കഴിഞ്ഞ ആഗസ്റ് 14-ന് ആലുവയില്‍ നാല് മുസ്ലിം ചെറുപ്പക്കാരെ പോലീസ് പൊക്കിക്കൊണ്ടുപോയി അറസ്റ് ചെയ്തു. ചെയ്ത കുറ്റം അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം എന്ന പുസ്തകം അവരുടെ കൈവശമുണ്ടായിരുന്നു. മതവിദ്വേഷം വളര്‍ത്തുന്ന പുസ്തകം കൈവശം വെച്ചുവെന്നതിന്റെ പേരിലാണ് അവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 1936-ല്‍ തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച പുസ്തകമാണ് അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടെ നന്മ ബുക്സ് അത് പുനഃപ്രസിദ്ധീകരിച്ചു. കേരളാ കൌമുദി സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്‍ ബി.എ, സഹോദരന്‍ അയ്യപ്പന്‍, പി.കെ കുഞ്ഞിരാമന്‍, എ.കെ ഭാസ്കര്‍ എന്നിവരുടെ ലേഖനങ്ങള്‍ സമാഹരിച്ചതാണ് ഈ പുസ്തകം. 1936-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം പൊടുന്നനെ 2010-ല്‍ മതവിദ്വേഷം വളര്‍ത്തുന്നതെങ്ങനെയെന്ന് ആലോചിക്കുന്നതില്‍ അര്‍ഥമില്ല. ഇത്രയും വര്‍ഷമായി അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരു വിധ്വംസക പ്രവര്‍ത്തനം കോടിയേരിയുടെ പോലീസ് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് മാത്രം.
പരമ്പരാഗത ഇസ്ലാമിക ചിന്തയെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും വിമര്‍ശന വിധേയമാക്കുന്ന പുസ്തകങ്ങളടക്കം പ്രസിദ്ധീകരിച്ച കോഴിക്കോട്ടെ അദര്‍ ബുക്സ് റെയ്ഡ് ചെയ്യപ്പെട്ടതും കഴിഞ്ഞയാഴ്ച തന്നെ. എല്ലാം ജനാധിപത്യത്തിന്റെയും ലിബറല്‍ മതേതരത്വത്തിന്റെയും സംരക്ഷണാവശ്യാര്‍ഥം.
ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടി പുസ്തകങ്ങളെ ഭയക്കുകയും നിരോധിക്കുകയും ചെയ്യുകയെന്നത് ഇടതു-മതേതരവാദികളുടെ സ്ഥിരം ശീലമാണ്. അടുത്തിടെ ബംഗ്ളാദേശില്‍ ലിബറല്‍ മതേതരത്വത്തിന്റെ കണ്‍കണ്ട ദൈവമായ ഹസീനാ വാജിദ് സര്‍ക്കാര്‍ പള്ളികളില്‍ മൌദൂദി ഗ്രന്ഥങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആ പുസ്തകനിരോധത്തെ ആവിഷ്കാര സ്വാതന്ത്യ്രത്തെക്കറിച്ച് വായിട്ടലക്കുന്ന ഒരാളും എതിര്‍ത്തതായി കണ്ടില്ല. എന്നല്ല, മലയാളത്തിലെ ദേശീയ പത്രമായ മാതൃഭൂമി പ്രസ്തുത നിരോധത്തെ ആഘോഷിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസ്തുത ലേഖനത്തിന് ഈ ലേഖകന്‍ ഒരു മറുകുറി തയാറാക്കി നല്‍കി. നേരത്തെ മാനേജിംഗ് എഡിറ്ററെ വിളിച്ച് പ്രസിദ്ധീകരിക്കാം എന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് ലേഖനം നല്‍കുന്നത്. ലേഖനം ലഭിച്ച ശേഷം എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുള്ള ആള്‍ ഈ ലേഖകനെ വിളിക്കുന്നു. ലേഖനം പ്രസിദ്ധീകരിക്കാന്‍ പ്രയാസമുണ്ടെന്ന് അറിയിക്കുന്നു. എന്താണ് പ്രയാസമെന്ന് പക്ഷേ, ആ മാന്യദേഹത്തിന് വിശദീകരിക്കാന്‍ വയ്യ. വീണ്ടും വീണ്ടും ആവര്‍ത്തിച്ച് കാരണമന്വേഷിച്ചപ്പോള്‍ എഡിറ്ററുമായി സംസാരിക്കട്ടെ എന്നായി വിശദീകരണം. ഞാന്‍ എഡിറ്ററെ വിളിച്ചു. 'ജമാഅത്തിനും മൌദൂദിക്കുമെതിരെ നിരന്തരമായി നിങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. മൌദൂദിയുടെ പുസ്തകങ്ങള്‍ നിരോധിച്ചതിനെ വരെ ന്യായീകരിക്കുന്ന ലേഖനം അങ്ങയുടെ പത്രം പ്രസിദ്ധീകരിച്ചു. മൌദൂദിയുടെ ആളുകള്‍ക്കും ചിലത് പറയാനുണ്ടാവുമല്ലോ. അത് പ്രസിദ്ധീകരിക്കുക എന്നതല്ലേ സാമാന്യ ജനാധിപത്യ മര്യാദ?'-സ്ഥാപക പത്രാധിപരുടെ പേരമകനായ പുതിയ പത്രാധിപരോട് ഞാന്‍ ചോദിച്ചു. എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുള്ള ആളുമായി സംസാരിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം എഡിറ്റോറിയല്‍ പേജുകാരന്‍ വീണ്ടും വിളിച്ചു. 'സോറി, ലേഖനം പ്രസിദ്ധീകരിക്കാന്‍ കഴിയില്ല'. ഏതാണ്ട് അരമണിക്കൂറോളം ചൂടേറിയ വാദ പ്രതിവാദം ഞങ്ങള്‍ ഫോണിലൂടെ നടത്തി. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന നിങ്ങള്‍, മൌദൂദിയുടെ ജനാധിപത്യവിരുദ്ധതയില്‍ ഇത്രകണ്ട് വ്യസനിക്കുന്ന നിങ്ങള്‍, എന്തേ ഞങ്ങള്‍ മൌദൂദികള്‍ക്ക് പറയാനുള്ളത് പ്രകാശിപ്പിക്കാന്‍ സന്നദ്ധമാവുന്നില്ല എന്ന ലളിതമായ ചോദ്യത്തിന് മാത്രം അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുന്നില്ല. ലിബറല്‍ ജനാധിപത്യത്തിന്റെ മക്കയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാന്‍സില്‍ ഹോളോകാസ്റിനെക്കുറിച്ച് ആരെങ്കിലും വെറുതെയൊന്ന് സംശയിച്ചു പോയാല്‍ അയാളെ അറസ്റ് ചെയ്യാന്‍ നിയമമുണ്ട്. നമ്മുടെ ബുദ്ധിജീവികളും മതേതരവാദികളും കൊണ്ടുനടക്കുന്ന ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്യ്രത്തിനും ഇത്രയേ അര്‍ഥമുള്ളൂ എന്ന് ആവര്‍ത്തിക്കുന്നതായി മാതൃഭൂമിയുടെ സമീപനം. മാതൃഭൂമി തിരസ്കരിച്ച ആ ലേഖനത്തിന്റെ പൂര്‍ണ രൂപം ഇവിടെ:
ലോകത്ത് ലിപിയുള്ള ഏതാണ്ടെല്ലാ ഭാഷകളിലും സയ്യിദ് മൌദൂദിയുടെ ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. അനേകം പാശ്ചാത്യ-പൌരസ്ത്യ സര്‍വകലാശാലകളില്‍ അദ്ദേഹത്തിന്റെ ദര്‍ശനത്തെയും കൃതികളെയും കുറിച്ച് ഡോക്ടറല്‍ തിസീസുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. തന്റേതായ രചനാ സൌകുമാര്യവും ദാര്‍ശനിക ഗാംഭീര്യവും പ്രദര്‍ശിപ്പിച്ച ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എഴുത്തും ദര്‍ശനവും പ്രസ്ഥാനവും ലോകത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്. അത് സ്വാഭാവികവുമാണ്. എതിര്‍പ്പുകളും വിമര്‍ശനങ്ങളുമില്ലാതെ താന്‍ അംഗീകരിക്കപ്പെടണമെന്ന് മൌദൂദിക്ക് പോലും നിര്‍ബന്ധമുണ്ടായിരുന്നില്ലല്ലോ. പക്ഷേ, ആ എതിര്‍പ്പുകളും വിമര്‍ശനങ്ങള്‍ക്കുമപ്പുറത്ത് മൌദൂദി കൃതികള്‍ വായിക്കാനേ പാടില്ല, ഇനി അഥവാ ആരെങ്കിലും വായിച്ചാല്‍ അവന്‍ തീവ്രവാദിയാണ്, അയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം എന്നു പറയുന്നത് അല്‍പം കടന്ന കൈയാണ്. ലിബറല്‍ ജനാധിപത്യത്തിന്റെയും സെക്യുലര്‍ മൌലികവാദത്തിന്റെയും ആളുകളാണ് മൌദൂദിയെ പൊതുവെ വിമര്‍ശന വിധേയമാക്കാറുള്ളത്. ആര്‍ക്കും ആശയ പ്രകാശനത്തിനുള്ള സ്വാതന്ത്യ്രം അനുവദിക്കുക എന്നതാണ് ലിബറല്‍ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ടൊരു സവിശേഷത. എന്നാല്‍ ലിബറല്‍ ജനാധിപത്യം ഊന്നിപ്പറയുന്ന ബംഗ്ളാദേശിലെ അവാമി ലീഗ് ഭരണകൂടം മൌദൂദി കൃതികള്‍ സര്‍ക്കാര്‍ അംഗീകൃത പള്ളികളിലും സര്‍ക്കാര്‍ ലൈബ്രറികളിലും വെക്കുന്നത് നിരോധിച്ചിരിക്കുന്നു. ഭരണകൂട മുഷ്ക് ഉപയോഗിച്ച് ഒരു ദാര്‍ശനികന്റെ രചനകള്‍ വായിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയുന്ന നടപടിയെ സ്വാഭാവികമായും ജനാധിപത്യവാദികള്‍ എതിര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല എന്നു മാത്രമല്ല, അങ്ങേയറ്റം പ്രാകൃതവും ഭീരുത്വം നിറഞ്ഞതുമായ ഈ പുസ്തക നിരോധനത്തെ ആഘോഷിക്കുകയാണ് മലയാളത്തിലെ ലിബറല്‍ ജനാധിപത്യവാദിയായ ഹമീദ് ചേന്ദമംഗല്ലൂര്‍ (മാതൃഭൂമി, ആഗസ്റ് 05). മൌദൂദി രചനകള്‍ക്ക് മൂക്ക് കയറിട്ടേ മതിയാവൂ എന്നതാണ് അദ്ദേഹത്തിന്റെ കട്ടായം.
ഹമീദിനെപ്പോലുള്ളവര്‍ക്ക് അങ്ങനെ ആഗ്രഹിക്കാനും അഭിപ്രായപ്പെടാനും തീര്‍ച്ചയായും അവകാശമുണ്ട്. മുസ്ലിംകള്‍ അറബിയില്‍ ബാങ്ക് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നൊരു കാമ്പയിന്‍ അടുത്തിടെ അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. മലയാള ഭാഷാ സ്നേഹത്തിന്റെയും പ്രാദേശിക സംസ്കാരത്തിന്റെയും നാട്യത്തിലാണ് ഈ വാദം ഉയര്‍ത്തിയത്. എന്നാല്‍ ഇതേ ന്യായം വെച്ച് സംസ്കൃതത്തിലുള്ള ശ്ളോകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാനുള്ള മുട്ടുറപ്പ് അദ്ദേഹത്തിനില്ല! മുസ്ലിം പത്രത്തില്‍ ലേഖനമെഴുതുന്നവരെല്ലാം തീവ്രവാദികളോ തീവ്രവാദികളുടെ ശമ്പളക്കാരോ ആണെന്നൊരു തിയറിയും അദ്ദേഹം അവതരിപ്പിച്ചു. നമ്മുടെ നാട്ടില്‍ ആര്‍.എസ്.എസ് പോലും ഉന്നയിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ഇത്തരം ജനാധിപത്യ വിരുദ്ധ ഫാഷിസ്റ് ആശയങ്ങളുടെ പ്രചാരകനാണ് അദ്ദേഹം. 'കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ബുദ്ധിജീവി' എന്ന് ആര്‍.എസ്.എസ് വാരിക അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് വെറുതെയല്ല. ഒരാള്‍ക്ക് ആര്‍.എസ്.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യ്രവുമുണ്ട്. പക്ഷേ, അതിന് ലിബറല്‍ ജനാധിപത്യത്തിന്റെ കുപ്പായമണിയിക്കുമ്പോള്‍ ആ കുപ്പായം വലിച്ചു കീറാന്‍ നാം ബാധ്യസ്ഥരാണ്. പുസ്തക നിരോധത്തെ ആഘോഷിക്കുന്ന ലേഖനം വിമര്‍ശ വിധേയമാകുന്നത് ആ പശ്ചാത്തലത്തിലാണ്.
മൌദൂദിയുടെ രചനകളില്‍ നിന്ന് ഉദ്ധരണികള്‍ വെട്ടിയെടുത്ത് തെറ്റിദ്ധാരണ പരത്താനുള്ള തന്റെ പതിവ് ശ്രമം മാതൃഭൂമി ലേഖനത്തിലും അദ്ദേഹം നടത്തുന്നുണ്ട്. 'ഭരണകൂടം കൊഴിഞ്ഞു പോവും' (State will wither away) എന്നത് മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ ഭാഗമാണ്. അങ്ങനെ ഭരണകൂടങ്ങളെല്ലാം കൊഴിഞ്ഞു പോകുന്നൊരു കാലത്തിന് വേണ്ടിയാണ് മാര്‍ക്സിസ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നുവെച്ച്, മാര്‍ക്സിസ്റുകാര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്, അവരുടെ പുസ്തകങ്ങളെല്ലാം നിരോധിക്കൂ, അട്ടിമറിശ്രമത്തിന് കേസെടുക്കൂ എന്നാരും ആക്രോശിക്കാറില്ല. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന് മാര്‍ക്സ് സിദ്ധാന്തിച്ചിട്ടുണ്ട്. എന്നുവെച്ച്, മതവിശ്വാസികളെയെല്ലാം നാര്‍കോട്ടിക്സ് ആക്റ്റ് പ്രകാരം അറസ്റ് ചെയ്യണമെന്ന് ഒരു മാര്‍ക്സിസ്റുകാരനും പ്രമേയം പാസ്സാക്കിയിട്ടുമില്ല. പാര്‍ലമെന്റ് മച്ചിയാണ്, വേശ്യയാണ്, കളിപ്പാവയാണ് എന്നൊക്കെ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഗാന്ധിജിയുടെ പടം പാര്‍ലമെന്റ് ഹാളില്‍ നിന്ന് എടുത്തെറിയണമെന്നോ അക്കാര്യങ്ങള്‍ പറഞ്ഞ ഹിന്ദ് സ്വരാജ് എന്ന അദ്ദേഹത്തിന്റെ കൃതി നിരോധിക്കണമെന്നോ ആരും ആവശ്യപ്പെട്ടിട്ടില്ല. ധര്‍മ സംരക്ഷണത്തിനുള്ള സമരത്തില്‍ രക്തബന്ധുത്വത്തിന് പ്രസക്തിയില്ലെന്നാണ് അര്‍ജുനനെ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നത്. ശത്രുപക്ഷത്തുള്ള ബന്ധുജനങ്ങളെ കണ്ട് മനസ്സിടറുന്ന അര്‍ജുനനെ അമ്പ് കുലക്കാന്‍ പ്രേരിപ്പിക്കുകയാണ് കൃഷ്ണന്‍. മതത്തിന്റെ പേരില്‍ ബന്ധുക്കളെപ്പോലും കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണ് ഗീതയെന്നും അതിനാല്‍ അത് കൈവശം വെക്കുകയും വായിക്കുകയും ചെയ്യുന്നവരെ 'അക്രമത്തിന് പ്രേരിപ്പിക്കല്‍' വകുപ്പ് പ്രകാരം അറസ്റ് ചെയ്യണമെന്നും ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നല്ല, ബുദ്ധിയുള്ള ആരും ഇത്തരം വാദങ്ങള്‍ മുന്നോട്ട് വെക്കില്ല. ദാര്‍ശനികമായ ആഴവും സൈദ്ധാന്തികമായ അറിവുമില്ലാത്ത അംഗനവാടി സൈദ്ധാന്തികര്‍ക്കേ മേല്‍പറഞ്ഞ തരത്തിലുള്ള നിഗമനങ്ങളില്‍ എത്താന്‍ കഴിയുകയൂള്ളൂ.
എന്നാല്‍ മൌദൂദിയുടെ കാര്യത്തില്‍ ഇത്തരം ബാലവാടി സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് നമ്മുടെ നാട്ടില്‍ നല്ല മാര്‍ക്കറ്റാണ്. ജീവിതത്തില്‍ നല്ലൊരു പങ്ക് പട്ടാള ഭരണകൂടങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ച്, അതിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍വാസം അനുഷ്ഠിച്ച മഹാ പ്രക്ഷോഭകാരിയാണ് മൌദൂദി. പാകിസ്താനില്‍ കമ്യൂണിസ്റ് പാര്‍ട്ടിയെ നിരോധിക്കാനുള്ള പട്ടാള ഭരണകൂടത്തിന്റെ നീക്കത്തെപ്പോലും അദ്ദേഹം എതിര്‍ക്കുകയുണ്ടായി. എന്നാല്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട് അദ്ദേഹം ഉയര്‍ത്തിയ ദാര്‍ശനികമായ വിമര്‍ശനങ്ങളെ ഉദ്ധരണികളായി അടര്‍ത്തിയെടുക്കുകയാണ് ഹമീദിനെപ്പോലുള്ളവര്‍ ചെയ്യുന്നത്. സൈദ്ധാന്തികമായ നിരക്ഷരതയും മൌദൂദിയുടെ പ്രസ്ഥാനത്തോടുള്ള വൈരനിര്യാതന ബുദ്ധിയും മാത്രമാണ് അതിന്റെ കാരണം. ലോകത്തെങ്ങും മൌദൂദി കൃതികള്‍ നിരോധിച്ചു കിട്ടുന്നത് അവരെ ആഹ്ളാദിപ്പിക്കാതിരിക്കില്ല.