റമദാനിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിശ്ചയിക്കപ്പെട്ടതാണ് ഇഅ്തികാഫ്. ഒരു നോമ്പുകാരനു നഷ്ടപ്പെട്ടു പോയേക്കാവുന്ന ഹൃദയസാന്നിധ്യം, മനഃശാന്തി, മനോവീര്യം, ദേഹവും ദേഹിയും അല്ലാഹുവിന് വേണ്ടി നീക്കിവെക്കല്‍, അവന്റെ ഉമ്മറപ്പടിയില്‍ വീണു കിടക്കല്‍, അവന്റെ അനുഗ്രഹാശിസ്സുകളുടെ മടിത്തട്ടില്‍ അഭയം കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഭജനമിരിക്കല്‍ മുഖേന വീണ്ടെടുക്കാന്‍ കഴിയുന്നു. ഇബ്നുല്‍ ഖയ്യിം പറയുന്നു:
"അല്ലാഹുവുമായുള്ള ആത്മബന്ധം സുദൃഢമാക്കുക, മനസ്സ് അവനില്‍ മാത്രം കേന്ദ്രീകരിക്കുക, സൃഷ്ടികളുമായുള്ള ബന്ധം വിട്ട് സ്രഷ്ടാവുമായി ബന്ധപ്പെടുക, ഒരു മനുഷ്യന്റെ സകല വികാര വിചാര സന്താപ സന്തോഷങ്ങളുടെ സ്ഥാനത്ത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ ഉണ്ടാവുക തുടങ്ങിയവയാണ് ഇഅ്തികാഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. അതിന്റെ മജ്ജയും ജീവനും മനുഷ്യരുമായുള്ള നേരംപോക്കിനു പകരം അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുക എന്നതാണ്. ഖബറിലെ ഏകാന്തതയുടെ അവസരത്തില്‍, ഈ ഏകാന്തത ഒരു മുതല്‍ കൂട്ടായിരിക്കും. ഇത് അവന്റെ പാഥേയം കൂടിയാണ്. റമദാനിന്റെ അവസാനത്തെ പത്ത് ദിനങ്ങളില്‍ ഐഛികമായ ഇഅ്തികാഫിന്റെ പരമോദ്ദേശ്യങ്ങളില്‍ ചിലതാണിത്.'' (സാദുല്‍ മആദ് 178) ഷാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി എഴുതുന്നു: "ഹൃദയ ശുദ്ധിയും ഹൃദയ സാന്നിധ്യവും നിര്‍ണായക രാത്രിയില്‍ പങ്കുചേരലുമെല്ലാം ഇഅ്തികാഫ് മുഖേന ലഭ്യമാകുന്നു.''
റമദാനിന്റെ അവസാനത്തെ പത്താണ് നബി(സ) ഇഅ്തികാഫിന് തെരഞ്ഞെടുത്തത്. നബി(സ) എല്ലാവര്‍ഷവും അതനുഷ്ഠിച്ചു പോന്നു. മുസ്ലിം ലോകം തലമുറകളായി അത് കാത്തുസൂക്ഷിക്കുന്നു. അങ്ങനെ ഇഅ്തികാഫ് സ്ഥിരപ്പെട്ട സുന്നത്തും റമദാനിന്റെ ആത്മീയ ചിഹ്നവുമായി മാറി. ആഇശ(റ)യില്‍നിന്ന്: "നബി(സ) ഇഹലോകവാസം വെടിയുന്നതുവരെ റമദാനിന്റെ അവസാന പത്ത് ദിനങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബിയുടെ കാലശേഷം അവിടുത്തെ പത്നിമാരും അത് ചെയ്തിരുന്നു'' (ബുഖാരി, മുസ്ലിം). അബൂഹുറയ്റ(റ) പറയുന്നു: "എല്ലാ റമദാനിലും അവസാനത്തെ പത്ത് ദിവസം നബി(സ) ഇഅ്തികാഫ് ഇരുന്നിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞ വര്‍ഷത്തില്‍ 20 ദിവസവും അത് നിര്‍വഹിച്ചു'' (ബുഖാരി).