>>അഭിമുഖം
പെണ്‍ പ്രതിനിധാനത്തിന്റെ വേറിട്ട പ്രകടന പത്രിക
ജി.ഐ.ഒ തങ്ങളുടെ ഇടം രേഖപ്പെടുത്തുന്നു
കെ കെ റഹീന/ മുഹ്‌സിന്‍ പരാരി
സാംസ്‌കാരിക കേരളത്തില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുന്ന രണ്ട് യാഥാര്‍ഥ്യങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍- പെണ്ണും ഇസ്‌ലാമും. ജനിതകപരമായ ദൗര്‍ബല്യങ്ങളാല്‍ കേരളീയ പൊതുമണ്ഡലത്തിന്റെ‘'കര്‍തൃത്വം'’കൈയിലുള്ളവര്‍ നിര്‍വചനങ്ങള്‍ നല്‍കാന്‍ പരുങ്ങിയ വിഷയങ്ങളാണ് ഇവ രണ്ടും. സെക്യുലര്‍ ലിബറല്‍ രീതിശാസ്ത്രങ്ങളെ അവലംബമാക്കിയുള്ള മുന്‍വിധികളിലും സമവാക്യങ്ങളിലും ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ 'അപകടകാരികള്‍', 'പിന്തിരിപ്പര്‍'’തുടങ്ങിയ ഓമനപ്പേരുകളുടെ കുറുക്കു വഴിയിലൂടെയാണ് മതത്തെയും ലിംഗത്തെയും ഇസ്‌ലാമിനെയും ഒക്കെ അടിസ്ഥാനമാക്കി വന്ന നിര്‍മാണാത്മകമായ പ്രതിരോധങ്ങളെയും നവസാമൂഹിക തരംഗങ്ങളെയും സവര്‍ണ നേതൃത്വം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. അത്തരം അടിച്ചമര്‍ത്തലുകളുടെ പ്രധാന ഇരകളാണ് ഇസ്‌ലാമിക പ്രസ്ഥാനവും ദലിത് സ്വത്വവാദങ്ങളും. ദാര്‍ശനികമായി ഇസ്‌ലാമിക സ്വത്വം ചുമലിലേറ്റുന്ന ജി.ഐ.ഒയെ സംബന്ധിച്ചേടത്തോളം ഈ സംവാദത്തോടൊപ്പം തന്നെ സ്ത്രീവാദ വിഷയങ്ങളുടെ കേരളീയമായ സങ്കീര്‍ണതകളെ കൂടി അഭിസംബോധന ചെയ്യേണ്ടതായി വരുന്നുണ്ട്. മുസ്‌ലിംസ്ത്രീയെ സംബന്ധിച്ച വരേണ്യബോധ്യങ്ങളോട് ഒട്ടു ധിക്കാരത്തോടെ തന്നെ കലഹിക്കുന്ന ജി.ഐ.ഒക്ക് തങ്ങളുടെ പ്രത്യയശാസ്ത്ര ബോധത്തിലൂന്നിയ തെളിഞ്ഞ കാഴ്ചപ്പാടും സമരബോധവും തങ്ങളുടെ പ്രതിനിധാനത്തെ സംബന്ധിച്ച് ഉയര്‍ത്തിപ്പിടിക്കാനുണ്ട് എന്നു പറയുകയാണ് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ റഹീന ഈ ചര്‍ച്ചയില്‍.
ജി.ഐ.ഒവിന്റെ ഇന്നത്തെ ഘടന 25 വയസ്സിനു താഴെയുള്ള വിദ്യാര്‍ഥിനികളെ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. ഈ മാറ്റം?
പെണ്‍കുട്ടികളുടെ സാഹചര്യങ്ങള്‍ പരിഗണിച്ച് ലളിതമായ വ്യവസ്ഥകളോടെയുള്ള സംഘടനാ ചട്ടക്കൂടാണ് 2008 മുതല്‍ സംഘടന സ്വീകരിച്ചിട്ടുള്ള പുതിയ ഘടന. 13 വയസ്സു മുതല്‍ 25 വയസ്സ് വരെയുള്ള പെണ്‍കുട്ടികളാണ് ജി.ഐ.ഒവിന്റെ പ്രവര്‍ത്തകര്‍. സംഘടനക്ക് പ്രാഥമികാംഗങ്ങളും സ്ഥിരാംഗങ്ങളും ഉണ്ട്. സംഘടനയുടെ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവരും പ്രാഥമികാംഗങ്ങളാണ്. ഇവരില്‍ നിന്നും ഭാരവാഹികള്‍ അഭിമുഖം നടത്തിയും കഴിവുകള്‍ വിലയിരുത്തിയും യോഗ്യരായവരെ സ്ഥിരാംഗങ്ങളായി നിശ്ചയിക്കുന്നു.
യൂനിറ്റ് തലങ്ങളില്‍ എല്ലാ പെണ്‍കുട്ടികളെയും സംഘടിപ്പിച്ച് മാസാന്ത പ്രാദേശിക യോഗങ്ങള്‍ നടത്തുന്നു. 12 ജില്ലകളില്‍ ജി.ഐ.ഒക്ക് ജില്ലാ ഘടനകളുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ജില്ലാ ഘടന രൂപവത്കരിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നു. അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 20 അംഗ സംസ്ഥാന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാമ്പസ്, പഠനവേദി, സര്‍ഗവേദി, മജ്‌ലിസ് വിംഗ് തുടങ്ങിയ വകുപ്പുകള്‍ക്ക് പ്രത്യേകം കണ്‍വീനര്‍മാര്‍ നേതൃത്വം നല്‍കുന്നു.
കേരളത്തിലെ കാമ്പസുകളെ കേന്ദ്രീകരിച്ച് അനവധി സംഘടനകളുണ്ട്. പക്ഷേ, വിദ്യാര്‍ഥിനികളെ പ്രത്യേകം സംഘടിപ്പിക്കുന്നതിന്റെ ആവശ്യം എന്താണ്? കാമ്പസില്‍ പൊതുവായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ അതൊരു തടസ്സമല്ലേ?
ഒന്നാമതായി ജി.ഐ.ഒ വിദ്യാര്‍ഥിനികളെ മാത്രം സംഘടിപ്പിക്കുന്ന സംഘടനയല്ല. പെണ്‍കുട്ടികളുടെ സംഘടനയാണ്. നാം പൊതുവായ കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നവരായിക്കൂടാ. കേരളത്തിലെ കാമ്പസുകളില്‍ 60 ശതമാനത്തിനുമേലെ പെണ്‍കുട്ടികള്‍ പഠിക്കുന്നു. ഇവരെയെല്ലാം പ്രതിനിധീകരിക്കാന്‍ നിരവധി വിദ്യാര്‍ഥി സംഘടനകളുമുണ്ട്. ഈ വിദ്യാര്‍ഥി സംഘടനകളില്‍ എവിടെയാണ് പെണ്‍കുട്ടികള്‍ പ്രതിനിധീകരിക്കപ്പെടുന്നത്? കോളേജ് ഇലക്ഷനുകളില്‍ അവര്‍ വോട്ട് ബാങ്കും റിസര്‍വ്ഡ് സീറ്റുകളിലെ മത്സരാര്‍ഥികളുമാണ്. കാമ്പസിനു പുറത്ത് പാര്‍ട്ടി മീറ്റിംഗുകളില്‍ സദസ്സ് കൊഴുപ്പിക്കലും വേദികളില്‍ സ്വാഗതം/നന്ദി പ്രകാശനവുമാണ് അവരുടെ പങ്കാളിത്തം. ഇതിനപ്പുറം വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍, തീരുമാനങ്ങളില്‍ അവരെവിടെയാണ്?
കേരളത്തിന്റെ പൊതു ഇടത്തിന്റെ നടപ്പുശീലങ്ങള്‍ പുരുഷ കേന്ദ്രീകൃതമാണ് എന്നതുകൊണ്ടുതന്നെ വിദ്യാര്‍ഥി സംഘടനകളും അങ്ങനെയാണ്. അംഗങ്ങളായിട്ട് പെണ്‍കുട്ടികളുമുള്ള വിദ്യാര്‍ഥി സംഘങ്ങള്‍ എത്ര കണ്ട് സ്‌ത്രൈണ പ്രകൃതവും നേതൃത്വവും അംഗീകരിക്കുന്നുണ്ട്. ഇവിടെയാണ് യഥാര്‍ഥത്തില്‍ ജി.ഐ.ഒവിന്റെ ഇടം. സാമൂഹികവും സാംസ്‌കാരികവും ശാരീരികവുമായ കാരണങ്ങളാല്‍ നടപ്പു സംഘടനാ രീതികള്‍ക്കനുസൃതമായി, സംഘടിപ്പിക്കാന്‍ ഇത്രമേല്‍ പ്രയാസമുള്ള, ഒരു പ്രായക്കൂട്ടത്തെ ഇത്രയും വ്യവസ്ഥാപിതമായും ബള്‍ക്കായും സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന സംഘടന കേരളത്തില്‍ ജി.ഐ.ഒ മാത്രമാണ്. പെണ്‍കുട്ടികളുടെ ധൈഷണികവും സര്‍ഗാത്മകവുമായ ഉയര്‍ച്ചയാണ് അത് ലക്ഷ്യമിടുന്നത്. സ്വത്വപരവും സാമൂഹികവുമായ ഏതൊരു ഇടപെടലിനും അത് അനിവാര്യവുമാണ്. പെണ്‍കുട്ടികളുടെ പ്രകൃതവും ചുറ്റുപാടും പരിഗണിച്ചുകൊണ്ടും ചോദ്യം ചെയ്യേണ്ടതിനെ ചോദ്യം ചെയ്തും തിരുത്തേണ്ടതിനെ തിരുത്തിയുമാണ് ജി.ഐ.ഒ മുന്നേറുന്നത്. പെണ്‍കുട്ടികളുടേത്, പെണ്‍കുട്ടികളാല്‍ എന്ന പക്ഷംപിടിക്കലിന്റെ ശാഠ്യമല്ല ഇത്. മറിച്ച് സ്‌ത്രൈണ പ്രകൃതത്തെ കൂടി ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന പൊതു ഇടങ്ങള്‍ ഉണ്ടാവണമെന്നാണ് പറയുന്നത്.
കാമ്പസിനകത്ത് മാത്രമല്ല, പുറത്തുമുള്ള പൊതു പ്രശ്‌നങ്ങളില്‍ ഇടപെടാനും മറ്റു സംഘടനകളുമായി സഹകരിക്കാനും ഇത് തടസ്സം നില്‍ക്കുന്നില്ല എന്നാണ് ഞങ്ങളുടെ അനുഭവം. മറുവാദങ്ങള്‍ തെറ്റാണ്.
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ജി.ഐ.ഒവിനെ പോലെ മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥി സംഘടനക്ക് പ്രസക്തിയുണ്ടോ?
പൊതുമണ്ഡലത്തില്‍ മതമോ മതാടിസ്ഥാനത്തിലുള്ള സംഘടനകളോ ഇടപെട്ടുകൂടാ എന്നത് അപകടകരമായ ഒരു തീര്‍പ്പാണ്. മതേതരവും അല്ലാത്തതുമായ വ്യത്യസ്ത ആശയങ്ങള്‍ സംവദിക്കുമ്പോള്‍ മാത്രമാണ് ഒരു പൊതുമണ്ഡലം പോലും പ്രസക്തമാകുന്നത്. നമ്മുടെ പൊതുമണ്ഡലത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഭൂരിപക്ഷ/ സവര്‍ണ/അധീശ പ്രത്യയശാസ്ത്രവും പൊതുബോധങ്ങളുമാണ്. ഈ അധീശഘടന എല്ലായ്‌പ്പോഴും മതത്തെയും ഇസ്‌ലാമിനെയും സ്ത്രീയെയും ഇതര അടരുകളെയും പുറത്ത് നിര്‍ത്തുന്ന അക്രമപരമായ പ്രവണത നമുക്ക് കാണാം. ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലുള്ള സ്ത്രീ സംഘടന എന്ന നിലക്ക് ജി.ഐ.ഒക്ക് ഇരട്ട പ്രസക്തിയാണ് ഈ പൊതു മണ്ഡലത്തിലുള്ളത്.
മുസ്‌ലിം സ്ത്രീ ചര്‍ച്ച ചെയ്യപ്പെടുന്ന 'ബര്‍സ' എന്ന നോവലിന്റെ പ്രകാശനവേളയിലും അതിനെ അധികരിച്ച ചര്‍ച്ചയിലും പ്രതിനിധീകരിക്കാന്‍ ജി.ഐ.ഒക്ക് അവസരം ലഭിച്ചിരുന്നു. പ്രകാശനവേളയില്‍ സംസാരിച്ച കേരളത്തിലെ അറിയപ്പെടുന്ന മതേതരനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച സദസ്സ് ജി.ഐ.ഒ പ്രതിനിധിയുടെ സംസാരത്തില്‍ അക്ഷമ കാണിക്കുന്നത് കാണാമായിരുന്നു. 'എന്തിനാണിവര്‍ക്ക് അവസരം നല്‍കിയത്? ആരാണ് സമയം നല്‍കിയത്?' തുടങ്ങിയ മുറുമുറുപ്പുകള്‍. കോഴിക്കോട് യുക്തിവാദികളുടെ ഒരു സ്യൂഡോ സംഘടന നടത്തിയ ചര്‍ച്ചക്ക് പോവുകയായിരുന്ന ജി.ഐ.ഒ പ്രതിനിധികളോട് സംഘാടകരിലൊരാളുടെ ചോദ്യം 'ഇതൊക്കെ വായിച്ചിട്ടുതന്നെയാണോ നിങ്ങളൊക്കെ വരുന്നത്?' എന്നായിരുന്നു. പങ്കെടുത്തവരെല്ലാം സ്ത്രീകളായിരുന്ന ചര്‍ച്ചയില്‍ പക്ഷേ, അധ്യക്ഷനായിരുന്നു സംഘടനയുടെ നിലപാട് വിശദീകരിച്ചത്. ചര്‍ച്ച ചെയ്യപ്പെടുന്നത് മുസ്‌ലിം സ്ത്രീ. അതില്‍ അഭിപ്രായം പറയുകയും കേള്‍ക്കുകയുമൊക്കെ ചെയ്യേണ്ടത് ആരായിരിക്കണമെന്ന പൊതുമണ്ഡലത്തിന്റെ ബോധത്തെയാണ് ഈ രണ്ട് ഉദാഹരണങ്ങള്‍ കുറിക്കുന്നത്.
ലൈംഗിക സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കപ്പെട്ട ഒരു സംഘടന എന്ന നിലക്ക് ഇവിടത്തെ സ്ത്രീ സ്വത്വസംവാദങ്ങളോട് ജി.ഐ.ഒ എങ്ങനെ പ്രതികരിക്കുന്നു?
കേരളത്തിലെ സ്ത്രീസ്വത്വ സംവാദങ്ങളെ വളരെ താല്‍പര്യത്തോടെയാണ് ജി.ഐ.ഒ നോക്കിക്കാണുന്നത്. ഉത്തരാധുനിക സ്ത്രീവാദങ്ങള്‍ക്ക് ജി.ഐ.ഒ പോലുള്ള സംഘങ്ങളോട് കൂടുതലായി ഇടപഴകാന്‍ സാധിക്കുന്നുണ്ട്. ജി.ഐ.ഒവിനകത്തെ പഠന വൈജ്ഞാനിക സംവിധാനങ്ങളെ വിലയിരുത്താറുമുണ്ട്. കേരളത്തിലെ സ്ത്രീവാദം പൊതുവെ മതേതര ലിബറല്‍ ചട്ടക്കൂടുകളും സങ്കേതങ്ങളും അധികരിച്ചാണ് വികസിച്ചുവന്നത് എന്നത് അതിന്റെ ഒരു പരിമിതിയാണ്. മറ്റൊന്ന് അവക്ക് അക്കാദമിക മൂല്യം മാത്രമേയുള്ളൂ. സിദ്ധാന്തങ്ങളുണ്ടാക്കുക, പ്രശ്‌നങ്ങളെ അതിലേക്ക് ഫിറ്റ് ചെയ്ത് വിലയിരുത്തുക, പ്രതികരണങ്ങളെഴുതുക, പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക, പുസ്തക പ്രസാധനം, ചര്‍ച്ചകള്‍ തുടങ്ങിയ അക്കാദമിക വ്യായാമങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നവയാണ് കേരളത്തിലെ സ്ത്രീവാദങ്ങള്‍. അവയൊരിക്കലും സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാവുന്നില്ല. കാരണം വ്യക്തമാണ്. വളരെ സുരക്ഷിത സ്ഥാനങ്ങളിലിരുന്ന് സിദ്ധാന്തങ്ങളിലൂടെ പ്രശ്‌നങ്ങളെ വിലയിരുത്തുന്നവയാണവ. പ്രശ്‌നങ്ങളെ സിദ്ധാന്തവത്കരിക്കുക എന്നല്ലാതെ, ഇവിടത്തെ പാരിസ്ഥിതിക ദലിത്, ന്യൂനപക്ഷ സംഘങ്ങളെപ്പോലെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗത്തിന്റെ സ്വത്വപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല സ്ത്രീവാദങ്ങള്‍. അതുകൊണ്ടുതന്നെ അത് ജനകീയമല്ല. മുസ്‌ലിം സ്ത്രീ വിഷയങ്ങളിലും അവക്ക് മറ്റൊരു നിലപാടില്ല. ഇസ്‌ലാമിക് ഫെമിനിസത്തിന്റെ ചട്ടക്കൂടും രീതികളുമെല്ലാം അതുതന്നെയാണ്. മൗലികമായ പ്രശ്‌നങ്ങളല്ല ഉന്നയിക്കുന്നതെങ്കിലും അക്കാദമിക ചര്‍ച്ചകളിലെ രചനാത്മക വശത്തെ ജി.ഐ.ഒ ഉള്‍ക്കൊള്ളാറുണ്ട്. ലോക വ്യാപകമായി തന്നെ സമര മുഖങ്ങളിലും മറ്റും ഇസ്‌ലാമിസ്റ്റുകള്‍ ഫെമിനിസ്റ്റുകളുമായി സഹകരിക്കുന്നുണ്ട്. ഇസ്‌ലാമിസ്റ്റ് ഫെമിനിസ്റ്റ് എന്നൊരു സംജ്ഞതന്നെ ഇപ്പോള്‍ നിലവിലുണ്ട്.
മുസ്‌ലിം പെണ്‍ കൗമാരം ആണല്ലോ ജി.ഐ.ഒവിന്റെ പ്രവര്‍ത്തനസ്രോതസ്സും പ്രഥമ അഭിസംബോധിതരും. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, ജി.ഐ.ഒവിന്റെ നിരീക്ഷണത്തില്‍?
പഠനം, വിവാഹം, കുടുംബം തുടങ്ങിയ ജീവിതത്തിന്റെ നിര്‍ണായക സന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു പ്രായത്തെയാണ് ജി.ഐ.ഒ അഭിസംബോധന ചെയ്യുന്നത്. വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ഉള്ള പരമ്പരാഗതമായ സമീപനങ്ങളും പുതിയ കാലത്ത് സംജാതമായ വിദ്യാഭ്യാസപരമായ ഉണര്‍വുകളും തമ്മില്‍ ഏറ്റുമുട്ടല്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്. കുടുംബത്തില്‍ കര്‍തൃത്വം നിഷേധിക്കപ്പെടുന്നതിന്റെ ഫലമായി വിദ്യാഭ്യാസവും സാമൂഹികബോധവുമുള്ള പെണ്‍കുട്ടികള്‍ നിഷ്‌ക്രിയരായി തീരേണ്ട അവസ്ഥയാണ്. കുടുംബമെന്നത് ഒരു പെണ്‍കുട്ടിക്ക് മാത്രം മുന്‍കൈ എടുക്കാന്‍ സാധിക്കുന്ന കലാപരമായ ഒരു ജീവിതാവിഷ്‌കാരമാണ്. എന്നാല്‍ അതിനപ്പുറവും ഇടപെടാന്‍ സാധിക്കുന്ന പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്. അവരുടെ അധികമൂല്യങ്ങളെ വകവെച്ചു കൊടുക്കാന്‍ തയാറല്ലാത്ത ഒരു അധികാര ഘടന നിലനില്‍ക്കുന്നുണ്ട്.
സ്ത്രീകളെ കൈയേറ്റം ചെയ്യുന്ന ഒരു സാമൂഹികാന്തരീക്ഷം തന്നെയാണ് ഇന്നും നിലവിലുള്ളത്. പെണ്‍കൗമാരമാണ് ഇതിന്റെ ഏറ്റവും ആദ്യത്തെ ഇര. പുതിയ ജീവിത ശൈലിയും സംസ്‌കാരിക മാധ്യമങ്ങളും ഒക്കെ പെണ്‍ ചൂഷണങ്ങളെ വ്യാപിപ്പിക്കുന്നവയാണ്. ജി.ഐ.ഒവിന്റെ കാമ്പയിന്‍ പോലും ഈ സാഹചര്യത്തെ പശ്ചാത്തലാമാക്കിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രത്യേക സാഹചര്യങ്ങളോ സവിശേഷതകളോ ഉള്‍കൊള്ളാതെ തെറ്റായി പ്രതിനിധാനം ചെയ്തിരുന്ന പൊതുസമൂഹം ചരിത്രപരമായ ദൗര്‍ബല്യങ്ങളെ മറികടന്ന് മുന്നോട്ട് പോയതിന് ശേഷവും മുസ്‌ലിം പെണ്‍കുട്ടിയെ പ്രതിനിധീകരിക്കാന്‍ പഴയ അധീശ ഘടന തന്നെയാണ് ഉപയോഗിക്കുന്നത്.
സദാചാരം ജി.ഐ.ഒവിന്റെ പ്രധാന ശ്രദ്ധാ വിഷയമാണ്. കേരളത്തിന്റെ, പ്രത്യേകിച്ച് കാമ്പസിന്റെ സദാചാരബോധത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? പ്രശ്‌നപരിഹാരത്തിലെ വെല്ലുവിളികള്‍?
സദാചാരമെന്നത് കാമ്പസിന്റെ മാത്രം പ്രശ്‌നമല്ല. മൊത്തം സമൂഹത്തെ ബാധിച്ചിട്ടുള്ള ജീര്‍ണതകള്‍ കാമ്പസുകളിലും കാണാമെന്ന് മാത്രമേ ഉള്ളൂ. പുതിയ ജീവിതസാഹചര്യങ്ങള്‍, വര്‍ധിച്ച വാര്‍ത്താവിനിമയ സാന്ദ്രത, ദൃശ്യമാധ്യമങ്ങള്‍ തുടങ്ങിയവ സദാചാര ബോധത്തെ തകിടം മറിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ലഹരിയുടെ ഉപയോഗം, അനിയന്ത്രിതമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ തുടങ്ങിയവ കാമ്പസ് അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. വിദ്യാഭ്യാസത്തിന് ധാര്‍മിക ഉള്ളടക്കം ഇല്ലാതെ പോയതും, വിദ്യാര്‍ഥി സംഘടനകള്‍ക്ക് സംസ്‌കരണ അജണ്ട ഇല്ലാത്തതും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. ഇവിടെയാണ് ജി.ഐ.ഒ പോലുള്ള സംഘടനകളുടെ പ്രസക്തി. ധാര്‍മികതയും സദാചാരബോധവുമുള്ളതോടൊപ്പം കാര്യക്ഷമതയും സര്‍ഗാത്മകതയുമുള്ള വലിയൊരു വിഭാഗം പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാനായി എന്നതാണ് ജി.ഐ.ഒവിന്റെ സുപ്രധാനമായ നേട്ടം. കാമ്പസ് എന്നു പറയുമ്പോള്‍ തന്നെ സദാചാര രഹിതരും അരാജകവാദികളുമായ യുവതീ യുവാക്കളുടെ കൂടാരമെന്ന തരത്തിലുള്ള സമീപനങ്ങളും നിലപാടുകളും പ്രശ്‌നപരിഹാരത്തിന് ഒട്ടും ആശാസ്യമല്ല. ധാര്‍മിക ഉള്ളടക്കമുള്ള വ്യക്തികളും സംഘടനകളും കാമ്പസിന്റെ മുഖ്യധാരയിലെത്തുകയും സദാചാരവും ധര്‍മനിഷ്ഠയും കാമ്പസിന്റെ ഫാഷന്‍ ആയി തിരിച്ചു പിടിക്കുകയുമാണ് വേണ്ടത്.
ബഹുസ്വരമായ കേരളീയ കാമ്പസുകളില്‍, ഹിജാബ് പോലെ പ്രകടനാത്മകമായ മതചിഹ്നങ്ങള്‍ കൊണ്ടു നടക്കുന്ന ജി.ഐ.ഒ, മതപരമായ സ്വത്വത്തിലൂന്നി ഒരു ലൈംഗിക വര്‍ഗത്തില്‍ വീണ്ടും വിഭാഗീയത സൃഷ്ടിക്കുകയാണോ ചെയ്യുന്നത്? ലിംഗത്തെയും മതത്തെയും അടിസ്ഥാനമാക്കി സംഘടിക്കുന്നതിന്റെ ശരികള്‍ എന്തൊക്കെയാണ്?
ലിംഗം, മതം തുടങ്ങിയ സ്വത്വങ്ങള്‍ക്ക് സവിശേഷമായ രാഷ്ട്രീയ പ്രാധാന്യം തന്നെ ഇന്നുണ്ട്. ഇവയടിസ്ഥാനമാക്കിയുള്ള സവിശേഷമായ സംഘാടനത്തിലൂടെയും പോരാട്ടങ്ങളിലൂടെയും മാത്രമേ നിലവിലെ അധീശ ഘടനയെ ചെറുത്തു പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മുന്നേറാനാവൂ എന്നത് ഒരു യാഥാര്‍ഥ്യമാണ്. സ്ത്രീ അവളുടെ സ്വത്വത്തിലും പ്രകൃതത്തിലുമൂന്നിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു എന്നതു പോലെ, മുസ്‌ലിം സ്ത്രീ സവിശേഷമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇത്തരം സൂക്ഷ്മമായ ഇടപെടലുകളും ആവിഷ്‌കാരങ്ങളും പൊതു പ്രശ്‌നങ്ങള്‍ക്കെതിരായ പോരാട്ടങ്ങളെ ബലപ്പെടുത്തുകയാണ് ആത്യന്തികമായി ചെയ്യുന്നത്. അതേസമയം ഇസ്‌ലാമിക ദര്‍ശനത്തെ അടിസ്ഥാനമാക്കി എന്നതു കൊണ്ടോ, ഇസ്‌ലാം തലക്കെട്ടില്‍ സ്വീകരിച്ചതുകൊണ്ടോ, മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമാണ് സംഘടനയുടെ അഭിസംബോധിതര്‍ എന്ന് പറയുന്നത് ശരിയല്ല. ഇസ്‌ലാമിന്റെ തനതു പ്രകൃതി തന്നെ അതിന് വിരുദ്ധമാണ്. കാമ്പസിനകത്തും പുറത്തുമുള്ള മുഴുവന്‍ പെണ്‍കുട്ടികളും ജി.ഐ.ഒവിന്റെ അഭിസംബോധിതര്‍ ആണ്. പിന്നെ, ഹിജാബടക്കമുള്ള വ്യത്യസ്ത മത സാംസ്‌കാരിക രാഷ്ട്രീയ ചിഹ്നങ്ങളെ ഉള്‍ക്കൊള്ളാനാവുമ്പോഴല്ലേ നമ്മുടെ കാമ്പസുകള്‍ ശരിക്കും ബഹുസ്വരമാകുന്നത്. സാരിയും ജീന്‍സും ധരിക്കുമ്പോഴും പൊട്ടും കുരിശും അണിയുമ്പോഴും ഇല്ലാത്ത വിഭാഗീയത, ഹിജാബ് ധരിക്കുമ്പോള്‍ ഉണ്ടാകുമെന്ന് പറയുന്നത് അടിയന്തര ചികിത്സ ആവശ്യമായ ഒരു മാനസിക രോഗമാണ്. ചോദ്യത്തിന്റെ തന്നെ ജനിതകമായ ഒരു കുഴപ്പം, ഇത് ആധുനികതയുടെ ഉല്‍പന്നമായ മാര്‍ക്‌സിസത്തിലെ വര്‍ഗ സംഘട്ടനങ്ങളുടെ ചുവടു പിടിച്ച സ്ത്രീവാദങ്ങളുടെ സങ്കേതത്തില്‍ നിന്നുകൊണ്ടുള്ള ഒന്നാണ് എന്നതാണ്.
എന്തൊക്കെയാണ് ജി.ഐ.ഒവിന്റെ പ്രവര്‍ത്തനരീതികള്‍?
നേരത്തെ വിശദീകരിച്ച ആശയ പരിസരത്തിലും രാഷ്ട്രീയ പ്രതിനിധാനത്തിലുമൂന്നിയ പ്രഭാഷണങ്ങളോടൊപ്പം പൊതുമണ്ഡലത്തിന് സര്‍ഗാത്മകമായ സംഭാവനകള്‍ നല്‍കുന്ന ചര്‍ച്ച, സംവാദം, സിംമ്പോസിയം, സെമിനാര്‍ തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളുന്നതാണ് സംഘടനയുടെ പരിപാടികള്‍. നമ്മള്‍ ചര്‍ച്ച ചെയ്തതു പ്രകാരമുള്ള പ്രതിനിധാനത്തിലൂന്നി ജി.ഐ.ഒ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ടും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും കാമ്പയിനുകളും സമ്മേളനങ്ങളും നടത്താറുണ്ട്.
ഇതിനോട് ചേര്‍ത്തു പറയേണ്ടതാണ് ജി.ഐ.ഒ ആഭ്യന്തരമായി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടികളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും. ധാര്‍മികബോധവും സാമൂഹികബോധവും ഒത്തിണങ്ങിയ കരുത്തുറ്റ അണികളെ വാര്‍ത്തെടുക്കാന്‍ ജി.ഐ.ഒക്ക് സാധ്യമാകുന്നത് ഇത്തരം ആഭ്യന്തര പരിപാടികളിലൂടെയാണ്. അത് സംഘടനയുടെ പൈതൃകപരമായ തനിമയാണ്.
മുസ്‌ലിം സമുദായത്തിനകത്തെ പ്രശ്‌നങ്ങളെ ജി.ഐ.ഒ പരിഗണിക്കാറുണ്ടോ? മുസ്‌ലിം സ്ത്രീ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ജി.ഐ.ഒവിന്റെ പാരമ്പര്യം?
മുസ്‌ലിം സമുദായത്തിനകത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളെയാണ് ജി.ഐ.ഒ പൊതുവെ പരിഗണിക്കാറുള്ളത്.
മുസ്‌ലിം സമൂഹത്തിനകത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് പരിഹാരം തേടുന്ന കീഴ്‌വഴക്കം മുസ്‌ലിം സംഘടനകള്‍ക്കില്ല എന്നുതന്നെ പറയാം. ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളോടുള്ള പ്രതികരണമാണ് അവയുടെ ഒരു പൊതുരീതി. ഇത് പലപ്പോഴും സാമുദായിക പ്രതിരോധത്തിന്റെ സ്വഭാവത്തിലുമായിരിക്കും. എന്തു വില കൊടുത്തും മാറ്റിയെടുക്കേണ്ട ഒന്നാണിത്. കാരണം, ഇസ്‌ലാം ഒരു മരിച്ച ദര്‍ശനമല്ല. ജീവനുള്ളതും ചലനാത്മകവുമാണ്. മുസ്‌ലിം സ്ത്രീയെക്കുറിച്ച് പൊതുമണ്ഡലവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രശ്‌നങ്ങളൊന്നും മൗലികമല്ല. അവയൊന്നും മുസ്‌ലിം സ്ത്രീയുടെ സ്വത്വ സാക്ഷാത്കാരങ്ങളുടെ വഴിയിലെ പ്രതിസന്ധികളായി ഉയര്‍ന്നുവന്നവയല്ല. മറിച്ച്, 'ഇതാണ് നിങ്ങളുടെ പ്രശ്‌നം, ഇതാണ് നിങ്ങളുടെ പ്രശ്‌നം' എന്ന് അടിച്ചേല്‍പ്പിക്കുകയാണ്. ഇതല്ലാത്ത സ്വത്വപരവും സാമൂഹികവും സാമുദായികവും സാംസ്‌കാരികവും ഒക്കെയായ ഒരുപാട് പ്രശ്‌നങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്നുണ്ട്. അവ ഉയര്‍ത്തിക്കൊണ്ടുവരാനും പ്രശ്‌ന നിര്‍ധാരണം നടത്താനുമാണ് ജി.ഐ.ഒ മുന്നോട്ടു വരുന്നത്. അതിനാവശ്യമായ ധൈഷണികവും ഘടനാപരവും ആയ സ്രോതസ്സുകള്‍ ജി.ഐ.ഒക്കുണ്ട്. അപ്പോള്‍ മാത്രമേ ജി.ഐ.ഒ മാറ്റത്തിന്റെ ചാലകശക്തിയാണെന്ന അവകാശവാദത്തിന് പ്രസക്തിയുള്ളൂ എന്നുറച്ച ബോധ്യവും ഞങ്ങള്‍ക്കുണ്ട്.
സ്ത്രീ പള്ളിപ്രവേശം, ശരീഅത്ത് വിവാദം, സ്ത്രീധന വിരുദ്ധ പ്രചാരണം മുതലായ പരമ്പരാഗത വിഷയങ്ങളില്‍ ജി.ഐ.ഒ ഇടപെടുകയും തങ്ങളുടേതായ അഭിപ്രായം രൂപപ്പെടുത്തുകയും പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ ആവശ്യമായ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ കൂടുതലായി തെരുവിലിറങ്ങുകയും പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന പ്രവണതയെ ജി.ഐ.ഒ പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ. ഇത് നൈസര്‍ഗികമായ ഇസ്‌ലാമികപ്രവര്‍ത്തനം എന്നതിലുപരി സെക്യുലര്‍, ലിബറല്‍ രീതികളോടുള്ള അനുകരണമല്ലേ?
ഇതിനു മറുപടി പറയാന്‍, ഒന്നാമതായി എന്താണ് നൈസര്‍ഗികമായ ഇസ്‌ലാമിക പ്രവര്‍ത്തനം എന്ന ചോദ്യത്തെ നാം അഭിസംബോധനം ചെയ്യേണ്ടിയിരുന്നു.
സംഘം ചേരാനുള്ള മനുഷ്യന്റെ നൈസര്‍ഗിക തേട്ടത്തിന്റെ സാക്ഷാത്കാരമാണ് സംഘടനകള്‍. ആശയവിനിയമം, സമ്പാദ്യം, അംഗീകാരം, ഉയര്‍ച്ച, ആദരവ്, അധികാരം, സ്‌നേഹം, കുടുംബം, ലൈംഗികത തുടങ്ങിയവയെല്ലാം മനുഷ്യന്റെ നൈസര്‍ഗിക തേട്ടങ്ങളാണ്. അതില്‍ സ്ത്രീ പുരുഷ ഭേദമില്ല. അധികാരം, സമ്പാദ്യം അതിന്റെ സാക്ഷാത്കാരമായിട്ടാണ് സാമൂഹിക സംവിധാനങ്ങളും സ്ഥാപനങ്ങളും ഉയര്‍ന്നുവന്നിട്ടുള്ളത്. ആത്മസാക്ഷാത്കാരത്തിന് ഇവയെല്ലാമുപയോഗപ്പെടുത്തുമ്പോള്‍ നന്മയുടെ പക്ഷത്ത് നില്‍ക്കുക എന്നതാണ് നൈസര്‍ഗികമായ ഇസ്‌ലാമിക പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ജീവിത വ്യവഹാരങ്ങളോളം തന്നെ വൈവിധ്യമുള്ളതായിരിക്കും അവ. ജന സമ്പര്‍ക്ക പരിപാടികള്‍ക്ക് പുറത്തും തെരുവിലുമിറങ്ങേണ്ടിവരും. അത് സെക്യുലറാണ്, ലിബറലാണ് എന്നൊക്കെ പറയുന്നത്, പണ്ട് മുതലേ മനുഷ്യന്‍ വായ കൊണ്ടാണ് സംസാരിക്കുന്നത്, ആശയ വിനിമയ സംവിധാനങ്ങള്‍ ഇത്രയേറെ വികസിച്ച ലോകത്ത് മനുഷ്യന് വായ കൊണ്ട് സംസാരിക്കുന്നത് പണ്ടുള്ളവരെ അനുകരിക്കലല്ലേ എന്നൊക്കെ ചോദിക്കുംപോലെയാണ്. സെക്യുലറായാലും ലിബറലായാലും ഇസ്‌ലാമായാലും സംവേദന സംവിധാനങ്ങള്‍ മനുഷ്യന്റേതായിരിക്കും. ഉള്ളടക്കം നോക്കിയാണ് മൂല്യം നിര്‍ണയിക്കേണ്ടത്. ഇനി സ്ത്രീകളുടെ പൊതു പ്രവര്‍ത്തനത്തെക്കുറിച്ചാണ് വേവലാതിയെങ്കില്‍ ഉത്തരം വേറെയാണ്. സ്ത്രീ കുടുംബത്തില്‍ എന്ന വിഭജനം വിക്‌ടോറിയന്‍ സദാചാര സങ്കല്‍പത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. ഇസ്‌ലാമിന് വ്യക്തവും യുക്തവുമായ സദാചാര കാഴ്ചപ്പാടുണ്ട്. അടച്ചിട്ട കമ്പാര്‍ട്ടുമെന്റുകളിലല്ല, പൊതു ഇടങ്ങളിലാണ് സദാചാരം സാധ്യമാവേണ്ടത് എന്നതിന്റെ കൃത്യമായ ഭാഷ്യമാണത്.
ഇസ്‌ലാമിനെ അടിസ്ഥാന ദര്‍ശനമാക്കിയ ഒരു സംഘടന എന്ന നിലക്ക് ഒരിക്കലും തന്നെ ആത്മപ്രകാശനത്തിനും സ്വാതന്ത്യത്തിനും വേണ്ടി സെക്യുലര്‍ ലിബറല്‍ ആശയങ്ങളെ കടം കൊള്ളേണ്ട ആവശ്യം ജി.ഐ.ഒക്ക് ഇല്ല. സ്വാതന്ത്യത്തെയും സ്വത്വത്തെയും കുറിച്ച് മുസ്‌ലിം സ്ത്രീകളുടെ സ്വയം ബോധ്യങ്ങള്‍ നിര്‍വചിക്കാനുള്ള പ്രാപ്തി അവര്‍ക്കില്ല എന്നതാണ് യാഥാര്‍ഥ്യം. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊക്കെയുള്ള ഉദാഹരണങ്ങള്‍ ഇതിന് തെളിവാണ്.
ഇപ്പോള്‍ 'സ്ത്രീ: സ്വത്വം, സുരക്ഷ, സമൂഹം' എന്ന തലക്കെട്ടില്‍ ജി.ഐ.ഒ ഒരു കാമ്പയിന്‍ നടത്തുകയാണല്ലോ. കാമ്പയിന്റെ സന്ദേശം? പ്രധാന പരിപാടികള്‍?
പെണ്‍കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ഭയമായും സ്വതന്ത്രമായും സുരക്ഷിതമായും ആവിഷ്‌കരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുക, രക്ഷിതാക്കളെയും സമൂഹത്തെയും ബോധവത്കരിക്കുക, പെണ്‍കുട്ടികളില്‍ നിയമാവബോധം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാമ്പയില്‍ നടത്തുന്നത്.
കാമ്പയിന്‍ ഉദ്ഘാടന സമ്മേളനം നവംബര്‍ 21-ന് എറണാകുളത്ത് നടന്നു. ഫിലിം പ്രദര്‍ശനം, സിനിമയിലെ സ്ത്രീ, സ്ത്രീയുടെ സിനിമ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം, സര്‍വേ, സെമിനാറുകള്‍, പുസ്തകപ്രകാശനം, എക്‌സിബിഷന്‍, ഡിസംബര്‍ 5-ന് മലപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം എന്നിവയാണ് കാമ്പയിനിലെ പ്രധാന പരിപാടികള്‍.
ജി.ഐ.ഒവിന്റെ ഭാവി?
ബഹു ഭൂരിപക്ഷവും പെണ്‍കുട്ടികള്‍ പഠിക്കുന്ന കേരളീയ കാമ്പസുകളില്‍ ജി.ഐ.ഒവിന് വലിയ സാധ്യതയാണ് നാം മുമ്പില്‍ കാണുന്നത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ സമൂഹത്തില്‍ പൊതുവെയും മുസ്‌ലിം സമൂഹത്തില്‍ വിശേഷിച്ചും ഉണ്ടായ ഉണര്‍വുകള്‍, രാഷ്ട്രീയമടക്കമുള്ള മേഖലകളില്‍ സ്ത്രീകള്‍ക്കുണ്ടായിട്ടുള്ള പുതിയ സാധ്യതകള്‍ ജി.ഐ.ഒവിനെ സംബന്ധിച്ചേടത്തോളം പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാനും തങ്ങളുടേതായ സവിശേഷ മുദ്രകള്‍ പതിപ്പിക്കാനും പെണ്‍കുട്ടികളെ സജ്ജരാക്കാനും വലിയ സാധ്യതകള്‍ തുറന്നുകിട്ടിയിരിക്കുന്നു.