Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കെ.ടി സ്മരണ


സ്ത്രീ വിമോചനത്തിന്റെ
മുന്നണിപ്പോരാളി

 

# കെ.കെ ഫാത്തിമ സുഹ്റ

 
 

 


പിതൃതുല്യമായ വാത്സല്യം, അളവറ്റ സ്നേഹം, അതിരറ്റ കാരുണ്യം, ഗുരുതുല്യമായ ആത്മബന്ധം, ഊഷ്മളമായ ആദര്‍ശബന്ധം- വാക്കുകള്‍ക്കതീതവും വിവരണങ്ങള്‍ക്കപ്പുറവുമാണ് കെ.ടിയുമായുണ്ടായിരുന്ന വ്യക്തിബന്ധം. ഇടപഴകുന്ന ഏതൊരാള്‍ക്കും തന്നോടാണ് അദ്ദേഹത്തിന് കൂടുതല്‍ സ്നേഹം എന്ന് തോന്നിക്കും വിധമുള്ള പെരുമാറ്റം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അദ്ദേഹത്തിന് ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ കരുത്തും സാന്നിധ്യവും പങ്കാളിത്തവും. ആരോഗ്യം ശ്രദ്ധിക്കണമെന്ന നിരന്തരമായ അദ്ദേഹത്തിന്റെ ഉപദേശം മനസ്സിനു പകര്‍ന്നു നല്‍കിയ ആശ്വാസം ചെറുതൊന്നുമല്ല.
ഇസ്ലാമിലെ സ്ത്രീയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പക്വവും വിശാലവുമായിരുന്നു. ഇസ്ലാം സ്ത്രീക്ക് നല്‍കിയ സ്ഥാനമാനങ്ങള്‍ ഇനിയും ഇസ്ലാമിക പ്രസ്ഥാനത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത്തരം വിഷയങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനം ഇനിയും മുന്നോട്ട് നീങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.
വിമോചനത്തിന്റെ പ്രത്യയശാസ്ത്രമായ ഇസ്ലാം സ്ത്രീവിമോചനവും സ്ത്രീസ്വാതന്ത്യ്രവും അക്ഷരാര്‍ഥത്തില്‍ പ്രയോഗവല്‍ക്കരിച്ചു. എന്നാല്‍ ത്വലാഖ്, ബഹുഭാര്യാത്വം പോലുള്ള വിഷയങ്ങളില്‍ സമുദായത്തിന്റെ നിലപാട് തികച്ചും വികലവും അനിസ്ലാമികവുമാണ്. അതിന്റെ പേരില്‍ ഇന്ന് ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുകയും സമുദായം പരിഹസിക്കപ്പെടുകയും ചെയ്യുന്നു. തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന പ്രസ്തുത വിഷയങ്ങളെക്കുറിച്ചുള്ള യഥാര്‍ഥ ഇസ്ലാമിക കാഴ്ചപ്പാട് സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നത് വനിതാ ഘടകം കാലഘട്ടത്തിന്റെ അനിവാര്യതയായി ഏറ്റെടുക്കണമെന്നദ്ദേഹം നിരന്തരം ഉണര്‍ത്താറുണ്ടായിരുന്നു.
സ്രഷ്ടാവായ തമ്പുരാന്റെ മുമ്പില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന ഇസ്ലാമിക കാഴ്ചപ്പാട് സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ച അദ്ദേഹം മാതൃകാകുടുംബനാഥനായിരുന്നു. മരണം വരെ തന്റെ വസ്ത്രങ്ങള്‍ സ്വയം അലക്കിയിരുന്ന അദ്ദേഹം ഭാര്യയെക്കൊണ്ട് വസ്ത്രം കഴുകിക്കരുതെന്ന് മകനോടും മകന്റെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കരുതെന്ന് മരുമകളോടും പറയാറുണ്ടായിരുന്നു. പ്രസവം മാത്രമാണ് സ്ത്രീക്ക് മാത്രമായി ഏല്‍പ്പിക്കപ്പെട്ട ദൌത്യം. മറ്റു ഗൃഹ ജോലികളും കുടുംബ ഭരണവുമൊക്കെ സ്ത്രീയും പുരുഷനും കൂട്ടായ പങ്കാളിത്തത്തോടെ ചെയ്യേണ്ട കാര്യങ്ങളാണ് എന്നായിരുന്നു അദ്ദേഹത്തിന്റ വീക്ഷണം.
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും മരണത്തെ തെല്ലും ഭയക്കാത്ത പ്രകൃതിയും കെ.ടിയുടെ പ്രത്യേകതയായിരുന്നു. ഇസ്ലാമിന്റെ കാരുണ്യവും നീതിയും- അതാണ് സമൂഹത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാണിക്കേണ്ടത്. അല്ലാഹു ശിക്ഷിക്കുന്നവന്‍ മാത്രമല്ല, ക്ഷമിക്കാനും പൊറുക്കാനും തയാറായി അടിമകളുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ കാത്തിരിക്കുന്ന കരുണാമയനാണ്. കാരുണ്യവാനായ ദൈവത്തെയാണ് ജനമനസ്സുകളില്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ പ്രതിഷ്ഠിക്കേണ്ടത് എന്നദ്ദേഹം അടിക്കടി ഓര്‍മിപ്പിക്കുമായിരുന്നു.
ഏറെക്കാലം ശാന്തപുരം പ്രാദേശിക അമീറായിരുന്ന അദ്ദേഹം പ്രാദേശിക ജമാഅത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന ശാഠ്യക്കാരനായിരുന്നു. ഈയുള്ളവള്‍ ജമാഅത്ത് അംഗമായപ്പോള്‍ ആഴ്ചതോറും അവിടവിടെയായി പുരുഷാംഗങ്ങള്‍ ഒത്തുകൂടിയിരുന്ന പതിവ് നിര്‍ത്തലാക്കി എനിക്കു കൂടി പങ്കെടുക്കാനുള്ള സൌകര്യം പരിഗണിച്ച് പ്രാദേശിക ജമാഅത്തിന്റെ വാരാന്ത യോഗം എന്റെ വീട്ടിലേക്ക് മാറ്റിയത് നന്ദിപൂര്‍വം ഓര്‍ത്തു പോവുകയാണ്.
നല്ല കര്‍ഷകനായിരുന്ന അദ്ദേഹത്തിന്റെ കാര്‍ഷിക വിളകളില്‍ നല്ലൊരു പങ്ക് അയല്‍പക്കക്കാര്‍ക്കും പ്രസ്ഥാന ബന്ധുക്കള്‍ക്കുമായിരുന്നു. അദ്ദേഹത്തിന്റെ സമ്മാനങ്ങളുടെ സ്ഥിരം ഉപഭോക്താവായിരുന്നു ഈ എളിയവള്‍. ഒരിക്കല്‍ അദ്ദേഹം രണ്ട് വലിയ നേന്ത്രക്കുലകളുമായി ഓട്ടോറിക്ഷയില്‍ വന്ന് ഒന്ന് ഈയുള്ളവള്‍ക്കും ഒന്ന് എന്റെ സഹോദരന്‍ മമ്മുണ്ണി മൌലവിക്കും സമ്മാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: "നിങ്ങള്‍ നല്‍കുന്ന ഈ സമ്മാനങ്ങള്‍ക്ക് പ്രത്യുപകാരം നല്‍കാന്‍ ഞങ്ങള്‍ക്ക് കാര്‍ഷിക വിളകളില്ലല്ലോ?'' ഉടനെ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: "ഇസ്ലാമിക പ്രസ്ഥാനത്തിന് നിങ്ങള്‍ ജീവിതം ഉഴിഞ്ഞു വെച്ചില്ലേ? അതിലുള്ള സന്തോഷമാണ് ഞാനീ പ്രകടിപ്പിക്കുന്നത്. അതു തുടരുക, അതു തന്നെയാണ് പ്രത്യുപകാരം. മറ്റൊരു പ്രത്യുപകാരവും വേണ്ട.''
അദ്ദേഹത്തെപ്പോലുള്ളവരുടെ വിയോഗം പ്രസ്ഥാനത്തിനും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണ്. വീക്ഷണ വ്യത്യാസങ്ങള്‍ക്കു നടുവിലും ആധികാരികത നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും നഷ്ടം അതിലുപരി അപരിഹാര്യമായി തോന്നുന്നു. പ്രസ്ഥാനത്തിനും സമുദായത്തിനും എന്ന പോലെ, വ്യക്തിപരമായും വല്ലാത്ത ഒരു നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം മൂലം ഉണ്ടായിട്ടുള്ളത്.

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly