Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



പ്രവാചകന്റെ ആര്‍ദ്ര സമീപനങ്ങള്‍

 

# വി.കെ ജലീല്‍

 
 



സുദീര്‍ഘമായ പ്രാര്‍ഥനക്ക് ശേഷം നബി (സ) ബദ്റിലെ യോദ്ധാക്കള്‍ക്ക് അവസാന നിര്‍ദേശങ്ങള്‍ നല്‍കി. ഒരു കാര്യം പ്രത്യേകം തെര്യപ്പെടുത്തി. ഹാശിം കുടുംബത്തില്‍പെട്ട ആരെയും നിങ്ങള്‍ വധിക്കരുത്. കൂടാതെ അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രന്‍ അബ്ബാസ്, ഹിശാമിന്റെ പുത്രന്‍ അബുല്‍ ബഹ്തരി, ആമിറിന്റെ പുത്രന്‍ ഹാരിസ്, അസ്വദിന്റെ പുത്രന്‍ സംഅ എന്നിവര്‍ക്കും ജീവഹാനി വരുത്തരുത്. വിധിവശാല്‍ ഹാരിസിനെ ഖുബൈബും സംഅയെ സാബിത്തും രണമൂര്‍ഛയില്‍ തിരിച്ചറിയാനാവാതെ വധിച്ചു. അബുല്‍ ബഹ്തരിയാവട്ടെ മുഹമ്മദിന്റെ സൌമനസ്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന് പറഞ്ഞു കീഴടങ്ങാന്‍ കൂട്ടാക്കാതെ മുജദ്ദറിന്റെ കൈയാല്‍ മരണം വരിച്ചു. റസൂലിന്റെ പിതൃവ്യന്‍ അബ്ബാസ് തടവുകാരനാക്കപ്പെട്ടു.
ശത്രുനിരയില്‍ അണി ചേര്‍ന്ന സ്വന്തം കുടുംബത്തില്‍പെട്ടവരെയും തനിക്ക് താല്‍പര്യമുള്ള മറ്റു ചിലരെയും റസൂല്‍ (സ) രക്ഷപ്പെടുത്താന്‍ ശ്രമിച്ചെതെന്തിനാണ്? പ്രത്യക്ഷത്തില്‍ പക്ഷപാതപരമെന്ന് ധരിക്കാവുന്ന ഈ നിര്‍ദേശത്തിന്റെ പൊരുളെന്താണ്? 'ഇവരൊന്നും സ്വമനസ്സാ നമ്മോട് യുദ്ധത്തിനു വന്നവരല്ല. അവര്‍ വലിച്ചിഴക്കപ്പെട്ടവരാണ്' എന്നു കൂടി തദവസരത്തില്‍ റസൂല്‍ (സ) പറയുന്നുണ്ട്.
ഹാശിം കുടുബത്തെയും റസൂല്‍ (സ) പേരു പരാമര്‍ശിച്ച മറ്റാളുകളെയും പരിചയപ്പെടുമ്പോള്‍ റസൂലിന്റെ ആജ്ഞയുടെ പൊരുള്‍ തെളിയും.
അതിങ്ങനെ: നബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിക്കുകയും സമൂഹത്തില്‍നിന്ന് ശത്രുത ഉയരുകയും ചെയ്തപ്പോള്‍ ഹാശിം, മുത്ത്വലിബ് കുടുംബങ്ങള്‍ (അവരില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നില്ല) നബിയുടെ സംരക്ഷകരായി. റസൂലിന് അനുകൂലമായി ഉറച്ച നിലപാടെടുത്ത അവിശ്വാസിയായ അബൂത്വാലിബിനായിരുന്നു നേതൃത്വം. ഇസ്ലാമിന്റെ വളര്‍ച്ചക്കൊപ്പം ശത്രുതയും വളര്‍ന്നു. സന്ദര്‍ഭം ലഭിച്ചാല്‍ റസൂലിനെ കൊല്ലുമെന്ന് ആശങ്ക ജനിച്ച ഘട്ടത്തില്‍ ഈ കുടുംബങ്ങള്‍ താരതമ്യേന സുരക്ഷിതമായ മലഞ്ചെരുവിലേക്ക് താമസം മാറ്റി. 'അബൂത്വാലിബിന്റെ താഴ്വര' എന്ന പേരില്‍ ഇതറിയപ്പെടുന്നു. മുഹമ്മദ് നബി(സ)ക്ക് പഴുതടച്ച സംരക്ഷണം ഉറപ്പുവരുത്തുകയായിരുന്നു ഉദ്ദേശ്യം. എത്രത്തോളമെന്നാല്‍ ഒരു രാത്രി തന്നെ നിരവധി തവണ റസൂലിന്റെ ശയനസ്ഥാനം അവര്‍ മാറ്റിക്കൊണ്ടിരുന്നു!
രോഷാകുലരായ ശത്രുക്കള്‍ ഈ കുടുംബങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. മുഹമ്മദി(സ)നെ കൊല്ലാന്‍ വിട്ടുകൊടുക്കുക എന്ന ഏക ഉപാധിയില്‍ ആരംഭിച്ച ഊരുവിലക്ക് അങ്ങേയറ്റം കനിവുകെട്ടതായിരുന്നു. സാമൂഹികമായ യാതൊരിടപാടും അനുവദിച്ചില്ല. വിവാഹങ്ങള്‍ മുടക്കി, തൊഴില്‍ തടസ്സപ്പെടുത്തി, വര്‍ഷത്തില്‍ ഹജ്ജുവേളയില്‍ മാത്രമേ ജനങ്ങളോട് ഇടപഴകാനും കൊള്ളക്കൊടുക്കകള്‍ നടത്താനും അനുവാദം ഉണ്ടായിരുന്നുള്ളൂ. വരുമാനമാര്‍ഗങ്ങള്‍ അടക്കപ്പെട്ടതു കാരണം സാധനങ്ങള്‍ക്ക് ന്യായവില പോലും നല്‍കാനാവാത്ത ഈ ദരിദ്ര കുടുംബങ്ങള്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ അമിത വില കൊടുത്ത് ശത്രുക്കള്‍ അവ സ്വന്തമാക്കുക പതിവായിരുന്നു. വയറു പൊരിഞ്ഞ കുഞ്ഞുങ്ങളുടെ രോദനം താഴ്വരയുടെ അന്തരീക്ഷത്തില്‍ അലിഞ്ഞു. മൂന്നു വര്‍ഷത്തോളം ദീര്‍ഘിച്ച ദുരിതപര്‍വം പലരുടേയും ആരോഗ്യം ചോര്‍ത്തി. എണ്‍പത് പിന്നിട്ട അബൂത്വാലിബും അറുപതു കഴിഞ്ഞ തിരുപത്നി ഖദീജയും താങ്ങാവുന്നതിലധികം സഹിച്ചു. ബഹിഷ്കരണം പിന്‍വലിക്കപ്പെട്ട ശേഷം ആറുമാസം മാത്രമേ ഇരുവരും ജീവിച്ചുള്ളൂ. ചില മനുഷ്യ സ്നേഹികളുടെ രഹസ്യമായ സഹകരണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ ഒന്നടങ്കം മരിച്ചു തീര്‍ന്നേനേ.
ത്യാഗപൂര്‍ണമായ ഈ പിന്തുണ നബി തിരുമേനിക്കോ സത്യവിശ്വാസികള്‍ക്കോ വിസ്മരിക്കാനാവുമായിരുന്നില്ല. കഠിന സാഹചര്യങ്ങളില്‍ സ്വന്തം ജീവന് കാവല്‍ നിന്നവരുടെ ജീവനും സംരക്ഷിക്കപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അവരുടെ വിശ്വാസമോ താല്‍കാലിക നിലപാടുകളോ പരിഗണനീയങ്ങളായി കരുതിയതുമില്ല. 'അവര്‍ സ്വമേധയാ നമ്മോട് യുദ്ധത്തിനു വന്നവരല്ല' എന്ന റസൂലിന്റെ നിരീക്ഷണം ഏറെ വിചിന്തനമര്‍ഹിക്കുന്നതാണ്. ദുഷ്പ്രചാരണങ്ങളും നാനാവിധ സമ്മര്‍ദങ്ങളും വഴി വിരോധികള്‍ തങ്ങളുടെ പക്ഷത്ത് സംഘടിപ്പിക്കുന്നവരെല്ലാം ഒരേ രീതിയില്‍ വീക്ഷിക്കപ്പെടേണ്ടവരല്ല എന്ന ശക്തമായ സന്ദേശമാണ് ഭംഗ്യന്തരേണ തിരുമേനി നല്‍കുന്നത്.
ചില വ്യക്തികളുടെ കാര്യവും നബി(സ) ഓര്‍മിപ്പിച്ചിരുന്നവല്ലോ? അവരാണ് അധികാര കേന്ദ്രത്തിന്റെ വിലക്കുകള്‍ അവഗണിച്ച് കിരാതമായ ബഹിഷ്കരണത്തിനെതിരെ പ്രതികരിച്ചത്. തന്ത്രപൂര്‍വമായ നീക്കത്തിലൂടെ ഉപരോധത്തിനറുതി വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇവരെ നമുക്ക് അന്നത്തെ അമുസ്ലിം ഭൂരിപക്ഷത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് വിളിക്കാം.
പിതൃവ്യനായ അബ്ബാസാവട്ടെ പലായനത്തിന്റെ കാര്യത്തില്‍ മദീനാ പ്രതിനിധികളുമായി അവസാന വട്ടം ചര്‍ച്ച നടത്തുമ്പോഴും കരാറിലെത്തുമ്പോഴും തിരുമേനിക്കൊപ്പമുണ്ടായിരുന്നു. ആദര്‍ശാതിരുകള്‍ക്കപ്പുറമുള്ള മാനുഷിക സഹവര്‍ത്തനത്തിന്റെയും ഗുണകാംക്ഷയുടെയും ചേതോഹരമായ ഇസ്ലാമിക മാതൃകകള്‍ ആണിവയൊക്കെ. ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം നിരവധി പാഠങ്ങളുണ്ട്.
ഇസ്ലാമിന്റെ ഉദാത്തമായ മാനുഷിക പരിഗണനക്കും ഹൃദയാലുതക്കും ബദ്റില്‍ നിന്നു തന്നെ ഇനിയും മാതൃകകള്‍ ഉണ്ട്.
യുദ്ധത്തിലെ ബന്ദികളുടെ കാര്യം നബി(സ) പൊതുചര്‍ച്ചക്കു വിട്ടു. മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കാനാണ് അവസാനം തീരുമാനമായത്. തടവുകാരുടെ കൂട്ടത്തില്‍ ഒരു കവി ഉണ്ടായിരുന്നു, അബൂ അസ്സ. തന്റെ കവന പാടവം മുഴുവന്‍ ഇസ്ലാമിനെതിരെ പ്രയോഗിച്ച ഒരാള്‍. അയാള്‍ റസൂലിനെ സമീപിച്ച് പറഞ്ഞു: "മുഹമ്മദേ എനിക്ക് അഞ്ചു പുത്രിമാരാണ്. അവര്‍ക്കു തുണയാരുമില്ല, എന്നെ വിട്ടയച്ചാലും. മേലില്‍ ഞാന്‍ താങ്കള്‍ക്കെതിരില്‍ കവിതചൊല്ലുകയോ വാളുയര്‍ത്തുകയോ ചെയ്യില്ലെന്നു സത്യം ചെയ്യുന്നു.'' ഉള്ളലിഞ്ഞ പ്രവാചകന്‍ അയാളെ വിട്ടയച്ചു. ബദ്റിലെ എഴുപത് ബന്ദികളില്‍ നിരുപാധികം വിട്ടയക്കപ്പെട്ട ഒരേ ഒരാളായിരുന്നു ഇദ്ദേഹം (എന്നാല്‍ അയാള്‍ വാക്കു പലിച്ചില്ല. ഉഹ്ദ് യുദ്ധത്തില്‍ ശത്രുക്കളൊടൊപ്പം അയാള്‍ ഉണ്ടായിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ടു).
ഇനിയും കാണുക: തടവുകാരുടെ മോചനത്തിനായി ഉടനെ മുസ്ലിംകളെ സമീപിക്കേണ്ടതില്ലെന്നായിരുന്നു ഖുറൈശികളുടെ തീരുമാനം. ധൃതികൂട്ടുന്ന പക്ഷം മോചന ദ്രവ്യത്തിന്റെ കാര്യത്തില്‍ മുസ്ലിംകളുടെ വിലപേശല്‍ ശക്തി വര്‍ധിക്കുമെന്നവര്‍ ഭയന്നു. നബി(സ) തടവുകാരെ മുസ്ലിംകള്‍ക്ക് വീതിച്ചു നല്‍കി. അവരോട് നന്നായി പെരുമാറണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു. ബന്ദികളിലൊരാളായ അബൂ അസീസ് ബിന്‍ ഉമൈര്‍ സ്വന്തം അനുഭവം വിവരിക്കുന്നു: "അന്‍സ്വാറുകളായ ഏതാനും പേരൊടൊപ്പമാണ് ഞാനുണ്ടായിരുന്നത്. ഭക്ഷണത്തിനു റൊട്ടി തികയാതെ വന്നാല്‍ അവര്‍ കാരക്ക തിന്നും. റൊട്ടി എന്നെ സല്‍ക്കരിക്കും. നല്ല മാംസക്കഷ്ണങ്ങള്‍ എനിക്കായി നീക്കിവെക്കും. നാണം മൂലം ചിലപ്പോള്‍ ഞാനത് ആര്‍ക്കെങ്കിലും നല്‍കാന്‍ ശ്രമിച്ചാല്‍ എന്നെ തന്നെ തീറ്റും.''
മുത്വ്ഇമിന്റെ പുത്രന്‍ ജുബൈര്‍ ബന്ദിവിമോചന ചര്‍ച്ചക്കായി മദീനയിലെത്തി. തടവുകാരുടെ ഉറ്റവരും ഉടയവരുമായി പതിനാലു പേര്‍ വേറെയും വന്നു ചേര്‍ന്നു. പല കാരണങ്ങളാല്‍ ബന്ധുക്കളാരും വന്നു ചേരാത്തവരും സാമ്പത്തിക ബാധ്യത സ്വയം ഏല്‍ക്കാന്‍ കഴിയാത്തവരുമായി അല്‍പം തടവുകാരുണ്ടായിരുന്നു. അവര്‍ പ്രതീക്ഷാപൂര്‍വം തിരുമേനിയെ നോക്കി. അല്‍പ സ്വല്‍പം വിദ്യാഭ്യാസമുള്ളവരായിരുന്നു ഇവര്‍. "നിങ്ങള്‍ ഞങ്ങളുടെ ബാലന്മാരെ പഠിപ്പിക്കുക. ഒരാള്‍ പത്തുകുട്ടികള്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിച്ചാല്‍ അയാള്‍ക്ക് മോചിതനാവാം.'' നബി (സ) അവരോടു പറഞ്ഞു. റസൂലിന്റെ ദ്വിഭാഷിയും ബഹുഭാഷ പണ്ഡിതനുമായിരുന്ന സൈദുബ്നു സാബിതി(റ) ന്റെ വിദ്യാരംഭം ഇവരില്‍ നിന്നായിരുന്നുവത്രെ. തനിക്കെതിരെ പോരാടുകയും അപ്പോഴും ശത്രുപക്ഷത്ത് തുടരുകയും ചെയ്തവരെ വളരുന്ന തലമുറയുടെ ഗുരുസ്ഥാനത്ത് നിശ്ചയിച്ച് ആദരിക്കുക വഴി തിരുദൂതര്‍ കൈമാറുന്ന സന്ദേശം എന്തു മാത്രം മധുരതരമാണ്!
ഖുറൈശി പ്രമുഖനും മികച്ച പ്രഭാഷകനുമായിരുന്ന സുഹൈലുബ്നു അംറും തടവുകാരനാക്കപ്പെട്ടിരുന്നു. തന്റെ പ്രഭാഷണ പാടവം മുഴുവന്‍ അയാള്‍ ഇസ്ലാമിനെതിരെ പ്രയോഗിച്ചു. തടവില്‍ നിന്നോടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുസ്ലിംകള്‍ പിന്തുടര്‍ന്ന് പിടികൂടി. മിക്റസ് ബിന്‍ ഹഫ്സ്, സുഹൈലിന്റെ മോചനദ്രവ്യവുമായി തിരുമുമ്പിലെത്തി. അയാളെ സ്വതന്ത്രനാക്കവെ ഹസ്രത്ത് ഉമര്‍ (റ) റസൂലിനോട് ചോദിച്ചു: "തിരുദൂതരേ ഇനിയൊരിക്കലും താങ്കള്‍ക്കെതിരെ പ്രസംഗിക്കാതിരിക്കാന്‍ സുഹൈലിന്റെ മുന്‍നിരപ്പല്ലുകള്‍ അടര്‍ത്തികളയട്ടയോ?'' നബി (സ) സ്വല്‍പം നീരസത്തോടെ പറഞ്ഞു: "പാടില്ല ഉമര്‍. അയാളെ അംഗഭംഗം വരുത്താന്‍ ഞാന്‍ അനുവദിക്കില്ല. ഞാനത് ചെയ്താല്‍ പ്രവാചകനാണെന്ന് പരിഗണിക്കാതെ അല്ലാഹു എന്നെയും അംഗഭംഗം വരുത്തും.'' സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റസൂലിന്റെ പ്രതികരണത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂക.
ബദ്റിലെ മിന്നുന്ന വിജയവും തിളക്കമാര്‍ന്ന യുദ്ധാനന്തര നിലപാടുകളും ധാരാളം പേരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചു. ഈയൊഴുക്കില്‍ ചുവട് നഷ്ടപ്പെട്ടാണ് അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സുലൂല്‍ കപടവേഷം അണിഞ്ഞാണെങ്കിലും ഇസ്ലാമിലേക്ക് കടക്കാന്‍ നിര്‍ബന്ധിതനായത്.
സുഹൈലിന്റെ കഥക്ക് മനോഹരമായ ഒരു അന്ത്യം കൂടിയുണ്ട്. ബദ്റില്‍ നിന്ന് വിട്ടയക്കപ്പെട്ട ശേഷവും അയാള്‍ ശത്രുപക്ഷത്ത് നിലകൊണ്ടു. എന്നാല്‍ മക്കാവിജയവേളയില്‍ കഅ്ബാലയ മുറ്റത്ത് ശ്വാസമടക്കിപ്പിടിച്ചു നിന്ന തദ്ദേശ വാസികളോട് 'നിങ്ങളിപ്പോള്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?' എന്ന റസൂല്‍ തിരുമേനിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് സുഹൈലുബ്നു അംറായിരുന്നു. "നല്ലതുമാത്രം. ഉദാരനായ സഹോദരനാണ് താങ്കള്‍. ഉദാരനായ സഹോദരന്റെ പുത്രനും'' അയാള്‍ പറഞ്ഞു. അന്നു തൊട്ട് ഉത്തമ വിശ്വാസിയായി ജീവിച്ചു. രക്തസാക്ഷിയായി മരണപ്പെടുകയും ചെയ്തു.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly