സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ മര്‍മസ്ഥാനമര്‍ഹിക്കുന്നു. അനന്തമായ അവന്റെ ഖജനാവില്‍നിന്ന് കലവറയില്ലാതെ നല്‍കുമ്പോള്‍ മനുഷ്യന്‍ സമ്പന്നനാകുന്നു. അപ്പോഴും സമ്പത്തിന്റെ ഉടമസ്ഥാവകാശം മനുഷ്യന് ലഭിക്കുന്നില്ല. യഥാര്‍ഥ ഉടമസ്ഥനും അവകാശിയും അല്ലാഹു തന്നെ. സമ്പത്തിന്റെ താല്‍ക്കാലികവും സമയബന്ധിതവുമായ കൈകാര്യ കര്‍തൃത്വം മാത്രമാണ് മനുഷ്യനെ അല്ലാഹു ഏല്‍പിച്ചിട്ടുള്ളത്. തന്റെ കൈവശം വന്നുചേര്‍ന്ന സമ്പാദ്യം അഭിവൃദ്ധിപ്പെടുത്തേണ്ടതെങ്ങനെയെന്നും വിനിയോഗിക്കേണ്ടത് ഏതെല്ലാം മാര്‍ഗേണയാണെന്നും തീരുമാനിക്കേണ്ടത് യഥാര്‍ഥ ഉടമസ്ഥന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കണമെന്നാണ് സാമാന്യ മര്യാദ.
സമ്പത്ത് ഒരു പരീക്ഷണം കൂടിയാണ്. തന്റെ ജീവിത വിജയം സുനിശ്ചിതമാക്കുകയോ അതിനെ പരാജയപ്പെടുത്തുകയോ ചെയ്യുന്ന പരീക്ഷണ വസ്തു. ഒരാളുടെ കൈവശം വെക്കാവുന്ന സമ്പാദ്യത്തിന് അല്ലാഹു ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. സമ്പാദിക്കുന്നത് മോശം ഏര്‍പ്പാടാണെന്ന ധാരണയെ ഇസ്ലാം തിരുത്തുകയും ചെയ്യുന്നു. സമ്പന്നര്‍ മോശക്കാരാണെന്നോ സമ്പത്ത് നല്ലതല്ലെന്നോ ഇസ്ലാം പറയുന്നില്ല. നമസ്കാരാദികര്‍മങ്ങള്‍ നിര്‍വഹിച്ചതിനു ശേഷം പിന്നെയും ആരാധനാലയങ്ങളില്‍ തങ്ങേണ്ടതില്ലെന്നും ആരാധനാ നിര്‍വഹണത്തിനു ശേഷം ജീവിതവിഭവം തേടി മണ്ണിലേക്കിറങ്ങണമെന്നുമാണ് ദൈവികാധ്യാപനം. "നമസ്കാരം നിര്‍വഹിക്കപ്പെട്ടാല്‍ നിങ്ങള്‍ മണ്ണിലേക്കിറങ്ങുക. അല്ലാഹുവിന്റെ ഔദാര്യത്തില്‍നിന്ന് നിങ്ങള്‍ ആവശ്യമായത് തേടുകയും ചെയ്യുക'' (അല്‍ജുമുഅ 10). സമ്പാദ്യം ദൈവാനുഗ്രഹമാണെന്നും അത് സ്വീകരിക്കുന്നതും അതിനു വേണ്ടി അധ്വാനിക്കുന്നതും നിങ്ങള്‍ പോരായ്മയായി കരുതേണ്ടതില്ലെന്നുമാണ് ഈ സൂക്തം പഠിപ്പിക്കുന്നത്.
മതാഭിമുഖ്യമുള്ളവര്‍ ദരിദ്രരാണെന്നും സമ്പന്നര്‍ക്ക് ആത്മീയ വഴികള്‍ അപ്രാപ്യമാണെന്നുമുള്ള പൊതുധാരണ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. പക്ഷേ, ഇസ്ലാം സമ്പന്ന-ദരിദ്ര ഭേദമന്യെ എല്ലാവര്‍ക്കും അവരുടെ സമീപനങ്ങളും ദൈവബോധവും സമര്‍പ്പണ സന്നദ്ധതയും കര്‍മനിരതയും പരിഗണിച്ച് തുല്യസ്ഥാനവും അവസരങ്ങളും നല്‍കുന്നു. സമ്പത്ത്, അധികാരം, മറ്റു സ്ഥാനമാനങ്ങള്‍, ജാതി മത ഭിന്നതകള്‍, വര്‍ഗ വര്‍ണ വൈജാത്യങ്ങള്‍ തുടങ്ങിയ ഒന്നും മനുഷ്യന്റെ മഹത്വം അടയാളപ്പെടുത്തുന്ന ഘടകങ്ങളല്ലെന്നും ഹൃദയ വിശുദ്ധി മാത്രമാണ് ദൈവസന്നിധിയില്‍ പരിഗണനീയമെന്നും പഠിപ്പിക്കുന്നു. "മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം അറിയേണ്ടതിന് മാത്രമാണ്. ദൈവസമക്ഷം ആദരണവര്‍ഹിക്കുന്നവന്‍ നിങ്ങളില്‍ ഏറെ സൂക്ഷ്മത പാലിക്കുന്ന ജീവിത വിശുദ്ധിയുള്ളവര്‍ മാത്രാണ്'' (അല്‍ഹുജ്റാത്ത് 13).
ജീവിച്ചിരിക്കെ സ്വര്‍ഗലബ്ധി വാഗ്ദാനം ചെയ്യപ്പെട്ട പത്തു പേര്‍ പ്രവാചക ശിഷ്യന്മാരിലുണ്ട്. അബൂബക്കര്‍ സിദ്ദീഖ്, ഉസ്മാന്‍, അബ്ദുര്‍റഹ്മാനുബ്നു ഔഫ് എന്നീ മൂന്ന് പേര്‍ അവരില്‍ പ്രമുഖരാണ്. അക്കാലത്തെ ലക്ഷപ്രഭുക്കളെന്ന് വിശേഷിപ്പിക്കാവുന്നവിധം സമ്പന്നരായിരുന്നു ഇവര്‍. ഈ പത്തംഗ സംഘത്തിലെ മറ്റുള്ളവരും പരമ ദരിദ്രരോ ജീവിതം വഴിമുട്ടിയവരോ അല്ലായിരുന്നു. സമ്പത്ത് സ്വര്‍ഗലബ്ധിക്കോ നന്മയിലേക്കുള്ള പ്രയാണത്തിനോ തടസ്സമല്ലെന്നര്‍ഥം.
സമ്പത്ത് മനുഷ്യ ജീവിതത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന ഉപാധികളില്‍ മുഖ്യമാണ്. ഒരു ജനത ഒന്നടങ്കം ദരിദ്രരായിത്തീരുകയോ സമ്പന്നര്‍ ഇല്ലാത്തവരെ പരിഗണിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സാമൂഹിക ഘടന ഇസ്ലാം പൊറുപ്പിക്കുകയില്ല. ദരിദ്രര്‍ എക്കാലത്തും ദരിദ്രരായിത്തന്നെ തുടരേണ്ടവരല്ല. സാമ്പത്തിക സന്തുലിതത്വവും അഭിവൃദ്ധിയും താളംതെറ്റാതെ നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. "അല്ലാഹു അവന്റെ ദൂതന് വിവിധ പ്രദേശങ്ങളില്‍നിന്നും കൈവരുത്തി നല്‍കിയത് അല്ലാഹുവിനും റസൂലിനും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും തെരുവിലുള്ളവര്‍ക്കുമാകുന്നു. അത് (ധനം) നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്'' (അല്‍ ഹശ്ര്‍ 7). സമ്പത്ത് സാമൂഹികഘടനയുടെ താളം തെറ്റിക്കുംവിധം കേന്ദ്രീകരിക്കപ്പെടുന്നതിനെ ഇസ്ലാം നിരാകരിക്കുകയാണ് ചെയ്യുന്നത്.
സമ്പാദ്യം അന്യരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടോ നിഷിദ്ധ മാര്‍ഗേണയോ ആകാവതല്ലെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നതും ഈ സന്തുലിതത്വം തകരാതിരിക്കാനാണ്. പലിശ, ചൂതാട്ടം, കവര്‍ച്ച, ഇടപാടുകളിലെ വഞ്ചന, കൊള്ളലാഭം തുടങ്ങിയവ സാമ്പത്തിക തിന്മകളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദിക്കരുതെന്നും അത് ഭുജിക്കരുതെന്നും കണിശമായി നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. സമ്പാദ്യം അനുവദനീയ മാര്‍ഗേണയാണ് പുഷ്ടിപ്പെടുത്തേണ്ടത്. ഏത് വിധേനയും സമ്പാദിക്കാമെന്ന നയം മനുഷ്യവിരുദ്ധവും ഏറെ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതുമാണ്.
എങ്ങനെ സമ്പാദിക്കാം എന്ന പോലെ പ്രസക്തമാണ് അതെങ്ങനെ വിനിയോഗിക്കണമെന്നതും. സമ്പത്ത് വിനിയോഗിക്കുന്നതിന്റെ പൊതുതത്ത്വം ഖുര്‍ആന്‍ വരച്ചിടുന്നത് ഇപ്രകരാമാണ്. "ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടയില്‍ മിതസമീപനം സ്വീകരിക്കുന്നവരാണവര്‍'' (അല്‍ഫുര്‍ഖാന്‍ 67). "ധൂര്‍ത്തും ലുബ്ധും പൈശാചികമാണ്. നിശ്ചയം ദുര്‍വയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു'' (അല്‍ ഇസ്രാഅ് 27). "പിശാച് ദാരിദ്യ്രത്തെപ്പറ്റി നിങ്ങളെ ഭയപ്പെടുത്തുന്നു'' (അല്‍ബഖറ 268). 'ദാരിദ്യ്രം ഭയക്കാതെ ചെലവഴിക്കുന്നവന്‍' എന്നത് നബി(സ)യുടെ ഒരു വിശേഷണമാണ്. എന്നാല്‍ ധൂര്‍ത്തും ദുര്‍വ്യയവും ഒട്ടും ഉണ്ടായിരുന്നുമില്ല അദ്ദേഹത്തിന്റെ സാമ്പത്തിക വ്യയത്തില്‍.
സമ്പത്ത് ചെലവഴിക്കേണ്ട മേഖല ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് 'ദൈവമാര്‍ഗത്തില്‍' എന്നാണ്. 'ദൈവമാര്‍ഗത്തില്‍ സമ്പത്ത് ചെലഴിക്കുന്നവര്‍' എന്നത് സത്യവിശ്വാസികളുടെ വിശേഷണമായി ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്. നിര്‍ബന്ധം, ഐഛികം, അനുവദനീയം എന്നീ തലങ്ങളുള്ളതാണ് ദൈവമാര്‍ഗത്തിലെ സാമ്പത്തിക വിനിയോഗം. സമ്പത്തില്‍നിന്ന് നിര്‍ബന്ധമായും ചെലവിടേണ്ടതില്‍ പ്രഥമമ പരിഗണനയര്‍ഹിക്കുന്നത് സകാത്ത് തന്നെ. സകാത്ത് സമ്പത്ത് വ്യയം ചെയ്യാനുള്ള കേവല കല്‍പന മാത്രമല്ല. സൂക്ഷ്മമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലമാകുംവിധം വ്യവസ്ഥാപിതമായി നടപ്പിലാക്കേണ്ട ഇസ്ലാമിന്റെ സാമ്പത്തിക പദ്ധതിയുടെ മര്‍മപ്രധാന ഭാഗമാണ്.
സകാത്തിന്റെ സ്ഥാനം
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ മൂന്നാമത്തേതും കര്‍മങ്ങളില്‍ രണ്ടാമത്തേതുമാണ് സകാത്ത്. ഒരു മുസ്ലിം വ്യക്തിത്വത്തെ പ്രത്യക്ഷത്തില്‍ നിര്‍ണയിക്കുന്ന രണ്ട് ഘടകങ്ങളില്‍ ഒന്നുമാണിത്. നമസ്കാരവും സകാത്തുമാണ് ഒരു മുസ്ലിമിനെ രൂപപ്പെടുത്തുന്ന രണ്ട് പ്രകടമായ അടയാളങ്ങള്‍. നമസ്കരിക്കാനും സകാത്ത് നല്‍കാനും സന്നദ്ധത പ്രകടിപ്പിച്ചവനെ നിങ്ങളുടെ മിത്രമായി കണക്കാക്കണമെന്നും യുദ്ധമുഖത്താണെങ്കില്‍ പിന്നീട് അവന് നേരെ വാളോങ്ങരുതെന്നുമാണ് ഖുര്‍ആനിക കല്‍പന. "അവര്‍ പശ്ചാതപിക്കുകയും നമസ്കാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നപക്ഷം നിങ്ങളുടെ മിത്ര സഹോദരങ്ങളാകുന്നു'' (അത്തൌബ 11). യുദ്ധമുഖത്താണെങ്കില്‍ അവരുടെ വഴി സുഗമമാക്കിക്കൊടുക്കണമെന്നതും (അത്തൌബ 5) അല്ലാഹുവിന്റെ കല്‍പനയാണ്. നമസ്കാരത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ് സകാത്ത്. ഒന്ന് ശാരീരിക ബാധ്യതയും മറ്റേത് സാമ്പത്തിക ബാധ്യതയുമാണ്. ഇവ രണ്ടും പലതവണ ഖുര്‍ആന്‍ ചേര്‍ത്ത് പറയുന്നത് രണ്ടിന്റെയും തുല്യത വിളിച്ചോതുന്നു. "ദൈവമാണ, നമസ്കാരത്തിനും സകാത്തിനുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നവനെതിരെ ഞാന്‍ പോരാടുക തന്നെ ചെയ്യും'' എന്ന ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ പ്രഖ്യാപനം തദ്വിഷയകമായി വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു.
രണ്ട് ലക്ഷ്യങ്ങളാണ് സകാത്തിലൂടെ നേടേണ്ടത്. ഒന്ന്, വ്യക്തി കേന്ദ്രീകൃതവും രണ്ടാമത്തേത് സാമൂഹിക താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതുമാണ്. ജീവിത വിശുദ്ധിയും സംസ്കരണവും നേടിയെടുക്കുകയും തന്റെ സമ്പത്തിനെ ശുദ്ധീകരിക്കുകയും ചെയ്യുക എന്നതാണ് വ്യക്തി കേന്ദ്രീകൃത ലക്ഷ്യം. "താങ്കള്‍ അവരുടെ ധനത്തില്‍നിന്ന് സകാത്ത് ശേഖരിക്കുക. അവരെ അതുകൊണ്ട് ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു'' (അത്തൌബ 103). ഭൌതിക വിഭവങ്ങളോടുള്ള ആര്‍ത്തിക്ക് കടിഞ്ഞാണിടുകയും തല്‍സ്ഥാനത്ത് ദൈവസ്നേഹവും പരലോക ബോധവും കടന്നുവരികയും ചെയ്യുമ്പോഴാണ് ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നത്. സകാത്ത് തന്റെ സമ്പത്തില്‍ കുറവ് വരുത്തുകയല്ല, വര്‍ധനവും അനുഗ്രഹവും ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്ന ബോധ്യമാണ് ഈ ശുദ്ധീകരണത്തിന് അവനെ അര്‍ഹനാക്കുന്നത്. സകാത്ത് എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്ന രണ്ട് അര്‍ഥതലങ്ങള്‍ ഈ ശുദ്ധീകരണവും വളര്‍ച്ചയും തന്നെയാണല്ലോ.
ഒരു പ്രദേശത്തിന്റെ സാമൂഹിക ക്ഷേമവും സാമ്പത്തികാഭിവൃദ്ധിയും സ്വാശ്രയത്വവും ഉറപ്പ് വരുത്തുംവിധം സാമൂഹിക പുരോഗമന പ്രക്രിയയില്‍ ചെറുതല്ലാത്ത പങ്കാണ് സകാത്ത് വഹിക്കുന്നത്. അഥവാ, സകാത്തിന്റെ രണ്ടാമത്തെ ലക്ഷ്യം ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും അവരെ സ്വയം പര്യാപ്തരാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. നിത്യ ദാരിദ്യ്രത്തില്‍ കഴിയുന്നവരെയും പാര്‍ശ്വവത്കൃതരെയും ജീവിതവിഭവങ്ങള്‍ സമാഹരിക്കാന്‍ പ്രയാസപ്പെടുന്നവരെയും കണ്ടെത്തി, അവരെ അതില്‍നിന്നും കരകയറ്റി സ്വയം പര്യാപ്തരും അഭിമാനികളുമാക്കി മാറ്റി ഒരു മാതൃകാ സമൂഹം കെട്ടിപ്പടുക്കാന്‍ സകാത്തിനോളം പര്യാപ്തമായ മറ്റൊരു സംവിധാനവും ലോകത്തിന്റെ മുമ്പിലില്ലെന്നതാണ് നേര്.
സകാത്ത് ഔദാര്യമല്ല. തന്റെ സന്മനസ്സ് കൊണ്ട് വെച്ച് നീട്ടുന്ന സഹായ ധനവുമല്ല. അത് ദരിദ്രന്റെ അവകാശമാണ്. തന്റെ സമ്പത്തില്‍ ഒരിക്കലും കൂടിക്കലരാന്‍ പാടില്ലാത്ത അന്യന്റെ ഓഹരിയാണത്. അവരുടെ ധനത്തില്‍ നിര്‍ണിത അവകാശം, ചോദിച്ച് വരുന്നവര്‍ക്കും ജീവിതം നിഷേധിക്കപ്പെട്ടവപര്‍ക്കുമുള്ളതാണെന്ന ഖുര്‍ആനിക അധ്യാപനം ഇതാണ് വ്യക്തമാക്കുന്നത്. സകാത്ത് നല്‍കുന്നവന്റെ മനോഘടന ഇപ്രകാരമായിരിക്കണമെന്നും മറിച്ചായാല്‍ അത് തന്റെ ധര്‍മ പ്രവര്‍ത്തനത്തെ നിഷ്ഫലമാക്കുമെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. "സത്യവിശ്വാസികളേ, കൊടുത്തത് എടുത്ത് പറഞ്ഞും ശല്യമുണ്ടാക്കിയും നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്'' (അല്‍ബഖറ 264).
സകാത്ത് സംഘടിതമാകണം
ഇസ്ലാമിന്റെ ആരാധനാ കര്‍മങ്ങളുടെ പൊതു ആത്മാവ് സംഘടിതമാവുക, വ്യവസ്ഥാപിതമാവുക എന്നതാണ്. സമയബന്ധിതമായ നിര്‍ബന്ധ നമസ്കാരങ്ങളും ഒട്ടുമിക്ക ഐഛിക നമസ്കാരങ്ങളും സംഘടിതമായാണ് നിര്‍വഹിക്കപ്പെടുന്നത്. വിശ്വാസികള്‍ ഒരേ പകലുകളിലാണ് വ്രതമനുഷ്ഠിക്കുന്നത്. നിര്‍ണിത സമയത്ത്, നിശ്ചിത പ്രദേശത്ത് ലോക മുസ്ലിംകള്‍ സംഗമിക്കുന്ന സംഘടിത കര്‍മമാണ് ഹജ്ജ്. സകാത്ത് ശേഖരണ വിതരണ പ്രക്രിയയിലും ഈ സംഘടിത ഘടന ഉണ്ടാകണമെന്നതാണ് ഇസ്ലാമിന്റെ താല്‍പര്യം. മേലുദ്ധരിച്ച ലക്ഷ്യ സാക്ഷാത്കാരം സാധ്യമാകണമെങ്കിലും സകാത്ത് നല്‍കുന്നവരുടെ മനോഘടന കളങ്കരഹിതമായിത്തീരണമെങ്കിലും ഈ സംഘടിത സംവിധാനം അനിവാര്യമാണെന്ന് കാണാം.
നമസ്കാരം സംഘടിതമായി നിലനിര്‍ത്താന്‍ ഔത്സുക്യം കാണിക്കുന്ന മുസ്ലിം നേതൃത്വം സകാത്ത് വ്യവസ്ഥാപിതമായി നടപ്പിലാക്കുന്നതില്‍ അക്ഷന്തവ്യമായ കൃത്യവിലോപം കാണിക്കുകയാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ വ്യവസ്ഥാപിതമായും സംഘടിതമായും സകാത്ത് വ്യവസ്ഥ നടപ്പിലാക്കാനുള്ള സാമൂഹിക സാഹചര്യം കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ട്. മഹല്ല് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വളരെ ലളിതമായി നടപ്പിലാക്കാവുന്നതാണിത്. പക്ഷേ, പള്ളിക്ക് പെയിന്റടിക്കലും മദ്റസക്ക് പുതിയ കെട്ടിടമുണ്ടാക്കലും നബിദിനത്തിന് ഘോഷയാത്ര സംഘടിപ്പിക്കലും മാത്രമാണ് മഹല്ലിന്റെ ഉത്തരവാദിത്വമെന്ന് ധരിച്ചുവശായവരാണ് അവക്ക് നേതൃത്വം നല്‍കുന്നവരില്‍ അധികവും. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ഇബാറത്തുകള്‍ കീറി മുറിച്ച്, എങ്ങനെയെല്ലാം സകാത്തിന്റെ സംഘടിത സ്വഭാവം തകര്‍ക്കാമെന്ന് ആലോചിക്കുകയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ പണ്ഡിതന്മാര്‍ (അടുത്ത കാലത്ത് ചില കോണുകളില്‍നിന്നെങ്കിലും സകാത്ത് സംഘടിതമാവണമെന്ന ശബ്ദം ഉയരുന്നുണ്ട്).
സകാത്ത് കൊടുക്കുന്നവന്‍ എന്നും കൊടുക്കുന്നവനായും വാങ്ങുന്നവന്‍ അങ്ങനെതന്നെയും തുടരുന്നതാണ് നിലവിലെ അവസ്ഥ. ഇത് സകാത്ത് വ്യവസ്ഥയുടെ ആത്മാവിന് ഒട്ടും യോജിക്കുന്നതല്ല. സകാത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ കളങ്കപ്പെടുത്തുന്ന കേവല യാചനയായി മിക്കയിടങ്ങളിലും അത് മാറിയിരിക്കുന്നു. യാചനയും മനുഷ്യന്റെ നിവൃത്തികേടുകളും ദൂരീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ഒരു സംവിധാനം, യാചനക്ക് മതകീയ മാനം നല്‍കുന്ന വിരോധാഭാസമാണ് ഫലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒരു പ്രദേശത്തെ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായവര്‍, അവരുടെ സകാത്ത് വിഹിതം കൃത്യമായി നിശ്ചയിച്ച് അര്‍ഹരെ കണ്ടെത്തി അവരുടെ മുഖ്യ പ്രശ്നങ്ങള്‍ പരിഹരിക്കുംവിധം നടപ്പിലാക്കേണ്ടതാണ് ലളിതമായ സകാത്ത് ഘടന. അതുപോലും നിലവിലില്ലെന്നതാണ് ഖേദകരം. അതിനേക്കാള്‍ വ്യവസ്ഥാപിതമായ ഒരു സംവിധാനമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഒരു പ്രദേശത്തെ സകാത്ത് ദായകരുടെ സകാത്ത് വിഹിതം മഹല്ല് / സകാത്ത് കമ്മിറ്റി ശേഖരിച്ച് പ്രദേശത്തെ അര്‍ഹരായ അവകാശികളെ കണ്ടെത്തി അവരുടെ പരാധീനതകളും ആവശ്യങ്ങളും പരിഹരിച്ച് വരും വര്‍ഷങ്ങളില്‍ അവര്‍ കൂടി സകാത്ത് ദായകരായി മാറുന്ന ഒരു മഹല്‍ പ്രക്രിയയായി രൂപപ്പെടുകയാണ് വേണ്ടിയിരുന്നത്.
നബി(സ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്തും അതിനു ശേഷമുണ്ടായ ഭരണ സംവിധാനങ്ങളിലും സകാത്ത് ഇപ്രകാരം വ്യവസ്ഥാപിതമായിരുന്നു. സകാത്തിന്റെ അവകാശികള്‍ നാട്ടിലെങ്ങുമില്ലാത്ത വിധം സമ്പദ്സമൃദ്ധി പല ഘട്ടങ്ങളിലും ഉണ്ടായത് സകാത്ത് വ്യവസ്ഥാപിതമായി നടപ്പാക്കിയത് കൊണ്ട് മാത്രമായിരുന്നു. മൌലാനാ അബുല്‍ കലാം ആസാദ് തര്‍ജുമാനുല്‍ ഖുര്‍ആനില്‍ എഴുതുന്നു: "ഇന്ന് മുസ്ലിംകള്‍ വേറെ ഒന്നും ചെയ്യേണ്ടതില്ല. ഖുര്‍ആനിക അധ്യാപനങ്ങളുടെ അന്തഃസത്ത പരിഗണിച്ച് അവരുടെ സകാത്ത് വ്യവസ്ഥാപിതമായി നടപ്പാക്കിയാല്‍ മാത്രം അവരുടെ എല്ലാ സാമൂഹിക പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഖുര്‍ആന്‍ കല്‍പിക്കും പ്രകാരം സകാത്ത് പ്രയോഗവത്കരിക്കാന്‍ അവര്‍ക്കൊരിക്കലും കഴിയുന്നില്ല. അവര്‍ ഇപ്പോഴും അതിന് തയാറുമല്ല. തന്റെ കൈവശമുള്ള സമ്പത്തില്‍ നിന്ന് ഒരു ചെറിയ വിഹിതമെടുത്ത് അയാള്‍ക്കിഷ്ടമുള്ളത് പോലെ ആര്‍ക്കെങ്കിലും കൊടുത്താല്‍ സകാത്ത് ബാധ്യത അവസാനിക്കുമെന്നാണ് പൊതുവെ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇതൊരിക്കലും സകാത്ത് ആകുന്നില്ല. മുസ്ലിം സമൂഹം അവരുടെ സകാത്ത് വിഹിതം കൃത്യമായി കണക്കാക്കി സകാത്ത് ഫണ്ടില്‍ നല്‍കി അവര്‍ മുഖേന അര്‍ഹരിലേക്ക് എത്തിക്കുകയാണ് വേണ്ടത്.
"അപ്പോള്‍ ചിലര്‍ പറയും, ഇന്ത്യയില്‍ ഇസ്ലാമിക ഭരണമില്ലല്ലോ എന്ന്. അതുകൊണ്ട് വ്യക്തിപരമായി നല്‍കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു എന്നും അവര്‍ വാദിക്കും. ഈ വാദം പരിഗണനീയമേയല്ല. അവര്‍ക്ക് ഇസ്ലാമിക രാഷ്ട്രം ഇല്ലാത്തതുകൊണ്ട് അവരുടെ ജുമുഅക്ക് ഒരു ഭംഗവും വരുന്നില്ല. ഇമാമും ഭരണാധികാരിയുമില്ലാതെ അത് നടപ്പിലാക്കാന്‍ കഴിയുന്നെങ്കില്‍ എന്തുകൊണ്ട് സകാത്തും അങ്ങനെ നടപ്പിലാക്കിക്കൂടാ. ഒരാവശ്യവുമില്ലാതെ ധാരാളം സംഘടനകളുണ്ടാക്കുന്നവര്‍ക്ക് എന്തുകൊണ്ട് സകാത്ത് വ്യവസ്ഥാപിതമായി നടപ്പിലാക്കാന്‍ ഒരു സംവിധാനം ഒരുക്കിക്കൂടാ. ഒരു കേന്ദ്ര ബൈത്തുല്‍മാലും അതിനൊരു നേതാവും എന്തുകൊണ്ട് അവര്‍ക്കായിക്കൂടാ....'' (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 3/424-429). സകാത്ത് സംഘടിതമാകാതിരിക്കാന്‍ ഇനിയും ന്യായം കണ്ടെത്താന്‍ നമുക്കാകുമോ?
സകാത്ത് നല്‍കേണ്ട സമ്പത്ത്
ധനം എന്ന് പൊതുവെ കണക്കാക്കുന്ന എല്ലാ വസ്തുക്കളിലും സകാത്തുണ്ട്. "വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍'' (അല്‍ബഖറ 267). "പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈന്തപ്പനകളും വിവിധതരം കനികളുള്ള കൃഷികളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സദൃശമല്ലാത്തതുമായ നിലയില്‍ ഒലിവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്നും നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക'' (അല്‍അന്‍ആം 141). ഈ ഖുര്‍ആനിക സൂക്തങ്ങള്‍ സൂക്ഷ്മമായി വായിച്ചാല്‍ സകാത്ത് നിര്‍ബന്ധമാകാത്ത ധനവും വരുമാനവും ഇല്ല എന്ന് വ്യക്തമാവും.
സകാത്ത് കൊടുക്കേണ്ട ധനം രണ്ട് വിധമുണ്ട്. ഒന്ന്, മൂലധനവും അതിലെ വരുമാനവും ഒന്നിച്ച് കണക്കാക്കുന്നവ. രണ്ട്, മൂലധനം ഒഴിവാക്കി അതിന്റെ വരുമാനം മാത്രം പരിഗണിക്കുന്നവ. സാധാരണ പണം, സ്വര്‍ണം, വെള്ളി, കച്ചവടം, ശമ്പളം തുടങ്ങിയ ധനവിഭവങ്ങള്‍ ഒന്നാമത്തെ വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഇവക്ക് സകാത്ത് നിര്‍ബന്ധമാകാനുള്ള അളവ് (നിസ്വാബ്) പൊതുവെ കണക്കാക്കപ്പെടുന്നത് 85 ഗ്രാം സ്വര്‍ണത്തിന്റെ വിലയുടെ അടിസ്ഥാനത്തിലാണ്. നബി(സ)യുടെ കാലത്ത് വെള്ളിയായിരുന്നു അടിസ്ഥാനം. അതിന് തുല്യമായി സ്വര്‍ണം കണക്കാക്കുന്നതായിരുന്നു പതിവ്. 200 ദിര്‍ഹം വെള്ളിയും 20 ദീനാര്‍ സ്വര്‍ണവും തുല്യമായിരുന്ന കാലത്തെ കണക്കാണിത്. ഇന്ന് ഇവ രണ്ടും തമ്മിലെ അന്തരം വലുതാണ് (595 ഗ്രാം വെള്ളി= 30,000 രൂപ, 85 ഗ്രാം സ്വര്‍ണം= 1,50,000 രൂപ). ഈ വലിയ അന്തരം നിലനില്‍ക്കുന്ന ഇക്കാലത്ത് ഇവ രണ്ടും നിസ്വാബായി സ്വീകരിക്കുന്നതില്‍ യുക്തിരാഹിത്യമുണ്ട്. നിസ്വാബ് ഒരു കാലത്തും മാറ്റം വരുത്താന്‍ പാടില്ലാത്തവിധം നിര്‍ണയിക്കപ്പെട്ടതാണോ അതല്ല, കാലാനുസൃതം മാറ്റം വരുത്താന്‍ സാധിക്കുന്നതാണോ എന്നതില്‍ പുതിയ അന്വേഷണങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നാണ് പുതിയ സാഹചര്യം വിലയിരുത്തുമ്പോള്‍ മനസ്സിലാവുന്നത്. ഏതായാലും സ്വര്‍ണം ഒരു രാജ്യത്തിന്റെ വരുമാന മാര്‍ഗവും മൊത്തം മൂല്യം കണക്കാക്കാനുള്ള ഉപാധിയുമായി പരിഗണിക്കുന്നത് കൊണ്ട് തല്‍ക്കാലം സ്വര്‍ണത്തിന്റെ കണക്ക് പരിഗണിക്കുന്നതായിരിക്കും ഉചിതം. ഇവയില്‍ വര്‍ഷത്തില്‍ രണ്ടര ശതമാനമാണ് സകാത്ത് നല്‍കേണ്ടത്.
കാര്‍ഷിക ഉല്‍പന്നങ്ങളാണ് രണ്ടാമത്തെ ഇനത്തില്‍ മുഖ്യം. വാടക കെട്ടിടങ്ങള്‍, മറ്റു വാടക വസ്തുക്കള്‍, വലിയ ഫാക്ടറികള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയ വരുമാന മാര്‍ഗങ്ങളും രണ്ടാമത്തെ ഇനത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് പണ്ഡിതന്മാരുടെ പൊതുവായ അഭിപ്രായം. മൂലധനം ഒഴിവാക്കി വരുമാനം മാത്രം പരിഗണിക്കുന്ന ഇത്തരം വസ്തുക്കളില്‍ പത്തു ശതമാനമാണ് സകാത്ത് നല്‍കേണ്ടത്. വര്‍ഷം തികയുക എന്ന ഉപാധി ഈ ഇനങ്ങള്‍ക്ക് ബാധകമല്ല. നിശ്ചിത തോത് വരുമാനമുണ്ടായാല്‍ ആ സന്ദര്‍ഭത്തിലാണ് നല്‍കേണ്ടിവരിക. കാര്‍ഷിക ഉല്‍പന്നങ്ങളില്‍ വിളവെടുക്കുന്ന സമയത്തും മറ്റുള്ളവയില്‍ നിശ്ചിത സംഖ്യ വരുമാനം ലഭ്യമാകുമ്പോഴും സകാത്ത് നല്‍കേണ്ടതായി വരും. കാര്‍ഷിക വിളകള്‍ക്ക് ചെലവേറെ വന്നിട്ടുണ്ടെങ്കില്‍ 5 ശതമാനം കൊടുത്താല്‍ മതിയാകുന്നാണ്. തൊലിയുള്ള ധാന്യം (ഉദാ: നെല്ല്) 1306 കിലോയും തൊലിയില്ലാത്തവ (ഉദാ: അരി) അതിന്റെ പകുതിയും (653 കി.ലോ) ഉണ്ടാകുമ്പോഴാണ് അവയില്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. മറ്റു കാര്‍ഷിക ഉല്‍പന്നങ്ങളുടെയും ഈ ഇനത്തിലെ മറ്റു വരുമാനങ്ങളുടെയും നിസ്വാബ് ഇതനുസരിച്ച് കണക്കാക്കാവുന്നതാണ്.
സകാത്തിന്റെ അവകാശികള്‍ നിര്‍ണിതമാണ്. ഖുര്‍ആന്‍ എട്ട് വിഭാഗങ്ങളെയാണ് അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് (അത്തൌബ). മതപരിഗണനകളില്ലാതെ എല്ലാ മനുഷ്യരും ഉള്‍ക്കൊള്ളുന്നതാണ് ഈ എട്ട് വിഭാഗവുമെന്നാണ് ഖുര്‍ആന്റെ മാനവിക കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ കണ്ടെത്താനാവുക. ബന്ധങ്ങള്‍ സാമുദായികമായും മതപരമായും ചുരുക്കുന്നതല്ല, മാനവികതയിലൂന്നി വികസിപ്പിക്കുന്നതാണ് ഖുര്‍ആന്റെ രീതി. സകാത്ത് ഒരു രാജ്യത്തിന്റെ ക്ഷേമവും ഐശ്വര്യവും ഉറപ്പ് വരുത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. വ്യക്തി വിശുദ്ധിയും സാമൂഹിക ക്ഷേമവും ഉറപ്പ് വരുത്തുംവിധം വ്യവസ്ഥാപിതമായും ആസൂത്രിതമായും നടപ്പിലാക്കേണ്ടതുണ്ടെന്ന് മാത്രം.