>>മുഖക്കുറിപ്പ്
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയായ ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി കഴിഞ്ഞ നവംബര്‍ 11,12 തീയതികളില്‍ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായി സിയോളില്‍ നടക്കുകയുണ്ടായി. താളം തെറ്റിക്കൊണ്ടിരിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥ നിയന്ത്രണ വിധേയമാക്കാനും ജനകോടികളുടെ ക്ഷയോന്മുഖമായ ജീവിതോപാധികള്‍ മെച്ചപ്പെടുത്താനും പദ്ധതികളാവിഷ്കരിക്കുകയായിരുന്നു ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യം. രണ്ടു വിഷയങ്ങളിലും മൂര്‍ത്തമായ ചുവടുവെയ്പുകളൊന്നും നടത്താതെ എല്ലാം ഉള്‍ക്കൊള്ളുന്നുവെന്നു തോന്നിക്കുന്നതും എങ്ങും തൊടാത്തതുമായ ചില പ്രസ്താവനകള്‍ നടത്തി പിരിയാനേ ഉച്ചകോടിക്കു കഴിഞ്ഞുള്ളൂ. ദരിദ്ര രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ഉച്ചകോടി ഗൌരവ പൂര്‍വം ചര്‍ച്ച ചെയ്യണമെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അക്കാര്യത്തില്‍ ഫലപ്രദമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല.
ഇന്ത്യയെയും ചൈനയെയും പോലുള്ള നവ സാമ്പത്തിക ശക്തികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്ന വിധത്തില്‍ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) യുടെ ഘടന പരിഷ്കരിക്കുന്നതു സംബന്ധിച്ച് അംഗരാഷ്ട്രങ്ങള്‍ നേരത്തെ തന്നെ ഏകാഭിപ്രായത്തിലെത്തിയിരുന്നു. ഈയൊരു വിഷയത്തില്‍ മാത്രമാണ് ഉച്ചകോടി ഉറച്ച തീരുമാനമെടുത്തുവെന്ന് പറയാവുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. സിയോളില്‍ മന്‍മോഹന്‍ സിംഗുമായി സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യു.എന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം വേണമെന്ന ആവശ്യത്തെ പിന്തുണച്ചതും ഇന്ത്യയുടെ സ്ഥിരാംഗത്വാവശ്യം പരിഗണിക്കാന്‍ തയാറാണെന്ന് ചൈന വ്യക്തമാക്കിയതും വേണമെങ്കില്‍ ഉച്ചകോടിയില്‍ നമുക്കുണ്ടായ നേട്ടമായി പരിഗണിക്കാം. ഇതുപക്ഷേ ഉച്ചകോടി ചര്‍ച്ച ചെയ്ത വിഷയമായിരുന്നില്ല.
ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ അവരവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടത് സ്വാഭാവികമാണ്. അതോടൊപ്പം വ്യത്യസ്ത രാജ്യങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളെ കൂട്ടിയിണക്കുന്ന ചില കണ്ണികള്‍ നിര്‍മിക്കാനും വൈരുധ്യങ്ങളെ സമരസപ്പെടുത്തുന്ന ആശയങ്ങളാവിഷ്കരിക്കാനും കഴിയേണ്ടതുണ്ട്. അതുണ്ടാക്കാന്‍ കഴിയാതെ പോയതാണ് ഉച്ചകോടിയെ ഫലശൂന്യമാക്കിയത്. പരമാവധി ഉല്‍പാദിപ്പിക്കണം. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കണം. അതിന് അന്യരാജ്യങ്ങളുടെ, വിശേഷിച്ചും അവികസിത രാജ്യങ്ങളുടെ വിപണികള്‍ മലര്‍ക്കെ തുറന്നു വയ്ക്കണം. അന്യ രാജ്യ ഉല്‍പന്നങ്ങള്‍ സ്വന്തം വിപണിയില്‍ കടന്നു കയറുന്നത് പരമാവധി കുറക്കുകയും വേണം. ഇതാണ് എല്ലാ രാജ്യങ്ങളുടെയും നിലപാട്.
ചാഞ്ചാടിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിപണി വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുക, രാജ്യങ്ങള്‍ അവരവരുടെ നാണയ വില കുറക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുക എന്നീ രണ്ട് വിഷയങ്ങളായിരുന്നു ഉച്ചകോടിയുടെ മുഖ്യ അജണ്ട. പക്ഷേ ആഗോള സാമ്പത്തിക കുഴപ്പത്തിന്റെ ആഴമെത്രെയെന്നും അതിനുത്തരവാദികളാരെന്നും കാരണങ്ങളെന്തെന്നും വിലയിരുത്തുന്നതിലും പരിഹാരം നിര്‍ദേശിക്കുന്നതിലും അംഗരാജ്യങ്ങള്‍ക്ക് ഒട്ടും യോജിക്കാനായില്ല. ഒന്നും നഷ്ടപ്പെടാതെ എല്ലാം നേടാനാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചത്. ഉച്ചകോടിയുടെ പരാജയമായിരുന്നു അതിന്റെ ഫലം.
യുവാന്റെ മൂല്യം കുറച്ചുകൊണ്ട് ചൈനീസ് ഉല്‍പന്നങ്ങള്‍ ലോക വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ വ്യാപാര താല്‍പര്യങ്ങളെയാണിതു ഏറെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഗസ്റില്‍ മാത്രം ചൈനയുമായുള്ള വ്യാപാരത്തില്‍ അമേരിക്കക്ക് 2800 കോടി ഡോളര്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. അതുകൊണ്ട് യുവാന്റെ മൂല്യം കുറക്കുന്നത് നിയന്ത്രിക്കണം. അമേരിക്ക ഉന്നയിച്ച ഈ ആവശ്യത്തെ അംഗരാജ്യങ്ങള്‍ പിന്തുണച്ചില്ല. നാണയങ്ങളുടെ മൂല്യനിര്‍ണയം അതതുരാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ചൈനയുടെ നിലപാട്. ഉറ്റ സുഹൃത്തായ ദക്ഷിണ കൊറിയ പോലും അമേരിക്കന്‍ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു. നാണയങ്ങളുടെ മൂല്യനിര്‍ണയം അന്താരാഷ്ട്ര നിയന്ത്രണത്തിന് വിധേയമാകുന്നത് ഗുണകരമല്ലെന്നാണ് അമേരിക്കയുടെ പുതുചങ്ങാതിയായ ഇന്ത്യയും അഭിപ്രായപ്പെട്ടത്. ഉത്തേജന നടപടിയെന്ന നിലയില്‍ അമേരിക്ക ഈയിടെ 60000 കോടി ഡോളര്‍ സമ്പദ് ഘടനയിലിറക്കിയത് ഒരുതരം കറന്‍സി കള്ളക്കളി തന്നെയാണെന്ന് ചൂണ്ടിക്കാണിക്കാനും ചില രാജ്യങ്ങള്‍ തയാറായി. ചൈനയുടെ തന്ത്രം ഇതര രാജ്യങ്ങളും പിന്തുടര്‍ന്നേക്കും എന്നാണിതിന്റെ സൂചന. അത് അമേരിക്കന്‍ സാമ്പത്തിക കുഴപ്പത്തെ കൂടുതല്‍ മൂര്‍ഛിപ്പിക്കുമെന്നതില്‍ സംശയം വേണ്ട.
ഓരോ രാജ്യവും അതിന്റെ സാമ്പത്തിക ദൌര്‍ബല്യങ്ങളും കരുതല്‍ ധനവും നിര്‍ണയിച്ചു മാത്രമേ സ്വന്തം വാണിജ്യ താല്‍പര്യം രൂപപ്പെടുത്താന്‍ പാടുള്ളൂ എന്ന അമേരിക്കന്‍ നിര്‍ദേശവും ജി 20 നേതാക്കള്‍ തള്ളിക്കളയുകയാണുണ്ടായത്. നാണയത്തിന്റെ മൂല്യം കുറക്കുന്നത് നിയന്ത്രിക്കാനും അന്താരാഷ്ട്ര വ്യാപാര അസന്തുലിതത്വം പരിഹരിക്കാനും തങ്ങളുന്നയിച്ച നിര്‍ദേശങ്ങള്‍ ജി 20 രാഷ്ട്രങ്ങളെ കൊണ്ട് അംഗീകരിപ്പിച്ചാല്‍ തങ്ങള്‍ക്ക് ഹാനികരമായ ചൈനീസ് വ്യാപാര മുന്നേറ്റത്തിനു തടയിടാമെന്നായിരുന്നു ഒബാമയുടെ കണക്കു കൂട്ടല്‍. രണ്ടു വിഷയത്തിലും ആവശ്യമായ പിന്തുണ ലഭിക്കാതായതോടെ ആ ശ്രമം പാളിയിരിക്കുകയാണ്.
സ്വന്തം താല്‍പര്യങ്ങള്‍ യഥേഷ്ടം നടപ്പിലാക്കാനുള്ള അമേരിക്കയുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ജി 20 ഉച്ചകോടി നല്‍കുന്ന സുപ്രധാനമായ സൂചന. മറ്റു രാജ്യങ്ങള്‍ അമേരിക്കയുടെ താല്‍പര്യം നോക്കാതെ തന്നെ സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാനും അതു നടത്തിയെടുക്കാനും ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പുതിയൊരു ലോകസാഹചര്യം ഉദയം ചെയ്യുന്നതിന്റെ നാന്ദിയായി ഇതിനെ കാണാവുന്നതാണ്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം ഏതാനും വര്‍ഷങ്ങള്‍ കൂടി നീണ്ടുപോയാല്‍ അമേരിക്ക എന്ന ലോക പോലീസിന്റെ വീര്യം അമ്പേ ചോര്‍ന്നു പോകും. ആഗോള സമ്പദ് ഘടനയിലുള്ള അമേരിക്കയുടെ പിടുത്തം അയയുന്നതിനര്‍ഥം ആഗോള രാഷ്ട്രീയത്തിലുള്ള അതിന്റെ പിടുത്തവും അയഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ്. സമ്പത്തിന്മേലുള്ള പിടുത്തം, അതിനു പിന്നില്‍ പ്രബലമായ രാഷ്ട്രീയ സ്വാധീനമുള്ളപ്പോഴേ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയൂ.