മുസ്ലിം പണ്ഡിതരില്‍ മൌലിക പ്രതിഭകളോ....? ഇവ്വിധമൊരു സന്ദേഹം എടുക്കാ നാണയങ്ങളിലൊന്നായി ഈ നാളുകളിലും വ്യാപകം. മറ്റു മതങ്ങള്‍ക്കും അതിലെ പണ്ഡിതര്‍ക്കും സമൂഹം ഈ സന്ദേഹം പതിച്ചിട്ടുമില്ല. ഗീത വ്യാഖ്യാതാക്കള്‍ക്കും ബൈബിള്‍ പുനരെഴുത്തുകാര്‍ക്കും 'പ്രതിഭാപട്ടം' ഉണ്ടെന്നു മാത്രമല്ല അവരുടെ 'റിയാലിറ്റി ഷോ'കള്‍ക്കും ഇന്നൊട്ടും പഞ്ഞമില്ല. മലയാള സര്‍ഗ സാഹിത്യങ്ങളിലും നാടക-സിനിമാദികളിലും മുസ്ലിം പണ്ഡിതര്‍ അല്ലെങ്കില്‍ മൌലവി എന്ന കഥാപാത്രം ബഫൂണുകള്‍ക്കായി നീക്കിവെച്ചതിനാലാകാം മാറിമാറി വരുന്ന ആസ്വാദക സദസുകളിലൊക്കെയും മുസ്ലിം പണ്ഡിതര്‍ പരിഹാസപാത്രങ്ങളായി ഏഴടി അകലെ സ്ഥാപിക്കപ്പെട്ടത്.
ഇതിനെതിരെ ശക്തിയായി പ്രതികരിച്ച ഒരാള്‍ നമുക്കിടയിലുണ്ടായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തുമൊക്കെ മുസ്ലിം കലാകാരന്മാരോട് അദ്ദേഹം ഇത്തരം വിഷയങ്ങള്‍ ഉള്ളുതുറന്ന് ചര്‍ച്ച ചെയ്തിരുന്നു.
കെ.ടി അബ്ദുര്‍റഹീം സാഹിബിനെ ഞാന്‍ മുഖ്യമായും ഓര്‍ക്കുന്നത് ഈ ഒരു വിഷയത്തെ അടിസ്ഥാനമാക്കിയാണ്. ശാന്തപുരത്ത് ഒന്നിച്ചിരിക്കാന്‍ സാധിച്ച അപൂര്‍വം നിമിഷങ്ങളിലൊക്കെയും കെ.ടി ഈ ഒരു പരിതോവസ്ഥയെ പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിച്ചു. കെ.ടിയുടെ മൌലികപ്രതിഭ എന്ന അപൂര്‍വ യോഗ്യത കൊണ്ടു മാത്രമല്ല ഇസ്ലാമിക വിജ്ഞാനങ്ങള്‍ യഥാര്‍ഥത്തില്‍ ആര്‍ജിച്ചവരെ 'മുസ്ല്യാര്‍' പട്ടം ചാര്‍ത്തി പിന്‍നിരയില്‍ ഡിസ്പോസബിള്‍ പ്ളെയിറ്റ് വെച്ചവര്‍ കെ.ടിയിലെ യഥാര്‍ഥ പ്രതിഭയെയും ആ കണ്ണടയുവോളം മാനിച്ചില്ല എന്നതും ഇവിടോര്‍ത്തു പോവുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും ആലപ്പുഴയിലുമൊക്കെ ഇസ്ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്താന്‍ കെ.ടി മിമ്പറുകള്‍ മാത്രമല്ല ചവിട്ടുപടി ആക്കിയത്. വിവിധ മതസ്ഥരെ, സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ- അവരെത്ര അഴുക്കുചാല്‍ ജീവികളെങ്കിലും കൂടി- കെ.ടി അവരുടെ വാതിലുകളില്‍ സദാ മുട്ടി. ഇന്ന് തിരുവിതാംകൂറില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് ആഴത്തിലോടിയ വേരുകള്‍ മുളപൊട്ടിയതിനു പിന്നില്‍ കെ.ടിയുടെ മൌലിക പ്രതിഭ ശരിക്കും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ഐ.എസ്.ടി റിക്രിയേഷന്‍ ക്ളബ്, ഞാന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വാര്‍ഷികാഘോഷ നാളില്‍ കെ.ടി നളന്ദയില്‍ ചെയ്ത പ്രസംഗം ആരാമത്തിനുവേണ്ടി പകര്‍ത്തിയിരുന്നു. അച്ചടിക്കു മുമ്പ്, തന്നെ കാണിക്കണമെന്നൊരു നിര്‍ദേശം കെ.ടി തന്നിരുന്നു. റിക്കാര്‍ഡ് ചെയ്ത പ്രസംഗം വള്ളിപുള്ളി വിടാതെ പകര്‍ത്തിയതാണ്. വായിച്ചു മടക്കി തന്നപ്പോള്‍ ചില പെന്‍സില്‍ അടയാളങ്ങള്‍...
"കെ.ടി പറഞ്ഞതു തന്നെയാണിതെല്ലാം..''
എന്റെ വിശദീകരണത്തിന് മനുഷ്യ നന്മകളുടെ സകല സത്തയും ഉള്‍ക്കൊണ്ട് ആ വിജ്ഞാനി പ്രതികരിച്ചു. വെണ്‍മ നിറഞ്ഞ ചിരിയോടെ:
"നമ്മുടെ മാത്രം സദസില്‍ പറഞ്ഞതല്ലേ.... പലേഭാഗത്തും പരദൂഷണത്തിന്റെ ലക്ഷണങ്ങളുണ്ട്.... ആരെയും വ്യക്തിപരമായി ബാധിക്കുന്നതല്ല... എങ്കിലും അതൊന്നും അച്ചടിക്കണ്ട!!
ആലപ്പുഴയിലെ ജീവിത കാലത്ത് ചലച്ചിത്ര സംവിധായകന്‍ ഫാസിലുമായി പലപ്പോഴും സംസാരിക്കാനും ഇടപഴകാനും കിട്ടിയ സാഹചര്യങ്ങള്‍ കെ.ടി വിശദീകരിച്ചിട്ടുണ്ട്.
"കലാകാരന്മാരുടെ തകരാറൊന്നും ഇല്ലാത്ത ചങ്ങാതി ആണയാള്‍...''
കൊച്ചിയില്‍ കണ്മണി ബാബു സേഠിനെ (ചെമ്മീന്‍ എന്ന സിനിമയുടെ നിര്‍മാതാവ്) പരിചയിച്ചതും ഒരു നോമ്പു കാലത്ത് 'തുറക്കാന്‍' കൂടിയതും കെ.ടി പറഞ്ഞത് ഓര്‍ക്കുന്നു.
2005 റമദാന്‍ കാലത്ത് 'തനിമ' ജീവന്‍ ടീവിക്കുവേണ്ടി 'പ്രകാശ രേഖ' എന്നൊരു റമദാന്‍ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. 'കൃഷിയും ഇസ്ലാമും' ഒരു എപ്പിസോഡായിരുന്നു. പ്രഭാതത്തില്‍ കൈയിലൊരു കൊയ്ത്തരിവാളുമായി കെ.ടി പാടത്തും പറമ്പിലും ഇറങ്ങുന്നതും.... തോട്ടങ്ങളിലൂടെ വിവിധ വിളകളെ, അവയുടെ കൃഷി രീതികളെ.... വിള പാകമായാല്‍ വിതരണമടക്കമുള്ള കാര്യങ്ങള്‍ വിവരിക്കുന്ന ആ എപ്പിസോഡ് ഷൂട്ട് ചെയ്യും മുമ്പ് കെ.ടി സ്ക്രിപ്റ്റ് ആവശ്യപ്പെട്ടു. ഞങ്ങള്‍ സന്ദേഹിച്ചു.
"നിങ്ങള് അതിനെന്താ പേര് പറയുന്നതെന്ന് എനിക്കറിയൂലാ.. ഈ സിനിമ കൊണ്ട് എന്താ ഉദ്ദേശിക്കുന്നതെന്ന് അറിയണല്ലോ...''
കെ.ടി ഉദ്ദേശിച്ചത് ഷൂട്ടിംഗിന് മുമ്പ് തയാറാക്കേണ്ട 'സ്റോറി ബോര്‍ഡാണ്.' ഒരു മൌലവി സ്റോറി ബോര്‍ഡ് ആവശ്യപ്പെടുകയോ..!
ഇത്തരം മൌലവിമാരുടെ തലമുറ സജീവമാകേണ്ടിടത്താണ് കെ.ടി അബ്ദുര്‍റഹീമിനെപ്പോലുള്ള ഉല്‍പതിഷ്ണു പണ്ഡിതന്മാര്‍ ഇനിയും മുളപൊട്ടി പ്രാസ്ഥാനിക സന്ദേശങ്ങളുമായി മനുഷ്യരുള്ളിടത്തെല്ലാം എത്തേണ്ടതെന്ന് തോന്നുന്നു. ചെറിയൊരു ഖേദം കൂടി.
"പ്രസ്ഥാനത്തിന്റെ ചരിത്രം കഥാരൂപത്തില്‍ നല്ലൊരു സിനിമ ആക്കാന്‍ കഴിയില്ലേ...''
കെ.ടിയുടെ ചോദ്യം; സന്ദേഹം ഈ ഓര്‍മകുറിപ്പിന് അടിവരയിടുമ്പോഴും മുഴങ്ങുന്നു.
ഉവ്വ്; കഴിയും... കഴിയണം...