സകാത്ത് ദ്വന്ദ്വമാനമുള്ള ഇബാദത്താണ്. ആത്മീയ-ഭൌതികമാനങ്ങള്‍ അതില്‍ സംയോജിപ്പിക്കപ്പെടുന്നു. "നീ അവരുടെ സ്വത്തില്‍നിന്ന് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന ദാനം വാങ്ങിക്കുക. നീ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയമായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിയേകും. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്'' (തൌബ 103).
സകാത്തിലൂടെ ദായകന് സിദ്ധിക്കേണ്ട സംസ്കരണവും ശുദ്ധീകരണവും അവന്റെ വിശ്വാസദാര്‍ഢ്യത്തെയും ഇബാദത്ത് അനുഷ്ഠിക്കുമ്പോഴുണ്ടാകേണ്ട ദൈവാഭിമുഖ്യത്തെയും ആശ്രയിച്ചിരിക്കുന്നു. സകാത്തിന്റെ അനുപാതം, തുക എന്നിവയെല്ലാം സകാത്ത് നല്‍കുമ്പോഴുള്ള ശരിയായ മനോഭാവത്തെയും ദൈവാഭിമുഖ്യത്തെയും പരിഗണിക്കുമ്പോള്‍ അപ്രസക്തമാണ്. ദരിദ്രനായ ഒരാളുടെ നിസ്സാരമായ ദാനം, അതിസമ്പന്നന്റെ ഭീമമായ സകാത്ത് നീക്കിയിരിപ്പുകളേക്കാള്‍ ആത്മീയമായി ഉയര്‍ന്നു നില്‍ക്കുന്നത് അതുകൊണ്ടാണ്.
സകാത്തിന്റെ ഭൌതിക മാനം
"ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്നു വളരുന്നതിനു വേണ്ടി നിങ്ങള്‍ ഒടുക്കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിങ്കല്‍ ഒട്ടും വളരുന്നില്ല. എന്നാല്‍, അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും ദാനമായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍'' (അര്‍റൂം 39).
"വിധിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങള്‍ക്കിടയിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്. ദൈവദൂതന്‍ നിങ്ങള്‍ക്ക് നല്‍കുന്നതെന്തോ അത് സ്വീകരിക്കുക; വിലക്കുന്നതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവിനോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ, തീര്‍ച്ച'' (അല്‍ഹശ്ര്‍ 7).
മുആദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "അത് (സകാത്ത്) നിങ്ങളിലെ ധനികരില്‍നിന്നും എടുത്ത് ദരിദ്രര്‍ക്ക് തിരിച്ചു നല്‍കപ്പെടുന്നതാണ്.'' സകാത്തിന്റെ ഭൌതികമായ ലക്ഷ്യസാക്ഷാത്കാരം ദായകരുടെ ഉദ്ദേശ്യശുദ്ധിക്കും മനോഭാവത്തിനുമെല്ലാമുപരി, സകാത്തിന്റെ യഥാര്‍ഥ സംഭരണ-വിഭജന-വിതരണ സംവിധാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. സകാത്തിന്റെ ഭൌതികലക്ഷ്യം ദാരിദ്യ്ര നിര്‍മാര്‍ജനവും ദൈവമാര്‍ഗത്തിലുള്ള സാമ്പത്തികാവശ്യങ്ങള്‍ക്കുള്ള വിഭവസമാഹരണവുമാണ്. താത്ത്വികമായി ദാരിദ്യ്ര നിര്‍മാര്‍ജനമെന്നത് എല്ലാ സാമ്പത്തിക തത്ത്വശാസ്ത്രങ്ങളുടെയും മുഖ്യ പ്രമേയമാണെങ്കിലും, സംഭവലോകത്ത് ദാരിദ്യ്രനിര്‍മാര്‍ജനം സാധിച്ച, കാലങ്ങളോളം സുഭിക്ഷത നിലനിര്‍ത്തിയ ഒരേയൊരു സംവിധാനം ചരിത്രത്തില്‍ സകാത്ത് ആണെന്ന് കാണാന്‍ സാധിക്കും.
ഇസ്ലാമിക സന്ദേശ പ്രചാരണത്തിന്റെ ആദ്യ പാദങ്ങളില്‍തന്നെ സകാത്തിനെക്കുറിച്ച പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. ഇസ്ലാമിക സന്ദേശത്തിന്റെ അടിസ്ഥാന ചാലകശക്തികളിലൊന്ന് സകാത്താണ് എന്നതാണതിന് കാരണം. സകാത്ത് സംവിധാനങ്ങളുടെ ഏതൊരു തരത്തിലുള്ള ശക്തിക്ഷയവും അതത് കാലഘട്ടങ്ങളില്‍ വലിയൊരളവോളം ഇസ്ലാമിക സന്ദേശത്തിന്റെ ശക്തിസൌന്ദര്യങ്ങള്‍ ചോര്‍ത്തിക്കളഞ്ഞതായി കാണാന്‍ കഴിയും. ഇസ്ലാം അതിന്റെ അതുല്യമായ വിപ്ളവമുന്നേറ്റങ്ങള്‍ സാധിച്ചത് സകാത്ത് സംവിധാനങ്ങള്‍ അതിശക്തമായി നിലനിന്നിരുന്ന ഘട്ടങ്ങളിലാണെന്നതും ശ്രദ്ധേയം.
മുസ്ലിംകളുടെ ധനശേഷി
കേരളത്തിലെ മൂന്ന് കോടി ഇരുപത് ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 25 ശതമാനം മുസ്ലിംകളാണ്. അതായത്, കേരളത്തില്‍ 80 ലക്ഷത്തോളം മുസ്ലിംകള്‍ അധിവസിക്കുന്നു. കേരളത്തിലേക്ക് 30,000 കോടിയോളം രൂപയുടെ വാര്‍ഷിക മൂല്യപ്രേഷണം(remittance) നടക്കുന്നു. ഇതില്‍ 56 ശതമാനം അതായത്, 16,800 കോടി രൂപ മുസ്ലിം സമുദായത്തിന്റെ വകയാണ്. സര്‍ക്കാറില്‍നിന്നു ജീവനക്കാര്‍ക്കുള്ള ശമ്പള വരുമാനം വര്‍ഷത്തില്‍ 5700 കോടി രൂപയാണ്. ഇതില്‍ 11.5 ശതമാനം മുസ്ലിംകളുടേതാണ്- 655.5 കോടി രൂപ.
കേരളത്തിന്റെ വാര്‍ഷിക വ്യാവസായിക ഉല്‍പാദനം 23,500 കോടി രൂപയാണ്. ഇതില്‍ 30 ശതമാനം, അതായത് 7050 കോടി രൂപ മുസ്ലിം സമുദായത്തിന്റെ വകയാണ്. കേരളത്തിന്റെ കാര്‍ഷികോല്‍പാദനം 18,200 കോടി രൂപയാണ് ഇതില്‍ 23 ശതമാനം അതായത് 4186 കോടി രൂപ മുസ്ലിംകളുടേതാണ്.
കച്ചവടത്തില്‍നിന്നും അനുബന്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും കേരളം വര്‍ഷത്തില്‍ നേടിക്കൊണ്ടിരിക്കുന്നത് 37,000 കോടി രൂപ. ഇതില്‍ 40 ശതമാനം മുസ്ലിംകളുടേത്- 14,800 കോടി രൂപ (കണക്കുകള്‍ക്ക് അവലംബം: കേരള പഠനം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്).
മുസ്ലിം സമുദായത്തിന്റെ സകാത്ത് ബാധ്യത
വിവിധ സാമ്പത്തിക വര്‍ഗങ്ങളുടെ സകാത്തിന്റെ തോതുകളും മറ്റും മാറ്റിവെച്ച്, പൊതുവായ ഒരനുമാനത്തിന് മുതിരുകയാണെങ്കില്‍ തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് എത്ര സകാത്ത് വരേണ്ടതുണ്ട്?
മേല്‍ പറഞ്ഞ വര്‍ഗങ്ങളില്‍നിന്നെല്ലാമുള്ള മുസ്ലിം സമുദായത്തിന്റെ മൊത്ത വരുമാനം 43,500ഓളം കോടി രൂപയാണ്. നികുതികളടക്കുന്നതിനും അടിസ്ഥാനാവശ്യങ്ങള്‍ക്കും ഇതില്‍ പകുതിയും ചെലവഴിക്കുകയാണെങ്കില്‍, മിച്ച വരുമാനം 21,750 കോടി രൂപയുണ്ട്. അഞ്ചു ശതമാനം എന്ന തോതില്‍ ഇതില്‍നിന്ന് സകാത്ത് ലഭിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 1087.5 കോടി രൂപ സമാഹരിക്കപ്പെടേണ്ടതാണ്. ചുരുങ്ങിയത് 2.5 ശതമാനം സകാത്ത് ലഭിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 543.75 കോടി രൂപ സമാഹരിക്കപ്പെടണം. ഈയൊരു അനുമാനത്തെ നിലവിലുള്ള സകാത്ത് സംഭരണവുമായി തട്ടിച്ചുനോക്കേണ്ടത് അനിവാര്യമാണ്.
മുസ്ലിം ദാരിദ്യ്രം-
ചില കണക്കുകള്‍
കേരളത്തിലെ മുസ്ലിം ജനസംഖ്യയുടെ 31 ശതമാനം ദാരിദ്യ്ര രേഖക്കു താഴെ ജീവിക്കുന്നു; അതായത് 25 ലക്ഷത്തോളം മനുഷ്യര്‍. മുസ്ലിം ജനസംഖ്യയുടെ പത്ത് ശതമാനത്തിന് അതായത്, എട്ട് ലക്ഷം പേര്‍ക്ക് വാസയോഗ്യമായ വീടുകളില്ല. മുസ്ലിംകളിലെ ദാരിദ്യ്ര നിരക്ക് ഹിന്ദു സമുദായത്തിലെ അധഃസ്ഥിത വിഭാഗങ്ങളിലേതിനേക്കാള്‍ കൂടുതലാണ് (കണക്കുകള്‍ സാഹിത്യ പരിഷത്തിന്റെ കേരള പഠനത്തില്‍നിന്ന്).
സാമ്പത്തിക രംഗത്തെ എല്ലാ ഇനങ്ങളിലെയും മോശമല്ലാത്ത പങ്ക് കൈവശമുള്ള സമുദായത്തിന്റെ നല്ലൊരു ശതമാനം ദാരിദ്യ്ര രേഖക്ക് താഴെ വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ ജീവിക്കുന്നത്, സകാത്ത് സംഭരണ വിതരണ സംവിധാനങ്ങളുടെ അഭാവത്തിലേക്കും, ഉണ്ടെങ്കില്‍തന്നെ അവയുടെ പോരായ്മകളിലേക്കും വിരല്‍ ചൂണ്ടുന്നു.
മുസ്ലിം സംഘടനകളുടെ സകാത്ത് വിതരണ
സംവിധാനങ്ങള്‍
മുസ്ലിംകളിലെ ഏറ്റവും വലിയ വിഭാഗമായ സുന്നികള്‍ സംഘടിത സകാത്ത് വിതരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുന്‍ കൈയെടുക്കുന്നില്ല. സകാത്തിന്റെ വ്യവസ്ഥാപിത വിതരണത്തിനു വേണ്ടി രൂപവത്കരിക്കുന്ന കമ്മിറ്റികള്‍ക്കും ഇതര സംവിധാനങ്ങള്‍ക്കും സകാത്ത് നല്‍കുന്നത് അനുവദനീയമല്ലെന്നും ഇസ്ലാമില്‍ ഇതിന് മുന്‍ മാതൃകകകളില്ലെന്നുമാണ് അവര്‍ വാദിക്കുന്നത്.
തദ്ഫലമായി, കേരള മുസ്ലിംകളിലെ ഏറ്റവും വലിയ വിഭാഗത്തിന്റെ സകാത്ത് സംവിധാനം റമദാനിലെ അവസാനത്തെ പത്തിലെ കേവല ഭിക്ഷാടനമേളകളില്‍നിന്ന് വളരെയൊന്നും വളര്‍ന്നിട്ടില്ല. സകാത്ത് വിതരണത്തിന്റെ ആധികാരികമായ ഒരു കണക്കും ഈ വലിയ സംഘടനകളില്‍നിന്ന് ലഭ്യമല്ല. സകാത്തിന്റെ ഈ വ്യക്തിവത്കരണം, സാമൂഹിക പൊതുവിജ്ഞാന മണ്ഡലത്തില്‍നിന്ന് തന്നെ സകാത്തിനെ പുറന്തള്ളാന്‍ കാരണമായി. ഇങ്ങനെ കേരള മുസ്ലിംകളിലെ സകാത്തിന്റെ ഏറ്റവും വലിയ സ്രോതസ്സില്‍നിന്നുള്ള ഗുണഫലങ്ങള്‍ വലിയൊരളവോളം ഇല്ലാതാവുകയും ഉള്ളത് എത്രയാണെന്ന് അറിയാന്‍ സാധ്യമാവാത്ത വിധം സ്വകാര്യവത്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ സകാത്ത് സംവിധാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതുതന്നെ.
കേരളത്തിലെ മുജാഹിദുകള്‍ക്കിടയില്‍ സകാത്ത് വിതരണത്തിന് വ്യവസ്ഥാപിതവും സാമൂഹികവുമായ സംവിധാനങ്ങള്‍ '70-കളുടെ അവസാനം മുല്‍ക്കുതന്നെ നിലവിലുണ്ട്. മുജാഹിദുകളുടെ കീഴിലുള്ള 600-ല്‍ പരം പള്ളികള്‍ കേന്ദ്രീകരിച്ച് സകാത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. പ്രാദേശിക കമ്മിറ്റികള്‍ക്ക് പൊതുവായും പ്രത്യേകമായും നിര്‍ദേശങ്ങള്‍ നല്‍കുന്നത് കേന്ദ്ര കമ്മിറ്റിയാണ്. പ്രാദേശിക കമ്മിറ്റികള്‍ക്ക് പ്രസിഡന്റും ഹോണററി സെക്രട്ടറിയുമുണ്ട്. റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെ ഒരു സാമ്പത്തിക വര്‍ഷമായി ഗണിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഹല്ലിലെ, പ്രത്യക്ഷത്തില്‍ സകാത്ത് ബാധ്യത ഉണ്ടാവാനിടയുള്ള ആളുകള്‍ക്ക് വിജ്ഞാപനം നല്‍കുന്നു. ഒരു വര്‍ഷത്തെ സകാത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ആളുകള്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ പരസ്യപ്പെടുത്തുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ സകാത്ത് കമ്മിറ്റികള്‍ പ്രാദേശികതലത്തില്‍ 30 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നു. സകാത്ത് സംഭരണ വിഭജന വിതരണ പ്രക്രിയകള്‍ക്ക് കേന്ദ്രീകൃത സ്വഭാവം കൈവരുന്നതിനായി 2000-ത്തില്‍ ബൈത്തുസ്സകാത്ത് രൂപവത്കരിച്ചു. ജമാഅത്തെ ഇസ്ലാമി അംഗങ്ങളും പ്രവര്‍ത്തകരും നിര്‍ബന്ധമായും തങ്ങളുടെ സകാത്ത് വിഹിതം ബൈത്തുസ്സകാത്തില്‍ അടക്കണമെന്ന വ്യവസ്ഥ വെച്ചു. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക്, പ്രാദേശിക തലത്തില്‍ കൂടുതല്‍ സമാഹരണം നടത്തണം എന്നാണ് നിര്‍ദേശം. വിദേശ മലയാളികളില്‍നിന്നും ബൈത്തുസ്സകാത്തിലേക്ക് വിഹിതങ്ങള്‍ ലഭിക്കുന്നു.
2000-'01 സാമ്പത്തിക വര്‍ഷത്തില്‍ 45,3089 രൂപ വരവുണ്ടായിരുന്ന ബൈത്തുസ്സകാത്ത് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വളരെ ആരോഗ്യകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2006-'07 സാമ്പത്തിക വര്‍ഷത്തില്‍ 93,74,751 രൂപയുടെ സമാഹരണം നടന്നിരിക്കുന്നു.
സകാത്ത് ദായകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ശ്രദ്ധേയമാണ്. 2000-'01-ല്‍ 69 സകാത്ത് ദായകരുണ്ടായിരുന്നത് 2006-'07ല്‍ പതിന്മേടങ്ങോളം വര്‍ധിച്ച് 678 പേരായി. സകാത്ത് പ്രായോജനപ്പെടുത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായത്. 2000-'01ല്‍ 54 പേരുണ്ടായിരുന്നത് 2006-'07ല്‍ 883 പേരായി വളര്‍ന്നു. ആളോഹരി സകാത്ത് പ്രേഷണത്തിലും പ്രയോജനത്തിലും വര്‍ധനവുണ്ടായി. 2000-'01ല്‍ ആളോഹരി സകാത്ത് പ്രേഷണം 6567 രൂപയുണ്ടായിരുന്നത് 2006-'07ല്‍ 13,827 രൂപയായി വര്‍ധിച്ചു. കൂടുതല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ തങ്ങളുടെ സകാത്ത് നല്‍കാന്‍ ബൈത്തുസ്സകാത്തിനെ തെരഞ്ഞെടുക്കുന്നുവെന്നും ദായകര്‍ തങ്ങളുടെ സകാത്തിന്റെ കൂടുതല്‍ വിഹിതം ബൈത്തുസ്സകാത്തിനെ ഏല്‍പിക്കുന്നുവെന്നുമുള്ള നിഗമനങ്ങളില്‍ നാമെത്തിച്ചേരുന്നു. ആളോഹരി സകാത്ത് ലഭ്യത 2000-'01ല്‍ 8391 രൂപയുണ്ടായിരുന്നത് 2006-'07ല്‍ 10,617 രൂപയായി വര്‍ധിച്ചു. ആളോഹരി സകാത്ത് ലഭ്യതയിലുള്ള വര്‍ധന പ്രായോജകരുടെ സാമ്പത്തികാവസ്ഥകളില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും.
സകാത്ത്- വിതരണ
ശൃംഖലാ പരിപ്രേക്ഷ്യം
സകാത്ത് സംവിധാനത്തെ വിതരണ ശൃംഖലാ പരിപ്രേക്ഷ്യത്തില്‍നിന്ന് കാണുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ ഇവയാണ്:
1. സകാത്ത് മുഴുവനായും സംഭരിക്കുക.
2. സകാത്തിന്റെ അവകാശികളെ കൃത്യമായി കണ്ടെത്തി മുന്‍ഗണനാക്രമം ഉണ്ടാക്കുക.
3. സകാത്തിന്റെ അവകാശികള്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രയോജനം മുഴുവനായി എത്തിക്കുക.
വിതരണ ശൃംഖലാ മാനേജ്മെന്റ് (ൌുുഹ്യ രവമശി ാമിമഴലാലി) ഒരു വലിയ വിഷയമായി വളര്‍ന്നിരിക്കുന്നു. ആധുനിക വിതരണ ശൃംഖലാ രീതികള്‍ സകാത്ത് സംവിധാനങ്ങളിലേക്ക് കൊണ്ടുവരേണ്ടതെങ്ങനെ എന്ന് ഗൌരവമായി ആലോചിക്കണം.
സകാത്ത് വിതരണ സംവിധാനങ്ങള്‍ ഒരേസമയം കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായിരിക്കണം. കേന്ദ്രീകൃതം എന്നു പയുമ്പോള്‍, എവിടെയുമുള്ള എല്ലാവരുടെയും സകാത്ത് കേന്ദ്രീകൃതമായി സംഭരിച്ച് വിതരണം നടത്തല്‍ നിര്‍ബന്ധമാണ് എന്നല്ല. കേന്ദ്രീകൃതമായ സകാത്ത് സംവിധാനത്തിലൂടെ 'അക്കൌണ്ട്' ചെയ്യപ്പെട്ടുകൊണ്ട് മാത്രമേ വിതരണം നടക്കാവൂ എന്നാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി, ഒരാള്‍ തന്റെ സകാത്ത് വിഹിതം സകാത്തിനവകാശിയായ തന്റെ കുടുംബത്തിലെ ഒരംഗത്തിന് നല്‍കണമെന്ന് ആഗ്രഹിക്കുന്നതിന് ഒരു തെറ്റുമില്ല; പ്രമാണങ്ങള്‍ക്കനുസൃതവുമാണ്. എന്നാല്‍, ഇത്തരത്തിലുള്ള പ്രേഷണവും സ്വീകരണവും സകാത്ത് സംവിധാനത്തില്‍ 'അക്കൌണ്ട്' ചെയ്യപ്പെടേണ്ടതുണ്ട്. സകാത്ത് സ്വീകരിക്കുന്നവന്‍ അതിനര്‍ഹനാണെന്ന് ഉറപ്പുവരുത്തേണ്ടതും അര്‍ഹനല്ലെങ്കില്‍ തടയേണ്ടതും ഔദ്യോഗിക സകാത്ത് സംവിധാനമാണ്.
ഇത്തരത്തില്‍, വ്യവസ്ഥാപിതവും എന്നാല്‍ അയവുള്ളതുമായ ഒരു സംവിധാനം സകാത്തിനോടുള്ള ആഭിമുഖ്യം വളര്‍ത്തും. കൂടാതെ കണക്കില്‍ വരാതെ പോകുന്ന സകാത്ത് പ്രേഷണം സകാത്തിന്റെ വരവില്‍ വെക്കാനും കൂടുതല്‍ യാഥാര്‍ഥ്യാധിഷ്ഠിതമായ ചിത്രങ്ങള്‍ ലഭിക്കാനും ഉപകരിക്കും. അയവുള്ള സംവിധാനങ്ങളില്‍ സകാത്തിന്റെ അവകാശികള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനുള്ള വേഗത വര്‍ധിക്കുന്നു. കേന്ദ്രീകരണത്തിന്റെ എല്ലാ ദൂഷ്യങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടേണ്ടതുമുണ്ട്.
ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം ഇക്കാര്യത്തില്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തണം. സകാത്ത് ഡാറ്റാബേസ് മാനേജ്മെന്റിലേക്ക് (ദമസമവേ ഉമമേ യമലെ ങമിമഴലാലി) വ്യവസ്ഥാപിതമായ സകാത്ത് സംവിധാനങ്ങള്‍ മാറ്റേണ്ടതുണ്ട്. സകാത്ത് പ്രവര്‍ത്തനങ്ങളിലെ ട്രെന്‍ഡുകള്‍, ശക്തികേന്ദ്രങ്ങള്‍, ബലഹീനതകള്‍ എന്നിവ മനസ്സിലാക്കുന്നതിനും 'സ്ട്രാറ്റജി' രൂപവത്കരിക്കുന്നതിനും ഈ ഡാറ്റാ സംവിധാനം ഉപകരിക്കും.