീയ പരാമര്‍ശമുണ്ട്. സീതാന്വേഷണത്തിനു പുറപ്പെട്ട വാനര സംഘത്തോട് `ചോളാന്‍ പാണ്ഡ്യാം ശ്ച കേരളാന്‍' എന്നു സുഗ്രീവന്‍ പറയുന്നത് രാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തിലുണ്ട്. ലങ്കയില്‍ നിന്നും അയോധ്യയിലേക്ക് മടങ്ങുമ്പോള്‍ സീതക്കു രാമന്‍ കേരളത്തിന്റെ പ്രകൃതി ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നത് കാണാം. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവ പക്ഷത്ത് പൊരുതിയ കേരളീയ യോദ്ധാക്കളെ വ്യാസന്‍ വാഴ്‌ത്തിപ്പറയുന്നത് കാണുക - `ഭയോത്സൃഷ്‌ട വിഭൂഷാണാം തന കേരളയോഷിതാം.' പെരുമാക്കന്മാരുടെ കാലത്തിനു മുന്നേ ഇവിടെ ആസ്‌ട്രലോയിഡു വിഭാഗത്തിന്റെ ആവാസ ഭൂമിയായിരുന്നു എന്നു പുതിയ ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നുണ്ട്.
കേരളത്തില്‍ വ്യവസ്ഥാപിതമായ ആധിപത്യ വാഴ്‌ച തുടങ്ങുന്നത് ആദിചേരന്മാരുടെ കാലത്താണ്. ചേരന്‍ എന്നതില്‍ നിന്നാകാം കേരളം എന്നുണ്ടായത്. പ്രാചീന തമിഴ് ഗ്രന്ഥങ്ങളില്‍ ഈ പേരുണ്ട്. അല്ലെങ്കില്‍ ഈ ചേരനാമമായിരിക്കാം പിന്നീട് പാലി ഭാഷയിലൂടെയും സംസ്‌കൃതത്തിലൂടെയും കയറിയിറങ്ങി കേരളമെന്നായത്. ചേരന്റെ പ്രദേശം കേരളം. ശ്രീബുദ്ധ ദര്‍ശനത്തിനു സ്വാധീനമുണ്ടായിരുന്ന ഒരു ഘട്ടം കേരളത്തിനുണ്ട്. അന്ന് പാലി ഭാഷക്കും കേരളത്തില്‍ മതിയായ മേധാവിത്വമുണ്ട്. പാലി ഭാഷയില്‍ നിന്നുള്ള നിരവധി വാക്കുകള്‍ ഇന്ന് മലയാളത്തിലുണ്ട്. പാലിയില്‍ പള്ളിയെന്നാല്‍ ആരാധനാ സ്ഥലമെന്നാണര്‍ഥം. അതില്‍ നിന്നാണ് ജൂതന്മാരും പിന്നീട് ക്രിസ്‌ത്യാനികളും മുസ്‌ലിംകളും അവരുടെ പ്രാര്‍ഥനാ സ്ഥലത്തിന് പള്ളിയെന്ന് പറഞ്ഞ് തുടങ്ങിയത്. ബുദ്ധമതം തകര്‍ക്കപ്പെടുകയും ബുദ്ധ ഭിക്ഷുക്കള്‍ നായാടപ്പെടുകയും ചെയ്യുന്നതിനു മുമ്പ് കേരളത്തില്‍ ബുദ്ധമതത്തിനു ഒരു സുവര്‍ണ കാലമുണ്ടായിരുന്നു. ബുദ്ധന്‍ സംസാരിച്ച ഭാഷ പാലിയാണ്.
പില്‍ക്കാലത്ത് ബുദ്ധമത പ്രചാരണം ഏറ്റെടുത്ത അശോക ചക്രവര്‍ത്തിയുടെ ശിലാ ശാസനകളിലും കേരളമെന്ന പ്രാദേശിക നാമ പരാമര്‍ശമുണ്ട്. കേരള പുത്രന്റെ നഗരിയെന്ന് എ.ഡി. 145-ലെ സഞ്ചാരിമാരും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ വാഴ്‌ച ആരംഭിച്ച പുരാതന ഭണവര്‍ഗം ആദി ചേരന്മാര്‍ തന്നെ. തലസ്ഥാനം തൃക്കരൂര്‍ക്കര എന്ന തൃക്കാക്കര. അവിടെ നിന്ന് തലസ്ഥാനം പിന്നീട് തുരവഞ്ചിക്കുളത്തേക്ക് മാറ്റി. സാമന്തന്മാരെയും നാടുവാഴികളെയും ആദി ചേര രാജാക്കന്മാര്‍ നീണ്ട കാലം അടക്കി ഭരിച്ചു. ചൈനീസ് സഞ്ചാരി മെഗസ്‌തനീസ് ഇന്ത്യയില്‍ വന്നപ്പോള്‍ ആദി ചേരന്മാര്‍ അധഃപതനകാലത്തായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പെരുമാള്‍ കാലത്ത് കേരളത്തില്‍ വ്യാപാര വൃദ്ധിയുണ്ടായി. നാട് പല ഖണ്ഡങ്ങളായി തിരിഞ്ഞു. ഇട പ്രഭുക്കന്മാരുടെ മേല്‍ക്കോയ്‌മയില്‍ സമൃദ്ധിയിലേക്ക് കുതിച്ചു. ഇവയെ സ്വരൂപങ്ങള്‍ എന്നു പറഞ്ഞു (കൊച്ചി രാജ്യ ചരിത്രം, കെ.പി പത്മനാഭ മേനോന്‍). സഞ്ചാരി വര്‍ഗത്തിന്റെയും വ്യാപാര സംഘത്തിന്റെയും ഇഷ്‌ടഭൂമിയായി കേരളം. സുലൈമാന്‍ പ്രവാചകനു വേണ്ടി കേരളത്തില്‍ നിന്ന് സ്വര്‍ണവും ആനക്കൊമ്പും തേക്കു കപ്പലുകളില്‍ കൊണ്ടുപോയിരുന്നതായി പഴയ നിയമത്തില്‍ പറയുന്നു. പൂര്‍വ പൗരസ്‌ത്യ ജനപദങ്ങളുമായി വാണിജ്യം ചെയ്‌ത കേരളീയ തുറമുഖം വഴിയാണ് ബുദ്ധ ഭിക്ഷുക്കള്‍ ശ്രീബുദ്ധ പദങ്ങളെ വിദൂര പൗരസ്‌ത്യ ദേശങ്ങളില്‍ പ്രചരിപ്പിച്ചത്.
വടക്കു നിന്നെത്തിയ ബുദ്ധ ജൈന ഭിക്ഷുക്കള്‍ തദ്ദേശീയരെ മാര്‍ഗം കൂട്ടി അനുയായികളെ കണ്ടെത്തി. ബുദ്ധ ജൈന മതം കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടൊപ്പം മിസ്‌റി (ഈജിപ്‌ത്)ന്റെ പരിസരങ്ങളില്‍നിന്നും സമുദ്രം താണ്ടി കേരളത്തിലേക്ക് പുതുസംഘങ്ങള്‍ വന്നുകൊണ്ടിരുന്നു. അവര്‍ മൂസാ പ്രവാചകന്റെ അനുയായികള്‍. ഇവരുടെ വാണിജ്യത്തില്‍ ഏലവും കുരുമുളകും കറുകപ്പട്ടയും ഉള്‍പ്പെട്ടു.
യരൂശലം പട്ടണം നശിപ്പിക്കപ്പെട്ടപ്പോള്‍ വിശ്വാസികളായ ജൂതന്മാര്‍ അഭയാര്‍ഥികളായി കേരളത്തിലെത്തിയിരുന്നു എന്ന് ജൂത ചരിത്രം പറയുന്നു. പുരാതന കേരളത്തിലെ ജൂത അധിവാസ കേന്ദ്രമായിരുന്നു മാള. മാള എന്ന വാക്കിന് ഹീബ്രു ഭാഷയില്‍ അഭയസ്ഥലമെന്നാണര്‍ഥം. ക്രിസ്‌താബ്‌ദം 58-ല്‍ തന്നെ ജൂതമതവിശ്വാസികള്‍ കേരളത്തിലേക്ക് കുടിയേറി. അതായത് ജൂതന്മാര്‍ കൂട്ടമായെത്തുകയും മത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌തു എന്നര്‍ഥം. കാലത്തിന്റെ മഹാ പ്രവാഹത്തില്‍ അബ്‌ദികള്‍ കൊഴിഞ്ഞു വീണു. വിശ്വാസ ബോധ്യത്തിന്റെ ഉത്സാഹവുമായി പടിഞ്ഞാറു നിന്നും പുതിയ വണിക്കുകളെത്തി. അപ്പോസ്‌തലനായ തോമാശ്ലീഹ ഒരു കച്ചവടക്കപ്പലിലാണത്രെ കേരളത്തിലെത്തിയത്. അതും കൊടുങ്ങല്ലൂരില്‍ (മുസരിസ്). ക്രിസ്‌തുമത കേന്ദ്രമായ റോമില്‍ പോലും മെത്രാന്മാരും ഭദ്രാസനങ്ങളും ഉണ്ടാകുന്നതിന് മുമ്പ് മുസരിസില്‍ ക്രിസ്‌തുമത ആസ്ഥാനങ്ങളുണ്ടായി. ക്രിസ്‌തു അനുയായികള്‍ക്ക് ക്രിസ്‌ത്യാനികള്‍ എന്ന പേരുണ്ടാവുന്നതിന് എത്രയോ മുമ്പ് ഇവര്‍ കേരളത്തില്‍ നസ്രാണികള്‍ (യേശു നസ്രേത്തുകാരനാണ്) എന്നറിയപ്പെട്ടു. തോമയും കൂട്ടുകാരും തദ്ദേശീയരായ നിരവധി പേരെ മാര്‍ഗം കൂട്ടി. തോമാശ്ലീഹയുടെ സമകാലികനായിരുന്ന പെരുമാളിന്റെ ജാമാതാവാണ് കേരളത്തിലെ ആദ്യത്തെ ക്രൈസ്‌വ മെത്രാന്‍ (കേരള മുസ്‌ലിം ചരിത്രം, പി.എ സെയ്‌ത് മുഹമ്മദ്).
ക്രിസ്‌തുവിന് ശേഷമാണ് കേരളത്തിലേക്ക് ബ്രാഹ്മണാഗമനമുണ്ടായത്. മിക്കവാറും ചാലൂക്യ രാഷ്‌ട്ര കലാഭിരാജാക്കന്മാര്‍ കേരളം ആക്രമിച്ചടക്കിയതിനു ശേഷമാണ് ബ്രാഹ്മണര്‍ വന്നതെന്നു കാണാം.കേരളീയ സമൂഹത്തില്‍ സാമൂഹിക സാമ്പത്തിക മേഖലയില്‍ ബ്രാഹ്മണര്‍ക്ക് മേല്‍ക്കൈ വന്നത് ക്രിസ്‌താബ്‌ദം അഞ്ചാം നൂറ്റാണ്ടോടെയാണെന്ന് പ്രശസ്‌ത ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. നായന്മാര്‍ നേപ്പാളിലെ നീവാറികളുടെയും രാജപുത്ര സ്ഥാനത്തെ നാഗന്മാരുടെയും പിന്‍തലമുറയില്‍ നിന്ന് കേരളത്തിലേക്കെത്തിയവരും ഈഴവന്മാര്‍ സിലോണി(ശ്രീലങ്ക)ല്‍നിന്നും കുടിയേറിയ ബുദ്ധമതാവലംബികളുടെ പിന്‍തലമുറയുമാണെന്നും ശക്തമായ ചരിത്ര നിരീക്ഷണമുണ്ട്. കേരളത്തില്‍ ഒരു ഈഴവ പെരുമാള്‍ പോലുമുണ്ടായിരുന്നുവെന്ന് ഈഴവ ചരിത്രകാരന്‍ കെ. ദാമോദരന്‍ നിരീക്ഷിച്ചിട്ടുണ്ട് (ഒരു കുറവ രാജവംശം: കെ. ദാമോദരന്‍, ബി.എ കേരള കൗമുദി). ചുരുക്കത്തില്‍, ഇവരൊക്കെയും കേരളത്തിലേക്ക് വന്നവര്‍. എല്ലാവര്‍ക്കും കേരളം തുറസ്സു തന്നു. ഇതിന് ആസ്‌ട്രലോയിഡുകളോട് നമുക്ക് നന്ദി പറയാം. അവരുടെ ആവാസ ഭൂമിയില്‍ നല്‍കിയ ഈ സ്വാതന്ത്ര്യത്തിന്.
സമുദ്ര സഞ്ചാരം അക്കാലങ്ങളില്‍ വളരെ സാര്‍വത്രികമായിരുന്നു. ക്രിസ്‌തു ശിഷ്യനായ പത്രോസ് റോമിലേക്കും ഫിലിപ്പോസ് ഫ്രിജിയയിലും അന്തേയൂസ് ഗ്രീക്കിലേക്കും യാക്കോബ് സ്‌പെയിനിലേക്കും ചെന്നെത്തിയത് കപ്പലുകളില്‍ തന്നെയാകാനാണ് സാധ്യത. കേരളതീരം അന്നു ലോകത്തിനു ഒട്ടും അപരിചിതമല്ല. വണിക്കുകളായെത്തിയവര്‍ ഉല്‍പന്നങ്ങള്‍ മാത്രമല്ല, മത സാംസ്‌കാരിക തനതുകള്‍ കൂടി വിനിമയം ചെയ്‌തു. പുറനാട്ടുകാര്‍ നീണ്ടകാലം ഗ്രാമങ്ങളില്‍ തങ്ങി കൃഷി ഉല്‍പന്നങ്ങള്‍ സംഭരിച്ച് തീരങ്ങളിലേക്ക് മടങ്ങി അനുകൂല കാലാവസ്ഥക്ക് കാത്തിരുന്നു; ഇടവപ്പാതിയോടെ വിഘ്‌നപ്പെടുന്ന കടല്‍പഥങ്ങള്‍ വൃശ്ചികക്കുളിരോടെ സഞ്ചാരയോഗ്യമാവുന്നതും കാത്ത്. ഈ നീണ്ട ഇടവേളകളില്‍ സ്വന്തം നാട്ടിലെ വിശേഷങ്ങള്‍ കൈമാറാനും തദ്ദേശീയ പുതുമകള്‍ കണ്ടറിയാനും അവര്‍ ഉത്സാഹിച്ചു.
റോമന്‍ ആധിപത്യത്തില്‍ നിന്നും വിമോചനം നേടിയ അറബികള്‍ പൗരസ്‌ത്യ ദേശത്തൊരു നവ സംസ്‌കൃതി വികസിപ്പിക്കാന്‍ തുടങ്ങിയ കാലം. കേരളവുമായി പുരാതന വാണിജ്യം വിജയിപ്പിച്ച നാടുകളായിരുന്നു റോമും സോമാലിയയും. സീസര്‍ക്ലോഡിയസ്സിന്റെ കാലത്ത് കാറ്റില്‍ ഉലഞ്ഞു തകര്‍ന്ന ഒരു കപ്പല്‍ നമ്മുടെ തീരത്തണഞ്ഞു എന്ന് പറയപ്പെടുന്നു. ഇക്കാലത്ത് സമുദ്രയാത്രാ പഥങ്ങളില്‍ നായകത്വമേറ്റത് അറബികള്‍. തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ ഉത്സാഹത്തില്‍ 45 ദിവസം കൊണ്ട് കേരള തീരത്തെത്താമെന്ന് അറബികള്‍ മനസ്സിലാക്കി. അന്നത്തെ പ്രധാന വാണിജ്യ കേന്ദ്രം മിസ്‌റിലെ അലക്‌സാണ്ട്രിയയായിരുന്നു. ചെങ്കടലില്‍ നിന്ന് നൈല്‍ നദിയിലേക്ക് ഒരു കൈവഴി പോലും അവര്‍ വെട്ടിയുണ്ടാക്കി. പിന്നീട് വികസിച്ചു വന്ന തുറമുഖമാണ് ഏദന്‍. ഈജിപ്‌തുകാരും ഗ്രീക്കുകാരും ചരക്കുകള്‍ കൈമാറിയിരുന്നത് ഏദന്‍ തുറമുഖത്തുവെച്ചായിരുന്നു. പശ്ചിമേഷ്യയില്‍ നിന്ന് രണ്ടു മാസവും പത്തു ദിവസവും കൊണ്ട് പായക്കപ്പലുകള്‍ കേരളതീരത്തെത്താറുണ്ടായിരുന്നു.
ഈ വാണിജ്യപ്പാച്ചിലിന്റെ പ്രധാന ഹേതുവാകട്ടെ കുരുമുളകും. റോമന്‍ സാമ്രാജ്യ നഗരങ്ങളിലും അറേബ്യന്‍ ഗോത്രങ്ങളിലും കേരളത്തിലെ കുരുമുളക് മോഹവും ലഹരിയുമായിരുന്നു. ആധുനിക വൈദ്യശാസ്‌ത്ര പിതാവായ ഹിപ്പോക്രാറ്റസിന്റെയും കെല്‍സസിന്റെയും അക്കാലത്തെ ആരോഗ്യ നിരീക്ഷണങ്ങളില്‍ പ്രധാന സ്ഥാനം കുരുമുളകിനായിരുന്നു. നാടുകള്‍ തമ്മിലുള്ള യുദ്ധാനന്തര കരാറുകളിലും സമാധാന പ്രമാണങ്ങളിലും കുരുമുളകായിരുന്നു പ്രധാന ഉപാധി. റോമക്കാരുടെ കുരുമുളക് ഭ്രമത്തെ ചരിത്രകാരനായ പ്ലീനി നിരീക്ഷിക്കുന്നുണ്ട് (Plieney Work XIII). അതുകൊണ്ടുതന്നെ ഏതു പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു കേരളത്തിന്റെ കുരുമുളക് കുത്തക സ്വന്തമാക്കാന്‍ പരദേശികള്‍ ഉത്സാഹിച്ചു.
എ.ഡി 47-ല്‍ ഹിപ്പാലസു എന്ന ഗ്രീക്ക് നാവികന്‍ കുരുമുളകിന്റെ നാട്ടിലേക്കുള്ള സഞ്ചാരവഴികള്‍ അറബികളില്‍നിന്ന് സ്വന്തമാക്കി. ഇതോടെ കേരളത്തിലേക്കുള്ള കപ്പല്‍ സഞ്ചാരത്തിനു ശീഘ്രത കൈവന്നു. അക്കാലങ്ങളില്‍ ഭൂരിഭാഗം വാണിജ്യ യാത്രകളും പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴി അറേബ്യയിലേക്കും അതുവഴി ഹിജാസ്, യമന്‍, ശാം എന്നിവിടങ്ങള്‍ ചുറ്റി അലക്‌സാണ്ട്രിയയിലേക്കും ദീര്‍ഘിച്ചു. അറേബ്യയില്‍ നിന്നും കേരളത്തിലെ പന്തലായനി (ഫര്‍ന്തര്‍നായി)ലേക്ക് 1435 മൈല്‍ ദൂരമുണ്ടെന്ന് പ്ലീനി രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യ പൗരസ്‌ത്യ ദേശത്തെ ജനങ്ങള്‍ കേരളത്തിലെ എല്‍കാഫി (ഏഴിമല) കുല്ല (കൊല്ലം)ത്തേക്കും നിരന്തരമായ കപ്പല്‍ യാത്രകള്‍ ചെയ്‌തു (Discovery in special branches exploration and settlement: Lewis Jackson). പ്യൂട്ടിത്തേറിയന്‍ ലിഖിതങ്ങള്‍ വിശ്വസിക്കാമെങ്കില്‍ റോമക്കാര്‍ 1200-ഓളം വരുന്ന രണ്ട് സേനാ സംഘങ്ങളെ അക്കാലത്ത് കൊടുങ്ങല്ലൂരില്‍ നിര്‍ത്തിയിരുന്നുവത്രെ. അഗസ്റ്റസ് ദേവന്റെ ഒരു ക്ഷേത്രവും മുസരിസില്‍ ഉണ്ടായിരുന്നു (മലബാറിലെ ജനങ്ങള്‍: വില്യം ലോഗന്‍). അത്ഭുതകരമായ മറ്റൊരു സംഗതി ചൈനീസ് പ്രദേശത്തുനിന്നു പോലും വര്‍ത്തക സംഘങ്ങള്‍ ഹിമാലയം ചുരം കടന്നു ചേരനാട്ടിലേക്കെത്തിയിരുന്നു (ചരിത്ര ഗവേഷണശാല: കേസരി ബാലകൃഷ്‌ണ പിള്ള).
ചുരുക്കത്തില്‍, കിഴക്കിനും പടിഞ്ഞാറിനും ഏതു നിലയിലും എളുപ്പത്തില്‍ പ്രാപ്യമായിരുന്നു കേരള തീരം. അതുകൊണ്ടുതന്നെ ലോക സംഭവഗതികള്‍ അതിന്റെ സൂക്ഷ്‌മതലത്തില്‍ അറിയാനും പ്രതികരിക്കാനും കേരളീയനു സാധിച്ചു. കേരളത്തിന്റെ ഈ ദാനാദാനത്തില്‍ കേന്ദ്രസ്ഥാനം കൈക്കൊണ്ടത് മുസരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖമാണ്. 14-ാ നൂറ്റാണ്ടിലുണ്ടായ ജലക്ഷോഭം ഈ തുറമുഖത്തെ തകര്‍ക്കുന്നതുവരെ മുസരിസ് ലോക സാംസ്‌കാരിക വൈവിധ്യത്തെ നിര്‍ലോഭമായി കേരളത്തില്‍ സമാഹരിച്ചു. മുസരിസിനെ പ്ലീനി വാഴ്‌ത്തിപ്പറയുന്നുണ്ട്. അത്രക്ക് സജീവവും ബഹളമയവുമായിരുന്നു മുസരിസ്. സുഗന്ധദ്രവ്യങ്ങള്‍ നിറച്ച വമ്പന്‍ സമുദ്ര പേടകങ്ങളെയും കടല്‍ക്കരയിലെ വിളക്കുമാടങ്ങളെയും ചുങ്കപ്പുരകളെയും കുന്നോളം പോന്ന ചരക്ക് കൂമ്പാരത്തെയും പറ്റി സംഘകാല കൃതിയായ പുറനാനൂറില്‍ വിസ്‌തരിക്കുന്നുണ്ട്. നാനാ വന്‍കരകള്‍ സമ്മേളിച്ചിരുന്ന ഐശ്വര്യ സമൃദ്ധമായ ഒരു തുറമുഖ നാഗരികതയുടെ ആസ്ഥാനമായിരുന്നു മുസരിസ് എന്നറിയാന്‍ ഭാവനയുടെ ശരവേഗങ്ങള്‍ വേണ്ട.
ഈ പശ്ചാത്തലത്തില്‍ വേണം കേരളവും ഇസ്‌ലാമും തമ്മിലുള്ള ഗാഢബന്ധം വിലയിരുത്തേണ്ടത്. ബ്രാഹ്മണ പൗരോഹിത്യവും നായരീഴവാദികളും അവരുടെ സര്‍വ സന്നാഹങ്ങളോടെ കടന്നുവന്നു കേരളത്തില്‍ അധീശത്വം നേടുകായിരുന്നെങ്കില്‍ ജൈന ബുദ്ധ മതങ്ങള്‍ വടക്കു നിന്നുള്ള ഭിക്ഷുസംഘങ്ങള്‍ നിരനന്തര പ്രയാണത്തിലൂടെ നാട്ടുകാരെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ക്രൈസ്‌തവരാകട്ടെ അപ്പോസ്‌തല വരവോടെ സംഘടിതമായി മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയായിരുന്നു. മേല്‍കണ്ട എല്ലാ വിഭാഗങ്ങളും ഇങ്ങോട്ടു വന്നു ഇവിടത്തുകാരെ വിശ്വാസികളാക്കുകയായിരുന്നു. എന്നാല്‍, ഇസ്‌ലാമിന്റെ അവസ്ഥ അതല്ല. കേരളത്തിലേക്ക് ഇസ്‌ലാം കടന്നുവരികയായിരുന്നില്ല, മറിച്ച് കേരളം ഇസ്‌ലാം അന്വേഷിച്ചു പ്രതീക്ഷയോടെ അറേബ്യയിലേക്ക് പോവുകയായിരുന്നു.