Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>കവര്‍‌സ്റ്റോറി


മുഹമ്മദ് നബിയുടെ മദീനാ പലായനം
യുഗപ്പിറവിയുടെ വിളംബരം

സദ്‌റുദ്ദീന്‍ വാഴക്കാട്‌

തിഹാമ മരുഭൂമി മുറിച്ചുകടന്ന്, മലമ്പാതകള്‍ താണ്ടി, മണല്‍കാട്ടിലെ ചുടുകാറ്റിനെ അതിജീവിച്ച് 'യഥ്‌രിബി'ന്റെ തീരത്തണയുമ്പോള്‍ ആ ഒട്ടകങ്ങള്‍ രണ്ടും അറിഞ്ഞിരിക്കാനിടയില്ല, പുതിയ യുഗപ്പിറവിയിലേക്കാണ് തങ്ങള്‍ നടന്നെത്തിയതെന്ന്, മണല്‍ പരപ്പില്‍ പതിഞ്ഞ തങ്ങളുടെ കുളമ്പടികള്‍ ചരിത്രത്തിന്റെ താളുകളില്‍ വീരേതിഹാസം രചിക്കുകയാണെന്ന്. പക്ഷേ, കാലം അതിന് കൈയൊപ്പ് ചാര്‍ത്തി. മക്കയുടെ ഊഷരതയില്‍നിന്ന,് 'യഥ്‌രിബി'ന്റെ ശാദ്വലതയിലേക്ക് പതിനാല് രാപ്പകലുകള്‍ പ്രയാണം ചെയ്ത് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയും ആത്മസുഹൃത്ത് അബൂബക്കര്‍ സിദ്ദീഖും ചെന്നെത്തിയപ്പോള്‍, മനോഹരമായ ഒരു കാവ്യം പോലെ, മരുഭൂമിയില്‍ 'മദീനത്തുന്നബി'യെന്ന മലര്‍വാടി പിറക്കുകയായിരുന്നു. അങ്ങനെ 'ഹിജ്‌റ' മാനുഷ്യകത്തിന് പുതിയ ആകാശവും ഭൂമിയും സമ്മാനിച്ചു.
ഹിജ്‌റ, ചരിത്രത്തിലെ കേവലം സംഭവമല്ല; പുതിയ ചരിത്രം സൃഷ്ടിച്ച വിപ്ലവമുന്നേറ്റമായിരുന്നു. ഹിജ്‌റ, ഒളിച്ചോട്ടമായിരുന്നില്ല, രാഷ്ട്രതന്ത്രജ്ഞതയുടെ അറ്റം കണ്ട മഹാ മനീഷിയുടെ വിജയക്കുതിപ്പായിരുന്നു. തിന്മയുടെ പ്രണേതാക്കളോട് എതിരിടാന്‍ നില്‍ക്കാതെ സുരക്ഷിത താവളം തേടിയുള്ള രക്ഷപ്പെടലായിരുന്നില്ല; അധര്‍മത്തിന്റെ മൂര്‍ത്തികളുടെ അടിവേരറുക്കുന്ന പടയോട്ടമായിരുന്നു. മുഹമ്മദ് നബിയുടെ നായകത്വത്തില്‍ വളര്‍ന്ന മദീനയും പില്‍ക്കാല ഇസ്‌ലാമിക സമൂഹവും അത് ലോകത്തിന് തെളിയിച്ചുകൊടുത്തു.
ചരിത്രത്തിന്റെ തുടര്‍ച്ചയെയാണ് ഹിജ്‌റയിലൂടെ മുഹമ്മദ് നബി ആവിഷ്‌കരിച്ചത്. പലായനത്തിന്റെ അതിരുകളില്ലാത്ത സാധ്യതകളിലേക്കാണ് ആ വിമോചകന്‍ ഹിജ്‌റയിലൂടെ വാതിലുകള്‍ തുറന്നിട്ടത്. തീര്‍ച്ചയായും ഹിജ്‌റ വലിയൊരു വിജയത്തിന്റെ അടയാള വാക്യമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ഹിജ്‌റയുടെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഉദ്‌ഘോഷിച്ചത്: ''പ്രഖ്യാപിക്കുക, സത്യം സമാഗതമായി. മിഥ്യ തകര്‍ന്നു പോയി. തീര്‍ച്ചയായും മിഥ്യ തകരുക തന്നെയാണ്'' (അല്‍ ഇസ്രാഅ് 81).
പ്രവാചകന്‍ യഥ്‌രിബിലണഞ്ഞപ്പോള്‍, അവിടത്തെ പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാടിയ 'ഞങ്ങള്‍ക്കു ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു........' എന്നു തുടങ്ങുന്ന പാട്ടിലും പുതിയ യുഗപ്പിറവിയുടെ പ്രഖ്യാപനമുണ്ടായിരുന്നുവല്ലോ.
ഇറാഖില്‍നിന്ന് പുറപ്പെട്ട് ഫലസ്ത്വീനും ഈജിപ്തും സദോമും മക്കയും താണ്ടിയ പ്രവാചകന്‍ ഇബ്‌റാഹീമിന്റെ ദേശാടനം, ഈജിപ്തില്‍നിന്ന് ചെങ്കടല്‍ കടന്ന് സീനാ മരുഭൂമിയും പിന്നിട്ട് ഫലസ്ത്വീനിലേക്ക് മൂസാ നബി നയിച്ച വിമോചന യാത്ര, പൊട്ടക്കിണറ്റിലും അടിമച്ചന്തയിലും ജയിലഴിക്കുള്ളിലും കിടന്ന് ഫലസ്ത്വീനില്‍നിന്ന് ഈജിപ്തിന്റെ അധികാര സിംഹാസനത്തിലേക്കുള്ള യൂസുഫ് നബിയുടെ വളര്‍ച്ച..... അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ പലരും നിര്‍വഹിച്ച പലായനങ്ങളുടെ തുടര്‍ച്ചയായിരുന്നു മുഹമ്മദ് നബിയും വിജയകരമായി പൂര്‍ത്തീകരിച്ചത്. ആ ഹിജ്‌റകളാണ് പുതിയ നാഗരികതകളുടെ ജന്മത്തിന് നിദാനമായത്. മുഹമ്മദ് നബിയുടെ കാലശേഷം ഇന്നോളമുള്ള ഇസ്‌ലാമിന്റെ ചരിത്രം പരിശോധിച്ചു നോക്കൂ, സ്വഹാബികളുടെ, താബിഉകളുടെ, പണ്ഡിതന്മാരുടെ, മദ്ഹബിന്റെ ഇമാമുമാരുടെ, നവോത്ഥാന നായകരുടെ, ഇസ്‌ലാമിക സമൂഹങ്ങളുടെ... ഇവരുടെയെല്ലാം പലായനങ്ങളും ദേശാടനങ്ങളും ഇസ്‌ലാമിന്റെ വളര്‍ച്ചയിലും പ്രചാരണത്തിലും വഹിച്ച നിസ്തുലമായ പങ്ക് നമുക്ക് കാണാനാകും. അത് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഒരു ഭൂപ്രദേശത്തുനിന്ന് മറ്റൊരു ഭൂപ്രദേശത്തേക്ക് മാറിത്താമസിക്കുന്ന, ദേശരാഷ്ട്രവുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല ഹിജ്‌റ. ദര്‍ശനങ്ങളുടെയും സമൂഹങ്ങളുടെയും ഭാഗധേയം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന മഹത്തായ ഒരു സിദ്ധാന്തമാണത്. സാമൂഹികശാസ്ത്രപരവും രാഷ്ട്രീയവും ദാര്‍ശനികവും സാംസ്‌കാരികവുമായ ഒട്ടേറെ മാനങ്ങള്‍ ഹിജ്‌റക്കുണ്ട്. എല്ലാ കാലത്തെയും പലായനങ്ങള്‍ക്കു പിന്നില്‍ ഇതെല്ലാം അടങ്ങിയിട്ടുണ്ട്. മുഹമ്മദ് നബിയുടെ മദീനാ പലായനത്തിലും അതിന് മുമ്പ് മക്കയില്‍ നിന്ന് മുസ്‌ലിംകള്‍ എത്യോപ്യയിലേക്ക് നടത്തിയ പലായനത്തിലും ഇതെല്ലാം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
മുഹമ്മദ് നബിയുടെ നേതൃപാടവം, ദീര്‍ഘദൃഷ്ടി, നയതന്ത്രജ്ഞത, രാഷ്ട്രീയമായ ഉള്‍ക്കാഴ്ച, ആസൂത്രണ വൈദഗ്ധ്യം, നിശ്ചയദാര്‍ഢ്യം, ശുഭപ്രതീക്ഷ തുടങ്ങിയവയെല്ലാം അടയാളപ്പെടുത്തുന്ന മഹദ് സംഭവമാണ് ഹിജ്‌റ. അന്നത്തെ മുസ്‌ലിം സമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസം, ആദര്‍ശ പ്രതിബദ്ധത, മനക്കരുത്ത്, ത്യാഗമനസ്സ്, സാഹോദര്യ ബോധം തുടങ്ങിയവയുടെ അനുഭവ സാക്ഷ്യം കൂടിയാണ് മദീനാ പലായനം.

മുന്നൊരുക്കം
പ്രവാചകത്വ ലബ്ധിയുടെ പതിമൂന്നാം വര്‍ഷം റബീഉല്‍ അവ്വലില്‍ (ക്രി. 623 ജൂലൈ) ആണ് നബി മദീനയിലേക്ക് പലായനം ചെയ്തത് (തീയതിയില്‍ അഭിപ്രായാന്തരമുണ്ടാകാം). മൂന്നോ നാലോ മാസങ്ങള്‍ക്കു മുമ്പോ, ഏതാനും ആഴ്ചകള്‍ക്കു മുമ്പോ എടുത്ത തീരുമാനത്തിന്റെ ഫലമായിരുന്നില്ല ആ പലായനം. ചുരുങ്ങിയത് മൂന്നു വര്‍ഷത്തെയെങ്കിലും മുന്നൊരുക്കം ഹിജ്‌റക്കുണ്ടായിരുന്നു.
മുഹമ്മദ് നബിയുടെ ജീവിതത്തിലെ മഹാത്ഭുതങ്ങളിലൊന്നായ നിശാ പ്രയാണവും ആകാശ യാത്രയും (ഇസ്രാഅ്-മിഅ്‌റാജ്) പലായനത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ആ യാത്രയും അതിലൂടെ കിട്ടിയ സൂചനകളും വരാനിരിക്കുന്ന വിജയത്തെക്കുറിച്ച അടയാളങ്ങളും ഹിജ്‌റയുടെ ചൂണ്ടുപലകകളുമായിരുന്നു. പലായനത്തിനും മദീനയിലെ ഇസ്‌ലാമിക രാഷ്ട്ര നിര്‍മിതിക്കുമുള്ള പ്രവാചകന്റെ പ്രധാന മുന്നൊരുക്കങ്ങള്‍ മൂന്നെണ്ണമായിരുന്നു. 1) ഒന്നാം അഖബാ ഉടമ്പടി. 2) മുസ്അബ്ബ്‌നു ഉമൈറിനെ മദീനയിലെ മുഴുസമയ പ്രബോധകനായി നിയോഗിച്ചത്. 3) രണ്ടാം അഖബാ ഉടമ്പടി.
പ്രവാചകത്വ ലബ്ധിയുടെ പതിനൊന്നാം വര്‍ഷം മദീനയില്‍നിന്ന്, മക്ക സന്ദര്‍ശിക്കാന്‍ വന്ന പന്ത്രണ്ട് പേരുമായി നബി സന്ധിച്ചു. 'അഖബാ' എന്ന സ്ഥലത്ത് വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. അവരുമായി പ്രവാചകന്‍ ഉടമ്പടിയുണ്ടാക്കി. ആ കരാര്‍ വഴി യഥ്‌രിബിന്റെ മണ്ണും അവിടത്തെ മനുഷ്യരുടെ മനസ്സും പ്രവാചകന് മുമ്പില്‍ തുറക്കപ്പെട്ടു.
ഇസ്‌ലാം സ്വീകരിച്ച മദീനാ നിവാസികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കാനും അവിടെ ഇസ്‌ലാമിന്റെ പ്രചാരണം നടത്താനുമായി ഒരാള്‍ വേണമെന്ന അവരുടെ ആവശ്യം നബി അംഗീകരിച്ചു. അതിനായി നബി തെരഞ്ഞെടുത്തയച്ചത് പ്രമുഖ സ്വഹാബിവര്യന്‍ മുസ്അബ്ബ്‌നു ഉമൈറിനെയായിരുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പിറവിക്ക് മണ്ണൊരുക്കാന്‍ മദീനയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ മുഴു സമയ പ്രവര്‍ത്തകനായിരുന്നു മുസ്അബ്ബ്‌നു ഉമൈര്‍. അദ്ദേഹം മദീനയുടെ തെരുവുകളിലൂടെ നടന്നു. കവലകളില്‍ പ്രസംഗിച്ചു. വീടുകളില്‍ കയറിച്ചെന്നു. വഴിവക്കിലെ യാത്രക്കാരോട് സംസാരിച്ചു..... കഠിന പ്രയത്‌നത്തിലൂടെ മദീനയുടെ മുക്കു മൂലകളില്‍ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിച്ച മുസ്അബ്ബ്‌നു ഉമൈര്‍, ഇസ്‌ലാമിക പ്രബോധനം സഫലമാകുന്നതെങ്ങനെയെന്ന് നമുക്ക് കാണിച്ചതരുന്നു. ആ ചരിത്രം ഇവിടെ വിവരിക്കാന്‍ സന്ദര്‍ഭമില്ല. മുസ്അബ്ബ്‌നു ഉമൈര്‍ ഉഴുത് പാകപ്പെടുത്തിയ മണ്ണില്‍ ഇസ്‌ലാമിന്റെ വിത്തിറക്കി, മുളപ്പിച്ചു. ആ മണ്ണും മനസ്സുമാണ് പ്രവാചകന് സ്വാഗതമോതി, 'ത്വലഅല്‍ ബദ്‌റു......' ചൊല്ലിയത്.
പ്രവാചകത്വ ലബ്ധിയുടെ പന്ത്രണ്ടാം വര്‍ഷം ഹജ്ജ് കാലത്ത് മദീനയില്‍നിന്ന് മക്കയിലെത്തിയ തീര്‍ഥാടകരില്‍ എഴുപത്തിയഞ്ചു പേര്‍ മുസ്‌ലിംകളായിരുന്നു- 73 പുരുഷന്മാരും 2 സ്ത്രീകളും. ഹജ്ജ് കഴിഞ്ഞ് രണ്ടാം ദിവസം അര്‍ധ രാത്രി അഖബയില്‍ വെച്ച് മുഹമ്മദ് നബി അവരുമായി സന്ധിച്ചു. പരമ രഹസ്യമായിരുന്നു ആ കൂടിക്കാഴ്ച. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പിച്ചും വിജയ പ്രതീക്ഷ നല്‍കിയും നബി അവര്‍ക്ക് ആവേശം പകര്‍ന്നു. നബിയെയും മക്കയിലെ അനുചരന്മാരെയും ഏറ്റെടുക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. മദീനക്കാരുടെ പ്രമുഖ നേതാവ് ബര്‍റാഅ് ബ്‌നു മഅ്മൂറിന്റെ നേതൃത്വത്തില്‍ 12 പ്രതിനിധികളെ തെരഞ്ഞെടുത്തുകൊണ്ട് നബി അവരുമായി ഉടമ്പടിയുണ്ടാക്കി; രണ്ടാം അഖബാ ഉടമ്പടി. പ്രവാചകനും സ്വഹാബിമാരും മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്നതിന്റെ പ്രഖ്യാപനമായിരുന്നു ആ ഉടമ്പടി.
ഇസ്‌ലാമിക വിപ്ലവം വിജയം വരിക്കാനുള്ള മുന്നുപാധികള്‍ എന്തൊക്കെയാണെന്ന് ഹിജ്‌റക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. കൃത്യമായ തയാറെടുപ്പുകളോടെയാണ് പ്രവാചകന്‍ ആ മഹാ സംരംഭത്തിലേക്ക് കാലെടുത്തുവെച്ചത്. ഹിജ്‌റയില്‍ മാത്രമല്ല, നബിയുടെ മറ്റു നടപടിക്രമങ്ങളിലും ഈ മുന്നൊരുക്കം കാണാനാകും. നിലം പാകപ്പെടുത്താതെ, ആവശ്യമായ സജ്ജീകരണങ്ങളില്ലാതെ എടുത്തു ചാടുക എന്നത് പ്രവാചകന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. ഇസ്‌ലാമിക വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളെ പുനരാലോചനകള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് പ്രവാചക ജീവിതത്തിലെ മുന്നൊരുക്കങ്ങള്‍. ഹിജ്‌റക്ക് മുമ്പ്, ഖുര്‍ആന്‍ നബിയെ പഠിപ്പിച്ച ആ പ്രാര്‍ഥന, മുന്നൊരുക്കങ്ങള്‍ വിജയിപ്പിക്കാനും എതിരാളികളുടെ കുതന്ത്രങ്ങള്‍ പരാജയപ്പെടുത്താനുമുള്ള ശക്തിയും അധികാരവും നല്‍കാന്‍ അല്ലാഹുവിനോടുള്ള അപേക്ഷയായിരുന്നു. ''പ്രാര്‍ഥിക്കൂ, എന്നെ നീ എങ്ങോട്ട് കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടുപോകേണേ. എവിടെ നിന്ന് പുറപ്പെടുവിക്കുകയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ. നിന്നില്‍നിന്നുള്ള ഒരു അധികാരശക്തിയെ എനിക്ക് തുണയാക്കിത്തരികയും ചെയ്യേണമേ'' (അല്‍ഇസ്രാഅ് 80).

ആസൂത്രണം
മുഹമ്മദ് നബിയുടെ ദീര്‍ഘദര്‍ശനവും ആസൂത്രണ പാടവവും ഹിജ്‌റയുടെ ഓരോ നീക്കത്തിലും നമുക്ക് വായിച്ചെടുക്കാനാവും. വിജയമുറപ്പിക്കുംവിധം, എതിരാളികളുടെ കുതന്ത്രങ്ങളെ നിലംപരിശാക്കുന്ന തരത്തിലുള്ള പഴുതടച്ച ആസൂത്രണവും, വന്നുപെട്ട ചെറിയ പ്രതിസന്ധികളെ ക്രിയാത്മകമായി മറികടക്കാനുള്ള മനക്കരുത്തും ആ അതുല്യനായ രാഷ്ട്ര തന്ത്രജ്ഞനില്‍ നിറഞ്ഞുനിന്നിരുന്നതായി 'ഹിജ്‌റ' പഠിപ്പിച്ചുതരുന്നു. ആ ആസൂത്രണ പാടവവും ദീര്‍ഘദര്‍ശനത്തോടെയുള്ള പദ്ധതികളും കാലഘട്ടത്തിന്റെ ഭാഷയിലും ശൈലിയിലും നിങ്ങള്‍ക്ക് ആവിഷ്‌കരിക്കാനാകുമോ എന്ന ചോദ്യവും ഹിജ്‌റ നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നുണ്ട്.
എങ്ങനെയായിരുന്നു മുഹമ്മദ് നബി ഹിജ്‌റ ആസൂത്രണം ചെയ്തത്?
1. മുഹമ്മദ് നബിയും അബൂബക്കറും, ആ ഘട്ടത്തില്‍ ഹിജ്‌റ അസാധ്യമാകുംവിധം പ്രയാസമുള്ള ഏതാനും ചിലരുമൊഴിച്ച് മുസ്‌ലിംകളെല്ലാം സുരക്ഷിതരായി മദീനയിലെത്തിച്ചേരുന്നതുവരെ നബി ഹിജ്‌റ ചെയ്തില്ല. അനുയായികളെ അപകടത്തില്‍ ഉപേക്ഷിച്ച്, സ്വയം രക്ഷപ്പെടുന്ന ഭരണാധികാരികളുടെയും നേതാക്കന്മാരുടെയും രീതി ഒരു മഹാ പ്രവാചകനില്‍നിന്ന് ഉണ്ടാവുകയില്ലല്ലോ. മക്കയിലെ മുസ്‌ലിംകള്‍ എല്ലാവരും ഒന്നിച്ചല്ല മദീനയിലേക്ക് പലായനം ചെയ്തത്. അത് അപകടകരമാണെന്ന് നബിക്കറിയാമായിരുന്നു. ഖുറൈശികള്‍ ഇളകിവശാകാനും മുസ്‌ലിംകള്‍ക്കു മേല്‍ സായുധാക്രമണം തന്നെ നടത്താനും അതു കാരണമാകും. അതുകൊണ്ട് ആദ്യം ഒറ്റപ്പെട്ട വ്യക്തികളായും പിന്നീട് വളരെ ചെറിയ സംഘങ്ങളായും ഹിജ്‌റ ചെയ്യാനായിരുന്നു നബിയുടെ നിര്‍ദേശം, അതും കഴിയുന്നത്ര രഹസ്യമായി. അനുയായികളില്‍ ഭൂരിപക്ഷവും പലായനം ചെയ്തു കഴിഞ്ഞതോടെ, മുഹമ്മദ് നബിക്ക് ഹിജ്‌റയുടെ ഭാരം വലിയ അളവില്‍ ലഘൂകരിക്കപ്പെടുകയും ചെയ്തു.
2. ദുര്‍ഘടം പിടിച്ച ഒരു യാത്രയില്‍ ത്യാഗസന്നദ്ധനും വിശ്വസ്തനുമായ ഒരു ആത്മസുഹൃത്ത് സഹയാത്രികനായുണ്ടാവുകയെന്നത് യാത്രയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. മുഹമ്മദ് നബിയോടൊപ്പം ഹിജ്‌റ ചെയ്യാന്‍ ഭാഗ്യം ലഭിച്ചത് അബൂബക്കര്‍ സിദ്ദീഖിനായിരുന്നു. യാത്രയെക്കുറിച്ച് ആലോചിക്കാന്‍ എല്ലാ ദിവസവും നബിയും അബൂബക്കറും കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമായത്രയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ എല്ലാ വിശദാംശങ്ങളും നബി അദ്ദേഹത്തോട് വെളിപ്പെടുത്തിയിരുന്നില്ല. രഹസ്യമാക്കേണ്ടവ രഹസ്യമായി തന്നെ വെച്ചു. തന്റെ സമ്പത്തും കുടുംബവും ശരീരവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ച് അബൂബക്കര്‍(റ) പ്രവാചകന് പിന്തുണ നല്‍കിയത് ഹിജ്‌റയിലുടനീളം നാം കാണുന്നു. സൗര്‍ ഗുഹയിലും മദീനയിലേക്കുള്ള യാത്രയിലും അബൂബക്കര്‍ സിദ്ദീഖ് ജാഗ്രതയോടെയാണ് പ്രവാചകന് കാവലിരുന്നത്. ഗുഹാവാസത്തിനിടെ നബിക്കു വേണ്ടി അദ്ദേഹം ഏറെ പീഡകള്‍ സഹിച്ചു. പ്രവാചകന് വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭയപ്പാടുകള്‍ അകറ്റി ദൈവിക സഹായത്തിന്റെ സുനിശ്ചിതത്വം പ്രഖ്യാപിക്കപ്പെട്ടു: ''നിങ്ങള്‍ പ്രവാചകനെ സഹായിക്കുന്നില്ലെങ്കില്‍ അത് സാരമില്ല. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടില്‍ ഒരാള്‍ മാത്രമായിരുന്നപ്പോള്‍, അവരിരുവരും ആ ഗുഹയിലായിരുന്നപ്പോള്‍, അദ്ദേഹം തന്റെ സഖാവിനോട് 'വ്യസനിക്കാതിരിക്കുക, അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്നു പറഞ്ഞപ്പോള്‍. ആ സന്ദര്‍ഭത്തില്‍ അല്ലാഹു അവങ്കല്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കി കൊടുത്തു. നിങ്ങള്‍ക്ക് കാണാനാകാത്ത ഒരു സൈന്യത്തെ കൊണ്ട് അദ്ദേഹത്തെ ശക്തിപ്പെടുത്തി. നിഷേധികളുടെ വചനത്തെ അവന്‍ താഴ്ത്തിക്കളഞ്ഞു. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു അജയ്യനും യുക്തിമാനുമല്ലോ'' (അത്തൗബ 40).
യാത്രാ മധ്യേ, അബൂബക്കര്‍(റ) ഇടക്ക് നബിയുടെ മുന്നില്‍ സഞ്ചരിക്കും. അല്‍പദൂരം കഴിയുമ്പോള്‍ അദ്ദേഹം നബിയുടെ പിന്നിലേക്ക് മാറും. ഇത് ആവര്‍ത്തിച്ചു കണ്ടപ്പോള്‍ നബി കാര്യം തിരക്കി. അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു: ''പ്രവാചകരേ, താങ്കളെ ആക്രമിക്കാന്‍ പിന്നില്‍ നിന്നാരെങ്കിലും ചാടി വീഴുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അപ്പോള്‍ ഞാന്‍ താങ്കളുടെ പിന്നില്‍ നടക്കും. കുറച്ചു കഴിയുമ്പോള്‍ എനിക്ക് തോന്നും അങ്ങയെ ആക്രമിക്കാന്‍ മുന്നില്‍ ആരെങ്കിലും പതിയിരിക്കുന്നുണ്ടാവുമെന്ന്, അപ്പോള്‍ ഞാന്‍ മുന്നില്‍ നടക്കും.''
എത്ര ജാഗ്രതയോടെയാണ് അബൂബക്കര്‍ സിദ്ദീഖ് പ്രവാചകന് കാവല്‍ നില്‍ക്കുന്നത്, നബിയെ ആക്രമിക്കാന്‍ വരുന്നവര്‍ക്കെതിരെ പ്രതിരോധത്തിനൊരുങ്ങുന്നത്! അല്ലാഹുവിന്റെ ദൂതരെയും ദീനിനെയും സംരക്ഷിക്കാനുള്ള ആത്മാര്‍പ്പണമായിരുന്നു അത്. ഇസ്‌ലാമിനെതിരെ ഏതു ഭാഗത്തുനിന്നും വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനും ചെറുത്തു തോല്‍പിക്കാനും ഏതു കാലഘട്ടത്തിലും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ജാഗ്രത കൈക്കൊള്ളുമ്പോഴാണ്, മരുഭൂമിയില്‍ പ്രവാചകന് കൂട്ടുപോയ, അതുവഴി സ്വര്‍ഗത്തിലേക്ക് നടന്നുപോയ അബൂബക്കര്‍ സിദ്ദീഖിന്റെ അനന്തരഗാമികളാകാന്‍ അവര്‍ക്ക് കഴിയുന്നത്. ഹിജ്‌റ വേളയിലെ അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച് പറഞ്ഞ ശേഷം ഖുര്‍ആന്‍ എക്കാലത്തെയും ഇസ്‌ലാമിന്റെ കര്‍മഭടന്മാരെ ഇങ്ങനെ ഉണര്‍ത്തിയിട്ടുണ്ട്: ''സമര സന്നദ്ധരായി പുറപ്പെടുവിന്‍. ഭാരം കൂടിയവരായോ കുറഞ്ഞവരായോ, നിങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവിന്‍. അതാകുന്നു നിങ്ങള്‍ക്ക് ഉത്കൃഷ്ടമായിട്ടുള്ളത്. നിങ്ങള്‍ അറിയുന്നുവെങ്കില്‍'' (അത്തൗബ 41).
3. യാത്രക്കായി ലക്ഷണമൊത്ത ഒട്ടകത്തെ പ്രവാചകന്‍ വാങ്ങിയിരുന്നു. അബൂബക്കര്‍ സിദ്ദീഖും ഒട്ടകത്തെ ഒരുക്കിയിട്ടുണ്ടായിരുന്നു. അനുയോജ്യവും മികവുറ്റതുമായ വാഹനം ഏതൊരു യാത്രയുടെയും വിജയത്തിന് അനിവാര്യമാണ്. അതില്‍ വീഴ്ചവരുത്താതിരുന്ന പ്രവാചകന്‍, ഒരു വഴികാട്ടിയെയും നേരത്തെ നിശ്ചയിച്ചിരുന്നു- അബ്ദുല്ലാഹിബ്‌നു അരീഖത്വ്. അദ്ദേഹം ബഹുദൈവവിശ്വാസിയായിരുന്നു. സുപ്രധാനമായ ഒരു യാത്രയില്‍ അത്തരമൊരാളുടെ സഹായം തേടാന്‍ നബിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല. ആള്‍ വിശ്വസ്തനായിരുന്നു, മക്കയില്‍ നിന്ന് യഥ്‌രിബിലേക്കുള്ള അപരിചിതമായ വഴികളെക്കുറിച്ച് പരിചിതനും. സൗര്‍ ഗുഹയില്‍ നിന്ന് യാത്ര പുറപ്പെട്ടതു മുതല്‍ യഥ്‌രിബിന്റെ അതിര്‍ത്തിവരെ ശത്രുക്കളുടെ കണ്ണില്‍ പെടാത്ത വഴികളിലൂടെ അദ്ദേഹം അവര്‍ക്ക് വഴികാട്ടി.
4. വീടുവിട്ടിറങ്ങുന്ന രാത്രിയില്‍, അലിയ്യുബ്‌നു അബീത്വാലിബിനെ നബി തന്റെ വീട്ടില്‍, തന്റെ വിരിപ്പില്‍ കിടത്തി. ഇത് നബിയുടെ വലിയൊരു തന്ത്രമായിരുന്നു. മുസ്‌ലിംകളില്‍ ഭൂരിപക്ഷവും മക്ക വിട്ടതോടെ മുഹമ്മദ് നബിയും മദീനയിലേക്ക് പലായനം ചെയ്യുമെന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ നബിയെ കൊല്ലാന്‍ തീരുമാനിച്ചു. 'ദാറുന്നദ്‌വ'യില്‍ യോഗം ചേര്‍ന്നു. ഓരോ കുടുംബത്തില്‍നിന്നും ഓരോ യുവാവിനെ തെരഞ്ഞെടുത്ത് ഒരു കൊലയാളി സംഘത്തെയുണ്ടാക്കി. അവര്‍ ഒരുമിച്ച് നബിയെ കൊല്ലണം. എങ്കില്‍ നബിയുടെ കുടുംബത്തിന് കൊലക്ക് പ്രതികാരം ചെയ്യാനാവില്ല എന്നതായിരുന്നു അവരുടെ തന്ത്രം. നബിയുടെ വീടിനു ചുറ്റും അവര്‍ ഊരിപ്പിടിച്ച വാളുമായി കാവല്‍ നിന്നു. യാത്ര പുറപ്പെടുന്ന ദിവസം രാത്രി, നബി വീട്ടില്‍ തന്നെയുണ്ടെന്ന് ശത്രുക്കള്‍ ഉറപ്പു വരുത്തി. നബിയുടെ കട്ടിലില്‍, നബിയുടെ പുതപ്പ് പുതച്ച് ഉറങ്ങുന്നയാളെ അവര്‍ കണ്ടു. പക്ഷേ, അലിയെ തന്റെ കട്ടിലില്‍ കിടത്തിയ നബി, ശത്രുക്കളെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നു. നബിക്ക് പകരം കിടക്കാന്‍ അലിക്ക് മടിയുണ്ടായില്ല. ആ സന്ദര്‍ഭം ഓര്‍ത്തു നോക്കൂ. നബിയുടെ രക്തത്തിനു ദാഹിക്കുന്നവര്‍ ആയുധമേന്തി നില്‍ക്കുന്നു. നേരം പുലരുമ്പോള്‍ നബിക്ക് പകരം അലി പുറത്തേക്ക് വരുന്നു, നബി രക്ഷപ്പെട്ടിരിക്കുന്നു. പക പെരുത്ത് ശത്രുക്കള്‍ അലിയുടെ കഥ കഴിക്കും! ഊരിയ വാള്‍ രക്തം പുരളാതെ അവര്‍ ഉറയിലിടില്ല. പക്ഷേ, അലിക്ക് അത്തരമൊരു ആശങ്കയും ഉണ്ടായില്ല. അദ്ദേഹം തന്നെ അല്ലാഹുവിന് സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുറൈശി പ്രമുഖര്‍ക്ക് വേണ്ടി ഒരുക്കിയ ഒരു സദസ്സില്‍ അലിയുമുണ്ടായിരുന്നു. 'ആരാണ് അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ എന്നെ സഹായിക്കുക' എന്ന നബിയുടെ ചോദ്യത്തിന് 'ഞാന്‍' എന്ന് ധീരതയോടെ ഉത്തരം പറഞ്ഞ് പ്രവാചകന്ന് അനുസരണ പ്രതിജ്ഞ ചെയ്തയാളാണ് അലി. ആ കരാര്‍ പൂര്‍ത്തീകരിക്കാവുന്ന മികച്ച സന്ദര്‍ഭമായിരുന്നു ഹിജ്‌റ. അത് അദ്ദേഹം ഭംഗിയായി നിറവേറ്റുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ നബി രക്ഷപ്പെട്ടുവെന്നറിഞ്ഞ അവര്‍ പക്ഷേ, പകരം അലിയെ വധിച്ചില്ല. അതവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കണം!
5. മക്കയുടെ ഉത്തര ഭാഗത്താണ് മദീന. നബി യാത്ര ചെയ്യേണ്ടതും ആ ദിശയിലേക്കു തന്നെ. പക്ഷേ, എതിരാളികളെ വീണ്ടും കബളിപ്പിക്കുന്ന ആസൂത്രണമായിരുന്നു നബി നടത്തിയത്. നബിയും അബൂബക്കറും ദക്ഷിണ ഭാഗത്തേക്ക് യാത്ര തിരിച്ചു. അവിടെയായിരുന്നു സൗര്‍ ഗുഹ. ശത്രുക്കള്‍ പൊതുവെ ഉത്തര ഭാഗത്തേക്കാണ് നബിയെ തെരഞ്ഞ് പോയത്. ആ വഴിക്കാണല്ലോ നബി യാത്ര ചെയ്യുക. പക്ഷേ, അപ്പോള്‍ നബി സൗര്‍ ഗുഹയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു, മൂന്നു നാള്‍. ഒറ്റപ്പെട്ട ചിലരുടെ അന്വേഷണം ആ വഴിക്കും വരാതിരുന്നില്ല. പക്ഷേ, അവിടെ അല്ലാഹുവിന്റെ കാവലുണ്ടായിരുന്നു. സൗര്‍ ഗുഹയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയും അധികമാര്‍ക്കുമറിയാത്ത വഴികളിലൂടെയായിരുന്നു. അറബികള്‍ പൊതുവെ യാത്ര ചെയ്യാറില്ലാത്ത, തിഹാമ മരുഭൂമി മുറിച്ചു കടക്കുകയാണ് അവര്‍ ചെയ്തത്. ഇതിനായിരിക്കണം ഒരുപക്ഷേ അബ്ദുല്ലാഹിബ്‌നു അരീഖത്തിന്റെ സഹായം നബി തേടിയത്. ലക്ഷ്യം മഹത്തരമാവുകയും അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ തന്നെ, ലക്ഷ്യം നേടാന്‍ തെരഞ്ഞെടുക്കുന്ന വഴികള്‍ എതിരാളികള്‍ക്ക് അപ്രാപ്യവും അവരെ പരാജയപ്പെടുത്തി യാത്ര സഫലമാക്കാന്‍ സാധിക്കുന്നതുമാകണം. ലക്ഷ്യം നിര്‍ണയിക്കുക എളുപ്പമായിരിക്കും. പക്ഷേ, അതിലേക്കുള്ള വഴികള്‍ വിജയിക്കാന്‍ കഴിയുംവിധം ആസൂത്രണം ചെയ്യുന്നതാണ് പ്രധാനം. മുഹമ്മദ് നബി വിജയിച്ചതും അതിലാണ്.
6. സൗര്‍ ഗുഹയില്‍ ഒളിച്ചു താമസിക്കാന്‍ പ്രവാചകന്‍ ആസൂത്രണം ചെയ്തതെന്തൊക്കെയായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ. കൂടെ ആത്മസുഹൃത്ത് അബൂബക്കര്‍, ഖുറൈശികളുടെ നീക്കങ്ങള്‍ മണത്തറിയാനും രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാനും അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ അബ്ദുല്ല, ഭക്ഷണമെത്തിക്കാന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകള്‍ അസ്മാഅ്, ആട്ടിന്‍ പാല്‍ കുടിക്കാനും, അബ്ദുല്ലയും അസ്മയും നടന്നുവന്ന കാല്‍പാടുകള്‍ മായ്ച്ചുകളയാനും അബൂബക്കര്‍ സിദ്ദീഖിന്റെ ആട്ടിന്‍ പറ്റത്തെ മേച്ച് ഗുഹാമുഖത്തെത്തുന്ന ഇടയന്‍ ആമിറുബ്‌നു ഫുഹൈര്‍.
എല്ലാം മുന്‍കൂട്ടി കണ്ട പ്രവാചകന്‍ എത്ര വൈദഗ്ധ്യത്തോടെയാണ് എല്ലാം ആസൂത്രണം ചെയ്തത്! എതിരാളികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്നത് തന്ത്രങ്ങള്‍ മെനയാനും പോരാട്ടങ്ങള്‍ വിജയിപ്പിക്കാനും അനിവാര്യമാണ്. 23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലപ്പോഴും പ്രവാചകന്‍ രഹസ്യ ദൂതന്മാരെ നിയോഗിച്ചത് കാണാന്‍ കഴിയും. കാല്‍പാടുകള്‍ നോക്കി ആളുകളെ തിരിച്ചറിയാന്‍ വിദഗ്ധരായിരുന്നു അറബികള്‍. അബ്ദുല്ലയും അസ്മാഉം നടന്നുപോയ കാലടികള്‍ സൗര്‍ ഗുഹാ മുഖത്ത് കണ്ടാല്‍, ഖുറൈശികള്‍ക്ക് പ്രവാചകനെ പിടിക്കാനാകും. ഇത് തടയുകയായിരുന്നു ആട്ടിന്‍ പറ്റത്തെ മേയ്ക്കുന്നതിലൂടെ സാധിച്ചത്; ഒപ്പം പാല് കുടിക്കാനും പറ്റി.
അബൂബക്കര്‍ സിദ്ദീഖും അബ്ദുല്ലയും അസ്മാ ബീവിയും അബ്ദുല്ലാഹിബ്‌നു അരീഖതും ആമിറുബ്‌നു ഫുഹൈറും തങ്ങളുടെ ഭാഗധേയം നിര്‍വഹിച്ചതു വഴിയാണ് ഹിജ്‌റ വിജയകരമായ പരിസമാപ്തിയിലെത്തുന്നത്. മനുഷ്യര്‍ മാത്രമല്ല, ഗുഹാമുഖത്ത് വല കെട്ടിയ ചിലന്തിയും മുട്ടയിട്ട പ്രാവും കാലടികള്‍ മായ്ച്ചു കളഞ്ഞ ആട്ടിന്‍ പറ്റവും പ്രവാചകനെ ചുമന്ന ഒട്ടകവുമെല്ലാം ആ പലായനത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിച്ചു! ഇസ്‌ലാമിന്റെ വിജയത്തില്‍ പ്രപഞ്ചത്തിലെ ചരാചരങ്ങള്‍ക്കെല്ലാം അവരുടേതായ പങ്കു വഹിക്കാനുണ്ടെന്ന വലിയ പാഠം കൂടി ഈ ചരിത്രം പകര്‍ന്നുതരുന്നു. അല്ലാഹുവിന്റെ തന്ത്രവും പ്രവാചകന്റെ ആസൂത്രണവും അബൂബക്കര്‍ സിദ്ദീഖിന്റെ പ്രാര്‍ഥനയും വിജയം കണ്ട ഹിജ്‌റയില്‍ എതിരാളികളുടെ കുതന്ത്രങ്ങളൊന്നും നിലം തൊട്ടില്ല. ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്: ''താങ്കളെ തടവിലാക്കുകയോ വധിക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതിനു വേണ്ടി സത്യവിശ്വാസികള്‍ താങ്കള്‍ക്കെതിരില്‍ തന്ത്രങ്ങളാവിഷ്‌കരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭവും അവിസ്മരണീയമാകുന്നു. അവര്‍ സ്വന്തം തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരുന്നു. അല്ലാഹു അവന്റെ തന്ത്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ഥനത്രെ അല്ലാഹു'' (അല്‍ അന്‍ഫാല്‍ 30).

ശുഭ പ്രതീക്ഷ
ചരിത്രത്തിലൊരിക്കലും ഒരു നാളിലും നേരം പുലരാതിരുന്നിട്ടില്ല. രാത്രി ഇരുട്ട് കനക്കുമ്പോഴും, രാവിന് ദൈര്‍ഘ്യം കൂടുമ്പോഴും അതിനു ശേഷം സൂര്യനുദിക്കും, പ്രഭാതം വിടരും. ജാഹിലിയ്യത്തിന്റെ ഇരുള്‍ നിലങ്ങളില്‍ ഇസ്‌ലാമിന്റെ സൂര്യോദയത്തിന് കാതോര്‍ത്തവര്‍ക്ക് പ്രതീക്ഷയുടെ പുതിയ വെളിച്ചം നല്‍കുകയായിരുന്നു ഹിജ്‌റ. പലായനവേളയില്‍ ഇസ്‌ലാമിന്റെ വിജയം കൃത്യമായിതന്നെ പ്രവാചകന്‍ പ്രഖ്യാപിച്ചു.
ക്രൂരമായ പീഡനപര്‍വങ്ങളാണ് മക്കയില്‍ പ്രവാചകന്നും അനുയായികള്‍ക്കും ഏല്‍ക്കേണ്ടിവന്നത്. അബ്‌സീനിയന്‍ പലായനം, ശിഅ്ബു അബൂത്വാലിബിലെ ഉപരോധം, ത്വാഇഫിലെ കല്ലേറ്, സുമയ്യാ ബീവിയുള്‍പ്പെടെയുള്ളവരുടെ രക്തസാക്ഷ്യം.. പരീക്ഷണങ്ങളുടെ അത്തരം അഗ്‌നിശലാകകള്‍ക്കു മുമ്പില്‍ പതറാതെ, ശുഭപ്രതീക്ഷ നല്‍കി പ്രവാചകന്‍ സ്വഹാബികളെ മുന്നോട്ടു നയിച്ചു. വിശ്വാസത്തിന്റെ കരുത്തും ദൈവിക സഹായത്തിലുള്ള പ്രതീക്ഷയും ത്യാഗസന്നദ്ധതയും ആത്മസര്‍പ്പണവും പ്രവാചകനുള്ള അനുസരണവും സംഘബോധവും വഴി മുസ്‌ലിം സമൂഹം പ്രതിസന്ധികളെ അതിജീവിച്ചു. ഇസ്രാഅ്-മിഅ്‌റാജിലൂടെ വിജയത്തിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. ഹിജ്‌റയിലൂടെ അത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.
മൂന്ന് യാത്രക്കാരെ വഴിയില്‍ കണ്ടുവെന്നും അത് മുഹമ്മദും കൂട്ടരുമാണെന്ന് സംശയമുണ്ടെന്നും ആരോ ഖുറൈശികള്‍ക്ക് വിവരം കൊടുത്തു. 'അത് വേറെ ആരോ ആണെന്ന്' പറഞ്ഞ് സുറാഖത്ത് ബിന്‍ മാലിക് വിഷയം മാറ്റി. നബിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് കിട്ടുന്ന 100 മികച്ച ഒട്ടകങ്ങള്‍ സ്വന്തമാക്കാനുള്ള തന്ത്രമായിരുന്നു സുറാഖയുടേത്. ജനങ്ങള്‍ തന്റെ വാക്ക് വിശ്വസിച്ചുവെന്ന് മനസ്സിലാക്കിയ സുറാഖ സൂത്രത്തില്‍ അവിടന്ന് കടന്നുകളഞ്ഞു. ആയുധങ്ങളെടുത്ത് യാത്രക്കാരെ കണ്ടുവെന്ന പറഞ്ഞ വഴിയില്‍ കുതിരയെ അതിവേഗം ഓടിച്ചു. സുറാഖക്ക് തെറ്റിയില്ല. അദ്ദേഹം നബിയുടെ പിന്നിലെത്തി. സുറാഖ ഒട്ടകത്തിന്റെ വേഗം കൂട്ടി. പക്ഷേ, അതിന്റെ കാലുകള്‍ മണലില്‍ താണു; മൂന്നു തവണ. സുറാഖക്ക് താന്‍ അപകടത്തിലാണെന്ന കാര്യം മനസ്സിലായി. അദ്ദേഹം വിളിച്ചു പറഞ്ഞു: ''സുറാഖത്തു ബിന്‍ മാലികാണ് ഞാന്‍. നില്‍ക്കൂ, നിങ്ങളോടെനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ല. ദ്രോഹകരമായി ഒന്നും ചെയ്യില്ല.'' സുറാഖ നബിയുടെ അടുത്തെത്തി, സംസാരിച്ചു. അവിടെ വെച്ച് നബി പ്രഖ്യാപിച്ചു: ''സുറാഖാ, കിസ്‌റയുടെ അധികാര വളകള്‍ നിന്നെ അണിയിച്ചാല്‍ എങ്ങനെയിരിക്കും.'' ''പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റയുടേയോ?''- സുറാഖ അത്ഭുതപ്പെട്ടു. ''അതെ, പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റ തന്നെ...'' അതെ, മക്കയില്‍ നിന്ന് മദീനയിലേക്ക് മരുഭൂമിയിലൂടെ അഭയം തേടി പോകുന്ന ഒരാളുടെ പ്രഖ്യാപനം ഇസ്‌ലാമിന്റെ വിജയത്തെക്കുറിച്ച ശുഭപ്രതീക്ഷയുടേതായിരുന്നു. പിന്നീട് അത് പുലരുന്നതും നാം കണ്ടു. മൂന്ന് നാള്‍ സൗര്‍ ഗുഹയിലായിരുന്ന ഇസ്‌ലാം, പിന്നീട് ഭൂഖണ്ഡങ്ങള്‍ കീഴടക്കി, വിജയക്കൊടി നാട്ടി.

യുഗപ്പിറവിയുടെ വിളംബരം
പുതിയൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പിറവിയായിരുന്നു ഹിജ്‌റയിലൂടെ നടന്നത്. ചരിത്രത്തിന് അതൊരു തിരുത്തായിരുന്നു, ലോകത്തിന് പുതിയൊരു അനുഭവവും. ഹിജ്‌റയോടെ ഇസ്‌ലാമിനുണ്ടായ വളര്‍ച്ചയും വികാസവും മദീനയില്‍ രൂപം കൊണ്ട ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സവിശേഷതകളും ഇത് തെളിയിക്കുന്നുണ്ട്.
പലായനത്തിന് ദാര്‍ശനികവും രാഷ്ട്രീയവും സാമൂഹിക ശാസ്ത്രപരവുമായ മാനങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിച്ചല്ലോ. വിശുദ്ധ ഖുര്‍ആനില്‍നിന്ന് അതിന്റെ അടിസ്ഥാനങ്ങള്‍ നമുക്ക് വായിച്ചെടുക്കാനാവും. ലോകത്തിലെ പുഷ്‌കലമായ എല്ലാ നാഗരികതകളും വളര്‍ന്നുവന്നിട്ടുള്ളത് പലായനത്തിലൂടെയാണ്. ഒരു ജനവിഭാഗം അവരുടെ ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്യാതെ മെച്ചപ്പെട്ട ഒരു നാഗരികതക്ക് ജന്മം നല്‍കിയതായോ, ഉന്നതമായ സംസ്‌കാരവും നാഗരികതയും സൃഷ്ടിച്ചെടുത്തതായോ ചരിത്രത്തില്‍ കാണാനാകില്ല. ചലനാത്മകതയാണ് ഏതൊരു ജനസമൂഹത്തെയും മികവുറ്റതാക്കുന്നത്. അപരിഷ്‌കൃതരായ ജനവിഭാഗങ്ങള്‍ സംസ്‌കൃതരാകുന്നതും അവരുടെ പലായനം വഴിയോ അവരിലേക്കുള്ള മറ്റുള്ളവരുടെ പലായനം വഴിയോ ആണ്. സുമേറിയ-അമേരിക്ക-സിന്ധു നദീതടസംസ്‌കാരങ്ങളുടെ ചരിത്രം പലായനത്തിന്റെ രാഷ്ട്രീയത്തിലേക്കും ദര്‍ശനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്.
ഇസ്‌ലാമിക ചരിത്രത്തില്‍, പല പ്രവാചകന്മാരുടെയും ജീവിതത്തില്‍ പലായനത്തിന് സ്ഥാനമുണ്ട്. മുഹമ്മദ് നബിയുടെ കാലത്തെ അബ്‌സീനിയന്‍ പലായനവും ശേഷം നടന്ന മദീനാ പലായനവും ഇതിന്റെ മികച്ച ദൃഷ്ടാന്തങ്ങള്‍ തന്നെ. നബിയുടെ കാലശേഷം ഇസ്‌ലാമിക ലോകത്തുണ്ടായിട്ടുള്ള പലായനങ്ങളുടെ ചരിത്രവും അനന്തര ഫലവും പ്രത്യേകം പഠിക്കേണ്ടതാണ്. ഉദാഹരണമായി, സ്‌പെയിനിലെ ലോകോത്തരമായ സംസ്‌കാരവും നാഗരികതയും കെട്ടിപ്പടുക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചത്, പലായനത്തിലൂടെയാണ്. ഉമവി ഭരണാധികാരിയായിരുന്ന അബ്ദുര്‍റഹ്മാന്‍ ദാഖില്‍ സ്‌പെയിനിലേക്ക് പലായനം ചെയ്‌തെത്തിയതിന്റെ ഫലമായിരുന്നു മഹത്തായ മുസ്‌ലിം സ്‌പെയിന്‍. ഈജിപ്തിലെ പീഡനങ്ങള്‍ നിമിത്തം മറ്റു പല നാടുകളിലേക്കും പലായനം ചെയ്ത ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതാക്കളും പ്രവര്‍ത്തകരും പണ്ഡിതന്മാരുമാണ് ലോകത്തുടനീളം ഇസ്‌ലാമിക നവജാഗരണത്തിന്റെ ചാലകശക്തികളായി വര്‍ത്തിച്ചത്. അറബ് ലോകത്തുണ്ടായ വലിയ മാറ്റങ്ങള്‍ ഇതിന്റെ അനുഭവ സാക്ഷ്യമാണ്. ഈ ചരിത്രത്തിന് ഏറെ നീളമുണ്ട്.
നമുക്ക് മദീനയിലേക്ക് തന്നെ വരാം. മക്കയുടെ കുടുസില്‍ നിന്ന് അറേബ്യന്‍ ഉപദ്വീപിന്റെയും അവിടെ നിന്ന് ലോകത്തിന്റെ തന്നെയും വിശാലതയിലേക്ക് ഇസ്‌ലാം വളര്‍ന്നത് ഹിജ്‌റയിലൂടെയാണ്. മദീനയില്‍ നിന്ന് മക്കയിലേക്ക് നബിയെ കാണാന്‍ ദൗത്യ സംഘങ്ങള്‍ വരാന്‍ തുടങ്ങിയതോടെ ഈ വളര്‍ച്ച തുടങ്ങിയിരുന്നു. ഹിജ്‌റയിലൂടെ മക്കയുടെ പരിമിതികളില്‍നിന്ന് ഇസ്‌ലാം ഭൂഖണ്ഡങ്ങളിലേക്ക് പടര്‍ന്നുകയറുകയായിരുന്നു. മറ്റു നാടുകളിലേക്ക് ഇസ്‌ലാം പടര്‍ന്നത് മദീനയില്‍ നിന്നാണ്. ഇതര രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ നബിയെ സന്ദര്‍ശിക്കാനെത്തിയതും മദീനയിലാണ്. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കകത്ത് കെട്ടി കിടക്കാതെ, എല്ലാ കൈവഴികളിലൂടെയും ഇസ്‌ലാം ഒഴുകാന്‍ തുടങ്ങിയതും ഹിജ്‌റയോടെയാണ്. ''ദൈവസഹായം സമാഗതമാവുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി ദൈവിക ദീനില്‍ പ്രവേശിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍...'' എന്ന് ഖുര്‍ആന്‍ പറയുന്ന അവസ്ഥയിലേക്ക് ഇസ്‌ലാം വളര്‍ന്നു. കെട്ടിക്കിടക്കാതെ എങ്ങനെ സമൂഹത്തിലേക്ക് പരന്നൊഴുകാം എന്നറിയാന്‍ ഹിജ്‌റയുടെ ചരിത്രവും മുഹമ്മദ് നബിയുടെ ജീവിതം തന്നെയും നാം പുനര്‍വായന നടത്തേണ്ടതുണ്ട്.
ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയും സാമൂഹിക കാഴ്ചപ്പാടും രാഷ്ട്ര സങ്കല്‍പവും സര്‍വ സൗന്ദര്യത്തോടും കൂടി 'മദീന'യില്‍ ആവിഷ്‌കരിക്കപ്പെട്ടു. ആധുനികതക്കും ഉത്തരാധുനികതക്കും സാധിക്കാത്ത വിധം മാനവികതയിലും സാഹോദര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ മനോഹര ചിത്രമാണ് ഹിജ്‌റയിലൂടെ രൂപം കൊണ്ട മദീനാ രാഷ്ട്രം ലോകത്തിന് നല്‍കുന്നത്. പതിറ്റാണ്ടുകള്‍ തമ്മിലടിച്ചു നിന്ന ഔസ് -ഖസ്‌റജ് ഗോത്രങ്ങളെ ഇസ്‌ലാമിന്റെ സാഹോദര്യ പാശത്തില്‍ കോര്‍ത്തിണക്കിയും, ഇസ്‌ലാമിന്റെ ബദ്ധവൈരികളായ ജൂത ഗോത്രങ്ങളോട് കരാറുണ്ടാക്കിയും, മദീനയിലെ അന്‍സാറുകളെയും മക്കയില്‍നിന്നെത്തിയ മുഹാജിറുകളെയും ആദര്‍ശ സാഹോദര്യത്താല്‍ കൂട്ടിയിണക്കിയും അതുല്യമായ നയതന്ത്രജ്ഞതയോടെയാണ് മുഹമ്മദ് നബി ഇസ്‌ലാമിന്റെ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയത്.
വര്‍ഗീയത, സങ്കുചിത ദേശീയത്വം, വംശീയത, വര്‍ണവെറി, പ്രാദേശിക വാദം, ഗോത്ര പക്ഷപാതിത്വം തുടങ്ങിയ കള്ള ദൈവങ്ങളെ ഹിജ്‌റയിലൂടെ പ്രവാചകന്‍ തകര്‍ത്തെറിഞ്ഞു. മദീനയില്‍, മുഹമ്മദ് നബി എത്തിച്ചേര്‍ന്നതോടെ മനുഷ്യര്‍ ആദര്‍ശബോധത്താലും, ഉടമ്പടികളുടെ അടിസ്ഥാനത്തിലും ഒന്നായി മാറി. അതോടെ വ്യാജ ദൈവങ്ങള്‍ക്കും മനുഷ്യര്‍ക്കിടയിലെ കൃത്രിമമായ അതിര്‍ വരമ്പുകള്‍ക്കും അന്ത്യം കുറിക്കപ്പെട്ടു. സാഹോദര്യവും സമത്വവും പരസ്പര വിശ്വാസവും മനുഷ്യരെ ഒന്നിപ്പിക്കുന്നതിന്റെ സാക്ഷ്യമായി മദീന മാറി. തൗഹീദിന്റെ മാനവികതയും ലോക വീക്ഷണവും മദീനയില്‍ സാര്‍ഥകമായി. അറേബ്യക്കെന്നല്ല, ലോകത്തിനു തന്നെ പരിചിതമല്ലാതിരുന്ന ഇസ്‌ലാമിന്റെ രാഷ്ട്ര സങ്കല്‍പം അവിടെ പൂവണിഞ്ഞു. ആയുധ പ്രയോഗമില്ലാതെ, അലയന്‍സുകളിലൂടെയാണത് സാധ്യമായത്. സങ്കുചിത ദേശീയത്വത്തിനും വംശീയതക്കും ഒന്നും ചെയ്യാനില്ലാത്ത സാര്‍വ ലൗകികതയുടെ സന്ദേശം പ്രയോഗവത്കരിക്കാനായിരുന്നു അല്ലാഹു ആഹ്വാനം ചെയ്തത്. അത് നബി നിര്‍വഹിച്ചു. 'മക്ക ജയിച്ചടക്കിയാല്‍ താങ്കള്‍ അവിടേക്ക് തിരിച്ചുപോകുമോ?' എന്ന് മദീനക്കാര്‍ നബിയോട് ചോദിച്ചിരുന്നു. 'എന്റെ ജീവിതവും മരണവും നിങ്ങളോടൊത്തായിരിക്കുമെന്നാണ്' നബി അവരോട് മറുപടി പറഞ്ഞത്. ചരിത്രത്തിലെ സുവര്‍ണ നിമിഷമായിരുന്നു അത്. മക്കയില്‍ നിന്ന് മദീനയിലെത്തിയ മുഹമ്മദ് നബി, മക്ക കീഴടക്കിയ ശേഷവും മദീനയില്‍ തന്നെ ജീവിക്കുകയും അവിടെ വെച്ചുതന്നെ മരിക്കുകയും മദീനയില്‍ തന്നെ ഖബ്‌റടക്കപ്പെടുകയും ചെയ്തു.
[email protected]



  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly