Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
മുഖക്കുറിപ്പ്


മനുഷ്യ സ്നേഹത്തിന്റെ ദീന്‍

 

 

 
 

 

നോമ്പ് സാര്‍ഥകമാകുന്നത് പശിദാഹങ്ങളനുഭവിക്കുന്നതിലൂടെ മാത്രമല്ല; അതിലുപരി തഖ്വയുള്‍ക്കൊള്ളുന്നതിലൂടെ, ശരീരവും മനസ്സും ശുദ്ധീകരിക്കപ്പെടുന്നതിലൂടെയാണ്. അഴുക്കില്‍നിന്നും അഷണ്ഡകളില്‍നിന്നും മുക്തമാകുമ്പോള്‍ ശരീരം ശുദ്ധമാകുന്നു. ദുര്‍വിചാരങ്ങളില്‍നിന്നും ദുര്‍മോഹങ്ങളില്‍നിന്നും മുക്തമാകുമ്പോള്‍ മനസ്സും ശുദ്ധീകരിക്കപ്പെടുന്നു. സംശുദ്ധമായ മനസ്സില്‍ ജ്ഞാനവും വിവേകവും വിശ്വാസവും അഥവാ സ്രഷ്ടാവായ അല്ലാഹുവിനോടുള്ള ഭക്തിയും അവന്റെ സൃഷ്ടികളോടാകമാനമുള്ള സ്നേഹവും നിറയുന്നു. മനുഷ്യരാശിയോടുള്ള സ്നേഹവും അവരുടെ സൌഭാഗ്യത്തിനു വേണ്ടിയുള്ള ആഗ്രഹവുമാണ് ദീനുല്‍ ഇസ്ലാമിന്റെ രത്നസാരമെന്ന് പറയാം. "വിശിഷ്ട ധര്‍മങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു വേണ്ടി മാത്രമാകുന്നു ഞാന്‍ നിയുക്തനായിട്ടുള്ളത്'' എന്ന നബിവചനത്തില്‍ തിളങ്ങുന്നത് ആ രത്നമാണ്. നമസ്കാരം മുതല്‍ ഹജ്ജു വരെയുള്ള നിര്‍ബന്ധ മൌലികാനുഷ്ഠാനങ്ങളില്‍ മുഴച്ചുനില്‍ക്കുന്ന പരസ്പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സൌഹാര്‍ദപരമായ സഹവര്‍ത്തിത്വത്തിന്റെയും മാനങ്ങള്‍ വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. ഉദാഹരണത്തിന്, വ്രതാനുഷ്ഠാനത്തെക്കുറിച്ച് നബി(സ) പ്രസ്താവിച്ചു: "അസത്യ ഭാഷണവും അന്യായമായ നടപടികളും വര്‍ജിക്കാത്തവന്‍ അന്നപാനീയങ്ങളുപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരു താല്‍പര്യവുമില്ല.'' യഥാര്‍ഥത്തില്‍ വ്രതം പാലിക്കേണ്ടത് അന്നപാനീയങ്ങളില്‍നിന്നു മാത്രമല്ല, അതിലുപരി ആഭാസങ്ങളില്‍നിന്നും അശ്ളീലങ്ങളില്‍നിന്നുമാകുന്നു. ഒരാള്‍ നിങ്ങളെ ശകാരിക്കുകയോ അവിവേകത്തിനിരയാക്കുകയോ ചെയ്യുന്നുവെങ്കില്‍ 'എനിക്ക് നോമ്പുണ്ട്' എന്ന് പറഞ്ഞുകൊണ്ട് അയാളില്‍നിന്നൊഴിഞ്ഞു മാറുക. തികച്ചും ആത്മീയമെന്ന് തോന്നിക്കുന്ന ഒരാരാധന, മാനിവകതയുമായും മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റവുമായും എന്തുമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കുക. മനുഷ്യത്വവുമായുള്ള ഈ ബന്ധത്തില്‍നിന്ന് മുക്തമായാല്‍ കേവലം യാഥാര്‍ഥ്യമില്ലാത്ത രൂപമായിത്തീരുന്നു വ്രതാനുഷ്ഠാനം. മാനുഷിക ധര്‍മങ്ങള്‍ ഉത്തേജിപ്പിക്കാനും അതുവഴി മനുഷ്യരെ ഒന്നാക്കാനും നന്നാക്കാനുമാണ് പ്രവാചകന്മാര്‍ നിയുക്തരായതും വേദങ്ങളവതീര്‍ണമായതും. മനുഷ്യനില്‍നിന്ന് അല്ലാഹുവിന് എന്തെങ്കിലും പ്രയോജനം നേടിക്കൊടുക്കാന്‍ ഒരു പ്രവാചകനും ലോകത്ത് വന്നിട്ടില്ല.
നിങ്ങള്‍ ആരെയും ഭര്‍ത്സിക്കുന്നില്ല, ദ്രോഹിക്കുന്നില്ല. എങ്കിലും ന്യായമോ അന്യായമോ ആയ കാരണങ്ങളാല്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത ചിലരുണ്ട്; നിങ്ങളുടെ ശത്രുക്കള്‍. അവര്‍ക്ക് എന്തെങ്കിലും ആപത്തണയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുന്നു. 'നന്നായി, അവന് അതു തന്നെ കിട്ടണം' എന്നാത്മഗതം ചെയ്യുന്നു. ഇഷ്ടമില്ലാത്തവര്‍ക്ക് കഷ്ടമെത്തുമ്പോള്‍ വ്യക്തികളും, അപര സമുദായങ്ങള്‍ക്ക് നാശമുണ്ടാകുമ്പോള്‍ സമുദായങ്ങളും, ഉഭയകക്ഷിബന്ധം സുഖകരമല്ലാത്ത രാഷ്ട്രങ്ങളില്‍ കുഴപ്പങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രങ്ങളും ഇങ്ങനെ സന്തോഷിക്കുന്നു. അതൊരു തെറ്റോ കുറ്റമോ ആയി കരുതപ്പെടുന്നില്ല.
എന്നാല്‍ അന്യന്റെ ദുഃഖത്തില്‍ സുഖമനുഭവിക്കുന്നത് കുറ്റകരം തന്നെയാണെന്ന് പ്രവാചകചര്യ വ്യക്തമാക്കുന്നു. മുഹമ്മദ് നബി(സ) ഓരോ പ്രഭാതത്തെയും വരവേറ്റിരുന്നത് ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു: "അല്ലാഹുവേ, എനിക്കോ നിന്റെ മറ്റേതെങ്കിലുമൊരു സൃഷ്ടിക്കോ ഈ പ്രഭാതത്തില്‍ വല്ല അനുഗ്രഹവുമുണ്ടായിട്ടുണ്ടെങ്കില്‍ അത് നിന്നില്‍നിന്നു മാത്രമാകുന്നു. നിനക്ക് പങ്കാളിയേതുമില്ല. അതിനാല്‍ സര്‍വസ്തുതിയും നിനക്ക്, സര്‍വ നന്ദിയും നിനക്ക് തന്നെ.'' മുഹമ്മദ് നബിക്ക് ചുറ്റും അദ്ദേഹത്തോടും മുസ്ലിം സമുദായത്തോടും ശത്രുതയുള്ള ധാരാളമാളുകളുണ്ടായിരുന്നു. അവരില്‍ പലരും പ്രവാചകനെയും ശിഷ്യന്മാരെയും ഉന്മൂലനം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയവരുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ നബി(സ) ശത്രു മിത്ര ഭേദമന്യെ, വിശ്വാസി അവിശ്വാസി ഭേദമന്യെ ഏതൊരു സൃഷ്ടിക്കുമുണ്ടാകുന്ന സൌഭാഗ്യത്തിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദിരേഖപ്പെടുത്തുകയും ചെയ്യുന്നത് ഏറെ ശ്രദ്ധേയമാകുന്നു. "ലോകര്‍ക്കാകമാനം അനുഗ്രഹമായിട്ട് മാത്രമാകുന്നു നിന്നെ നാം അയച്ചിട്ടുള്ളത്'' എന്ന ദൈവിക വചനത്തിന്റെ സാക്ഷാത്കാരമാണത്. സ്നേഹവും വിദ്വേഷവും ഒരു മനസ്സില്‍ ഒരേസമയം വാഴുകയില്ല. നബി(സ) ആരുടെയും ശത്രുവായിരുന്നില്ല. നബിക്ക് ശത്രുതയുണ്ടായിരുന്നത് ശത്രുക്കളോടായിരുന്നില്ല; ശത്രുക്കള്‍ പുലര്‍ത്തിയ ശത്രുതയോടും വിദ്വേഷത്തോടുമായിരുന്നു.
നബി(സ) ഒരിക്കല്‍ പ്രസ്താവിച്ചു: "മനുഷ്യരോട് കരുണ കാട്ടാത്തവരോട് അല്ലാഹു കരുണ കാട്ടുകയില്ല.'' ഈ നബി വചനം വിശദീകരിച്ചുകൊണ്ട് അലി(റ) പറഞ്ഞു: "വിശ്വാസികളെന്നോ അവിശ്വാസികളെന്നോ അടിമകളെന്നോ സ്വതന്ത്രരെന്നോ മനുഷ്യരെന്നോ തിര്യക്കുകളെന്നോ ഭേദമില്ലാതെ സകല സൃഷ്ടികളോടും കാരുണ്യത്തോടെ വര്‍ത്തിക്കണമെന്ന കല്‍പനയാണ് ഇതുള്‍ക്കൊള്ളുന്നത്'' (ഫത്ഹുല്‍ ബാരി). സ്വര്‍ഗത്തിലെത്താനുള്ള മാര്‍ഗത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: "പക്ഷേ, ആ ദുര്‍ഘടമായ പാത താണ്ടാന്‍ അവന്‍ തയാറായില്ല. ആ ദുര്‍ഘട പാത എന്തെന്നു നിനക്കെന്തറിയാം? അടിമയെ മോചിപ്പിക്കുക! അല്ലെങ്കില്‍ പട്ടിണിക്കാലത്ത് ബന്ധുവായ അനാഥന്നോ വശം കെട്ട അഗതിക്കോ അന്നം കൊടുക്കുക. പിന്നെ സത്യവിശ്വാസം കൈകൊണ്ടവരുടെയും പരസ്പരം സഹനവും കാരുണ്യവും ഉപദേശിക്കുന്നവരുടെയും ഗണത്തില്‍ ചേരുകയും ചെയ്യുക!''
അപരന്റെ വേദനയില്‍ സന്തോഷിക്കുക അവിശ്വാസികളില്‍ ദൌഷ്ട്യമേറിയവരുടെ സ്വഭാവമായിട്ടാണ് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്. "നിങ്ങള്‍ക്കൊരു ഗുണം കിട്ടിയാല്‍ അതവരെ ദുഃഖിപ്പിക്കുന്നു. നിങ്ങള്‍ക്കാപത്തണഞ്ഞാലോ അവരതില്‍ ആഹ്ളാദിക്കുന്നു.''
പരദുഃഖത്തില്‍ സന്തോഷിക്കുന്നത് നികൃഷ്ടമായ അസൂയയുടെ ലക്ഷണമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇമാം ഗസാലി പറയുന്നു: "അസൂയയുടെ കൊടുമയേറിയ ഇനമാണിത്. ഏതെങ്കിലും കാരണത്താല്‍ ഒരു വ്യക്തിയാല്‍ ദ്രോഹിക്കപ്പെടുകയോ അല്ലെങ്കില്‍ ഒരു വിഷയത്തില്‍ മറ്റൊരാളുമായി പിണങ്ങുകയോ ചെയ്താല്‍ മനസ്സില്‍ കുനുഷ്ഠ് നിറയും. അത് പ്രതികാരദാഹം വളര്‍ത്തും. ശത്രുവിനോട് നേരിട്ട് പ്രതികാരം ചെയ്യാനാവാത്തവര്‍ തങ്ങള്‍ക്ക് വേണ്ടി കാലം പ്രതികാരം ചെയ്യാനാഗ്രഹിക്കുകയും അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.'' എന്നാല്‍ സത്യവിശ്വാസി താല്‍പര്യപൂര്‍വം കാത്തിരിക്കേണ്ടത് ശത്രു മിത്ര ഭേദമന്യെ സകല ജനത്തിലും ക്ഷേമവും സൌഭാഗ്യവും വിളയുന്നതാണ്.

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly