Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കത്തുകള്‍



ജമാഅത്തിന്റേത് ഇന്റലക്ച്വല്‍ ജിഹാദ് തന്നെ

 

 

 
 


ഹമീദ് ചേന്ദമംഗല്ലൂരിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ പൊരുളുകളെക്കുറിച്ച പൊതു സമൂഹത്തിന്റെ തന്നെ അന്വേഷണങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു ജെ. ദേവികയുടെ (7.8.2010) ലേഖനം. 'ഇന്റലക്ച്വല്‍ ജിഹാദ്'എന്ന പുതിയ ഒരു സംജ്ഞ കൂടി മലയാളത്തിന് സംഭാവന ചെയ്യാനായിരുന്നു പ്രഫസറുടെ ശ്രമം. എന്നാലതങ്ങനെ ക്ളിക്കായില്ല. കാരണം ഒരു ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് അതിലും സുന്ദരമായി എന്ത് വിശേഷണം നല്‍കാനാവും?
മുമ്പ് സാമുദായിക പത്രത്തില്‍ ജമാഅത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചപ്പോഴും ഇപ്പോള്‍ പാര്‍ട്ടി പത്രം അതിനുള്ള ശ്രമം നടത്തിയപ്പോഴും അതിന്റെ പേരില്‍ ആ പത്രത്തിന്റെ ഒരു കോപ്പി പോലും നശിപ്പിക്കപ്പെടുകയോ കൈയേറ്റം ചെയ്യപ്പെടുകയോ ഉണ്ടായില്ല. മാത്രമല്ല, ആ വിമര്‍ശനങ്ങളെയെല്ലാം അക്കമിട്ട് നിരത്തി മറുപടി നല്‍കാന്‍ മുഖപത്രത്തിന്റെ ഒരു ലക്കം മാറ്റിവെക്കുകയും ചെയ്തു. ഇതുതന്നെയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തുകൊണ്ടിരിക്കുന്ന ഇന്റലക്ച്വല്‍ ജിഹാദ് അഥവാ ബൌദ്ധിക പോരാട്ടം.
തീവ്രവാദികള്‍ക്കൊരിക്കലും ബൌദ്ധിക സംവാദങ്ങളിലോ ആശയസംവാദങ്ങളിലോ ഏര്‍പ്പെടാനാവില്ല. കാരണം അതിനൊരു ദാര്‍ശനികാടിത്തറ ഇല്ലാത്തതുതന്നെ. എന്നാല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒവിന് ഇന്ത്യയില്‍ ഇന്റര്‍ഫെയ്ത് ഡയലോഗുകള്‍ നടത്തുന്ന മികച്ച സംഘടനയെന്ന യുനസ്കോവിന്റെ അംഗീകാരം ലഭിച്ചത് ഈയിടെയാണ്. ഇന്ത്യയില്‍ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര സഹവര്‍ത്തിത്വം രൂപപ്പെടുത്താന്‍ മത സംവാദങ്ങള്‍ക്ക് വേദിയൊരുക്കിയ 200 സംഘടനകളില്‍ ആദ്യത്തെ എട്ടെണ്ണത്തിലാണ് എസ്.ഐ.ഒ ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ നടന്നുവരുന്ന മതസംവാദങ്ങളെക്കുറിച്ച് 78 പേജുകളിലായി തയാറാക്കിയ റിപ്പോര്‍ട്ടിലായിരുന്നു പരാമര്‍ശം. കഴിഞ്ഞ ജുലൈ 18-ന് സുഊദിയില്‍ സംഘടിപ്പിക്കപ്പെട്ട ലോക മതസമ്മേളനത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി.
സ്വതന്ത്ര ഭാരതത്തില്‍ വളര്‍ന്നുവന്ന നൂറുകണക്കിന് തീവ്രവാദ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങളും വംശഹത്യകളും നടത്തി സംഹാരതാണ്ഡവമാടുമ്പോള്‍ ഒരു 'തീവ്രവാദ പ്രസ്ഥാനം' മാത്രം സായുധ സമരങ്ങളോ ജനാധിപത്യ വിരുദ്ധതയോ ഭീകരാക്രമണങ്ങളോ വര്‍ഗീയ കലാപങ്ങളോ സൃഷ്ടിക്കാതെ ബൌദ്ധിക പോരാട്ടങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള 'ഇന്റലക്ച്വല്‍ ജിഹാദ്' തന്നെയാണ് ജമാഅത്തിന്റെ മാര്‍ഗമെങ്കില്‍ ആ കാഴ്ചപ്പാടാണ് ഇസ്ലാമിനുമെങ്കില്‍ അതില്‍ അസ്വസ്ഥപ്പെടേണ്ട കാര്യമെന്ത്?
സുഹൈറലി തിരുവിഴാംകുന്ന്
പഴങ്കഥയുടെ ആവര്‍ത്തനം
പത്തിരുപത് വര്‍ഷം മുമ്പാണ് സംഭവം. ഞങ്ങളുടെ വീടുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരു കോളേജ് കുമാരന്റെ കിടപ്പുമുറി വൃത്തിയാക്കുകയായിരുന്ന ഉമ്മക്ക് മകന്റെ തലയണച്ചുവട്ടില്‍ നിന്ന് ചെറിയ ചെറിയ കടലാസ് പൊതികള്‍ കിട്ടുന്നു. അഴിച്ചു നോക്കിയപ്പോള്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരുതരം പൊടി. ഇതെന്ത് കുന്ത്രാണ്ടം എന്നറിയാനായി ഉമ്മ അടുത്ത വീട്ടിലെ ചെറുപ്പക്കാരന്റെ സഹായം തേടി.
'ഇത് കഞ്ചാവാണല്ലോ ഇത്താത്ത. എവിടെ നിന്ന് കിട്ടി?' പയ്യന്റെ കണ്ണുകളില്‍ അത്ഭുതം.
'ന്റെ നാസറിന്റെ (പേര് സാങ്കല്‍പികം) തലക്കാണീന്റെ അടീന്ന് കിട്ടീതാ മോനേ! ആ കുഞ്ഞാമുട്ടിക്കാന്റെ മക്കളെ കൂടെ കൂടി ന്റെ മോന്‍ കഞ്ചാവടിക്കാനും തുടങ്ങീലോ പടച്ച തമ്പുരാനേ!' എന്ന് വിലപിക്കുകയായിരുന്ന ഉമ്മയോട് പയ്യന്‍ ചോദിച്ചു: 'അല്ല ഇത്താത്ത, കുഞ്ഞാമുട്ടിക്കാന്റെ മക്കളാരും കഞ്ചാവടിക്കാറില്ലല്ലോ. പിന്നെങ്ങനാ നമ്മളെ നാസറിനെ പഠിപ്പിക്കുന്നത്?'
'എന്നാലും ഓല് തന്നെ പഠിപ്പിച്ചതാകും. വേറെ ആരും അല്ല'- ഉമ്മക്ക് പൂര്‍ണ നിശ്ചയം.
ഇതേ ന്യായം തന്നെയല്ലേ ഹമീദുമാരും മുനീര്‍-ഷാജി പ്രഭൃതികളും മൌദൂദിക്കെതിരെ വിളമ്പുന്നത്.
മൌദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാന പ്രവര്‍ത്തകരില്‍ ആരെങ്കിലുമോ ഏതെങ്കിലും വര്‍ഗീയ - ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായോ പ്രോത്സാഹിപ്പിച്ചതായോ ഭൂലോകത്ത് ഒരിടത്തും ഒരു കേസും ഉണ്ടായിട്ടില്ല. മഷിയിട്ട് നോക്കിയിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് സംശയത്തിന്റെ തെളിവ് പോലും ലഭിച്ചിട്ടുമില്ല.
എന്നാലും വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം മൌദൂദിയന്‍ ചിന്തകളാണ് പോലും!
ടി.എം ഹുസൈന്‍ ആരാമ്പ്രം

കളിമുറ്റങ്ങള്‍ വീണ്ടെടുക്കുക
പ്രബോധനം ജൂലൈ 31-ലെ ജമാഅത്തെ ഇസ്ലാമി ഹല്‍ഖാ അമീര്‍ ടി. ആരിഫലി സാഹിബുമായി നടത്തിയ അഭിമുഖം സന്ദര്‍ഭോചിതവും വിഷയത്തിന്റെ അകക്കാമ്പ് വായനക്കാരനെ ബോധ്യപ്പെടുത്തുന്നതുമായിരുന്നു. മതസൌഹാര്‍ദത്തിനു കേരളം എങ്ങനെ മാതൃകയായി വര്‍ത്തിക്കുന്നുവെന്ന് ചരിത്രത്തിലെ ഉദാഹരണങ്ങളിലൂടെ അഭിമുഖം അനുസ്മരിക്കുന്നു.
മാറാടിന്റെയും മതനിന്ദയുടെയും നെരിപ്പോടുകള്‍ ഊതിക്കത്തിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാരായ വ്യക്തികളും മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും മലയാളി സമൂഹം വഴങ്ങാതിരുന്നത്, അമീര്‍ സൂചിപ്പിച്ചതുപോലെ കളിമുറ്റങ്ങളില്‍നിന്നും അവര്‍ കരളില്‍ ഏറ്റുവാങ്ങിയ മത സൌഹാര്‍ദവും പാരസ്പര്യവും നിമിത്തമാണ്. ഇവിടത്തെ വ്യത്യസ്ത സമുദായ അംഗങ്ങള്‍ക്കിടയില്‍ മുലകുടി ബന്ധം പോലും നിലനിന്നിരുന്നുവെന്ന വസ്തുത സമാധാന കാംക്ഷിയായ ഏതൊരു കേരളീയനെയാണ് അഭിമാനപുളകിതനാക്കാത്തത്!
സഹോദര സമുദായങ്ങളുടെ സജീവ സാന്നിധ്യം കൊണ്ടു മാത്രം ഇന്നും മങ്ങലേല്‍ക്കാതെ നടന്നുവരുന്ന നാട്ടിന്‍പുറങ്ങളിലെ ഉത്സവങ്ങളും മതാഘോഷങ്ങളും അവയുടെ താത്ത്വിക സാംഗത്യം എന്തുതന്നെയായാലും കേരളത്തിന്റെ മതസൌഹാര്‍ദന്തരീക്ഷത്തിന്റെ നിദര്‍ശനങ്ങളാണെന്നതില്‍ സംശമയില്ല.
എം.എം അബൂബക്കര്‍ പാവങ്ങാട്
സാമൂഹിക പ്രതിബദ്ധതയുടെ അടയാളക്കുറി
ബി.ആര്‍.പി ഭാസ്കറുമായുള്ള അഭിമുഖം വായിച്ചു (ജൂലൈ 24,31). ഭരണകര്‍ത്താക്കള്‍ മാറിമാറി കസേര പങ്കിടുമ്പോഴും എന്നും പ്രതിപക്ഷത്തായിപ്പോകുന്ന സാധാരണക്കാരുടെ ശബ്ദമാണ് ബി.ആര്‍.പിയെപ്പോലുള്ളവരിലൂടെ കേള്‍ക്കുന്നത്. തിരുവന്തപുരം എം.ജി കോളേജിലെ വിദ്യാര്‍ഥി ജീവിത കാലത്ത്, മോക് അസംബ്ളിയില്‍ മുഖ്യമന്ത്രിയാകാനുള്ള അവസരത്തിനു പകരം പ്രതിപക്ഷ നേതാവിന്റെ സ്ഥാനം സ്വയം സ്വീകരിച്ച മാധ്യമ രംഗത്തെ ഈ അതികായന്റെ കാഴ്ചപ്പാടുകള്‍, പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചതിലൂടെ പ്രബോധനം അതിന്റെ സാമൂഹിക പ്രതിബദ്ധത ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. വിരസതയുളവാക്കുന്ന കര്‍മശാസ്ത്ര തര്‍ക്കവിതര്‍ക്കങ്ങളിലും പ്രതിപക്ഷ ബഹുമാനം അല്‍പം പോലുമില്ലാതെ പ്രതിയോഗികളുടെ നേരെ ചെളിവാരിയെറിയുന്നതിലും 'ആത്മാര്‍ഥമായി' മത്സരിച്ചുകൊണ്ട് പത്രത്താളുകള്‍ മലീമസമാക്കിക്കൊണ്ടിരിക്കുന്ന മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ പ്രബോധനം അതിന്റെ നിയോഗദൌത്യം ഒരിക്കല്‍ കൂടി വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണ് ഈ അഭിമുഖത്തിലൂടെ.
ജീവിതത്തില്‍ പ്രതീക്ഷിക്കാന്‍ മറ്റൊന്നും അവശേഷിക്കാത്ത നിസ്വന്മാരുടെയും നിരാലംബരുടെയും തേങ്ങലുകളോട് ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും മടിച്ചുനില്‍ക്കുന്ന സമകാലിക കേരളത്തില്‍ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായ ബി.ആര്‍.പിയെപ്പോലുള്ളവരെ ഒരു ഇസ്ലാമിക പ്രസിദ്ധീകരണം സ്വീകരിക്കാന്‍ തയാറാകുന്നുവെന്നത് തന്നെ വലിയ കാര്യമാണ്. വാരികയുടെ ഉള്ളടക്കത്തില്‍ ഇത്തരം അഭിമുഖങ്ങള്‍ പതിവാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
അന്‍വര്‍ അഴീക്കോട്
നാട്യങ്ങളില്ലാത്ത പണ്ഡിതന്‍
"പ്രസംഗത്തേക്കാള്‍ ജനങ്ങളെ സ്വാധീനിക്കുക ജീവിതമാണ്. ജീവിതം കൊണ്ട് പ്രബോധനം ചെയ്യാനാകുമെങ്കില്‍ പ്രസംഗം കുറച്ച് മതിയാകും''-കെ.ടിയുടെ പ്രസ്ഥാന യാത്രകള്‍ (പ്രബോധനം ലക്കം 33). ഒരനുഭവം കെ.ടിയുടെ ജീവിതത്തില്‍നിന്ന്:
ആറു വര്‍ഷം മുമ്പ് ദമ്മാമിലെ ഒരേ ഏരിയയില്‍നിന്നുള്ള ഞങ്ങള്‍ നാല് സുഹൃത്തുക്കളും കുടുംബവും ശാന്തപുരത്ത് നടന്ന ഗള്‍ഫ് കുടുംബ സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. പട്ടിക്കാട്ടുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. മഗ്രിബ് നമസ്കാരത്തിനു ശേഷം കെ.ടിയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഒരു പണ്ഡിതന്റെ വീട്ടിലേക്കുള്ള ആദ്യത്തെ യാത്രയായിരുന്നതിനാല്‍ മനസ്സില്‍ ചില മുന്‍ധാരണകള്‍ ഉണ്ടായിരുന്നു. അതിഥികളെ സ്വീകരിച്ചിരുത്താന്‍ പ്രത്യേകം മുറി, മേത്തരം ഇരിപ്പിടങ്ങള്‍, ഗ്രന്ഥക്കെട്ടുകള്‍ പേറുന്ന അലമാര... എന്നിങ്ങനെ ചിലതൊക്കെ. എന്നാല്‍ ഇവയൊന്നും കണ്ടില്ലെന്നു മാത്രമല്ല, ഓടുമേഞ്ഞ ചെറിയ വീട്ടില്‍ കാവി തേച്ച കോലായയില്‍ ഏതാനും പ്ളാസ്റിക് കസേരകളിലൊന്നില്‍ ലുങ്കിയും ബനിയനും ഉടുത്ത് മടിയില്‍ പേരക്കുട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കുന്ന കെ.ടിയെയാണ് കാണാന്‍ കഴിഞ്ഞത്. സ്വീകരിച്ചിരുത്തിയ ഞങ്ങളോട് കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഗള്‍ഫിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അടുക്കളയില്‍ തയാറായ കട്ടന്‍ ചായയും ബിസ്ക്കറ്റും കെ.ടി തന്നെയാണ് അകത്തുപോയി കൊണ്ടുവന്ന് തന്നത്.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മുന്‍ധാരണകളെ മാറ്റി മറിച്ച കെ.ടിയില്‍നിന്ന് ലഭിച്ച ഉപദേശങ്ങളില്‍ പ്രധാനമായി തോന്നിയത്, ഗള്‍ഫിലെ പ്രവര്‍ത്തകര്‍ വ്യക്തിബന്ധത്തിലൂടെ പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതിനായിരിക്കണം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് എന്നതായിരുന്നു.
അബൂഹബീബ് വരോട് ദമ്മാം
വിനാശത്തിന്റെ വഴിയെ!
ഡോ. അഹ്മദ് അന്‍വര്‍ എഴുതിയ 'വിനാശങ്ങള്‍: കടലിലും കരയിലും' എന്ന ലേഖനം (ലക്കം 9) സമകാലീന സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഭീതിദമായ അവസ്ഥയെ അനാവരണം ചെയ്യുന്നു. മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തുന്ന കൈയേറ്റത്തെക്കുറിച്ച് സ്രഷ്ടാവിന്റെ പ്രവചനം എത്ര കൃത്യതയോടെയായിരുന്നു. 'മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശം' (ഖുര്‍ആന്‍). ഭരണാധികാരികളുടെ വികലമായ വികസന കാഴ്ചപ്പാടിന്റെ ദുരിതം പേറേണ്ടിവരുന്നത് എല്ലാ രാജ്യങ്ങളിലും സാധാരണക്കാരാണെന്ന വസ്തുത ആരെയും അലോസരപ്പെടുത്തുന്നില്ല.
ഓരോ വന്‍ പദ്ധതിയും രാഷ്ട്രീയ മേലാളന്മാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും പണം കൊയ്യാനുള്ള വേദിയായിത്തീരുകയാണ്. ഇത്തരം പദ്ധതികളെ എതിര്‍ക്കുന്നവര്‍ വികസന വിരോധികളെന്നോ തീവ്രവാദികളെന്നോ മുദ്രകുത്തപ്പെടുന്നു. റവന്യൂ വരുമാനത്തിന്റെ പേരില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മദ്യരാജാക്കന്മാരാണെന്ന കാര്യം വിസ്മരിക്കുന്നു. മദ്യപാനവും പുകവലിയും നിമിത്തമുണ്ടാകുന്ന ആരോഗ്യ പ്രശ്നത്തിന്റെ പേരില്‍ ഖജനാവില്‍നിന്ന് കോടികള്‍ ചോരുന്നത് അറിയുന്നില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ സിഗരറ്റ് ഇറക്കുമതി ചെയ്യുന്ന രാജ്യം സുഊദി അറേബ്യയാണ്. 250 കോടി രിയാലിന്റെ സിഗരറ്റ് ഇറക്കുമതി ചെയ്യുമ്പോള്‍ പുകവലി ജന്യരോഗത്തിനുള്ള ചികിത്സാ ചെലവ് 750 കോടിയാണെന്ന് ഈയിടെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യ ജീവിതത്തിന് വ്യക്തമായ ദിശാബോധം നിര്‍ണയിച്ചുതന്ന ഒരാദര്‍ശത്തിന്റെ വാഹകരെന്ന നിലയില്‍ ആകാം ലേഖകന്റെ അഭ്യര്‍ഥന. മുസ്ലിം ലോകം പാരിസ്ഥിതിക ബോധവും ജീവിത സൂക്ഷ്മതയും പുലര്‍ത്തിയിരുന്നെങ്കില്‍!
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള സ്കോളര്‍ഷിപ്പ് സ്കീം 2010-11 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പി.ജി, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷണല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കാം. നിലവില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷിക്കേണ്ടതാണ്. നേരിട്ടുള്ള കൌണ്‍സലിംഗിനും അന്വേഷണങ്ങള്‍ക്കും ശേഷമായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുക. അപേക്ഷ ജമാഅത്തെ ഇസ്ലാമി പ്രാദേശിക യൂനിറ്റുകളിലാണ് നല്‍കേണ്ടത്. ഫോറം ജമാഅത്തെ ഇസ്ലാമി പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. പ്രാദേശിക കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30.
വെബ്സൈറ്റ് www.jihkerala.org

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly