>>കവര്‍സ്റ്റോറി്
മാധ്യമങ്ങള്‍ പൊതുസമൂഹത്തെ
നിഗ്രഹിക്കുന്നു
നോം ചോംസ്‌കി
(നോം ചോംസ്‌കിക്ക് മുഖവുര ആവശ്യമില്ല. ജീവിച്ചിരിക്കുന്ന ഭാഷാ ശാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യന്‍. അമേരിക്കയിലെ ആക്ടിവിസ്റ്റ് ബുദ്ധിജീവികളില്‍ പ്രഥമ സ്ഥാനീയന്‍. ബോസ്റ്റണിലെ മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബഹുഭാഷാ പ്രഫസറായ ഈ 82-കാരന്‍ മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചതിക്കുഴികളെയും ലിബറല്‍ മാധ്യമങ്ങളുടെ നെറികേടുകളെയും ലോകത്തിന് മുമ്പില്‍ തുറന്ന് കാണിക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വത്തിന്റെ അധീശത്വ താല്‍പര്യങ്ങളെയും മാധ്യമങ്ങളുടെ സാമ്രാജ്യത്വ ദാസ്യവേലകളെയും അനാവരണം ചെയ്യുന്നു. അദ്ദേഹവുമായി ആജസ് അഷ്‌റഫ്, അനുരാധ വര്‍മ എന്നിവര്‍ ഔട്ടുലുക്കി(2010 നവംബര്‍ 1) നു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
ലിബറല്‍ മാധ്യമ കാഴ്ചപ്പാട് ഒരു മിത്താണെന്ന് താങ്കള്‍ അഭിപ്രായപ്പെടുന്നു. വിശദീകരിക്കാമോ?
ലിബറല്‍ മാധ്യമം എന്നത് ഒരു മിത്താണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു, എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എന്നോട് യോജിക്കുന്നില്ലെങ്കിലും. എന്റെ കാഴ്ചപ്പാടില്‍, ഭൂരിഭാഗം മാധ്യമങ്ങളും ലിബറല്‍ എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. ഭരണകൂടത്തിന്റെ അധികാരങ്ങളെയും അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും പിന്തുണക്കുന്നു എന്ന അര്‍ഥത്തിലാണ് ഇവിടെ ലിബറല്‍ എന്ന വാക്ക് പ്രയോഗിക്കുന്നത്. എന്നിരുന്നാലും പൗരാവകാശത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും സാമൂഹിക ജനാധിപത്യത്തിനും ഏറെക്കുറെ അനുകൂലമായിരിക്കുക എന്ന ലിബറലിസത്തിന്റെ അര്‍ഥകല്‍പനയെ ഞാന്‍ നിരാകരിക്കുന്നില്ല.
ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങള്‍ അവയുടെ ധര്‍മങ്ങള്‍ നിറവേറ്റുന്നുണ്ടോ?
അതെ, ഒരു പരിധിവരെ. അവയുടെ പ്രധാന പ്രതിബദ്ധത അധികാര ശക്തികളോടാണ്. ഉദാഹരണത്തിന്, ഇന്ന് പൗരാവകാശത്തിന് നേരെ ഒരുപാട് അതിക്രമങ്ങള്‍ നടക്കുന്നു. ഒബാമ ഭരണകൂടത്തില്‍നിന്നുതന്നെ ഈ അതിക്രമങ്ങളൊക്കെ വരുന്നതുകൊണ്ട്, മാധ്യമങ്ങള്‍ ഇതേപ്പറ്റി വളരെ കുറച്ചേ ചര്‍ച്ച ചെയ്യുന്നുള്ളൂ.
അമേരിക്കയുടെ യുദ്ധങ്ങള്‍ താങ്കളുടെ മനസ്സിലുണ്ട്, അല്ലേ?
ഇറാഖ് ആക്രമണ പദ്ധതി പ്രഖ്യാപനം നടന്ന ഉടനെത്തന്നെ മാധ്യമങ്ങളെല്ലാം സര്‍ക്കാറിന്റെ പ്രചാരണ ഏജന്‍സികളായി മാറി. വിയറ്റ്‌നാം ആക്രമണത്തിന്റെ കാര്യത്തിലും ഇങ്ങനെത്തന്നെയായിരുന്നു. ഏതഥര്‍ത്തിലാണോ ഒബാമ ലിബറലായത് ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ മാധ്യമങ്ങളും ലിബറലാണ്. ഉദാഹരണത്തിന്, ഇറാഖ് യുദ്ധത്തിന്റെ ഒരു പ്രധാന വിമര്‍ശകനായാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. എന്തുകൊണ്ടെന്നാല്‍ തന്റെ ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇറാഖ് യുദ്ധം വലിയൊരു അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അതാണ് അയാളുടെ ലിബറലിസത്തിന്റെ വ്യാപ്തി. അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ നിങ്ങള്‍ 1985-ല്‍ പ്രവദയിലും വായിച്ചിട്ടുണ്ടാകും. അഫ്ഗാന്‍ യുദ്ധം ഒരു വമ്പന്‍ വിഡ്ഢിത്തമായിരുന്നുവെന്ന് ആളുകള്‍ പറഞ്ഞു. ഇതിനെയൊന്നും നാം തത്ത്വദീക്ഷയുള്ള വിമര്‍ശനമായി കരുതിയിട്ടില്ല.
സമഗ്രാധിപത്യത്തിന് അക്രമമെന്ന പോലെയാണ് ജനാധിപത്യത്തിന് പ്രചാരണമെന്ന് താങ്കള്‍ പറഞ്ഞു. പ്രചാരണം ആളുകളുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിക്കൊണ്ട് അവരുടെ ഇഛാശക്തിയെ തകര്‍ക്കുമെന്നാണോ താങ്കള്‍ കരുതുന്നത്?
വ്യക്തമായും അതതിന്റെ ലക്ഷ്യമാണ്, ഒരു പ്രഖ്യാപിത ലക്ഷ്യം. 1920-കളില്‍ ഇതിനെ പ്രോപഗണ്ട എന്നാണ് വിളിച്ചിരുന്നത്. 1920-കളില്‍ നാസിസത്തിന്റെ വരവോടുകൂടി പ്രോപഗണ്ടക്ക് തെറ്റായ അര്‍ഥം കൈവന്നു. അതുകൊണ്ട് ഇപ്പോള്‍ അതിനെ പ്രോപഗണ്ട എന്ന് വിളിക്കുന്നില്ല. പക്ഷേ, 1920-കളില്‍ അത് ശരിയായിരുന്നു. ഉദാഹരണത്തിന്, വലിയ പബ്ലിക് റിലേഷന്‍ വ്യവസായത്തിന് വിശ്വാസങ്ങളെയും സമീപനങ്ങളെയും നിയന്ത്രിക്കുക എന്ന ലക്ഷ്യമുണ്ട്. വാള്‍ട്ടര്‍ ലിപ്മാനെ പോലുള്ള ലിബറല്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് 'നാം പൊതു സമ്മിതി നിര്‍മിക്കേണ്ടതുണ്ട്. അതോടൊപ്പം തീരുമാന രൂപവത്കരണത്തില്‍നിന്ന് പൊതുജനത്തെ അകറ്റി നിര്‍ത്തുകയും വേണം. നാം ഉത്തരവാദിത്വമുള്ള ആളുകളാണ്. നാം തീരുമാനമെടുക്കേണ്ടതുണ്ട്; നമ്മള്‍ സംരക്ഷിക്കപ്പെടുകയും വേണം. ജനാധിപത്യ പ്രക്രിയയില്‍ നമ്മളാണ് പങ്കുകൊള്ളുന്നത്; പൊതുജനം വെറും കാഴ്ചക്കാര്‍. പൊതുജനം നിശ്ശബ്ദരും അനുസരണശീലമുള്ളവരും ആണെന്ന് ഉറപ്പുവരുത്തേണ്ടത് മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും ഉത്തരവാദിത്വമാണ്.' ഇതാണ് ലിബറല്‍ ചിന്താഗതിക്കാരുടെ വീക്ഷണം. ഈ അര്‍ഥത്തില്‍ മാധ്യമങ്ങള്‍ ലിബറലുകളാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
സര്‍ക്കാറിന്റെയും വരേണ്യ വിഭാഗത്തിന്റെയും ശബ്ദമായിത്തീരാന്‍ മാധ്യമങ്ങള്‍ എന്ത് തന്ത്രമാണ് പ്രയോഗിക്കുന്നത്?
വളരെ ഋജുവായ രീതിയാണത്. 'ആനിമല്‍ ഫാം' എന്ന തന്റെ നോവലിന്റെ ആമുഖത്തില്‍ ജോര്‍ജ് ഓര്‍വല്‍ പറയുന്ന ഒരു കാര്യമുണ്ട്. പ്രസിദ്ധീകരിക്കാത്തതുകൊണ്ടുതന്നെ ഈ ആമുഖം ആരും വായിച്ചിട്ടുണ്ടാവില്ല. സമഗ്രാധിപത്യത്തിലെ കുറ്റകൃത്യത്തെപ്പറ്റിയുള്ള ആ ആക്ഷേപ ഹാസ്യത്തില്‍ ബ്രിട്ടീഷുകാര്‍ സംതൃപ്തരൊന്നുമായിരുന്നില്ല. അദ്ദേഹം പറയുന്നു: ''സ്വതന്ത്ര ഇംഗ്ലണ്ടില്‍ അവര്‍ക്ക് അസ്വീകാര്യമായ ആശയങ്ങള്‍ ബലം പ്രയോഗിക്കാതെത്തന്നെ സ്വമേധയാ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നു. സമ്പന്നരുടെ ഉടമസ്ഥതയിലാണ് പത്രങ്ങള്‍. അതുകൊണ്ട് ചില ആശയങ്ങള്‍ പുറത്തുവിടാന്‍ അവരാഗ്രഹിക്കുന്നില്ല.'' പുതിയ കാലത്ത് പൊതുവെ മാധ്യമങ്ങള്‍ വലിയ കോര്‍പറേറ്റുകളുടെ അല്ലെങ്കില്‍ മെഗാകോര്‍പറേറ്റുകളുടെ ഭാഗമോ ഗവണ്‍മെന്റുമായി വളരെ അടുത്ത് ബന്ധപ്പെട്ട് നില്‍ക്കുന്നതോ ആണ്. കൂടുതല്‍ പ്രസക്തമായ മറ്റൊരു കാരണം, നിങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കില്‍ പുറത്തു പറയേണ്ടവയല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് നിങ്ങള്‍ നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവും.
വിശദീകരിക്കാമോ?
ഉദാഹരണത്തിന് ന്യൂറംബര്‍ഗില്‍ വെച്ച് ചിലരെ എന്തിന് തൂക്കിലേറ്റിയോ, അതുപോലുള്ള കൃത്യമാണ് ഇറാഖ് അധിനിവേശമെന്ന് താങ്കള്‍ പറയുന്നില്ല. പകരം, തന്ത്രപരമായ പിഴവ് എന്ന് മാത്രം പറയുന്നു. 1980-കളില്‍ കമ്യൂണിസ്റ്റുകാരും അങ്ങനെയൊക്കെയാണ് പറഞ്ഞിരുന്നത്. കമ്യൂണിസ്റ്റ് നാടുകളില്‍ അങ്ങനെ പറയാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നല്ലോ. പടിഞ്ഞാറാവട്ടെ അത്തരം നിര്‍ബന്ധിതാവസ്ഥകളില്ല. ഒരു പ്രത്യേക തരം ബുദ്ധിജീവി സംസ്‌കാരത്തോട് സ്വമേധയാ ഉള്ള ഒരു കീഴടങ്ങലും കീഴ്‌പ്പെടലുമായിരുന്നു അത്. എല്ലാതരം അപഗ്രഥനത്തെയും റിപ്പോര്‍ട്ടിംഗിനെയും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതിനെയും നിയന്ത്രിക്കുന്ന വളരെ ഇടുങ്ങിയ ഇടമാണത്. ഇന്നത്തെ (ഒക്‌ടോബര്‍ 5) ന്യൂയോര്‍ക്ക് ടൈംസ് എടുത്തു നോക്കുക. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സ്റ്റിവന്‍ലി മര്‍യേസിന്റെ ഒരു ലേഖനമുണ്ടതില്‍. വിഭാഗീയ സംഘട്ടനം മൂലം ഇറാഖ് താറുമാറായിരിക്കുകയാണെന്ന് അയാള്‍ പറയുന്നു. ഈ കലാപത്തെ ജനാധിപത്യത്തിന്റെ പരിണിത ഫലമായി അദ്ദേഹം കാണുന്നു. ഞാനങ്ങനെ ചിന്തിക്കുന്നില്ല. അമേരിക്കന്‍ ആക്രമണത്തിന്റെ പരിണത ഫലമാണതെന്നാണ് എന്റെ വിശ്വാസം. പക്ഷേ, അങ്ങനെ പറയാനോ ചിന്തിക്കാനോ നിങ്ങള്‍ക്ക് കഴിയില്ല.
ഒരര്‍ഥത്തില്‍ മാധ്യമങ്ങളുടെ ഘടന പ്രതിഫലിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ തന്നെ അസന്തുലിതമായ ഘടനയെ തന്നെയല്ലേ?
അതെ, അത് പ്രതിഫലിപ്പിക്കുന്നത് അധികാരത്തിന്റെ ഘടനയാണ്.അതിലത്ഭുതമില്ല.
ഇത്തരമൊരവസ്ഥയില്‍ സത്യം വെളിപ്പെടാതെ തെന്നിമാറിപ്പോകും എന്നാണോ താങ്കള്‍ കരുതുന്നത്?
നേരത്തെ പറഞ്ഞ അതേ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം തന്നെ എടുക്കുക. കഴിഞ്ഞ ഏഴു വര്‍ഷത്തെ ഇറാഖ് സംഭവവികാസങ്ങള്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കുന്ന ആര്‍ക്കും, അവിടെയുണ്ടായ വിഭാഗീയ സംഘട്ടനങ്ങള്‍ ജനാധിപത്യം മൂലമുണ്ടായതല്ല, മറിച്ച് അമേരിക്കന്‍ അധിനിവേശം മൂലമുണ്ടായതാണെന്ന് വളരെ വ്യക്തമായി ബോധ്യപ്പെടും. പക്ഷേ, അതൊന്നുമല്ല നിങ്ങള്‍ പത്രമാധ്യമങ്ങളില്‍ കാണുന്നത്. പത്രം വായിക്കുന്ന, ടി.വി പരിപാടികള്‍ കാണുന്ന ഒരു വലിയ ഭൂരിപക്ഷത്തിന് തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ് മനസ്സില്‍ പതിയുന്നത്. ഇതേക്കുറിച്ചൊക്കെ ഗവേഷണം നടത്താന്‍ അവര്‍ക്ക് സമയമില്ലല്ലോ.
പാശ്ചാത്യ രാജ്യങ്ങളിലെയും ഈയടുത്ത കാലത്തായി ഇന്ത്യയിലെയും ആളുകള്‍ പത്രത്തിന്റെ സത്യസന്ധതയില്‍ വിശ്വാസമില്ലാത്തതിനാല്‍ ഇന്റര്‍നെറ്റിലേക്ക് തിരിയുന്നുവെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
അമേരിക്കയെ സംബന്ധിച്ചേടത്തോളം ഇത് ഭാഗികമായി ശരിയാണ്. തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ കാണാറുള്ളതിന്റെ ഒരു വിശാലമായ രൂപമാണിത്. മഹാഭൂരിഭാഗം ആളുകളും എല്ലാ കാര്യത്തിലും മോഹഭംഗം വന്നവരാണ്. അവര്‍ സര്‍ക്കാറിനെതിരാണ്. ബിസിനസ്സിനെതിരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരാണ്. അവര്‍ക്ക് കോണ്‍ഗ്രസിനെ ഇഷ്ടമല്ല. മതത്തിനുമെതിരാണ്. ശാസ്ത്രത്തിലോ ജോലിയിലോ അവര്‍ക്ക് വിശ്വാസമില്ല. അവരുടെ ജീവിതം തകര്‍ന്നത് പോലെ തോന്നും. മാധ്യമങ്ങളെയും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇന്റര്‍നെറ്റിന്റെ കാലത്ത് മാധ്യമങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമോ എന്ന ചര്‍ച്ച വ്യാപകമായി നടക്കുന്നുണ്ട്. ഇതിനെപ്പറ്റി എനിക്ക് സന്ദേഹമുണ്ട്. കഴിഞ്ഞയാഴ്ച ഞാന്‍ മെക്‌സിക്കോയിലായിരുന്നു. മെക്‌സിക്കോ ഒരു ദരിദ്ര രാഷ്ട്രമാണ്. മെക്‌സിക്കോയിലെ ഏറ്റവും പ്രശസ്തമായ രണ്ടാമത്തെ പത്രമാണ് ലാ ജൊറാന്‍ഡ. എനിക്കറിയാവുന്നതില്‍ വെച്ച് വളരെ നിരലവാരമുള്ള പത്രമാണത്. ഇതിന് വ്യാപകമായ പരസ്യങ്ങള്‍ ലഭിക്കുന്നില്ല. കാരണം ബിസിനസ്സുകാരും സര്‍ക്കാറും അതിനെ വെറുക്കുന്നു. വായനക്കാരുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഈ പത്രം നിലനില്‍ക്കുന്നത്. എന്തുകൊണ്ടാണ് സമ്പന്ന രാഷ്ട്രങ്ങളിലിത് സംഭവിക്കാത്തത്? മെക്‌സിക്കോയിലെ ആളുകള്‍ക്ക് ലാ ജൊറാന്‍ഡ പത്രത്തില്‍ വിശ്വാസമുണ്ട്. അവര്‍ അവരുടെ ജോലിക്കിടയില്‍ പോലും തെരുവില്‍ പത്രം വായിച്ചിരിക്കുന്നത് താങ്കള്‍ക്ക് കാണാം.
ഞാന്‍ നാലാഴ്ചകളോളം ഇന്ത്യയിലും പാകിസ്താനിലുമുണ്ടായിരുന്നു. പാകിസ്താനില്‍ വെച്ച് മുഹമ്മദ് ഇഖ്ബാല്‍ എന്ന എന്റെ സുഹൃത്ത് പറഞ്ഞു: ''ഇന്ത്യയിലെ മാധ്യമങ്ങളേക്കാള്‍ സ്വതന്ത്രവും നിഷ്പക്ഷവുമാണ് പാകിസ്താനിലെ പത്രങ്ങളെന്നറിയുമ്പോള്‍ താങ്കള്‍ അത്ഭുതപ്പെടാതിരിക്കില്ല.'' പാകിസ്താനില്‍ ഞാന്‍ വായിച്ച ഇംഗ്ലീഷ് പത്രം കുറഞ്ഞ ആളുകളിലേ എത്തുന്നുള്ളൂ. അതുകൊണ്ടാവാം, ഭരണകൂടം എത്രമാത്രം അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ളതായിട്ടും പത്രസ്വാതന്ത്ര്യത്തില്‍ ഇടപെടാത്തത്. ഇന്ത്യയിലാകട്ടെ, അങ്ങനെ യാതൊരു നിയന്ത്രണവുമില്ല. മീഡിയയെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റിന് അധികാരമില്ല. എന്നിട്ടും ഇന്ത്യയിലെ പത്രങ്ങള്‍ സങ്കുചിതവും പ്രാദേശികവും പല കാര്യങ്ങളും വിട്ടുകളയുന്നവയുമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു ഹിന്ദുവോ ഒന്നു രണ്ട് പത്രങ്ങളോ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഇതിലൊന്നും എനിക്ക് അത്ഭുതമില്ല. ലോകത്ത് മൊത്തം സ്ഥിതി ഇങ്ങനെയാണ്. മെക്‌സിക്കോയിലെ ലാ ജൊറാന്‍ഡ അസാധാരണമായ ഒന്നാണ്. ആ മേഖലയിലെ തന്നെ ഏക സ്വതന്ത്ര പത്രം.
എന്താണ് ഇതിനൊരു പരിഹാരം?
മാധ്യമങ്ങള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനില്ല. വേണ്ടത് കൂടുതല്‍ പ്രവര്‍ത്തനോന്മുഖമായ ഒരു ജനാധിപത്യ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതാണ്. കൂടുതല്‍ ജനാധിപത്യോന്മുഖമായ ഒരു സംസ്‌കാരം. വരേണ്യ വര്‍ഗത്തെ സംബന്ധിച്ചേടത്തോളം അവരെപ്പോഴും ആഗ്രഹിക്കുന്നത്, പൊതുസമൂഹം അച്ചടക്കമുള്ളവരും നിഷ്‌ക്രിയരും അനുസരണയുള്ളവരുമാവണമെന്നാണ്. ഇന്ന് നമുക്കുള്ള പബ്ലിക് റിലേഷന്‍ വ്യവസായത്തിന്റെയും പരസ്യ വ്യവസായത്തിന്റെയും ചരിത്രമെടുക്കുക. ഒന്നാം ലോക യുദ്ധ സമയത്ത് ഇംഗ്ലണ്ട്, അമേരിക്ക പോലുള്ള ഏറ്റവും സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലാണ് അത് വികാസം പ്രാപിച്ചത്. വളരെ യാദൃഛികമായി, ലിപ്മാന്‍ എഴുതിക്കൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. ജനകീയ സമരത്തിലൂടെ ആളുകള്‍ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞ സമയമാണ്. ബലപ്രയോഗത്തിലൂടെ ഇനിയവരെ നിയന്ത്രിക്കാനാവില്ല. അപ്പോള്‍ ഇനിയുള്ള മാര്‍ഗം അവരുടെ സമീപനങ്ങളെയും വിശ്വാസങ്ങളെയും നിയന്ത്രിക്കുക എന്നതാണ്. പത്രങ്ങള്‍ പരിശോധിച്ചാല്‍ ഫാഷന്‍, ഉപഭോഗസംസ്‌കാരം പോലുള്ള ഉപരിപ്ലവ കാര്യങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള യത്‌നങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയും.
ഇന്ത്യന്‍ മാധ്യമങ്ങളുടെ ഉടമസ്ഥത ചില കുടുംബങ്ങളിലാണ്. ഇതൊരു മെച്ചമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കാരണം പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ ഏറ്റെടുപ്പിച്ചുകൊണ്ട് ഉടമസ്ഥതയുടെ പൊങ്ങച്ചത്തില്‍നിന്നും നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കിയെടുക്കാന്‍ കഴിയും. വാഷിംഗ്ടണ്‍ പോസ്റ്റില്‍ വാട്ടര്‍ ഗേറ്റ് അപവാദത്തെപ്പറ്റി ഫീച്ചറെഴുതിയ കാതറിന്‍ ഗ്രഹാം, റിസ്‌ക് ഏറ്റെടുത്തത് ഈയൊരു ബലത്തിലാണെന്ന് പറഞ്ഞുകൂടേ?
വാട്ടര്‍ ഗേറ്റ് വെറുമൊരു ആവരണം മാത്രം. അത് വലിയ സംഭവമൊന്നുമല്ല. വാട്ടര്‍ ഗേറ്റ് അപവാദം പുറത്തുവന്ന അതേസമയത്താണ് സര്‍ക്കാറിന്റെ ഒരു ഭീകര പദ്ധതി കോടതികളില്‍ വെളിപ്പെടുത്തപ്പെട്ടത് (മാധ്യമങ്ങളെയും സംസ്‌കാരത്തെയും കുറിച്ച് ഇതൊരുപാട് പറഞ്ഞുതരുന്നുണ്ട്). കോയിന്‍ ടെല്‍പ്രോ (coin-telpro) എന്നാണ് ആ ഭീകരപദ്ധതിയുടെ പേര്. ജോണ്‍സന്റെയും നിക്‌സന്റെയും കെന്നഡിയുടെയുമൊക്കെ ഭരണത്തിലൂടെ കടന്നുപോയ ഒരു എഫ്.ബി.ഐ പദ്ധതി. കമ്യൂണിസ്റ്റ് പാര്‍ട്ടി, യുദ്ധവിരുദ്ധ സംഘടന, സ്ത്രീ പ്രസ്ഥാനം, പ്യൂയര്‍ട്ടോറിക്കന്‍സ് (അമേരിക്കയിലെ ഒരു അഭയാര്‍ഥി ജനസമൂഹം) എന്നിവരെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. ഒരു പൂര്‍ണ ഇടതുപക്ഷ വിരുദ്ധ നീക്കം. രാഷ്ട്രീയ കൊലപാതകങ്ങള്‍ വരെ നീളുന്ന ഗുരുതരമായ ഒരു പദ്ധതി. വാട്ടര്‍ഗേറ്റ് സംഭവത്തോടൊപ്പം തന്നെയാണ് ഇതും പുറത്ത് വന്നത്. പക്ഷേ, ആ പ്രശ്‌നത്തിലേക്ക് ശ്രദ്ധ തിരിഞ്ഞതേയില്ല. കോയിന്‍ ടെല്‍പ്രോ, വളരെ ഗൗരവമുള്ള സംഗതിയായിരുന്നു. ഭരണകൂടത്തെക്കുറിച്ച് പലതും അത് നിങ്ങളോട് പറഞ്ഞുതരുന്നുണ്ട്. പക്ഷേ, ആ വാര്‍ത്ത കുഴിച്ച് മൂടപ്പെട്ടു. ഇന്നും അതേ നിലയില്‍ തന്നെ. ജനങ്ങള്‍ക്ക് അതേക്കുറിച്ച് ഇന്നും അറിയില്ല. അതുമായി തട്ടിക്കുമ്പോള്‍ വാട്ടര്‍ ഗേറ്റ് വളരെ നിസ്സാരം. വാട്ടര്‍ ഗേറ്റുമായി ബന്ധപ്പെട്ടുള്ള പ്രധാന അപവാദം നിക്‌സണ്‍ സമ്പന്നരുടെയും അധികാരമുള്ളവരുടെയും പിറകെ പോയി എന്നതായിരുന്നു.
കോര്‍പറേറ്റ്‌വത്കരണമാണോ കുടുംബ ഉടമസ്ഥതയാണോ പത്രങ്ങള്‍ക്ക് നല്ലത്?
അങ്ങനെയൊരു തെരഞ്ഞെടുപ്പ് പ്രയാസമാണ്. റൂപര്‍ട്ട് മര്‍ഡോക്കിനെ എടുക്കുക. പത്രമാധ്യമങ്ങളുടെ നല്ല ഭാഗം അയാളുടെ ഉടമസ്ഥതയിലാണ്. ഇത് നല്ല ഒരു കാര്യമാണോ? ജനാധിപത്യ രീതിയിലുള്ള നിയന്ത്രണമാണ് എന്തുകൊണ്ടും നല്ലത്.
ജനാധിപത്യപരമായ നിയന്ത്രണം എങ്ങനെ കൊണ്ടുവരാം? സമൂഹം പിന്തുണക്കുന്ന അല്ലെങ്കില്‍ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമം, ഇതാണോ താങ്കളുടെ മനസ്സില്‍?
ഒരു പക്ഷേ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും സ്വതന്ത്ര സമൂഹത്തില്‍ നിലനിന്നിരുന്നതാവാം യഥാര്‍ഥ പത്ര സ്വാതന്ത്ര്യത്തിന്റെ മഹത്തരമായ കാലഘട്ടം. അന്ന് പത്രങ്ങള്‍ക്ക് വൈവിധ്യം ഉണ്ടായിരുന്നു. അവയില്‍ മിക്കതും നടത്തിയത് ഫാക്ടറി തൊഴിലാളികളും വിവിധ വംശക്കാരുമൊക്കെയായിരുന്നു. വലിയ ജനകീയ പങ്കാളിത്തത്തോടെയായിരുന്നു ഇതെല്ലാം. ഈ പത്രങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രതിഫലിച്ചു. അവ നന്നായി വായിക്കപ്പെടുകയും ചെയ്തു. അമേരിക്കയിലെ ഏറ്റവും സക്രിയമായ കാലഘട്ടമാവാം ഇത്. മാധ്യമങ്ങളെ നിരോധിക്കാനും നിയന്ത്രിക്കാനുമൊക്കെയുള്ള ശ്രമങ്ങളും നടന്നു; പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. അത് വിജയം കണ്ടില്ല. പക്ഷേ, രണ്ട് കാര്യങ്ങള്‍ പത്രസ്വാതന്ത്ര്യത്തെ ഏതാണ്ട് കശാപ്പ് ചെയ്തുകളഞ്ഞു. അതിലൊന്ന് കോര്‍പറേറ്റ് മേഖലയായിരുന്നു. കോര്‍പറേറ്റ് മേഖല ധാരാളം പണമിറക്കി. മറ്റു പത്രങ്ങള്‍ക്ക് അവയോട് കിടപിടിക്കാനാവാതെ വന്നു. മറ്റൊന്ന് പരസ്യം. മാധ്യമങ്ങള്‍ കമ്പനികളെ പരസ്യങ്ങള്‍ക്കായി ആശ്രയിക്കുമ്പോള്‍, പരസ്യക്കമ്പനികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതായി വരും. ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്യമെടുക്കാം. ഉച്ചക്ക് ശേഷം അടുത്ത ദിവസത്തെ പത്രം തയാറാക്കാനായി ഇരിക്കുമ്പോള്‍, ആദ്യമായി ചെയ്യുന്നത് പരസ്യത്തിനായി നല്ലൊരു ഭാഗം മാറ്റിവെക്കുക എന്നതാണ്. കാരണം പരസ്യങ്ങള്‍ പത്രത്തിന്റെ ഒരു അവിഭാജ്യ ഘടകമാവുന്നു. പരസ്യങ്ങള്‍ക്കിടയിലെ വിടവുകള്‍ക്കിടയില്‍ വാര്‍ത്ത വെച്ചുകൊടുക്കുകയാണ് പതിവ്. ഇതിനാണ് news hole എന്ന് പറയുക. ടെലിവിഷനില്‍ content and fill എന്ന ഒരു സംഗതിയുണ്ട്. കണ്‍ടന്റ് (ഉള്ളടക്കം) എന്നാല്‍ പരസ്യം. ഫില്‍ എന്നാല്‍ കാര്‍ ചെയ്‌സ്, ലൈംഗികത അല്ലെങ്കില്‍ പരസ്യത്തിനിടയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എന്തെങ്കിലുമൊക്കെ. നിങ്ങള്‍ പരസ്യങ്ങളെ ആശ്രയിക്കുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണിത്.
തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളുടെ പോക്കിനെ ബാധിക്കും. അമേരിക്കയുടെ ഇറാഖധിനിവേശത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്ന പത്രങ്ങള്‍ക്ക് പരസ്യങ്ങള്‍ ലഭിക്കില്ല. വീണ്ടും നമുക്ക് ഓര്‍വലിന്റെ ആശയത്തിലേക്ക് വരാം. അതൊരു ബൗദ്ധിക സംസ്‌കാരമാണ്. ആ സംസ്‌കാരത്തില്‍ വരേണ്യരും ഉയര്‍ന്ന യൂനിവേഴ്‌സിറ്റികളും ചില കാര്യങ്ങള്‍ തുറന്നു പറയുന്നതിലല്ല കാര്യം എന്ന തീര്‍പ്പിലേക്ക് ആവാഹിക്കപ്പെടുകയാണ്.
വിവ: താഹിറ സഫര്‍